സാമുദായിക യാഥാര്‍ത്ഥ്യവും രാഷ്ട്രീയശക്തിയും

സാമുദായിക യാഥാര്‍ത്ഥ്യവും രാഷ്ട്രീയശക്തിയും

സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക (മത്താ. 22, 21). കത്തോലിക്കാസഭയുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് അടിസ്ഥാനമായി എന്നും ഉയര്‍ത്തിപ്പിടിക്കുന്ന വേദവാക്യമാണിത്. ദൈവിക കാര്യങ്ങളില്‍ ശ്രദ്ധയൂന്നി ജീവിക്കേണ്ടവര്‍ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടേണ്ട എന്ന ധ്വനി ഈ വാക്കില്‍ ഉണ്ടെന്നു പഠിപ്പിക്കാനാണ് എല്ലാവര്‍ക്കും താല്പര്യം. മതപരമായ ഇടപെടലുകള്‍ രാഷ്ട്രീയത്തില്‍ ഉണ്ടാകരുത് എന്നത് ഏറ്റവും ശുദ്ധമായ രാഷ്ട്രനീതിക്ക് അനിവാര്യമാണ്. അതിനാല്‍ തന്നെ മതവും രാഷ്ട്രീയവും ഇടകലരുന്നിടങ്ങളില്‍ അരാജകത്വം രൂപപ്പെടുന്നത് നമുക്കു കാണാന്‍ കഴിയും. രാഷ്ട്രീയത്തിന് അതിരുകടന്ന ആജ്ഞാശക്തി മതത്തിന്റെ ഇടപെടലുകള്‍ കൊണ്ട് ഉണ്ടാകുന്നുവെന്നത് ചരിത്രവസ്തുതയാണ്. മതത്തെ മുന്നില്‍ നിര്‍ത്തിയുള്ള പല രാഷ്ട്രീയ മുന്നേറ്റങ്ങളും ലോകചരിത്രത്തില്‍ നാം കാണുന്നുണ്ട്. കത്തോലിക്കാസഭ അതിനാല്‍ തന്നെ മതത്തെയും രാഷ്ട്രീയത്തെയും രണ്ടു തട്ടില്‍ കാണാനാണ് എന്നും ശ്രമിച്ചിട്ടുള്ളത്.

ഇന്ത്യ ഏറ്റവും വലിയ ഒരു ജനാധിപത്യ ശക്തിയാണ്. ഭൂരിപക്ഷത്തിന്റെ തീരുമാനത്തിനും ജനപങ്കാളിത്വത്തിനും ഏറ്റവും പ്രാധാന്യമുള്ള ഒരു ഭരണക്രമത്തെ അടിസ്ഥാനമാക്കി മുന്നോട്ടുപോകുന്ന രാജ്യം. ഇവിടെയാണ് സഭയുടെ അടിസ്ഥാന രാഷ്ട്രീയ നിലപാടുകളുടെ പുനര്‍വായന അനിവാര്യമാകുന്നത്. ജനാധിപത്യ പ്രക്രിയയില്‍ പങ്കുചേരുക എന്നത് വോട്ടു ചെയ്യുക എന്നതുകൊണ്ടുമാത്രം പൂര്‍ണ്ണമാകുന്ന ഒന്നല്ല. ഏതൊരു ഭരണസംവിധാനത്തിനും അതിന്റേതായ നന്മകളും പിഴവുകളും ഉള്ളതുപോലെ തന്നെ ജനാധിപത്യത്തിനും അതിന്റേതായ പരിമിതികളുണ്ട്. നാം ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണെന്ന് അഭിമാനപൂര്‍വ്വം പറയുമ്പോഴും ലോകത്തിലെ കുറ്റമറ്റ ഭരണസംവിധാനത്തിലാണെന്നു കരുതരുത്. ഭൂരിപക്ഷ നീതിയാണ് ഇവിടെ നടപ്പിലാക്കപ്പെടുന്നത്. ഇവിടെ അംഗബലത്തിനാണു പ്രാമുഖ്യം ലഭിക്കുക. അതിനാല്‍ തന്നെ പുറമേ നിന്നുള്ള ഒരു പിന്തുണയുടെയും പേരില്‍ അര്‍ഹമായ അംഗീകാരങ്ങള്‍ നമ്മെ തേടിയെത്തില്ല. ഓരോ ജനവിഭാഗത്തിനും സമുദായത്തിനും വേണ്ടി സ്വരമുയര്‍ത്താന്‍ ആളുണ്ടാവണം. സ്വരമില്ലായെങ്കില്‍ അത്തരമൊരു ജനവിഭാഗം ഇല്ലെന്നാവും കരുതപ്പെടുക; അതുമല്ലെങ്കില്‍ ഭരണവര്‍ഗത്തിന്റെ ഔദാര്യത്തില്‍ ഭിക്ഷാംദേഹികളായി കഴിയുകയേ നിര്‍വ്വാഹമുള്ളൂ.

