സര്‍ക്കാര്‍ ഇടപെടലുകള്‍ ചുരുങ്ങുന്ന ബജറ്റ്

സര്‍ക്കാര്‍ ഇടപെടലുകള്‍ ചുരുങ്ങുന്ന ബജറ്റ്

നരേന്ദ്രമോദി സര്‍ക്കാര്‍ രണ്ടാമതും അധികാരമേറിയശേഷം അവതരിപ്പിച്ച ആദ്യ ബജറ്റിനെക്കുറിച്ചുള്ള മാധ്യമചര്‍ച്ചയുടെ ചൂട് ഇനിയും കെട്ടടങ്ങിയിട്ടില്ല. പാര്‍ലമെന്റിലും ബജറ്റ് ചര്‍ച്ച നടക്കുന്നു. ധനകാര്യവകുപ്പ് കൈകാര്യം ചെയ്യുന്ന നിര്‍മല സീതാരാമന്‍ ആത്മവിശ്വാസത്തോടെ നടത്തിയ ബജറ്റ് പ്രസംഗം പക്ഷേ, സമൂഹത്തിലെ പല വിഭാഗങ്ങളുടെയും ആത്മവിശ്വാസത്തിന് അത്രയ്ക്കങ്ങ് കരുത്തുപകരുന്നതായിരുന്നില്ല. ഞെട്ടിക്കുന്നതും അപ്രതീക്ഷിതവുമായ കാര്യങ്ങളൊന്നും ബജറ്റിലില്ല. നിയോലിബറല്‍ നിലപാടുകള്‍ യാതൊരു മറയുമില്ലാതെ സ്വീകരിക്കാനുള്ള കാഴ്ചപ്പാട് കൈക്കൊണ്ടിട്ടുള്ള ഒരു രാഷ്ട്രീയപാര്‍ട്ടി നേതൃത്വം നല്കുന്ന സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന കാര്യങ്ങളൊക്കെത്തന്നെയാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ധനകാര്യ വിദഗ്ധര്‍ അവരവരുടെ രാഷ്ട്രീയ-സാമൂഹ്യ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് ഇങ്ങനെ കിട്ടിയ ബജറ്റിന്റെ ഉള്ളടക്കത്തെ വിമര്‍ശിക്കുകയോ സ്വീകരിക്കുകയോ ചെയ്തുകൊണ്ടിരിക്കുന്നു.
തലപെരുപ്പിക്കുന്ന കോടികളുടെ കണക്കുകളും ധനതത്വശാസ്ത്രത്തിന്റെ സങ്കല്പനങ്ങളും വായിച്ച് വായനക്കാര്‍ പത്രത്താളുകള്‍ ഉപേക്ഷിക്കാതിരിക്കാന്‍ ചില കൗതുകവര്‍ത്തമാനങ്ങള്‍ മേമ്പൊടിക്ക് ചേര്‍ക്കാന്‍ വാര്‍ത്ത സജ്ജീകരിക്കുന്നവര്‍ ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ടാണ് ബജറ്റവതരണത്തില്‍ അരുണ്‍ ജയ്റ്റിലിയുടെ കാലംവരെ തുകല്‍പ്പെട്ടിയില്‍ പൊതിഞ്ഞുകൊണ്ടുവന്ന ബജറ്റ് പേപ്പറുകള്‍ തുണിസഞ്ചിയിലാക്കി കൊണ്ടുവരുന്നു എന്നൊക്കെയുള്ള കൗതുകങ്ങള്‍ വാര്‍ത്തയാകുന്നത്. അതിന്റെ പാരിസ്ഥിതിക സൂചനകളൊക്കെ പിന്നീട് വായിച്ചെടുക്കുന്നതുപോലെ ചിലര്‍ തോല്‍ക്കച്ചവടത്തിന്റെ മതരാഷ്ട്രീയവും അനുബന്ധമായ ആള്‍ക്കൂട്ടക്കൊലപാതകം വരെയും തുണിസഞ്ചിയിലേക്കുള്ള ദൂരത്തില്‍ അര്‍ഥം കണ്ടെത്തുന്നുണ്ട്. തോലായാലും തുണിപ്പൊതിയായാലും കുചേലന്മാര്‍ക്കുള്ള അവില്‍പ്പൊതിയില്‍ അന്നും ഇന്നും കാര്യമായിട്ടൊന്നും കിട്ടാനുണ്ടാവില്ല.
വനിതാ ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് പഴയവീഞ്ഞ് പുതിയ തുണിസഞ്ചിയില്‍ പകര്‍ന്നെടുത്തതു തന്നെയെന്ന് സംശയമില്ലാതെ പറയാം.
