Breaking News

സഭാസംരക്ഷകനായ വിശുദ്ധ യൗസേപ്പ്‌

സഭാസംരക്ഷകനായ വിശുദ്ധ യൗസേപ്പ്‌

ആഗോള കത്തോലിക്കാസഭ മാര്‍ച്ച് 19ന് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ മഹോത്സവമായി ആഘോഷിക്കുകയാണ്. ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ വിരക്തപതിയും ദൈവപുത്രനായ യേശുവിന്റെ ഈ ലോകത്തിലെ പിതാവുമായ വിശുദ്ധ യൗസേപ്പിനോടുള്ള ഭക്തിയും വണക്കവും എന്നത്തേക്കാളുമുപരിയായി വിശ്വാസികളുടെയിടയില്‍ വര്‍ദ്ധിച്ചുവരികയാണ്. തൊഴിലാളികളും കുടുംബനാഥന്മാരും പ്രത്യേക മദ്ധ്യസ്ഥനായി വണങ്ങുകയും അനുസരിക്കുകയും ചെയ്യുന്ന ഈ വിശുദ്ധനോടുള്ള പ്രത്യേക സ്‌നേഹപ്രകടനമാണ് മാര്‍ച്ച് 19ന്റെ തിരുനാള്‍ ദിവസം നാം ദര്‍ശിക്കുന്നത്. വിശുദ്ധന്റെ തിരുനാള്‍ വിശ്വാസസമൂഹത്തെ ഒരു വലിയ കുടുംബ കൂട്ടായ്മയിലേക്ക് നയിക്കുന്നു.

ഓരോ ഇടവകയും സാര്‍വ്വത്രിക സഭയുടെ ഒരു ചെറുപതിപ്പാണ്. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് സഭയ്ക്ക് നല്‍കുന്ന നിര്‍വചനം തന്നെ ”ദൈവജനം” എന്നാണ്. ഈ ദൈവജനം മിശിഹായുടെ ഭൗതിക ശരീരവുമാണ്. ഇവിടെയാണ്, വിശുദ്ധ യൗസേപ്പിതാവിനെ സഭാസംരക്ഷകന്‍ എന്ന് വിളിക്കുന്നതിന്റെ അടിസ്ഥാനവും ആനുകാലിക പ്രസക്തിയും.

