‘സബ്കാ വിശ്വാസ്’ അത്ര എളുപ്പമല്ല

ഇന്ത്യയിലുടനീളം യോഗാദിനത്തെക്കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും പ്രചരിച്ചുകൊണ്ടിരുന്ന ജൂണ്‍ 21-ാം തീയതി വെള്ളിയാഴ്ച യുഎസ് സെനറ്റില്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അന്തര്‍ദേശീയ മതസ്വാതന്ത്ര്യത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ട് അവതരിപ്പിക്കുകയായിരുന്നു. അതേദിവസം തന്നെ, ഇന്ത്യയുടെ പ്രധാനമന്ത്രി അടക്കമുള്ള ദേശീയ നേതാക്കള്‍, പരവതാനിവിരിച്ച് യോഗാമാറ്റുകളിലിരുന്ന്, യോഗാവതരണം നടത്തിക്കൊണ്ടിരിക്കേ, ബീഹാറില്‍, ദൂരഗ്രാമങ്ങളില്‍ നിന്നും മൈലുകള്‍ താണ്ടി സര്ക്കാരുശുപത്രിയിലെത്തിച്ച നൂറ്റിയെഴുപതാമത്തെ കുഞ്ഞും മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചു. ജൂണ്‍ മാസാരംഭത്തിലേതന്നെ അത്ര പ്രാധാന്യമില്ലാതെ ചില ദേശീയ മാധ്യമങ്ങള്‍, കുഞ്ഞുങ്ങളുടെ മരണത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷേ, അവയൊന്നും ലീഡ് വാര്‍ത്തയായി വരാനുള്ള സാധ്യതയുണ്ടായിരുന്നില്ല. അന്താരാഷ്ട്ര യോഗാദിനത്തെക്കുറിച്ചുള്ള പ്രചാരണ വാര്‍ത്തകള്‍ എല്ലാ മുക്കിലും മൂലയിലും എത്തിക്കാന്‍ കേന്ദ്ര ഗവണ്മെന്റിന്റെ ആയുഷ് വിഭാഗം അപ്പോഴേയ്ക്കും മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. യോഗാദിനാഘോഷത്തിന് തുടക്കംകുറിച്ച് ജൂണ്‍ 21ന് പ്രധാനമന്ത്രി രാജ്യത്തോടു പറഞ്ഞത്, ഇന്ത്യയുടെ ഗ്രാമങ്ങളിലേയ്ക്കും യോഗയുടെ പാഠങ്ങള്‍ എത്തിക്കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളുമെന്നാണ്. എന്‍ഡിഎയുടെ പ്രമുഖ ഘടകകക്ഷിയായ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ ജെഡിയു, ആയുസെത്താതെ മരിച്ച കുഞ്ഞുങ്ങളുടെ വിധിയെപ്പറ്റി ഒന്നും പറഞ്ഞതായി കേട്ടില്ല. മുസഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിന്റെ ശോചനീയാവസ്ഥയെപ്പറ്റിയും രോഗബാധയുടെ കാരണമറിയാതെ ഇരുട്ടില്‍ തപ്പുന്ന മെഡിക്കല്‍ സംഘത്തെപ്പറ്റിയും ഡോ. ഹര്‍ഷ് വര്ധനോ അദ്ദേഹത്തിന്റെ മന്ത്രാലയമോ എന്തെങ്കിലും പ്രതികരിച്ചതായും കണ്ടില്ല. രാജ്യത്തെ നൂറിലധികം കുട്ടികള്‍ കൃത്യമായ കാരണങ്ങള്‍ ഇനിയും തിരിച്ചറിയാനാകാതെ മരണത്തിനും കീഴ്പ്പെടുന്നതിനെപ്പറ്റി പ്രധാനമന്ത്രിയും ഇന്നുവരെ ഒന്നു പറഞ്ഞിട്ടില്ല. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുന്ന ബീഹാര്‍ മുഖ്യമന്ത്രിയെയും ക്യാബിനറ്റിലെ മറ്റു മന്ത്രിമാരെയും ദേശീയ മാധ്യമങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ലോകത്തെ കാണിക്കുന്നുണ്ട്. കോടതി ഈ ദുരന്തത്തില്‍ ഇടപെട്ടു ഒഴിഞ്ഞു.
