സിനിമയെ വെല്ലും അത്ഭുതബാല്യം

കുട്ടികള്‍ പലപ്പോഴും മുതിര്‍ന്നവരെ അതിശയിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു. 15-ാം വയസില്‍ കാന്‍സര്‍ സെല്ലുകളെ കണ്ടെത്താനുള്ള സെന്‍സര്‍ കണ്ടുപിടിച്ച ജാക്ക് ആന്‍ഡ്രേക്ക, പന്ത്രണ്ടാം വയസില്‍ അന്ധര്‍ക്ക് വഴികാട്ടിയായ ഐഎയ്ഡ് ഉപകരണം കണ്ടുപിടിച്ച അലക്സ് ഡീന്‍സ്, സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം കരസ്ഥമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി മലാല യൂസഫ്സായ്, 16-ാം വയസില്‍ നാസി ക്യാമ്പില്‍ ജീവിതം ഒടുങ്ങുംമുമ്പ് ഒളിസങ്കേതത്തില്‍ വച്ച് എഴുതിയ ഡയറിക്കുറിപ്പുകളിലൂടെ അനശ്വരയായ ആന്‍ ഫ്രാങ്ക്, ചിത്രങ്ങളുടെ വര്ണരാജികളിലൂടെ നമ്മെ ആഹ്ളാദിപ്പിക്കുകയും വേര്‍പാടിലൂടെ പൊട്ടിക്കരയിക്കുകയും ചെയ്ത ഏഴുവയസുകാരന് തോമസ് ക്ലിന്റ്… അവരുടെ നിര നീളുകയാണ്.
പത്താം വയസില്‍ ‘പീടിക’ എന്ന ഹ്രസ്വചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ ആഷിക് ജിനു ഏറ്റവും പ്രായം കുറഞ്ഞ സംവിധായകന് എന്ന യൂ.ആര്.എഫ് നാഷണല്‍ റെക്കോര്‍ഡ് നേടി. രണ്ട് ഹ്രസ്വചിത്രങ്ങള്‍ക്ക് ട്രാവന്‍കൂര്‍ ഇന്റര്‍നാഷണലിന്റെ മികച്ച സംവിധായകനുള്ള അവാര്‍ഡും ലഭിച്ചു. ഏഴു ഹ്രസ്വചിത്രങ്ങളും ഒരു ഡോക്യുമെന്ററിയും രണ്ട് കമേര്‍ഷ്യല്‍ സിനിമയും സംവിധാനം ചെയ്ത ആഷിക് ജിനു മറ്റൊരു വണ്ടര്ബോയിയായി മാറുകയാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സിനിമാ സംവിധായകന് എറണാകുളം സ്വദേശി ആഷിക് ജിനുവുമായി ബിജോ സില്‍വേരി നടത്തിയ അഭിമുഖത്തില്‍ നിന്ന്:
ആഷിക് ജിനു സിനിമാ രംഗത്ത് എത്തപ്പെടുന്നത് എങ്ങിനെയാണ്?
എന്റെ അപ്പനുമമ്മയും സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്. അപ്പന് ജിനു സേവ്യര്‍ അസിസ്റ്റന്റ് ഡയറക്ടറും അസോസിയേറ്റ് ഡയറക്ടറുമൊക്കെയായി പ്രവര്‍ത്തിച്ചുവരുന്നു. അമ്മ രജിത ജിനു അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ചില ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. അവരുടെ കൂടെ ചെറുതായിരിക്കുമ്പോള്‍ തന്നെ സിനിമാ ലൊക്കേഷനുകളിലൊക്കെ പോകുമായിരുന്നു. സിനിമാപ്രവര്‍ത്തകരുമായി ഇടപെടാനും കാര്യങ്ങള്‍ മനസിലാക്കാനും അതുവഴി കഴിഞ്ഞിരുന്നു. ആദ്യം മുതല്‍ തന്നെ എന്റെ ഉള്ളില്‍ സിനിമ എന്നൊരു പാഷന് നല്ലതുപോലെ ഉണ്ടായിരുന്നു. ഫോട്ടോഗ്രാഫിയോട് വലിയ ഇഷ്ടമായിരുന്നു. അതു കണ്ട് അപ്പന് ഒരു ക്യാമറ വാങ്ങിതന്നു. എടുക്കുന്ന ഫോട്ടോകളെല്ലാം അപ്പനുമമ്മയും പരിശോധിക്കുകയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തരികയും ചെയ്തിരുന്നു. ഫോട്ടോകള്‍ നല്ല ക്വാളിറ്റി ഫ്രെയിമുകളായി തോന്നിയതുകൊണ്ട് അവരെന്നെ പ്രോത്സാഹിപ്പിച്ചു. സിനിമയുടെ തുടക്കം അവിടെയാണെന്നു പറയാം.
