സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയെ നോക്കുമ്പോള്‍

സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയെ നോക്കുമ്പോള്‍

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പൂര്‍ണ്ണകായ പ്രതിമ ഒക്‌ടോബര്‍ 31ന് രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നു. സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനമാണ് ഒക്‌ടോബര്‍ 31. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനവും അന്നുതന്നെ. രണ്ടും രാഷ്ട്രം ഓര്‍മ്മിക്കേണ്ടതാണ്. രാഷ്ട്രീയ കാരണങ്ങളാല്‍ ചില മറവികള്‍ പറ്റുന്നുണ്ട്. ചിലതൊക്കെ മായ്ച്ചുകളയുന്നത് പിന്നാലെ വരുന്നവരുടെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗം കൂടിയാണല്ലോ. മുന്നേ പോയവരെ മറക്കുക- ചരിത്രത്തില്‍ നിന്ന് മായിച്ചുകളയുക, അങ്ങനെയങ്ങനെ ചിലതെല്ലാമുണ്ട് രാഷ്ട്രീയത്തില്‍. ഗുജറാത്തും അതിന്റെ ഇന്ത്യന്‍ സ്വാതന്ത്രസമര പങ്കാളിത്തവും ചരിത്രത്തിന്റെ താളുകളില്‍ സ്വര്‍ണ്ണലിപികളാല്‍ ലിഖിതമാണെന്നത് ആര്‍ക്കാണ് അറിയാത്തത്? ഗാന്ധിജിയെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിനെയും പോലെ ഉന്നതരായ രാഷ്ട്രശില്പികള്‍ക്ക് ജന്മംനല്‍കിയ ദേശത്തിന്റെ പെരുമ മാലോകരെ അറിയിക്കാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രി കണ്ടെത്തിയ കൗതുകങ്ങളിലൊന്നാണ് ഒക്‌ടോബര്‍ 31ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന പട്ടേലിന്റെ പ്രതിമ. 2300 കോടിയിലധികം രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന പ്രതിമയുടെ ഉയരം 182 മീറ്റര്‍. ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ. ജനകോടികള്‍ ദാരിദ്ര്യത്തിലും പോഷകാഹാരക്കുറവിലും തൊഴിലില്ലായ്മയിലും നട്ടംതിരിയുന്ന നാട്ടില്‍ 2300 കോടിയുടെ പ്രതിമ; എന്നിട്ട് നമ്മള്‍ ലോകത്തോട് പ്രഖ്യാപിക്കുകയാണ്, ദാ കണ്ടോ, ഏറ്റവും ഉയരമുള്ള പ്രതിമ ഞങ്ങളുടെ നാട്ടിലാണ്! ബോധത്തില്‍ നിലാവ് വീഴാത്തവര്‍ ചിരിച്ചു പറയും: ങാ, കൊള്ളാമല്ലോ! പരിഹാസം മനസ്സിലാക്കാനും വേണ്ടേ ബോധത്തിന്റെ ചില അടരുകള്‍! മധ്യകാലഘട്ടത്തിലും അതിനും പിന്നിലേക്ക് മനുഷ്യര്‍ സിഗററ്റുകള്‍ നിര്‍മ്മിച്ചു തുടങ്ങിയ കാലത്തും ഉയരങ്ങളില്‍ മനുഷ്യമേധ അഭിരമിച്ചിരുന്നു. അതിന്റെ ചില അനുരണനങ്ങള്‍ ആധുനികകാലത്തും സംഭവിക്കുന്നുണ്ട്. വ്യക്തികള്‍ തങ്ങളുടെ ധൂര്‍ത്തിന്റെ ഭാഗമായി ഉത്തുംഗ ശൃംഗങ്ങള്‍ കെട്ടിയുയര്‍ത്തുമ്പോള്‍ കൗതുകത്തോടെ നമ്മള്‍ നോക്കി നില്‍ക്കും. മുകേഷ് അംബാനിയുടെ വീടൊക്കെ നമ്മള്‍ നോക്കുന്നത് കൗതുകത്തിന്റെ ഈ കണ്ണോടെയാണ്. പിരമിഡുകളും യൂറോപ്യന്‍ മധ്യകാലത്തിന്റെ ഉന്നതമായ പള്ളിനിര്‍മ്മാണങ്ങളും കുത്തബ്മിനാറും താജ്മഹലുമെല്ലാം മനുഷ്യാധ്വാനത്തെയും കലയെയും മറ്റൊരു രീതിയില്‍കാണാന്‍ തുനിഞ്ഞ കാലത്തിന്റെ അവശേഷിപ്പുകളായാണ് നമ്മള്‍ ഇന്ന് കാണുന്നതും വിലയിരുത്തുന്നതും. അതിനപ്പുറം ഇന്നിന്റെ മാനവഭാവനയിലേക്ക് അത് പറിച്ചുനടാനുള്ള ശ്രമം ഏറ്റവും ലളിതഭാഷയില്‍ മാത്രമേ ലോകം വിലയിരുത്തുകയുള്ളു. ഈഫല്‍ ടവറിന്റെ മുന്നില്‍ നിന്ന് ഗാന്ധിജി പറഞ്ഞതുപോലെ, പല മാനവ ശ്രമങ്ങളും വെറും ചവറാണെന്നുതന്നെ പറയേണ്ടിവരും.
