സിനഡ് ത്രിഘട്ട പ്രയാണത്തിന് തുടക്കമായി

സിനഡ് ത്രിഘട്ട പ്രയാണത്തിന് തുടക്കമായി

 

വത്തിക്കാന്‍ സിറ്റി: ”സിനഡാത്മക സഭയ്ക്ക്: കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം” എന്ന മുഖ്യ പരിചിന്തനാവിഷയത്തെ ആധാരമാക്കി നടത്തുന്ന സിനഡ് ലോകമെമ്പാടുമുള്ള എല്ലാ വിശ്വാസികളെയും ഉള്‍ക്കൊള്ളാനും, പ്രത്യേകിച്ച് സാധാരണക്കാരെ ശ്രവിക്കാനുമാണ് ശ്രമിക്കുന്നതെന്നും ഇതിന്റെ നായകന്‍ പരിശുദ്ധാത്മാവാണെന്നും ഫ്രാന്‍സിസ് പാപ്പാ വ്യക്തമാക്കി.
കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം എന്നിവയിലൂടെ സഭയുടെ സിനഡല്‍ സ്വഭാവം എങ്ങനെ കൈവരിക്കാമെന്നതിനെക്കുറിച്ചും, അതു തുറന്നുതരുന്ന സാധ്യതകളെക്കുറിച്ചും അതുമൂലം ഉണ്ടാകാനിടയുള്ള അപകടങ്ങളെക്കുറിച്ചും അദ്ദേഹം സൂചിപ്പിക്കുകയും ചെയ്യുന്നു. ”ഏക ദൈവജനത്തില്‍ ഈ ഒരുമയുടെ സമ്മാനം സ്വീകരിക്കുകയും ജീവിക്കുകയും ആത്മാവിന്റെ ശബ്ദത്തിന് തുറന്നുകൊടുക്കുകയും ചെയ്യുന്ന ഒരു സഭയെ അനുഭവിക്കാന്‍ നമുക്ക് ഒരുമിച്ച് യാത്ര ചെയ്യാം”ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. ഒരു നിയമനിര്‍മാണസഭാ സമ്മേളനം പോലെയോ രാഷ്ട്രീയ ചര്‍ച്ചാവേദിയോ പോലുള്ള ഒന്നല്ല ഈ സിനഡ്. മറിച്ച് പരിശുദ്ധാത്മാവ് നായകനായ ഒരു സഭാ നിമിഷമാണിത്. ആത്മാവില്ലാതെ സിനഡ് ഇല്ല.

കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം

സിനഡിന്റെ മൂന്ന് പ്രധാന വാക്കുകള്‍ – കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം എന്നിവയാണ്. കൂട്ടായ്മയും ദൗത്യവും സഭയുടെ നിഗൂഢതയെ വിവരിക്കുന്നു. തിരുവത്താഴപൂജ സഭയുടെ തനത് സ്വഭാവം വെളിവാക്കുന്നുവെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പറഞ്ഞിട്ടുണ്ട്. വിശുദ്ധ പോള്‍ ആറാമന്റെ വാക്കുകളില്‍, ”കൂട്ടായ്മ, അതായത്, ഐക്യവും ആന്തരിക പൂര്‍ണ്ണതയും, കൃപയിലും സത്യത്തിലും സഹകരണത്തിലും സാക്ഷാത്കരിക്കപ്പെടുന്നു. പ്രേഷിതദൗത്യം ഇന്നത്തെ ലോകത്തോടുള്ള അപ്പോസ്തലിക പ്രതിബദ്ധതയാണ്.” ദൈവവുമായുള്ള മാനവകുടുംബത്തിന്റെ അടുപ്പത്തിന്റെ അടയാളമായി ശുശ്രൂഷ ചെയ്യാനുള്ള സഭയുടെ ദൗത്യത്തിന് ക്രിസ്തീയകൂട്ടായ്മ കാരണമാകുന്നുവെന്ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പറഞ്ഞിട്ടുണ്ട്. ഇക്കാരണത്താല്‍, പ്രാദേശിക തലത്തില്‍ എല്ലാവരുടെയും പങ്കാളിത്തത്തോടെ സിനഡിന് നന്നായി തയ്യാറാകേണ്ടതുണ്ട്.

