സമുദ്രോത്പന്ന മേഖലയില്‍ പ്രതിസന്ധി രൂക്ഷം

സമുദ്രോത്പന്ന മേഖലയില്‍ പ്രതിസന്ധി രൂക്ഷം

പ്രളയാനന്തര കേരളത്തിലെ മുന്‍ഗണനാ പട്ടികയില്‍ ഇടം കിട്ടാന്‍ ഇടയില്ലെങ്കിലും സംസ്ഥാനത്തെ 590 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കടലോരത്ത് മീന്‍പിടുത്തവും കച്ചവടവും സംസ്‌കരണവുമൊക്കെയായി ബന്ധപ്പെട്ട 222 ഗ്രാമങ്ങളിലെ സാധാരണക്കാരുടെ ജീവിതത്തിലെ ഇരമ്പിയാര്‍ക്കുന്ന ദുരിതങ്ങള്‍ക്ക് ആക്കവും ആഴവും വ്യാപ്തിയും കൂട്ടുന്നതാണ് മത്സ്യബന്ധനയാനങ്ങളുടെ ഇന്ധന പ്രതിസന്ധി. ഡീസല്‍ ഉപയോഗത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഫിഷറീസ് മേഖലയ്ക്ക് താങ്ങാനാവാത്ത ആഘാതമേല്‍പ്പിച്ച ഇന്ധനവിലക്കയറ്റം സംസ്ഥാനത്തെ 7.84 ലക്ഷം വരുന്ന മത്സ്യത്തൊഴിലാളികളെയും സമുദ്രോത്പന്ന വിപണിയെയും മാത്രമല്ല കേരളത്തിന്റെ സമ്പദ്ഘടനയെതന്നെ ബാധിക്കുന്നതാണ്. കേരളത്തിലെ 38,000 മത്സ്യബന്ധനയാനങ്ങളില്‍ ട്രോളറുകളും ആഴക്കടല്‍ യാനങ്ങളുമടക്കം വലിയ യന്ത്രവത്കൃത ബോട്ടുകളില്‍ 1500 എണ്ണമെങ്കിലും ആഴ്ചകളായി കടലില്‍ പോകാതെ കെട്ടിയിട്ടിരിക്കയാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ഉയരുകയും ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുകയും ചെയ്തതിന്റെ പേരില്‍ മാസങ്ങളായി അനുദിനം കൂട്ടിക്കൊണ്ടിരുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ വില ഏതാനും ദിവസമായി നേരിയ തോതില്‍ കുറയുന്നുണ്ടെങ്കിലും തുലാവര്‍ഷ പ്രക്ഷുബ്ധത പോലെ അനിശ്ചിതത്വം തുടരുകതന്നെ ചെയ്യും.
നോട്ടുനിരോധനവും ജിഎസ്ടിയും ഓഖി ചുഴലികൊടുങ്കാറ്റും പിന്നെ പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പുകളുടെ വിട്ടൊഴിയാത്ത ഭീഷണി മൂലമുള്ള തൊഴില്‍നഷ്ടവുമൊക്കെ ചേര്‍ന്ന് ആകെ പരുവക്കേടിലായിരുന്ന മത്സ്യബന്ധന മേഖലയ്ക്ക് ഡീസല്‍ വിലക്കയറ്റം മാരക പ്രഹരമായി. ഇടത്തരം ബോട്ടുകള്‍ക്ക് ആഴ്ചയില്‍ ഇന്ധനത്തിന് 30,000 രൂപ വരെയും വലിയ ബോട്ടുകള്‍ക്ക് 60,000 രൂപ വരെയും അധികച്ചെലവ് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. ഡീസലിന് മൊത്തത്തില്‍ 1.80 ലക്ഷം ചെലവായിരുന്നിടത്ത് 2.40 ലക്ഷം രൂപ മുടക്കേണ്ട അവസ്ഥ. കടലിലാവട്ടെ മത്സ്യലഭ്യതയും കുറവ്. കൂലിക്കല്ല, കിട്ടുന്ന വിഹിതം പങ്കുവയ്ക്കുന്ന ഷെയര്‍ വ്യവസ്ഥയിലാണ് ഫിഷിംഗ് ബോട്ടുകളില്‍ തൊഴിലാളികള്‍ പണിയെടുക്കുന്നത്. കൊള്ളപ്പലിശക്കാരില്‍ നിന്ന് കടമെടുത്തും വലിയ നഷ്ടം സഹിച്ചും തൊഴിലാളി പങ്കുകാര്‍ക്ക് എത്രനാള്‍ ബോട്ടുകള്‍ കടലിലിറക്കാനാവും? പെട്രോളും മണ്ണെണ്ണയും ഉപയോഗിക്കുന്ന പരമ്പരാഗത വള്ളങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല. സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ കിട്ടിയാല്‍തന്നെ അത് ഒരു ദിവസത്തേക്കുപോലും തികയില്ല. കരിഞ്ചന്തയില്‍ നിന്നു മണ്ണെണ്ണ വാങ്ങുന്നതിന് ആനുപാതികമായി മീന്‍വില കൂട്ടാന്‍ കഴിയില്ലതാനും.
