സിസ്റ്റര്‍ അഭയാകേസ് വിധി: വിശ്വാസവും യുക്തിയും

സിസ്റ്റര്‍ അഭയാകേസ് വിധി: വിശ്വാസവും യുക്തിയും

 

സിസ്റ്റര്‍ അഭയയും സിസ്റ്റര്‍ സെഫിയും ഫാ. തോമസും സഭാമക്കളാണ്. ഒരാളുടെ ജീവിതം പൊലിഞ്ഞതിനു പിന്നില്‍, രാജ്യത്തെ നിയമസംഹിതയ്ക്കു മുന്നില്‍ കുറ്റക്കാരായി വിധിക്കപ്പെട്ട സഭയിലെ മറ്റു രണ്ടുപേരുണ്ടെന്ന് കോടതി പറഞ്ഞിരിക്കുന്നു. ശിക്ഷാവിധിയുണ്ടായിരിക്കുന്നു. ഏറെ സങ്കീര്‍ണമായ നാള്‍വഴികളിലൂടെ കടന്നുപോയ അന്വേഷണവും വിചാരണയും ഇതിന്റെ പേരില്‍ നടന്നു. ഇരുപത്തിയെട്ടു വര്‍ഷങ്ങളുടെ ദീര്‍ഘമായ കുറ്റാന്വേഷണ ചരിത്രമുള്ള കേസായിരുന്നു, ഡിസംബര്‍ 22ന് വിധി പ്രസ്താവത്തിലൂടെ നിയമസാധുതയുള്ള നിഗമനം പറഞ്ഞത്.

പൊതുസമൂഹവും രാഷ്ട്രവും നിയമവും മാധ്യങ്ങളും അവരവരുടെ വീക്ഷണകോണുകളില്‍ സിസ്റ്റര്‍ അഭയാക്കേസിനെപ്പറ്റി ഏറെ വിശകലനങ്ങള്‍ നടത്തിയിരുന്നു. കുറ്റാരോപിതരായവരും നിയമം കുറ്റക്കാരെന്നു പറഞ്ഞവരും മരണമടഞ്ഞവരുമെല്ലാം സഭയോടു ചേര്‍ന്നു ജീവിച്ചവരാണ്; ജീവിക്കുന്നവരാണ്. കുറ്റത്തിന്റെയും ശിക്ഷയുടെയും ദേശനിയമക്രമങ്ങള്‍ അനുസരിച്ച് ജയിലിലടയ്ക്കപ്പെട്ടവരും ജീവന്‍ പൊലിഞ്ഞവരും സഭാമക്കളല്ലാതാകുന്നില്ല. കുരിശില്‍ നിന്നിറക്കിക്കിടത്തിയ മകന്റെ മുറിവുകളില്‍ ചിന്നിച്ചിതറിയ
രക്തം, കണ്ണീര്‍ വാര്‍ത്തും ആര്‍ത്തട്ടഹസിച്ചും നിന്ന ജനം കാണുന്നുണ്ട്. പക്ഷേ അമ്മ മാത്രമാണ് ആ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന തന്റെ മുലപ്പാല്‍ തിരിച്ചറിയുന്നത്. ആ അമ്മ സഭയാണ്. അവളാരെയും വിധിക്കുന്നില്ല. ആട്ടും തുപ്പുമേറ്റ് തന്റെ മക്കള്‍ കുരിശുമായ് കാല്‍വരി കയറുമ്പോള്‍, അവസാനശ്വാസം വരെ അവള്‍ കൂടെയുണ്ടാകും. അത്രമാത്രം.

ഒരുപാട് വീഴ്ചകള്‍, മുറിവുകള്‍, ബലഹീനതകള്‍, അധിക്ഷേപങ്ങള്‍, തെമ്മാടിത്തരങ്ങള്‍, അഹന്തകള്‍… കേരളത്തിലെ സഭാസമൂഹത്തിന് ഒരുപാട് പോറലുകള്‍ വീഴുന്നുണ്ട്. അബദ്ധങ്ങള്‍ സംഭവിക്കുന്നുണ്ട്. ആത്മപരിശോധനയ്ക്കുള്ള ക്ഷണമാണ് ഓരോ വീഴ്ചയും. എവിടെയാണ് പിഴവുകള്‍ സംഭവിക്കുന്നത്?

