Breaking News

സമാധാനത്തിന്റെ നാട് കണ്ണീര്‍ക്കടലായി

സമാധാനത്തിന്റെ നാട് കണ്ണീര്‍ക്കടലായി

ശ്രീലങ്കയിലെ കടല്‍ത്തീരത്തുള്ള മുക്കുവ നഗരം അറിയപ്പെട്ടിരുന്നത് കൊച്ചുറോമെന്നായിരുന്നു. ഇവിടെയുള്ള ക്രൈസ്തവരുടെയും ദേവാലയങ്ങളുടെയും പേരിലാണ് നെഗോംബോ കത്തോലിക്കാ സഭയുടെ പിള്ളത്തൊട്ടിലായ റോമിന്റെ ചെറുപതിപ്പായി അറിയപ്പെട്ടിരുന്നത്. 2019ലെ ഉയിര്‍പ്പുദിനത്തില്‍ ആഹഌദഭരിതരായി ഈ കൊച്ചുജനസമൂഹം തൊട്ടടുത്ത പ്രധാനപ്പെട്ട പള്ളിയായ സെന്റ് സെബാസ്റ്റ്യനിലെത്തി ദിവ്യബലി അര്‍പ്പിച്ചു. അതിനിടയിലാണ് തീരെ അപ്രതീക്ഷിതമായി സ്‌ഫോടനമുണ്ടായത്.
30 വര്‍ഷത്തോളം ആഭ്യന്തരയുദ്ധത്തിന്റെ നിഴലിലായിരുന്ന ശ്രീലങ്കയില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടിട്ട് ഏതാനും വര്‍ഷങ്ങളേ ആയുള്ളു. ഏകദേശം ഒരു ലക്ഷത്തോളം പേരാണ് ലങ്കയിലെ വംശീയ കലാപത്തില്‍ കൊല്ലപ്പെട്ടത്. ശ്രീലങ്കയാകെ പരസ്പരം കൊല്ലുകയും വെല്ലുവിളിക്കുകയും ചെയ്തിരുന്ന ആ ഘട്ടത്തില്‍പോലും നെഗോംബോ സമാധാനനഗരമായി തുടര്‍ന്നിരുന്നു. പിന്നീട് ബുദ്ധരും മുസ്ലീങ്ങളും തമ്മില്‍ വര്‍ഗീയ ലഹളകളുണ്ടായി. ഇത്തരം വംശീയ-വര്‍ഗീയ കലഹങ്ങളുടെ ഒരു മുറിപ്പാടു പോലും ഉണ്ടാകാതിരുന്ന നെഗോംബോ ഇന്ന് കണ്ണീര്‍ക്കയത്തിലായി. സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍ കുറഞ്ഞത് 110 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് അധികൃതരുടെ നിഗമനം. ടൂറിസ്റ്റുകള്‍ സന്ദര്‍ശിക്കുന്ന പള്ളിയായതിനാല്‍ മരിച്ചവരുടെ എണ്ണം ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല.
പള്ളിക്കു സമീപമുള്ള പല വീടുകളും ഒഴിഞ്ഞുകിടക്കുകയാണ്. ചില വീടുകളിലെ അംഗങ്ങളെല്ലാം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ മറ്റു ചില വീടുകളിലെ പലരും കൊല്ലപ്പെടുകയോ ചിലര്‍ക്ക് സാരമായി പരിക്കുപറ്റുകയോ ചെയ്തു.
40000 വരുന്ന ജനസംഖ്യയാണ് നെഗോംബോയിലുള്ളത്. കത്തോലിക്കാ ചിഹ്നങ്ങള്‍ നഗരത്തിലെമ്പാടും കാണാം. ഡസണ്‍ കണക്കിന് പള്ളികളും നൂറുകണക്കിന് കപ്പേളകളും ഇവിടെ ഉണ്ട്. ശ്രീലങ്കയില്‍ മൊത്തം 6 ശതമാനമാണ് റോമന്‍ കത്തോലിക്കരുടെ എണ്ണമെങ്കില്‍ നെഗോംബോയില്‍ 65 ശതമാനവും റോമന്‍കത്തോലിക്കരാണ്. ഭൂരിപക്ഷവും കത്തോലിക്കരാണെങ്കിലും മതസൗഹാര്‍ദത്തിന് രാജ്യത്തെ ഒന്നാന്തരം മാതൃക. ബുദ്ധരുടെ പ്രശസ്ത തീര്‍ഥാടനകേന്ദ്രമായ അംഗരുകരമുള്ള ക്ഷേത്രവും മുസ്ലീംപള്ളിയും ഹിന്ദുക്ഷേത്രവും ഇവിടെയുണ്ട്. രാമ-രാവണ യുദ്ധക്കാലത്ത് രാമന്‍ ഈ മേഖലയിലെത്തിയിരുന്നതായാണ് വിശ്വാസം.