ഇവിടെ സംവരണമെന്നത് ഒരിക്കലും അംഗീകരിക്കലല്ല, മറിച്ച് ബലഹീനനെന്ന മുദ്രകുത്തലാണ്. ഇതുപോലും കിട്ടണമെങ്കില്‍ രേഖകള്‍ ശരിയായ വഴിയിലും സമയത്തും നീങ്ങാന്‍ ശക്തരായ ആളുകളുടെ ആവശ്യമുണ്ട്.

മതവും സമുദായവും

മറ്റു സമുദായങ്ങളോടു തുലനം ചെയ്തു നോക്കിയാല്‍ ലത്തീന്‍ കത്തോലിക്കന് രാഷ്ട്രീയം ഒരു ബാലികേറാമലയാണ്. സമുദായത്തെയും മതത്തെയും വേര്‍തിരിച്ചുകാണാന്‍ നാം ഇനിയും തയ്യാറായിട്ടില്ല. മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെ ശക്തമായി എതിര്‍ക്കുമ്പോഴും സാമുദായിക പരിഗണന നഷ്ടമാവരുത് എന്നത് നിസ്തര്‍ക്കമായ കാര്യമാണ്. ലത്തീന്‍ കത്തോലിക്കന് നമ്മുടെ രാഷ്ട്രീയ നിലപാടുകളില്‍ എത്രമാത്രം പ്രാമുഖ്യം ലഭിക്കുന്നു എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. മുസ്ലിം സമുദായം തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് മതപഠനത്തിനും മതപരമായ തീര്‍ഥാടനത്തിനും ഗവണ്‍മെന്റിന്റെ പൊതുഖജനാവില്‍ നിന്ന് വിഹിതം പറ്റുന്ന കാലത്താണ് നമ്മുടെ അവകാശങ്ങള്‍ പോലും നേടിയെടുക്കാന്‍ കഴിയാതെ പോകുന്നത് എന്ന സത്യം ഇനിയെങ്കിലും കണ്ണുതുറന്നുകാണണം. ഇത്രയേറെ കൃത്യമായ ചട്ടക്കൂടുള്ള ഒരു മതവിഭാഗമായിരുന്നിട്ടും സാമൂഹിക, സാമുദായിക അടിത്തറയുണ്ടാക്കാന്‍ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ജനാധിപത്യ സമൂഹത്തില്‍ നാം പിന്തള്ളപ്പെടാതിരിക്കണമെങ്കില്‍ രാഷ്ട്രീയ അവബോധവും മുന്നേറ്റവും കൂടിയേ തീരൂ.

മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പ്രകടമായ രാഷ്ട്രീയം നിലനില്‍ക്കുന്ന ഒരു രാജ്യമാണെന്ന ബോധമെങ്കിലും നമുക്കാവശ്യമുണ്ട് (ബിജെപി, മുസ്ലിം ലീഗ് എന്നിങ്ങനെ). വോട്ടുബാങ്കുകളുടെ പേരില്‍ ഭൂപരിക്ഷത്തിന്റെ അനീതികളും അക്രമങ്ങളും വെള്ളപൂശുന്ന ഇക്കാലത്ത് നിലനില്‍പ്പിന്റെ രാഷ്ട്രീയം കൈക്കൊള്ളേണ്ട സമയം അതിക്രമിച്ചു എന്ന സത്യം നാം തിരിച്ചറിയണം. മതനേതാക്കളല്ല, സമുദായ നേതാക്കളെന്ന തിരിച്ചറിവിലേക്ക് വളരണം. മതനേതാക്കള്‍ക്കും വാറോലതുമ്പില്‍ ഒതുങ്ങുന്ന സംഘടനകള്‍കൊണ്ട് ജനാധിപത്യത്തില്‍ ഒന്നും ചെയ്യാനാവില്ല എന്നതാണ് സത്യം. തിരഞ്ഞെടുപ്പ് കാലത്ത് മുന്നണി സംവിധാനത്തിലേക്ക് ആളുകളെ സംഭാവന ചെയ്ത് അവരെ രാഷ്ട്രീയ പാര്‍ട്ടിയുടെ തടവുകാരാക്കുന്ന രീതി മാറണം. സ്വന്തം കാലില്‍ നിന്ന് രാഷ്ട്രീയം പറയാനും തിരഞ്ഞെടുപ്പിനെ നേരിടാനും സമുദായ നേതാക്കന്മാര്‍ ഉണ്ടാകണം. ബഹുഭൂരിപക്ഷം വരുന്ന മത്സ്യത്തൊഴിലാളികളും ലത്തീന്‍ സമുദായത്തിന്റെ രാഷ്ട്രീയ ശാക്തീകരണത്തെക്കുറിച്ച് നന്നായി ചിന്തിക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു.

ജനാധിപത്യ വ്യവസ്ഥയില്‍ രാഷ്ട്രീയം പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഉദ്യോഗസ്ഥ സമൂഹവും. ഭരണവര്‍ഗത്തിന്റെ പൊതുനിലപാടുകള്‍ രൂപീകരിക്കുന്നതിന് ഇവരുടെ പങ്ക് വലുതാണ്. ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് എന്തു മാത്രം സ്വാധീനമുണ്ടെന്നും എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നും സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടു നടന്ന മാധ്യമ വിചാരണയില്‍ നാം കണ്ടതാണ്. ചെറുതോണി ഡാമിന്റെ സമീപപ്രദേശത്തെ മരം മുറിക്കലിനുള്ള ഉത്തരവ് സമീപകാലത്തെ ചര്‍ച്ചയാണല്ലോ. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ ഏറെ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്നതിന് ലത്തീന്‍ കത്തോലിക്കനു കഴിഞ്ഞുവെങ്കിലും നമ്മുടെ സമുദായത്തെ രക്ഷിക്കാനായോ എന്നു ചിന്തിക്കണം. നമ്മുടെ സ്ഥാപനങ്ങളില്‍ പഠിച്ചവരാണ് ഇന്ന് രാഷ്ട്രീയ ഭരണപരമായ ഉന്നത പദവികള്‍ അലങ്കരിക്കുന്നത്. മറ്റു സമുദായങ്ങള്‍ അടുത്തകാലത്താണ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുവാന്‍ തുടങ്ങിയത്. എന്നിട്ടും നമ്മുടെ സമുദായത്തിന് എടുത്തുപറയത്തക്ക വ്യക്തിത്വങ്ങളെ രൂപീകരിക്കുവാന്‍ കഴിഞ്ഞില്ല.

