Breaking News

സമൂഹം, രാഷ്ട്രീയം, നേതൃത്വം ചില ഉള്‍ക്കാഴ്ചകള്‍

സമൂഹം, രാഷ്ട്രീയം, നേതൃത്വം ചില ഉള്‍ക്കാഴ്ചകള്‍

പുനലൂര്‍ രൂപതയുടെ പത്തനാപുരം സെന്റ് സേവ്യേഴ്‌സ് ആനിമേഷന്‍ സെന്ററില്‍ കേരളാ റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ ജനറല്‍ അസംബ്ലിയില്‍ കുറച്ചുസമയം പങ്കെടുത്തതിന്റെ വെളിച്ചത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. അല്‍മായരും സന്യസ്തരും വൈദികരും മെത്രാന്മാരും ഒരുമിച്ചിരുന്ന് കേരളത്തിലെ ലത്തീന്‍ സഭയുടെ, സമുദായത്തിന്റെ ഭാവി പരിപാടികളെപ്പറ്റി, നിലവിലുള്ള സാഹചര്യങ്ങളെപ്പറ്റി വിമര്‍ശനാത്മകവും ക്രിയാത്മകവുമായ തുറവിയോടെ നടത്തിയ ചര്‍ച്ചകള്‍ ശ്രദ്ധേയമായി. മാധ്യമ കമ്മീഷന്റെയും അല്‍മായ കമ്മീഷന്റെയും പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചശേഷം നടന്ന ചര്‍ച്ചയില്‍ ഉയര്‍ന്ന രണ്ട് നിരീക്ഷണങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഒരേസമയം വിമര്‍ശനാത്മകമായും സമചിത്തതയോടെയും വൈകാരിക അതിപ്രസരമില്ലാതെയും സൂക്ഷ്മമായി വിലയിരുത്തേണ്ടവ. ഉയര്‍ന്നുവന്ന നിരീക്ഷണങ്ങളില്‍ പുതുമയില്ലെങ്കിലും ശ്രദ്ധാര്‍ഹമാം വിധം പ്രസക്തിയുള്ളവതന്നെയാണ്.
ഉയര്‍ന്നുവന്ന നിരീക്ഷണങ്ങളില്‍ ഈ കുറിപ്പ് ചര്‍ച്ച ചെയ്യുന്നത് ഒന്നിനെപ്പറ്റി മാത്രമാകുന്നു. സഭയില്‍ അല്‍മായര്‍ക്കുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യത്തെക്കുറിച്ചും സഭാ വിശ്വാസ ജീവിതത്തില്‍ അവര്‍ കണ്ടെത്തേണ്ട പ്രവര്‍ത്തനത്തിനുള്ള സ്‌പെയ്‌സിനെപ്പറ്റിയും ദീര്‍ഘമായ ചര്‍ച്ച അനിവാര്യമാകുന്ന ഇടപെടല്‍ തന്നെയാണ് ചോദ്യം ഉയര്‍ത്തിയത്. കൃത്യമായ സമയക്രമത്തില്‍ നടക്കുന്ന പരിപാടിക്ക് അത്രയ്ക്ക് ദീര്‍ഘമായ ചര്‍ച്ചയ്ക്കുള്ള ഇടം കണ്ടെത്താന്‍ ബുദ്ധിമുട്ടായിരിക്കും. പക്ഷേ പരിപാടിക്കുശേഷവും തുടരേണ്ട ക്രിയാത്മക ചര്‍ച്ചകള്‍ക്കുള്ള വഴി പ്രസ്തുത ചോദ്യം തുറക്കുന്നുണ്ട്. ഈ നിരീക്ഷണത്തിനൊപ്പം രണ്ട് കാര്യങ്ങള്‍ കൂടി സൂചിപ്പിക്കപ്പെട്ടു. അല്‍മായ വിശ്വാസികളും ഇടവകപ്പള്ളിയിലെ വൈദികരും ചേര്‍ന്ന് കുടുംബ യൂണിറ്റ് യോഗങ്ങളില്‍ എന്തുതരം ചര്‍ച്ചകളാണ് നടത്തേണ്ടത്, അത് വിശുദ്ധ കുര്‍ബ്ബാനയര്‍പ്പണത്തെക്കുറിച്ചും ജപമാല ജപിക്കുന്നതിനെപ്പറ്റിയും മാത്രമാണോ? രണ്ടാമതായി പറഞ്ഞത് അല്മായരുടെ ഇടപെടലുകള്‍ ഫലപ്രാപ്തിയിലെത്താത്തവിധം വൈദികരുടെ ഇടപെടല്‍ ശക്തവും വിശ്വാസധ്വംസകവുമായി സഭയില്‍ നിലനില്‍ക്കുന്നു. ഉപയോഗിച്ച വാക്കായ ”ക്ലെറിക്കലിസം” വിശ്വാസകധ്വനിയുള്ളതുതന്നെ. ഇതിനോട് ചേര്‍ന്നു വന്ന ചോദ്യം സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ പ്രാപ്തരാക്കത്തക്കവണ്ണം അത്മായര്‍ക്ക് ഏതെങ്കിലും രീതിയില്‍ സഭാസംവിധാനങ്ങള്‍ പരിശീലനം നല്‍കുന്നുണ്ടോ എന്നതാണ്. പ്രസക്തമാണ് ചോദ്യങ്ങള്‍. പൊള്ളിക്കുന്ന നിരീക്ഷണങ്ങള്‍. അതുകൊണ്ടുതന്നെ സൂക്ഷ്മമായ വിശകലനം അനിവാര്യമാകുന്നുണ്ട്.
