സമത്വമാണ് സ്വാതന്ത്ര്യം

സമത്വമാണ് സ്വാതന്ത്ര്യം

ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനാഘോഷത്തിന് അഞ്ചുനാള്‍ മുന്‍പ് രാജ്യത്തെ ദലിത് ക്രൈസ്തവര്‍ അനീതിക്കും അടിച്ചമര്‍ത്തലിനും മതത്തിന്റെ പേരിലുള്ള വിവേചനത്തിനുമെതിരെയുള്ള മറ്റൊരു പോരാ
ട്ടത്തിന്റെ 70-ാം വാര്‍ഷികം കരിദിനമായി അടയാളപ്പെടുത്തി. മതഭേദമൊന്നുമില്ലാതെ ഗോത്രവര്‍ഗക്കാരെപോലെ ഇന്ത്യയിലെ എല്ലാ ദലിത് വിഭാഗങ്ങള്‍ക്കും അവകാശപ്പെട്ട, അവര്‍ അനുഭവിച്ചുപോന്ന പട്ടികജാതി സംവരണ, സംരക്ഷണ ആനുകൂല്യങ്ങള്‍ ഹൈന്ദവര്‍ക്കു മാത്രമായി ചുരുക്കിക്കൊണ്ട് രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് 1950 ഓഗസ്റ്റ് 10ന് ഒപ്പുവച്ച ഉത്തരവിന്റെ എഴുപതാമാണ്ടില്‍ കൊവിഡ് മഹാമാരിക്കാലത്തെ സാമൂഹിക നിയന്ത്രണങ്ങളുടെ പരിധികളില്‍ ഒതുങ്ങി, നമ്മുടെ ജനാധിപത്യ രാഷ്ട്രീയ ബൃഹദാഖ്യാനങ്ങളുടെ പുറമ്പോക്കുകളില്‍ വിലാപകറുപ്പിന്റെ കുരിശടയാളം പേറി നില്‍ക്കുന്നവരെ നെഞ്ചോടുചേര്‍ത്തുകൊണ്ടാണ് ഭാരതത്തിലെ ക്രൈസ്തവ സമൂഹം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.

അധികാരത്തിന്റെ രാഷ്ട്രീയ പരിസരങ്ങളിലും സാമൂഹ്യവ്യവസ്ഥയിലും മാത്രമല്ല, സഭയുടെ സാര്‍വത്രിക കൂട്ടായ്മയില്‍ തന്നെ പലപ്പോഴും പാര്‍ശ്വവത്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ അതിജീവനത്തിന്റെയും ചെറുത്തുനില്പിന്റെയും സ്വത്വാവബോധന പ്രകാശനത്തിന്റെയും വ്യഥിതവും സംത്രാസഭരിതവുമായ മുന്നേറ്റത്തില്‍ നിശ്ചയദാര്‍ഢ്യത്തോടെ അവരോടു പക്ഷംചേര്‍ന്ന് പൂര്‍ണബോധ്യത്തോടെ അനുധാവനം ചെയ്യുകയാണ് സാമൂഹിക നീതി ഞായറില്‍ കത്തോലിക്കാ സഭാസമൂഹം. ദലിത് ക്രൈസ്തവരും ദലിത് മുസ്ലിംകളും സ്വതന്ത്രഭാരതത്തില്‍ ഏഴു പതിറ്റാണ്ടായി അനുഭവിക്കുന്ന അസമത്വത്തിന്റെ അനീതി സമൂഹത്തിന്റെ പൊതുബോധത്തില്‍ നീറ്റലും കാന്തലും ആക്രന്ദനവുമാകണം.

ജാതീയ, വംശീയ അധിനിവേശത്തിന്റെ സാംസ്‌കാരികചരിത്രത്തില്‍ കീഴാളരാക്കപ്പെട്ട ജനവിഭാഗങ്ങളില്‍ ബഹിഷ്‌കൃതരും ഭ്രഷ്ടരും മുറിച്ചുമാറ്റപ്പെട്ടവരും പിളര്‍ക്കപ്പെട്ടവരുമായ മനുഷ്യര്‍ക്ക് ക്രിസ്തു
വിശ്വാസം സ്വാതന്ത്ര്യത്തിലേക്കുള്ള വീണ്ടെടുപ്പാണ്. ക്രിസ്തുമതത്തില്‍ ജാതിവിവേചനമില്ല. എന്നാല്‍ കീഴാള ക്രൈസ്തവത ഒരു സമാന്തര ജീവിത യാഥാര്‍ഥ്യമാണ്. ജാതിവെറിയും സവര്‍ണാഭിമുഖ്യവും ന്യൂനപക്ഷവിരോധവും ദലിത ക്രൈസ്തവരുടെ പാര്‍ശ്വവത്കരണത്തിന്റെ ചരിത്രഭൂമികയിലുണ്ട്. കൊവിഡ് കാലത്തെ സാമൂഹിക നീതി ഞായര്‍ ക്രൈസ്തവ സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും ഐക്യദാര്‍ഢ്യ പ്രഖ്യാപനത്തിന് ഏറെ ഗാഢസാന്ദ്രമായ അര്‍ഥവ്യാപ്തി പകരുന്നു.

