Breaking News

സാമ്പത്തിക സംവരണത്തിന് എന്തിനിത്ര തിടുക്കം?

സാമ്പത്തിക സംവരണത്തിന് എന്തിനിത്ര തിടുക്കം?
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തിന്റെ അവസാന ദിവസം, 2019 ജനുവരി എട്ടിന്, നരേന്ദ്ര മോദി ഗവണ്‍മെന്റ് തിടുക്കത്തില്‍ അവതരിപ്പിച്ച് ഒരു ചര്‍ച്ചയും കൂടാതെ കേവലം മൂന്ന് അംഗങ്ങളുടെ എതിര്‍പ്പു തള്ളി കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെടെ 323 അംഗങ്ങളുടെ പിന്തുണയോടെ പാസാക്കിയ സാമ്പത്തിക സംവരണ നിയമം അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിടാന്‍ സുപ്രീം കോടതി തീരുമാനിച്ചത് സ്വാഗതാര്‍ഹമാണ്. പട്ടികജാതി-വര്‍ഗ, ഇതര പിന്നാക്ക വിഭാഗങ്ങള്‍ ഒഴികെയുള്ള സമൂഹത്തിലെ സാമ്പത്തിക ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള പ്രത്യേക വ്യവസ്ഥ എന്നു വിശേഷിപ്പിച്ചാണ് സര്‍ക്കാര്‍ ജോലിക്കും വിദ്യാഭ്യാസത്തിനും മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ ഭരണഘടനയിലെ സാമൂഹിക സംവരണത്തിന്റെ അടിസ്ഥാനപ്രമാണങ്ങളെ നമ്മുടെ അഭിനവ രാജ്യതന്ത്രജ്ഞര്‍ കീഴ്‌മേല്‍മറിച്ചത്.
ജാതിവ്യവസ്ഥയിലെ ആഴമേറിയ അസമത്വങ്ങളുടെയും അനീതിയുടെയും സാമൂഹ്യചരിത്ര പശ്ചാത്തലത്തില്‍ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ സമുദ്ധരണവും സാമൂഹിക നീതിയും ലക്ഷ്യമാക്കി ഭരണഘടനാശില്പികള്‍ എഴുതിച്ചേര്‍ത്ത ആര്‍ട്ടിക്കില്‍ 15, 16 എന്നിവ ഭേദഗതി ചെയ്തുകൊണ്ട് സാമ്പത്തിക മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ സംവരണ ആനുകൂല്യം പുനര്‍നിര്‍വചിക്കുന്ന 2019ലെ 103-ാം ഭരണഘടനാഭേദഗതി നിയമം സ്റ്റേ ചെയ്യാന്‍ 2019 ജൂലൈയില്‍ വിസമ്മതിച്ച പരമോന്നത കോടതിയാണ് ഇപ്പോള്‍ ഇതു സംബന്ധിച്ചു സമര്‍പ്പിക്കപ്പെട്ട 35 ഹര്‍ജികളില്‍ ‘സാരമായ നിയമപ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെടുന്നതായി’ വിലയിരുത്തുന്നത്. ഒരു സംവരണവും ലഭിക്കാത്ത മേല്‍ജാതിക്കാരുടെ വോട്ടില്‍ കണ്ണുനട്ട് 20 കോടി ജനങ്ങള്‍ക്ക് പുതുതായി സംവരണാനുകൂല്യം വാഗ്ദാനം ചെയ്ത മോദിക്ക് എത്രയോ മുന്‍പേ, പി.വി. നരസിംഹ റാവു നയിച്ച കോണ്‍ഗ്രസ് ഗവണ്‍മെന്റ് 1991 സെപ്റ്റംബറില്‍ എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ 10% സാമ്പത്തിക സംവരണം പ്രഖ്യാപിച്ചത് ഭരണഘടനാവിരുദ്ധമാണെന്ന് (അള്‍ട്രാ വൈറസ്) സുപ്രീം കോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് വിധിക്കുകയുണ്ടായി.
സാമ്പത്തിക പിന്നാക്കാവസ്ഥ ഒന്നുമാത്രം സംവരണത്തിനു മാനദണ്ഡമായി പരിഗണിക്കാനാവില്ല എന്നും, മൊത്തം സംവരണത്തിന്റെ തോത് 50 ശതമാനം എന്ന പരിധിയില്‍ കൂടാന്‍ പാടില്ല എന്നുമാണ് 1992ലെ ഇന്ദിരാ സാഹ്‌നി കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയത്. പട്ടികജാതി-വര്‍ഗ, ഒബിസി സംവരണ ക്വോട്ടയെ ബാധിക്കാതെ ജനറല്‍ കാറ്റഗറിയില്‍ നിന്ന് 10 ശതമാനം സാമ്പത്തിക സംവരണ വിഭാഗത്തിനായി നീക്കിവയ്ക്കുക എന്നതിന് അര്‍ഥം മൊത്തം സംവരണ പരിധി 50 ശതമാനത്തില്‍ നിന്ന് 60 ശതമാനമാവുക എന്നതാണ്. ഒന്‍പതംഗ ബെഞ്ചിന്റെ വിധി നിലനില്‍ക്കുമ്പോള്‍ അതിനെക്കാള്‍ വലിയ ബെഞ്ചാണ് അതു പുനഃപരിശോധിക്കേണ്ടത്. സാമ്പത്തിക സംവരണത്തിനായുള്ള മോദി ഗവണ്‍മെന്റിന്റെ ഭരണഘടനാഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ അഞ്ചംഗ ബെഞ്ചിനാണു വിട്ടിരിക്കുന്നത്. ഭരണഘടനയുടെ 16 (4)ല്‍ പറയുന്ന പിന്നാക്ക വര്‍ഗം എന്നതിന്റെ നിര്‍വചനം സാമ്പത്തിക സ്ഥിതിയെ ആധാരമാക്കി നിര്‍ണയിക്കാനാകുമോ എന്ന മൗലികപ്രശ്‌നത്തിലാണ് അന്തിമതീര്‍പ്പുണ്ടാകേണ്ടത്.