ആദ്യത്തെ നിരീക്ഷണമെടുക്കുക. കുടുംബയൂണിറ്റ് യോഗങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാനയെക്കുറിച്ചും ജപമാലയെക്കുറിച്ചും മാത്രം പറഞ്ഞാല്‍ മതിയോ? ഇതിന് അതെ-അല്ല മോഡല്‍ ഉത്തരം മതിയാകില്ല. കാരണം ഈ ചോദ്യത്തില്‍ വിശദ്ധ കുര്‍ബ്ബാനയെക്കുറിച്ച് ജപമാലയെക്കുറിച്ച് ചോദ്യമുന്നയിക്കുന്നയാള്‍ക്ക് എന്തുതരം ധാരണയാണുള്ളത് എന്നു പരിശോധിക്കേണ്ടിവരും. സാമൂഹ്യ-രാഷ്ട്രീയ ധ്വനികളില്ലാത്ത, ശൂഷ്‌ക്കമായ ആത്മീയ അഭ്യാസം മാത്രമാണോ, വിശുദ്ധ ബലിയര്‍പ്പണം? അങ്ങനെയാണ് വിശുദ്ധ കുര്‍ബ്ബാന വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളതെങ്കില്‍ ജനങ്ങള്‍ക്ക് വ്യാഖ്യാനിച്ചുകൊടുത്തതെങ്കില്‍, പഠിപ്പിക്കാന്‍ നിയുക്തരായവര്‍ കടമകള്‍ കൃത്യതയോടെ നിറവേറ്റിയില്ലായെന്ന് പറയേണ്ടിവരും. ക്രിസ്തുവിന്റെ ബലിയര്‍പ്പണത്തിന്റെ അര്‍ത്ഥങ്ങളിലും ആഴങ്ങളിലും മൂല്യങ്ങളിലും വേരൂന്നാത്ത സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തനം സഭയ്ക്ക് സ്വീകാര്യമല്ല. കാരണം സഭ കേവലം സാമൂഹ്യ പ്രസ്ഥാനമോ, രാഷ്ട്രീയ പ്രസ്ഥാനമോ അല്ല. ദൈവജനമാണ്. സ്വാതന്ത്ര്യത്തെപ്പറ്റി, സൂക്ഷ്മ രാഷ്ട്രീയത്തെപ്പറ്റി, സാമൂഹ്യ ജീവിതത്തെപ്പറ്റിയെല്ലാം കൗദാശികതയിലൂന്നിയ പഠനങ്ങളാണ്, കാഴ്ചപ്പാടുകളാണ് സഭയുടേത്. സഭയുടെ സാമൂഹ്യ പഠനങ്ങളെല്ലാം ഇതേ നിലപാടുതന്നെയാണ് ആവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ, വിശുദ്ധ കുര്‍ബ്ബാനയെയും സഭയുടെ സാമൂഹ്യ-രാഷ്ട്രീയ നിലപാടുകളെയും വിരുദ്ധദിശകളിലായി നിലനിര്‍ത്തേണ്ട കാര്യമില്ല. അവ വിരുദ്ധ ദിശകളിലാണെന്ന ശാഠ്യം ആധുനികതയ്ക്കുശേഷം വന്ന മതം, രാഷ്ട്രം എന്നി ദ്വന്ദ്വയുക്തിയിലൂന്നിയ നിലപാടാണ്. അതുകൊണ്ടുതന്നെ കുടുംബ യൂണിറ്റുകളില്‍ സാമൂഹ്യ-രാഷ്ട്രീയ പാഠങ്ങള്‍ നിര്‍ധാരണം ചെയ്യപ്പെടേണ്ടത് വിശുദ്ധ കുര്‍ബ്ബാനയുടെയും കൂദാശകളുടെയും വെളിച്ചത്തില്‍ത്തന്നെയാണ്. വ്യാഖ്യാനം നല്‍കാന്‍ നിയോഗിക്കപ്പെട്ടവര്‍ ഈ വെളിച്ചം കൊളുത്തുന്നില്ലെങ്കില്‍ ഹാ കഷ്ടം! ജപമാലയുടെ വ്യാഖ്യാനവും ഇതിനോട് ചേര്‍ന്ന് പറയപ്പെടേണ്ടതുതന്നെ.