യഥാര്‍ഥത്തില്‍ എന്താണ് നമ്മുടെ സര്‍ക്കാരുകളുടെ അജണ്ടകളിലെ മുന്‍ഗണനാ പട്ടികയിലുള്ളത് എന്ന ചോദ്യം ജനാധിപത്യത്തില്‍ ഏറെ പ്രസക്തിയുള്ളതാണ്. എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം എന്നൊക്കെ മുദ്രാവാക്യമുയര്‍ത്തുന്നത് സര്‍ക്കാരുകള്‍ ദാനമായി എന്തെങ്കിലും നല്‍കുമെന്ന് പറയുന്നതുപോലെയാണ് ഈ നാട്ടിലുള്ളവര്‍ക്ക് ഇപ്പോള്‍ തോന്നുന്നത്. ജനാധിപത്യം സംസാരിക്കുന്നത് അധികാരമേറിയവര്‍ നല്കുന്ന ദാനങ്ങളെപ്പറ്റിയല്ല, രാജ്യത്തെ പൗരസമൂഹത്തിന്റെ അവകാശങ്ങളെപ്പറ്റിയും കടമകളെപ്പറ്റിയുമാണ്. മുസഫര്‍പൂരിലെ കുട്ടികള്‍ ഈ ജനാധിപത്യ രാഷ്ട്രത്തിലെ പൗരസമൂഹത്തിന്റെ ഭാഗമാണെന്ന് അംഗീകരിച്ചാല്‍ മാത്രമേ അവര്‍ക്കുള്ള അവകാശങ്ങളെപ്പറ്റിയും പറയാനാകും.
ഇതിനോട് ചേര്‍ത്തുവായിക്കേണ്ട സാമൂഹ്യപാഠമാണ് മൈക്കല്‍ പോംപൊയ് അമേരിക്കന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച അന്തര്‍ദ്ദേശിയ മതസ്വാതന്ത്ര്യത്തിന്റെ റിപ്പോര്‍ട്ട്, ലോകത്തിലെ സകലമാന്യ രാഷ്ട്രങ്ങളുടെയും ദേശീയ കാര്യങ്ങളില്‍ ഇടപെടുന്ന അമേരിക്ക ഞങ്ങളുടെ നാട്ടിലെ മതസ്വാതന്ത്ര്യ നിലപാടിനെപ്പറ്റി ‘കമാ’ എന്ന് മിണ്ടുകയോ അതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നില്ല എന്ന് പരിമിതി നിലനില്‍ക്കേ തന്നെ, ലിബറല്‍ ജനാധിപത്യ മൂല്യങ്ങളെ മുറുകെപ്പിടിക്കുന്ന ആധുനികമായ ഒരു രാഷ്ട്രസംവിധാനമെന്ന നിലയില്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് നടത്തുന്ന അന്തര്‍ദേശിയ മതസ്വാതന്ത്ര്യത്തെപ്പറ്റിയുള്ള പഠനം, അതിന്റെ നീതിശാസ്ത്രപരമായ കൃത്യതയും സമഗ്രതയുംകൊണ്ട് ശ്രദ്ധിക്കപ്പെടേണ്ട പഠനം തന്നെയാണ്. നരേന്ദ്രമോദി ഗവണ്മെന്റിന്റെ രണ്ടാമൂഴം ലോകശ്രദ്ധ നേടിയിരുന്നു. അമേരിക്കയുടെ പഠനം നരേന്ദ്രമോദിക്കെതിരായ പടനീക്കത്തിന്റെ ഭാഗമെന്ന നിലയ്ക്കാണ് ബിജെപി ഇതിനെതിരെ ആദ്യമേ തന്നെ പ്രതികരിച്ചത്. ഔദ്യോഗികമായി നരേന്ദ്രമോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കുന്ന ജി 20 കൂടിച്ചേരലിനുമുന്പേ, സ്റ്റേറ്റ് സെക്രട്ടറി പോംപെയുടെ ഇന്ത്യാസന്ദര്ശത്തിനു തൊട്ടുമുമ്പേ വന്ന അദ്ദേഹം തന്നെ അവതരിപ്പിച്ച റിപ്പോര്‍ട്ട് ഇന്ത്യയെ ചൊടിപ്പിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രവീഷ്കുമാര് ഔദ്യോഗികമായി പറഞ്ഞതനുസരിച്ച് ഇന്ത്യന്‍ ഗവണ്മെന്റ് ഈ റിപ്പോര്‍ട്ടിനെ കാണുന്നത്, ഇന്ത്യയുടെ ദേശീയ കാര്യത്തില്‍ അനുചിതമായി ട്രംപ് ഭരണകൂടം നടത്തുന്ന ഇടപെടലായിട്ടാണ്. ഭരണഘടനാനുസൃതമായി സ്വതാന്ത്ര്യമനുഭവിക്കുന്ന പൗരസമൂഹമുള്ള ജനാധിപത്യരാജ്യമാണ് ഇന്ത്യയെന്ന് രവീഷ്കുമാര് ഇന്ത്യാ ഗവണ്മെന്റിനെ പ്രതിനിധീകരിച്ചു പറഞ്ഞു. പൊംപെയ് അവതരിപ്പിച്ച റിപ്പോര്‍ട്ട് പരമാമര്ശിക്കുന്ന കാര്യങ്ങള്‍, പക്ഷേ, വാസ്തവ വിരുദ്ധമല്ലായെന്ന് എന്‍ഡിഎ ഭരണകാലത്ത് നടന്നുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങള്‍ തെളിയിക്കുന്നുണ്ട്. ഇന്ത്യയെക്കുറിച്ചുള്ള അധ്യായത്തില്‍, റിപ്പോര്‍ട്ട് പറയുന്നതനുസരിച്ച് ഗോവധവുമായും ഗോമാംസഭക്ഷണമായും ബന്ധപ്പെട്ട് ആരോപണവിധേയരായവര്‍ ഈ നാട്ടില്‍ കൊല ചെയ്യപ്പെടുന്നുണ്ടെന്നത് ലോകം കണ്ടുനിന്ന സംഗതിയാണ്. ആള്‍ക്കൂട്ടക്കൊലകള്‍ മതവിശ്വാസവുമായി ബന്ധപ്പെട്ട് നടന്നിട്ടും ദേശീയ- സംസ്ഥാന സര്‍ക്കാരുകള്‍ അനങ്ങിയില്ലയെന്ന് റിപ്പോര്‍ട്ട് പറയുന്നു. ചട്ടപ്പടിയായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടെങ്കിലും പിന്നെ അവയെപ്പറ്റിയൊന്നും കേട്ടതേയില്ല. ദേശീയ തലത്തില്‍ തെരഞ്ഞെടുപ്പ് നടന്ന കാലത്ത് പ്രധാനമന്ത്രിയടക്കമുള്ള നേതാക്കള്‍ നൂറുകണക്കിന് പൊതുയോഗങ്ങളില്‍ പതിനായിരക്കണക്കിനു മനുഷ്യരെ അഭിസംബോധനചെയ്തു സംസാരിച്ചെങ്കിലും ഈ വിഷയം അവയിലൊന്നും പരാമര്‍ശിക്കപ്പെട്ടതേയില്ല. ഒറ്റപ്പെട്ട സംഭവങ്ങളെന്നു വിളിച്ച് അവയെ തള്ളിക്കളയാനും പറ്റുമായിരുന്നില്ല. നേതാക്കളുടെ മൗനം അര്‍ത്ഥഗര്‍ഭമായിരുന്നു. ഒരു പക്ഷേ, ഭയപ്പെടുത്തുന്ന ഒന്ന്. ഇന്ത്യയുടെ ബഹുമുഖ സാംസ്കാരത്തെ മുറിപ്പെടുത്തുന്ന ഒന്ന്. റിപ്പോര്‍ട്ടില്‍ പരമാര്ശിക്കപ്പെട്ട മറ്റൊരു കാര്യം പ്രധാനപ്പെട്ട സ്ഥലങ്ങളുടെ പേരുകള്‍ മാറ്റി സാംസ്കാരികമായി വൈവിധ്യങ്ങളെയും ചരിത്രവസ്തുക്കളെയും തച്ചുടയ്ക്കാന്‍ നടത്തുന്ന സര്‍ക്കാരിന്റെ നടപടികളെപ്പറ്റിയാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ ഉത്സാഹത്തില്‍ അലഹബാദിന്റെ പേര് ‘പ്രയാഗ്രാജ്’ എന്നാക്കി മാറ്റിയതിനെപ്പറ്റി റിപ്പോര്‍ട്ട് പറയുന്നു. ഇസ്ലാമിക പാരമ്പര്യത്തിന്റെ ചരിത്രവസ്തുകകള് തുടച്ചുമാറ്റുന്ന ഇത്തരം നീക്കങ്ങള്‍ ന്യൂനപക്ഷ സാംസ്കാരിക പ്രത്യേകതകളോടുള്ള അസഹിഷ്ണുതയും മതേതര മൂല്യങ്ങള്‍ക്ക് നിരക്കാത്തതുമാണെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. ക്രൈസ്തവ സഭാവിഭാഗങ്ങള്‍ പലരീതിയില്‍ ഈ നാട്ടില്‍ മര്‍ദ്ദനത്തിന് വിധേയമാകുന്ന