ക്രിസ്തുവിനെ തള്ളിപ്പറയാത്തവര്‍ സഭയെ തള്ളിപ്പറയുന്നുണ്ട്. വിമര്‍ശിക്കുന്നുണ്ട്. അധിക്ഷേപിക്കാന്‍ കിട്ടുന്ന അവസരങ്ങളെ വീറോടെ പ്രയോജനപ്പെടുത്തുന്നുണ്ട്. വൈകാരികമായി മുറിവേറ്റവര്‍, വീണുകിടന്ന ഓരോ അവസരവും പകയോടെ കൊത്താന്‍ കൈപ്പിടിയിലാക്കുന്നുണ്ട്.

രാഷ്ട്രീയ നേതൃത്വം പോലെ, സമുദായ നേതൃത്വം പോലെ, മതജീവിതത്തിലുള്ളവരും പൊതുസമൂഹത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് അതീതരല്ലല്ലോ. പൊതുജീവിതത്തില്‍ ഇടപെടുന്നവരുടെ ഒരു വീഴ്ചയും സമൂഹം പൊറുക്കില്ല. ക്രിസ്തു പൊറുക്കുന്നുണ്ടാകാം. അത് പ്രത്യാശയാണ്. നിയമം നീതിയെക്കുറിച്ച് മാത്രം സംസാരിക്കാന്‍ വിധിക്കപ്പെട്ടതാണ്. നീതിയെ അതിവര്‍ത്തിച്ച് കടന്നുപോകുന്ന കരുണയെപ്പറ്റി അന്വേഷിക്കുവാന്‍ അതിന് ബാധ്യത ഇല്ല. സത്യത്തിനും നീതിക്കും വേണ്ടി പോരാടുന്നുവെന്ന് അവകാശപ്പെടുന്നവരും പോരാടുന്നവരും പക്ഷേ ദീര്‍ഘവും ദുര്‍ഘടവുമായ ആ യാത്രയില്‍ ചെയ്യരുതാത്തത് പലതും പറയുന്നുണ്ട്. അധികമായി പറയുന്നവരോട് പറയട്ടെ:

സിസ്റ്റര്‍ അഭയയുടെ മരണത്തിന് കാരണക്കാരായവരില്‍ ഉള്‍പ്പെട്ട സിസ്റ്റര്‍ സെഫി കന്യാചര്‍മം തുന്നിപ്പിടിപ്പിക്കുന്ന ശസ്ത്രക്രിയയ്ക്ക് വിധേയയായെന്ന് പ്രധാനവാര്‍ത്തയെഴുതിയയാളുടെ മനോഘടനയെ വെറുതെ വിടുക. കുറ്റക്കാരാകുന്നവര്‍ക്ക് അതോടെ സ്വകാര്യതയുടെ അവകാശങ്ങള്‍ ഇല്ലാതാകുന്നുണ്ടെന്ന് മാന്യ മാധ്യമസുഹൃത്തിന് തോന്നുന്നുണ്ടോ എന്നറിയില്ല. കന്യകാജീവിതം നേര്‍ന്നവരെല്ലാം (ആണും പെണ്ണും) കന്യാചര്‍മച്ഛേദനം നടത്തിയവരാണെന്നാണോ മാധ്യമസുഹൃത്തിന്റെ നിഗമനം? സിസ്റ്റര്‍ അഭയയുടെ മരണത്തിന് ഉത്തരവാദികളായവരെന്ന് കോടതി കണ്ടെത്തിയവരുടെ സ്വകാര്യജീവിതത്തിന്റെ തുറന്നിടലിലൂടെ കവരുന്ന മനുഷ്യാവകാശ പ്രശ്‌നത്തെപ്പറ്റി മനുഷ്യാവകാശപ്രവര്‍ത്തകരോ സ്ത്രീപക്ഷ സംഘടനകളോ ഒന്നും പറഞ്ഞുകണ്ടില്ല. ദുഷ്ടലാക്കുകളുടെ പത്രപ്രവര്‍ത്തനം വാര്‍ത്തകളുടെ കച്ചവടം കൂട്ടുന്നുണ്ടാകാം. മാധ്യമ മുതലാളിയുടെ നയത്തിനനുസരിച്ച് എഴുതുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു ഇന്‍ക്രിമെന്റ് കൂടുതല്‍ കിട്ടുന്നുണ്ടാകാം. സിസ്റ്റര്‍ അഭയയുടെ മരണത്തിന് ഉത്തരവാദിയായവളുടെ കന്യാചര്‍മ്മ പരിശോധനയിലൂടെ സഭാജീവിതത്തിന്റെ പ്രത്യേകതകളെ അവഹേളിച്ച് സഭാജീവിതത്തെ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് മാധ്യമ മുതലാളി കരുതുന്നുണ്ടാകാം.

