സമുദായത്തിന്റെ അധികാരവല്‍ക്കരണവും സംവരണവ്യവസ്ഥകളും

സമുദായത്തിന്റെ അധികാരവല്‍ക്കരണവും സംവരണവ്യവസ്ഥകളും

2017 നവംബര്‍ 15നു ദേവസ്വം ബോര്‍ഡിലെ നിയമനത്തില്‍ മുന്നോക്ക സമുദായക്കാര്‍ക്ക്‌ 10% സംവരണം ഏര്‍പ്പെടുത്തിയതും, കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വീസില്‍ (കെഎഎസ്‌) നിലവിലെ സംവരണ തത്വങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയതുമാണ്‌ സംവരണം വീണ്ടും ചര്‍ച്ച ചെയ്യപ്പെടാനുള്ള പശ്ചാത്തലമൊരുക്കിയിരിക്കുന്നത്‌.

കേരള പശ്ചാത്തലം

സാമൂഹിക അധികാര ഘടനകളില്‍ എല്ലാവര്‍ക്കും ആനുപാതികമായ പങ്കാളിത്വം കരഗതമാകുവാന്‍ സംഘടിതവും ശക്തവുമായ ഇടപെടലുകള്‍ അനിവാര്യമാണ്‌. ചരിത്രപരമായ നഷ്ടപരിഹാരം എന്നാണു സംവരണ വ്യവസ്ഥകളെ ഡോ. ബി. ആര്‍. അംബേദ്‌കര്‍ ഭരണഘടനാ നിര്‍മാണ അസംബ്ലി സമ്മേളനത്തിലെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ വിശേഷിപ്പിച്ചത്‌. മിഷണറിമാരുടെ നേതൃത്വത്തില്‍ സമാരംഭിച്ച സാര്‍വ്വത്രിക വിദ്യാഭ്യാസം വഴി സമൂഹത്തിലെ കീഴാളരുടെ ഇടയില്‍ പുതിയൊരു സമത്വാവകാശബോധം രൂഢമൂലമാകുകയുണ്ടായി എന്ന വസ്‌തുതയും കണക്കിലെടുക്കേണ്ടതാണ്‌.
മനുഷ്യരെല്ലാവരും തുല്യരാണെന്നും ദൈവത്തിന്റെ മക്കളാണെന്നും ഉള്ള സുവിശേഷ ദര്‍ശനം വിദ്യാഭ്യാസത്തിലൂടെ പ്രബുദ്ധരായവര്‍ക്ക്‌ ലഭിച്ചു. അധികാരത്തിലുള്ള പങ്കാളിത്തത്തിനായി പ്രബുദ്ധ സമൂഹം ശബ്ദം ഉയര്‍ത്താന്‍ ആരംഭിച്ചു.
രാഷ്ട്രീയ അധികാര പങ്കാളിത്വത്തിനുള്ള മുന്നേറ്റങ്ങളായിരുന്നു മലയാളി മെമ്മോറിയലും, ഈഴവ മെമ്മോറിയലും. 1932 മുതല്‍ 1935 വരെ നടന്ന നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഫലമായി നിയമനിര്‍മാണ സഭയിലും സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും പിന്നാക്ക വിഭാഗങ്ങള്‍ക്ക്‌ സംവരണം ലഭിച്ചു. 1935 ജൂണ്‍ 25 നു തിരുവിതാംകൂറില്‍ ഡോ. ജി. ഡി നോക്‌സിന്റെ നേതൃത്വത്തില്‍ പിഎസ്‌സി രൂപീകരിച്ചു. 1938 ജൂണ്‍ 14നു സംവരണ നിയമവും, 1940 മാര്‍ച്ച്‌ 4നു തിരുവിതാംകൂര്‍ പബ്ലിക്‌ സര്‍വീസസ്‌ റിക്രൂട്ട്‌മെന്റ്‌ റൂള്‍സും, 1949 ജൂലൈ 1 മുതല്‍ തിരുക്കൊച്ചി പിഎസ്‌സിയും നിലവില്‍ വന്നു.