പങ്കെടുക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നു
സിനഡല്‍ യാത്രയുടെയും പ്രവര്‍ത്തനത്തിന്റെയും ഓരോ ഘട്ടത്തിലും ഓരോരുത്തരുടെയും ഭാഗത്തുനിന്ന് യഥാര്‍ത്ഥ ഇടപെടല്‍ പ്രോത്സാഹിപ്പിക്കാത്തിടത്തോളം കൂട്ടായ്മയും ദൗത്യവും അമൂര്‍ത്തമായി തുടരാന്‍ സാധ്യതയുണ്ട്. ജ്ഞാനസ്നാനം സ്വീകരിച്ച എല്ലാവരും സഭയുടെ ജീവിതത്തിലും ദൗത്യത്തിലും പങ്കെടുക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു.

സുവിശേഷവേലക്കാര്‍, രൂപതയിലെയും ഇടവകയിലെയും ഉപദേശക സംഘത്തിലെ അംഗങ്ങള്‍, അരികുവത്കരിക്കപ്പെടുന്ന സ്ത്രീകള്‍ എന്നിവരുടെ നിരാശയും അക്ഷമയും മനസ്സിലാക്കേണ്ടതുണ്ട്. എല്ലാവരെയും പങ്കെടുപ്പിക്കാന്‍ പ്രാപ്തരാക്കേണ്ടത് സഭാപരമായ കടമയാണ്. ജ്ഞാനസ്നാനത്തിന്റെ ‘തിരിച്ചറിയല്‍ കാര്‍ഡ്’ അടിസ്ഥാനമാക്കിയുള്ള ഒഴിച്ചുകൂടാനാവാത്ത സഭാ പ്രതിബദ്ധതയാണത്.

ഒഴിവാക്കേണ്ട മൂന്ന് അപകടസാധ്യതകള്‍

ഔപചാരികത (Formalism), ധിഷണപരത (Intellectualism), അചഞ്ചലത്വം (Immobility) എന്നിവയാണ് ഈ പ്രക്രിയയിലെ മറഞ്ഞിരിക്കുന്ന വിപത്തുകള്‍. സഭയുടെ ആന്തരികതയിലേക്കു കടക്കാതെ പുറംമോടി കണ്ട് ആസ്വദിക്കുന്നതില്‍ ഒതുങ്ങുന്ന ഒരു അസാധാരണ സംഭവമായി സിനഡിനെ തരംതാഴ്ത്തുന്നതാണ് ഔപചാരികതയെന്ന അപകടം. വെറും ഔപചാരികമായ ബാഹ്യസംഭവം എന്നത് അപകടസാധ്യതയാണ്. വാസ്തവത്തില്‍ സിനഡ് നമ്മുടെതന്നെ ഒരു മനോഹര ചിത്രം വരച്ചുകാട്ടുന്നതിനു പകരം ചരിത്രത്തില്‍ ദൈവം നടത്തുന്ന പ്രവര്‍ത്തനങ്ങളുമായി ഉപരി മെച്ചപ്പെട്ട രീതിയില്‍ സഹകരിക്കുന്നതിനുള്ള കാര്യക്ഷമമായ ആദ്ധ്യാത്മിക ഗുണദോഷ വിവേചന പ്രക്രിയയാകണം.

സിനഡ് ഒരുതരം സംഘാത പഠനമായി പരിണമിക്കുന്ന അപകടമുണ്ട്. അതാണ് ധിഷണപരത എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കുന്നത്. നമ്മള്‍ ഏറ്റെടുക്കുന്ന ആധികാരികമായ ആത്മീയ വിവേചനാത്മക പ്രക്രിയ നമ്മളെക്കുറിച്ച് ഒരു നല്ല പ്രതിച്ഛായ പ്രതിബിംബിക്കാനല്ല, മറിച്ച് കൂടുതല്‍ ഫലപ്രദമായി സഹകരിക്കാനായിരിക്കണം. ഇതിനുവേണ്ടി, ദൈവജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് പുരോഹിതരും അല്മായരും തമ്മിലുള്ള സംഭാഷണവും ഇടപെടലും സുഗമമാക്കാന്‍ കഴിയുന്ന ഉള്ളടക്കവും മാര്‍ഗങ്ങളും ഘടനകളും നമുക്ക് ആവശ്യമാണ്. ചില സമയങ്ങളില്‍ വൈദികര്‍ക്കിടയിലുണ്ടാകുന്ന ഒരു തരം ശ്രേഷ്ഠഭാവം (Elitism) അവരെ അല്മായരില്‍ നിന്ന് അകറ്റുന്നു. ഇത് അവരെ ‘വീടിന്റെ അധിപന്‍’ ആക്കുന്നു. പുരോഹിതശുശ്രൂഷ, അല്മായരുടെ പങ്ക്, സഭാപരമായ ഉത്തരവാദിത്തങ്ങള്‍, ഭരണപരമായ ചുമതലകള്‍ എന്നിവയെ സംബന്ധിച്ച വികലവും ഭാഗികവുമായ കാഴ്ചപ്പാടുകളും മാറ്റേണ്ടതുണ്ട്.