വീണ്ടെടുപ്പിന്റെ വിശുദ്ധന്‍
മനുഷ്യാവതാര രഹസ്യത്തിലുള്ള വിശുദ്ധ യൗസേപ്പിതാവിന്റെ പങ്ക് എന്താണെന്ന് മനസ്സിലാക്കുമ്പോഴാണ് ഈ വിശുദ്ധന്റെ മാധ്യസ്ഥശക്തി എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നുവെന്നും വലുതാണെന്നും നാം അറിയുന്നത്. വീണ്ടെടുപ്പിന്റെ ശുശ്രൂഷകന്‍ എന്ന നിലയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ സ്ഥാനം മനുഷ്യവതാര രഹസ്യത്തില്‍ എന്നും തെളിഞ്ഞുനില്‍ക്കുന്നു. വീണ്ടെടുപ്പിന്റെ രഹസ്യത്തില്‍ നിന്നും മനുഷ്യവതാര രഹസ്യത്തെ മാറ്റി നിര്‍ത്താന്‍ സാധിക്കില്ല. കാരണം, മനുഷ്യാവതാരത്തിലൂടെ വീണ്ടെടുക്കേണ്ട മനുഷ്യപ്രകൃതിയെയാണ് വചനം സ്വീകരിക്കുന്നത്. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം പഠിപ്പിക്കുന്നതും ഇതു തന്നെ.
യേശുവിന്റെ ജീവിതം മുഴുവനും രഹസ്യമാണ്. യേശു സ്വീകരിക്കാത്തതൊന്നും വീണ്ടെടുക്കപ്പെട്ടിട്ടില്ല. ബാല്യകാല സുവിശേഷങ്ങളില്‍ വിവരിക്കുന്ന യേശുവിന്റെ ജീവിതത്തിലെ മഹാരഹസ്യങ്ങളെ ശുശ്രൂഷിക്കുവാനാണ് വിശുദ്ധ യൗസേപ്പ് വിളിക്കപ്പെട്ടത്. മഹാനായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പറയുന്നതുപോലെ, തന്റെ പിതൃത്വത്തിന്റെ ദൗത്യനിര്‍വഹണങ്ങളിലൂടെ യേശുവിനെയും അവന്റെ ദൗത്യത്തേയും ശുശ്രൂഷിക്കുവാന്‍ വിശുദ്ധ യൗസേപ്പിനെ ദൈവം വിളിച്ചു. സഭയുടെ ആരാധനക്രമം പഠിപ്പിക്കുന്നതുപോലെ ഈ മാര്‍ഗ്ഗത്തിലൂടെയാണ് സമയത്തിന്റെ പൂര്‍ണ്ണതയില്‍ രക്ഷയുടെ മഹാരഹസ്യത്തില്‍ അദ്ദേഹം സഹകരിച്ചത്. അങ്ങനെ സത്യമായും വീണ്ടെടുപ്പിന്റെ ഒരു ശുശ്രൂഷകനായി (ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ, രക്ഷകന്റെ പാലകന്‍) ഒരു പിതാവിനെപോലെ യേശുവിനെ ശുശ്രൂഷിച്ചുകൊണ്ട് അദ്ദേഹം സഹകരിച്ചു അതായത്: മറിയത്തിന്റെ ഭര്‍ത്താവെന്ന നിലയില്‍ അവളുടെ ദിവ്യമാതൃത്വത്തെ ആദരിക്കുന്നത് യൗസേപ്പാണ്.
യേശു, ക്രിസ്തുവാണെന്ന് തിരിച്ചറിയാന്‍ ആവശ്യമായ ദാവീദിന്റെ വംശപരമ്പര യേശുവിന് നല്‍കുന്നത് യൗസേപ്പാണ്.
അഗസ്റ്റസ് സീസറിന്റെ കണക്കെടുപ്പ് കാലത്ത് ബത്‌ലഹേമില്‍ യേശുവിന്റെ പേര് ചേര്‍ത്തുകൊണ്ട് യേശുവിനെ ഈ ലോകത്തിന്റെ പൗരനാക്കിയത് യൗസേപ്പാണ്.ചേലാകര്‍മ്മത്തിലൂടെ ഉടമ്പടികളുടെ ജനത്തിലേക്ക് യേശുവിനെ പ്രവേശിപ്പിക്കുന്നത് യൗസേപ്പാണ്. ”ദൈവം നമ്മോടുകൂടെ”യെന്ന എമ്മാനുവല്‍ ആയ, മാംസം ധരിച്ച ദൈവവചനത്തിന്, ദൈവത്തിന്റെ കല്പന പ്രകാരവും പൂര്‍ണ്ണമായ നിയമാധികാരത്തോടുകൂടെയും! /യേശുവെന്ന നാമം നല്‍കുന്നത് യൗസേപ്പാണ്.
യഹൂദാചാരപ്രകാരം യേശുവെന്ന കടിഞ്ഞൂല്‍പുത്രനെ ജറുസലേം ദേവാലയത്തില്‍ സമര്‍പ്പിക്കുന്നതും നിയമം അനുശാസിക്കുന്ന കാഴ്ചകള്‍ സമര്‍പ്പിക്കുന്നതും യൗസേപ്പാണ്. ഈജിപ്തിലേക്കുള്ള യാത്രയില്‍ യേശുവിനെയും അമ്മയായ മറിയത്തേയും സംരക്ഷിക്കുന്നത്യൗസേപ്പാണ്. ഈസ്രായേലിന്റെ മണ്ണിലേക്ക് യേശുവിനെ പ്രവേശിപ്പിക്കുന്നത് യൗസേപ്പാണ്.
വളര്‍ത്തുപിതാവെന്ന നിലയില്‍ യേശുവിന് ആവശ്യമായ ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും നല്‍കുന്നത് യൗസേപ്പാണ്. നസ്രത്തില്‍ ജീവിച്ചുകൊണ്ട് യേശുവിന് നസ്രായേന്‍ എന്നപേരിന് അര്‍ഹനാക്കുന്നത് യൗസേപ്പാണ്. യേശുവിനെ ഒരു തൊഴില്‍ അഭ്യസിപ്പിക്കുന്നതും, ഒരു തച്ചന്റെ മകനായി സമൂഹത്തിലേക്ക് പ്രവേശിപ്പിക്കുന്നതും യൗസേപ്പാണ്. യേശുവിനെ ലോകത്തിന്റെയും നിയമത്തിന്റെയും ജീവിതത്തിന്റെ അറിവിലേക്ക് കൊണ്ടുവരുന്നതും പ്രാര്‍ഥിക്കാന്‍ പഠിപ്പിക്കുന്നതും യൗസേപ്പാണ്.
