Breaking News

സവര്‍ണ രാഷ്ട്രീയത്തിന്റെ സാമ്പത്തിക സംവരണം നോട്ടം വോട്ടില്‍: പിന്നാക്ക-ദളിത് വിഭാഗങ്ങള്‍ക്ക് തിരിച്ചടിയാകും

സവര്‍ണ രാഷ്ട്രീയത്തിന്റെ സാമ്പത്തിക സംവരണം നോട്ടം വോട്ടില്‍: പിന്നാക്ക-ദളിത് വിഭാഗങ്ങള്‍ക്ക് തിരിച്ചടിയാകും

മുന്നാക്ക ജാതി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിക്കും ഉന്നതവിദ്യാഭ്യാസത്തിനും 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ദളിത്-പിന്നാക്ക വിഭാഗങ്ങളെ ദോഷകരമായി ബാധിക്കും. ഇന്ത്യന്‍ ഭരണഘടനയെ തന്നെ വെല്ലുവിളിക്കുന്ന നടപടിയുമാണത്. പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ തങ്ങളുടെ വോട്ടുബാങ്കായ മുന്നാക്കക്കാരെ പ്രീണിപ്പിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ അടവുനയമായാണ് ഈ പ്രഖ്യാപനത്തെ കാണേണ്ടത്.
വാര്‍ഷിക വരുമാനം എട്ടു ലക്ഷം രൂപയില്‍ കുറഞ്ഞവര്‍ക്ക് സാമ്പത്തിക അടിസ്ഥാനത്തിലുള്ള സംവരണം നല്‍കാനാണ് കേന്ദ്രനീക്കം. ഭരണഘടനയുടെ 15, 16 വകുപ്പുകള്‍ ഭേദഗതി ചെയ്ത് സാമ്പത്തിക സംവരണം കൊണ്ടുവരികയാണ് ലക്ഷ്യം. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നല്‍കും. സാധാരണ ബുധനാഴ്ചകളില്‍ ചേരുന്ന മന്ത്രിസഭാ യോഗത്തിനു പകരം തിങ്കളാഴ്ച അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്നാണ് സാമ്പത്തിക സംവരണത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുഖ്യ പ്രചരണ വിഷയങ്ങളിലൊന്നായി സാമ്പത്തിക സംവരണം ഉയര്‍ത്തിക്കാട്ടാനാണ് ബിജെപിയുടെ നീക്കം. രാജ്യസഭയില്‍ ബില്‍ പാസാകാനിടയില്ലാത്തതിനാല്‍ അധികാരത്തില്‍ വന്നാല്‍ സാമ്പത്തിക സംവരണം നടപ്പിലാക്കുമെന്ന വാഗ്ദാനമായിരിക്കും ബിജെപി മുന്നണി നല്‍കുക എന്നു കരുതാം.
കേരളത്തിലാകട്ടെ പുതുതായി ആരംഭിക്കുന്ന കെഎഎസില്‍ സംവരണത്തെ അട്ടിമറിക്കാനായി ശക്തമായ നീക്കം നടക്കുക
യാണ്. ദേവസ്വം ബോര്‍ഡില്‍ ഇത്തരത്തി
ല്‍ സംവരണം നടപ്പാക്കാന്‍ ഇടതുപക്ഷം നേരത്തെ തന്നെ ശ്രമിക്കുന്നുണ്ട്. നവോത്ഥാന മതിലില്‍ കൈകോര്‍ത്ത വെള്ളാപ്പള്ളി നടേശന്റെയും പുന്നല ശ്രീകുമാറിന്റെയും നിലപാടുകള്‍ ഇനിയാണ് ശ്രദ്ധേയമാകാന്‍ പോകുന്നത്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കല്ലേ സംവരണം വേണ്ടത് എന്ന ലളിതമായ യുക്തിയാണ് പലപ്പോഴും സവര്‍ണര്‍ ഉയര്‍ത്തുന്നത്. നൂറ്റാണ്ടുകളായി സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്‌ക്കാരികമായും അടിച്ചമര്‍ത്തപെട്ട ജനസമൂഹങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനു നല്‍കുന്ന പരിരക്ഷകളില്‍ ഒന്നു മാത്രമാണ് ജാതി സംവരണമെന്നത് ഈ യുക്തിയില്‍ മുങ്ങിപ്പോകുന്നു.
സംവരണത്തിന് സാമ്പത്തികം ഒരു മാനദണ്ഡമല്ല. ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണകാലഘട്ടത്തില്‍ നിന്നു വളരെ ദൂരമൊന്നും മുന്നോട്ടുപോകാന്‍ ഇപ്പോഴും ഇവിടത്തെ ദളിതര്‍ക്കും പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും കഴിഞ്ഞിട്ടില്ലെന്നത് വസ്തുതയാണ്. സാമൂഹികമായും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് സംവരണം അനുവദിച്ചിരിക്കുന്നത്. ഭരണഘടന സംവരണത്തിന് സാമ്പത്തിക മാനദണ്ഡം മുന്നോട്ടുവെച്ചിട്ടില്ല. ജനസംഖ്യാനുപാതികമായി നിലവിലെ സംവരണമനുഭവിക്കുന്ന സമൂഹങ്ങള്‍ രാഷ്ട്രീയ, സാമുഹ്യ, സാമ്പത്തിക, സാംസ്‌കാരിക മണ്ഡലങ്ങളില്‍ മറ്റ് ഉയര്‍ന്ന വിഭാഗങ്ങളുമായി തുല്യതയില്‍ എത്തുമ്പോള്‍ സംവരണ ആനുകൂല്യങ്ങള്‍ നീക്കംചെയ്യണമെന്ന് ഭരണഘടനാശില്പികള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ ജനാധിപത്യവും സാമൂഹികക്രമവും ലക്ഷ്യംവെച്ചു കൊണ്ടുള്ള ഭരണഘടനാ അവകാശമാണ് സത്യത്തില്‍ സംവരണം.
ജാതിയുടെ ശ്രേണീകൃതമായ അധികാരബന്ധങ്ങളാല്‍ പുറന്തള്ളപ്പെട്ടുപോയ – ഇപ്പോഴും പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്ന – വിഭാഗങ്ങള്‍ക്ക് അധികാര, ഭരണ വ്യവസ്ഥിതിയിലും സാമൂഹിക അധികാരങ്ങളെ ഉറപ്പിക്കുന്ന ജീവിതത്തിന്റെ സമസ്ത മേഖലയിലും പ്രാതിനിധ്യം ഉറപ്പാക്കുക എന്നതാണ് സംവരണത്തിന്റെ കാതലായ തത്വം. ഭരണഘടനയുടെ ഈ അടിസ്ഥാന തത്വത്തെയും നീതിപൂര്‍ണമായ സമൂഹ രൂപീകരണത്തെയുമാണ് സാമ്പത്തിക സംവരണത്തിലൂടെ അട്ടിമറിക്കുവാന്‍ ശ്രമിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട് ജാതി സംവരണത്തെ ക്രമേണ ഇല്ലാതാക്കാനുള്ള നീക്കമായിത്തന്നെ കാണേണ്ടിവരും. കാലങ്ങളായി ഇവിടത്തെ സവര്‍ണ ജാതിവിഭാഗങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതാണ് സാമ്പത്തിക സംവരണം. ജാതീയമായ പിന്നാക്കാവസ്ഥയ്ക്ക് കാരണം ജാതിയല്ല ദാരിദ്ര്യമാണ് എന്നാണ് പലപ്പോഴും പൊതുസമൂഹം പുലര്‍ത്തിവരുന്ന ധാരണ. ഇതിന്റെ അടിസ്ഥാനത്തിലാണ് സംവരണം ഉണ്ടായ കാലംതൊട്ട് സാമ്പത്തിക സംവരണത്തിനുവേണ്ടി വാദിക്കുന്നത്. സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് പിന്നാക്ക വിഭാഗങ്ങളെ കൂടുതല്‍ മോശപ്പെട്ട അവസ്ഥയിലേക്കു നയിക്കും. ജാതിവ്യവസ്ഥിതിയുടെ തണലില്‍ അധികാരവും സമ്പത്തും പ്രാതിനിധ്യവും അനര്‍ഹമായി ഏറെക്കാലം കൈവശം വെച്ചവര്‍ക്ക് നിലവില്‍ തന്നെ അവരുടെ പ്രാതിനിധ്യം എല്ലാ മേഖലയിലും വ്യാപിച്ചുകൊണ്ടിരിക്കെ സാമ്പത്തികാടിസ്ഥാനത്തിലും സംവരണം ഏര്‍പ്പെടുത്തി ഇരട്ടി അധികാരം നല്‍കുകയായിരിക്കും ഇതിന്റെ ഫലം. മറുഭാഗത്ത് ജാതിയില്‍ പിന്നാക്കം നില്‍ക്കുന്ന സംവരണ സമുദായങ്ങള്‍ കുറെക്കൂടി ചരിത്രപരമായി പിന്നാക്കം തള്ളപ്പെടും. അധികാരത്തില്‍ നിന്നും പ്രാതിനിധ്യത്തില്‍ നിന്നും വീണ്ടുമവര്‍ മാറ്റിനിര്‍ത്തപ്പെടും.
സംവരണം എന്നത് അധികാര പങ്കാളിത്തമാണ്, ദാരിദ്ര്യനിര്‍മാര്‍ജന മാര്‍ഗമല്ല. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മറ്റു ദാരിദ്ര്യനിര്‍മാര്‍ജന പരിപാടികളാണ് ആവിഷ്‌കരിക്കേണ്ടത്. സംവരണം എന്നു പറയുന്നത് പൂര്‍ണമായും അധികാര പങ്കാളിത്തമാണ്, രാഷ്ട്രീയാധികാരത്തിലെ പങ്കാളിത്തമാണ്. അല്ലാതെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗമായിട്ടല്ല സംവരണം വിഭാവനം ചെയ്തിരിക്കുന്നത്. അതിനെ അട്ടിമറിക്കുകയെന്നത് ഇവിടത്തെ സവര്‍ണ മേധാവിത്വത്തെ അരക്കിട്ടുറപ്പിക്കാനുള്ള നീക്കം മാത്രമാണ്.
കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടികളും സാമ്പത്തിക സംവരണത്തിനു വേണ്ടി പലപ്പോഴും വാദിച്ചിട്ടുണ്ട്. 1956ല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അയച്ച കത്തുകളില്‍ സാമ്പത്തിക സംവരണത്തിനുവേണ്ടി വാദിക്കുന്നുണ്ട്. 1957ല്‍ സംസ്ഥാനത്ത് കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഭരണകാലത്ത് നിയോഗിച്ച ഭരണപരിഷ്‌കാര കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലും സാമ്പത്തിക സംവരണത്തിനുവേണ്ടി വാദിച്ചിട്ടുണ്ട്. ജാതി സംവരണം കാര്യക്ഷമത ഇല്ലാതാക്കുമെന്ന അഭിപ്രായക്കാരനായിരുന്നു മുഖ്യമന്ത്രി ഇഎംഎസ്.
ജാതി സംവരണം വേണ്ട എന്ന ഉറച്ച നിലപാടുകാരാണ് സംഘപരിവാര്‍. സവര്‍ക്കറിനെപ്പോലെയുള്ളവരും ഗോഡ്‌ഗേവാക്കറിനെപ്പോലുള്ളവരും സംവരണത്തെ പൂര്‍ണമായി എതിര്‍ത്തവരാണ്. സംവരണം ജാതിവളര്‍ത്തുന്ന ഒന്നാണെന്നാണ് അവര്‍ പറഞ്ഞത്. 1950കളില്‍ ഗുജറാത്തിലടക്കം രാജ്യത്തിന്റെ പല ഭാഗങ്ങളിലും സംവരണ വിരുദ്ധത അക്രമത്തിനു വഴിവെച്ചിരുന്നു. അനേകം ദളിതര്‍ക്ക് ജീവഹാനിവരുത്തിയ സംവരണ വിരുദ്ധ സമരങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തും നടന്നിട്ടുണ്ട്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ രാജ്യമാസകലം കലാപം അഴിച്ചുവിടുകയാണ് സംഘപരിവാര്‍ സംഘടനകള്‍ ചെയ്തത്. അതുകൊണ്ടുതന്നെ സംവരണം ഇല്ലാതാക്കുകയെന്നത് പൂര്‍ണമായും സംഘപരിവാറിന്റെ നയമാണ്. അതിനെ കമ്യൂണിസ്റ്റു പാര്‍ട്ടികളും കോണ്‍ഗ്രസും പിന്താങ്ങുകയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ ഉറച്ച നിലപാടെടുക്കുമ്പോള്‍ സാഹചര്യം നോക്കിയാണ് കോണ്‍ഗ്രസ് പ്രതികരിക്കാറെന്നു മാത്രം. ഫലത്തില്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഇവിടത്തെ സവര്‍ണ വിഭാഗങ്ങളുടെ സംരക്ഷകരായി മാറുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രനീക്കത്തെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്തുവന്നതോടെ വര്‍ഗരാഷ്ട്രീയം സവര്‍ണ രാഷ്ട്രീയവുമായി കൈകോര്‍ത്തിരിക്കുന്നു എന്നും പറയാം. വോട്ട്ബാങ്ക് രാഷ്ട്രീയത്തിനായി സാമൂഹ്യനീതിയെ അട്ടിമറിക്കുവാന്‍ കൂട്ടുനില്‍ക്കുകയാണ് രാഷ്ട്രീയക്കാര്‍.
പിന്നാക്ക വിഭാഗക്കാരില്‍ സംവരണത്തിന് അര്‍ഹതയുള്ളവരെ കണ്ടെത്താന്‍ കേരള സര്‍ക്കാര്‍ തീരുമാനമെടുത്തപ്പോള്‍ 2018 സെപ്തംബറില്‍ നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍എസ്എസ്) ജാതി സംവരണത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സംവരണത്തിന് അര്‍ഹത ഉള്ളവരെ കണ്ടത്തേണ്ടത് ജാതി അടിസ്ഥാനത്തില്‍ അല്ല, വര്‍ക്ഷത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണമെന്നും പിന്നാക്ക വിഭാഗക്കാരിലെ സംവരണത്തിന് അര്‍ഹതയുള്ളവരെ കണ്ടെത്തുന്നത്തിനുള്ള കേരളത്തിലെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നുമായിരുന്നു എന്‍എസ്എസിന്റെ ആവശ്യം.