പെട്രോളിയം ഉത്പന്ന വിതരണ കമ്പനികള്‍ക്കും കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും ചാകരക്കൊയ്ത്താണ് പെട്രോള്‍-ഡീസല്‍ വിലവര്‍ധന. പൊതുമേഖലയിലെ എണ്ണക്കമ്പനികള്‍ക്കും ചില വന്‍കിട വ്യവസായികള്‍ക്കും ലാഭവിഹിതം അഭൂതപൂര്‍വമായി വര്‍ധിക്കുന്നതോടൊപ്പം ഗവണ്‍മെന്റിന് നികുതി വരുമാനവും പെരുകുന്നു. ബോട്ടുകള്‍ക്കുള്ള ഡീസലിനും ലിറ്ററിന് എട്ടു രൂപ നിരക്കില്‍ റോഡ്-ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ് കേന്ദ്രം ഈടാക്കുന്നുണ്ട്. കടലില്‍ ഈ റോഡ് സെസിന് എന്തു ന്യായം പറയാനാണ്? ഈ സെസ് എങ്കിലും ഇളവുചെയ്താല്‍ ഫിഷറീസ് മേഖലയ്ക്ക് വലിയ ആശ്വാസമാകുമായിരുന്നു.
കര്‍ണാടക ഗവണ്‍മെന്റ് ഒരു ഫിഷിംഗ് ബോട്ടിന് മാസത്തില്‍ 900 ലിറ്റര്‍ ഡീസലിന് ഒന്‍പതു രൂപ നിരക്കില്‍ സബ്‌സിഡി അനുവദിക്കുന്നുണ്ട്. പത്തു മാസത്തേക്ക് മൊത്തം 90,000 ലിറ്റര്‍ ഡീസലിന് സബ്‌സിഡി. വില്പന നികുതി ഇനത്തില്‍ ഇതിന് സര്‍ക്കാരിനു കിട്ടേണ്ട 8.10 ലക്ഷം രൂപ ബോട്ടുകാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇട്ടുകൊടുക്കുകയാണു ചെയ്യുന്നത്. തമിഴ്‌നാട്ടില്‍ യന്ത്രവത്കൃത ബോട്ടുകള്‍ക്ക് മാസം 1,800 ലിറ്റര്‍ ഡീസലിന് 14 രൂപ നിരക്കില്‍ സബ്‌സിഡി ലഭിക്കുന്നു. കേരളത്തില്‍ ഇത്ര ഉദാരമായ സബ്‌സിഡിയോ നികുതി ഇളവുകളോ പ്രതീക്ഷിക്കേണ്ടതില്ല എന്നു മാത്രമല്ല പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്നതുപോലെ ബോട്ടുകളുടെ വാര്‍ഷിക ലൈസന്‍സ് ഫീസ് ഒറ്റയടിക്ക് 50,000 രൂപ വരെ വര്‍ധിപ്പിച്ചിരിക്കയാണ്. 20 മീറ്ററില്‍ താഴെ നീളമുള്ള ബോട്ടുകള്‍ക്ക് 10,000 രൂപയാണ് ലൈസന്‍സ് പുതുക്കാനുള്ള ഫീസ്. ഇതോടൊപ്പം തീരത്തു നിന്ന് 12 നോട്ടിക്കല്‍ മൈല്‍ പരിധിയില്‍ മത്സ്യബന്ധനം നടത്താന്‍ പാടില്ലെന്ന നിബന്ധനയുമുണ്ട്. സാധാരണ ബോട്ടുകള്‍ ആഴക്കടലില്‍ ചെന്നു മീന്‍പിടിക്കണമത്രെ!
സമുദ്രോത്പന്ന വരുമാനത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനമുണ്ടായിരുന്ന കേരളം ഇപ്പോള്‍ ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക എന്നിവയ്ക്കു പിന്നിലായി നാലാം സ്ഥാനത്താണ്. മൊത്തം 218536 ചതുരശ്ര കിലോമീറ്റര്‍ സാമ്പത്തിക സമുദ്ര മേഖല അവകാശപ്പെടാവുന്ന കേരള തീരത്തെ മത്സ്യസമ്പത്ത് സുസ്ഥിര വ്യവസ്ഥയില്‍ ചൂഷണം ചെയ്യുന്നതിനുള്ള നവീന സാങ്കേതികവിദ്യകള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ കൊച്ചിയിലെ സിഫ്‌നെറ്റ്, സിഎംഎഫ്ആര്‍ഐ തുടങ്ങിയ കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ ആദായകരമായ ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള യാനങ്ങള്‍ തമിഴ്‌നാടിനുവേണ്ടി കൊച്ചി കപ്പല്‍നിര്‍മാണശാലയില്‍ നിര്‍മിക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലെ സമുദ്രോത്പന്ന മേഖല പ്രതിസന്ധികളുടെ പ്രക്ഷുബ്ധാന്തരീക്ഷത്തില്‍ ഇന്നും നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ പിന്തള്ളപ്പെടുകയാണ്.


