by Admin | March 16, 2018 9:02 am
വത്തിക്കാന്‍ സിറ്റി: പരിശുദ്ധ കന്യകാമറിയത്തെ സഭയുടെ മാതാവായി സ്മരിക്കുന്നതിനുള്ള തിരുനാള്‍ പന്തക്കുസ്താ ഞായര്‍ കഴിഞ്ഞുവരുന്ന തിങ്കളാഴ്ച ആഘോഷിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ കല്പന പുറപ്പെടുവിച്ചു. ഇക്കൊല്ലം മേയ് 21നാണ് ഈ തിരുനാള്‍.
സാര്‍വത്രിക സഭയുടെ പൊതുവായ റോമന്‍ കലണ്ടറിലും റോമന്‍ ആരാധനക്രമത്തിലും യാമപ്രാര്ത്ഥനയിലും ഈ ഓര്മയാചരണം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഡിക്രി ദൈവിക ആരാധനയ്ക്കും കൂദാശകള്‍ക്കും വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ അദ്ധ്യക്ഷനായ കര്‍ദിനാള്‍ റോബര്‍ട്ട് സെറാ മാര്‍ച്ച് മൂന്നിനാണ് ഇറക്കിയത്.
സഭയുടെ മാതൃത്വ അവബോധവും പരിശുദ്ധ കന്യകാമറിയത്തോടുള്ള ആഴമായ ഭക്തിയും വളര്‍ത്തുവാന്‍ സഹായകരമാകുമെന്ന ബോധ്യത്താലാണ് പരിശുദ്ധ പിതാവ് പുതിയ തിരുനാള്‍ പ്രഖ്യാപിച്ചതെന്ന് കര്‍ദിനാള്‍ സെറാ പറഞ്ഞു. കുരിശിന്റെ രഹസ്യത്തിലും രക്ഷകന്റെയും ദൈവജനത്തിന്റെയും അമ്മയായ മറിയത്തിലും ആശ്രയിച്ചുകൊണ്ടുമാത്രമേ ക്രൈസ്തവ ജീവിതത്തില്‍ വളര്‍ച്ചയുള്ളൂ എന്ന് ഓര്മിക്കാനുമാണ് ഈ തിരുനാളെന്ന് അദ്ദേഹം പറഞ്ഞു.
തിരുസഭയിലെ ആരാധനാപാരമ്പര്യത്തിലെ മരിയന്‍ ദൈവശാസ്ത്രത്തിന്റെ ചരിത്രവും സഭാപിതാക്കന്മാരുടെ പ്രബോധനങ്ങളും വിശുദ്ധ അഗസ്റ്റിന്റെയും വിശുദ്ധ ലിയോ പാപ്പായുടെയും ഉദ്ബോധനങ്ങളും ഡിക്രിയില്‍ എടുത്തുപറയുന്നുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ പരിശുദ്ധ മറിയത്തിന് സഭയുടെ മാതാവ് എന്ന പദവി പ്രഖ്യാപിച്ചിരുന്നു.
1975ലെ അനുരഞ്ജനത്തിന്റെ വിശുദ്ധ വര്ഷാചരണത്തിനുശേഷം റോമന്‍ ആരാധനക്രമത്തിലും അത് ഉള്‍പ്പെടുത്തിയിരുന്നു. ഓര്മതിരുനാളി
ന്റെ പ്രത്യേക വായനകള്ക്കുപുറമെ യാമപ്രാര്ത്ഥനയില് പോള്‍ ആറാമന്‍ പാപ്പായുടെ `മറിയം സഭയുടെ മാതാവ്’ എന്ന പ്രബോധനവും ഉള്‍പ്പെടുത്തും.
Source URL: https://jeevanaadam.in/%e0%b4%b8%e0%b4%ad%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%be%e0%b4%a4%e0%b4%be%e0%b4%b5%e0%b4%bf%e0%b5%bb%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b4%be/
Copyright ©2022 JEEVANAADAM official newspaper of Roman catholics (latin rite) of Kerala, owned by KRLCBC unless otherwise noted.