സിസ്റ്റര്‍ അഭയ എന്ന സ്ത്രീക്ക് നീതി കിട്ടി. നിയമം പക്ഷേ അവസാനിക്കുന്നില്ല. കുറ്റക്കാരായവരെ കോടതി കണ്ടെത്തുന്നു. ശിക്ഷിക്കുന്നു. അതുകൊണ്ട് പൗരസമൂഹാംഗമെന്ന നിലയില്‍ സിസ്റ്റര്‍ സെഫിക്ക് നിയമ-സ്വകാര്യ അവകാശങ്ങള്‍ ഇല്ലാതാകുന്നില്ല. സിസ്റ്റര്‍ അഭയയുടെ ജീവനും ശരീരവും കവരാന്‍ ആര്‍ക്കും അവകാശമില്ലാതിരിക്കെ, അതിന് മുതിര്‍ന്നെന്നു കണ്ടവരെ കോടതി ശിക്ഷിക്കുന്നു. അതുകൊണ്ട് ശിക്ഷിക്കപ്പെട്ട സിസ്റ്റര്‍ സെഫിയുടെ ശരീരത്തിന്റെ ഉത്തരവാദിത്വം മാധ്യമങ്ങളും സമൂഹങ്ങളും ഏറ്റെടുക്കേണ്ടതുണ്ടോ? അവരുടെ ജീവിതവും ശരീരവും അവരുടെ സ്വകാര്യതയാണ്. അവര്‍ അതുകൊണ്ട് എന്തുവേണമെങ്കിലും ചെയ്‌തോട്ടെ. ആ ചെയ്തികള്‍ക്കിടയില്‍ വേറൊരാളെ അപായപ്പെടുത്തിയെങ്കില്‍, ജീവന്‍ കവര്‍ന്നെങ്കില്‍ അതിനായി അവര്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. ബാക്കിയൊക്കെ അവരുടെ സ്വകാര്യജീവിതത്തിന്റെയും ധാര്‍മികതയുടെയും വിശുദ്ധിയുടെയും വിഷയങ്ങളാണ്. കുറ്റക്കാരാകുന്നവരെ കണ്ടെത്തുന്ന നീതിയുടെ പ്രവര്‍ത്തനങ്ങളില്‍ കുറ്റങ്ങള്‍ ആരോപിക്കപ്പെടുമ്പോഴും കുറ്റക്കാരെന്നു കണ്ടെത്തപ്പെടുമ്പോഴും തുടര്‍ന്നുള്ള നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടുകൂടാ. അതാണ് രാജ്യത്തെ നിയമസംഹിതയുടെ ആധുനിക അടിത്തറ. അതാണ് ആധുനിക രാഷ്ട്ര-നീതി സങ്കല്‍പ്പം.

കഴിഞ്ഞ 28 വര്‍ഷമായി നീണ്ട കേസന്വേഷണത്തിന്റെ നാള്‍വഴിക്കുറിപ്പുകളില്‍ നിന്നും കോടതിയും മാധ്യമങ്ങളും എത്തിച്ചേര്‍ന്ന പ്രധാനപ്പെട്ട നിഗമനങ്ങള്‍ ഇവിടെ പറയാം. കോടതിയുടെ നിഗമനഭാഷയെപ്പറ്റി അല്പം തത്ത്വചിന്തയാകാമെന്നു തോന്നുന്നു.