കേരളത്തില്‍ അറുപതു വര്‍ഷമായി തുടരുന്ന ജാതി സംവരണം കേരളത്തിലെ സാമൂഹിക സന്തുലിതാവസ്ഥയെ ക്ഷയിപ്പിച്ചെന്നും ഹര്‍ജിയില്‍ എന്‍എസ്എസ് പറഞ്ഞിരുന്നു. ജാതികള്‍ക്ക് ഉള്ളിലുള്ള പ്രത്യേക വിഭാഗക്കാരെ പിന്നോക്ക വിഭാഗങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതിന് ഭരണഘടനയുടെ 341, 342 അനുച്ഛേദങ്ങള്‍ പ്രകാരം രാഷ്ട്രപതിക്കുള്ള അധികാരം പ്രഖ്യാപിക്കണമെന്നും എം. നാഗരാജ് കേസില്‍ കോടതി നിര്‍ദേശിച്ച സ്ഥിതിവിവരശേഖരണം പൂര്‍ത്തിയാകുന്നതു വരെ പിന്നാക്ക വിഭാഗങ്ങളെ സംവരണ വിഭാഗങ്ങളാക്കി തുടരുന്ന പ്രക്രിയ നിര്‍ത്തിവെയ്ക്കണമെന്നുമായിരുന്നു എന്‍എസ്എസിന്റെ പ്രധാന ആവശ്യം. 1935ല്‍ തിരുവിതാംകൂറില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം അനുവദിച്ചിരുന്നു എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ കേരളം രൂപീകരിക്കുന്നതിനു മുമ്പുതന്നെ ഇവിടെ ജാതി സംവരണം ഉണ്ടായിരുന്നുവെന്നാണ് മനസിലാക്കേണ്ടത്. ഈ വസ്തുത മറച്ചുവച്ചുകൊണ്ടാണ് 60 വര്‍ഷത്തിന്റെ കണക്ക് എന്‍എസ്എസ് പറയുന്നതെന്നു മാത്രം.
കേരളത്തില്‍ ഏറ്റവും ആദ്യം സംവരണത്തിനായി വാദിച്ചതും ജാതി സംവരണം നടപ്പിലാക്കിയതും നായര്‍ വിഭാഗത്തില്‍പ്പെട്ടവരാണ്. 1891ല്‍ മലയാളി സഭ എന്ന നായര്‍ വിഭാഗക്കാരുടെ നേതൃത്വത്തില്‍ അന്നത്തെ തിരുവിതാംകൂറില്‍ ഉള്ള ജോലികളില്‍ ബഹുഭൂരിപക്ഷവും പരദേശി ബ്രാഹ്മണര്‍ക്ക് നല്‍കിയതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു.
2006ലെ കണക്കുകള്‍ പ്രകാരം ജനസംഖ്യയുടെ 12.5 ശതമാനം വരുന്ന നായര്‍ വിഭാഗം ഒരു സംവരണവും ഇല്ലാതെ തന്നെ മൊത്തം ഉദ്യോഗങ്ങളുടെ 21 ശതമാനം നേടിയിരുന്നു. അതായത് അവരുടെ ജനസംഖ്യയുടേതിനെക്കാള്‍ 40.5 ശതമാനം അധികം അനുപാതം. മറ്റു മുന്നോക്ക വിഭാഗക്കാരുടെ ജനസംഖ്യാ പ്രാതിനിധ്യം 1.3 ശതമാനവും ഉദ്യോഗപ്രാതിനിധ്യം 3.1 ശതമാനവുമാണ്. അതായത് ജനസംഖ്യയെക്കാള്‍ 56.5 ശതമാനം അധികം. ജനസംഖ്യയുടെ 22.2 ശതമാനം വരുന്ന ഈഴവര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗതലങ്ങളിലുള്ള പ്രാതിനിധ്യം 22.7 ശതമാനമാണ്. അതായത് ജനസംഖ്യാനുപാതത്തെക്കാള്‍ 0.02 ശതമാനം മാത്രം അധികം. ലത്തീന്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മറ്റു പിന്നാക്ക വിഭാഗക്കാരുടെത് ജനസംഖ്യാ പ്രാതിനിധ്യം 8.2 ശതമാനവും ഉദ്യോഗസ്ഥ പ്രാതിനിധ്യം 5.8 ശതമാനവുമാണ്. അതായത് ജനസംഖ്യാനുപാതത്തെക്കാള്‍ 41.0 ശതമാനം കുറവ്. ജനസംഖ്യയുടെ 9 ശതമാനം വരുന്ന പട്ടിക ജാതി/വര്‍ഗ വിഭാഗത്തിന്റെ സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ പ്രാതിനിധ്യം 7.6 ശതമാനം മാത്രമാണ്. ഇത് അവരുടെ ജനസംഖ്യാനുപാതത്തെക്കാള്‍ 22.6 ശതമാനം കുറവാണ്.


