സീ യൂ സൂണ്‍

സീ യൂ സൂണ്‍

പറയാനുദ്ദേശിച്ച കാര്യങ്ങള്‍ കഥയ്ക്ക് ഏറ്റവും അനുയോജ്യമായ ഫോര്‍മാറ്റില്‍ കൃത്യമായി പറഞ്ഞു പോകുന്ന ഒരു ചിത്രമാണിത്. ഒരു പൂര്‍ണ സ്‌ക്രീന്‍ ബേസ്ഡ് ചിത്രം, അതും റിയലിസ്റ്റിക് ആയ പ്രൊഡക്ഷന്‍ ഡിസൈനും ലൊക്കേഷനും ഉപയോഗിച്ച് വ്യത്യസ്തമായ ഒരു ദൃശ്യാനുഭവം സമ്മാനിച്ച ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ മഹേഷ് നാരായണന്‍ ഒരുക്കുന്ന ഒരു ചിത്രം, എന്നതു തന്നെയായിരിക്കും സീ യുസൂണ്‍ എന്ന ചിത്രത്തില്‍ ആകാംക്ഷ ജനിപ്പിച്ച ആദ്യ ഘടകം. എന്നാല്‍ ഒരു സ്‌ക്രീന്‍ ബേസ്ഡ് ചിത്രം എന്നോ വെറുമൊരു ലോക്ക്ഡൗണ്‍ കാല പരീക്ഷണം എന്നോ ഉള്ള വിശേഷണങ്ങളെ അപ്രസക്തമാക്കുക
യും, പരിമിതപ്രതീക്ഷകളെ അതിശയിപ്പിക്കുകയും ചെയ്യുന്ന, ഒരു ലക്ഷണമൊത്ത സിനിമ എന്നു നിസ്സംശയം പറയാവുന്ന ചിത്രമായി ഉയര്‍ത്തപ്പെട്ടിരിക്കുന്നു സീ യു സൂണ്‍. കൊവിഡ് കാലത്ത് ലോകത്തെമ്പാടും എഴുത്തുകാരും സംവിധായകരും മറ്റു സാങ്കേതികപ്രവര്‍ത്തകരും പല പരീക്ഷണങ്ങളും നടത്തിക്കൊണ്ടിരിക്കുമ്പോള്‍, ചുരുക്കം ചില സൃഷ്ടികള്‍ ഒഴികെ ബാക്കിയെല്ലാം പരിമിതികളുടെ സാക്ഷ്യപത്രങ്ങളാവുകയും
പ്രേക്ഷകരുടെ ഉദാരതയില്‍ അഭയം കണ്ടെത്തുകയും ചെയ്യുമ്പോഴാണ് ഒരു പരീക്ഷണചിത്രം പരിമിതികളെ അതിലംഘിച്ചു ഒരു പുതിയപാത തേടുന്നത്.

