സഭയ്ക്കെതിരായ പൈശാചിക ശക്തികൾക്കെതിരെ ജാഗ്രത പുലർത്തണം

ജീവനാദം എക്സിക്യൂട്ടീവ് എഡിറ്റര്‍ ബിജോ സില്‍വേരി അഭിവന്ദ്യ കൊല്ലം മെത്രാന് ഡോ. പോള്‍ ആന്റണി മുല്ലശേരിയുമായി നടത്തിയ അഭിമുഖം
ദൈവവിളി തിരിച്ചറിഞ്ഞത് എങ്ങനെയാണ്.
കാഞ്ഞിരകോട് ഇടവകയിലെ കൈതകോടിയിലാണ് എന്റെ കുടുംബം താമസിക്കുന്നത്. അപ്പച്ചനും അമ്മച്ചിയും നല്ല വിശ്വാസികളായിരുന്നു. ദൈവഭക്തിയിലും വിശ്വാസത്തിലുമൂന്നിയ പരിശീലനം വീട്ടില്‍ നിന്നു തന്നെ ഞങ്ങള്‍ക്കു ലഭിച്ചു. എന്റെ ഇളയ സഹോദരന് ജോസിയും സഹോദരി റീത്തയും ഞാനും പൗരോഹിത്യ-സന്യസ്ത ജീവിതം തിരഞ്ഞെടുത്തു. ജ്യേഷ്ഠന് അള്‍ത്താരബാലനായിരുന്നു. വീട്ടില്‍ നിന്ന് കുറച്ചകലെയായിരുന്നു ഇടവക പള്ളി. ഖനനമൊക്കെ നടക്കുന്ന സ്ഥലമാണ്. പാടവും കുന്നുമൊക്കെ കടന്ന് പള്ളിയിലെത്തുമ്പോള്‍ താമസിക്കും. എന്നാലും എല്ലാ ഞായറാഴ്ചയും മുടങ്ങാതെ എല്ലാവരും പള്ളിയില്‍ പോകണമെന്നത് അപ്പച്ചനും അമ്മച്ചിക്കും നിര്‍ബന്ധമായിരുന്നു. തിരുബാലസഖ്യത്തിലുമൊക്കെ സജീവമായി പങ്കെടുത്തിരുന്നു. കുഞ്ഞായിരിക്കുമ്പോള്‍ വീട്ടില്‍ പുരോഹിതന്റെ വേഷം കെട്ടി ഞാന്‍ കുര്‍ബാന ചൊല്ലുമായിരുന്നുവെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ആദ്യ കുര്‍ബാന സ്വീകരണ വേളയിലാണ് വൈദികനാകണമെന്ന ആഗ്രഹം വല്ലാതെ വര്‍ദ്ധിച്ചത്. കുര്‍ബാന സ്വീകരണത്തിനായി നന്നായി ഒരുക്കിയ ഫാ. പോള്‍ ക്രൂസ് ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതില്‍ നല്ല പങ്കുവഹിച്ചിട്ടുണ്ട്. ഒരു ക്രിസ്മസ് കാലത്ത് പള്ളിയിലെത്താന്‍ ഞാന്‍ വൈകി. കുര്‍ബാന കഴിഞ്ഞിരുന്നു. എനിക്കു വലിയ സങ്കടം വന്നു. പുല്ക്കൂട്ടിനരികില് ഞാന്‍ വിതുമ്പിക്കൊണ്ടാണ് ചെന്നുനിന്നത്. ഉണ്ണീശോയെ കൈയിലെടുക്കാന്‍ ഞാന്‍ ശ്രമിച്ചു. അപ്പോഴവിടെ ഉണ്ടായിരുന്ന കന്യാസ്ത്രീ എന്നോടു പറഞ്ഞു: ‘മോന് ഈശോയെ തന്നെ എടുത്തോളൂ’ എന്ന്. ആ വാക്കുകള്‍ എന്റെ മനസില്‍ പതിഞ്ഞുകിടന്നു. പള്ളിക്കു സമീപമുണ്ടായിരുന്ന കോണ്‍വെന്റിലെ സിസ്റ്റര്മാര് എന്നും ഇടയവഴിയില്‍ എത്താന്‍ പ്രചോദനമായിരുന്നിട്ടുണ്ട്. ഒരിക്കല്‍ കുട്ടികളുടെ ഒരു പരിപാടി പള്ളിയില്‍ നടന്നുകൊണ്ടിരിക്കെ ഒരു വൈദികന് ‘അച്ചനാകാന്‍ ആര്‍ക്കൊക്കെയാണ് താല്പര്യം’ എന്നു ചോദിച്ചപ്പോള്‍ ഞാന്‍ മാത്രമാണ് എഴുന്നേറ്റുനിന്നത്. ദൈവവിളിക്കുള്ള ക്യാമ്പില്‍ പങ്കെടുക്കുന്നത് അങ്ങനെയാണ്. വളരെ കര്‍ക്കശക്കാരനായ ഫാ. ജോസഫ് ക്രൂസാണ് ക്യാമ്പിനു നേതൃത്വം നല്‍കിയിരുന്നത്. ക്യാമ്പിനു ശേഷം ഇന്റര്‍വ്യു ഉണ്ടായിരുന്നു. വികാര്‍ ജനറലായിരുന്ന ഫാ. പീറ്റര്‍ തെക്കേവിള എന്നോടു ചോദിച്ചു, പുരോഹിതനായിട്ട് എന്തു ജോലി ചെയ്യുമെന്ന്. ആത്മാക്കളെ രക്ഷിക്കാനുള്ള ജോലി ചെയ്യാനാണ് ആഗ്രഹമെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹത്തിന് അതു വലിയ ഇഷ്ടമായി. പള്ളിയില്‍ പാടുന്ന പാട്ടുകള്‍ ചിലത് പാടാന്‍ പറഞ്ഞു. അതു പാടി കേള്‍പ്പിച്ചു. സെമിനാരിയിലേക്ക് എന്നെ തിരഞ്ഞെടുക്കുന്നത് അങ്ങനെയാണ്. മൈനര്‍ സെമിനാരിയില്‍ സ്റ്റാന്‍ലി റോമന്‍ പിതാവായിരുന്നു പ്രീഫെക്ട്. കാര്‍മല്‍ഗിരി സെമിനാരിയില്‍ റെക്ടറായിരുന്ന ആന്റണി തണ്ണിക്കോട്ടച്ചനും (പിന്നീട് വരാപ്പുഴ അതിരൂപത സഹായമെത്രാന്‍) സ്റ്റാന്‍ലി റോമന്‍ പിതാവും മുന്നോട്ടുള്ള യാത്രയില്‍ ഏറെ സഹായിച്ചിട്ടുണ്ട്.
ഇടവകകളിലെ സേവനം, രൂപത ബൈബിള്‍, മതബോധന അപ്പസ്തൊലേറ്റുകളില് അസിസ്റ്റന്റ് ഡയറക്ടര്‍, മൈനര്‍ സെമിനാരിയില്‍ പ്രീഫെക്ട്, റെക്ടര്‍, രൂപതാ ചാന്‍സലര്‍, എപ്പിസ്കോപ്പല്‍ വികാരി, പ്രൊ വികാരി ജനറല്‍, ജുഡീഷ്യല്‍ വികാരി, രൂപതാ ട്രൈബ്യൂണല്‍ ജഡ്ജ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടല്ലോ. പുതിയ ദൗത്യത്തെയും അതിന്റെ ഉത്തരവാദിത്വത്തങ്ങളെയും എങ്ങനെ കാണുന്നു.
