സാമ്പത്തിക സംവരണം മരവിപ്പിക്കണം

സാമ്പത്തിക സംവരണം മരവിപ്പിക്കണം

 

സംവരണ പരിധി 50 ശതമാനം എന്നതില്‍ മാറ്റമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കെ കേരളത്തില്‍ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്കക്കാര്‍ക്കുവേണ്ടി (ഇഡബ്ല്യുഎസ്) ജനറല്‍ കാറ്റഗറിയില്‍ 10 ശതമാനം പ്രത്യേക സംവരണം അനുവദിച്ചുകൊണ്ട് സംവരണ പരിധി 60 ശതമാനമാക്കി ഉയര്‍ത്തിയിട്ടുള്ളത് നിയമപരമായി നിലനില്‍ക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. മഹാരാഷ്ട്രയിലെ പ്രബല ശൂദ്ര ഉപജാതിയായ മറാത്തകളെ പിന്നാക്ക വിഭാഗമായി പ്രഖ്യാപിച്ച് സംസ്ഥാന ഗവണ്‍മെന്റ് അവര്‍ക്കായി 16% സംവരണം ഏര്‍പ്പെടുത്തിയത് ഭരണഘടനാവിരുദ്ധമാണെന്നു കണ്ടെത്തി റദ്ദാക്കിയ ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ 2021 മേയ് അഞ്ചിലെ വിധിതീര്‍പ്പില്‍ ഇഡബ്ല്യുഎസ് സംവരണത്തിനായുള്ള 103-ാം ഭരണഘടനാ ഭേദഗതിയുടെ സാധുത പ്രശ്‌നം പരിഗണിച്ചില്ലെങ്കിലും, സംവരണത്തിന്റെ പരമാവധി തോത് 50% ആയിരിക്കണം എന്നു നിശ്ചയിച്ച 1992 നവംബറിലെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്നും വിശാല ബെഞ്ചിനു വിടണമെന്നുമുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെയും കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിന്റെയും ആവശ്യം കൂടി മറാത്താ സംവരണത്തോടൊപ്പം രാജ്യത്തെ പരമോന്നത കോടതി തള്ളി.

സംസ്ഥാനത്ത് സംവരണ ആനുകൂല്യമൊന്നും ലഭിച്ചിട്ടില്ലാത്ത പ്രബലരായ സവര്‍ണ വിഭാഗങ്ങളുടെ പിന്തുണ ലക്ഷ്യമാക്കി 2020 ഒക്ടോബറില്‍ രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ നിയമനങ്ങളിലും പ്ലസ് 2 പ്രവേശനം തൊട്ട് പ്രഫഷണല്‍ കോഴ്‌സുകളില്‍ വരെ വിദ്യാഭ്യാസ മേഖലയിലും 10 ശതമാനം സാമ്പത്തിക സംവരണം സമ്പൂര്‍ണ തോതില്‍ ത്വരിതഗതിയില്‍ നടപ്പാക്കിയതിന്റെ രാഷ്ട്രീയ നേട്ടം എല്‍ഡിഎഫിന്റെ വര്‍ധിച്ച വോട്ടുവിഹിതത്തില്‍ – വിശേഷിച്ച് മുന്നാക്ക ക്രൈസ്തവരുടേതില്‍ – എത്രത്തോളം പ്രതിഫലിച്ചുവെന്ന് വിശകലനം ചെയ്യപ്പെടുന്നുണ്ട്. വരേണ്യ സാമ്പത്തിക സംവരണത്തിനായി കാലങ്ങളായി മുറവിളി കൂട്ടിക്കൊണ്ടിരുന്ന നായര്‍ സമുദായത്തിന്റെ വോട്ടുവിഹിതം എല്‍ഡിഎഫിന് 2016-ലെ 45 ശതമാനത്തില്‍ നിന്ന് 2021-ല്‍ 32 ശതമാനമായി കുറഞ്ഞു എന്ന വിരോധാഭാസവും കാണാനാകും! എന്തായാലും, മുന്നാക്ക വിഭാഗങ്ങളിലെ ദരിദ്രരുടെ കൃത്യമായ കണക്കും സാമ്പത്തിക പിന്നാക്കാവസ്ഥയുടെ തോതും ആനുപാതിക പ്രാതിനിധ്യവും നിര്‍ണയിക്കുന്നതിന് ജാതി സെന്‍സസിന്റെയോ ഡെമോഗ്രഫിക് പഠനങ്ങളുടെയോ സാമൂഹിക-സാമ്പത്തികശാസ്ത്രത്തിന്റെയോ മറ്റേതെങ്കിലും ശാസ്ത്രീയ രീതിശാസ്ത്രത്തിന്റെയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജാതിതിരിച്ചുള്ള പട്ടികയുടെയോ സഹായമില്ലാതെ, കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാ ഭേദഗതിയില്‍ ”പരമാവധി” എന്നു നിര്‍ദേശിച്ച 10 ശതമാനം മുഴുവനായും ഏകപക്ഷീയമായി കല്പിച്ചനുവദിച്ചതിലെ രാഷ്ട്രീയ ഉദാരത ”ഏത് അനിതരസാധാരണ സാഹചര്യത്തിലായിരുന്നു” എന്ന് കേരളം സുപ്രീം കോടതിയെ ബോധിപ്പിക്കേണ്ടിവരും.