മഹേഷ് നാരായണന്‍
ഹൈ റെസൊല്യൂഷന്‍ ക്യാമറയും എഡിറ്റിംഗ് സോഫ്റ്റ്വെയറും യൂട്യൂബും ആര്‍ക്കും ലഭ്യമാണെന്നിരിക്കെ ഷൂട്ട് ചെയ്യാനുള്ള പരിമിതികള്‍ക്കുള്ളില്‍ നിന്ന് എങ്ങനെ ഒരു സിനിമ ഉണ്ടാക്കാം എന്നതല്ല മറിച്ച് പരിമിതികള്‍ ദൃശ്യമാകാത്ത രീതിയില്‍ സാങ്കേതികത്തികവോടെ എങ്ങനെ ഒരു കഥ പറയാം, പുതിയ കാലത്തേക്ക് വേണ്ടി തങ്ങളുടെ ദൃശ്യഭാഷ എങ്ങനെ പരിഷ്‌കരിക്കാം എന്ന കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നവര്‍ വള
രെ വിരളമാണ്. ‘സെര്‍ച്ചിങ്’ എന്ന സ്‌ക്രീന്‍ ബേസ്ഡ് ഹോളിവുഡ് ചിത്രം സണ്‍ഡാന്‍സ് ഉള്‍പ്പെടെ ലോകത്തെ പല ചലച്ചിത്രമേളകളിലും പ്രദര്‍ശിപ്പിക്കുകയും ബോക്സ് ഓഫീസില്‍ 75 മില്യണ്‍ ഡോളറിലേറെ കളക്ഷന്‍ നേടുകയും ചെയ്തത് ചരിത്രമാണ്. ടെക്നോളജി ഉപയോഗിച്ച് കഥ പറയുന്ന ത്രില്ലര്‍ സിനിമയാണ് സെര്‍ച്ചിങ്. അതൊരു ലോക്ക്ഡൗണ്‍ കാല സിനിമയല്ല. ആ സിനിമ ചെയ്യുമ്പോള്‍ കൊവിഡ് പോലുള്ള പ്രശ്നങ്ങള്‍ ആരുടേയും ചിന്തകളില്‍ പോലുമില്ല. ആഖ്യാനം പൂര്‍ണമായും സ്‌ക്രീനിലൂടെ കാണിക്കുന്ന സെര്‍ച്ചിങ് ഒരു പുതിയ സാഹിത്യരൂപം തന്നെ ലോകസിനിമയ്ക്ക് തുറന്നുകൊടുത്തുവെന്നു പറയാം.

മലയാളത്തിലെ ചില സ്‌ക്രീന്‍ബേസ്ഡ് പരീക്ഷണങ്ങള്‍
‘മണ്‍റോതുരുത്ത്’ എന്ന ചിത്രം സംവിധാനം ചെയ്ത മനു പി.എസ് യൂട്യൂബിലൂടെ റിലീസ് ചെയ്ത ഹ്രസ്വചിത്രം ‘എറര്‍’ ആണ് മലയാളത്തില്‍ പുറത്തിറങ്ങിയ ലോക്ക്ഡൗണ്‍ ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത്. ത്രില്ലര്‍ ഫോര്‍മാറ്റില്‍ ഒരുക്കിയിരിക്കുന്ന ‘എറര്‍’ പുരോഗമിക്കുന്നത് രണ്ട് സുഹൃത്തുക്കളുടെ ഒരു വീഡിയോ ചാറ്റിലൂടെയാണ്. ആ സംഭാഷണത്തിനൊടുവില്‍ അവരിലൊരാള്‍ക്ക് നേരിടുന്ന ദുരന്തം ക്യാമറയിലൂടെ അവളുടെ സുഹൃത്തും പ്രേക്ഷകരായ നമ്മളും നിസ്സഹായരായി കാണേണ്ടി വരുന്നതാണ് കഥാന്ത്യം. കഥാപാത്രങ്ങളും സംവിധായകനും മറ്റ് ടെക്നിഷ്യന്‍സും തങ്ങളുടെ വീടുകളിലിരുന്ന് കൃത്യമായ തയാറെടുപ്പുകളോടെ ഷൂട്ട് ചെയ്ത ഈ കൊച്ചു ത്രില്ലര്‍ ഒട്ടേറെ സിനിമാമോഹികള്‍ക്ക് പ്രചോദനമാകേണ്ടതാണ്.

