സി.ഡി.എസ്.എസ്.എസ് ജീവനയുടെ അതിജീവന ഇടപെടലുകള്‍

സി.ഡി.എസ്.എസ്.എസ് ജീവനയുടെ അതിജീവന ഇടപെടലുകള്‍

കോഴിക്കോട് രൂപതയുടെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയായ ജീവന ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്‍, ജീവനയുടെ സന്നദ്ധപ്രവര്‍ത്തകരുടെയും സുമനസ്സുകളുടെയും സഹകരണത്തോടുകൂടി കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ നിര്‍ധനരായവര്‍ക്കു വേണ്ടി കൊറോണക്കാലത്ത് നടത്തിയ അതിജീവന ഇടപെടലുകളെക്കുറിച്ച് സി.ഡി.എസ്.എസ്.എസ്. ജീവന ഡയറക്ടര്‍ ഫാ. ആല്‍ഫ്രെഡ് വടക്കെതുണ്ടില്‍ എഴുതുന്നു:
2018ലെയും 2019ലെയും പ്രളയത്തിനും ഉരുള്‍പൊട്ടലുകള്‍ക്കും പ്രകൃതിദുരന്തങ്ങള്‍ക്കും ശേഷം എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാനായി കാരിത്താസ് ഇറ്റലിയും കാരിത്താസ് ഇന്ത്യയും കേരള സോഷ്യല്‍ സര്‍വീസ് ഫോറവും കേരള കത്തോലിക്കാ ബിഷപ്സ് കോണ്‍ഫറന്‍സും വിവിധ രൂപതകളും സന്നദ്ധ സംഘടനകളും സുമനസുകളും നമ്മെ തേടിയെത്തിയിരുന്നു. എന്നാല്‍ 2020ലെ കൊറോണ കാലയളവ് അനുഭവം തികച്ചും വ്യത്യസ്തതയുള്ളതാണ്. 1930ലെ അന്താരാഷ്ട്ര മാന്ദ്യത്തിനുശേഷം ലോകം കണ്ട അതിഭയാനകമായ നിശ്ചലാവസ്ഥയും സാമ്പത്തിക മാന്ദ്യവുമാണ്. ലോകത്തിലാകമാനം 9,39,186 ലക്ഷം ജനങ്ങള്‍ കൊറോണവൈറസ് മൂലം അകാലത്തില്‍ മരണമടഞ്ഞു. ഇന്ത്യയിലും കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. 2,97,27,389 കോടി ജനങ്ങള്‍ ലോകത്തിലാകമാനം വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സതേടി കഴിയുന്നു.

ബത്ലഹേം ഭവന പദ്ധതി
തിരുകുടുംബത്തിന്റെ പുണ്യപാത പിന്‍തുടര്‍ന്നുകൊണ്ട്, സമൂഹത്തിലെ തീര്‍ത്തും നിര്‍ധനര്‍ക്കുവേണ്ടി കോഴിക്കോട് രൂപത വിഭാവന ചെയ്ത ഭവന പദ്ധതിയാണിത്. ബാംഗളൂര്‍ മെത്രാപ്പോലീത്ത ഡോ. പീറ്റര്‍ മച്ചാഡോയുടെ സാമ്പത്തിക സഹായത്തോടുകൂടി (വീടൊന്നിന് നാലു ലക്ഷം രൂപ വീതം മൊത്തം 24 ലക്ഷം രൂപ) വയനാട്, കോഴിക്കോട്, മലപ്പുറം മേഖലയില്‍ കൊറോണക്കാലത്ത് ആറു വീടുകള്‍ നിര്‍മിച്ചുനല്‍കാന്‍ സാധിച്ചു. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ സാമ്പത്തിക സഹായത്തോടുകൂടി (ആറു ലക്ഷം രൂപ) കോഴിക്കോട് കല്ലായി ദേശത്തെ നിര്‍ധനനായ ഒരു സഹോദരന് പുതിയൊരു വീട് നിര്‍മിച്ചുനല്‍കി. ചുരുങ്ങിയ കാലയളവിനുള്ളില്‍ ബെത്ലഹേം ഭവനപദ്ധതി പ്രകാരം 52 പുതിയ ഭവനങ്ങള്‍ നിര്‍ധനര്‍ക്കു നല്‍കുവാന്‍ ജീവനയ്ക്കു സാധിച്ചിട്ടുണ്ട്. പത്തു ഭവനങ്ങള്‍ കൂടി നിര്‍മിക്കാനുള്ള തുക ലഭ്യമാകും. അങ്ങനെ മൊത്തം 62 വീടുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