രാജ്യാന്തരവിപണിയില്‍ എണ്ണവില കൂടിയാലും കുറഞ്ഞാലും ഇന്ത്യന്‍ വിപണിയില്‍ പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് വില മേലോട്ടുതന്നെ. കേരളത്തിന്റെ ഉപഭോക്തൃ സംസ്ഥാനമെന്ന സ്ഥാനം പൊതുജനത്തെ പൊള്ളിച്ചുതുടങ്ങിയിട്ട് കാലം കുറച്ചായല്ലോ? ഉപ്പുതൊട്ട് കര്‍പ്പൂരം വരെ അങ്ങ് വടക്കുനിന്ന് ചരക്കായെത്തുമ്പോള്‍ വിലയും അങ്ങ് ഉയരത്തില്‍ എത്തുകതന്നെ ചെയ്യും. പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചും പുതിയ റോഡ് സെസ് ഏര്‍പ്പെടുത്തിയും സര്‍ക്കാര്‍ നടത്തുന്ന ധനശേഖരണം സാമൂഹ്യക്ഷേമത്തിനും കാര്‍ഷികരംഗത്തെ രക്ഷയ്ക്കും അടിസ്ഥാനസൗകര്യ വികസനത്തിനുമായി ചെലവഴിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. വികസനത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്ക് വീടും വൈദ്യുതിയും ഗ്യാസ്‌കണക്ഷനുമെത്തിക്കാനുള്ള പദ്ധതികള്‍ കേള്‍ക്കുമ്പോള്‍ സുഖകരമാണെങ്കിലും പല തട്ടുകള്‍ മറിഞ്ഞ് ഗുണഭോക്താക്കളില്‍ എത്തപ്പെടാന്‍ തത്രപ്പാട് ഒരുപാട് വേണ്ടിവരും.
ആഭ്യന്തരവിപണിയെയും ഉല്പാദക മേഖലയെയും ശക്തിപ്പെടുത്താന്‍ ‘ഇന്ത്യയില്‍ തന്നെ നിര്‍മിക്കുക’ എന്ന പദ്ധതിക്ക് ഊന്നല്‍ നല്കണമെന്ന് ബജറ്റ് വാദിക്കുന്നുണ്ട്. അഞ്ച് ട്രില്യണ്‍ ഡോളര്‍ ഇക്കോണമി സ്വപ്‌നം കാണുന്ന പ്രധാനമന്ത്രിക്ക് യാഥാര്‍ഥ്യങ്ങള്‍ വളരെ വേഗത്തില്‍ ബോധ്യപ്പെടുമെന്ന് പ്രത്യാശിക്കാം. രാജ്യത്തെ ജനങ്ങളുടെ കഴിവിനെ താന്‍ വിശ്വസിക്കുന്നുവെന്നൊക്കെ പറയുന്നതുകൊണ്ടും നിരന്തരം നടത്തുന്ന ഗീര്‍വാണങ്ങള്‍കൊണ്ടും ഇക്കോണമി അഞ്ച് ട്രില്യണ്‍ ഡോളറിന്റേത് ആകില്ലെന്ന് പറയുന്നയാള്‍ക്കും കേള്‍ക്കുന്നയാള്‍ക്കും അറിയാവുന്ന കാര്യം തന്നെയാണ്.
അടിസ്ഥാനസൗകര്യ വികസനം സാധ്യമാക്കാതെ ഒരു ഇക്കോണമിയും പച്ചപിടിച്ച ചരിത്രം ആധുനിക ധനതത്വശാസ്ത്രത്തിലില്ല. മനുഷ്യവിഭവശേഷി വികസനവും റോഡും മറ്റു ഗതാഗത മാര്‍ഗങ്ങളുടെ മേന്മയും വികസനവുമടക്കമുള്ള അടിസ്ഥാനസൗകര്യ വികസനത്തിന് പണം കണ്ടെത്തുക എന്ന ദുഷ്‌കരമായ കാര്യത്തിന് വിദേശനിക്ഷേപ പ്രോത്സാഹനവും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലുമുള്‍പ്പെടെയുള്ള നവലിബറല്‍ അജണ്ട നടപ്പാക്കുകയെന്ന പഴയ സമ്പ്രദായം തന്നെയാണ് സര്‍ക്കാര്‍ മുന്നോട്ടുവക്കുന്നത്.
നിലവിലുള്ള പല പദ്ധതികള്‍ക്കും ചെലവഴിക്കുമെന്ന ഉറപ്പോടെ വകയിരുത്തിയിട്ടുള്ള തുക അതിന് പര്യാപ്തമല്ലെന്ന് കണക്കുകള്‍ പറയുന്നു. ദേശീയ തൊഴിലുറപ്പ് പദ്ധതി, ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതി എന്നിവ ഉദാഹരണം. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ ഗാന്ധിയന്‍ സ്വപ്‌നങ്ങളെപ്പറ്റി പേര്‍ത്തും പേര്‍ത്തും പറഞ്ഞതുകൊണ്ടു മാത്രമായില്ലല്ലോ. ഗ്രാമങ്ങളിലേക്ക് രാജ്യം കടന്നുചെല്ലുമെന്നൊക്കെ ബജറ്റ് പ്രസംഗത്തില്‍ വാചകമടിക്കുന്നതുകൊണ്ടോ അവരവരുടെ താല്പര്യത്തിനനുസരിച്ച് ഗാന്ധിവായനയെ എളുപ്പത്തിലാക്കാന്‍ ഗാന്ധിപീഡിയ നിര്‍മിച്ചതുകൊണ്ടു മാത്രമോ ഇന്ത്യയുടെ ഗ്രാമീണമേഖലകള്‍ ശക്തിപ്പെടണമെന്നില്ല.
