സമുദായ ശാക്തീകരണത്തിന്റെ വഴികാട്ടി

സമുദായ ശാക്തീകരണത്തിന്റെ വഴികാട്ടി


അനീതിയുടെ ചരിത്രത്തെയും അവശതകളുടെ വര്‍ത്തമാനത്തെയും പ്രതിരോധിക്കാനുള്ള സ്വത്വബോധം സൃഷ്ടിക്കാനും അവകാശപ്പോരാട്ടങ്ങള്‍ നയിക്കാനും കേരളത്തിലെ ലത്തീന്‍ കത്തോലിക്കരെയും പിന്നാക്ക വിഭാഗങ്ങളെയും സ്‌നാനപ്പെടുത്തിയ വിമോചന നായകരില്‍ ധിഷണയുടെ ഉല്‍ഫുല്ലമായ ചൈതന്യം കൊണ്ട് ഒരു ഐതിഹാസിക കാലഘട്ടത്തെ വേറിട്ട് അടയാളപ്പെടുത്തുന്നതാണ് ഡോ. ഇ.പി. ആന്റണിയുടെ 93 വര്‍ഷം നീണ്ട ധന്യജീവിതം.
എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ്, 15-ാം വയസില്‍, 1942 ഓഗസ്റ്റ് ഒന്‍പതാം തീയതി ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് കൊച്ചി സംസ്ഥാനത്തെ ആദ്യത്തെ ലാത്തിച്ചാര്‍ജിന് ഇ.പി. ആന്റണി ഇരയായത്. അന്ന് ആസാദ് മൈതാനത്തേക്കു ജാഥ നടത്തിയ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്നു പുറത്താക്കണമെന്നും അവര്‍ സംസ്ഥാനം വിട്ടുപോകണമെന്നുമാണ് പൊലീസ് ഇന്‍സ്‌പെക്ടര്‍ നിര്‍ദേശിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നാത്‌സി ജര്‍മനിക്കെതിരെ പോരാടുന്ന ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാന്‍ ഗാന്ധിജി ആഹ്വാനം നല്‍കിയിരുന്നു. സ്‌കൂളില്‍ നിന്നു ഡിസ്മിസ് ചെയ്ത മുതിര്‍ന്ന വിദ്യാര്‍ഥികളെല്ലാം ശിക്ഷ ഒഴിവാക്കുന്നതിന് സൈന്യത്തില്‍ ചേര്‍ന്നു. പ്രായം പരിഗണിച്ച്, എസ്എസ്എല്‍സി കഴിയുംവരെ സ്‌കൂളില്‍ തുടരാന്‍ പ്രത്യേക അനുമതി ലഭിച്ച ആന്റണി പരീക്ഷ എഴുതിക്കഴിഞ്ഞ ദിവസം, 17 തികയാന്‍ മൂന്നു ദിവസം ബാക്കിനില്‍ക്കെ, റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ചേര്‍ന്നു നാടുവിട്ടു.
മഹാരാഷ്ട്രയിലെ പുനെ വ്യോമസേനാകേന്ദ്രത്തില്‍ കഴിയുന്ന കാലത്ത് പുനെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തിലും രാഷ്ട്രീയമീമാംസയിലുമായി രണ്ട് എംഎ ബിരുദം നേടി. ബ്രിട്ടീഷ് കാലത്ത് റേഡിയോ ഓഫീസറായി തുടങ്ങി ഹെവി ബോംബര്‍, ജനറല്‍ റിക്കോണൈസന്‍സ്, മാരിറ്റൈം റിക്കോണൈസന്‍സ്, ട്രാന്‍സ്‌പോര്‍ട്ട്, ടാര്‍ഗെറ്റ് ടൂറിങ് എന്നിങ്ങനെ വിവിധ വൈമാനിക ദൗത്യങ്ങളില്‍ 3,000 മണിക്കൂര്‍ പറക്കുകയും ഗോവയുടെ വിമോചനത്തിലും ചൈനായുദ്ധത്തിലും പങ്കെടുക്കുകയും ചെയ്തു. എയര്‍ഫോഴ്‌സില്‍ 20 വര്‍ഷത്തെ സേവനത്തിനുശേഷം പുനെ കന്റോണ്‍മെന്റിലെ സെന്റ് വിന്‍സന്റ് ഹൈസ്‌കൂളില്‍ ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ് അധ്യാപകനായി. അപ്പോഴേക്കും പുനെ വിമാനത്താവളത്തിനു സമീപം ലോഹ്ഗാവില്‍ എയര്‍ഫോഴ്‌സ് സ്‌റ്റേഷനിലെ കത്തോലിക്കാ സമൂഹത്തിന്റെ അല്മായ നേതാവായി ആന്റണി മാറിയിരുന്നു. അവിടെ കാത്തലിക് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റായ ആന്റണിയുടെ പേരില്‍ ഗുരുദ്വാരാ കോളനിയില്‍ വാങ്ങിയ 50 സെന്റ് സ്ഥലത്താണ് ഹോളി ഫാമിലി ചാപ്പല്‍ എന്ന പള്ളി നിര്‍മിച്ചത്.