 

 

 

 

 

 

 

ബിഷപ് മാക്സ്വെല്‍ സ്വപ്‌നഭവന പദ്ധതി
രോഗങ്ങളാലും കഷ്ടപ്പാടുകളാലും തൊഴിലില്ലായ്മയാലും, കുട്ടികളുടെ പഠനഭാരം മുഖേനയും, സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും, വര്‍ഷങ്ങളായി വീടുപണി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത നിര്‍ധനരായവര്‍ക്കും തങ്ങളുടെ ജീവിതസ്വപ്‌നമായ ഭവനങ്ങളുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിക്കുന്നതിനായി വിഭാവന ചെയ്തിട്ടുള്ള കോഴിക്കോട് രൂപതയുടെ സ്വപ്‌ന ഭവന പദ്ധതിയാണിത്. എറണാകുളം അങ്കമാലി അതിരൂപതയുടെ വികാര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയിലിന്റെ സഹായത്തോടുകൂടി (10 ലക്ഷം രൂപ) അഞ്ചു വീടുകളും, കേരള കാത്തലിക്ക് ബിഷപ്സ് കോണ്‍ഫറന്‍സിന്റെ സഹായത്തോടുകൂടി (മൂന്നു ലക്ഷം രൂപ) മൂന്നു വീടുകളും റിപ്പയര്‍ ചെയ്തുകൊടുക്കാന്‍ സാധിച്ചു. ജീവന ചുരുങ്ങിയ കാലയളവിനുള്ളില്‍ മൊത്തം 139 ഭവനങ്ങള്‍ റിപ്പയര്‍ ചെയ്തുകൊടുത്തിട്ടുണ്ട്.

നവജീവന്‍ പദ്ധതിയിലെ കൊവിഡ് കാരുണ്യസ്പര്‍ശം
കാരിത്താസ് ഇന്ത്യയുടെ സഹായത്തോടെ ജീവന പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ നടത്തിവരുന്ന ദുരന്ത ആഘാതങ്ങളെ ലഘൂകരിക്കാന്‍ വേണ്ടി പ്രാദേശിക ജനങ്ങളെയും ഭരണസംവിധാനങ്ങളെയും ശക്തിപ്പെടുത്തുന്ന പദ്ധതിയാണിത്. പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട 10 വാര്‍ഡുകളിലായി ഏഴര ലക്ഷം രൂപയാണ് കാരിത്താസ് ഇന്ത്യ ജീവന വഴി ചെലവഴിക്കുന്നത്. പെരുവയല്‍ ഇടവക, ദീനസേവന സഭയുടെ കേരള പ്രോവിന്‍സ് ആസ്ഥാനം, ശാന്തി (ഐ.ആര്‍.സി.എ) ലഹരിവിമുക്തകേന്ദ്രം, രൂപത മാനേജ്‌മെന്റിനു കീഴിലുള്ള സെന്റ് സേവ്യഴ്സ് സ്‌കൂള്‍ (പഞ്ചായത്തിന്റെ പ്രളയദുരന്ത റിലീഫ് ക്യാമ്പ് നടത്തുന്ന സ്‌കൂള്‍) എന്നിവയുടെ സഹകരണത്തോടെ നവജീവന്‍ പദ്ധതി വിജയകരമായി നടപ്പിലാക്കിവരുന്നു. 10 വാര്‍ഡുകളിലും പങ്കാളിത്തഗ്രാമപഠനം നടത്തി (പി.ആര്‍.എ) പ്രകൃതിദുരന്ത ആഘാതസ്ഥലങ്ങള്‍ കണ്ടെത്തി വിഭവഭൂപടം നിര്‍മിച്ച് ദുരന്തത്തിന്റെ ആഘാതം ലഘൂകരിക്കാന്‍ ആവശ്യമായ പഠനം നടത്തി റിപ്പോര്‍ട്ടുകളായി ജില്ല, പഞ്ചായത്ത് ഭരണാധികാരികളെ ഏല്പിച്ചു. 200 വോളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കി ദുരന്തനിവാരണ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. ദുരന്തങ്ങളില്‍ അകപ്പെട്ടവരെ കണ്ടെത്തി പ്രാഥമിക ശുശ്രൂഷ നല്‍കി രക്ഷപ്പെടുത്തുന്ന പരിശീലനമാണ് നല്‍കിയത്. 2019ലെ പ്രളയബാധിതരായ 300 പേര്‍ക്ക് 90,000 രൂപ ചെലവഴിച്ച് സാനിറ്ററി കിറ്റുകളും 200 കുടുംബാംഗങ്ങള്‍ക്ക് 1,50,000 രൂപ ചെലവഴിച്ച് ഫുഡ് കിറ്റും വിതരണം ചെയ്തു. പ്രളയത്തില്‍ തകര്‍ന്ന നാലു നിര്‍ധന കുടുംബങ്ങളുടെ വീടുകള്‍ അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് ജീവന പുനര്‍നിര്‍മിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രാദേശിക സന്നദ്ധസംഘടനയുടെ സഹായത്തോടെ ബ്രേയ്ക്ക് ദ് ചെയിന്‍ ബൂത്തുകള്‍ സംഘടിപ്പിച്ചു. കൊവിഡ് മൂലം മരണപ്പെടുന്നവരെ ഉചിതമായി സംസ്‌ക്കരിക്കുവാന്‍ കാരിത്താസ് സമാരിറ്റന്‍ ഗ്രൂപ്പൂകള്‍ രൂപീകരിച്ചു.