നമ്മുടെ കലാലയങ്ങളിലൂടെ മറ്റു സമുദായങ്ങള്‍ വളരുകയും ഉന്നതസ്ഥാനങ്ങള്‍ സ്വന്തമാക്കുകയും ചെയ്തപ്പോഴും സ്ഥാപനങ്ങളുടെ നടത്തിപ്പുകാരായി മാത്രം നാം നിലകൊണ്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിലും, പ്രയോജനം തമിഴ്നാടിനും എന്നു പറയുന്ന അതേ അവസ്ഥ. നാം അപകടാവസ്ഥയിലും ഗുണഭോക്താക്കള്‍ കേരള ഭരണത്തെ തീരുമാനിക്കുന്ന നിലയിലുമായി. രാഷ്ട്രീയ നേതാക്കളെ തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുന്നവരും തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ നിയുക്തരുമായ വിദ്യാസമ്പന്നരാണ് സമുദായത്തിന്റെ ആണിക്കല്ല്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നവര്‍ മാത്രമായി ഒതുങ്ങുന്ന രീതി മാറ്റി കഴിവുള്ളവരെ കണ്ടുപിടിച്ച് അവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കണം. ഇതിനുപയോഗിക്കേണ്ടിവരുന്ന ചെലവ് നഷ്ടമായി കരുതരുത്. തീരുമാനങ്ങളെടുക്കുന്നവരുടെ കൂട്ടത്തില്‍ നമുക്ക് സ്വരം ഇല്ലാതായാല്‍ നാളെ ഈ സ്ഥാപനങ്ങളൊന്നും നമുക്കുണ്ടാവില്ല എന്നെങ്കിലും ചിന്തിക്കണം. ഇന്ന് കേരളത്തില്‍ സംവരണത്തിലൂടെ നമുക്കു ലഭിക്കേണ്ട അര്‍ഹമായ പ്രാധാന്യം പോലും സ്വന്തമാക്കാന്‍ നമുക്കാവുന്നില്ല. ലോകത്തിലെ മിക്കവാറും മുസ്ലിം രാഷ്ട്രങ്ങളിലും സ്ത്രീവിദ്യാഭ്യാസത്തോട് പുറംതിരിഞ്ഞുനില്‍ക്കുന്ന നയം ഭരണകൂടങ്ങള്‍ സ്വീകരിച്ചിട്ടും ഒരു ജനാധിപത്യരാഷ്ട്രത്തില്‍ ഉദ്യോഗസ്ഥരുടെ പങ്ക് എത്ര പ്രധാനപ്പെട്ടതാണെന്നു തിരിച്ചറിയുന്നതുകൊണ്ട് ഇവിടെ അവര്‍ സ്വീകരിച്ചിരിക്കുന്ന നയം നല്ലൊരു പാഠമാണ്. സ്ഥാപനങ്ങളുടെ എണ്ണമല്ല, അതുവഴി പ്രയോജനമുണ്ടായ സമുദായാംഗങ്ങളുടെ എണ്ണമാണു കണക്കിലെടുക്കേണ്ടത്.

കത്തോലിക്കരുടെ അംഗസംഖ്യയെപ്പറ്റി നല്ല ചിന്തയും ഇക്കാലത്ത് അത്യാവശ്യമാണ്. നമ്മുടെ തലമുറയില്‍ വെറുതെയൊരു കണക്കെടുപ്പു നടത്തിയാല്‍ അവിവാഹിതരായ വിവാഹപ്രായം കഴിഞ്ഞവരുടെ എണ്ണം വളരെ കൂടുതലാണ്. ഒരു തലമുറയില്‍ നിന്ന് അടുത്ത തലമുറയിലേക്ക് നമുക്കു വളര്‍ച്ചയല്ല, മറിച്ച് കുറവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മറ്റു സമുദായങ്ങള്‍ മൂന്നും നാലും തലമുറയിലേക്കു കടക്കുമ്പോള്‍ നമ്മുടെ താരതമ്യപഠനത്തില്‍ രണ്ടു തലമുറ മാത്രമേ ഉണ്ടാകുന്നുമുള്ളൂ. നിലവിലെ നമ്മുടെ വീടുകളിലെ യുവതീയുവാക്കന്മാരുടെയും കുട്ടികളുടെയും കണക്കു നോക്കിയാല്‍ ഈ അംഗസംഖ്യ സാമുദായിക അടിസ്ഥാനത്തില്‍ നാം ഏറെ പിന്തള്ളപ്പെടും എന്നുതന്നെയാണ് സൂചിപ്പിക്കുന്നത്. കുട്ടികളുടെ നല്ല വളര്‍ച്ചയ്ക്ക് ആവശ്യമായ കാര്യങ്ങള്‍ ഒരുക്കുന്നതിന് പ്രാധാന്യം നല്‍കുന്ന ഉത്തരാദിത്വബോധമുള്ള മാതാപിതാക്കന്മാരെ സൃഷ്ടിക്കുക എന്ന സഭാപഠനത്തിന്, മക്കള്‍ക്കു ജന്മം നല്‍കുന്നതില്‍ വിമുഖ കാട്ടണം എന്ന അര്‍ത്ഥമല്ല ഉള്ളത്. കുട്ടികളുടെ എണ്ണം കുറച്ച് അണുകുടുംബ സങ്കല്പത്തിലേക്ക് ചേക്കേറിയിട്ട് നമ്മുടെ പുതിയ തലമുറയ്ക്ക് ഇന്നലത്തേതില്‍ കൂടുതലായി എന്തു വിശ്വാസ-ധാര്‍മ്മിക വളര്‍ച്ചയാണ് കൈവരിക്കാന്‍ കഴിഞ്ഞത്? മാതാപിതാക്കന്മാരാകുക എന്ന ഉത്തരവാദിത്വത്തില്‍ നിന്നു പിന്നാക്കം പോകാന്‍ പാടില്ല എന്നതാണ് സത്യം. അംഗസംഖ്യകൊണ്ട് താന്‍പോരിമ നേടുകയല്ല, ശുഷ്‌ക്കിച്ച് ഇല്ലാതാവാതിരിക്കാനാവശ്യമായ പുത്തന്‍ കാഴ്ചപ്പാടിന്റെ കാലമായി.