യൗസേപ്പിതാവിന്റെ ഈ ഗുണങ്ങളെല്ലാമാണ് വിശുദ്ധ ജോണ്‍ 23-ാമന്‍ പാപ്പ, യൗസേപ്പിന്റെ നാമം വിശുദ്ധ കുര്‍ബ്ബാനയില്‍, രക്തസാക്ഷികള്‍, പാപ്പമാര്‍, അപ്പസ്‌തോലന്മാര്‍ എന്നിവരുടെ പേരിന് മുമ്പിലും പരിശുദ്ധ മറിയത്തിന്റെ പേരിനുശേഷവും കൂട്ടിചേര്‍ക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ കാരണം. (ഒന്നാമത്തെ സ്‌തോത്രയാഗ പ്രാര്‍ഥനയില്‍) ഇക്കാരണങ്ങളാല്‍ തന്നെയാണ് എല്ലാ സ്‌തോത്രയാഗപ്രാര്‍ഥനകളിലും വിശുദ്ധ യൗസേപ്പിതാവിന്റെ നാമം കൂട്ടിചേര്‍ക്കണമെന്ന് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ കല്പിച്ചതും.
മഹാനായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ വിശുദ്ധ യൗസേപ്പിതാവിനെപ്പറ്റി സഭയ്ക്ക് നല്‍കിയ വലിയ അപ്പസ്‌തോലിക രേഖയാണ് 1989 ഓഗസ്റ്റ് 15 ന് പുറപ്പെടുവിച്ച രക്ഷകന്റെ പാലകന്‍ (റെദംതോറിസ് കുസ്‌തോസ്). സഭയുടെയും യേശുവിന്റെയും ജീവിതത്തില്‍ യൗസേപ്പിതാവിന്റെ ദൗത്യവും രൂപവും എന്നതാണ് അതിന്റെ പ്രതിപാദ്യവിഷയം തന്നെ. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ, തന്റെ വീക്ഷണത്തില്‍ യൗസേപ്പിന് തിരുസഭയോടുള്ള മനോഭാവം എന്താണെന്നും, തിരുസഭയ്ക്ക് യൗസേപ്പിതാനോടുള്ള മനോഭാവം എന്താണെന്നും അതില്‍ ചൂണ്ടിക്കാണിക്കുന്നു.
യൗസേപ്പിന് തിരുസഭയോടുള്ള ദൗത്യം എന്താണെന്ന് ചോദിച്ചാല്‍ തിരുസഭയുടെ സംരക്ഷകന്‍ ആയിരിക്കുക എന്നതാണ്. പലവിധ പ്രതിസന്ധികളാലും പ്രതികൂല സാഹചര്യങ്ങളാലും ആടിയുലഞ്ഞിരുന്ന തിരുസഭയുടെ സംരക്ഷണം വിശുദ്ധ യൗസേപ്പിനെ ഭരമേല്പിക്കണമെന്ന് രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ പങ്കെടുത്ത സഭാപിതാക്കന്മാര്‍ ഒന്നടങ്കം ഒമ്പതാം പീയൂസ് പാപ്പയോട് പ്രത്യേകമായി ആവശ്യപ്പെടുകയുണ്ടായി. അതനുസരിച്ച് 1870 ഡിസംബര്‍ എട്ടാം തീയതി ഒമ്പതാം പീയൂസ് പാപ്പ ”കേമാദ്‌മോദും ദേവൂസ.്” എന്ന ഡിക്രിവഴി വിശുദ്ധ യൗസേപ്പിനെ സാര്‍വ്വത്രിക സഭയുടെ സംരക്ഷകനായി പ്രഖ്യാപിച്ചു. അതിനുള്ള കാരണങ്ങളാണ് ലിയോ 13-ാം പാപ്പ 1889 ആഗസ്റ്റ് 15 ന് തന്റെ ക്വാം ക്വാം പ്ലുരിയെസ് എന്ന ചാക്രികലേഖനത്തിലൂടെ തിരുസഭയ്ക്ക് പ്രദാനം ചെയ്തത്. ഈ ചാക്രിക ലേഖനത്തില്‍ ഉദ്ധരിക്കന്നതുപോലെ സഭ യൗസേപ്പിനെ തന്റെ പ്രത്യേക രക്ഷാധികാരിയായി കരുതുന്നതിനും അവിടുത്തെ സംരക്ഷണത്തിലും മധ്യസ്ഥതയിലും വലിയ പ്രത്യാശയര്‍പ്പിക്കുന്നതിനും ഏറ്റവും പ്രധാന കാരണം അദ്ദേഹം മറിയത്തിന്റെ ഭര്‍ത്താവും യേശുവിന്റെ വളര്‍ത്തുപിതാവും ആയിരുന്നുവെന്നതാണ്. തന്റെ കാലത്ത് യേശുവിന്റെ നിയമപരവും സ്വാഭാവികവുമായ രക്ഷാകര്‍ത്താവുമായിരുന്നു യൗസേപ്പ്. അതുകൊണ്ട് ഒരിക്കല്‍ നസ്രത്തിലെ തിരുക്കുടുംബത്തിന് നിതാന്ത ജാഗ്രതയോടെ വിശുദ്ധ സംരക്ഷണം നല്‍കിയ യൗസേപ്പ് ക്രിസ്തുവിന്റെ സഭയ്ക്ക് സ്വര്‍ഗീയ മാധ്യസ്ഥം നല്‍കി അതിനെ സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നു.