കാര്യവും റിപ്പോര്‍ട്ടിലുണ്ട്. പ്രസ്ബറ്റീറിയന് സഭാ വിഭാഗത്തിലുള്ള ഉറച്ച വിശ്വാസിയായ പോംപെയ് തനിക്ക് വ്യക്തിപരമായി കൂടി വേദനതരുന്ന കാര്യമായിട്ടാണ് ഇതിനെക്കുറിച്ച് പറയുന്നത്. സണ്‍ഡേ സ്കൂള്‍ അധ്യാപകനായി ശുശ്രൂഷ ചെയ്തിട്ടുള്ള തനിക്കിത് വേദനയുളവാക്കുന്ന കാര്യമാണെന്ന് സെനറ്റിനുമുമ്പില് ധൈര്യപൂര്‍വം പറയാന്‍ അദ്ദേഹം മടി കാണിച്ചില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലായി ക്രൈസ്തവസമൂഹം പലതവണ ആക്രമിക്കപ്പെട്ടിട്ടുണ്ട് എന്ന വസ്തുത പൊതുമാധ്യമങ്ങള്‍ക്ക് വലിയ വാര്‍ത്തയായിട്ട് തോന്നിയില്ല. പക്ഷേ, ലോകജനത അത് ശ്രദ്ധിക്കുന്നുണ്ട്.
അമേരിക്കയുടെ മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് ഇന്ത്യയ്ക്ക് ഔദ്യോഗികമായിത്തന്നെ തള്ളിക്കളയാനുള്ള അവകാശമുണ്ട്. പക്ഷേ, അതുകൊണ്ട് സത്യം സത്യമല്ലാതാകുന്നില്ല. ന്യൂനപക്ഷങ്ങളും പാവപ്പെട്ട മനുഷ്യരും അനുഭവിക്കുന്ന അരക്ഷിതാവസ്ഥ തുടരുന്നിടത്തോളം പൗരസ്വാതന്ത്ര്യത്തിന്റെ പൗരാവകാശത്തിന്റെ അര്‍ത്ഥം പൂര്‍ണമാകില്ല. എല്ലാവരുടെയും വിശ്വാസം ആര്‍ജിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലായെന്ന് ചുരുക്കം.
Related
Related Articles
കൊവിഡിനുശേഷം പുതിയ നിയമം: അനാഥാലയങ്ങളും കുഞ്ഞുങ്ങളും പ്രതിസന്ധിയില്‍
എറണാകുളം: ലോക്ഡൗണിനോടനുബന്ധിച്ച് വീടുകളിലേക്കു മടങ്ങേണ്ടി വന്ന അനാഥാലയങ്ങളിലെ കുട്ടികള്‍ തിരിച്ചെത്താനാവാതെ ദുരിതത്തില്‍. ഓണ്‍ലൈന്‍ പഠനവും മറ്റ് സൗകര്യങ്ങളും മുടങ്ങുംവിധം കുട്ടികളെ വലയ്ക്കുന്നത് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവാണെന്ന്
മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി
മദ്യം, പുകയില, സിഗരറ്റ് വില്പനയ്ക്ക് നിരോധനം പൊതുആരാധന പാടില്ല പൊതുസ്ഥലത്ത് തുപ്പുന്നത് കുറ്റകരം റോഡ്-കെട്ടിട നിര്‍മാണം, ജലസേചന പദ്ധതികള്‍ക്ക് അനുമതി ഹോട്ടലുകളും ഹോംസ്റ്റേകളും പോസ്റ്റോഫീസുകളും തുറക്കാം തൊഴിലുറപ്പ്
ദലിത് ക്രൈസ്തവ മുന്നേറ്റം കാലഘട്ടത്തിന്റെ ആവശ്യം
ആര്യന്മാരുടെ കടന്നുവരവിനുശേഷം ഭാരതത്തില്‍ തൊഴിലിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിച്ച സാമൂഹ്യവ്യവസ്ഥയാണ് ചാതുര്‍വര്‍ണ്യം. ഇതോടൊപ്പം സമൂഹത്തിലെ കടുത്ത ഉച്ചനീചത്വവും അനീതിയും വിവേചനവും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമെല്ലാം നിലവില്‍ വന്നു. പില്ക്കാലത്ത്