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട രാത്രിയില്‍ (കൊലപാതകമെന്നു കോടതിയില്‍ നിയപരമായി തീര്‍പ്പായിരിക്കുന്നു) ഫാദര്‍ തോമസും സിസ്റ്റര്‍ സെഫിയും അവിഹിതമായ ഇടപെടലുകള്‍ നടത്തുന്നതിന് സിസ്റ്റര്‍ അഭയ സാക്ഷിയായി. അപമാനഭാരത്താല്‍, മുന്‍കൂട്ടിയുള്ള ആസൂത്രണമില്ലാതെ വൈകാരികമായ തള്ളിച്ചയില്‍ പൊടുന്നനെ അവര്‍ സിസ്റ്റര്‍ അഭയയെ ആക്രമിക്കുന്നു. സിസ്റ്റര്‍ അഭയ കൊല്ലപ്പെടുന്നു. സ്‌പെഷ്യല്‍ സിബിഐ കോടതിയുടെ നിഗമനങ്ങള്‍ ഡിഡക്ടീവ് ലോജിക്ക് പ്രകാരമുള്ളതാണെന്ന് കോടതിവിധിയിലുണ്ട്. അല്പം സങ്കീര്‍ണമാണ് കാര്യം. എന്താണ് യുക്തിഭദ്രമായ ഡിഡക്ടീവ് ലോജിക്ക്?

അരിസ്റ്റോട്ടിലിന്റെ പ്രസിദ്ധമായ ഉദാഹരണമെടുക്കുക:
1. എല്ലാ മനുഷ്യരും മരിക്കുന്നവരാണ്
2. സോക്രട്ടീസ് മനുഷ്യനാണ്
3. അതുകൊണ്ട് സോക്രട്ടീസും മരിക്കും.

സിസ്റ്റര്‍ അഭയകേസിന്റെ ലോജിക്കല്‍ റീസണിംഗ്, ഇതനുസരിച്ച്, താഴെപറയുന്ന വിധമായിരിക്കും:
1. ലൈംഗിക അപമാന ഭയത്താല്‍ എല്ലാ മനുഷ്യരും അതിന്റെ സാക്ഷികളെ വകവരുത്തും (കൊലചെയ്യും)
2. ഫാ. തോമസും സിസ്റ്റര്‍ സെഫിയും ലൈംഗിക അപമാനഭയമുള്ളവരായിരുന്നു.
3. അതുകൊണ്ട്, ലൈംഗിക ചെയ്തിയുടെ സാക്ഷിയായ സിസ്റ്റര്‍ അഭയയെ അതിന്റെ പേരില്‍ ഇവര്‍ കൊല ചെയ്തു.
ഈ നിഗമനത്തെ സാധുകരിക്കുന്ന തുടര്‍തെളിവുകളെ ഇതിനോട് ചേര്‍ത്ത് കോടതി പറയുന്നത് ശ്രദ്ധിക്കണമെന്നു തോന്നുന്നു. കുറ്റം ചെയ്തവരുടെ ലൈംഗികകാര്യങ്ങള്‍ അവരുടെ സ്വകാര്യമാണ് (ധാര്‍മികമായ കാര്യമാകുന്നത് പ്രത്യേകം ചര്‍ച്ച ചെയ്യേണ്ടതാണ്. പ്രത്യേകിച്ച് കന്യകാ-ബ്രഹ്മചര്യജീവിതം പൊതുവായി നേര്‍ന്നവരെന്ന് അവകാശപ്പെടുന്നവരുടെ കാര്യത്തില്‍). പക്ഷേ, കൊലയിലേക്ക് നയിക്കാന്‍ ഇടവരുത്തുന്ന സന്ദര്‍ഭത്തില്‍ ഈ സ്വകാര്യത നിയമപരമായ തെളിവിന്റെ സ്ഥാനത്തെത്തും. ഫാ. തോമസും സിസ്റ്റര്‍ സെഫിയുമായുള്ള അടുത്ത ബന്ധവും സിബിഐ അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുന്‍പുള്ള കന്യാചര്‍മ പുനഃസ്ഥാപനവും കോടതിയുടെ ഡിഡക്ടീവ് ലോജിക്കല്‍ റീസണിംഗിനെ സാധൂകരിക്കുന്നതായി വിധിയില്‍ പറയുന്നു. മറ്റു തെളിവുകളും ഇതിനെ സാധൂകരിക്കാന്‍ കോടതി ഉപയോഗപ്പെടുത്തിയിരിക്കുന്നു.