പള്ളിക്കുന്നിലെ ആട് ഗ്രാമം
ഗുജറാത്തില്‍ വര്‍ഗീസ് കുര്യന്‍ നടപ്പാക്കിയ അമുല്‍ വിപ്ലവ മാതൃക പിന്‍തുടര്‍ന്നുകൊണ്ട് പ്രളയകാലത്ത് പള്ളിക്കുന്ന് ദേശത്ത് തലശേരി മെത്രാപ്പോലീത്ത മാര്‍ ജോര്‍ജ് ഞരളക്കാടിന്റെയും ടി.എസ്.എസ്.എസ്. ഡയറക്ടര്‍ ഫാ. ബെന്നിയുടെയും സഹായത്തോടുകൂടി 105 ആടുകളെ നിര്‍ധനരായവര്‍ക്ക് വിതരണം ചെയ്യുവാന്‍ ജീവനയ്ക്ക് സാധിച്ചു. ആടുകളുടെ ആദ്യകുട്ടിയെ വയനാടിലെ തന്നെ നിര്‍ധനരായവര്‍ക്ക് തുടര്‍ന്നും കൈമാറുകയെന്ന പദ്ധതി ആവിഷ്‌ക്കരിച്ചതിന്റെ ഫലമായി തലപ്പുഴ, പാമ്പ്ര, പനമരം, റിപ്പണ്‍, ആണ്ടൂര്‍, അമ്പലവയല്‍ ദേശവാസികള്‍ക്കായി 25 ആടുകളെ കൊറോണക്കാലത്ത് സൗജന്യമായി കൈമാറുവാന്‍ സാധിച്ചു.

മേപ്പാടി പുത്തുമല ദേശവാസികള്‍ക്കു കൈത്താങ്ങ്
2019ലെ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട മേപ്പാടിയിലെ പുത്തുമല ദേശവാസികള്‍ക്ക് വയനാട് ജില്ലയിലെ നബാര്‍ഡ് ചീഫ് ഡി.ഡി.എം. ജിഷാ മാഡത്തിന്റെ നേതൃത്വത്തില്‍ കൊറോണക്കാലത്ത് ജില്ലയിലെ പ്രമുഖ എന്‍.ജി.ഒകളുടെ സഹകരണത്തോടുകൂടി, ജീവനയുടെ പ്രവര്‍ത്തനപരിധിയിലുള്ള സൂചിപ്പാറ വാട്ടര്‍ഷെഡ് ദേശത്തെ 110 നിര്‍ധനര്‍ക്ക് 10 ലക്ഷം രൂപ വിലമതിക്കുന്ന തയ്യല്‍മെഷീനുകളും ആടുകളും കോഴിക്കൂടും കോഴികളും അടങ്ങുന്ന ജീവനോപാധികള്‍ വിതരണം ചെയ്തു.