യൗസേപ്പിന്റെ പക്കലേക്കുപോകുവാന്‍ മതിയായ കാരണങ്ങള്‍ ലിയോ 13-ാം പാപ്പ തന്റെ വാഴ്ത്തപ്പെട്ട വിശുദ്ധ യൗസേപ്പ് എന്ന പ്രാര്‍ഥനയില്‍ ചൂണ്ടികാണിക്കുന്നു. പാപ്പ, യൗസേപ്പിന് ഉണ്ണിയേശുവിനോട് ഉണ്ടായിരുന്ന പിതൃസ്‌നേഹത്തെ അനുസ്മരിക്കുകയും യേശു തന്റെ തിരുരക്തത്താല്‍ നേടിയ അവകാശത്തിന്റെയും തിരുക്കുടുംബത്തിന്റെയും, ദൈവികപദ്ധതി പ്രകാരമുള്ള സംരക്ഷകനായി വാഴ്ത്തുകയും ചെയ്തു.
അന്നുമുതല്‍ ദൈവമാതാവായ അമലോത്ഭവ കന്യകയുമായി ഐക്യപ്പെടുത്തുന്ന അനുകമ്പയുടെ ആ പാവനബന്ധത്തിന്റെ അടിസ്ഥാനത്തില്‍ സഭ വിശുദ്ധ യൗസേപ്പിതാവിന്റെ സംരക്ഷണത്തിനായി പ്രാര്‍ഥിച്ചിരുന്നു. സഭ അവളുടെ ഉത്കണ്ഠകളെല്ലാം, മാനവകുലത്തെ ഭീഷണിപ്പെടുത്തുന്ന വിനകളടക്കമുള്ളവ യൗസേപ്പിന്റെ പരിപാലനയ്ക്കായി സമര്‍പ്പിച്ചിരുന്നു. (ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ, രക്ഷകന്റെ പാലകന്‍) നാം ജീവിക്കുന്ന ഈ കാലഘട്ടത്തിലും തിരുസഭ അഭിമൂഖീകരിക്കുന്ന എല്ലാ പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും എല്ലാ തിന്മകളില്‍ നിന്നും സംരക്ഷണവും മോചനവും ലഭിക്കാന്‍ നാം വിശുദ്ധ യൗസേപ്പിന്റെ മാധ്യസ്ഥ സഹായം യാചിച്ചു പ്രാര്‍ഥിക്കേണ്ടതാണ്. ഏറ്റവും വത്സല പിതാവേ, കാപട്യത്തിന്റെയും പാപത്തിന്റെയും തിന്മകളെ അകറ്റണമേ. അന്ധകാരശക്തികളുമായുള്ള പോരാട്ടത്തില്‍ സ്വര്‍ഗത്തില്‍ നിന്നും ഞങ്ങളെ സഹായിക്കണമേ. ഉണ്ണീശോയെ ഒരിക്കല്‍ മരണകരമായ അപകടത്തില്‍ നിന്നും രക്ഷിച്ചതുപോലെ ദൈവത്തിന്റെ വിശുദ്ധ സഭയെ ശത്രൂക്കളില്‍ നിന്നും എല്ലാ പ്രതികൂലാവസ്ഥകളില്‍ നിന്നും കാത്തുകൊള്ളണമേ (ലിയോ 13-ാമന്‍ പാപ്പ 1889 ആഗസ്റ്റ് 15 ന് പുറപ്പെടുവിച്ച ക്വാം ക്വാം പ്ലൂരിയെസ് എന്ന ചാക്രിക ലേഖനത്തിന്റെ അവസാന ഭാഗത്ത് രേഖപ്പെടുത്തിയ വാഴ്ത്തപ്പെട്ട വിശുദ്ധ യൗസേപ്പേ എന്ന പ്രാര്‍ത്ഥന)
സഭാസംരക്ഷകനായ വിശുദ്ധ യൗസേപ്പ് എല്ലാ സഭാമക്കളെയും സംരക്ഷിക്കുകയും എല്ലാവര്‍ക്കും വലിയ മാതൃകയായി നിലനില്‍ക്കുകയും ചെയ്യുന്നു. കുടുംബങ്ങളുടെ സത്തയും ദൗത്യവും സ്‌നേഹത്തില്‍ കൃത്യമാക്കപ്പെടുന്നത് കുടുംബത്തിന് സ്‌നേഹത്തെ സംരക്ഷിക്കാനും സാക്ഷ്യപ്പെടുത്താനും പങ്കുവെയ്ക്കാനുമുള്ള ദൗത്യമുള്ളതുകൊണ്ടും നസ്രത്തിലെ തിരുക്കുടുംബമെന്നും ക്രൈസ്തവ കുടുംബത്തിന് മാതൃകയായി നിലനില്‍ക്കുന്നു. ഒരു പിതാവെന്ന നിലയില്‍ മക്കളോടുള്ള ഉത്തരവാദിത്വം എങ്ങനെ നിറവേറ്റണമെന്ന് സാക്ഷ്യം നല്‍കിയ വിശുദ്ധ യൗസേഫ് എല്ലാ പിതാക്കന്മാര്‍ക്കും ഉത്തമ മാതൃകയാണ്. വിശ്വാസത്തിന്റെ തീര്‍ത്ഥാടനമായിരുന്ന തന്റെ ജീവിതത്തില്‍ ഭാര്യയായ മറിയത്തെപോലെ അവസാനം വരെ ദൈവവിളിയോട് വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് ഓരോ ഭര്‍ത്താവിനും അദ്ദേഹം മാതൃകയായി നില്‍ക്കുന്നു. നസ്രത്തിലെ തിരുക്കുടുംബത്തിന്റെ ജീവിതത്തില്‍ അധ്വാനം സ്‌നേഹത്തിന്റെ അനുദിന അനുസ്മരണമായിരുന്നു. ഏതു തൊഴിലിലൂടെയും ജീവിത വിശുദ്ധീകരണം സാധ്യമാണെന്ന് വിശുദ്ധ യൗസേപ്പ് കാണിച്ച ദൈവസ്‌നേഹത്തിന്റെ തരംഗങ്ങളോട് ഏറെ പ്രതികരണങ്ങള്‍ പുലര്‍ത്തുന്ന ആത്മാക്കള്‍ക്ക് വിശുദ്ധ യൗസേപ്പിന്റെ ആന്തരിക ജീവിതം ഉത്തമ മാതൃകയാണ്. തിരുക്കുടുംബത്തിന്റെ തലവനും സംരക്ഷകനുമായ വിശുദ്ധ യൗസേഫ് ഒരിക്കല്‍ നസ്രത്തിലെ തിരുക്കുടുംബത്തിന് നിതാന്ത ജാഗ്രതയോടെ വിശുദ്ധ സംരക്ഷണം നല്‍കിയതുപോലെ ക്രിസ്തുവിന്റെ സഭയ്ക്ക് സ്വര്‍ഗീയ മാധ്യസ്ഥം നല്‍കി അതിനെ സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നു.


