സമഗ്ര വികസനത്തിന്റെ ബോധന ദൗത്യം

സമഗ്ര വികസനത്തിന്റെ ബോധന ദൗത്യം

‘പള്ളികള്‍ തോറും പള്ളിക്കൂടം’ എന്ന വിപ്ലവാത്മക കല്പനയിലൂടെ മലയാളമണ്ണില്‍ എല്ലാ കരകളിലും ഇടവകകളിലും പ്രാഥമിക വിദ്യാലയ ശൃംഖലയ്ക്കു തുടക്കം കുറിച്ചുകൊണ്ട് ‘ഉത്സാഹമൊക്കെയോടും താല്പര്യത്തോടുകൂടെയും ശിക്ഷകളുടെ കീഴിലും പ്രമാണിക്കുകയും’ ഈ പള്ളിക്കൂടങ്ങള്‍ക്കായി ധനം സമാഹരിക്കുന്നതിന് ‘ഉണ്ണിമിശിഹായുടെ ധര്‍മ്മസഭ’ എന്ന പേരില്‍ പിടിയരി സമ്പ്രദായം ഏര്‍പ്പെടുത്തുകയും ചെയ്ത മലബാര്‍ വികാരിയാത്തിലെ റോമാക്കാരനായ കര്‍മലീത്താ വികാരി അപ്പസ്‌തോലിക്ക ജുസെപ്പെ ബെര്‍ണാര്‍ദീനോ ദി സാന്താ തെരേസ ബെച്ചിനെല്ലി മെത്രാപ്പോലീത്തായുടെ 150-ാം ചരമവാര്‍ഷികാനുസ്മരണത്തിന് ഒരുങ്ങുന്ന വേളയില്‍ കേരള ലത്തീന്‍ സഭ അടിസ്ഥാന ക്രൈസ്തവ സമൂഹ കൂട്ടായ്മയെ നൂതന വിദ്യാഭ്യാസ ശുശ്രൂഷയുടെ മൗലിക സ്രോതസായി പുനഃപ്രതിഷ്ഠിക്കുന്നു എന്നത് മഹത്വപൂര്‍ണമാണ്. കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ അര്‍ധവാര്‍ഷിക ജനറല്‍ അസംബ്ലി അംഗീകരിച്ച വിദ്യാര്‍ഥി കേന്ദ്രീകൃത ബദല്‍ വിദ്യാഭ്യാസ കര്‍മ്മപദ്ധതി ബെച്ചിനെല്ലിയുടെ പള്ളിക്കൂടം സമീപസ്ഥമാക്കിയ സാര്‍വത്രിക വിദ്യാദാന ദര്‍ശനത്തിന്റെ കാലാനുവര്‍ത്തിയായ ആഴപ്പെടല്‍ തന്നെയാണ്.
വിദ്യാഭ്യാസ വികസനത്തിന്റെ സാമ്പ്രദായിക രീതികളും വലിയ മുതല്‍മുടക്കുള്ള ബൃഹത്തായ പശ്ചാത്തല വികസനവും വന്‍കിട സ്ഥാപനങ്ങളുടെ സ്വാശ്രയ മോഡലുകളും ഒഴിവാക്കി കുടുംബ യൂണിറ്റുകളുടെ അടിസ്ഥാന തലം തൊട്ട് സാമൂഹിക പങ്കാളിത്തത്തോടെ ലളിതവും പ്രായോഗികവും ക്രമബദ്ധവുമായ മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലുള്ള കര്‍മ്മപദ്ധതിയിലൂടെ ഓരോ വിദ്യാര്‍ഥിയുടെയും കഴിവും പ്രാപ്തിയും സര്‍ഗശേഷിയും നൈപുണ്യവും മികവും വളര്‍ത്തിയെടുക്കുക എന്നതിലാണ് ശ്രദ്ധ. ആഗോള തലത്തിലെ നവ തൊഴില്‍ സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ട് തൊഴില്‍ നൈപുണ്യവും മത്സരക്ഷമതയും വര്‍ധിപ്പിക്കാനുള്ള ശാസ്ത്രീയ സമീപനവും അനൗപചാരിക മാര്‍ഗങ്ങളും ഈ ബോധനവിദ്യയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.
സാമുദായിക പിന്നാക്കാവസ്ഥയില്‍ നിന്നുള്ള മോചനം വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെയാണെന്ന തിരിച്ചറിവില്‍ നിന്നാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ മാനവവിഭവശേഷിയുടെ സവിശേഷ നൈപുണ്യസിദ്ധി വികസനത്തിന് ഊന്നല്‍ നല്‍കുന്ന സമയബന്ധിത കര്‍മപദ്ധതികള്‍ക്കു രൂപം നല്‍കുന്നത്. അക്ഷരം, അക്കം, ശാസ്ത്രം, വിവരസാങ്കേതികവിദ്യ, പണമിടപാട്, സംസ്‌കാരം, പൗരധര്‍മം എന്നിവ സംബന്ധിച്ച അടിസ്ഥാന സാക്ഷരത; പ്രശ്‌നങ്ങള്‍ അപഗ്രഥിക്കാനും പരിഹരിക്കാനുമുള്ള കഴിവ്, സര്‍ഗാത്മകത, ആശയവിനിമയം, സഹകരണം എന്നിവയ്ക്കുള്ള പ്രാപ്തി; ജിജ്ഞാസ, മുന്‍കൈയെടുക്കല്‍, സ്ഥിരോത്സാഹം, പരിസ്ഥിതിയോട് ഇണങ്ങിച്ചേരല്‍, നേതൃത്വപാടവം, സാമൂഹിക, സാംസ്‌കാരിക അവബോധം തുടങ്ങിയ ഗുണവിശേഷങ്ങള്‍ എന്നിവ ശ്രദ്ധിക്കേണ്ടതുണ്ട്.
ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ഉന്നത വിദ്യാഭ്യാസം എന്നീ തലങ്ങളില്‍ ഓരോ ക്ലാസിലും ആര്‍ജിക്കേണ്ട മികവും നൈപുണ്യവും, ബിസിസി തലത്തിലെ വിദ്യാര്‍ഥി ഫോറം, ഇടവക വിദ്യാഭ്യാസ ശുശ്രൂഷാ സമിതി, ഫൊറോന, രൂപതാ തല സമിതി തുടങ്ങിയ വേദികളുടെ ശ്രേണീബദ്ധമായ ഉപയോഗം, മേല്‍നോട്ടം വഹിക്കേണ്ടവര്‍, വിലയിരുത്തല്‍ നടത്താനും സാക്ഷ്യപത്രങ്ങള്‍ നല്‍കാനുമുള്ള സംവിധാനം എന്നിങ്ങനെ ഘട്ടംഘട്ടമായി പിന്തുടരേണ്ട മാര്‍ഗരേഖയാണ് വിദ്യാര്‍ഥി കേന്ദ്രീകൃത വിദ്യാഭ്യാസ പദ്ധതിയുടെ കാതല്‍. ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടി കുടുംബ യൂണിറ്റിന്റെ വിദ്യാര്‍ഥി ഫോറത്തില്‍ നൂറു വരെ തെറ്റാതെ എണ്ണികേള്‍പ്പിക്കുന്നു. കുടുംബ യൂണിറ്റ് യോഗത്തില്‍ വച്ച് അതിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. രണ്ടാം തരത്തില്‍ മലയാളത്തിലും ഇംഗ്ലീഷിലും അക്ഷരമാല ചൊല്ലുകയും എഴുതുകയും ചെയ്യുന്നു; മൂന്നാം ക്ലാസുകാരന്‍ രണ്ട് അക്ക സംഖ്യ കൂട്ടിയും കിഴിച്ചും ഗുണിച്ചും കാണിക്കുന്നു; നാലാം ക്ലാസുകാരന്‍ മലയാളവും ഇംഗ്ലീഷും സുഗമമായി വായിക്കുകയും, വ്യക്തമായും അക്ഷരത്തെറ്റില്ലാതെയും എഴുതുകയും ചെയ്യുന്നു. കുടുംബ യൂണിറ്റു മുതല്‍ ഇടവക തലം വരെയാണ് ഇതിന്റെ അവതരണത്തിനും സര്‍ട്ടിഫിക്കറ്റ് വിതരണത്തിനുമുള്ള വേദി. ഉപകരണ സംഗീതം, സര്‍ഗാത്മക കലകള്‍, സ്‌പോര്‍ട്‌സ് എന്നിവയ്ക്കും സമാനമായ അവതരണാവസരവും വിലയിരുത്തലും പ്രോത്സാഹനവുമുണ്ടാകും.
എട്ടാം തരം മുതല്‍ പത്താം ക്ലാസു വരെ സിവില്‍ സര്‍വീസ്, ജൂനിയര്‍ സയന്റിസ്റ്റ്, നൈപുണ്യവര്‍ധന, കരിയര്‍ വികസന പരിപാടി എന്നിവയ്ക്ക് ഫൊറോന, രൂപതാ തലത്തില്‍ വേദിയൊരുക്കണം. പത്താം തരത്തില്‍ എല്ലാ കുട്ടികള്‍ക്കും ചുരുങ്ങിയത് 60 ശതമാനം മാര്‍ക്ക് ഉറപ്പുവരുത്താന്‍ പരീക്ഷയ്ക്ക് ഒരുങ്ങാനുള്ള പരിശീലനം ബിസിസി തലത്തില്‍ നല്‍കണം. പത്താം ക്ലാസു കഴിഞ്ഞുള്ള അവധിക്കാലത്ത് ഇടവക തലത്തില്‍ ശരിയായ പ്ലസ് ടു സ്ട്രീം തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷയും, പ്രവേശനത്തിന് അപേക്ഷിക്കാന്‍ വേണ്ട സഹായവും ഇടവകയിലെ ഫസിലിറ്റേഷന്‍ സെന്റര്‍ വഴി നല്‍കണം. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ എന്‍ട്രന്‍സ് കോച്ചിങ്, കരിയര്‍ മാര്‍ഗദര്‍ശനം, പരീക്ഷയ്ക്ക് ഒരുങ്ങല്‍, സംസ്ഥാന തലത്തിലും അഖിലേന്ത്യാ തലത്തിലുമുള്ള പ്രധാന എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അപേക്ഷിക്കാനും ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനുമുള്ള സഹായം, സംരംഭകത്വ പരിശീലനം, തൊഴില്‍ നൈപുണ്യ വികസനം എന്നിവയ്ക്കു ഇടവക ഫസിലിറ്റേഷന്‍ സെന്ററില്‍ വിദ്യാഭ്യാസ, യുവജന ശുശ്രൂഷാ സമിതികളുടെ നേതൃത്വത്തില്‍ കാര്യക്ഷമമായ മാര്‍ഗനിര്‍ദേശമുണ്ടാകണം. രൂപതാ തലത്തിലാവണം ഇതിന്റെ വിലയിരുത്തലും സര്‍ട്ടിഫിക്കറ്റ് വിതരണവും.
പ്ലസ് ടു കഴിഞ്ഞവരെ പിഎസ്‌സി രജിസ്‌ട്രേഷനും, യൂത്ത് മൂവ്‌മെന്റ് അംഗത്വത്തിനും ദേശീയ തലത്തില്‍ സ്‌പോര്‍ട്‌സ് ക്ലബ്, മ്യൂസിക് അക്കാദമി തുടങ്ങിയവയുമായി അഫിലിയേറ്റ് ചെയ്യാനും പ്രേരിപ്പിക്കണം. വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക പ്ലാനിങ്, വായ്പ, സ്‌കോളര്‍ഷിപ്, വിദ്യാഭ്യാസ നിധി തുടങ്ങിയവയക്ക് ഉപദേശം നല്‍കാനും സംവിധാനമുണ്ടാകണം. വിവിധ തലങ്ങളില്‍ ആശയവിനിമയത്തിനും പ്രവര്‍ത്തന നിരീക്ഷണത്തിനും നിശ്ചിത കാലയളവിലെ വിലയിരുത്തലിനും ഇടവകയിലും രൂപതാ തലത്തിലുമുള്ള ഫസിലിറ്റേഷന്‍ സെന്റര്‍ പ്രയോജനപ്പെടുത്തണം.
പ്രഥമ പാദത്തില്‍ ഓരോ രൂപതയിലും 10 ശതമാനം ഇടവകകള്‍ തിരഞ്ഞെടുത്ത് വിദ്യാഭ്യാസ ബദല്‍ പ്രവര്‍ത്തന പദ്ധതി നടപ്പാക്കാനാണ് നിര്‍ദേശം.
പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 15,000 വിദ്യാഭ്യാസ സന്നദ്ധപ്രവര്‍ത്തകരെ രണ്ടുവര്‍ഷത്തിനുള്ളില്‍ പരിശീലിപ്പിച്ച് സംസ്ഥാനതലത്തില്‍ പ്രവര്‍ത്തനസജ്ജരാക്കും. കെആര്‍എല്‍സിസി തലത്തിലും രൂപതാ തലങ്ങളിലുമായാണ് പഞ്ചവത്സര പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാഭ്യാസ ധനസഹായ നിധി രൂപീകരിക്കുന്നതിനായി നിലവിലുള്ള മാതൃകകള്‍ വിലയിരുത്തും.
വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ നൈപുണ്യം, സാമൂഹിക പശ്ചാത്തലം തുടങ്ങി യുവജനങ്ങളുടെ സ്ഥിതിവിവരകണക്കുകളുടെ നിജസ്ഥിതി വ്യക്തമാക്കുന്ന സര്‍വേ കെആര്‍എല്‍സിസി യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ലത്തീന്‍ സമുദായത്തിന് വിവിധ തലങ്ങളില്‍ സംവരണത്തിനുവേണ്ടി മുറവിളി കൂട്ടുമ്പോഴും അര്‍ഹമായ വിഹിതം നേടിയെടുക്കുന്നതിനുള്ള നൈപുണ്യ വികസനത്തിന്റെയും കരിയര്‍ ആഭിമുഖ്യത്തിന്റെയും അഭാവം എടുത്തുകാട്ടുന്ന പഠനങ്ങള്‍ ബദല്‍ കര്‍മപദ്ധതിയുടെ അവശ്യകതയിലേക്കുതന്നെയാണ് വിരല്‍ചൂണ്ടുന്നത്. സാമൂഹിക വികസനത്തിനായുള്ള വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ സാര്‍ഥകങ്ങളായ നവീന രൂപങ്ങള്‍ അടിസ്ഥാന ക്രൈസ്തവ സമൂഹ തലത്തില്‍ നിന്ന് ഉയിര്‍ക്കൊള്ളുമെന്ന് നമുക്ക് പ്രത്യാശിക്കാം.