Tags assigned to this article:
editorialjacobylatin catholicssea

Related Articles

വത്തിക്കാന്‍ വനിതാ ഫുട്‌ബോള്‍ ടീം രാജ്യാന്തര അരങ്ങേറ്റക്കളി റദ്ദാക്കി

വിയന്ന: വത്തിക്കാന്‍ വനിതാ ഫുട്‌ബോള്‍ ടീമിന്റെ ആദ്യ രാജ്യാന്തര മത്സരം ഗര്‍ഭഛിദ്രത്തെയും സ്വവര്‍ഗ ലൈംഗികതയെയും അനുകൂലിച്ചുകൊണ്ടുള്ള എതിര്‍ ടീം അംഗങ്ങളുടെ പരസ്യപ്രകടനത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. ഓസ്ട്രിയയിലെ മരിയഹില്‍ഫ്

റവ. ഡോ. സുനില്‍ കല്ലറക്കല്‍ പെറു പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍; ഫാ. പോള്‍ തോട്ടത്തുശേരി ഇന്ത്യന്‍ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍

കൊടുങ്ങല്ലൂര്‍: ഒബ്ലേറ്റ്‌സ് ഓഫ് സെന്റ് ജോസഫ് (ഒഎസ്‌ജെ) സന്യാസസഭയുടെ ഇന്ത്യന്‍ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ സുപ്പരിയര്‍ റവ. ഡോ. സുനില്‍ കല്ലറക്കല്‍ ഒഎസ്‌ജെ സൗത്ത് അമേരിക്കയിലെ പെറു ഒഎസ്‌ജെ

മൂലമ്പിള്ളി: വല്ലാര്‍പാടം ടെര്‍മിനലിലേക്ക് മാര്‍ച്ച് നടത്തി

എറണാകുളം: വല്ലാര്‍പാടം പദ്ധതിക്കു വേണ്ടി തയ്യാറാക്കിയ പുനരധിവാസപ്പാക്കേജിന് 10 വയസ് തികയുന്നതിനോടനുബന്ധിച്ച് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതി പ്രദേശത്തേക്ക് മാര്‍ച്ച് നടത്തി. പുനരധിവാസ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*