പത്തു-പതിനൊന്ന് വയസെന്ന് പറയുമ്പോള്‍ സാധാരണഗതിയില്‍ സിനിമയെ സീരിയസായി സമീപിക്കുന്ന ഒരു പ്രായമല്ല. കാര്ട്ടൂണുകള് കാണുന്ന പ്രായം. എന്നിട്ടും സംവിധായകനാകാന്‍ എങ്ങനെ സാധിച്ചു?
പ്രധാന കാരണം ഓര്‍മവച്ച കാലം മുതലുള്ള സിനിമാ ലൊക്കേഷനുകളിലെ ജീവിതമാണ്. സിനിമാ മേക്കിംഗ് എന്നുള്ള ഒരു സങ്കല്പം അങ്ങനെ വളര്‍ന്നുവന്നു. എന്റെ ജീവിതത്തിലുണ്ടായ ഒരു സംഭവം സിനിമയാക്കണമെന്ന ആഗ്രഹം ഞാന്‍ അപ്പനുമമ്മയോടും പറഞ്ഞു. അന്നെനിക്ക് പത്ത് വയസാണ്. ഒരു കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിവരുമ്പോള്‍ ബില്ല് തന്നിരുന്നില്ല. സാധനങ്ങള്‍ വാങ്ങിയതില്‍ ബാക്കി പൈസ കിട്ടാനുണ്ടായിരുന്നു. പിന്നീട് ചെന്നു ചോദിച്ചപ്പോള്‍ ബില്ലില്ലാത്തതിന്റെ പേരില്‍ പൈസ കിട്ടിയില്ല. വീട്ടില്‍ വന്നപ്പോള്‍ അമ്മ വഴക്കു പറഞ്ഞു. ആ പരാതി അപ്പനോടു പറഞ്ഞപ്പോള്‍ ബില്ല് ചോദിച്ചു വാങ്ങുന്നത് ഒരു പൗരന്റെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു മനസിലാക്കിതന്നു. ആ സംഭവം ഒരു ഷോര്‍ട്ട്ഫിലിമായി ചെയ്യണമെന്ന് അപ്പനോടു പറഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകന് എന്നുള്ള നാഷണല്‍ റെക്കോര്‍ഡ് അങ്ങനെയാണ് ലഭിക്കുന്നത്. ഈ സിനിമ ചിത്രീകരണം തുടങ്ങാന്‍ പോകുന്നു എന്നു പറഞ്ഞ് ഫേസ്ബുക്കില്‍ അനൗണ്‍സ് ചെയ്തിരുന്നു. ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തതിന്റെ അടിസ്ഥാനത്തില്‍ യുആര്‍എഫ് യൂണിവേറ്റഡ് റെക്കോര്‍ഡ് ഫോറത്തില്‍ നിന്നുള്ള അധികൃതര്‍ വന്ന് അവരുടെ സാന്നിധ്യത്തില്‍ ഷൂട്ട് ചെയ്തു. അങ്ങനെ എന്റെ സംവിധാനത്തിനുള്ള കഴിവ് വിലയിരുത്തിയതിനു ശേഷമാണ് ഇന്ത്യയില്‍ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകന് എന്നുള്ള റെക്കോര്‍ഡ് ലഭിച്ചത്. അതിനുശേഷം ഒരുപാട് ആളുകള്‍ സമീപിച്ചു, എന്നെക്കൊണ്ട് ഷോര്‍ട്ട് മൂവികളും മൂവികളുമൊക്കെ ചെയ്യിപ്പിക്കുവാനായിട്ട്. അതില്‍ സെലക്ടീവായിട്ടുള്ള കുറച്ച് ആളുകളില്‍ നിന്ന് വീണ്ടും ഒരു മൂവി ചെയ്തു. ‘പശി’ എന്നായിരുന്നു ഈ സൈലന്റ് മൂവിയുടെ പേര്. പശിക്ക് ഇന്റര്‍നാഷണല്‍ അവാര്‍ഡ് കിട്ടി. ഏതു ഭാഷക്കാര്‍ക്കും രാജ്യക്കാര്‍ക്കും മനസിലാകുന്ന വിധത്തിലുള്ള ചിത്രമായിരുന്നു അത്. രണ്ടര മിനിറ്റായിരുന്നു അതിന്റെ ദൈര്‍ഘ്യം.
