സാമൂഹിക സേവനത്തില്‍ രാഷ്ട്രീയം ഇടങ്കോലിടുമ്പോള്‍

സാമൂഹിക സേവനത്തില്‍ രാഷ്ട്രീയം ഇടങ്കോലിടുമ്പോള്‍

കൊവിഡ് മഹാമാരിക്കാലത്ത് കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയുടെ സാമൂഹിക സേവന വിഭാഗങ്ങള്‍ ജനങ്ങള്‍ക്കും സര്‍ക്കാരിനും ഭരണസംവിധാനങ്ങള്‍ക്കും ഒപ്പംനിന്ന് അര്‍പ്പിക്കുന്ന സേവനങ്ങളുടെയും കര്‍മ്മപദ്ധതികളുടെയും വ്യാപ്തിയും പ്രഭാവവും, വൈവിധ്യവും വ്യത്യസ്തയും സമഗ്രമായി വിലയിരുത്തുന്നത് പ്രചോദനാത്മകമാണ്. കൊറോണവൈറസ് വ്യാപനത്തിന്റെ അതിതീവ്രദുരന്തമുഖത്തു നില്‍ക്കുമ്പോഴും കൂട്ടായ്മയുടെ ഉണര്‍വോടെ കൂടുതല്‍ കരുത്തോടെ പൊരുതാന്‍ സമാശ്വാസത്തിന്റെയും പ്രത്യാശയുടെയും അതിജീവനത്തിന്റെയും വീണ്ടെടുപ്പിന്റെയും ഇത്തരം ജീവല്‍സാക്ഷ്യങ്ങള്‍ നമുക്കാവശ്യമുണ്ട്. പരമ്പരാഗത ജീവകാരുണ്യശുശ്രൂഷയുടെ തലത്തില്‍ നിന്ന് സഭയുടെ സാമൂഹിക ഇടപെടലുകളില്‍ വന്ന മാറ്റങ്ങള്‍ ശ്രദ്ധേയമാണ്. സാമൂഹികജീവിതക്രമത്തിലും മാനുഷികബന്ധങ്ങളിലും വിശ്വാസദര്‍ശനങ്ങളിലുമുണ്ടായിട്ടുള്ള കാലാനുസൃത പരിണാമങ്ങളും, അജേയവും അജ്ഞാതവും ഭീതിദവുമായ മഹാപ്രഹേളികയായി മനുഷ്യരാശിക്കു മുമ്പില്‍ ഉയര്‍ന്നുനില്‍ക്കുന്ന മഹാവ്യാധിയുടെ പ്രഹരശേഷിയും കണക്കിലെടുക്കുന്നതാവണം സഭയുടെ സാമൂഹിക സേവന സാക്ഷാത്കാരങ്ങള്‍.
നിയമാനുസൃതം, വ്യവസ്ഥാപിതമായ രീതിയില്‍, ലാഭേച്ഛയില്ലാതെ ദുരന്തനിവാരണം, ദുരിതാശ്വാസം, പുനരധിവാസം, സാമൂഹ്യക്ഷേമം, സുസ്ഥിര വികസനം തുടങ്ങിയ കര്‍മ്മമണ്ഡലങ്ങളില്‍ അര്‍പ്പിതമാനസരായി ജീവിതദൗത്യം നിറവേറ്റുന്ന ചില മനുഷ്യരെയും അവര്‍ നയിക്കുന്ന പ്രസ്ഥാനങ്ങളെയും കുറിച്ച് വ്യാകുലപ്പെടേണ്ട രാഷ്ട്രീയ സാഹചര്യത്തിലാണ് സഭയുടെ നിസ്തുല സാമൂഹികശുശ്രൂഷ കൂടുതല്‍ അര്‍ഥപൂര്‍ണമാകുന്നത്. സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ, കൊടിയ ദുരിതങ്ങളും അനീതിയും അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും അവകാശങ്ങള്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുന്ന മതന്യൂനപക്ഷ പ്രസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും സര്‍ക്കാരേതര സന്നദ്ധസംഘടനകളെയും (എന്‍ജിഒ) അനഭിമതരായി മുദ്രകുത്തി അവരെ അപകീര്‍ത്തിപ്പെടുത്താനും പീഡിപ്പിക്കാനും നിയന്ത്രിക്കാനും നിരോധിക്കാനുമുള്ള പ്രത്യയശാസ്ത്ര, ഭരണകൂട രാഷ്ട്രീയ താല്പര്യങ്ങള്‍ എത്ര ശക്തമാണെന്നു തെളിയിക്കുന്നതാണ് കൊവിഡ് കാലത്തെ പാര്‍ലമെന്റ് സമ്മേളനത്തില്‍ ബിജെപി ഗവണ്‍മെന്റ് ഏറെ തിടുക്കത്തില്‍ പാസാക്കിയെടുത്ത വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി (എഫ്സിആര്‍എ) ബില്‍ 2020.