ജപമാലയിലൂടെ ഒത്തിരി അനുഭവങ്ങള്‍ ധാരാളം പേര്‍ക്ക് ഉണ്ടാകുന്നുണ്ട്. മാതാവിന്റെ സന്ദേശവുമായി എല്ലാ ഇടവകകളിലും സഞ്ചരിച്ചു. ജപമാലപ്രാര്‍ത്ഥനകള്‍ നടത്തി. പരിശുദ്ധ പിതാവ് പുതിയ ദൗത്യം ഭരമേല്പിക്കുന്നത് ഈ പ്രാര്‍ത്ഥനകളുടെ ഇടയിലാണ്. ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് അപ്പസ്തോലിക നുണ്‍ഷ്യോ പരിശുദ്ധ പിതാവിന്റെ സന്ദേശം കൈമാറുകയായിരുന്നു. വിശ്വാസത്തിന് എതിരായ നിരവധി കാര്യങ്ങള്‍ ഇന്ന് ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഒരു ഇടയനെന്ന നിലയില്‍ വിശ്വാസത്തിന്റെ സംരക്ഷകനാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വിശ്വാസത്തിന് എതിരായി വരുന്ന എന്തിനെയും തിരിച്ചറിയാനും എതിര്‍ക്കാനും ഇടയനു കഴിയണം. രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം ഏറ്റവും കൂടുതല്‍ പീഡനങ്ങളേറ്റു വാങ്ങിയ പാപ്പായാണ് വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍. പാപ്പായുടെ ചാക്രികലേഖനമായ ‘ഹ്യുമാനെ വീത്തെ’യില്‍ ജീവന്റെയും വിശ്വാസത്തിന്റെയും സംരക്ഷണത്തെകുറിച്ച് വിശദമാക്കുന്നുണ്ട്. കാലഘട്ടത്തിന്റെ ചരിത്രത്തെയും ആത്മീയതയെയും ബന്ധിപ്പിച്ചുകൊണ്ട് വ്യതിരിക്തമായ രീതിയില്‍ അവയെ വ്യാഖ്യാനിക്കുന്നതിനും, ജീവന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനും പാപ്പായ്ക്കു കഴിഞ്ഞു. സാമൂഹികവും രാഷ്ട്രീയവുമായ മാറ്റങ്ങള്‍ കൊണ്ട് പ്രക്ഷുബ്ധമായ കാലഘട്ടത്തില്‍ ക്രിയാത്മക നവീകരണ നടപടികളുമായി തിരുസഭയെ നയിച്ച പോള്‍ ആറാമന്‍ പാപ്പാ എന്നും മഹനീയ മാതൃകയാണ്. മനുഷ്യകുലത്തിന് വലിയ സേവനമാണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തെ വരുന്ന ഒക്ടോബറില്‍ ഫ്രാന്‍സിസ് പാപ്പാ വിശുദ്ധനായി പ്രഖ്യാപിക്കുകയാണ്. റോമിലെ പഠനകാലത്ത് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പായുടെ തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാനും അദ്ദേഹത്തിന്റെ മാസ്മരിക ശബ്ദവും ആധികാരിക പ്രബോധനങ്ങളും കേള്‍ക്കാനും ഭാഗ്യമുണ്ടായിട്ടുണ്ട്. അതു വളരെയേറെ സ്വാധീനിക്കുകയും ചെയ്തു. ധീരനായ പ്രവാചകനായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്. ഇറ്റാലിയന്‍ മാഫിയാ തലവന്മാരെ അവരുടെ ആസ്ഥാനമായ സിസിലില്‍ പോയി അദ്ദേഹം അതിനിശിതമായി ശാസിച്ചു. സ്നാപക യോഹന്നാന്റെ ഗര്‍ജനം പോലെയായിരുന്നു അത്. പ്രായവും രോഗങ്ങളും അലട്ടിയിരുന്ന അവസാനകാലത്തും യുവജനങ്ങളുടെ എന്തെങ്കിലും പരിപാടി ഉണ്ടെങ്കില്‍ പെട്ടെന്ന് പാപ്പാ ഊര്‍ജവും ഉന്മേഷവും വീണ്ടെടുക്കുന്നത് ആശ്ചര്യകരമായിരുന്നു. സഭയുടെ സാമൂഹിക പ്രബോധനത്തിലും ദൈവശാസ്ത്രപരമായ വ്യാഖ്യാനങ്ങളിലും കാനോനിക വ്യവസ്ഥകളിലും മറ്റും കാതലായ മാറ്റങ്ങള്‍ അദ്ദേഹം കൊണ്ടുവന്നു. വത്തിക്കാനിലെ ജനറല്‍ ഓഡിയന്‍സില്‍ ജോണ്‍ പോള്‍ പാപ്പായെ കേരളത്തില്‍ നിന്നു കൊണ്ടുപോയ ചന്ദനമാല അണിയിച്ച് അനുഗ്രഹം നേടിയത് മറക്കാനാവില്ല. ഇപ്പോള്‍ കോട്ടപ്പുറം രൂപതാ ചാന്‍സലറായ റവ. ഡോ. ഫ്രാന്‍സിസ്കോ പടമാടനും ഒപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ചയുടെ അനുഗ്രഹ നിമിഷങ്ങളുടെ ഫോട്ടോയ്ക്കുള്ള അവസരം കിട്ടുമെന്ന പ്രതീക്ഷയില്‍ കൈയില്‍ കരുതിയതാണ് ആ ചന്ദനമാല. അത് പരിശുദ്ധ പിതാവിന്റെ കഴുത്തില്‍ ചാര്‍ത്തിയപ്പോള്‍ ‘എന്നെ പരീക്ഷണങ്ങളില്‍ ഉള്പ്പെടുത്തരുതെ’ എന്നു തമാശരൂപേണ അദ്ദേഹം പറഞ്ഞു.
ചര്‍ച്ച് ആക്ട് എന്ന പേരില്‍ ഒരു നിയമത്തിന്റെ കരട് സംസ്ഥാന സര്‍ക്കാര്‍ പരിഗണനയ്ക്ക് എടുത്തിരുന്നു. അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ അങ്ങയെ പ്രേരിപ്പിച്ചത് എന്താണ്.
കേരള ക്രിസ്റ്റിയന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്സ്റ്റിറ്റിയൂഷന് ട്രസ്റ്റ് ആക്ട് ബില്‍ 2009ല്‍ ജസ്റ്റിസ് വി.ആര് കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായ നിയമപരിഷ്കാര കമ്മീഷനാണ് തയ്യാറാക്കിയത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരം ഒരു നിയമത്തിന് സര്‍ക്കാര്‍ സാധുത തേടിയത്. യഥാര്‍ത്ഥത്തില്‍ സഭയെ നശിപ്പിക്കുവാനുള്ള ഒരു ഗൂഢശ്രമത്തിന്റെ ഭാഗമായിരുന്നു അത്. ഇതൊരു പുതിയ സംഭവമാണല്ലോ, പുതിയ കാഴ്ചപ്പാടാണല്ലോ എന്നൊക്കെ തോന്നിയേക്കും. പക്ഷേ, ലോകത്ത് പലയിടത്തും ഇത്തരം നിയമങ്ങള്‍ സഭയെ തകര്‍ക്കാന്‍ ഭരണകൂടങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ജര്‍മനി പോലുള്ള രാജ്യങ്ങളില്‍ വിശ്വാസിയാകുന്നതിന് പ്രത്യേക നികുതി നല്‍കണം. വിശ്വാസത്തെ തള്ളിപ്പറഞ്ഞില്ലെങ്കില്‍ ചര്‍ച്ച് ടാക്സ് നല്‍കേണ്ടി വരും. വിശ്വാസിയാണെങ്കിലും അതു പരസ്യമായി പറയാന്‍ ആരും തയ്യാറാകാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ പോകും. പുരോഹിതരും സന്യസ്തരും പ്രത്യേക ടാക്സ് കൊടുക്കേണ്ടി വരും. അത്തരമൊരു സാഹചര്യം ഇവിടെയും ഒരുക്കാനായിരുന്നു ശ്രമം. സണ്‍ഡേ സ്കൂളുകള്‍ ഇല്ലാതാക്കാനും സെമിനാരികള്‍ പൂട്ടിക്കാനും പരിപാടിയുണ്ടായിരുന്നു. ഏറെ കണക്കൂകൂട്ടിയുള്ള ഒരു നീക്കമായിരുന്നു അത്. ഇപ്പോള്‍ പല രൂപതകളിലും ഇടവകകളിലും വിശ്വാസികളെ ഉപയോഗിച്ച് അത്തരം പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ചില പുരോഹിതര്‍ പോലും ഇത്തരം ചതികളില്‍ വീണുപോകുന്നു. അത്തരം ശക്തികള്‍ക്കെതിരേ ശക്തമായ നീക്കവും നിതാന്ത ജാഗ്രതയും ആവശ്യമാണ്.വിശ്വാസത്തിന് എതിരായി വരുന്ന എല്ലാത്തിനെയും എതിര്‍ക്കാന്‍ നമ്മള് ബാധ്യസ്ഥരാണ്. വിദ്യാഭ്യാസ ബില്‍, അബോര്ഷന് ബില്‍ തുടങ്ങിയവയെല്ലാം വിശ്വാസത്തിനെ വെല്ലുവിളിക്കുന്നവയാണ്. ജീവന്റെ സംരക്ഷണം എന്നത് ക്രൈസ്തവസാക്ഷ്യമാണ്. പ്രകൃതിസംരക്ഷണം പോലും ജീവന്റെ സംരക്ഷണപരിധിയില്‍ വരുന്ന കാര്യമാണ്.
സഭ ഇന്നു നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ക്രൈസ്തവര്‍ക്കു നേരെയുള്ള പീഡനങ്ങളും വ്യാപകമാണ്. ഒരു ഭാഗത്ത് ധ്യാനങ്ങളും പ്രാര്‍ത്ഥനായോഗങ്ങളും ശക്തിപ്രാപിക്കുമ്പോള്‍ തന്നെ ഇത്തരം വെല്ലുവിളികള്‍ വര്‍ദ്ധിച്ചുവരുന്നു.
പ്രാര്‍ത്ഥന ശക്തിപ്രാപിക്കേണ്ടത് അനിവാര്യവും അത്യാവശ്യവുമാണ്. അതിന് ധ്യാനങ്ങളുടെ മായാപ്രപഞ്ചം മാത്രം പോരാ. വിശ്വാസികളാണെന്നു പറഞ്ഞ് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചെന്നായയുടെ തോലണിഞ്ഞു വരുന്നവരെ തിരിച്ചറിയാനുളള ഉള്‍ക്കാഴ്ച ലഭിക്കണം. ക്രിസ്തുവിശ്വാസികളെന്നും സഭാവിശ്വാസികളെന്നും വേര്‍തിരിച്ചു പറയാനുള്ള പ്രവണത വര്‍ദ്ധിച്ചുവരുന്നു. അതു ശരിയല്ല. സഭയെ നശിപ്പിക്കുവാനുള്ള ക്രൂരമായ ശ്രമത്തിന്റെ ഭാഗമാണിത്. തിരുസഭ ക്രിസ്തുവിന്റെ ഭാഗം തന്നെയാണ്. സുവിശേഷം പ്രചരിപ്പിക്കുവാന്‍ യേശു ചുമതലപ്പെടുത്തിയിരിക്കുന്നത് തിരുസഭയെയാണ്. അപ്പോഴെങ്ങനെ വിശ്വാസത്തെ വേര്‍തിരിച്ചു കാണും?
വിശ്വാസപരിശീലനത്തിന്റെ പ്രസക്തി വര്‍ദ്ധിച്ചു വരികയാണെന്നാണല്ലോ അതു സൂചിപ്പിക്കുന്നത്.