തെരഞ്ഞെടുപ്പ് കാലത്ത് രാജ്യത്തെ കര്‍ഷകര്‍ക്കാകമാനമായി പ്രഖ്യാപിച്ച തുക അവരിലേക്ക് എത്തിക്കാനുള്ള പണം പോലും കൃത്യമായി ബജറ്റില്‍ വകയിരുത്തിയിട്ടില്ല. ദീര്‍ഘകാല പദ്ധതികളാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന പറച്ചിലിനെ താങ്ങിനിര്‍ത്തുന്ന വിശദീകരണങ്ങള്‍ ബജറ്റില്‍ കാണാനില്ലെന്നതാണ് വാസ്തവം. കാര്‍ഷികവിളകള്‍ക്ക് താങ്ങുവില കൂട്ടുന്നതുകൊണ്ടു മാത്രം ഉല്പന്നങ്ങള്‍ക്ക് വില കിട്ടണമെന്നില്ല. തുറന്ന മാര്‍ക്കറ്റ് സമ്പ്രദായം ഏതാണ്ട് പൂര്‍ണമായും നടപ്പാക്കാന്‍ പോകുന്ന രാജ്യത്തിന് ഇനി എത്രനാള്‍ കൂടി സാമൂഹ്യസുരക്ഷാ പദ്ധതികളെപ്പറ്റിയും കാര്‍ഷിക മേഖലയിലുള്ള സര്‍ക്കാര്‍ ഇടപെടലുകളെപ്പറ്റിയും പറയാനാകുമെന്ന കാര്യം കണ്ടറിയുക തന്നെ വേണം.
രാജ്യാന്തര കരാറുകളില്‍ ഒപ്പിട്ടുവരുന്ന രാജ്യത്തിന് ഇറക്കുമതിയിലൂടെയും തുറന്ന വിപണിയിലൂടെയും രാജ്യത്തേക്ക് കുത്തിയൊഴുകി വരുന്ന ഉല്പന്നങ്ങളെ ഇനിയും തടഞ്ഞുനിര്‍ത്താന്‍ സാധിക്കില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഇറക്കുമതി തീരുവ കൂട്ടിയും ചില രാജ്യങ്ങളുടെ ഉല്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയും നടത്തുന്ന നാടകങ്ങള്‍ക്ക് ഇനിയും വേദികളില്ലായെന്ന് ചുരുക്കം. ഷാങ്ഹായ് ജി-20 ഉച്ചകോടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി ലോകനേതാക്കളുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകുന്ന കാര്യങ്ങള്‍ തന്നെയാണിത്.
പിപിപി (പ്രൈവറ്റ് പബ്ലിക് പാര്‍ട്ടിസിപ്പേഷന്‍) പോളിസി നടപ്പാക്കുമെന്ന സര്‍ക്കാര്‍ നയം സമ്പൂര്‍ണമായും സ്വകാര്യവത്കരണത്തിലേക്കുള്ള വാതില്‍ തുറന്നിടലിനെ സൂചിപ്പിക്കുന്നുവെന്ന് നിരീക്ഷിക്കുന്നവരുണ്ട്. ലാഭകേന്ദ്രീകൃത സ്വകാര്യ സംരംഭങ്ങളില്‍ നിന്ന് നികുതിപിരിച്ച് സാമൂഹ്യക്ഷേമം ഉറപ്പുവരുത്താന്‍ ജനാധിപത്യ സംവിധാനങ്ങള്‍ക്ക് ഇനി അധികം സാധിക്കില്ല. നിക്ഷേപ പ്രോത്സാഹനമെന്ന പേരിലുള്ള ഇളവുകള്‍ പരിസ്ഥിതിക്കും തദ്ദേശജനതയ്ക്കും വരുത്താന്‍ പോകുന്ന പരുക്കുകള്‍ എന്തായിരിക്കുമെന്നത് അപ്രവചനീയമാണ്. വൈദ്യുതിയിലോടുന്ന വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്ന വാഗ്ദാനം നല്ലത്. അതിന്മേലുള്ള ഉല്പാദനസാധ്യതയെക്കുറിച്ചുള്ള പ്രാരംഭപഠനം മാത്രമാണ് നടന്നിട്ടുള്ളതെന്നാണ് വസ്തുത.
ലാഭം കൂടുതല്‍ ലാഭം എന്ന മന്ത്രവുമായി വരുന്ന സ്വകാര്യനിക്ഷേപകരെ കടിഞ്ഞാണിട്ട് നിയന്ത്രിക്കുന്ന സര്‍ക്കാര്‍ ഇടപെടലുകള്‍ക്ക് സാധ്യതയേ ഇല്ലാത്ത പുതിയകാല വ്യാപാര കരാറുകള്‍ സജീവമാകുന്ന കാലത്ത് അടിസ്ഥാന സാമൂഹ്യവികസനമേഖലകളായ വിദ്യാഭ്യാസം, ആരോഗ്യ-കാര്‍ഷികരംഗം എന്നിവയില്‍ നിന്ന് സര്‍ക്കാരുകള്‍ പിന്മാറുന്നത് ആശങ്കാജനകമാണ്.
നിര്‍മല സീതാരാമന്റെ ബജറ്റില്‍ പറഞ്ഞ അകനാന്നൂറിലെ വാക്യങ്ങള്‍ സൂചിപ്പിക്കുന്നതുപോലെ നെല്‍വയലില്‍ ഒരു ആന ഇറങ്ങുന്നതുപോലെയുണ്ട് കാര്യങ്ങള്‍ മൊത്തത്തില്‍ നോക്കുമ്പോള്‍!