ബന്ധപ്പെട്ട കക്ഷികളുടെ അഭിപ്രായം ആരായാതെ, പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു മാത്രമല്ല ഭരണകക്ഷി അംഗങ്ങള്‍ക്കു പോലും വിഷയം പഠിക്കാനോ പാര്‍ലമെന്റില്‍ ചര്‍ച്ചകളിലൂടെ കാര്യങ്ങള്‍ വിശകലനം ചെയ്യാനോ അവസരം നല്‍കാതെ തങ്ങളുടെ രാഷ്ട്രീയ അജണ്ടയിലെ മുന്‍ഗണനാക്രമത്തില്‍ സുപ്രധാന നിയമനിര്‍മാണങ്ങള്‍ ഒന്നൊന്നായി പൂര്‍ത്തിയാക്കികൊണ്ടിരിക്കുന്ന മോദി ഗവണ്‍മെന്റിന്റെ പതിവു രീതിയിലാണ് ഈ ബില്ലും പാസാക്കിയത്. കൂടുതല്‍ പഠനങ്ങള്‍ക്കായി പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്കു വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിക്കപ്പെട്ടില്ല. വിദേശ ഫണ്ട് എന്നു കേള്‍ക്കുമ്പോഴേ മതപരിവര്‍ത്തനം, വര്‍ഗീയത, രാജ്യസുരക്ഷ എന്നു പരാവര്‍ത്തനം ചെയ്യുന്നവരുടെ പതിവു പല്ലവികള്‍ക്കിടയില്‍ മുന്‍ ഐപിഎസുകാരനായ ഒരു ബിജെപി എംപി ഒഡീഷയിലെ ക്യോംത്സര്‍ ജില്ലയില്‍ 1999 ജനുവരി 22നു രാത്രി ഹിന്ദുത്വവാദികള്‍ മണ്ണെണ്ണയൊഴിച്ച് തീവച്ച സ്റ്റേഷന്‍ വാഗണില്‍ കൗമാരപ്രായമുള്ള രണ്ട് ആണ്‍മക്കളോടൊപ്പം വെന്തുമരിച്ച ഓസ്ട്രേലിയന്‍ മിഷണറി ഗ്രെയം സ്റ്റ്യുവാര്‍ട്ട് സ്റ്റെയിന്‍സിന്റെ ആത്മാവിനെയും വെറുതെവിട്ടില്ല. സര്‍ക്കാരും ഭരണസംവിധാനവും തിരിഞ്ഞുനോക്കാത്ത ആദിവാസി മേഖലയിലും മയൂര്‍ഭഞ്ജിലെ കുഷ്ഠരോഗാശുപത്രിയിലും നിസ്വാര്‍ഥ സേവനം ചെയ്ത് രക്തസാക്ഷിത്വം വരിച്ച ഗ്രെയം സ്റ്റെയിന്‍സിനെ ആദിവാസിസ്ത്രീകളെ പീഡിപ്പിച്ചുകൊണ്ടിരുന്ന നികൃഷ്ടനായ മനുഷ്യനായാണ് ഉത്തര്‍പ്രദേശുകാരനായ ആ എംപി ചിത്രീകരിച്ചത്. സഭയിലെ വിഷയം വിദേശ സംഭാവന നിയന്ത്രണമാണല്ലോ മതപരിവര്‍ത്തനത്തിനൊപ്പം പീഡനമെന്ന അപകീര്‍ത്തിയുമിരിക്കട്ടെ!  
ഐക്യരാഷ്ട്ര സഭ അംഗീകരിച്ച രാജ്യാന്തര ഉടമ്പടിയുടെ ഭാഗമായാണ് വിദേശരാജ്യങ്ങളിലെ മത, സാമൂഹിക സംഘടനകളും ഉപവിപ്രസ്ഥാനങ്ങളും ധര്‍മ്മസ്ഥാപനങ്ങളും കോര്‍പറേറ്റ് പിന്തുണയുള്ള ഫൗണ്ടേഷനുകളും യൂണിവേഴ്സിറ്റികളും ശാസ്ത്രഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടുകളും മറ്റും നിശ്ചിത പദ്ധതികള്‍ക്കായി സാമ്പത്തിക സഹായം അനുവദിക്കുന്നത്. സാമൂഹിക, വിദ്യാഭ്യാസ, മതാത്മക, സാമ്പത്തിക, സാംസ്‌കാരിക മണ്ഡലങ്ങളിലേക്ക് ഇത്തരം ഫണ്ട് സ്വീകരിക്കുന്നതിനുള്ള ചട്ടങ്ങള്‍ രൂപവത്കരിച്ച് 1976ലാണ് ഇന്ത്യ ഗവണ്‍മെന്റ് ആദ്യമായി വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആര്‍എ) കൊണ്ടുവന്നത്. എഫ്സിആര്‍എ ലൈസന്‍സുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിശ്ചിത പദ്ധതികള്‍ക്കായി വിദേശ ഫണ്ട് സ്വീകരിക്കാന്‍ അനുമതി നല്‍കുന്ന ആ നിയമം 2010ല്‍ കൂടുതല്‍ നിബന്ധനകളോടെ ഭേദഗതി ചെയ്തിരുന്നു.
സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ചെന്നെത്താന്‍ പറ്റാത്ത ഇടങ്ങളില്‍, സമൂഹത്തിലെ പാര്‍ശ്വവത്കൃത ജനവിഭാഗങ്ങള്‍ക്കിടയിലും പ്രത്യേക പരിരക്ഷ ആവശ്യമുള്ള ദുര്‍ബല വിഭാഗങ്ങള്‍ക്കിടയിലും, പൊതുജനാരോഗ്യം, വനിത-ശിശുക്ഷേമം, പരിസ്ഥിതി, പൗരാവകാശം, വിദ്യാഭ്യാസം, സാമൂഹിക നീതി, മതസ്വാതന്ത്ര്യം, സുസ്ഥിര വികസനം തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളും പ്രസ്ഥാനങ്ങളും മാത്രമല്ല, ഉന്നതവിദ്യാഭ്യാസ മേഖലയിലെയും ശാസ്ത്രസാങ്കേതിക മേഖലയിലെയും ഗവേഷണ പദ്ധതികളിലും രാജ്യാന്തര സഹകരണ പ്രോജക്റ്റുകളിലും പങ്കാളികളായ ഫീല്‍ഡ് സ്റ്റാഫും വലിയ പ്രസ്ഥാനങ്ങളുടെ ഭാഗമായി ഗ്രാമീണ മേഖലയില്‍ പഠനറിപ്പോര്‍ട്ടുകള്‍ ഒരുക്കുന്ന വന്‍ശൃംഖലയിലെ ചെറുകണ്ണികളുമൊക്കെ എഫ്സിആര്‍എ ഫണ്ടിന്റെ ഗുണഭോക്താക്കളാണ്. എന്‍ജിഒ, പൗരാവകാശ പ്രസ്ഥാനം തുടങ്ങിയവ പലപ്പോഴും സര്‍ക്കാര്‍ സംവിധാനത്തിനു ബദലായും സമാന്തരമായും പൂരകമായും ജനങ്ങള്‍ക്ക് പ്രത്യേക സേവനം നല്‍കുന്നവരാണ്. പരിസ്ഥിതി, മതസ്വാതന്ത്ര്യം, പൗരാവകാശം, ജനാധിപത്യം എന്നിവയുടെ കാര്യം വരുമ്പോള്‍ ഭരണകൂടത്തിന് ഇവയില്‍ ചിലത് അലോസരം സൃഷ്ടിക്കാറുണ്ട്. കോണ്‍ഗ്രസ് നയിച്ച യുപിഎ ഗവണ്‍മെന്റിന് തമിഴ്നാട്ടിലെ കൂടംകുളം ആണവവൈദ്യുതിനിലയത്തിനെതിരെ ജനമുന്നേറ്റം നയിച്ച എന്‍ജിഒ പ്രസ്ഥാനങ്ങളോട് തീരെ മമതയുണ്ടായിരുന്നില്ല. മോദി ഗവണ്‍മെന്റിന് ഗ്രീന്‍പീസ് ഇന്റര്‍നാഷണല്‍, ആംനസ്റ്റി ഇന്റര്‍നാഷണല്‍ എന്നിവയുടെ കൂട്ടാളികളും കംപാഷന്‍ ഇന്റര്‍നാഷണല്‍ പോലുള്ള അമേരിക്കന്‍ ക്രൈസ്തവ മിഷനുകളും തൊട്ട് ഗുജറാത്തിലെ തീസ്താ സേടല്‍വാഡിന്റെ സബ് രംഗ് ട്രസ്റ്റും കേന്ദ്ര ഗവണ്‍മെന്റ് അഡീഷണല്‍ സൊളിസിറ്റര്‍ ജനറലായിരുന്ന ഇന്ദിരാ ജയ്സിങ്ങിന്റെ ലോയേഴ്സ് കളക്റ്റീവുമൊക്കെ ചതുര്‍ത്ഥിയാണ്.
പുതിയ നിയമഭേദഗതി പ്രകാരം എഫ്സിആര്‍എ ലൈസന്‍സുള്ളവരെല്ലാം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡല്‍ഹി ശാഖയില്‍ ബാങ്ക് അക്കൗണ്ട് തുറക്കണം. ദക്ഷിണേന്ത്യയിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും മറ്റും ചില മതവിഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കുകയാണ് ലക്ഷ്യം. ഒറ്റ ബാങ്ക് ശാഖയില്‍ നിന്ന് നീതി ആയോഗിന്റെ സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും അപ്പപ്പോള്‍ വിദേശ ഫണ്ടിംഗിന്റെ എല്ലാ വിവരവും കിട്ടിക്കൊണ്ടിരിക്കുമല്ലോ! ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ല എന്നു സുപ്രീം കോടതി വിധിച്ചിട്ടുണ്ടെങ്കിലും എഫ്സിആര്‍എ അക്കൗണ്ടിന് ഇത് നിര്‍ബന്ധമാണെന്ന് പുതിയ നിയമം അനുശാസിക്കുന്നു. ഒരു ലൈസന്‍സിയുടെ പേരില്‍ കൈപ്പറ്റുന്ന പണം മറ്റാര്‍ക്കും കൈമാറാനാവില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. വലിയൊരു പ്രസ്ഥാനത്തിന്റെ പങ്കാളികളായി വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാസ്റൂട്ട് ഗ്രൂപ്പുകള്‍ക്ക് ഉപകരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യാനുള്ള സാധ്യത ഇല്ലാതായി എന്നു സാരം. പ്രസ്ഥാനത്തിന്റെ നടത്തിപ്പു ചെലവ് ഇതുവരെ മൊത്തം വരുമാനത്തിന്റെ 50% ആയിരുന്നത് 20% ആയി വെട്ടിക്കുറച്ചിട്ടുണ്ട്. ശമ്പളവും യാത്ര അലവന്‍സും മറ്റും ഉള്‍പ്പെടുന്ന അഡ്മിനിസ്ട്രേഷന്‍ ചെലവ് പരിമിതപ്പെടുത്തുന്നത് പ്രസ്ഥാനം അടച്ചുപൂട്ടേണ്ട അവസ്ഥ സൃഷ്ടിക്കും. നിയമലംഘനം സംശയിക്കുന്ന ഏതു സംഘടനയുടെയും ലൈസന്‍സ് 360 ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്യാനും വകുപ്പുണ്ട്.
സര്‍ക്കാറുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ വിദേശ ഫണ്ട് സ്വീകരിക്കാന്‍ പാടില്ല എന്നാണു വ്യവസ്ഥ. ഈ എഫ്സിആര്‍എ വകുപ്പ് പക്ഷെ പ്രധാനമന്ത്രി മോദിയുടെ പിഎം കെയേഴ്സ് ഫണ്ട് കൈകാര്യം ചെയ്യുന്ന മന്ത്രിമാര്‍ക്കോ പിഎംഒ ഉദ്യോഗസ്ഥര്‍ക്കോ ബാധകമല്ല. അല്ലെങ്കിലും, പിഎം കെയേഴ്സ് എന്ന കൊവിഡ് ദുരിതാശ്വാസ ഫണ്ടിന്റെ കാര്യത്തില്‍ ഓഡിറ്റിംഗ്, വിവരാവകാശരേഖ, പാര്‍ലമെന്റിലെ ചോദ്യം ഒന്നും അനുവദനീയമല്ലല്ലോ! രാഷ്ട്രീയ പാര്‍ട്ടികളുടെ വിദേശ ഫണ്ടിനും എഫ്സിആര്‍എ പരിശോധനയില്ല. ബിജെപിയും കോണ്‍ഗ്രസും യുകെയിലെ ഒരു കമ്പനിയില്‍ നിന്നു ഫണ്ട് കൈപ്പറ്റിയത് എഫ്സിആര്‍എ നിയമത്തിന്റെ ലംഘനമാണെന്ന ഡല്‍ഹി ഹൈക്കോടതി വിധിയെ മറികടക്കാന്‍ 2017ല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ധനകാര്യ ബില്ലിലൂടെ മുന്‍കാല പ്രാബല്യത്തോടെ രാഷ്ട്രീയ പാര്‍ട്ടികളെ എഫ്സിആര്‍എ പരിധിയില്‍ നിന്ന് ഒഴിവാക്കി. ബിജെപിയുടെ ഇലക്ഷന്‍ ബോണ്ടുകളിലെ വിദേശ നിക്ഷേപം എത്രയാണ്, ആര്‍ക്കറിയാം!
വിദേശ പണം രാജ്യദ്രോഹത്തിനോ വര്‍ഗീയ കലാപങ്ങള്‍ക്കോ ഉപയോഗിക്കുന്നതു തടയാന്‍ ശക്തമായ നിയമവ്യവസ്ഥയുണ്ട്. തീര്‍ച്ചയായും എഫ്സിആര്‍എ ഫണ്ടിന്റെ വകമാറ്റലും ദുരുപയോഗവും കര്‍ശനമായി തടയേണ്ടതാണ്. പണം നിശ്ചിത പദ്ധതിക്കുവേണ്ടി ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. വിദേശഫണ്ട് വിനിയോഗത്തില്‍ സുതാര്യതയും കൃത്യമായ ഓഡിറ്റും സ്വാഭാവികമായും അനിവാര്യമാണ്. എന്നാല്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ സേവന പ്രസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്താനും അവമതിക്കാനും എഫ്സിആര്‍എ നിയമഭേദഗതി ദുരുപയോഗം ചെയ്യുന്നത് അവരുടെ ഗുണഭോക്താക്കളായ പാവപ്പെട്ടവരോടു കാണിക്കുന്ന അനീതിയാണ്.