സിനിമയുടെ കഥകള്‍ എപ്രകാരം തിരഞ്ഞെടുക്കുന്നു?
കഥയും തിരക്കഥയും അപ്പന് ജിനു സേവ്യറാണ് ചെയ്തുതരാറുള്ളത്. സിനിമ അദ്ദേഹം പഠിപ്പിച്ചു ചെയ്യിപ്പിക്കും. അദ്ദേഹത്തിന്റെ എക്സ്പീരിയന്‍സ് വച്ചിട്ട് സ്ക്രിപ്റ്റിംഗ് തുടങ്ങി സ്ക്രിപ്റ്റ് ഡിവൈഡിംഗ്, ലൊക്കേഷന്‍ ഹണ്ടിംഗ്, പ്രീപ്രൊഡക്ഷന്, ഡയറക്ഷന്‍, ഷൂട്ടിംഗ്, പോസ്റ്റ് പ്രൊഡക്ഷന്‍ എല്ലാ തലത്തിലും ഉള്‍പ്പെടുത്തുകയും അതെല്ലാം ചെയ്യിക്കുകയും ചെയ്യും.
പൊതുസമൂഹത്തിന് സിനിമയിലൂടെ എന്തെങ്കിലും സന്ദേശം നല്‍കണമെന്ന് തോന്നാറുണ്ടോ?
ഇതുവരെ ചെയ്തിരിക്കുന്ന എല്ലാ ചിത്രങ്ങളും പൊതുസമൂഹത്തിന് നന്മയേകുന്ന രീതിയിലുള്ള കഥകളാണ്. അത്തരം കഥകളാണ് അപ്പന് തിരഞ്ഞെടുക്കാറുള്ളത്. കഥയുടെ ഉള്ളടക്കം എനിക്ക് ബോധ്യപ്പെടുത്തി തരും. പിന്നെ തിരക്കഥ നന്നായി പഠിപ്പിക്കും. പിന്നെയാണ് ഡയറക്ഷനിലേക്ക് കടത്തിവിടുന്നത്. അപ്പോള്‍ എനിക്കത് വളരെ അനായാസം ചെയ്യാന്‍ സാധിക്കും.
കുട്ടികള്‍ക്ക് നമ്മുടെ സമൂഹത്തില്‍ എന്താണ് സ്ഥാനം?
ഇപ്പോഴത്തെ കുട്ടികളെന്നു പറയുന്നത് ഭാവി പൗരന്മാരാണ്. അവരാണ് രാജ്യത്തെ നയിക്കേണ്ടത്. കുട്ടികളുടെ അഭിരുചികള്‍ മനസിലാക്കി അവരെ അതിലേക്ക് പ്രവേശിപ്പിക്കുക എന്നതാണ് മാതാപിതാക്കളുടെ കടമയെന്ന് അനുഭവത്തിലൂടെ എനിക്കു തോന്നുന്നു. എന്റെ ആഗ്രഹം സിനിമയാണ്, കഥയാണ്, ഡയറക്ഷനാണ്. അതില്‍ പരമാവധി ചെറുപ്പം മുതല്‍ എന്നെ ആ വഴിയിലേക്ക് നയിക്കാന്‍ എന്റെ മാതാപിതാക്കള്‍ പിന്തുണ നല്കുന്നു. അപ്പന് സിനിമാ മേഖലയിലുള്ള ആളായതു കൊണ്ട് നന്മതിന്മകളെല്ലാം തിരിച്ചറിയാന്‍ സാധിക്കും. ശരിയായ വഴി തിരഞ്ഞെടുത്ത് നല്കാന് അദ്ദേഹത്തിനു കഴിയുന്നു.
കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍, ഗാര്‍ഹിക പീഡനങ്ങളടക്കം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. എന്തുകൊണ്ട് അപ്രകാരം സംഭവിക്കുന്നു എന്ന് ചിന്തിക്കാറുണ്ടോ?