സഭയുടെ പ്രശ്നങ്ങളെയും ലോകത്തിലുള്ള തിന്മകളെയു സംബന്ധിച്ച് ബുദ്ധിപരമായി എന്നാല്‍ അപ്രായോഗികമായി, ഉപരിപ്ലവമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്ന ഒരു അവസ്ഥയാണ് ഇവിടെ ഉണ്ടാകുന്നത്. മാറ്റത്തിനു തയ്യാറാകാതെ കീഴ്വഴക്കത്തിന് ഊന്നല്‍ നല്കി കടുംപിടുത്തം പിടിക്കുന്ന പ്രവണതയെയാണ് മൂന്നാമത്തെ വിപത്തായ അചഞ്ചലത്വം കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ രീതിയില്‍ ചരിക്കുന്നവര്‍ നാം ജീവിക്കുന്ന കാലത്തെ ഗൗരവപൂര്‍വ്വം കണക്കിലെടുക്കാതിരിക്കുക എന്ന തെറ്റില്‍ അറിയാതെയാണെങ്കിലും നിപതിക്കുന്നു. അങ്ങനെ ഇവിടെ പുതിയ പ്രശ്നങ്ങള്‍ക്ക് പഴയ പരിഹാരങ്ങള്‍ സ്വീകരിക്കുന്ന അപകടമുണ്ടാകുന്നു. ‘സംതൃപ്തി’ എന്ന വാക്ക് സഭയുടെ ജീവിതത്തിലെ ഒരു വിഷമാണ്. അത്തരം മനോഭാവമുള്ള ആളുകള്‍ പുതിയ പ്രശ്നങ്ങള്‍ക്ക് പഴയ പരിഹാരങ്ങള്‍ പ്രയോഗിക്കുന്നു. സിനഡല്‍ പ്രക്രിയയില്‍ പ്രാദേശിക സഭകള്‍ വിവിധ ഘട്ടങ്ങളിലും താഴെ മുതല്‍ ദൗത്യത്തിലേക്ക് നയിക്കപ്പെടുന്ന കൂട്ടായ്മയുടെയും പങ്കാളിത്തത്തിന്റെയും ഒരു ശൈലി രൂപപ്പെടുത്താന്‍ കഴിയുന്ന ആവേശകരവും ആകര്‍ഷകവുമായ ശ്രമത്തില്‍ ഏര്‍പ്പെടുകയാണ് വേണ്ടത്.

മൂന്ന് അവസരങ്ങള്‍
സമാഗമം, കേള്‍ക്കല്‍, പ്രതിബിംബം എന്നിവയുടെ സിനഡല്‍ പ്രക്രിയ ദൈവജനമായ സഭയെ കുറഞ്ഞത് മൂന്ന് അവസരങ്ങളെങ്കിലും തിരിച്ചറിയാന്‍ സഹായിക്കും. ആദ്യമായി അത് ഇടയ്ക്കിടെ അല്ല, ഘടനാപരമായി ഒരു സിനഡല്‍ സഭയിലേക്കു നീങ്ങണം. അവിടെ എല്ലാവര്‍ക്കും അനുഭവിക്കാനും പങ്കെടുക്കാനും കഴിയും.

രണ്ടാമതായി, സിനഡ് ഒരു ശ്രവിക്കുന്ന സഭയാകാനും നമ്മുടെ ആരാധനയിലും പ്രാര്‍ത്ഥനയിലും ആദ്യം ആത്മാവിനോടും തുടര്‍ന്ന് നമ്മുടെ സഹോദരീസഹോദരന്മാരോടും അവരുടെ പ്രതീക്ഷകള്‍, പ്രതിസന്ധികള്‍ എന്നിവയോടുള്ള നമ്മുടെ പതിവ് മനോഭാവം തെറ്റിക്കാനും അവസരം നല്‍കുന്നു. ലോകമെമ്പാടുമുള്ള വിശ്വാസത്തിനു വേണ്ടിയുള്ള മുറവിളിയും, പുതുക്കിയ ഇടയജീവിതത്തിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുന്നു.

