സാമൂഹ്യസുരക്ഷയൊരുക്കുമോ ഈ ബജറ്റ്?

സാമൂഹ്യസുരക്ഷയൊരുക്കുമോ ഈ ബജറ്റ്?

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ 2020-21 വര്‍ഷത്തേയ്ക്കുള്ള ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. സാമ്പത്തികമായി രാഷ്ട്രം മന്ദഗതിയിലാണെന്ന യാഥാര്‍ഥ്യം സാവകാശത്തിലാണല്ലോ പ്രധാനമന്ത്രിയും മന്ത്രിസഭയും അംഗീകരിച്ചത്. രാജ്യത്ത് നടപ്പിലാക്കിയ തട്ടുപൊളിപ്പന്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍, നോട്ടുനിരോധനവും ധൃതിയിലുള്ള ജിഎസ്ടി നടപ്പിലാക്കലും അടക്കമുള്ളത്, ഈ നാട്ടിലെ മനുഷ്യരുടെ ജീവിതത്തെ ദുരിതക്കയത്തിലാക്കിയത് അവ നടപ്പിലാക്കിയവരൊഴിച്ച് ബാക്കിയെല്ലാവരും നേരത്തെ അംഗീകരിച്ച യാഥാര്‍ഥ്യമാണ്. അന്താരാഷ്ട്രതലത്തില്‍ സംഭവിച്ച മാന്ദ്യമാണ് രാജ്യത്തെയും ബാധിച്ചതെന്ന സിദ്ധാന്തമാണ് നിലവില്‍ ഭരണകര്‍ത്താക്കള്‍ അംഗീകരിച്ചതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ നാല്പതു വര്‍ഷത്തിനിടയിലെ രൂക്ഷമായ തൊഴിലില്ലായ്മയും കാര്‍ഷികമേഖലയിലുണ്ടായ സ്തംഭനവും രാജ്യത്തെ ഭൂരിഭാഗം മനുഷ്യരുടെയും ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ എങ്ങനെയാണ് കേന്ദ്രബജറ്റ് സമീപിക്കുന്നതെന്നറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയുണ്ടായിരുന്നു. അടിസ്ഥാന സൗകര്യവികസനത്തിന് അവസരമൊരുക്കുന്ന ദീര്‍ഘകാല പദ്ധതികളിലേക്ക് വരുമാനത്തിന്റെ നല്ല പങ്കും നിക്ഷേപിക്കുവാനുള്ള ശ്രമങ്ങള്‍ക്ക് അല്പം അയവു വരുത്തി, രാജ്യത്തെ ജനങ്ങളുടെ വാങ്ങല്‍ശേഷിയില്‍ പ്രോത്സാഹനം നല്കാനുള്ള നടപടികള്‍ ധനകാര്യമന്ത്രാലയം സ്വീകരിക്കുമോ എന്നതാണ് ജനം ഉറ്റുനോക്കിക്കൊണ്ടിരുന്നത്. നിലയിലുള്ള അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളും, കഴിഞ്ഞവര്‍ഷത്തെ ധനശാസ്ത്ര നോബേല്‍ സമ്മാനജേതാവായ അഭിജിത് ബാനര്‍ജി അടക്കമുള്ള ധനകാര്യ വിദഗ്ധരും നിര്‍ദേശിച്ചിരുന്ന സാമ്പത്തിക ഉത്തേജന പരിഷ്‌കാരങ്ങളെല്ലാം ജനങ്ങളുടെ കൈയില്‍ പണമെത്തിക്കുന്ന നടപടികള്‍ രാഷ്ട്രം കൈക്കൊള്ളണമെന്ന ആശയമാണ് പ്രധാനമായും മുന്നോട്ടുവച്ചിരിക്കുന്നത്. കാര്‍ഷികബന്ധവ്യവസ്ഥയ്ക്ക് പുറത്ത് ഗ്രാമീണമേഖലയില്‍ പരിശീലനം നേടാത്ത കൈത്തൊഴിലുകളില്‍ ഏര്‍പ്പെടുന്ന കോടിക്കണക്കിനുവരുന്ന തൊഴിലാളിള്‍ക്ക് തൊഴില്‍ലഭ്യത ഉറപ്പുവരുത്തുന്ന തൊഴിലുറപ്പുപദ്ധതി പോലുള്ള ഗവണ്‍മെന്റ് പരിപാടികള്‍ അതുകൊണ്ടുതന്നെ പ്രസക്തമാണെന്ന് ധനകാര്യവിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍, പുതിയ ബജറ്റില്‍ വകയിരുത്തിയതിനെക്കാള്‍ 9,500 കോടി രൂപയുടെ വെട്ടിച്ചുരുക്കലാണ് ഉണ്ടായിരിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തെ പുതുക്കിയ തുകയായ 71,000 കോടി രൂപയുടെ 13 ശതമാനം കുറവാണ് കാണിക്കുന്നത്. 61,500 കോടിരൂപയുടെ ഇക്കൊല്ലത്തെ വകയിരുത്തല്‍ ഗ്രാമീണമേഖലയുടെ സാമ്പത്തിക ഉണര്‍വിന് ഒട്ടുമേ പര്യാപ്തമല്ലെന്ന് പല കോണുകളില്‍നിന്നും വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. സാമൂഹ്യമായ ഉണര്‍വുനല്കാന്‍ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യസുരക്ഷ, തൊഴില്‍ എന്നീ മേഖലകളിലേക്കും കാര്യമായ വകയിരുത്തലുകള്‍ ഒഴിച്ചുകൂടാനാവാത്തതാണ്. നിര്‍ഭാഗ്യവശാല്‍ ഈ മേഖലകളിലേക്കെല്ലാം നല്കാന്‍ തക്കവിധത്തില്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അത്ര