കോള്‍പ്പിങ്ങ് ഇന്ത്യയുടെ കാരുണ്യ പ്രവര്‍ത്തനം ജീവന വഴി
കോള്‍പ്പിങ്ങ് ഇന്ത്യയുടെ സഹായത്തോടെ എല്ലാ വര്‍ഷവും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ക്കു പുറമെ കൊവിഡ് പ്രതിസന്ധിഘട്ടത്തില്‍, സഹായിക്കാന്‍ മാത്രമായി 1,10,000 രൂപയുടെ പദ്ധതി ജീവന വഴി നടപ്പിലാക്കി. കൊവിഡ് പ്രതിസന്ധി മൂലം ഭക്ഷണം ലഭിക്കാത്ത അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും, മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാസ്‌ക്, കയ്യുറകള്‍, സാനിറ്റൈസര്‍ എന്നിവയും, ജോലിക്ക് പോവാന്‍ നിര്‍വാഹമില്ലാതെ പ്രതിസന്ധിയിലായ 100 കുടുംബങ്ങള്‍ക്ക് 80,000 രൂപ ചെലവഴിച്ച് ഭക്ഷ്യകിറ്റുകളും വിതരണം ചെയ്തു. 320 ഗുണഭോക്താക്കള്‍ക്കാണ് ഈ സഹായം ലഭിച്ചത്. ഇതു കൂടാതെ, എല്ലാ വര്‍ഷവും കോള്‍പ്പിങ്ങ് ഇന്ത്യ നടപ്പിലാക്കുന്ന പദ്ധതികളില്‍ ഉള്‍പ്പെടുത്തി 13,67,000 രൂപയും ചെലവഴിച്ചു. ഇതോടൊപ്പം ജീവനോപാധി പദ്ധതികള്‍ നടപ്പിലാക്കാന്‍ 110 കുടുംബങ്ങള്‍ക്ക് 11 ലക്ഷം രൂപ റിവോള്‍വിംഗ് ഫണ്ടായി വിതരണം ചെയ്തു. അടുത്ത മൂന്നു മാസങ്ങളില്‍ 10 ലക്ഷം രൂപ 100 കുടുംബങ്ങള്‍ക്കായി വിതരണം ചെയ്യും.

ജീവനയുടെ കൈത്താങ്ങ്
അതിജീവനത്തിന്റെ ഭാഗമായി വയനാട് ജില്ലയിലെ 29 കാന്‍സര്‍ രോഗികള്‍ക്ക് 29 തയ്യല്‍മെഷീനുകള്‍ സൗജന്യമായി നല്‍കി. കൂടാതെ വിധവകള്‍ക്കും ഏകസ്ഥര്‍ക്കും നിര്‍ദ്ധനരായവര്‍ക്കും 60 മെഷീനുകളും കോഴിക്കോട് ഭാഗത്തെ 15 കാന്‍സര്‍ രോഗികള്‍ക്ക് 15 മെഷീനുകളും നിര്‍ധനരായവര്‍ക്ക് 45 മെഷീനുകളും മലപ്പുറം മേഖലയിലെ നിര്‍ധനരായവര്‍ക്ക് 31 മെഷീനുകളും കൊറോണ കാലയളവിലെ അതിജീവനത്തിന്റെ ഭാഗമായി ജീവന നല്‍കി.

കൊച്ചി, ആലപ്പുഴ രൂപതകളിലെ തീരദേശവാസികള്‍ക്കു കൈത്താങ്ങ്
കടല്‍ക്ഷോഭത്തിന്റെയും തുടര്‍ച്ചയായ മഴയുടേയും ഫലമായി വീടും സ്ഥലവും സകലതും നഷ്ടപ്പെട്ട തീരദേശവാസികളെ സഹായിക്കുവാനായി കെ.ആര്‍.എല്‍.സി.സി.അസോഷ്യേറ്റ് ഡപ്യൂട്ടി സെക്രട്ടറി ഫാ.തോമസ് തറയിലിന്റെ ആഹ്വാനപ്രകാരം ഒരു ലക്ഷം രൂപ കെ.ആര്‍.എല്‍.സി.സി ഓഫീസിലും മൂന്നരലക്ഷം രൂപ വിലപിടിപ്പുള്ള 350 ഭക്ഷണസാധന കിറ്റുകള്‍ കൊച്ചി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഓഫീസിലും ജീവന എത്തിച്ചുകൊടുത്തു.