സാമീപ്യവും അനുകമ്പയും ആര്‍ദ്രതയും ഉള്ളതാണ് ദൈവത്തിന്റെ ശൈലി. അകന്നുനില്‍ക്കാനല്ല, മറിച്ച് അവളുടെ സാമീപ്യത്താല്‍ സഭയുമായി അടുത്തുനില്‍ക്കാനുള്ള ഒരവസരമാണ് സിനഡ് ഒരുക്കുന്നത്. തകര്‍ന്ന ഹൃദയങ്ങളെ സുഖപ്പെടുത്താനും മുറിവുകള്‍ തുന്നിക്കെട്ടാനും ദൈവത്തിന്റെ ലേപനത്താല്‍ സാധിക്കും.

മറ്റൊരു സഭയല്ല, വ്യത്യസ്തമായൊരു സഭ

നമുക്ക് എപ്പോഴും ആത്മാവാകുന്ന ദൈവത്തിന്റെ പുതിയ ശ്വാസം ഇതിനായി വേണം. അത് എല്ലാവിധത്തിലുള്ള സ്വാംശീകരണത്തില്‍ നിന്നും നമ്മെ മോചിപ്പിക്കുകയും, അസ്വസ്ഥമായതിനെ സൗഖ്യത്തില്‍ പുനരുജ്ജീവിപ്പിക്കുകയും, ചങ്ങലകള്‍ അഴിക്കുകയും സന്തോഷം പരത്തുകയും ചെയ്യുന്നു. ഡൊമിനിക്കന്‍ പുരോഹിതനായ ഫാദര്‍ യെവ്സ് മേരി-ജോസഫ് കോംഗറിനെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു: ”മറ്റൊരു സഭ സൃഷ്ടിക്കേണ്ട ആവശ്യമില്ല; വ്യത്യസ്തമായൊരു സഭ സൃഷ്ടിക്കുക.” വ്യത്യസ്തമായ ഒരു സഭയ്ക്കു വേണ്ടി, പരിശുദ്ധാത്മാവിനെ കൂടുതല്‍ ഉത്സാഹത്തോടെ നിരന്തരം വിളിച്ച് പ്രാര്‍ത്ഥിക്കാനും താഴ്മയോടെ അവനെ ശ്രവിക്കാനും പാപ്പാ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.Related Articles

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം ഇന്ത്യയ്ക്കെതിരായ ആക്രമണംതന്നെ!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പങ്കുവച്ച വസ്തുതകള്‍ : ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ ആക്രമണം ഇന്ത്യ്ക്കെതിരായ ആക്രമണം തന്നെയാണെന്ന് കര്‍ദ്ദിനാള്‍ ഓസ്വാള്‍ ഗ്രേഷ്യസ്

എല്‍സിവൈഎം പുനലൂര്‍ രൂപത അര്‍ദ്ധ വാര്‍ഷിക സെനറ്റ്

പുനലൂര്‍: എല്‍സിവൈഎം പുനലൂര്‍ രൂപതയുടെ 2018 വര്‍ഷത്തെ സെനറ്റ് സമ്മേളനം പത്തനാപുരം ആനിമേഷന്‍ സെന്റില്‍ ചേര്‍ന്നു. സെനറ്റ് സമ്മേളനത്തില്‍ 28 ഇടവകകളില്‍ നിന്നായി 103 യുവജനങ്ങള്‍ പങ്കെടുത്തു.

ഉയരങ്ങളില്‍ പറക്കാന്‍ സഹായിക്കുക നമ്മള്‍

വിജയികളുടെ പടം കൊണ്ട് പത്രത്താളുകള്‍ നിറയുകയാണ്. ഫുള്‍ എ പ്ലസുകാര്‍. നല്ല കാര്യം. ജീവിതത്തിലും ഭാവിയിലും അവര്‍ വിജയത്തിന്റെയും നേട്ടങ്ങളുടെയും കതിരുകള്‍ ഇനിയും കൊയ്യട്ടെ. വിവിധ വിദ്യാഭ്യാസ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*