ഫലപ്രദമായവയാണെന്ന് തോന്നുന്നില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ചുകൊണ്ടു മാത്രമായി വരുമാനം വര്‍ധിപ്പിക്കുവാനുള്ള മാര്‍ഗത്തെ ചുരുക്കിക്കെട്ടുന്നത് സ്വകാര്യ കുത്തക കമ്പനികള്‍ക്കുള്ള മാര്‍ഗം മാത്രമായി വീണുപോകുമെന്ന വിമര്‍ശനത്തിനു അടിസ്ഥാനമില്ലാതില്ല. കോര്‍പ്പറേറ്റ് നികുതിയില്‍ കാര്യമായ വിട്ടുവീഴ്ചകള്‍ക്ക് സര്‍ക്കാര്‍ സമ്മതം നല്കിയതിന്റെ ഗുണവശങ്ങള്‍ ലഭ്യമായത് ഏതാനും കമ്പനികള്‍ക്ക് മാത്രമാണ്. അവരിലൂടെ രാജ്യത്താകമാനം സാമ്പത്തിക ഉണര്‍വ് നേടാനാകുമെന്ന കണക്കുകൂട്ടല്‍ മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്‌നംപോലെ തകര്‍ന്നടിയുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു. നികുതിപിരിവ് ഊര്‍ജിതമാക്കിയും കണിശതയാര്‍ന്ന സാമ്പത്തിക അച്ചടക്ക നടപടികളിലൂടെയും മാത്രമേ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വരുമാനം കണ്ടെത്താനാകൂ എന്ന യാഥാര്‍ഥ്യം നിലനില്‌ക്കേ, സ്വകാര്യ പങ്കാളിത്തത്തിനായുള്ള വീട്ടുവീഴ്ചകള്‍ സാമൂഹ്യപദ്ധതികള്‍ക്ക് ഗുണം ചെയ്യണമെന്നില്ല.
കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താന്‍ റെയില്‍വേ വികസന പദ്ധതികളും ഭാവിയിലേക്കുള്ള ‘ഉഡാന്‍’ പദ്ധതികളും ദീര്‍ഘവീക്ഷണത്തോടെയുള്ളവയാണെങ്കിലും അത്രമാത്രം അവയെല്ലാം കര്‍ഷകര്‍ക്ക് ഗുണപ്രദമാകുമെന്നതിനെ കൃത്യതയോടെ വിശകലനം ചെയ്യേണ്ടതാണ്. കാര്‍ഷികോല്പന്നങ്ങളില്‍ നല്ലൊരു പങ്കും വിപണിയിലേക്കെത്തിക്കാന്‍ ഇപ്പോഴും ഈ നാട്ടില്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ ഇല്ലായെന്ന തിരിച്ചറിവ് ഞെട്ടിക്കുന്നതാണ്. റോഡുമാര്‍ഗേന നടക്കുന്ന കൈമാറ്റങ്ങള്‍ വരുത്തുന്ന വിളനഷ്ടങ്ങള്‍ക്ക് പരിഹാരമായാണ് റെയില്‍വേയുടെയും വിമാനമാര്‍ഗത്തിന്റെയും സാധ്യതകളെ ധനമന്ത്രി അവതരിപ്പിക്കുന്നത്.
കാര്‍ഷിക വ്യവസ്ഥിതിയില്‍, സ്വന്തമായി ഭൂമിയില്ലാത്ത കാര്‍ഷിക ജീവിതം നയിക്കുന്നവരിലേയ്ക്ക് ഈ പുത്തന്‍മാര്‍ഗത്തിലൂടെ കൂടുതല്‍ പണമെത്തിക്കാന്‍ സാധിക്കുമോ എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിക്കുമെന്നു പറഞ്ഞ ആറായിരം രൂപപോലും കൃത്യമായി എത്തിക്കാനാവാത്ത സംവിധാനമാണ് ഇപ്പോഴും നമുക്കുള്ളത് എന്നത് മറന്നുകൂടാ. കാര്‍ഷിക വ്യവസ്ഥിതിയെപ്പറ്റിയുള്ള പൊതുവായ വര്‍ത്തമാനങ്ങള്‍ ഇന്ത്യയിലെ സാമൂഹ്യബന്ധങ്ങളോട് ചേര്‍ത്തുവച്ചല്ല വിശകലനം ചെയ്യപ്പെടാറുള്ളത്. കൃഷിഭൂമി സ്വന്തമായുള്ള ഭൂവുടമാ സമ്പ്രദായം ജന്മിത്ത വ്യവസ്ഥിതിയില്‍നിന്ന് പൂര്‍ണമായും മാറാത്ത സാമൂഹ്യ സാഹചര്യത്തില്‍ ഒരുതുണ്ടു ഭൂമിപോലും സ്വന്തമായില്ലാതെ പാട്ടവ്യവസ്ഥയിലും, കൂലിക്കും പണിയെടുക്കുന്ന മനുഷ്യരെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയുടെ ഏതുതട്ടിലാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അടയാളപ്പെടുത്തുന്നത് എന്ന ചോദ്യം പ്രസക്തമാണ്. കൃഷിഭൂമിയില്‍ അധ്വാനിക്കുന്നവര്‍ക്ക് കാര്‍ഷികവിളകളിലൂടെ നേടാനാകുന്നത് എത്രമാത്രമെന്ന ലളിതമായ ചോദ്യത്തിലേക്ക് എത്തുമ്പോഴാണ് സാമൂഹ്യസുരക്ഷയെന്ന ഗ്രാഫിലേക്ക് മണ്ണില്‍ പണിയെടുക്കുന്നവര്‍ ചേര്‍ന്നുനില്ക്കുന്നത്. ബജറ്റുകള്‍ പുത്തന്‍കാലത്തിന്റെ സാമ്പത്തിക ദര്‍ശനങ്ങളാകുന്ന സാഹചര്യത്തില്‍ സാമൂഹ്യസുരക്ഷയെന്ന ജനാധിപത്യബോധത്തിന് തിരുത്തല്‍ ശക്തിയാകേണ്ടതായിവരും.