മണ്‍റോതുരുത്ത് കവര്‍
ലോക്ഡൗണ്‍ കാലത്ത് ചെയ്ത ചിത്രമല്ലെങ്കിലും ഒരു ചെറിയ സ്പോര്‍ട്സ് ആക്ഷന്‍ ക്യാമറയും പരിമിതമായ എഡിറ്റിംഗും കൊണ്ടെങ്ങനെ ഒരു മുഴുനീള സിനിമ ചെയ്തെടുക്കാം എന്ന് കാണിച്ചുതരുന്ന ഒരു കൊച്ചു, വലിയ സിനിമയാണ് ‘കള്ളനോട്ടം’. ‘ഒറ്റമുറിവെളിച്ചം’ എന്ന സംസ്ഥാന അവാര്‍ഡ് നേടിയ സിനിമ സംവിധാനം ചെയ്ത രാഹുല്‍ റിജി നായര്‍ ആണ് ഈ സിനിമയ്ക്ക് പിന്നില്‍. ഒരു കടയില്‍ നിന്ന് സി.സി.ടി.വി. ആയി ഉപയോഗിക്കുന്ന ഗോപ്രൊ എന്ന ആക്ഷന്‍ ക്യാമറ മോഷ്ടിച്ച് രക്ഷപെടുന്ന രണ്ടു കുട്ടികള്‍ അതുവെച്ച് ഒരു സിനിമ ഷൂട്ട് ചെയ്യുന്നതാണ് പ്രമേയം. കളിയായിതുടങ്ങുന്ന ‘കള്ളനോട്ടം’ പിന്നീട് സാമൂഹികവിഷയങ്ങളിലേക്കുകൂടി കടന്ന് ഒരു വേദനയായി അവസാനിക്കുന്നു.

സീ യു സൂണ്‍! എന്ന ത്രില്ലര്‍
കടുത്ത നിയന്ത്രണങ്ങള്‍ കലാകാരന്മാരുടെ നിലനില്പിനുതന്നെ വെല്ലുവിളിയായി തുടരുമ്പോഴാണ് മഹേഷ് നാരായണനും ഫഹദ് ഫാസിലും സംഘവും കൊവിഡ് കാലത്തെ മികച്ച ഒടിടി റിലീസുമായെത്തുന്നത്. ഈ ചിത്രം മലയാളസിനിമയ്ക്ക് പകര്‍ന്നേക്കാവുന്ന ആത്മവിശ്വാസം ചെറുതല്ല. ദുബായിലെ ഒരു ബാങ്കില്‍ ജോലിചെയ്യുന്ന ജിമ്മി (റോഷന്‍ മാത്യു) ഡേറ്റിംഗ് ആപ്പായ ടിന്‍ഡറില്‍ അനു (ദര്‍ശന രാജേന്ദ്രന്‍) എന്ന യുവതിയുമായി പരിചയപ്പെടുന്നു. ഒരു പ്രേമബന്ധത്തില്‍ നിന്ന് പുറത്തുവന്ന് പുതിയൊരു കൂട്ട് തേടുന്ന ജിമ്മി ഒരു എടുത്തുചാട്ടക്കാരനാണെന്ന് ആദ്യസംഭാഷണത്തില്‍ തന്നെ വ്യക്തമാകുന്നുണ്ട്. പരിചയപ്പെട്ട അടുത്തനിമിഷത്തില്‍ തന്നെ വീഡിയോ ചാറ്റ് ചെയ്യാനാവശ്യപ്പെടുന്ന ജിമ്മിയോട്  ‘താന്‍ എല്ലാം വളരെ പെട്ടെന്നാണല്ലോ’ എന്ന് ദേഷ്യഭാവത്തില്‍ അനു ചോദിക്കുന്നു. ജിമ്മിയുടെ ഈ പ്രകൃതവും പരിചയപ്പെട്ട ഒരാഴ്ചക്കുള്ളില്‍ തന്നെ വീഡിയോ ചാറ്റിലൂടെ ജിമ്മി നടത്തുന്ന വിവാഹാഭ്യര്‍ത്ഥനയും അമ്മയുടെ(മാല പാര്‍വതി)മനസ്സില്‍ ആശങ്ക വളര്‍ത്തുന്നു.