വിശ്വാസപരിശീലനമെന്നാല് യാന്ത്രികമായ ഒരു നടപടിയാകരുത്. കുടുംബങ്ങളെ നവീകരിക്കുകയെന്നതാണ് വിശ്വാസപരിശീലനത്തിന്റെ ആദ്യപടി. ക്രൈസ്തവകാഴ്ചപ്പാടിലും വിശ്വാസത്തിലുമൂന്നിയ വിദ്യാഭ്യാസവും കുടുംബനവീകരണവും കാലം ആവശ്യപ്പെടുന്നുണ്ട്. തിരുവചനങ്ങള്‍ ഉള്‍ക്കൊണ്ട് കുഞ്ഞുങ്ങള്‍ വളരാനുള്ള സാഹചര്യമുണ്ടാക്കണം. വചനത്തിന്റെ ശക്തി തിരിച്ചറിയണം. വെക്കേഷന് ബൈബിള്‍ സ്്കൂള്‍ എന്ന ആശയം കൊല്ലത്ത് ഞങ്ങള്‍ കൊണ്ടുവന്നത് ഇതു ലക്ഷ്യമാക്കിയാണ്. മാര്‍ത്തോമ്മാ സഭയും സിഎസ്ഐയും മറ്റും വളരെ നല്ല രീതിയില്‍ വെക്കേഷന് ബൈബിള്‍ സ്കൂളുകള്‍ നടത്തുന്നുണ്ട്. പരിശുദ്ധാരൂപിയുടെ ഇടപെടല്‍ നമ്മുടെ ജീവിതത്തില്‍ അത്യാവശ്യമാണ്. പരിശുദ്ധാരൂപിയുടെ ഇടപെടലിലൂടെ മാത്രമേ നമ്മുടെ പ്രസ്ഥാനങ്ങളും പ്രവര്‍ത്തനങ്ങളും ശക്തിപ്രാപിക്കുകയുള്ളൂ.
കുടുംബങ്ങളുടെ തകര്‍ച്ചയെകുറിച്ച് സഭ എന്നും വ്യാകുലപ്പെടുന്നുണ്ട്. ഇടവകശുശ്രൂഷയിലും ജുഡീഷ്യല്‍ വികാരി, രൂപതയിലെ വിവാഹക്കോടതി ജഡ്ജി എന്നീ നിലകളിലുമുള്ള അനുഭവങ്ങളിലൂടെ കുടുംബജീവിത പ്രശ്നങ്ങളെ ആഴത്തില്‍ മനസിലാക്കുവാന്‍ അങ്ങേയ്ക്കു കഴിഞ്ഞിരിക്കുമല്ലോ.
കുടുംബങ്ങളിലെ അംഗസംഖ്യ കുറഞ്ഞത് വലിയ പ്രശ്നമായി എല്ലാവരും ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. ആശ്രയിക്കാനും സഹായിക്കാനും ആളില്ലാത്ത അവസ്ഥയാണിപ്പോള്‍. മാതാപിതാക്കളും മക്കളുമായി കൂടിയാല്‍ നാലുപേരേ ഇപ്പോള്‍ ഒരു വീട്ടിലുള്ളൂ. ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ വളരെയാണ്. എപ്പോഴും നാലുപേരെ സംരക്ഷിക്കുവാനായി രണ്ടുപേര്‍ മാത്രം. സ്വാഭാവികമായും സ്വാര്‍ത്ഥത വളരാന്‍ ഇതു കാരണമാകും. പെണ്‍കുട്ടികളെ വിവാഹം ചെയ്തയച്ചാലും അവരെ തങ്ങളുടെകൂടെ നിര്‍ത്താനാണ് പല മാതാപിതാക്കളും ശ്രമിക്കുന്നത്. ഇതു പെണ്‍കുട്ടിയുടെ വിവാഹജീവിതത്തില്‍ വരെ പ്രശ്നങ്ങളുണ്ടാക്കും. ഭാര്യയും ഭര്‍ത്താവും തമ്മില്‍ എന്തെങ്കിലും ചെറിയ തര്ക്കങ്ങളുണ്ടാകുമ്പോഴേക്കും വിവാഹമോചനമാണ് അവര്‍ക്കു മുമ്പിലുള്ള പോംവഴി. ജീവിതത്തില്‍ സഹനവും പ്രാര്‍ത്ഥനയുമില്ല. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വിവാഹമോചനകേസുകള് പല ഇരട്ടിയായി വര്‍ദ്ധിക്കുന്നതിന്റെ കാരണം ഇതാണ്. ആരും പരസ്പരം ക്ഷമിക്കാനോ അല്പം താഴ്ന്നുകൊടുക്കാനോ ശ്രമിക്കുന്നില്ല. നേരത്തെ സ്ത്രീധന പ്രശ്നങ്ങള്‍ വിവാഹമോചനത്തിന് കാരണമായിട്ടുണ്ടെങ്കില്‍ ഇന്ന് ഭാര്യയുടെയും ഭര്‍ത്താവിന്റെയും പെരുപ്പിച്ചുകാണിക്കുന്ന കുറ്റങ്ങളാണ് കാരണം. കുട്ടികളുടെ ജ്ഞാനസ്നാനം പോലും പലപ്പോഴും നടത്താന്‍ സാധിക്കുന്നില്ല. ജ്ഞാനസ്നാനം നല്‍കുന്നത് വൈകിപ്പിക്കരുതെന്ന് ഫ്രാന്‍സിസ് പാപ്പാ പ്രത്യേകം പറഞ്ഞിട്ടുണ്ട്.
ക്രൈസ്തവ വിവാഹബന്ധങ്ങള്‍ ഒരു കാലഘട്ടത്തില്‍ മറ്റു മതസ്ഥര്‍ക്കു പോലും മാതൃകയായിരുന്നു. ഇപ്പോള്‍ വിവാഹമോചനങ്ങള്‍ സഭയില്‍ കൂടിവരുന്നു.
വിവാഹത്തെക്കുറിച്ചുള്ള സങ്കല്പം തന്നെ മാറിയിരിക്കുകയാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ പരസ്പര വിശ്വാസവും ബഹുമാനവും മനുഷ്യര്‍ക്ക് ഇല്ലാതായി വരികയാണ്. നമ്മുടെ സമുദായത്തില്‍ വിവാഹമോചനങ്ങളുടെ സംഖ്യ വളരെ കൂടിയിട്ടുണ്ട്. കൊല്ലവും ഇതില്‍ നിന്നു വ്യത്യസ്തമല്ല. ദൈവം കൂട്ടിയോജിപ്പിച്ചത് വേര്പെടുത്തപ്പെടാതിരിക്കുവാനാണ് സഭ ശ്രമിക്കുന്നത്. എന്നാല്‍ ഇതുപോലും പലരും മനസിലാക്കുന്നില്ല. പരമാവധി വേഗത്തില്‍ വിവാഹമോചനം കിട്ടണമെന്നാണ് അവരുടെ ആഗ്രഹം. കുടുംബത്തെകുറിച്ചോ കുട്ടികളെകുറിച്ചോ ഒരു ചിന്തയുമില്ല. കുടുംബ നവീകരണം തന്നെയാണ് ഇതിനുള്ള പോംവഴി. വീടുകളില്‍ നിന്നുതന്നെ നവീകരണ പ്രക്രിയക്കു തുടക്കമിടണം. അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങള്‍ക്കും മറ്റും ഇതില്‍ പ്രധാനപങ്കു വഹിക്കാനുണ്ട്.
രൂപതയിലെ പ്രവര്‍ത്തനപദ്ധതികള്‍ എന്തായിരിക്കും.