നര്‍മ്മദാതീരത്തുള്ള ഗാന്ധിജിയുടെ ആശ്രമം കാണാന്‍ കഴിഞ്ഞവര്‍ഷം പോയതോര്‍ക്കുന്നു. ഗുജറാത്തില്‍ നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രിയും ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിയുടെ ഭാഗമായി പല കരാറുകളും ഒപ്പിടുന്ന ദിവസങ്ങളായിരുന്നു അത്. രണ്ട് രാഷ്ട്രത്തലവന്മാരും അന്ന് ഗുജറാത്തിലുണ്ട്. പല സ്ഥലത്തും സുരക്ഷാപരിശോധനകള്‍ കര്‍ക്കശമായിരുന്നു. ഗാന്ധിയുടെ ആശ്രമം ജപ്പാന്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചതും ആ ദിവസങ്ങളില്‍ ഒന്നിലായിരുന്നു. നര്‍മ്മദാതീരത്തെ ആശ്രമത്തിലേക്ക് പോയവര്‍ക്കറിയാം- അങ്ങോട്ടേയ്ക്കുള്ള റോഡിനിരുവശവും ചേരിപ്രദേശങ്ങളാണ്. ദാരിദ്ര്യത്തിന്റെ അടയാളം പോലൊരു കാഴ്ച. നമ്മുടെ കറുത്ത മുഖം വിദേശത്തലവന്റെ മുന്നില്‍ കാണിക്കണമെന്നില്ലല്ലോ എന്നോര്‍ത്താകാം നല്ല ഉയരത്തില്‍ ബോര്‍ഡുകള്‍കൊണ്ട് റോഡിനിരുവശവും അന്ന് മറച്ചിരുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ത്യ ആതിഥ്യം വഹിച്ചപ്പോള്‍ ഇമ്മാതിരി ഒരു പ്രയോഗം മന്‍മോഹന്‍ സിങ് ഗവണ്‍മെന്റും നടത്തിയിരുന്നു. ഡല്‍ഹിയിലെ ചേരിപ്രദേശങ്ങളില്‍നിന്ന് പാവങ്ങളെ അന്ന് ആട്ടിയോടിച്ചു. പോകാതെ പിടിച്ചുനിന്നവരെ മറച്ചുപിടിക്കാന്‍ വലിയ ബോര്‍ഡുകള്‍ നിരത്തി മറയുണ്ടാക്കി രാഷ്ട്രത്തിന്റെ നാണംമറച്ചു. 2300 കോടിയിലധികം തുകയൊന്നും വേണ്ടിവരില്ല ചില കുടിവെള്ള പദ്ധതികളൊക്കെ ഈ നാട്ടില്‍ നടപ്പിലാക്കാന്‍ ചില സാമൂഹ്യ സുരക്ഷാപദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍, കുറഞ്ഞപക്ഷം ആയിരക്കണക്കിനു കര്‍ഷകരുടെ കാര്‍ഷിക കടം എഴുതിത്തള്ളാനും അത് ഉപകരിച്ചേനേ. രാഷ്ട്രത്തിന്റെ നികുതി പണം ഉപയോഗിച്ച് കാര്യങ്ങള്‍ നിര്‍വ്വഹിക്കുമ്പോള്‍ മുന്‍ഗണന ക്രമങ്ങളെപ്പറ്റി നാട്ടിലെ പൗരസമൂഹത്തിന് ധാരണയുണ്ടെന്ന് രാഷ്ട്രീയ നേതാക്കള്‍ തിരിച്ചറിയേണ്ടതാണ്.
കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന് അവരുടേതായ രാഷ്ട്രീയമുണ്ട്. അത് കൃത്യതയോടെ നടപ്പിലാക്കാനുള്ള അജണ്ടയുണ്ട്. ഗാന്ധിജിയുടെയും പട്ടേലിന്റെയും രാഷ്ട്രീയധാരണകളില്‍ നിന്ന് നരേന്ദ്ര മോദിയുടെ രാഷ്ട്രീയ സ്വയംസേവകധാരണകളിലേക്ക് ഏറെ അകലമുണ്ടെങ്കിലും ജനഹൃദയങ്ങളില്‍ ജീവിക്കുന്ന ഈ നായകരെ ഏറ്റെടുത്ത് തങ്ങളുടേതാക്കാന്‍ നടത്തുന്ന വിരുതുകളില്‍ എന്‍ഡിഎ ഗവണ്‍മെന്റ് ഒരു ചുവട് മുന്നില്‍ തന്നെ. നെഹ്രുവിരുദ്ധ നിലപാടുകളിലൂടെ ഇന്ത്യയെ പുനര്‍നിര്‍വചിക്കാന്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് സര്‍വ്വാത്മന രാഷ്ട്രീയ പിന്തുണ കൊടുക്കുന്ന ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം നെഹ്രു വരഞ്ഞിട്ട ഇന്ത്യന്‍ ജനാധിപത്യബോധത്തെ മാറ്റിവരയ്ക്കാന്‍ പരിശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്. ഗാന്ധിവധത്തിന്റെ ചോരക്കറയില്‍നിന്ന് കൈകഴുകി മുക്തമാകാന്‍ കിണഞ്ഞുശ്രമിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് മോദി സര്‍ക്കാരിന്റെ ഗാന്ധിപ്രേമം അതിന്റെ മൂര്‍ധന്യതയിലെത്തുന്നതെന്ന നിരീക്ഷണം അത്രയ്ക്ക് രഹസ്യമാക്കിവയ്‌ക്കേണ്ടതുണ്ടോ? ഗാന്ധിജിയുടെ നിലപാടുകളില്‍ പലതും പറയാതെപോകുന്ന ഭരണപക്ഷ രാഷ്ട്രീയമാണ് നമ്മള്‍ തിരിച്ചറിയുന്നത്.
ഗാന്ധിജിയോടൊപ്പം ഗുജറാത്തിന്റെ മഹാപുത്രന്മാരിലൊരാളായി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എഴുന്നുനില്‍ക്കുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി ചുമതലയേറ്റ പട്ടേലിന് പ്രധാനമന്ത്രി നെഹ്രുവുമായി പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. ഭരണപരവും നയപരവുമായ കാര്യങ്ങളില്‍ രണ്ടുപേര്‍ക്കുമിടിയിലുണ്ടായിരുന്ന ഭിന്നതാല്‍പര്യങ്ങള്‍ ചരിത്രവസ്തുതയാണ്. കേംബ്രിഡ്ജില്‍നിന്നും ടെംപിള്‍ട്ടണില്‍നിന്നും ഉന്നതബിരുദം നേടിയ രണ്ടു മനീഷികള്‍ തമ്മിലുള്ള ഔന്നത്യമാര്‍ന്ന വിയോജിപ്പുകളായിരുന്നു അവയെല്ലാം. ഗാന്ധിജിയുടെ അടുത്ത സുഹൃത്തുക്കള്‍ ആരെല്ലാമാണെന്ന ചോദ്യത്തിന്റെ ഉത്തരവും നെഹ്രുവും പട്ടേലുമെന്നുതന്നെ. ഗാന്ധി വെടിയേറ്റുവീണ 1948 ജനുവരി 30ന്റെ സായാഹ്നത്തില്‍ പ്രാര്‍ത്ഥനയ്ക്കായി എഴുന്നേല്‍ക്കുന്നതിന്റെ തൊട്ടുമുന്‍പുവരെ പട്ടേലുമായി അദ്ദേഹം വര്‍ത്തമാനത്തിലായിരുന്നല്ലോ. നെഹ്രുവുമായുള്ള വിയോജിപ്പിനെക്കുറിച്ചാണ് അവര്‍ പറഞ്ഞുകൊണ്ടിരുന്നത്. ക്യാബിനറ്റില്‍നിന്ന് രാജിവയ്ക്കാനുള്ള തന്റെ താല്‍പര്യം പട്ടേല്‍ ആ സായാഹ്നത്തില്‍ ഗാന്ധിയോട് പറയുന്നുണ്ട്. അത് പാടില്ല എന്ന നിര്‍ദ്ദേശമാണ് ഗാന്ധിക്ക് നല്‍കാനുണ്ടായിരുന്നത്. പ്രാര്‍ത്ഥനാനേരത്തിനുശേഷം തന്നെ കാണാനെത്തുന്ന നെഹ്രുവിനോട് ഇതുതന്നൊണ് താന്‍ പറയാനുദ്ദേശിക്കുന്നതെന്നും പട്ടേലിനോട് അദ്ദേഹം വെളിപ്പെടുത്തി. സായാഹ്ന പ്രാര്‍ത്ഥനയ്ക്ക് പതിവിലും വൈകിയാണ് അന്ന് ഗാന്ധി പുറപ്പെട്ടത്. പട്ടേലിന് ഗാന്ധിയോടുള്ള അടുപ്പം ഈ നേരംതെറ്റലില്‍ ഗാന്ധി കാണിക്കുന്ന സൗമനസ്യത്തില്‍ വെളിവാകുന്നുണ്ട്. ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ പട്ടേലിന് ഗാന്ധിയുടെ സുരക്ഷാച്ചുമതലയില്‍ വീഴ്ചവന്നുവെന്ന വിമര്‍ശനങ്ങളില്‍ ഇന്ത്യയുടെ ഉരുക്കുമനുഷ്യന് വല്ലാതെ വേദനിച്ചിരുന്നു. തന്റെ ജീവന്‍കൊടുത്തും ഗാന്ധിയെ രക്ഷിക്കാന്‍ ആ സുഹൃത്ത് സന്നദ്ധനായിരുന്നെന്നകാര്യം വിമര്‍ശകര്‍ മനഃപൂര്‍വം വിട്ടുകളഞ്ഞു. അഭിപ്രായഭിന്നതകള്‍ ഉള്ളപ്പോഴും നെഹ്രുവും പട്ടേലും ഒരുമിച്ചുനിന്ന് ഇന്ത്യയെ നയിക്കണമെന്ന് ഗാന്ധിജി ആഗ്രഹിച്ചിരുന്നു. ഗാന്ധിജിയുടെ സംസ്‌കാരച്ചടങ്ങിനുശേഷമുണ്ടായ അനുസ്മരണാവേദിയില്‍ നെഹ്രുവും പട്ടേലും പരസ്പരം ആലിംഗനം ചെയ്താണ് ഗാന്ധിജിയുടെ മനസ് നിറവേറ്റാന്‍ തയ്യാറായത്. ഇതെല്ലാം ചരിത്രയാഥാര്‍ഥ്യങ്ങളാണ്. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിനുശേഷം ആര്‍എസ്എസ് നിരോധിക്കപ്പെട്ടകാലത്ത് വളരെ ശക്തമായ ഭാഷയില്‍ ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ പട്ടേല്‍ ആ സംഘടനയെ വിമര്‍ശിക്കുന്നുണ്ട്. ഇന്ത്യ-പാക്കിസ്ഥാന്‍ വിഭജനത്തിന് യാതൊരു എതിര്‍പ്പുമില്ലാതെ സമ്മതംമൂളിയ പട്ടേലിന്റെ നയത്തെ ഉയര്‍ത്തിപ്പിടിച്ച് അദ്ദേഹം ഹിന്ദു ദേശീയവാദിയായിരുന്നെന്ന് പ്രചരിപ്പിക്കാന്‍ ഉത്സാഹംകാണിച്ച സ്വയംസേവക് നേതാക്കള്‍ക്കെതിരെ നിശിതമായ തന്റെ നിലപാടുകള്‍ പട്ടേല്‍ അറിയിക്കുന്നുണ്ട്. ഇന്ത്യാ വിഭജനകാലത്ത് ഒഴുകിയ ചോരപ്പുഴയ്ക്ക് നടുവില്‍നിന്നുകൊണ്ട് ഇന്ത്യയില്‍ തങ്ങുന്ന ഹിന്ദുവല്ലാത്ത ഒരാളുടെയുംമേല്‍ ഒരുനുള്ള് മണ്ണ് വീഴാന്‍ താന്‍ അനുവദിക്കില്ലായെന്ന് പ്രഖ്യാപിക്കുന്ന പട്ടേലിനെ ചരിത്രത്താളുകളില്‍നിന്ന് വായിച്ചെടുക്കാന്‍ സ്വയംസേവക് സംഘ് അത്രയ്ക്ക് താല്‍പര്യം കാണിക്കാറില്ല. ശരിയാണ്, സര്‍ദാര്‍ പട്ടേലിന് നെഹ്രുവിന്റെ ചൈനാനയത്തോട്, ടിബറ്റിനോടുള്ള സമീപനത്തോട് എല്ലാമെല്ലാം വിയോജിപ്പുകളുണ്ടായിരുന്നു. പക്ഷേ അതൊന്നും ആര്‍എസ്എസിന്റെ തീവ്ര ഹിന്ദു ദേശീയവാദത്തോട് ചേര്‍ന്നുപോകുന്നതായിരുന്നില്ല. ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സങ്കല്‍പത്തോടും ഗ്രാമീണ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയെന്ന ലളിതമായ സാമ്പത്തികനയങ്ങളോടുമായിരുന്നു പട്ടേലിനു താല്‍പര്യം. നെഹ്രുവിന്റെ സാമ്പത്തിക-വ്യാവസായിക നയങ്ങളില്‍ പട്ടേല്‍ അസ്വസ്ഥനായിരുന്നു. പക്ഷേ ഇന്ത്യയെ മുന്നോട്ടുനയിക്കാന്‍ നെഹ്രുവിന്റെ ഉജ്വലമായ വ്യക്തിപ്രഭാവം സഹായകരമാകുമെന്ന് പട്ടേലിനറിയാമായിരുന്നു.
പട്ടേലിന്റെ നെഹ്രു വിമര്‍ശനത്തെ സമര്‍ത്ഥമായി ഉപയോഗിച്ച് അദ്ദേഹത്തെ തീവ്രദേശീയവാദത്തിന്റെ സങ്കുചിതത്തിലേക്ക് ചുരുക്കിക്കെട്ടാനുള്ള ശ്രമങ്ങളെ ചരിത്രസ്‌നേഹികള്‍ ചെറുക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ എന്ന പേരില്‍ പട്ടേലിന്റെ പ്രതിമ നിര്‍മിച്ച് വലിയ സംഭവമാക്കുന്നതിന്റെ പിന്നില്‍ ഗൂഢമായ തീവ്രദേശീയ താല്‍പര്യങ്ങളുടെ നിഴല്‍ വീണിട്ടുണ്ട്. നാട്ടുരാജ്യങ്ങളെ അനുനയിപ്പിച്ച് ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ത്തുനിര്‍ത്തിയ പട്ടേലിന്റെ നയതന്ത്രജ്ഞതയെ സൂചിപ്പിക്കുന്നതാണ് ‘യൂണിറ്റി’ എന്ന വാക്ക് എന്ന് അത്ര ലളിതമായി അംഗീകരിക്കാനാവുമോ? തീവ്രദേശീയവാദത്തിന്റെ ചുവയും കയ്പും അതില്‍ അലിഞ്ഞിട്ടില്ലേ? 182 മീറ്റര്‍ ഉയരത്തിന്റെ ഗാംഭീര്യത്തിലൂടെ പട്ടേലിനെ പ്രതിഷ്ഠിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ ആ മഹാവ്യക്തിത്വത്തിന്റെ മുഴുവന്‍ സങ്കീര്‍ണതകളെയും അഭിസംബോധന ചെയ്യുന്നില്ലായെന്ന വസ്തുത പിന്നെയും അവശേഷിക്കുന്നുണ്ട്. ചമ്പാരന്‍ സമരകാലത്തിലൂടെ ഗാന്ധിജിയിലേക്ക് ആകര്‍ഷിക്കപ്പെട്ട സര്‍ദാര്‍ പട്ടേല്‍ ബര്‍ദോളിയിലെ കര്‍ഷക സമരകാലത്തോടെ ഗാന്ധിയുടെ നിലപാടുകളിലേക്ക് തന്നെത്തന്നെ പൂര്‍ണമായി നല്‍കാന്‍ തുടങ്ങിയിരുന്നു. ഇതിനര്‍ത്ഥം