”ക്ലെറിക്കലിസം” എന്ന നെഗറ്റീവ് ധ്വനിയോടുകൂടിയ പ്രയോഗം തത്വത്തിലെങ്കിലും രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ കാലം മുതലേ സഭ സ്വയം വിമര്‍ശനത്തോടെ തള്ളിക്കളഞ്ഞതാണ്. ക്രിസ്തുവിന്റെ അധികാര സങ്കല്പത്തെ ശുശ്രൂഷയായി തിരിച്ചറിയുന്ന ദൈവജനസമൂഹത്തെപ്പറ്റിയാണ് രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പേര്‍ത്തും പേര്‍ത്തും പറഞ്ഞത്. 2016 ല്‍ കൊളംമ്പിയന്‍ സംവിധായകനായ ലിസാന്‍ഡ്രോ ദ്യൂക്ക് നവാന്‍ജോ സംവിധാനം ചെയ്ത ‘ദ ബ്രൈബ് ഓഫ് ഹെവന്‍’ എന്ന അതിസുന്ദരമായ ചലച്ചിത്രകാവ്യത്തില്‍ ക്ലെറിക്കലിസം പ്രയോഗിക്കന്ന ഒരു ഇടവകവൈദികനെയും അതിനെത്തുടര്‍ന്ന് ഇടവകയില്‍ അരങ്ങേറുന്ന കുഴപ്പങ്ങളെയും മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. തെറ്റുകള്‍ തിരുത്താനുള്ള കുമ്പസാരക്കൂട് കൂടിയാണല്ലോ തിരുസ്സഭ. ശക്തമായ ഈ നിരീക്ഷണം അവതരിപ്പിക്കുമ്പോള്‍ നിശ്ബദം സശ്രദ്ധം കേട്ടിരുന്ന മെത്രാന്‍മാരും വൈദികരും അല്‍മായ സമൂഹവും തന്നെയാണ് ഈ നിരീക്ഷണത്തിനുള്ള മറുപടിയെന്ന് തോന്നുന്നു. പങ്കാളിത്തം എന്ന വാക്കിലേക്ക് തിരുസഭ മാത്രമല്ല സമൂഹം എന്ന നിലയില്‍ നമ്മുടെ രാജ്യം തന്നെ അതിന്റെ രാഷ്ട്രീയ-സാമൂഹ്യ പശ്ചാത്തലത്തില്‍ ഇനിയും എത്ര ദൂരം നടക്കേണ്ടിയിരിക്കുന്നു ലക്ഷ്യത്തിലെത്താന്‍!
സാമൂഹ്യ-രാഷ്ട്രീയ പരിശീലനത്തെപ്പറ്റിയുള്ള നിരീക്ഷണത്തില്‍ ഒരുമിച്ച് മുന്നേറാനുള്ള പരിശ്രമങ്ങളെ ശ്രദ്ധയോടെ നമ്മള്‍ പരിപോഷിപ്പിക്കണം. ‘ഇടപെടുന്ന സഭ’ എന്ന സങ്കല്‍പ്പം സ്ഥലത്തിലും കാലത്തിലും മാംസം ധരിക്കുക തന്നെ വേണം. നേതൃപാടവമുള്ളവരെ തിരിച്ചറിയാന്‍ സഭയില്‍ സജീവമായ സംഘടനകള്‍ക്ക് സാധിക്കേണ്ടതാണ്. സമുദായത്തിന്റെ പൊതുവായ പുരോഗതിയെ ലക്ഷ്യം വയ്ക്കുന്നിടത്ത് പടലപ്പിണക്കങ്ങള്‍ മാറ്റി വച്ച് കൈക്കോര്‍ക്കേണ്ടതുമാണ്. സാമൂഹ്യസാംസ്‌ക്കാരിക, രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവരുന്നവര്‍ ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളയ്ക്കുന്നതല്ല. അവരവരുടെ പരിസരങ്ങളോട് പ്രതികരിച്ചും, അതില്‍ ക്രിയാത്മകമായി ഇടപെട്ടും സാവകാശത്തില്‍ വളര്‍ന്നുവരുന്നവരാണ്. ക്രിയാത്മകമായി പ്രതികരിക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്ന പ്രവണത തിരുസ്സഭയുടെ കുത്തകയല്ല തന്നെ! മനുഷ്യര്‍ ഇടപെടുന്നിടങ്ങളിലെല്ലാം ക്രിസ്തുസംഭവം അരങ്ങേറുന്നുണ്ട് എന്ന ദര്‍ശനത്തിലാണ് ക്രിസ്തീയ നേതൃത്വം രൂപപ്പെടേണ്ടത്. സംഘടനകളെ ശക്തിപ്പെടുത്തിയും കാലോചിതമായി പരിഷ്‌ക്കരിച്ചു നേടാവുന്ന ലക്ഷ്യം തന്നെയാണ് രാഷ്ട്രീയ നേതൃപരിശീലനം.
ക്രിസ്തുകേന്ദ്രീകൃതമായ സാമൂഹ്യ-രാഷ്ട്രീയ ദര്‍ശനം തിരുസ്സഭ മുറുകെ പിടിക്കണം. സ്ഥല-കാലങ്ങളില്‍ വചനം മാസം ധരിക്കുമെന്ന വെളിച്ചത്തില്‍ സമൂദായം മുന്നോട്ടുനീങ്ങുകതന്നെ വേണം.