ലത്തീന്‍ കത്തോലിക്കരും സംവരണവും

രാഷ്ട്രീയാധികാരത്തിലുള്ള പങ്കാളിത്തത്തിനായി ലത്തീന്‍ കത്തോലിക്കരുടെ ശ്രമങ്ങള്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യദശകം മുതല്‍ ആരംഭിക്കുന്നുണ്ട്‌. പള്ളിത്തോട്‌ നസ്രാണി സമാജം (1891), അര്‍ത്തുങ്കല്‍ നസ്രാണി ഭൂഷണം സമാജം(1903),കൊല്ലം ലത്തീന്‍ കത്തോലിക്കാ മഹാജന സഭ (1904), വരാപ്പുഴ കാത്തലിക്‌ അസോസിയേഷന്‍(1914) തുടങ്ങിയവ സംഘടനാ തലത്തില്‍ ശക്തമായി പ്രവര്‍ത്തിച്ചു.
1930കളില്‍ ആണു തിരുവിതാംകൂറിലും കൊച്ചിയിലും ഇതിനു ക്രോഡീകരണം ഉണ്ടായത്‌. 1931 ഏപ്രില്‍ 7നു കൊച്ചിന്‍ സ്‌റേറ്റ്‌ ലാറ്റിന്‍ ക്രിസ്‌ത്യന്‍ കോണ്‍ഫ്രറന്‍സ്‌ (പിന്നീട്‌ കോണ്‍ഗ്രസ്‌) പ്രൊഫ. എല്‍. എം പൈലിയുടെ അദ്ധ്യക്ഷതയില്‍ രൂപീകരിക്കപ്പെട്ടു. 1931 ആഗസ്റ്റ്‌/സെപ്‌തംബറില്‍ കൊല്ലം കേന്ദ്രീകരിച്ച്‌ തിരുവിതാംകൂര്‍ ലത്തീന്‍ കത്തോലിക്കാ മഹാജനസഭ റാഫേല്‍ റോഡ്രിഗ്‌സിന്റെ അദ്ധ്യക്ഷതയില്‍ രൂപീകരിച്ചു.