വരാപ്പുഴ അതിരൂപതയില്‍ കാത്തലിക് അസോസിയേഷന്‍ പുനരുദ്ധീകരണത്തിന് നേതൃത്വം നല്‍കാന്‍ രംഗത്തിറങ്ങുമ്പോള്‍ ആന്റണി കളമശേരി സെന്റ് പോള്‍സ് കോളജില്‍ അധ്യാപകനായിരുന്നു – ചരിത്രവും പൊളിറ്റിക്കല്‍ സയന്‍സും സോഷ്യല്‍ സ്റ്റഡീസും എത്തിക്‌സും പഠിപ്പിച്ച വകുപ്പുമേധാവി. തദ്ദേശീയ സഭാമേലധ്യക്ഷനുവേണ്ടി പരിശുദ്ധ സിംഹാസനത്തിനു മെമ്മോറിയല്‍ സമര്‍പ്പിച്ച പഴയ അല്മായ സംഘടന പിന്നീട് നിര്‍ജീവമായെങ്കിലും വരാപ്പുഴ ആര്‍ച്ച്ഡയൊസിസന്‍ ക്ലബ്ബും ജനസഹായം കമ്പനിയും രാഷ്ട്രീയ, സാമൂഹിക രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. കേരളടൈംസ് പത്രത്തിന്റെ ഓഫിസില്‍ മാനേജിങ് എഡിറ്റര്‍ ഫാ. ജോര്‍ജ് വെളിപ്പറമ്പിലിന്റെ സാന്നിധ്യത്തില്‍ 1967 ഒക്‌ടോബറില്‍ ചേര്‍ന്ന യോഗത്തിലാണ് കാത്തലിക് അസോസിയേഷന്‍ പുനഃസംഘടിപ്പിക്കാന്‍ ആന്റണിയെ കണ്‍വീനറായി ചുമതലപ്പെടുത്തിയത്. 1967 ഡിസംബര്‍ 12ന് വരാപ്പുഴ അതിമെത്രാസനമന്ദിരത്തിലെ പെറ്റി സെമിനാരി ഹാളില്‍ ദൈവദാസന്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ അധ്യക്ഷതയില്‍ 32 ഇടവകകളില്‍ നിന്നുള്ള അല്മായ പ്രതിനിധികളുടെയും വൈദികരുടെയും യോഗം ചേര്‍ന്ന് ജെ.ഡി. വേലിയാത്തിന്റെയും ഇ.പി. ആന്റണിയുടെയും നേതൃത്വത്തിലുള്ള പുതിയ സംഘടനയ്ക്ക് ശക്തിപകര്‍ന്നു.
ദേശീയ സംഘടനയായ കാത്തലിക് യൂണിയന്‍ ഓഫ് ഇന്ത്യയില്‍ അഫിലിയേറ്റ് ചെയ്ത കാത്തലിക് അസോസിയേഷന്‍ വിദ്യാഭ്യാസ മേഖലയ്ക്കാണ് പ്രഥമ പരിഗണന നല്‍കിയത്. വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ വായ്പയായി നല്‍കുന്നതിന് ബുക്ക് ബാങ്ക്, കോച്ചിങ് ക്ലാസുകള്‍, സ്‌കോളര്‍ഷിപ്പിനായി എന്‍ഡോവ്‌മെന്റ് എന്നിങ്ങനെ വിവിധ പദ്ധതികള്‍ തുടങ്ങി. കാത്തലിക് യൂണിയന്‍ ഓഫ് ഇന്ത്യ ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്ന നിലയില്‍ കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, വിജയപുരം രൂപതകളില്‍ മാത്രമല്ല കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും അല്മായ അസോസിയേഷനുകള്‍ തുടങ്ങുന്നതിന് ആന്റണി മാര്‍ഗദര്‍ശിയായി.
നെട്ടൂര്‍ ദാമോദരന്‍ ചെയര്‍മാനായ പിന്നാക്ക സമുദായ സംവരണ കമ്മീഷന്‍ 1971ല്‍ ലത്തീന്‍ കത്തോലിക്കരുടെ സംവരണ ശതമാനം വെട്ടിക്കുറച്ചപ്പോള്‍ ആലപ്പുഴയില്‍ അവകാശ സംരക്ഷണ സമിതി നയിച്ച പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് 1972 മാര്‍ച്ചില്‍ കെ.ജെ. ബെര്‍ളി പ്രസിഡന്റും ഇ.പി. ആന്റണി ജനറല്‍ സെക്രട്ടറിയും ഫാ. ജോര്‍ജ് വെളിപ്പറമ്പില്‍ ആധ്യാത്മിക ഉപദേഷ്ടാവുമായി കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ എന്ന സംസ്ഥാനതല സംഘടന ജന്മമെടുക്കുന്നത്. അല്മായ സംഘടനാ ശാക്തീകരണത്തിന് കേരളത്തിലെ എല്ലാ ഇടവകകളും സന്ദര്‍ശിച്ച് യോഗങ്ങളും പഠനക്കളരികളും നയിച്ച ആദ്യ നേതാവ് ഡോ. ഇ.പി. ആന്റണിയാകണം.
സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെ 1972ല്‍ കേരളത്തിലെ ന്യൂനപക്ഷ കോളജുകളെ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നീക്കമുണ്ടായി. ന്യൂനപക്ഷാവകാശ സംരക്ഷണത്തിനായി കേരളത്തിലെ ക്രൈസ്തവസമൂഹം ഒന്നടങ്കം പ്രക്ഷോഭത്തിനിറങ്ങി. നായര്‍ സര്‍വീസ് സൊസൈറ്റിയും ഒപ്പം ചേര്‍ന്നു. സ്വകാര്യ കോളജുകളെല്ലാം മൂന്നു മാസത്തേക്ക് അടഞ്ഞുകിടന്നു. കേരള മന്ത്രിസഭയുമായി ആഴ്ചകള്‍ നീണ്ട സംഭാഷണത്തിന് ചുമതലപ്പെടുത്തിയ ഒന്‍പതംഗ കമ്മിറ്റിയില്‍ ഡോ. ഇ.