ഡിഡക്ടീവ് ലോജിക്കല്‍ റീസണിംഗില്‍ ചില യുക്തിരാഹിത്യങ്ങള്‍ വരാം. ഇതിനെപ്പറ്റി കൂടി ചിലതു പറയാമെന്നു തോന്നുന്നു. അരിസ്റ്റോട്ടിലിന്റെ ഉദാഹരണം തന്നെ എടുക്കുക:

എല്ലാ മനുഷ്യരും മരിക്കുന്നവരാണ് എന്ന ആദ്യത്തെ പ്രസ്താവം (പ്രെമിസ് എന്ന് ലോജിക്കിന്റെ ഭാഷ) ലഭിക്കുന്നത് ഇന്‍ഡക്ടീവ് റീസണിംഗ് എന്ന യുക്തി വഴിയാണ്. എന്താണ് ഇന്‍ഡക്ടീവ് റീസണിംഗ്? പ്രത്യേക ഉദാഹരണങ്ങളിലൂടെ പൊതുനിഗമനത്തിലെത്തുന്നതാണ് ഇന്‍ഡക്ടീവ് റീസണിംഗ്. നമ്മുടെ ”എല്ലാ മനുഷ്യരും” എന്ന ഉദാഹരണം തന്നെ എടുക്കുക. അതിലേക്ക് എത്തിച്ചേരാന്‍ പ്രത്യേക ഉദാഹരണങ്ങളായി ചിലത് ആദ്യമേ എടുക്കുന്നു: ”ജോസഫ് മനുഷ്യനാണ്. അയാള്‍ മരിച്ചു. അതുകൊണ്ട് എല്ലാ മനുഷ്യരും മരിക്കും” (മനുഷ്യരായ എല്ലാവരും മരിക്കും). ഇതില്‍ പരിശോധിക്കപ്പെട്ട ഏതാനും ഉദാഹരണങ്ങളില്‍ നിന്നും പൊതുവായ നിഗമനത്തിലെത്തുകയാണ്. ഇവിടെയുള്ള പ്രശ്‌നം, പരിശോധിക്കപ്പെടുന്നത് ഏതാനും ചില ഉദാഹരണങ്ങള്‍ മാത്രമാണ് എന്നതാണ്. എത്തിച്ചേരുന്നതാകട്ടെ പൊതുവായ നിഗമനത്തിലും. ലോജിക്കിന്റെ ചരിത്രത്തില്‍ ഈ പ്രശ്‌നം ”ഇന്‍ഡക്ടീവ് ലീപ്പ്” എന്നും ”പ്രോബ്ലം ഓഫ് ഇന്‍ഡക്ഷന്‍” എന്നും അറിയപ്പെടുന്നു. ഈ പ്രോബ്ലം തീര്‍പ്പാക്കാന്‍ ചോദ്യം ചെയ്യപ്പെടാനാവാത്ത മൂന്ന് അടിസ്ഥാന സങ്കല്‍പ്പനങ്ങളെയാണ് (പോസ്റ്റുലേറ്റ്‌സ്) ലോജിക്ക് പിന്‍പറ്റുന്നത് (ഇതേ രീതിശാസ്ത്രമാണ് ആധുനിക ശാസ്ത്രത്തിന്റേതും). ഏതെല്ലാമാണ് ഈ മൂന്ന് അടിസ്ഥാന സങ്കല്‍പ്പനങ്ങള്‍?