കേരളത്തില്‍ നായര്‍ സമുദായവും സുറിയാനി ക്രൈസ്തവരും മറ്റും സാമ്പത്തിക സംവരണത്തിനായി വാദിച്ചുതുടങ്ങിയിട്ട് കാലമേറെയായി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നയിക്കുന്ന ഇടതുമുന്നണി ഗവണ്‍മെന്റ് 2006ല്‍ സംസ്ഥാനത്തെ സ്വകാര്യ പ്രൊഫഷണല്‍ കോളജ് പ്രവേശനത്തിന് മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 12% സംവരണം അനുവദിച്ചിരുന്നു. മോദി സര്‍ക്കാര്‍ ജോലിക്ക് സാമ്പത്തിക സംവരണം കൊണ്ടുവരുന്നതിനു മുന്‍പുതന്നെ പിണറായി സര്‍ക്കാര്‍ ഇവിടെ അഞ്ചു ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങള്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിക്കഴിഞ്ഞിരുന്നു. കേന്ദ്രം സാമ്പത്തിക സംവരണ നിയമം പാസാക്കിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ സംസ്ഥാനത്തെ ഏഴു മെഡിക്കല്‍ കോളജുകളില്‍ 10% സീറ്റ് (155 സീറ്റുകള്‍) വര്‍ധിപ്പിച്ച് പുതിയ സംവരണവ്യവസ്ഥ നടപ്പാക്കി. അതേസമയം, അഖിലേന്ത്യാതലത്തില്‍ എന്‍ഐടി, ഐഐടി, ഐഐഎം എന്നിവ ഉള്‍പ്പെടെയുള്ള ഉന്നതപഠനകേന്ദ്രങ്ങളില്‍ സാമ്പത്തിക സംവരണത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രവേശനത്തിനായി തഹസില്‍ദാരില്‍ നിന്നു വരുമാന സര്‍ട്ടിഫിക്കറ്റ് കിട്ടുന്നില്ല എന്ന പരാതി ഉയരുകയുണ്ടായി. ഏതായാലും, സര്‍ക്കാര്‍ വകുപ്പുകളില്‍ പൊതുവിഭാഗത്തില്‍ 10% സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങളും വ്യവസ്ഥകളും നിശ്ചയിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കുകയും മുന്നാക്ക സംവരണം പ്രാബല്യത്തില്‍ കൊണ്ടുവന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കുകയും ചെയ്തു.  
പ്രൊഫഷണല്‍ കോളജുകളില്‍ നടപ്പാക്കിയ സാമ്പത്തിക സംവരണവ്യവസ്ഥ പ്ലസ് വണ്‍ പ്രവേശനത്തിനും ബാധകമാക്കണമെന്ന ആവശ്യം പരിഗണിച്ചാവണം സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്ലസ് വണ്‍ കോഴ്‌സുകള്‍ക്ക് ഇക്കഴിഞ്ഞ മന്ത്രിസഭായോഗം മാര്‍ജിനല്‍ സീറ്റ് വര്‍ധനയ്ക്ക് അനുമതി നല്‍കിയത്. വടക്കന്‍ മേഖലയിലെ ആറു ജില്ലകളില്‍ 20 ശതമാനവും മറ്റു ജില്ലകളില്‍ 10 ശതമാനവും സീറ്റ് വര്‍ധിപ്പിക്കുന്നു. സര്‍ക്കാരിന് അധിക ബാധ്യതയുണ്ടാകാത്ത രീതിയില്‍ ഇക്കുറി ഒന്നാം അലോട്‌മെന്റിനു മുന്‍പുതന്നെ പ്ലസ് വണ്‍ പ്രവേശനത്തിന് മുന്നാക്ക സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന് 15,000 സീറ്റ് നീക്കിവയ്‌ക്കേണ്ടിവരുമ്പോള്‍ യഥാര്‍ഥത്തില്‍ പട്ടികജാതി-വര്‍ഗ വിഭാഗവും ഒബിസിയും എസ്ഇബിസിയും ഉള്‍പ്പെടെ എല്ലാ വിഭാഗക്കാര്‍ക്കും അവകാശപ്പെട്ട മെരിറ്റ് സീറ്റിലാണ് അത്രകണ്ട് കുറവുവരുന്നത്. മിനിമല്‍ സീറ്റുവര്‍ധന കൊണ്ട് ഒരു ബാച്ചിലെ കുട്ടികളുടെ എണ്ണം 50ല്‍ നിന്ന് പിന്നെയും കൂടുന്നത് അധ്യയനമികവിന് ഒട്ടും സഹായകമാവില്ലതാനും.
ഇക്കൊല്ലം പ്ലസ് ടു പഠനത്തിന് സംസ്ഥാനത്ത് യോഗ്യത നേടിയവര്‍ 4,17,101 പേരാണ് (സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാര്‍ഥികള്‍ ഈ കണക്കിലില്ല). സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലായി ആകെ സീറ്റുകള്‍ 3,61,746. ഇതില്‍ നിന്ന് വ്യക്തമാകുന്നത് 55,355 കുട്ടികള്‍ക്കെങ്കിലും മികച്ച ഗ്രേഡുണ്ടെങ്കിലും അവര്‍ ആഗ്രഹിക്കുന്ന സ്‌കൂളിലോ ഇഷ്ടപ്പെട്ട കോമ്പിനേഷനോ ചേരാനാവുകയില്ല എന്നാണ്. അവര്‍ പഠനത്തിന് ബദല്‍മാര്‍ഗങ്ങള്‍ കണ്ടെത്തണം. മാര്‍ജിനല്‍ സീറ്റുവര്‍ധന ഇതിനൊരു പരിഹാരമല്ല. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണമില്ലാത്ത എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ മുന്നാക്ക സംവരണം ഏര്‍പ്പെടുത്താനാവുമോ എന്ന ചോദ്യവും ഇതിനൊപ്പം ഉയരുന്നുണ്ട്.
മുന്നാക്ക സാമ്പത്തിക സംവരണത്തിന് ഉത്സുകത കാട്ടുന്നവര്‍, ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബവരുമാനമുള്ള വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി, ബിരുദ, ബിരുദാനന്തര, പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് 1966ലെ കുമാരപിള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം അര്‍ഹതയുള്ള ആനുകൂല്യം നിഷേധിക്കുന്നതിലെ വൈരുധ്യത്തിന് എന്തു ന്യായം പറയും? മാനേജ്‌മെന്റ്, കമ്യൂണിറ്റി ക്വോട്ടയില്‍ പ്രവേശനം നേടുന്നവര്‍ക്ക് ഫീസ് ഇളവും വിദ്യാഭ്യാസ ഗ്രാന്റും ഇനി അനുവദിക്കേണ്ടതില്ല എന്നാണത്രെ നിര്‍ദേശം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതിയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ചിലര്‍ ഊറ്റംകൊള്ളുമ്പോള്‍, ഇവിടെ പിന്നാക്ക വിഭാഗത്തോട് വിവേചനം കാട്ടി മുന്നാക്ക പ്രീണനത്തിനു ശ്രമിക്കുന്നതും അനുചിതമാണെന്നോര്‍ക്കണം.