പി. ആന്റണി അംഗമായിരുന്നു. ഡല്‍ഹിയില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി ചര്‍ച്ചയ്ക്കു നിയോഗിക്കപ്പെട്ടത് എന്‍എസ്എസ് പ്രസിഡന്റ് കളത്തില്‍ വേലായുധന്‍ നായരും, സ്വകാര്യ കോളജ് മാനേജര്‍മാരുടെ സംഘടനാ സെക്രട്ടറി ഫാ. ജോണ്‍ വള്ളമറ്റവും, ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിച്ച് ഡോ. ഇ.പി. ആന്റണിയുമാണ്. നിര്‍ണായകമായ ചര്‍ച്ചയ്ക്കിടെ ഇന്ദിരാഗാന്ധി തുടര്‍ച്ചയായി കോട്ടുവായിടുന്നതുകണ്ട് ആന്റണി പ്രധാനമന്ത്രിയോടു പറഞ്ഞു: ‘മാഡം ഏഴാം തവണയാണ് കോട്ടുവായിടുന്നത്. ഞങ്ങള്‍ പറയുന്നതു കേള്‍ക്കാന്‍ പ്രധാനമന്ത്രിക്കു താല്പര്യമില്ലെങ്കില്‍ ഞങ്ങള്‍ തിരിച്ചുപോയേക്കാം.’
‘ക്ഷമിക്കണം, മിസ്റ്റര്‍ ആന്റണി, കഴിഞ്ഞ രാത്രി 45 മിനിറ്റു മാത്രമേ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞുള്ളൂ’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
ചര്‍ച്ച വിജയിച്ചു. ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങള്‍ ഉറപ്പുവരുത്തി കോളജ് മാനേജ്‌മെന്റിനും വിദ്യാര്‍ഥി പ്രവേശനത്തിനും വ്യക്തമായ മാനദണ്ഡങ്ങള്‍ പുനര്‍നിര്‍വചിച്ച കൂട്ടത്തില്‍ പട്ടികജാതിവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ജനസംഖ്യാനുപാതത്തില്‍ കിട്ടേണ്ട 10 ശതമാനം സംവരണം 20 ശതമാനമാക്കിയത് ഡോ. ആന്റണിയുടെ ഇടപെടലിലൂടെയാണ്. 1974ല്‍ എസ്എന്‍ഡിപി യോഗം നേതാവ് പി.എസ്. വേലായുധനോടൊപ്പം ചേര്‍ന്ന് കേരള പിന്നാക്ക സമുദായ ഫെഡറേഷന്‍ രൂപവത്കരിച്ച ആന്റണി പട്ടികജാതിവര്‍ഗക്കാരെകൂടി അതില്‍ ഉള്‍പ്പെടുത്താനും ശ്രമിച്ചു. ന്യൂനപക്ഷമെന്നതിനെക്കാള്‍ പിന്നാക്ക വിഭാഗം എന്ന നിലയിലാണ് ലത്തീന്‍ കത്തോലിക്കര്‍ അധികാരപങ്കാളിത്തത്തിനും നീതിക്കുമായുള്ള അവകാശപ്പോരാട്ടങ്ങള്‍ക്കിറങ്ങേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ചരിത്രത്തില്‍ ഗവേഷണം നടത്തി കേരള സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ആന്റണി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗമായതോടെയാണ് സാമുദായിക പ്രവര്‍ത്തനങ്ങളില്‍ നിന്നു പിന്മാറിയത്. സാമൂഹിക രാഷ്ട്രീയ ജീവിതാവബോധങ്ങളുടെ പരിണാമത്തില്‍ ജ്ഞാനദര്‍ശനവും കര്‍മയോഗവും സമൂഹദര്‍ശനത്തിനു പകരുന്ന അനന്യസാധാരണമായ സൗന്ദര്യം നാഗാലാന്‍ഡിലെ കോഹിമയില്‍ മൂന്നുവര്‍ഷത്തെ അദ്ദേഹത്തിന്റെ പിന്നീടുള്ള പ്രവാസജീവിതത്തില്‍ തെളിഞ്ഞുകാണാം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി റിസോഴ്‌സ് സെന്റര്‍ സ്ഥാപിക്കാന്‍ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അംഗീകാരത്തോടെ കോഹിമയിലേക്കു ക്ഷണിക്കപ്പെട്ട ആന്റണി നാഗാലാന്‍ഡില്‍ 3,000 നാഗാ കുടുംബങ്ങള്‍ സന്ദര്‍ശിച്ച് രചിച്ച ഗവേഷണ പഠനം ഇംഗ്ലണ്ടിലെ റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റി കേംബ്രിഡ്ജ് സര്‍വകലാശാലയ്ക്കു കൈമാറി. ദ് സീനിയേഴ്‌സ് എന്ന പേരില്‍ കൊച്ചിയില്‍ നിന്ന് അദ്ദേഹം മുഖ്യപത്രാധിപരായി പ്രസിദ്ധീകരിച്ചുവന്ന ഇംഗ്ലീഷ് മാസിക വയോധികരെ കേന്ദ്രീകരിച്ച് രാജ്യത്ത് ഇറങ്ങിയ ഏറ്റവും പ്രൊഫഷണലായ പ്രഥമ പ്രസിദ്ധീകരണമായിരുന്നു.
ഒരു ജനതയുടെ നവോത്ഥാന ചരിത്രത്തെ പ്രദീപ്തമാക്കുന്ന വലിയൊരു പ്രകാശഗോപുരമായി ഡോ. ഇ.പി. ആന്റണിയുടെ ധന്യസ്മരണകള്‍ നിലനില്‍ക്കും.