ശാന്തി (ഐ.ആര്‍.സി.എ) പ്രവര്‍ത്തനങ്ങള്‍
ജീവനയുടെ മേല്‍നോട്ടത്തില്‍ കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ സഹായത്തോടെ കഴിഞ്ഞ 27 വര്‍ഷമായി കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം മാവൂര്‍പെരുവയല്‍ റൂട്ടില്‍ ഒന്നര കിലോമീറ്റര്‍ ദൂരത്ത് വലതുഭാഗത്തായി നിലകൊള്ളുന്ന ശാന്തി ഡിഅഡിക്ഷന്‍ സെന്ററിലെ സ്റ്റാഫ് ഈ കൊവിഡ് കാലയളവില്‍ നടത്തിയ സേവനങ്ങള്‍ ദേശീയതലത്തില്‍ ശ്രദ്ധേയമാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിയ കൊവിഡ് രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ടെലികൗണ്‍സലിംഗ് സഹായം നല്‍കി. 560 പേര്‍ ഈ കാലയളവില്‍ കൗണ്‍സലിംഗിനായി ശാന്തിയുടെ സഹായം തേടി. കഴിഞ്ഞ 27 വര്‍ഷത്തിനിടെ 6,000 കുടുംബങ്ങളെ ലഹരിയില്‍ നിന്നു സംരക്ഷിക്കുവാന്‍ ശാന്തിക്ക് സാധിച്ചു. ഇന്ത്യന്‍ പ്രസിഡന്റ് ഒപ്പിട്ട് പാസാക്കുന്ന അനന്യതയുള്ള പദ്ധതിയാണ്

കേന്ദ്ര ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള വിവിധ ഐ.ആര്‍.സി.എകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നപദ്ധതിയായ ലഹരിവിമുക്ത ഭാരതം (നഷാമുക്ത് ഭാരത്) എന്ന ഒരു വര്‍ഷത്തെ പദ്ധതിയില്‍ ഉത്തര മലബാറില്‍ നിന്നു തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് ശാന്തി ഐ.ആര്‍.സി.എ. കേരളത്തിലെ ഐ.ആര്‍.സി.എകളുടെ ചീഫ് കോഓര്‍ഡിനേറ്ററായ സ്നേഹ തോമസ് കഴിഞ്ഞ സെപ്റ്റംബര്‍ 8ന് ശാന്തി ഐ.ആര്‍.സി.എ സന്ദര്‍ശിക്കുകയും നിലവിലുള്ള പ്രവര്‍ത്തനങ്ങളെ മുക്തകണ്ഠ്യേന പ്രശംസിക്കുകയും ചെയ്തു.

കേന്ദ്ര ഗവണ്‍മെന്റിന്റെ സാമൂഹ്യനീതി ശാക്തീകരണ വകുപ്പിലെ കാബിനറ്റ് മന്ത്രി തവാര്‍ ചന്ദ് ഗഹലോട്ടും സാമൂഹികനീതി ശാക്തീകരണ വകുപ്പിലെ സഹമന്ത്രി വിജയ് സാംപ്ലയും ശാന്തി ഐ.ആര്‍.സി.എ സന്ദര്‍ശിച്ച് സംതൃപ്തി രേഖപ്പെടുത്തിയതും, ശാന്തി ഐ.ആര്‍.സി.എയുടെ രജത ജൂബിലിയോടനുബന്ധിച്ച് മുഖ്യ അതിഥിയായി വന്ന സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചതും ശാന്തിയുടെ താളുകളില്‍ സുവര്‍ണലിപികളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

അതിഥിതൊഴിലാളികള്‍ക്കു ഭക്ഷണകിറ്റ്
തൊഴില്‍ തേടി ഇതരസംസ്ഥാനങ്ങളില്‍ നിന്നുവന്ന ഇവര്‍ സമ്പൂര്‍ണ ലോക്ഡൗണില്‍ തികച്ചും പ്രതിസന്ധിയിലായി പകച്ചുനില്‍ക്കുമ്പോഴാണ് ജീവന സുമനസുകളുടെ സഹകരണത്തോടെ അടിയന്തരമായി ഇടപെട്ടത്. അസംഘടിത മേഖലയില്‍ ദിവസവേതനത്തിന് ജോലി ചെയ്ത് സുരക്ഷിതമല്ലാത്ത ഇടങ്ങളില്‍ ജീവിച്ചുവന്നിരുന്ന ഇവര്‍ക്ക് ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥ വന്നു. കോഴിക്കോട് കലക്ടര്‍ ശ്രീറാം സാംബശിവറാവുവിന്റെ മേല്‍നോട്ടത്തില്‍ ജില്ലാതൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ജീവനയുടെ കാര്യക്ഷമമായ ഇടപെടലുകളിലൂടെ കോഴിക്കോട് ജില്ലയിലെ 200അതിഥിതൊഴിലാളികള്‍ക്കും, കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ 132 അതിഥിതൊഴിലാളി കുടുംബങ്ങള്‍ക്കും ഭക്ഷണ കിറ്റ് വിതരണം ചെയ്തു. അഞ്ചുലക്ഷം രൂപ വിലമതിക്കുന്ന സഹായം ജീവനക്ക് ഇതിലൂടെ നല്‍കുവാന്‍ സാധിച്ചു.