തീര്‍ച്ചയായിട്ടും. പത്രങ്ങളിലും ടിവിയിലുമൊക്കെ ഇത്തരം വാര്‍ത്തകള്‍ എപ്പോഴും കാണാറുണ്ട്. മാതാപിതാക്കളുടെ ചിന്താഗതികള്‍ തെറ്റുന്നതാണ് ഇതിനു കാരണമെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. കുട്ടികളെ ഉപദ്രവിക്കുന്ന മാതാപിതാക്കളെ കൗണ്‍സലിംഗ് നല്കി സഹായിക്കുകയാണ് വേണ്ടത്. മാതാപിതാക്കള്‍ മദ്യവും മറ്റു ലഹരിവസ്തുക്കളും ഉപയോഗിക്കുന്നത് വലിയ ആപത്താണ്. ലഹരിയിലാണ് പല അക്രമങ്ങളും നടക്കുന്നത്. മാതാപിതാക്കളുടെ തിരിച്ചറിവില്ലായ്മ തന്നെയാണ് അതിനു പ്രധാന കാരണം.
ദൈവവിശ്വാസവും സ്വാധീനവും എത്രത്തോളമുണ്ട്?
തികച്ചും ഒരു ദൈവവിശ്വാസിയാണ് ഞാന്‍. വേദോപദേശ ക്ലാസുകളിലും ദിവ്യബലിയിലും കുടുംബപ്രാര്‍ത്ഥനയിലും മുടങ്ങാതെ പങ്കെടുക്കുന്നു. യൗസേപ്പിനോടായാലും മാതാവിനോടായാലും ഉണ്ണീശോയോടായാലും നല്ലതുപോലെ പ്രാര്ഥിക്കാറുണ്ട്. ജീവിതത്തിലെ ഏറ്റവും പ്രചോദനമെന്നത് ഈശോ-മറിയം-യൗസേപ്പ്, തിരുകുടുംബംതന്നെയാണ്. അതിനൊരു തര്‍ക്കവുമില്ല. വിശുദ്ധ ഡൊമിനിക് സാവിയോ ആണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള വിശുദ്ധന്.
ഭാവി പദ്ധതികള്‍ എന്തൊക്കെയാണ്?
വിദ്യാഭ്യാസത്തിനു തന്നെയാണ് ഞാന്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. ഇതിനിടയില്‍ കഴിയുന്നത്ര സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്.വരാപ്പുഴ ചേലാട്ട് കുടുംബാംഗമായ ആഷിക് വരാപ്പുഴ ഇസബെല്ല ദി റോസിസ് പബ്ലിക് സ്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സഹോദരി ആന്മേഴ്സി ഇതേ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. കൊങ്ങോര്‍പ്പിള്ളി-ചിറയം സെന്റ് ആന്റണീസ് ഇടവകാംഗമാണ്.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
അതിഥി തൊഴിലാളികള്‍ക്കായി സ്പെഷ്യല്‍ ട്രെയിന്‍
തിരുവനന്തപുരം: കേരളത്തിലെ അതിഥി തൊഴിലാളികള്‍ക്കായി സ്പെഷ്യല്‍ ട്രെയിന്‍. ആലുവയില്‍നിന്ന് ഭുവനേശ്വറിലേക്കാണ് സര്‍വീസ് ആരംഭിക്കുന്നത്. ട്രെയിന്‍ ഇന്ന് രാത്രിയോടെ പുറപ്പെടും. 1200 പേരെയാണ് ഈ ട്രെയിനില്‍ കൊണ്ടുപോകുന്നത്. പെരുമ്പാവൂര്‍,
കേരളത്തിൽ ആദ്യ കൊവിഡ് മരണം
കേരളത്തില്‍ ആദ്യത്തെ കൊവിഡ് മരണംകൊച്ചി: കേരളത്തില്‍ ആദ്യത്തെ കൊവിഡ് മരണം സ്ഥിരീകരിച്ചു. എറണാകുളം മട്ടാഞ്ചേരി സ്വദേശിയായ 69 കാരനാണ് മരിച്ചത്. ദുബായില്‍ നിന്ന് കഴിഞ്ഞ എട്ടിന് നെടുമ്പാശേരി
ഭാവി തലമുറക്കായി നല്ല മരങ്ങൾ നടുക : എ . ജയമാധവൻ
കൊച്ചി ; ഭാവി തലമുറക്കായി നല്ല മരങ്ങൾ വച്ചുപിടിപ്പിക്കുവാൻ സാധിക്കുന്നുവെങ്കിൽ അതായിരിക്കും മികച്ച സമ്പാദ്യമെന്നു ഡെപ്യൂട്ടി ഫോറസ്റ്റ് കൺസെർവേറ്റർ എ .ജയമാധവൻ അഭിപ്രായപ്പെട്ടു. വൃക്ഷതൈ വച്ചുപിടിപ്പിച്ചാൽ മാത്രം