Related Articles

റവ. തോമസ് നോര്‍ട്ടന്‍ നവോത്ഥാനത്തിന് അടിസ്ഥാനമിട്ടു: ജസ്റ്റിസ് സി.കെ.അബ്ദുള്‍ റഹീം

ആലപ്പുഴ: റവ.തോമസ് നോര്‍ട്ടനെപ്പോലുള്ള അനേകം മഹാമനീഷികളുടെ നിരന്തരമായ അത്യധ്വാനത്തിന്റെ സല്‍ഫലങ്ങളാണ് ഇന്ന് നമുക്ക് അനുഭവവേദ്യമാകുന്ന നവോത്ഥാനമെന്ന് ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹിം പറഞ്ഞു. കേരള ഹിസ്റ്ററി കോണ്‍ഗ്രസ്സിന്റെ

മൊസാംബിക്കിലെ ചുഴലിദുരന്തം മുസ്ലീം സഹോദരങ്ങള്‍ക്ക് അഭയമായി കത്തോലിക്കാ പള്ളികള്‍

പേംബാ: ആറാഴ്ചയ്ക്കിടെ രണ്ട് ചുഴലികൊടുങ്കാറ്റുകള്‍ കനത്ത നാശം വിതച്ച മൊസാംബിക്കില്‍ വീടുകള്‍ നഷ്ടപ്പെട്ട ആയിരകണക്കിന് ആളുകള്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ കത്തോലിക്കാ സഭയും രാജ്യാന്തര സന്നദ്ധസംഘടനകളും മുന്‍കൈ എടുക്കുമ്പോള്‍

ആരുടേതാണ് ദേശം? ആരുടേതാണ് ഭൂമി?

  കുറിപ്പെഴുതുമ്പോള്‍ മനസില്‍ സെര്‍ബിയന്‍ ചലച്ചിത്ര സംവിധായകന്‍ ഗോരാന്‍ പാവ്‌ലോവിഷിന്റെ ഇറ്റാലിയന്‍ ചലച്ചിത്രം ‘ഡെസ്‌പൈറ്റ് ദ ഫോഗി’ന്റെ ഫ്രെയിമുകളാണ്. ഗോവയില്‍ സമാപിച്ച അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മത്സരചിത്രങ്ങളുടെ വിധികര്‍ത്താക്കളിലൊരാള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*