പിന്നാക്ക വിഭാഗങ്ങളുടെ സംവരണ വിഹിതത്തെ ഒരുതരത്തിലും ബാധിക്കാത്തവണ്ണം പൊതുവിഭാഗത്തില്‍ നിന്ന് 10 ശതമാനം കണക്കാക്കിയാണ് ഇഡബ്ല്യുഎസ് ക്വാട്ട അനുവദിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോഴും പ്ലസ് 2 പ്രവേശനത്തില്‍ നിന്നു തുടങ്ങി മെഡിക്കല്‍ പിജി അഡ്മിഷനില്‍ വരെ മൊത്തം സീറ്റിന്റെ 10 ശതമാനം വിഹിതമാണ് മുന്നാക്ക വിഭാഗങ്ങള്‍ക്ക് അലോട്ട് ചെയ്തത്. ജനറല്‍ കാറ്റഗറിയിലെ സീറ്റുകളുടെ 10 ശതമാനത്തിനു പകരം സംവരണവിഭാഗത്തിലെ സീറ്റുകള്‍ കൂടി ഉള്‍പ്പെടുത്തി നിശ്ചിത ക്വാട്ടയുടെ നേരെ ഇരട്ടി, 20% സീറ്റുകള്‍ വരെ, മുന്നാക്ക വിഭാഗത്തിനു ലഭിക്കുന്ന കടുത്ത സാമൂഹിക അനീതിയാണ് പ്രയോഗത്തില്‍ കണ്ടത്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള സ്വകാര്യ എയ്ഡഡ്, അണ്‍എയ്ഡഡ് സ്ഥാപനങ്ങളിലും ഇഡബ്ല്യുഎസ് പ്രവേശന ക്വാട്ട ബാധകമാക്കിയിരുന്നു. പല മേഖലകളിലും മുന്നാക്ക സംവരണ ക്വാട്ടയില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോഴും തീരപ്രദേശത്തെ താഴ്ന്നവരുമാനക്കാരായ മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നുള്ള, താരതമ്യേന ഉയര്‍ന്ന മാര്‍ക്കുള്ള കുട്ടികള്‍ പ്രവേശനത്തിന് നെട്ടോട്ടമോടുകയായിരുന്നു.