Related Articles

കോവിഡ് പോരാളികളുടെ മക്കള്‍ക്ക് എംബിബിഎസ്, ബിഡിഎസ് സീറ്റുകളില്‍ സംവരണം.

ന്യൂഡല്‍ഹി: അന്തരിച്ച കോവിഡ് പോരാളികളുടെ മക്കള്‍ക്ക് 2020-2021 അധ്യായന വര്‍ഷത്തില്‍ എംബിബിഎസ്,ബിഡിഎസ് സീറ്റുകളില്‍ സംവരണം. കേന്ദ്ര പൂളില്‍നിന്നുള്ള പ്രവേശന മാനദണ്ഡങ്ങളില്‍ ‘കോവിഡ് പോരാളികളുടെ മക്കള്‍’ എന്ന പുതിയ

ഹമാസ് റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം വൈകിട്ട് നെടുമ്ബാശേരിയിലെത്തിക്കും

ന്യൂഡല്‍ഹി: ഇസ്രേയേൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ത്യയിലെത്തിച്ചു. ഇസ്രേയേൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് മൃതദേഹം എത്തിച്ചത്. കേന്ദ്രമന്ത്രി വി മുരളീധരന്‍ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ മൃതദേഹം

അന്ധകാരനഴി മുഖത്തു പുലിമുട്ടു നിർമിക്കണം : സ്വതന്ത്ര മൽസ്യത്തൊഴിലാളി ഫെഡറേഷൻ

അരൂർ:  നൂറുക്കണക്കിനു മൽസ്യബന്ധന വള്ളങ്ങൾ അടുക്കുന്ന അന്ധകാരനഴി മുഖത്തു പുലിമുട്ടു നിർമിച്ച് നിരന്തരമായി ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടു ഒഴുവാക്കണമെന്നു മൽസ്യത്തൊഴിലാളികൾ. വർഷാവർഷങ്ങളിൽ അഴിമുഖത്തു മണൽ തിട്ട രൂപപ്പെടുന്നതു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*