ജനാധിപത്യ ഭരണസംവിധാനത്തിന്റെ, സ്വയംഭരണത്തിന്റെ, സ്വയംനിര്‍ണയത്തിന്റെ അടിസ്ഥാന പ്രമാണം സമത്വമാണ്. അയിത്തക്കാരും ഭൂരഹിതരും ചേരിവാസികളും ജാതീയതയുടെ അടിസ്ഥാനത്തിലുള്ള തൊഴിലുകളുടെ തരംതിരിവില്‍ അടിമപ്പണിക്കാരും തോട്ടികളുമായി തലമുറകളായി ചാപ്പകുത്തപ്പെട്ടവരുമൊക്കെ വോട്ടവകാശത്തിന്റെ തുല്യതയില്‍ ഭരണത്തില്‍ പങ്കാളികളാകുന്ന മഹിത സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് സമത്വസുന്ദരമായ ജനാധിപത്യം. ചാതുര്‍വര്‍ണ്യത്തിലെ വിവേചന വ്യവസ്ഥിതിയുടെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ ചരിത്രപശ്ചാത്തലത്തില്‍ സ്വാതന്ത്ര്യത്തിലേക്ക് വിളിച്ചുണര്‍ത്തപ്പെട്ട ഇന്ത്യയിലെ അധഃസ്ഥിത ജനതയ്ക്ക് അധികാര പങ്കാളിത്തത്തിനും സാമൂഹിക സുരക്ഷയ്ക്കും നിലനില്പിനും ഭരണഘടനാപരമായ അവകാശസംരക്ഷണ വ്യവസ്ഥ കൂടിയേ തീരൂ എന്ന തിരിച്ചറിവില്‍ നിന്നാണ് ഭരണഘടനാശില്പികള്‍ വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലിക്കും പഞ്ചായത്ത് തലം മുതല്‍ പാര്‍ലമെന്റു വരെയുള്ള ജനപ്രാതിനിധ്യത്തിനും സംവരണാനുകൂല്യം നിശ്ചയിച്ചത്. പട്ടികജാതി, പട്ടികവര്‍ഗ സംവരണത്തിന് മതം ഒരു മാനദണ്ഡമേ ആയിരുന്നില്ല.

എന്നാല്‍ ഹിന്ദുമതത്തില്‍ നിന്നു വ്യത്യസ്തമായ മറ്റേതൊരു മതത്തില്‍ വിശ്വസിക്കുന്നവരെയും പട്ടികജാതിയായി പരിഗണിക്കാനാവില്ലെന്ന 1950 ഓഗസ്റ്റ് 10ലെ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ പട്ടികജാതി സംവരണവ്യവസ്ഥയ്ക്ക് ദലിത ജനവിഭാഗങ്ങള്‍ക്കിടയില്‍ മതപരമായ വേര്‍തിരിവും വിവേചനവും കൊണ്ടുവന്നു. തുല്യ അവസരം, മതസ്വാതന്ത്ര്യം, മനസ്സാക്ഷി സ്വാതന്ത്ര്യം; മതം, ജാതി, വര്‍ഗം എന്നിവയുടെ പേരിലുള്ള വിവേചനത്തിനെതിരെ സംരക്ഷണം തുടങ്ങി ഭരണഘടനയുടെ 14, 15, 16, 25 വകുപ്പുകളില്‍ ഉറപ്പുനല്‍കുന്ന മൗലികാവകാശ സംരക്ഷണവ്യവസ്ഥകള്‍ക്കു വിരുദ്ധമായ ആ ഉത്തരവ് ഭേദഗതി ചെയ്ത് 1956-ല്‍ സിക്കുമതക്കാരായ ദലിതര്‍ക്കും 1990-ല്‍ ബുദ്ധമതക്കാരായ ദലിതര്‍ക്കും പട്ടികജാതി ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിച്ചുനല്‍കി. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിംകളിലെ ദലിത വിഭാഗത്തിന് കേന്ദ്ര ഗവണ്‍മെന്റ് നിയോഗിച്ച സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത ചില ആനുകൂല്യങ്ങളെങ്കിലും പില്‍ക്കാലത്തു കിട്ടി. എന്നാല്‍ ദലിത് ക്രൈസ്തവര്‍ക്ക് ഇനിയും നീതി ലഭിച്ചിട്ടില്ല.