ദര്‍ശന രാജേന്ദ്രന്‍, റോഷന്‍ മാത്യു ജിമ്മിയുടെ പ്രകൃതം അറിയാവുന്ന അമ്മ ബന്ധുവായ കെവിനോട് (ഫഹദ് ഫാസില്‍) അനുവിന്റെ കുടുംബപശ്ചാത്തലവും മറ്റും അന്വേഷിക്കാനേല്‍പ്പിക്കുന്നു. കെവിന്‍ സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ ജോലി ചെയ്യുന്ന ഒരു ടെക്കിയാണ്. അനുവിനെക്കുറിച്ച് കൂടുതലൊന്നുമറിയാത്ത ജിമ്മിയും കെവിനോട് അവളുടെ സോഷ്യല്‍ മീഡിയ, കോള്‍ ഡീറ്റെയില്‍സ് പരിശോധിച്ച് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്താന്‍ ആവശ്യപ്പെടുന്നു. ഇതൊക്കെ എളുപ്പത്തില്‍ ഹാക്ക് ചെയ്തെടുക്കാന്‍ കഴിവുള്ള കെവിന്‍ പക്ഷെ അന്യരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതിനെ അനുകൂലിക്കുന്നില്ല. അവരുടെ ആവശ്യം മനസില്ലാമനസോടെ അംഗീകരിക്കുകയും എന്നാല്‍ പ്രത്യേകിച്ചൊന്നും  ചെയ്യാതെ അനുവിന്റെ ‘റെക്കോര്‍ഡ് ക്ലീന്‍’ ആണെന്ന് മറുപടി കൊടുക്കുകയും ചെയ്യുന്നു.

കഥാപാത്രങ്ങളുടെ വ്യക്തിത്വം
സിനിമയിലെ എല്ലാ പ്രധാന കഥാപാത്രങ്ങളും അവരവരുടേതായ വ്യക്തിത്വം നിലനിര്‍ത്തുന്നവരാണ്. കെവിന്‍ തനിക്ക് അര്‍ഹമായ ബഹുമാനം കിട്ടുന്നില്ലെന്ന് കരുതുന്ന, ആരെയും കൂസാത്ത പ്രകൃതമുള്ള ഒരു പ്രൊഫെഷണലാണ്. കാഴ്ചയിലും കെവിന്റെ വാക്കുകളിലും നമുക്ക് മനസ്സിലാക്കാന്‍ കഴിയാത്ത കെവിന്റെ സ്വഭാവത്തിലെ തലങ്ങള്‍ മാനേജരായ സഞ്ജനയുടെ വാക്കുകളിലൂടെ തിരക്കഥ നമുക്ക് മുന്നില്‍ തുറന്നുകാണിക്കുന്നുണ്ട്. ഓഫീസ് മീറ്റിങ്ങില്‍ രൂക്ഷമായ ഭാഷയില്‍ തമ്മില്‍ ഏറ്റുമുട്ടുമെങ്കിലും അതൊന്നും സൗഹൃദത്തിനപ്പുറത്തേക്ക് നീളുന്ന അവരുടെ ബന്ധത്തെ ബാധിക്കുന്നില്ല എന്ന് അവരുടെ ചാറ്റും ഫോണ്‍ സംഭാഷണങ്ങളും സാക്ഷ്യപ്പെടുത്തുന്നു. അനു തുടക്കം മുതല്‍ തന്നെ ഒരു ദുരൂഹ കഥാപാത്രമായിട്ടാണ് നമുക്ക് അനുഭവപ്പെടുക. അനുവിന്റെ പുതപ്പ് മൂടിയുള്ള രഹസ്യമായ വീഡിയോ ചാറ്റ്, വിഡിയോയില്‍ വ്യക്തമല്ലാത്ത
ബാക്ക്ഗ്രൗണ്ട്, വീട്ടുകാരോട് പ്രേമത്തിന്റെ കാര്യം പറയാനുള്ള മടി ഇവയെല്ലാം അനുവിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത അധികരിപ്പിക്കുന്നുണ്ടെങ്കിലും അവളുമായുള്ള അഗാധപ്രേമത്തിലായിരിക്കുന്ന ജിമ്മിയുടെ കാഴ്ച്ചയില്‍ ഇതൊന്നും വരുന്നില്ല. ജിമ്മിയുടെ മനസ്സില്‍ പുത്തന്‍ പ്രേമം ഉണ്ടാക്കിയിരിക്കുന്ന രീിളശൃാമശേീി യശമ െഅവന്റെ മനസ്സ് കാണാന്‍ ആഗ്രഹിക്കുന്നതുമാത്രമേ അവനെ കാണിക്കുന്നുള്ളു. അനു എന്ന പ്രോഗ്ര
സ്സിവ് ആയി വെളിപ്പെടുത്തുന്ന കഥാപാത്രത്തെക്കുറിച്ച് വ്യത്യസ്തമായ ചിത്രങ്ങളാണ് നമ്മുടെ മനസ്സില്‍ മിന്നിമറയുന്നത്. അനു യഥാര്‍ത്ഥത്തില്‍ ആരാണെന്നും ജിമ്മിയോട് അവള്‍ക്കുള്ള അടുപ്പത്തിന്റെ ആഴം എന്താണെന്നും വെളിപ്പെടുന്നത് ചിത്രത്തിന്റെ അവസാനഭാഗങ്ങളിലാണ്.