ഉദ്യോഗസംവരണത്തിന്റെ നാള്‍വഴി

1936 മുതല്‍ സംവരണം ലഭിച്ചുതുടങ്ങി. 1940 മുതല്‍ 51 നിയമനങ്ങളില്‍ 4 ലത്തീന്‍ കത്തോലിക്കരുടെ പ്രാതിനിധ്യം ഉണ്ടായിരുന്നു. 1952 സെപ്‌തംബര്‍ 17നു തിരുക്കൊച്ചി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവനുസരിച്ച്‌ 1% ആംഗ്ലോ ഇന്ത്യന്‍ സംവരണം ഉള്‍പ്പടെ 7% സംവരണം ലത്തീന്‍ കത്തോലിക്കര്‍ക്ക്‌. ലഭ്യമായി.1963 മേയ്‌ 31നു ലത്തീന്‍ കത്തോലിക്കരുടെ സംവരണം 4% ആക്കി എഐയും എസ്‌ഐയുസിയും ഒറ്റ ഗ്രൂപ്പ്‌ ആയി 1% സംവരണം തുടര്‍ന്നു.
1971ല്‍ സംവരണാടിസ്ഥാനത്തില്‍ 82 എസ്‌ഐയുസികാര്‍ക്ക്‌ നിയമനം ലഭിച്ചപ്പോള്‍ 19 ആംഗ്ലോ ഇന്ത്യന്‍ വിഭാഗക്കാര്‍ക്ക്‌ മാത്രമേ നിയമനം ലഭിച്ചുളളൂ. ഇപ്പോള്‍ ലത്തീന്‍ ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങളെ ഒറ്റ ഗ്രൂപ്പ്‌ ആക്കി 4% സംവരണമാണ്‌ ഉള്ളത്‌.
1970 നവംബര്‍ 30ന്‌ സമര്‍പ്പിക്കപ്പെട്ട നെട്ടൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ലത്തീന്‍ കത്തോലിക്കരുടെ സംവരണം ലാസ്റ്റ്‌ ഗ്രേഡില്‍ 2% ആയും മറ്റു തസ്‌തികകളില്‍ 3% ആയും കുറക്കാന്‍ ശുപാര്‍ശ ഉണ്ടായി. ആംഗ്ലോ ഇന്ത്യന്‍ സംവരണം ലാസ്റ്റ്‌ ഗ്രേഡില്‍ മാത്രം 2%.
നെട്ടൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ ലത്തീന്‍ സമുദായം ഒറ്റക്കെട്ടായി അണിനിരന്നു. കെഎല്‍സിഎയുടെ രൂപീകരണത്തിനുള്ള വഴിവച്ചു. നെട്ടൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ ലത്തീന്‍ വിഭാഗത്തിനു മാത്രം നടപ്പിലാക്കിയില്ല. 1980 ഡിസംബറിലാണ്‌ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പുറത്തുവരുന്നത്‌.1990 ആഗസ്റ്റ്‌ 13ന്‌ വി. പി. സിംഗ്‌ സര്‍ക്കാര്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കി. 27% ആയിരുന്നു ഉദ്യോഗ സംവരണം. റിപ്പോര്‍ട്ടിനെതിരെ രാജ്യത്തെങ്ങും പ്രക്ഷോഭങ്ങള്‍ നടന്നു.
1993 മാര്‍ച്ച്‌ 16 മുതല്‍ ക്രീമിലെയര്‍ പിന്നാക്ക സംവരണം നിലവില്‍ വന്നു. 1999 ഡിസംബര്‍ 13ലെ സുപ്രീംകോടതി വിധിയനുസരിച്ച്‌ ക്രീമിലെയറിനെ ഒഴിവാക്കിയുള്ള സംവരണം 2000 ഫെബ്രുവരി 16 മുതല്‍ കേരളത്തില്‍ നടപ്പിലാക്കിവരുന്നു.
സ്വാതന്ത്ര്യ പ്രാപ്‌തിക്കുശേഷം പിന്നാക്ക വിഭാഗങ്ങള്‍ക്ക്‌ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തില്‍ 35% സംവരണം ഉണ്ടായിരുന്നു. 1966 മെയ്‌ 2നു സര്‍ക്കാര്‍ കുമാരപ്പിള്ള റിപ്പോര്‍ട്ട്‌ നടപ്പാക്കി ഉത്തരവിറക്കി. അതുവഴി വിദ്യാഭ്യാസ സംവരണം 35% ത്തില്‍ നിന്നും 25% ആയി കുറച്ചു. സംവരണത്തിനു സാമ്പത്തിക മാനദണ്ഡം ഏര്‍പ്പെടുത്തി. ലത്തീന്‍ കത്തോലിക്കരുടെ സംവരണം 2% ആയി കുറച്ചു. ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനു സംവരണം പൂര്‍ണമായി നിഷേധിക്കുകയും ചെയ്‌തു.
2006 ഫെബ്രുവരി 27 മുതല്‍ ഡിഗ്രി, പി. ജി കോഴ്‌സുകളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക്‌ 20% സംവരണം അനുവദിച്ചു. എല്‍സി/എസ്‌ഐയുസി ഒറ്റ ഗ്രൂപ്പ്‌ ആക്കി 1% സംവരണം. 2008 ഏപ്രില്‍ 10 നു കേന്ദ്ര വിദ്യാഭ്യാസ സംവരണം 27% നിലവില്‍ വന്നു
2014 മേയ്‌ 23ന്‌ ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ്‌ പ്രകാരം പ്രൊഫഷണല്‍ കോളജുകളിലും, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും, വിഎച്ച്‌എസ്‌കളിലും ലത്തീന്‍ കത്തോലിക്കര്‍ക്ക്‌ 3% സംവരണം ലഭിച്ചു. ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തെ കൂടി ലത്തീന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണത്തിനു യോഗ്യരാക്കി. 1966 മുതല്‍ ഇവര്‍ക്ക്‌ വിദ്യാഭ്യാസ സംവരണം നിഷേധിക്കപ്പെട്ടിരുന്നു.
1931-32 കാലത്ത്‌ തിരുവിതാകൂറിലും കൊച്ചിയിലും നടത്തിയ മുന്നേറ്റങ്ങളും, 1972 ല്‍ നെട്ടൂര്‍ കമ്മീഷനെതിരെ നടത്തിയ സമരങ്ങളും, 2003-04 കാലത്ത്‌ നരേന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശയ്‌ക്കനുസരിച്ച്‌ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിനുള്ള സമരങ്ങളും, 2014 ല്‍ നടത്തിയ ജനജാഗ്രതാ ജാഥയും സംവരണത്തിനായി ലത്തീന്‍ കത്തോലിക്കര്‍ നടത്തിയ പോരാട്ടങ്ങളില്‍ പ്രധാനമാണ്‌.
വിദ്യാഭ്യാസ മത്സര പരീക്ഷകളിലും പിഎസ്‌സി പരീക്ഷകളിലും നാം എന്തുകൊണ്ട്‌ പിന്നിലായെന്ന്‌ ചിന്തിക്കേണ്ടതുണ്ട്‌. അധികാര പങ്കാളിത്ത അവബോധവുമായി ബന്ധപ്പെട്ടാണ്‌ മത്സരപരീക്ഷകളുടെ സ്ഥാനം. കേരള പശ്ചാത്തലത്തില്‍ വിവിധ ജനവിഭാഗങ്ങള്‍ അധികാര പങ്കാളിത്തം നേടിയത്‌ സമുദായവല്‍ക്കരണത്തിലൂടെയാണ്‌.
ലത്തീന്‍ കത്തോലിക്കര്‍ ഇന്നും ഒരു പൂര്‍ണ്ണസമുദായം ആയി മാറിയിട്ടില്ല. ഒരു വിശ്വാസ സമൂഹം മാത്രമായി നിലനില്‍ക്കുന്നു.സമുദായാംഗങ്ങളുടെ `അവശിഷ്ട ഊര്‍ജ്ജം’ ആചാരങ്ങള്‍ക്കും അനുഷ്‌ഠാനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ആയി മാത്രം ചെലവഴിക്കപ്പെടുന്നുണ്ടോയെന്ന്‌ പരിശോധിക്കണം.
സമുദായവല്‍ക്കരണത്തിലൂടെ അധികാരവല്‍ക്കരണ പ്രക്രിയയ്‌ക്ക്‌ വിധേയമാകാന്‍ ലത്തീന്‍ ജനത ഒന്നടങ്കം തയ്യാറായെങ്കില്‍ മാത്രമേ മുന്നോട്ടുകുതിക്കാന്‍ സാദ്ധ്യമാകൂ. സമുദായ നേതൃത്വത്തിന്‍ കീഴില്‍ ആത്മാവബോധത്തോടെ സുസംഘടിതമായി മുന്നേറണം. ഇതിനു വിശ്വാസം ചാലക ശക്തിയായി മാറണം.