നെഗോംബോയിലെ ഒരു ക്രൈസ്തവ ദേവാലയത്തില്‍ ബോംബ് സ്‌ഫോടനമുണ്ടായെന്ന വാര്‍ത്ത അതുകൊണ്ടു തന്നെ പലര്‍ക്കും അവിശ്വനീയമായിരുന്നു. സഹനത്തിന്റെ മാതൃകകളായ നെഗോംബോയിലെ കത്തോലിക്കര്‍ക്കു നേരെ ഇത്തരമൊരു ക്രൂരപ്രവൃത്തി ചെയ്യാന്‍ ആര്‍ക്കാണ് മനസുവരികയെന്നാണ് എല്ലാവരും ചോദിക്കുന്നത്. അതേസമയം പൊതുസ്ഥലങ്ങളില്‍ സ്‌ഫോടനങ്ങള്‍ പതിവായിരുന്ന ഒരു കാലത്തിന്റെ പേടിപ്പെടുത്തുന്ന സ്മരണയിലേക്കാണ് ലങ്കന്‍ നിവാസികളെ പുതിയ ആക്രമണങ്ങള്‍ കൊണ്ടുപോകുന്നത്. അക്കാലങ്ങളില്‍ പൊതു ഇടങ്ങളിലും, ബസിലും ട്രെയിനിലും സ്‌ഫോടനങ്ങള്‍ നിത്യസംഭവങ്ങളായിരുന്നു.
ശ്രീലങ്കയില്‍ 300 പേരുടെ ജീവന്‍ കവര്‍ന്ന ബോംബ് സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്‌ഐഎസ്) കൈകളുണ്ടെന്ന സംശയം ബലപ്പെടുകയാണ്. സ്‌ഫോടനങ്ങള്‍ക്കു ശേഷം ചില ഐഎസ്‌ഐഎസ് അനുകൂല ടെലഗ്രാം ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളാണ് സംശയത്തിനാധാരം. മൂന്നു പേരുടെ ചിത്രങ്ങളാണ് ഇതിലുണ്ടായിരുന്നത്. ശ്രീലങ്കയിലെ മനുഷ്യബോംബ് സ്‌ഫോടനങ്ങള്‍ നടത്തിയത് ഇവരായാരിക്കാമെന്ന് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്. കഴിഞ്ഞ മാസം ന്യൂസിലാന്‍ഡിലെ മുസ്ലീം ആരാധനാലയങ്ങളില്‍ ആയുധധാരിയായ അക്രമി 50 പേരെ വെടിവെച്ചു കൊന്നിരുന്നു. ഇതിന് പ്രതികാരം ചെയ്യുമെന്ന് ഐഎസ്‌ഐഎസ് വക്താവായ അബു ഹസന്‍ അല്‍-മുജാഹിര്‍ പ്രഖ്യാപിച്ചിരുന്നു. ന്യൂസിലാന്‍ഡ് സംഭവവുമായി ശ്രീലങ്കയിലെ സ്‌ഫോടനങ്ങള്‍ക്ക് ബന്ധമുണ്ടോയെന്നാണ് അന്വേഷിച്ചു വരുന്നത്. ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ തൗഹീദ് ജമാ അത്തെ (എന്‍ടിഐ) എന്ന സംഘടനയ്ക്ക് ഐഎസ്‌ഐഎസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ബുദ്ധമതവിശ്വാസികളുമായി നിരന്തരം സംഘര്‍ഷത്തിലുള്ള സംഘടനയാണ് എന്‍ടിഐ. രാജ്യം മുഴുവന്‍ ഒരേ ദിവസം അക്രമം നടത്താന്‍ ഐഎസ്‌ഐഎസിനു കഴിഞ്ഞത് ഈ പ്രാദേശിക സംഘത്തിന്റെ സഹായത്തോടെയാണെന്നും സംശയിക്കപ്പെടുന്നു.
പാക്കിസ്ഥാനില്‍ വേരുകളുളള എന്‍ടിഐയെക്കുറിച്ച് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ശ്രീലങ്കന്‍ സര്‍ക്കാരിന് പല തവണ മുന്നറിയിപ്പ് നല്കിയിരുന്നു. സിറിയ, അഫ്ഘാനിസ്ഥാന്‍, മ്യാന്‍മാര്‍, സോമാലിയ എന്നീ രാജ്യങ്ങളിലും ഇവരുടെ സാന്നിധ്യമുണ്ട്. ലങ്കയില്‍ 2004ലാണ് ഇവരുടെ പ്രവര്‍ത്തനം ആരംഭിച്ചതെന്നാണ് കരുതുന്നത്. സുനാമി ദുരിതാശ്വാസത്തിന്റെ പേരില്‍ ശ്രീലങ്കയിലും മാള്‍ഡീവ്‌സിലും ഈ സംഘടന ദുരിതാശ്വാസ ഫണ്ട് നല്കിയിരുന്നു. അല്‍ ക്വയ്ദ എന്ന ഭീകരസംഘടനയുമായി അടുത്ത ബന്ധമാണ് എന്‍ടിഐക്കുണ്ടായിരുന്നത്. ലങ്കയിലെ മുസ്ലീം യുവാക്കളെ ജിഹാദി പ്രസ്ഥാനങ്ങളിലേക്ക് ഈ സംഘടന റിക്രൂട്ട് ചെയ്തിരുന്നു. പാക്കിസ്ഥാനിലായിരുന്നു ഇവര്‍ക്ക് പരിശീലനം നല്കിയിരുന്നത്. തമിഴ്‌നാട്ടിലും ഈ സംഘടന പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ ഞെട്ടിക്കുന്ന കണ്ടെത്തല്‍.