പട്ടികജാതി സംവരണത്തിന് മതം മാനദണ്ഡമാക്കുന്ന 1950ലെ രാഷ്ട്രപതിയുടെ ഉത്തരവിനെതിരെ തമിഴ്‌നാട്ടില്‍ നിന്നുള്ള ഫ്രാങ്ക്‌ളിന്‍ സീസര്‍ തോമസ് എന്ന ദലിത് ക്രൈസ്തവ അഭിഭാഷകന്‍ 16 വര്‍ഷം മുന്‍പ് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയില്‍ നിന്നു തുടങ്ങി കത്തോലിക്കാ മെത്രാന്മാരുടെ ദേശീയ സമിതി (സിബിസിഐ), നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ച്‌സ് ഇന്‍ ഇന്ത്യ എന്നിവയുടെയും നിരവധി സമുദായ സംഘടനകളുടെയും ഹര്‍ജികള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡേയുടെ ബെഞ്ച് 2020 ജനുവരിയില്‍ പരിഗണനയ്ക്ക് എടുത്ത് കേന്ദ്ര ഗവണ്‍മെന്റിനോട് വിശദീകരണം തേടി എന്നത് ഏറെ പ്രതീക്ഷ ഉണര്‍ത്തുന്നതായി.

പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് 2018-ല്‍ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍ മയപ്പെടുത്തിയ – മുന്‍കൂര്‍ ജാമ്യവ്യവസ്ഥയും, സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കേസെടുക്കണമെങ്കില്‍ നിയമനാധികാരിയുടെ മുന്‍കൂര്‍ അനുമതി തേടണം, സ്വകാര്യ ജീവനക്കാര്‍ക്കെതിരെ കേസെടുക്കാന്‍ സീനിയര്‍ പൊലീസ് സൂപ്രണ്ടിന്റെ അനുമതി വേണം, പ്രാഥമികാന്വേഷണം നടത്തിവേണം പരാതി രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങിയ നിര്‍ദേശങ്ങളും കൊണ്ട് ആ നിയമം ദുര്‍ബലപ്പെടുത്തിയ – സുപ്രീം കോടതി ഉത്തരവ് രണ്ടു വര്‍ഷത്തിനുശേഷം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് പുനഃപരിശോധിച്ച് ദലിത് പീഡനത്തിനും അതിക്രമത്തിനും വേട്ടയാടലിനുമെതിരെയുള്ള കര്‍ശന നിയമനടപടികള്‍ പുനഃസ്ഥാപിച്ചതും ശ്രദ്ധേയമായി. വിദ്യാഭ്യാസത്തിനും നിയമനങ്ങള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനുമുള്ള സംവരണാനുകൂല്യം മാത്രമല്ല, വര്‍ധിച്ചുവരുന്ന വംശീയ അതിക്രമങ്ങള്‍ക്കെതിരെയുള്ള നിയമപരമായ പ്രത്യേക പരിരക്ഷ കൂടിയാണ് പട്ടികജാതി എന്ന സംജ്ഞയിലുള്ളത്.