-ജോയി ഗോതുരുത്ത്


Related Articles

ഫാ ജോമോന് നല്ല സമരിയാക്കാരൻ്റെ മുഖം

മഹാമാരിയുടെ കാലത്ത് മാനവികതയുടെ കാവൽ മാലാഖകൾ ഈ നാടിനായ് മുന്നിട്ടിറങ്ങുമ്പോൾ ഈ പ്രതിസന്ധിയും നാം അതിജീവിക്കും. മനുഷ്യ സേവനമാണ് ദൈവിക സ്നേഹത്തിലെക്കുള്ള യഥാർത്ഥ വഴിയെന്ന് കാണിച്ചു തരികയാണ്‌

വിജയപുരം രൂപത പ്രാർഥനാദിനം ആചരിച്ചു

മൂന്നാർ: പെട്ടിമുടിയിൽ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി വിജയപുരം രൂപത പ്രാർഥനാദിനം ആചരിച്ചു. രൂപതാധ്യക്ഷൻ റൈറ്റ്.റവ.ഡോ.സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ, മൂന്നാർ മൗണ്ട് കാർമൽ ഇടവകയുടെ സ്റ്റേഷൻ പള്ളിയായ രാജമല സെൻ്റ്.തെരേസാസ് ദേവാലയത്തിൽ

ആന്ധ്രാപ്രദേശില്‍ ദുരൂഹ രോഗം

അമരാവതി: ആന്ധ്രാപ്രദേശിലെ എലൂരുവില്‍ ദുരൂഹ രോഗം കണ്ടെത്തി.ഒരാള്‍ മരിച്ചു,292 ഓളം പേര്‍ രോഗബാധിതരായി.ഓക്കാനം,അപസ്മാരം എന്നിവയുടെ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 45 കാരനാണ് മരിച്ചത്. രോഗകാരണം എന്താണെന്ന് ഇതുവരെ