Tags assigned to this article:
bejo silveryreservation

Related Articles

മനുഷ്യന്റെ കടന്നുകയറ്റങ്ങള്‍ തീരപരിസ്ഥിതിയെ തകിടം മറിച്ചു: തീരശോഷണത്തെക്കുറിച്ച് ശില്പശാല

എറണാകുളം: ദയാരഹിതമായി മനുഷ്യന്‍ പ്രകൃതിക്കുമേല്‍ നടത്തിയ കടന്നുകയറ്റത്തിന്റെ പ്രതിഫലനങ്ങള്‍ കേരളത്തിന്റെ തീരപരിസ്ഥിതിയെ തകിടംമറിച്ചതായി തീരശോഷണം: പ്രതിരോധവും ബദല്‍ സാധ്യതകളും എന്ന വിഷയത്തില്‍ കുസാറ്റ് മറൈന്‍ സയന്‍സ് ഓഡിറ്റോറിയത്തില്‍

എയര്‍ ഇന്ത്യ ആഭ്യന്തര സര്‍വീസുകള്‍ക്കുള്ള ബുക്കിങ് മേയ് നാലുമുതല്‍ പുനഃരാരംഭിക്കും

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ കാലാവധി പൂര്‍ത്തിയാക്കിയശേഷം മേയ് നാലുമുതല്‍ ആഭ്യന്തര ബുക്കിങ്ങുകള്‍ ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ. അന്താരാഷ്ട്ര സര്‍വീസുകള്‍ ജൂണ്‍ ഒന്നുമുതല്‍ ആരംഭിക്കുമെന്നും എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ പറയുന്നു.

പരിസ്ഥിതി ദിനത്തിൽ കെ. എൽ.സി.എ സുവർണ ജൂബിലി വൃക്ഷ തൈ നട്ടു.

“പരിസ്ഥിതിയോട് ഇണങ്ങിയ ജീവിതമാണ് ശരിയായത് ” – ആന്റണി നൊറോണ കണ്ണൂർ :- കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സുവർണ്ണ ജൂബിലി വർഷാചരണത്തിന്റെ ഭാഗമായി ലോക പരിസ്ഥിതി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*