അദ്ദേഹം ഗാന്ധിയെ വിമര്‍ശിച്ചില്ലായെന്നല്ല. തന്റെ നിലപാടുകള്‍ അദ്ദേഹം വെട്ടിത്തുറന്ന് ആരോടും പറഞ്ഞിരുന്നു-ഗാന്ധിജിയടക്കമുള്ളവരോട്. നെഹ്രുവിനോടുള്ള സമീപനവും അങ്ങനെ തന്നെ. ഇന്ത്യയുടെ ജനാധിപത്യ-മതേതര ഭാവിക്കായി ഒരുമിച്ചു തുഴഞ്ഞ ഉജ്വലമായ വ്യക്തിത്വങ്ങളായിരുന്നു നെഹ്രുവും പട്ടേലും. എല്ലാ ടൂറിസ്റ്റ് താല്‍പര്യങ്ങള്‍ക്കും പ്രതിമാ നിര്‍മാണങ്ങള്‍ക്കുമപ്പുറം ഇന്ത്യയുടെ ഏകതയിലാണ് ആ മനുഷ്യന്റെ നിലനില്‍പ്. അത് ജനഹൃദയങ്ങളിലാണ് വേരൂന്നിയിരിക്കുന്നത്. ഏതെങ്കിലും പാര്‍ട്ടിയുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് ഒതുക്കാനാവാത്തവിധം വളര്‍ന്നുനില്‍ക്കുന്ന ഇന്ത്യയുടെ ശ്രേഷ്ഠമനുഷ്യരെ ഇന്ത്യന്‍ പൊതുസമൂഹത്തിന്റെ ആദരവിന് വിട്ടുകൊടുക്കേണ്ടതല്ലേ? മഹാവ്യക്തിത്വങ്ങളെ ചുരുക്കിയെഴുതി തങ്ങളുടേതു മാത്രമാക്കാനുള്ള കുത്സിത ശ്രമങ്ങളെ നാട് തിരിച്ചറിയുന്നുണ്ട്. ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യസമരകാലത്തിന്റെയും ജനാധിപത്യമുന്നേറ്റ കാലത്തിന്റെയും പ്രതീകങ്ങളായ നിരവധി മഹാനേതാക്കള്‍ക്കൊപ്പം പട്ടേലും ഇവിടെ ആദരിക്കപ്പെടുന്നു. ഒരാളെ ഇകഴ്ത്തി വേറൊരാളെ പുകഴ്‌ത്തേണ്ടതുണ്ടോ? അത്തരം ശ്രമങ്ങള്‍ ഈ നാടിന്റെ മഹത്തായ പാരമ്പര്യത്തിന് വിരുദ്ധമായ നടപടി തന്നെ.


Related Articles

ആലപ്പുഴ രൂപതക്ക് ഇന്ന് അറുപത്തെട്ടാം പിറന്നാള്‍

1952 ജൂണ്‍ 19നാണ് പന്ത്രണ്ടാം പീയൂസ് പാപ്പ’ഏയ റെദെംപ്‌തോറിസ് വെര്‍ബാ ‘ എന്ന തിരുവെഴുത്ത് വഴി കൊച്ചി രൂപത വിഭജിച്ച് ആലപ്പുഴ രൂപത സ്ഥാപിച്ചത്. പ്രഥമമെത്രാനായി ബിഷപ്

ഓഖിയില്‍ രക്ഷകനായ ഇമ്മാനുവലിന് സര്‍ക്കാരിന്റെ ആദരം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് തിരിച്ചെത്താനാകാതെ ദിവസങ്ങളോളം കടലില്‍ കടുങ്ങിയ മത്സ്യത്തൊഴിലാളികളെയും ബോട്ടും സാഹസികമായി കരയിലെത്തിച്ച ശക്തികുളങ്ങര കൂട്ടുവാതുക്കല്‍ ഇമ്മാനുവല്‍ ആന്റണി നസ്രത്തിനെ നാവിക് ഉപകരണങ്ങള്‍ നല്കി

സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍; ക്രമീകരണം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും ഉച്ചയ്ക്കുശേഷം മറ്റുള്ളവര്‍ക്കും റേഷന്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*