Related Articles

കഴുമരം കത്തിച്ച് പ്രതിഷേധം യുവജ്യോതി കെസിവൈഎം ആലപ്പുഴ രൂപത

ആലപ്പുഴ: മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച വാളയാര്‍ സംഭവത്തില്‍ ആലപ്പുഴ രൂപത യുവജ്യോതി കെസിവൈഎം കഴുമരം കത്തിച്ച് പ്രതിഷേധിച്ചു. വൈകീട്ട് ആലപ്പുഴ മെത്രാസന മന്ദിരത്തിന് സമീപമുള്ള റെയില്‍വേ ലെവല്‍ ക്രോസിനടുത്തുനിന്ന്

വരാപ്പുഴ, എന്റെ അതിരൂപത

”തങ്ങളുടെ ചരിത്രം, ഉത്ഭവം, സംസ്‌കാരം എന്നിവയെക്കുറിച്ച് അറിവും അവബോധവും ഇല്ലാത്ത ഒരു ജനത വേരുകളില്ലാത്ത വൃക്ഷത്തെപ്പോലെ”യാണെന്നു നീഗ്രോ മുന്നേറ്റത്തിന്റെ നേതാവായിരുന്ന മാര്‍ക്കസ് ഗാര്‍വ്വി പറഞ്ഞിട്ടുണ്ട്. കേരളത്തിലെ ലത്തീന്‍

അമുദന്റെ ജീവിതപാഠങ്ങള്‍

ഒരു കാര്യം പതിവിലും സുന്ദരമാവുമ്പോള്‍ ‘നല്ലത്’ എന്ന് വിളിക്കാം. എന്നാല്‍ ഒരുപടികൂടി കടന്ന് അത് അതിസുന്ദരമാവുമ്പോള്‍ ‘ഹൃദ്യം’ എന്ന വാക്കാണ് കൂടുതല്‍ ഉചിതം. ചിലസിനിമകള്‍ അങ്ങനെയാണ് കണ്ണിന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*