1. കാര്യ-കാരണബന്ധം
2. പ്രപഞ്ചത്തിന്റെ ഏകതാനത സ്വഭാവം (യൂണിഫോമിറ്റി ഓഫ് നേച്ചര്‍)
3. പ്രപഞ്ചത്തിന്റെ ഐക്യസ്വഭാവം (യൂണിറ്റി ഓഫ് നേച്ചര്‍)

ഇവയുടെ വിശദാംശങ്ങള്‍ ടെക്‌നിക്കല്‍ ആണ്. അതിലേക്ക് ഈ ചെറുലേഖനം കടക്കുന്നില്ല. ഇവയെ മൂന്നിനെയും അടിസ്ഥാനപ്പെടുത്തി, ഭാവിയിലെ ഒരു നെഗറ്റീവ് ഉദാഹരണം മൊത്തം നിഗമനത്തെ വെല്ലുവിളിക്കുന്നതുവരെ ഇപ്പോഴെത്തിച്ചേര്‍ന്നിരിക്കുന്ന പൊതുനിഗമനം ശരിയാണെന്ന ധാരണയാണ് ലോജിക്കിനുള്ളത്. അതായത്, ഭാവിയില്‍ ഒരു വെളുത്തകാക്കയെ നിങ്ങള്‍ കണ്ടെത്തും വരെ എല്ലാ കാക്കകളും കറുത്തതായിരിക്കുമെന്ന പൊതുനിഗമനം ശരിയായിരിക്കും എന്നതാണ് ഇന്‍ഡക്ടീവ് ലോജിക്കിന്റെ വാദം. (ഫോള്‍സിഫിക്കേഷന്‍ സിദ്ധാന്തം). ഇങ്ങനെ കിട്ടുന്ന പൊതുനിഗമനമാണ് ഡിഡക്ടീവ് ലോജിക്കിന്റെ ആദ്യ പ്രസ്താവമായ നമ്മുടെ ഉദാഹരണത്തിലെ ”എല്ലാ മനുഷ്യരും മരിക്കും” എന്നത്. നമ്മുടെ വിഷയത്തില്‍ വന്നിരിക്കുന്ന ആദ്യത്തെ പൊതുപ്രസ്താവമായ ”ലൈംഗികമായ അപമാനഭയത്താല്‍ എല്ലാ മനുഷ്യരും അതിന്റെ സാക്ഷികളെ വകവരുത്തും (ശ്രമിക്കും)” എന്നതും ഈ യുക്തിയിലൂടെയാണ് കണ്ടെത്തിയിരിക്കുന്നത്.

വാദത്തിന് ഒരാള്‍ക്ക് ഇങ്ങനെ ചോദിക്കാം: ”ലൈംഗിക അപമാനഭയത്താല്‍ എല്ലാ മനുഷ്യരും അതിന്റെ സാക്ഷികളെ വകവരുത്തുന്നത്” കൊല നടത്തിയാണോ? ഉദാഹരണമായിട്ട്, ഒരാള്‍ താന്‍ ചെയ്യരുത് എന്ന് പൊതുസമൂഹവും ധാര്‍മികതയും നിഷ്‌ക്കര്‍ഷിക്കുന്ന ഒരുകാര്യം ചെയ്യുകയും അതിന് വേറൊരാള്‍ സാക്ഷിയാവുകയും ചെയ്താല്‍ അയാളുടെ കാല്‍ക്കല്‍ വീണ്, അപമാനിക്കരുത്, അബദ്ധം സംഭവിച്ചതാണ് എന്നു പറഞ്ഞ്, സാക്ഷിയായ ആളുടെ മഹാമനസ്‌കതയെ ആശ്രയിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കാം. നിര്‍ബന്ധമായും കൊലനടത്തണമെന്നില്ല. എന്നാല്‍ സിസ്റ്റര്‍ അഭയയുടെ കൊലപാതകത്തില്‍ കുറ്റക്കാരുടെ ഫിംഗര്‍പ്രിന്റ്, ബ്രെയിന്‍ മാപ്പിംഗ് തുടങ്ങിയ തെളിവുകള്‍ ഫാ. തോമസിനും സിസ്റ്റര്‍ സെഫിക്കും എതിരാണെന്ന് കോടതി പറയുന്നു. അതായത്, അവര്‍ അപമാനഭയത്താലാണ് കൊല നടത്തിയത്. ഇതിന്റെ ശാസ്ത്രീയവശം ക്രിമിനോളജിസ്റ്റുകള്‍ പരിശോധിക്കട്ടെ. ഫാ. തോമസും സിസ്റ്റര്‍ സെഫിയും സിസ്റ്റര്‍ അഭയയുടെ കാല്‍ക്കല്‍ വീണ് മാപ്പുപറഞ്ഞിട്ടുണ്ടാകുമോ? മറ്റാരുടെയെങ്കിലും അതിക്രമം അതിനുശേഷം നടന്നുകാണുമോ? തെളിവുകള്‍ ഇല്ല. സംശയങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്.