കാന്‍സര്‍ രോഗികള്‍ക്കു സഹായം
കേരള കത്തോലിക്ക ബിഷപ്സ് കൗണ്‍സിലിന്റെ (കെ.സി.ബി.സി) സാമ്പത്തിക സഹായത്തോടെ കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ 15 കാന്‍സര്‍ രോഗികള്‍ക്ക് ജീവനോപാധിയായി 15 പുതിയ ടെയിലറിംഗ് മെഷിനുകള്‍ നല്‍കി. 11,000 രൂപ വിലയുള്ള പുതിയ ടെയിലറിംഗ് മെഷിനും അനുബന്ധ സാധനങ്ങള്‍ക്കായി 1,500 രൂപയും ചേര്‍ത്ത് മൊത്തം 12,500 രൂപയുടെ സഹായമാണ് ഒരാള്‍ക്ക് നല്‍കിയത്. ആകെ 1,87,500രൂപ ഇതിനായി ജീവന ചെലവഴിച്ചു.

കോഴിക്കോട് ജില്ലയിലെ ഭക്ഷ്യകിറ്റ് വിതരണം
കോഴിക്കോട് ജില്ലയില്‍ ജീവനയുടെ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന മാഹി, വടകര, പയ്യോളി, കൊയിലാണ്ടി, വെസ്റ്റ്ഹില്‍, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത്, കല്ലായി, ചെറുവണ്ണൂര്‍, എരഞ്ഞിപ്പാലം, തേഞ്ഞിപ്പാലം, മാവൂര്‍, പെരുവയല്‍, വെള്ളിമാട്കുന്ന്, ചാത്തമംഗലം, മലാപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ നിര്‍ധനരായ 20 കുടുംബങ്ങള്‍ക്ക് വീതം ആകെ 405 കിറ്റുകള്‍ ജീവന വിതരണം ചെയ്തു. സുമനസുകളുടെ സാമ്പത്തിക സഹായത്തോടെയുള്ള ഈ കിറ്റ് വിതരണത്തിന് നാലു ലക്ഷം രൂപ ജീവന ചെലവഴിച്ചു.