Related Articles

വഴിയരികിലെ അത്ഭുതം

കലിഫോര്‍ണിയായിലെ വിജനമായ റോഡിലൂടെ രാത്രി ഒരു ഭാര്യയും ഭര്‍ത്താവും കൂടി കാറില്‍ യാത്ര ചെയ്യുകയായിരുന്നു. മലമ്പ്രദേശമായിരുന്നു അത്. ഒത്തിരി വളവും തിരിവും ഉള്ള വഴി. സാവധാനമാണ് ഭര്‍ത്താവ്

“ദൈവം സംയോജിപ്പിച്ചത്…” (മർക്കോ 10:2-16) ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ

  ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ   First Reading: Genesis 2:18-24 Responsorial Psalm: Ps 128:1-2,3,4-5,6 Second Reading: Hebrews 2:9-11 Gospel Reading: Mark 10:2-16 (or 10:2-12)

സംവരണമില്ലാത്ത കാലത്തിനായും കാത്തിരിക്കാം

അതിവേഗം ബഹുദൂരമെന്നത് കേരളത്തിലെ കഴിഞ്ഞ ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ പ്രഖ്യാപിത നയമായിരുന്നു. പക്ഷേ അത് ഏറ്റവും ചേരുക ഇന്ന് ഇന്ത്യ ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനാണ്. ഒന്നാം മന്ത്രിസഭാ കാലത്ത്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*