Tags assigned to this article:
sri lankaterrorist attak

Related Articles

മിക്കി മൗസ്‌ നവതിയിലേക്ക്: കളി എലിയോടോ?

  കളിയായി ഒരാളുടെ തലക്കിട്ട് കിഴുക്കിയാല്‍ അധികൃതര്‍ ഇടപെടണമെന്നില്ല, കുറ്റവാളിയെ ശിക്ഷിക്കണമെന്നുമില്ല. പക്ഷേ ഒരു കാര്‍ട്ടൂണ്‍ കഥാപാത്രത്തിനോട് കളിച്ചാല്‍ കളിമാറിയെന്നിരിക്കും. ആരോപണവിധേയനായവനെ പടിയടച്ച് പിണ്ഡം വച്ചുകളയും. കഴിഞ്ഞ

BCC CONVENTION HIGHLIGHT

Lorem ipsum dolor sit amet, at nullam audire intellegebat vix. Has at iusto lobortis, qui nisl debet delectus scaevola facilisi

കോടതിയോടുള്ള വെല്ലുവിളിയെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: നിര്‍ബന്ധിതമായി ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ നീക്കം സ്റ്റേ ചെയ്ത ഹൈക്കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള മന്ത്രിസഭാ തീരുമാനം കോടതിയോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*