ഉപസംഹാരം
കഴിഞ്ഞ ഏഴു മാസങ്ങളായി വൈദ്യശാസ്ത്രവും ശാസ്ത്രലോകവും അതിസമ്പന്നരായ ജി7 രാഷ്ട്രങ്ങളും കഠിനാദ്ധ്വാനം ചെയ്തിട്ടും ലോകജനത മുഴുവനും നിരാശയിലും സാമ്പത്തിക മാന്ദ്യത്തിലും ശ്മശാനമൂകതയിലും തുടര്‍ന്ന് മരണത്തിന്റെ താഴ്വരയിലൂടെ യാത്രചെയ്യുന്ന അനുഭവമാണ് നമുക്കു മുന്നിലുള്ളത്. വിശുദ്ധ ബൈബിളിലെ ലൂക്കാ സുവിശേഷകന്‍ അദ്ധ്യായം 5:6ല്‍ നമുക്ക് നല്‍കുന്ന മനോഹരമായ ചിത്രമുണ്ട്. മഹിമയോടുകൂടി ഉയിര്‍ത്തെഴുന്നേറ്റ് ശിഷ്യന്‍മാര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട കര്‍ത്താവായ യേശുവിന്റെ ചിത്രം. ഈ ചിത്രം കുറച്ചുകൂടി തെളിമയോടുകൂടി വിശുദ്ധ യോഹന്നാന്റെ സുവിശേഷം 21:11 ല്‍ വിവരിക്കുന്നു. രാത്രി മുഴുവനും കഠിനാദ്ധ്വാനം ചെയ്തിട്ടും ഞങ്ങള്‍ക്ക് ഒന്നും കിട്ടിയില്ല. എന്നാല്‍ യോഹ 2:5 ല്‍ സൂചിപ്പിക്കുന്നതുപോലെ, യേശു പറഞ്ഞതുപോലെ ശിമയോനും കൂട്ടരും ചെയ്തപ്പോള്‍ അവര്‍ക്ക് കിട്ടിയത് 153 വലിയ മത്സ്യങ്ങളാണ്. ഇതു കണ്ട് ശിമയോനും കൂട്ടരും അത്ഭുതപ്പെട്ടു. കര്‍ത്താവ് അവരോട് പറഞ്ഞു ഭയപ്പെടേണ്ട! നീ ഇപ്പോള്‍ മുതല്‍ മനുഷ്യരെപ്പിടിക്കുന്നവരാകും. നമ്മില്‍ ഭൂരിപക്ഷവും കച്ചവടക്കണ്ണുള്ള ഷൈലോക്കുമാരാണ്. കഴുകന്റെ കണ്ണ് ശവത്തിലായിരിക്കുന്നതുപോലെ ലോകത്തിന്റെ കണ്ണ് കച്ചവടവും കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയകളിലുമാണ്. ശിമയോനും കൂട്ടരും മത്സ്യബന്ധനത്തില്‍ നിന്നുമാറി മനുഷ്യരെ പിടിക്കുന്നവരായപ്പോള്‍ ലോകം മുഴുവനായും അവര്‍ക്ക് കീഴ്മേല്‍ ഇളക്കി മറിക്കുവാന്‍ സാധിച്ചു. ജീവിതകാലം മുഴുവന്‍ നമ്മള്‍ നിലവില്‍ വ്യാപൃതരായിരിക്കുന്ന കച്ചവടങ്ങളില്‍മാത്രം ഒതുങ്ങിനിന്നാല്‍ മതിയോ? മുക്കുവരില്‍ നിന്നും ശിമയോനും കൂട്ടരും മനുഷ്യരെ പിടിക്കുന്ന അപ്പോസ്തലരായി മാറിയതുപോലെ നമുക്കും ഒരു മാറ്റം വേണ്ടേ? കൊറോണവൈറസും അതിനോടനുബന്ധിച്ച സംഭവവികാസങ്ങളും അതിനുള്ള ഒരു നിമിത്തമാകട്ടെ.

 


Related Articles

മോണ്‍. ജോര്‍ജ് വെളിപ്പറമ്പില്‍ സമൂഹത്തിന് ചരിത്രവും സ്വത്വബോധവും ഉണ്ടാകാന്‍ ജീവിതം ഉഴിഞ്ഞുവച്ചു: ബിഷപ് ഡോ. ജോസഫ് കരിയില്‍

എറണാകുളം: സമൂഹത്തിനും സമുദായത്തിനും ചരിത്രമുണ്ടാകാനും സ്വത്വബോധവും ആത്മാഭിമാനവുമുണ്ടാകാനും ജീവിതകാലം മുഴുവന്‍ ഉഴിഞ്ഞുവച്ച ദീര്‍ഘദര്‍ശിയായ മാധ്യമപ്രവര്‍ത്തകനായിരുന്നു മോണ്‍. ജോര്‍ജ് വെളിപ്പറമ്പില്‍ എന്ന് കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍

പ്രവാസിത്ത്വ ചിന്തകള്‍

          ബിഷപ്പ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ (പ്രവാസികള്‍ക്കു വേണ്ടിയുള്ള കെആര്‍എല്‍സിബിസി കമ്മീഷന്‍ വൈസ്ചെയര്‍മാന്‍) ലോകത്തിന്റെ സ്വരവും മനസ്സാക്ഷിയുമായി മാറിയിരിക്കുന്ന ഫ്രാന്‍സിസ് പാപ്പ,

ഉറുകുന്ന് കുരിശുമല തീര്‍ത്ഥാടനം

പുനലൂര്‍: രൂപതയിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ ഉറുകുന്ന് കുരിശുമല തീര്‍ത്ഥാടനം നടത്തി. മാര്‍ച്ച് 23ന് ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ യൂത്ത് ക്രോസ് ആശിര്‍വദിച്ച് കത്തീഡ്രല്‍ എല്‍സിവൈഎമ്മിലെ യുവജനങ്ങള്‍ക്ക്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*