സമുദായ ഏകോപനം അനിവാര്യം

അനാവശ്യമായ അഭിമാനബോധം തലയില്‍പേറി ഒന്നുമാകാതെ ജീവിക്കുന്നതിനെക്കാള്‍ എത്രയോ നല്ലതാണ് ജീവിതത്തെ നേരിടാന്‍ അധ്വാനിക്കാന്‍ തയ്യാറാവുക എന്നത്. ആക്രി പെറുക്കി ജീവിച്ച് ഇരുനിലമാളികയും കെട്ടി ബിരിയാണിയും കഴിച്ച് ഏമ്പക്കം വിട്ടുറങ്ങുമ്പോള്‍ നമ്മള്‍ അഭിമാനത്തിന്റെ ഭാണ്ഡവും പേറി ലോണിനു നിരങ്ങുകയും പിന്നീട് അരമുറുക്കി ഉറങ്ങുകയുമാണു ചെയ്യുന്നത്.

നമ്മുടെ സമുദായത്തിലെ വിവിധ തലത്തിലുള്ള ഏകോപനം അനിവാര്യമായ ഘടമാണ്. പകലന്തിയോളം അധ്വാനിക്കുന്നവന്‍ പണിയെടുപ്പിക്കുന്നവന്‍ നല്‍കുന്ന പിച്ചക്കാശിന്റെ അവകാശിയായി മാറരുത്. കടലില്‍ അധ്വാനിക്കുന്നവന്റെ അധ്വാനമൂല്യം കരയില്‍ നില്‍ക്കുന്നവനാണ് ഇന്നു തീരുമാനിക്കുന്നത്. ഈ സ്ഥിതിവിശേഷം ഇല്ലാതാക്കണമെങ്കില്‍ തൊഴിലാളികളെ ഏകീകരിക്കാന്‍ നമുക്കാവണം. റബറിനും ഏലത്തിനും മറ്റു കാര്‍ഷിക വിളകള്‍ക്കും തൊഴിലാളിക്കു മൂല്യം കിട്ടത്തക്കരീതിയില്‍ മലയോര കര്‍ഷകരെ സംഘടിപ്പിച്ചതുപോലെ ലത്തീന്‍ സമുദായത്തിന് ബഹുഭൂരിപക്ഷം വരുന്ന മത്സ്യത്തൊളിലാളികളെയും മറ്റു തൊഴില്‍ മേഖലകളെയും സംഘടിപ്പിക്കാനും ഏകോപിക്കുവാനും അതുവഴി അര്‍ഹമായത് നേടിക്കൊടുക്കുവാനും വട്ടിപ്പലിശക്കാരനില്‍ നിന്നെങ്കിലും അവനെ രക്ഷിക്കുവാനും കഴിയണം. നമ്മുടെ സമുദായങ്ങളുടെ അധ്വാനത്തിന്റെ ബഹുഭൂരിപക്ഷവും പലിശയായും കടമായും പങ്കുപറ്റുന്നത് മറ്റു സമുദായമാണെന്നറിയണം. നമുക്കിന്ന് ആവശ്യമായത് സാമുദായിക മുന്നേറ്റമാണ്. മതപരമായചട്ടക്കൂടിന്റെ വിശുദ്ധിയെ ആരും ചോദ്യം ചെയ്യുന്നില്ല. അതിന് അമിത പ്രാധാന്യം കൊടുക്കുന്നുമില്ല. ഈ ചട്ടക്കൂട് സമുദായത്തിന്റെ വളര്‍ച്ചയ്ക്ക് തടസമാകരുത്. സമുദായ നേതാക്കളെ സ്വതന്ത്രമായി വളരുവാന്‍ വിടുന്ന രാഷ്ട്രീയ സാമുദായിക സാഹചര്യമാണ് ഇവിടെ സൃഷ്ടിക്കപ്പെടേണ്ടത്. അതിന് മതമേലധ്യക്ഷന്മാരുടെ പ്രാര്‍ഥനയും അനുഭവസമ്പത്തും സഹായകമായി ഭവിക്കുകയും ചെയ്യണം. മതത്തെയും സമുദായത്തെയും തീരുമാനിക്കുന്ന രണ്ട് വ്യത്യസ്തമായ ഭരണസംവിധാനത്തെക്കുറിച്ച് ഇനിയെങ്കിലും നല്ല ചിന്തയുണ്ടാവണം. അതു കൂടിയേതീരൂ.