പട്ടിക ജാതി, പട്ടിക വര്‍ഗ, പിന്നാക്ക വിഭാഗ സംവരണ ആനുകൂല്യം ലഭിക്കാത്ത പൊതുവിഭാഗത്തിലെ സാമ്പത്തിക പിന്നാക്കക്കാരെ നിര്‍ണയിക്കാന്‍ മുന്‍ ജഡ്ജിയും മുന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറുമായ കെ. ശശിധരന്‍ നായര്‍, ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ എം. രാജഗോപാന്‍ നായര്‍ എന്നിവരടങ്ങുന്ന കമ്മിഷനെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. വാര്‍ഷിക കുടുംബവരുമാനം നാലു ലക്ഷം രൂപ, പഞ്ചായത്ത് മേഖലയില്‍ രണ്ടര ഏക്കറും, മുനിസിപ്പാലിറ്റിയില്‍ 75 സെന്റും, കോര്‍പറേഷനില്‍ 50 സെന്റും വരെ ഭൂസ്വത്ത്, മുനിസിപ്പാലിറ്റിയില്‍ 20 സെന്റ് പുരയിടം, കോര്‍പറേഷനില്‍ 15 സെന്റ് പുരയിടം – ഇഡബ്ല്യുഎസ് സംവരണത്തിന് അര്‍ഹത നിശ്ചയിക്കുന്ന മാനദണ്ഡങ്ങളുടെ ഉയര്‍ന്ന പരിധി ഇതായിരുന്നു. 2020 ഒക്ടോബറില്‍ 10% സംവരണം നടപ്പാക്കുന്നതിന് കേരള സ്റ്റേറ്റ് സബോര്‍ഡിനേറ്റ് സര്‍വീസ് റൂള്‍സ് ഭേദഗതി ചെയ്തു; കേരള പി.എസ്.സി ഉടന്‍ റാങ്ക് ലിസ്റ്റുകളിലും നിയമനങ്ങളിലും ഇഡബ്ല്യുഎസിനായി ചട്ടങ്ങള്‍ പരിഷ്‌കരിച്ചു. ഇഡബ്ല്യുഎസിന് അര്‍ഹമായ സമുദായങ്ങളുടെ പട്ടിക ഒരുക്കും മുന്‍പ് നിയമനങ്ങള്‍ക്കായി എത്ര വേഗത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്!

മതിയായ പ്രാതിനിധ്യമാണ്, ജനസംഖ്യാനുപാതിക പ്രാതിനിധ്യമല്ല സംവരണ ലക്ഷ്യമെന്ന് സുപ്രീം കോടതി ഓര്‍മിപ്പിക്കുന്നുണ്ട്. സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതിയുടെ സാധുത ചോദ്യം ചെയ്യുന്ന ജന്‍ഹിത് അഭിയാന്‍ ഹര്‍ജി സുപ്രീം കോടതിയുടെ വിശാല ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലിരിക്കുമ്പോഴാണ് തിടുക്കത്തില്‍ ഇഡബ്ല്യുഎസ് സംവരണം നടപ്പാക്കി ഇടതു സര്‍ക്കാര്‍ മുന്നാക്ക പ്രീണനത്തിന്റെ അടവുനയം പുറത്തെടുത്തത്. മോദിയും കൂട്ടരും ഇഡബ്ല്യുഎസ് തന്ത്രം മെനഞ്ഞുതുടങ്ങും മുന്‍പ് ഇവിടെ ഇടതു സര്‍ക്കാര്‍ 1,800 ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ദേവസ്വം ബോര്‍ഡിലെ നിയമനങ്ങളില്‍ 10% സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയിരുന്നു. ദേവസ്വം ജീവനക്കാരില്‍ 80 ശതമാനവും മുന്നാക്ക വിഭാഗക്കാരാണെന്നിരിക്കെയാണ് അവര്‍ക്കിടയിലെ ദരിദ്രരുടെ പേരില്‍ പിന്നെയുമൊരു സംവരണ ക്രമീകരണം. തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് നാടാര്‍ ക്രൈസ്തവര്‍ക്കും പ്രത്യേക ഒബിസി സംവരണ വിഹിതം പഖ്യാപിച്ചു. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ പട്ടിക പുതുക്കാനുള്ള അധികാരം 2018-ലെ 102-ാം ഭരണഘടനാ ഭേദഗതി പ്രകാരം കേന്ദ്ര സര്‍ക്കാരിനാണ്. ഇക്കാര്യത്തില്‍ സംസ്ഥാന ഗവര്‍ണറുമായി കൂടിയാലോചന നടത്തി രാഷ്ട്രപതിയാണ് പട്ടിക വിജ്ഞാപനം ചെയ്യേണ്ടത്.