Related Articles

പുനരിധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി കെ.എൽ.സി.എ ഹെൽപ്പ് ഡെസ്ക് ആരംഭിക്കും

പ്രളയത്തിൽ ഒത്തിരിയേറെ ഭവനങ്ങളിൽ നിന്നും പ്രധാനപ്പെട്ട രേഖകൾ നഷ്ടപ്പെടുകയോ നശിച്ചുപോവുകയോ ചെയ്തിട്ടുണ്ട്. ഈ രേഖകൾ തിരിച്ച് ലഭിക്കുന്നതിനായി സർക്കാർ വിവിധ അദാലത്തുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ രേഖകൾ നഷ്ടപ്പെട്ട

ഇറാഖ് പാപ്പായെ കാത്തിരിക്കുന്നുവെന്ന് മൊസൂള്‍ ആര്‍ച്ച്ബിഷപ്

ബാഗ്ദാദ്: ഷിയാ മുസ്‌ലിംകളും കുര്‍ദുകളും ഉള്‍പ്പെടെ ഇറാഖിലെ ജനങ്ങള്‍ ഫ്രാന്‍സിസ് പാപ്പായുടെ സന്ദര്‍ശനം പ്രതീക്ഷിച്ചിരിക്കയാണെന്ന് മൊസൂളിലെ പുതിയ കല്‍ദായ മെത്രാപ്പോലീത്ത നജീബ് മിഖായേല്‍ മൗസാ പറഞ്ഞു. 2008ല്‍

വറുതിയും വരൾച്ചയും വരുന്നോ

കാരൂര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പെഴുതിയ ഉതുപ്പാന്റെ കിണര്‍ നാളുകള്‍ക്കുശേഷം വീണ്ടും വായിച്ചു. കാലത്തെ കടന്നുകാണുന്ന സാഹിത്യത്തിന്റെ ഉജ്വലമായ കണ്ണ്. മഹത്തായ കലാരചനകള്‍ ഭാവിയെ എത്ര കൃത്യതയോടെ പ്രവചിക്കുന്നു! സ്വന്തമായി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*