മാധ്യമങ്ങളുടെ നിഗമനഭാഷയെപ്പറ്റിയും ചിലത് പറയണമല്ലോ.

ഇരുപത്തിയെട്ടു വര്‍ഷമായി നീതിനിഷേധിക്കപ്പെട്ട സിസ്റ്റര്‍ അഭയയുടെ കൊലയില്‍ നിര്‍ണായകമായ പല തെളിവുകളും നശിപ്പിച്ചത് സഭയുടെ ഇടപെടല്‍ മൂലമാണെന്നാണ് മാധ്യമങ്ങളുടെ വിശദീകരണം. വിശകലനങ്ങള്‍ നടത്താനുള്ള അവരുടെ സ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ടുതന്നെ സഭയ്ക്ക് വിയോജിക്കാനാകും. തെളിവുകള്‍ പല ഘട്ടങ്ങളിലും നശിപ്പിക്കപ്പെട്ടു. ആര് നശിപ്പിച്ചു? ആര്‍ക്കുവേണ്ടി? അന്വേഷണം നടക്കട്ടെ. സംശയത്തിന്റെ നിഴലില്‍ സഭാഗാത്രത്തെ മുഴുവന്‍ നിര്‍ത്തുന്നതിന്റെ യുക്തി മനസിലാകുന്നില്ല. അത് വെറുപ്പിന്റെ യുക്തി മാത്രമാണെന്ന് പറഞ്ഞാല്‍ അതിനും സാധ്യതയുണ്ട്. തിരഞ്ഞെടുപ്പുകാലത്തും മദ്യക്കച്ചവട സമരകാലത്തും സഭയ്ക്ക് ആരുടെമേലും യാതൊരു സ്വാധീനവുമില്ലായെന്നു പറയുന്ന അതേ പൊതുമാധ്യമങ്ങള്‍ തന്നെ ഇപ്പോള്‍ പറയുന്നു സിബിഐയെ വരെ സ്വാധീനിക്കാന്‍ കെല്‍പ്പുണ്ട് സഭയ്‌ക്കെന്ന്! വാദങ്ങളിലെ വൈരുധ്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുവെന്നു മാത്രം.

അന്വേഷണം നടക്കട്ടെ. സിസ്റ്റര്‍ അഭയയുടെ കേസില്‍ ആദ്യമേതന്നെ സിബിഐ അന്വേഷണം സഭയ്ക്കുള്ളില്‍ നിന്നുമുയര്‍ന്ന ആവശ്യമാണെന്ന സത്യം കാര്യമായ വാര്‍ത്താപ്രാധാന്യം നേടിക്കണ്ടില്ല. പക്ഷേ, അതും യാഥാര്‍ത്ഥ്യമാണല്ലോ.