Related Articles

കാന്‍സറിനെതിരെ സന്ദേശ പ്രചരണ ജലയാത്ര

വിജയപുരം: വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ കാന്‍സര്‍ സാന്ത്വനപദ്ധതിയായ ആശാകിരണത്തിന്റെ ആഭിമുഖ്യത്തില്‍ ലോക കാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച് കാന്‍സറിനെതിരെയുള്ള സന്ദേശപ്രചരണ ജലയാത്ര സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ്, ആരോഗ്യകേരളം എന്നിവയുടെ

പിന്നാക്ക സമുദായ സംവരണം അട്ടിമറിക്കാനുള്ള ശ്രമം സംസ്ഥാന സർക്കാർ ഗൗരവമായി കാണണം- സുപ്രീംകോടതിയിൽ എൻഎസ്എസ് നൽകിയ കേസിൽ കെഎൽസിഎ കക്ഷിചേരും

കൊച്ചി – കേരളത്തിലെ പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണം നിലവിലുള്ള കണക്കുകൾ പ്രകാരം ജാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. എന്നിട്ടുപോലും ലത്തീൻ കത്തോലിക്കർ ഉൾപ്പെടെയുള്ളവർക്ക് മതിയായ പ്രാതിനിധ്യം സർക്കാർ

വിജയപുരത്തുനിന്നും അതിജീവനത്തിന്റെ വിജയഗാഥ

കൊവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ സാധാരണക്കാരുടെ ജീവിതം ദുരിതമയമാക്കുമ്പോള്‍ കേരള ലത്തീന്‍ സഭയിലെ രൂപതകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യസേവന വിഭാഗങ്ങള്‍ ആശ്വാസതുരുത്തുകളാകുകയാണ്. നിരാലംബര്‍ക്ക് ഭക്ഷണവും മരുന്നും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*