മതപരിവര്‍ത്തനത്തിലൂടെ പേരു മാറുന്നുവെന്നല്ലാതെ ഒരാളുടെ സാമൂഹിക പിന്നാക്കാവസ്ഥയ്‌ക്കോ ദാരിദ്യത്തിനോ ഒരു മാറ്റവുമുണ്ടാകുന്നില്ല എന്ന നിരീക്ഷണത്തോടെ തെലങ്കാന ചീഫ് ജസ്റ്റിസ് രാജേന്ദ്ര സിംഗ് ചൗഹാന്‍, തെലങ്കാന സംസ്ഥാന ക്ഷേമവകുപ്പ് ഗുരുകുലങ്ങളിലെ അഞ്ചാം ക്ലാസ് പ്രവേശനത്തിന് ദലിത് ക്രൈസ്തവരുടെ സംവരണം രണ്ടു ശതമാനമായി ഉയര്‍ത്തിയത് ചോദ്യം ചെയ്യുന്ന ഹര്‍ജി തള്ളുകയുണ്ടായി.
മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം നല്‍കുന്നതിന് മോദി ഗവണ്‍മെന്റിനെക്കാള്‍ ഉത്സാഹം കാണിക്കുന്ന കേരളത്തിലെ ഇടതുമുന്നണി ഗവണ്‍മെന്റിന് ദലിത് ക്രൈസ്തവര്‍ക്കായുള്ള പട്ടികജാതി സംവരണം കേന്ദ്രം പുനഃസ്ഥാപിക്കുന്നതിനായി കാത്തിരിക്കാതെ എന്തെല്ലാം ചെയ്യാന്‍ പറ്റുമെന്ന് ആന്ധ്രപ്രദേശിലെയും മഹാരാഷ്ട്രയിലെയും തമിഴ്‌നാട്ടിലെയും ചില നല്ല മാതൃകകള്‍ കണ്ടുപഠിക്കാവുന്നതാണ്. ചുരുങ്ങിയത്, ദലിത് ക്രൈസ്തവരെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞുകൊണ്ട് കേന്ദ്രം വര്‍ഷങ്ങള്‍ക്കു മന്‍പ് അയച്ച കത്തിന് അനുകൂല മറുപടി അയക്കണം. 1950ലെ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡറിലെ മതവിവേചന വ്യവസ്ഥ ഒഴിവാക്കണമെന്ന് കേരള നിയമസഭ പ്രമേയം പാസാക്കണം. ഉദ്യോഗതലത്തില്‍ ദലിത് ക്രൈസ്തവര്‍ക്ക് അനുവദിക്കുന്ന സംവരണം ക്ലാസ് നാലില്‍ രണ്ടു ശതമാനവും മറ്റു തസ്തികകളില്‍ ഒരു ശതമാനവുമാണ്. ഇതു കിട്ടണമെങ്കില്‍ നിയമന റൊട്ടേഷന്‍ ലിസ്റ്റില്‍ ദലിത് ക്രൈസ്തവരുടെ സ്ഥാനം 20ന് ഉള്ളിലാക്കണം; സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് നടത്തണം. ഇതിനൊന്നും കേന്ദ്ര ഇടപെടല്‍ വേണ്ട. കൊവിഡിന്റെയും അതിവര്‍ഷത്തിന്റെയും പ്രകൃതിദുരന്തത്തിന്റെയും കെടുതിയില്‍ അരക്ഷിതരായ ഈ അവശ ജനവിഭാഗത്തിന് അതിജീവനത്തിനും പുനരധിവാസത്തിനുമായി പരിവര്‍ത്തിത ക്രൈസ്തവ ശിപാര്‍ശിത വിഭാഗ വികസന കോര്‍പറേഷന്‍ വഴി കൂടുതല്‍ ഫണ്ട് അനുവദിച്ച് ക്ഷേമപദ്ധതികള്‍ നടപ്പാക്കേണ്ടത് അടിയന്തരാവശ്യമാണ്.

ദലിത് ക്രൈസ്തവര്‍ക്ക് സാമൂഹിക നീതി ഉറപ്പാക്കാന്‍ കേരളീയ രാഷ്ട്രീയവിചാരത്തില്‍ ഏതെങ്കിലും മുന്നണിപീഠികയോ പ്രതിഷ്ഠാനമോ ഇല്ലെങ്കില്‍ പോലും ക്രൈസ്തവ സാഹോദര്യത്തിന്റെ ഐക്യദാര്‍ഢ്യം വലിയൊരു പ്രത്യാശയാണ്. അതാണ് സാമൂഹിക നീതി ഞായറിന്റെ സന്ദേശവും.

 


Related Articles

റവ. ഡോ. സ്റ്റീഫന്‍ ആലത്തറ സിസിബിഐ ഡപ്യൂട്ടി സെക്രട്ടറി ജനറലായി മൂന്നാമതും നിയമിതനായി

ബംഗളുരു: റവ. ഡോ. സ്റ്റീഫന്‍ ആലത്തറ ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സിസിബിഐ) ഡപ്യൂട്ടി സെക്രട്ടറി ജനറലായി മൂന്നാമതും നിയമിതനായി. മേയ് ആദ്യവാരം നടന്ന സിസിബിഐ

ഉയരങ്ങളില്‍ പറക്കാന്‍ സഹായിക്കുക നമ്മള്‍

വിജയികളുടെ പടം കൊണ്ട് പത്രത്താളുകള്‍ നിറയുകയാണ്. ഫുള്‍ എ പ്ലസുകാര്‍. നല്ല കാര്യം. ജീവിതത്തിലും ഭാവിയിലും അവര്‍ വിജയത്തിന്റെയും നേട്ടങ്ങളുടെയും കതിരുകള്‍ ഇനിയും കൊയ്യട്ടെ. വിവിധ വിദ്യാഭ്യാസ

മെസിയെ മറികടന്ന സുനില്‍ ഛേത്രി

കാല്‍പന്തിന്റെ ആരാധകരുടെ ദൈവങ്ങളിലൊരാളായ ലയണല്‍ മെസിയെയാണ് സുനില്‍ ഛേത്രിയെന്ന കുറിയ ഇന്ത്യക്കാരന്‍ ഗോള്‍വേട്ടയില്‍ മറികടന്നത്. ലോകഫുട്‌ബോളിന്റെ പുല്‍മൈതാനത്തിന്റെ സമീപത്തേക്കു പോലും എത്തിനോക്കാന്‍ കഴിയാത്ത ഒരു രാജ്യത്തിന്റെ കപ്പിത്താന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*