ക്രിസ്തുമതത്തോളം തന്നെ പഴക്കമുള്ള പൗരാണിക രൂപതയാണ് കൊല്ലം. പ്രദേശത്തിന്റെ തനത് സവിശേഷതകളും ക്രൈസ്തവവിശ്വാസത്തിന്റെ ആഴവും ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് ലക്ഷ്യമിടുന്നത്. എല്ലാ പുരോഹിതരും സന്യസ്തരും അല്മായരും ഒന്നിച്ചുനിന്ന് വിശ്വാസത്തിനു സാക്ഷ്യമേകണം. ഒരുമിച്ചു പ്രാര്‍ത്ഥിക്കുന്ന ഒരു സമൂഹത്തിന്റെ അഭിവൃദ്ധി മറ്റെവിടെയും സംഭവിക്കില്ല. രൂപതയിലെ വിദ്യാഭ്യാസ, കുടുംബക്ഷേമരംഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് കരുതുന്നു. സ്റ്റാന്‍ലി റോമന്‍ പിതാവും അദ്ദേഹത്തിന്റെ മുന്‍ഗാമികളും വെട്ടിത്തെളിച്ച പാതയിലൂടെ കൊല്ലത്തിന് ബഹുദൂരം മുന്നേറാനുണ്ട്.
മാധ്യമ രംഗത്തെ നമ്മുടെ പ്രവര്‍ത്തനത്തെ എങ്ങനെ വിലയിരുത്തുന്നു.
മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് മാധ്യമങ്ങള്‍ ശക്തമായ സ്വാധീനമാണ് ചെലുത്തുന്നതെന്ന് നമുക്കറിയാം. മാധ്യമ രംഗത്ത് കേരള ലത്തീന്‍ സഭ ഇനിയുമേറെ മുന്നേറാനുണ്ട്. സഭയുടെ മുഖപത്രമായ ജീവനാദത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ സന്തോഷം പകരുന്നുണ്ട്. സഭയുടെയും സമുദായത്തിന്റെയും വാര്‍ത്തകള്‍ക്കൊപ്പം പൊതുവിഷയങ്ങള്‍ക്കും നല്കുന്ന പ്രാധാന്യം പ്രശംസനീയമാണ്. സമഗ്രമായ ഒരു കാഴ്ചപ്പാട് ജീവനാദത്തിനുണ്ട്. സമുദായത്തിനു പുറത്തേക്കും നമ്മുടെ സന്ദേശം പകരാന്‍ അതു സഹായിക്കും. ജീവനാദത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ കൊല്ലം രൂപതയുടെ പിന്തുണ തുടര്‍ന്നും ശക്തമായി തന്നെ ഉണ്ടായിരിക്കും.
Related
Related Articles
ആത്മസമര്‍പ്പണത്തിന്റെ മണിനാദം
ദേവാലയഗോപുരത്തില്‍ മനോഹരമായി മുഴങ്ങിക്കൊണ്ടിരുന്ന ആ വലിയ മണിയുടെ ശബ്ദം പൊടുന്നനെ നിലച്ചപ്പോള്‍ എല്ലാവരും ഒന്നു പകച്ചു. എന്നാല്‍ ലോകത്തിലെ ഓരോ സൂക്ഷ്മ ജീവിയുടെയും സ്പന്ദനങ്ങള്‍ തിരിച്ചറിയുന്ന ദൈവത്തിന്റെ
ആത്മാവിനെ തൊട്ടുണര്‍ത്തുന്ന സംഗീതലയം
മുഖത്തെപ്പോഴും മായാത്ത ഒരു പുഞ്ചിരിയുണ്ടല്ലോ… അത് ദൈവം നല്‍കിയതാണ്. എല്ലാം ദൈവം നല്കിയതുതന്നെ. ഇതുവരെ ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല. സന്തോഷവും സംതൃപ്തിയുമാണ് ജീവിതത്തിലെപ്പോഴുമുള്ളത്. അതുകൊണ്ട്
സിനിമയെ വെല്ലും അത്ഭുതബാല്യം
കുട്ടികള്‍ പലപ്പോഴും മുതിര്‍ന്നവരെ അതിശയിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു. 15-ാം വയസില്‍ കാന്‍സര്‍ സെല്ലുകളെ കണ്ടെത്താനുള്ള സെന്‍സര്‍ കണ്ടുപിടിച്ച ജാക്ക് ആന്‍ഡ്രേക്ക, പന്ത്രണ്ടാം വയസില്‍ അന്ധര്‍ക്ക് വഴികാട്ടിയായ ഐഎയ്ഡ്