സഭയോടും സന്ന്യസ്തജീവിതത്തോടും ചേര്‍ന്ന് അടുത്തകാലത്ത് പൊതുസമൂഹത്തില്‍ നടന്ന ചര്‍ച്ചയില്‍ ശരീരത്തിന്റെയും സ്ത്രീസ്വാതന്ത്ര്യത്തിന്റെയും തനിമാ വാദത്തിന്റെയുമെല്ലാമായ അവകാശങ്ങള്‍ ഉന്നയിക്കപ്പെട്ടു. കൊലനടത്തിയയാള്‍ എന്ന് കോടതി പറഞ്ഞ ഒരു സ്ത്രീക്കും അവയെല്ലാം വകവെച്ചുകൊടുക്കുന്നതില്‍ സമൂഹം ഇരട്ടത്താപ്പ് കാണിക്കേണ്ടതുണ്ടോ? കൊലനടത്തിയയാള്‍ എന്ന് നിയമം സ്ഥാപിച്ച ഒരാള്‍ക്ക് അയാളുടെ മറ്റു നിയമാവകാശങ്ങളെപ്പറ്റി ആരെങ്കിലും സംസാരിച്ചാല്‍ അത് ഇരയുടെ നീതിക്ക് എതിരാകുമോ? മാധ്യമങ്ങള്‍ ഇവയൊക്കെ മറച്ചുപിടിക്കുമ്പോഴാണ് മുതലാളിയുടെ നയം നടത്തിപ്പ്, വ്യക്തിതാല്പര്യം, മാധ്യമ സിന്‍ഡിക്കേറ്റ്, ജാതി-മതവൈരം എന്നെല്ലാമുള്ള പഴികള്‍ ഉയരുന്നത്. പരസ്പരം പഴി പറഞ്ഞിട്ട് എന്തു കാര്യം? സിസ്റ്റര്‍ അഭയയുടെ നീതിയും സിസ്റ്റര്‍ സെഫിയുടെ നിയമാവകാശങ്ങളും ഉയര്‍ത്തിപ്പിടിക്കേണ്ടേ?

”എന്റെ പിഴ” പറഞ്ഞ് സഭയും ധാര്‍മികതയുടെ സ്വരമാകുന്നതിന് കാലം നിര്‍ബന്ധിക്കുന്നുണ്ട്. തിരുത്താനുണ്ട്. തിരുത്തേണ്ടതുമുണ്ട്. നീതിയെപ്പറ്റിയും നീതിയെ അതിലംഘിക്കുന്ന കാരുണ്യത്തെപറ്റിയും പറയാന്‍ സഭയ്ക്കുള്ള ഉത്തരവാദിത്വം മറക്കാതിരിക്കാം. പാവപ്പെട്ടവളും സാമൂഹ്യമായി ബലമില്ലാത്തവളും സ്ഥാപനപരമായി ബലമുള്ളവരും നീതിക്കായി, ന്യായത്തിനായി സ്വരമുയര്‍ത്തുമ്പോള്‍ വ്യത്യസ്തമായാണ് അവയെ സമീപിക്കുന്നതെന്ന് ആരെങ്കിലും ആക്ഷേപിച്ചാല്‍, അതിന്റെ സാധ്യതയും സാധുതയും സഭ അന്വേഷിക്കേണ്ടതുതന്നെ. അന്വേഷിച്ചും തിരുത്തിയും തന്നെയാണല്ലോ ചരിത്രത്തില്‍ വിശ്വാസജീവിതം മുന്നേറുന്നത്.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

 

 

 

 

 

 

 

 

 

 

 

 


Related Articles

നിങ്ങള്‍ക്കു സമാധാനം: പെസഹാക്കാലം ആറാം ഞായർ

റവ. ഫാ. മിഥിൻ കാളിപറമ്പിൽ പെസഹാക്കാലം ആറാം ഞായർ വിചിന്തനം:- നിങ്ങള്‍ക്കു സമാധാനം (യോഹ 14:23-29) ഈശോയും ശിഷ്യന്മാരും അന്ത്യാത്താഴ മേശയില്‍ ഇരിക്കുകയാണ്. വിശുദ്ധ യോഹന്നാന്റെ സുവിശേഷമനുസരിച്ച്

തീരസംരക്ഷണത്തിനും പുനരധിവാസത്തിനും മുന്‍ഗണന – മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: വളരെ അപകടകരമായ സാഹചര്യത്തിലാണ് തീരദേശജനത കഴിഞ്ഞുവരുന്നതെന്ന് സമുദായസമ്മേളനത്തില്‍ ജിവനാദം പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തുകൊണ്ടു നടത്തിയ പ്രസംഗത്തില്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഓഖി

ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗൺസിൽ

ഇന്ത്യയിൽ മനുഷ്യാവകാശ പ്രവർത്തകർ വലിയ സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണർ മിഷേൽ ബാച്ച്‌ലറ്റ് പ്രസ്താവനയിൽ പറഞ്ഞു. പൗരാവകാശ പ്രവർത്തകരെ പ്രതികളാക്കുന്നത് ഒഴിവാക്കണമെന്നു യുഎൻ മനുഷ്യാവകാശ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*