Related Articles

സമാധാനമേകുന്ന ദൈവകൃപ

വരുവാനിരിക്കുന്ന രക്ഷകനെക്കുറിച്ചുള്ള ആദ്യപ്രവചനം നടത്തിയ ഏശയ്യ പ്രവാചകന്‍ രക്ഷകനെക്കുറിച്ച് നാലു കാര്യങ്ങളാണ് വ്യക്തമാക്കുന്നത്. രക്ഷകന്‍ വിസ്മയനീയനായ ഉപദേഷ്ടാവായിരിക്കും, ശക്തനായ ദൈവമായിരിക്കും, നിത്യനായ പിതാവായിരിക്കും, സമാധാനത്തിന്റെ രാജാവായിരിക്കും (ഏശയ്യ

“ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.

റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍

വരാപ്പുഴപ്പള്ളി: ഒരു ചരിത്രക്കാഴ്ച

എന്റെ മാതൃ ഇടവകദേവാലയമായ സെന്റ് ജോസഫ് ആന്‍ഡ് മൗണ്ട് കാര്‍മ്മല്‍ പള്ളി ഒരു ബസിലിക്കയായി ഉയര്‍ത്തപ്പെടുന്നു എന്നറിഞ്ഞപ്പോള്‍, 40 വര്‍ഷക്കാലം വരാപ്പുഴ ഇടവകാംഗവും തുടര്‍ന്ന് 2000 ജനുവരി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*