ചരിത്രപരമായി സാമൂഹിക വിവേചനത്തിന് ഇരയായ ജാതിസമൂഹങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലും ഭരണപങ്കാളിത്തത്തിലും തുല്യാവസരവും അര്‍ഹതപ്പെട്ട പ്രാതിനിധ്യവും നല്‍കുന്നതിനുള്ള ഭരണഘടനാപരമായ രാഷ്ട്രീയ ഉപകരണമാണ് സംവരണം. സാമ്പത്തിക മാനദണ്ഡമല്ല സംവരണത്തിന്റെ അടിസ്ഥാന തത്വം. ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയായി സംവരണത്തെ കാണുന്നത് വികലമായ കാഴ്ചപ്പാടാണ്. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ഇഡബ്ല്യുഎസ് ഭരണഘടനാ ഭേദഗതി കേസില്‍ തീര്‍പ്പാകുന്നതുവരെ കേരളത്തില്‍ സാമ്പത്തിക സംവരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് സാമൂഹിക നീതിബോധമുള്ള നിയമജ്ഞര്‍ പറയും.

ലത്തീന്‍ കത്തോലിക്കര്‍ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിവിധ തസ്തികകളില്‍ ചട്ടപ്രകാരം ലഭിക്കേണ്ട പ്രാതിനിധ്യം നഷ്ടപ്പെട്ടുപോകുന്നതിന്റെ കണക്കുകള്‍ ജസ്റ്റിസ് നരേന്ദ്രന്‍ കമ്മിഷന്റെ കാലം മുതല്‍ ഉയര്‍ന്നുകേള്‍ക്കുന്നതാണ്. സ്‌പെഷല്‍ റിക്രൂട്ട്‌മെന്റിലൂടെ നീതി നടപ്പാക്കണമെന്ന ആവശ്യം ദശകങ്ങളായി നിലനില്‍ക്കുന്നു. സംസ്ഥാനത്തെ ക്രൈസ്തവ പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ യഥാര്‍ത്ഥ ദുര്‍ബല ജനവിഭാഗത്തിന്റെ പ്രാതിനിധ്യത്തിന്റെ ദൈന്യചിത്രം കൂടുതല്‍ വ്യക്തമാകുമെന്നു കരുതാം.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

കൃപാകടാക്ഷം ചൊരിഞ്ഞ പുണ്യാരാമത്തില്‍ ആദരവോടെ, സ്‌നേഹത്തോടെ…

ദൈവത്തിന്റെ അനന്തമായ കാരുണ്യത്തിന്റെ തണലില്‍, ഒരു നൂറ്റാണ്ട് മുഴുവന്‍ ദൈവവിശ്വാസത്തിന്റെയും ശുശ്രൂഷയുടെയും ജ്വലിക്കുന്ന സാക്ഷ്യമായി മലബാറിന്റെ മണ്ണില്‍ നിലകൊള്ളുന്ന കോഴിക്കോട് രൂപത, സ്‌നേഹത്തിന്റെയും കരുതലിന്റെയും പൂര്‍വ്വ പുണ്യകര്‍മ്മങ്ങളുടെ

സൗദി രാജകുടുംബത്തിലെ 150 പേര്‍ക്ക് കൊവിഡ്

റിയാദ് : റിയാദ് ഗവര്‍ണര്‍ ഉള്‍പ്പെടെ സൗദി അറേബ്യയിലെ അല്‍ സൗദ് രാജകുടുംബത്തിലെ 150 അംഗങ്ങള്‍ക്ക് കൊറോണവൈറസ് പിടിപെട്ടതായി റിപ്പോര്‍ട്ട്. റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്തര്‍

മത്സ്യമേഖലയ്ക്കായി മണ്ണെണ്ണ വിഹിതം വേണം

മണ്ണെണ്ണ മണക്കാത്ത നാടും നഗരങ്ങളുമാണ് നരേന്ദ്ര മോദിയുടെ വികസന സങ്കല്പത്തിലുള്ളത്. പ്രധാന്‍മന്ത്രി ഉജ്വല യോജനയില്‍ എല്ലാ വീട്ടിലും പാചകവാതകവും, സൗഭാഗ്യ പദ്ധതിയില്‍ നൂറു ശതമാനം പേര്‍ക്കും വൈദ്യുതി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*