Related Articles

ദൃശ്യവിസ്മയം സൂപ്പര്‍ഹിറ്റ്

പ്രേക്ഷകരുടെ ഇഷ്ടങ്ങളിലേക്ക് കൂടുകൂട്ടിയെത്തിയ സിനിമയാണ് ‘ഹോം’. ഒലിവര്‍ ട്വിസ്റ്റിന്റെ (ഇന്ദ്രന്‍സ്) ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിലേക്ക് കാണികള്‍ കൂടി അതിഥികളായെത്തിയ കൊച്ചുചിത്രം. സൂപ്പര്‍താരങ്ങളുടെ സാന്നിധ്യമില്ലാതെ തന്നെ ഇത്ര

ദിവ്യ ഇമ്പങ്ങളുടെ ഇനിയഗീതികള്‍

ജീസസ് യൂത്ത് റെക്സ് ബാന്‍ഡ്, വോക്‌സ് ക്രിസ്റ്റി എന്നീ വിഖ്യാത സംഗീതക്കൂട്ടായ്മകളുടെ മ്യൂസിക് മിനിസ്ട്രിയിലൂടെ യുവഹൃദയങ്ങളില്‍ ദൈവിക ചൈതന്യം നിറയ്ക്കുന്ന പ്രതിഭാധനനായ ഗോസ്പല്‍ സിംഗര്‍ എവുജിന്‍ ദൈവത്തിന്റെ

നാലു പതിറ്റാണ്ടിന്റെ കവിതക്കാലം

കുഞ്ഞുണ്ണി മാഷിനുശേഷം മലയാള ബാലസാഹിത്യ ലോകത്തില്‍ ഇളം മനസുകളെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു സാഹിത്യകാരനില്ല. സിപ്പി പള്ളിപ്പുറമെന്ന കുഞ്ഞുങ്ങളുടെ മഹാകവിക്ക് ഇക്കഴിഞ്ഞ മാസം 75 വയസ് തികഞ്ഞു.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*