Related Articles

ദേവസ്‌തവിളി സംഘങ്ങളെ ആശിര്‍വദിച്ച്‌ കൃപാസനം

ആലപ്പുഴ: മൂവായിരത്തി അഞ്ഞൂറ്‌ കൊല്ലത്തോളം പഴക്കമുള്ള ദേവസ്‌തവിളി സമ്പ്രദായം പ്രോത്സാഹിപ്പിക്കുന്നതിന്‌ ദേവസ്‌തവിളി സംഘങ്ങള്‍ക്ക്‌ ഈ വലിയ നോമ്പുകാലത്ത്‌ മരക്കുരിശും മണിയും വാഴ്‌ത്തി നല്‍കുന്ന ചടങ്ങ്‌ കലവൂര്‍ കൃപാസനം

മിഷണറിമാര്‍ നല്കിയ സംഭാവനകള്‍ക്ക് കേരളത്തില്‍ തുടര്‍ പഠനങ്ങള്‍ ഉണ്ടാകണമെന്ന് ബിഷപ് ഡോ. അല്ക്‌സ് വടക്കുംതല

കൊച്ചി : ജൈവശാസ്ത്രരംഗത്തും സസ്യശാസ്ത്രരംഗത്തും മിഷണറിമാര്‍ നല്കിയ സംഭാവനകള്‍ക്ക് കേരളത്തില്‍ തുടര്‍ പഠനങ്ങള്‍ ഉണ്ടാകണമെന്ന് ബിഷപ് ഡോ. അല്ക്‌സ് വടക്കുംതല പറഞ്ഞു. കെആര്‍എല്‍സിബിസി ഹെറിട്ടേജ് കമ്മീഷനും ജോണ്‍

തപസുകാലവും ഉപവാസവും

ഭാരതീയ സംസ്‌കാരത്തില്‍ തപസും ഉപവാസവും ആത്മീയയാത്രികരുടെ ജീവിതശൈലിയാണ്‌. അവരെ താപസന്മാരെന്ന്‌ വിളിച്ചുപോന്നു. ആത്മീയതാപം (ചൂട്‌) ഉണര്‍ത്തുന്ന ഒരു ജീവിതശൈലിയുടെ കഴിഞ്ഞകാല ജീവിതത്തിലെ കര്‍മഫലങ്ങളെ കത്തിച്ചു സ്വന്തം ആത്മരക്ഷ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*