ഫഹദ് ഫാസില്‍
ജിമ്മിയുടെ കാര്യമെടുത്താല്‍ ഒരു ശരാശരി മലയാളി പുരുഷന്റെ എല്ലാ അരക്ഷിതാബോധവും സ്ത്രീവിരുദ്ധതയും കൊണ്ടു നടക്കുമ്പോള്‍ തന്നെ മനസ്സില്‍ നന്മയുടെ അംശമുള്ള ഒരു ചെറുപ്പക്കാരനാണ്. താന്‍ പ്രേമിക്കുന്ന പെണ്‍കുട്ടിയുടെ മുന്‍ബന്ധങ്ങള്‍ വളഞ്ഞ വഴിയിലൂടെ അന്വേഷിക്കുന്നതുമുതല്‍ കാള്‍ ഗേള്‍ എന്ന പ്രയോഗം വരെ ജിമ്മിയുടെ കഥാപാത്രത്തിന്റെ സ്ഥിരത അടയാളപെടുത്തുമ്പോള്‍, ജിമ്മിക്ക് തന്റെ കസിനുമായുള്ള സുഹൃദ്ബന്ധം, അനുവിന് അവന്റെ സംഭാഷണങ്ങള്‍ നല്‍കുന്ന സുരക്ഷിതത്വം എന്നിവ കൊടുക്കുന്ന വിരുദ്ധമാനങ്ങള്‍ നിസ്സാരമല്ല.

ടെക്നോളജിയും സ്വകാര്യത എന്ന മിത്തും
ഇക്കാലത്ത് വ്യക്തിയുടെ സ്വകാര്യത എന്നത് എത്ര വലിയ കെട്ടുകഥയാണ് എന്നതാണ് സീ യു സൂണ്‍ മുന്നോട്ടുവെയ്ക്കുന്ന സവിശേഷമായ സാമൂഹിക പ്രശ്നം. സിനിമയുടെ കഥ സ്പര്‍ശിച്ചുപോകുന്ന മറ്റ് വിഷയങ്ങള്‍ മുന്‍പ് പല മലയാളചിത്രങ്ങളും കൈകാര്യം ചെയ്തവയാണെങ്കില്‍ പ്രൈവറ്റ് മെസ്സേജിങ് ആഖ്യാനത്തിനായി  ഉപയോഗിക്കുന്ന ഈ  ചിത്രം നാം പ്രൈവറ്റ് എന്ന് കരുതുന്ന ചാറ്റുകളിലും മെസ്സേജുകളിലും ഉള്ള സുരക്ഷാസുഷിരങ്ങളെ കുറിച്ചും സ്വകാര്യതാ രാഹിത്യത്തെ കുറിച്ചുമുള്ള യാഥാര്‍ഥ്യങ്ങള്‍ അതിശയോക്തിയില്ലാതെ തന്നെ വരച്ചുകാട്ടുകയാണ് ചെയ്യുന്നത്. കെവിന്‍ തന്റെ കമ്പനി മേധാവികളുമായി ആധാര്‍ വിവരങ്ങളുടെ പ്രൈവസിയെപ്പറ്റി തര്‍ക്കത്തിലേര്‍പ്പെടുന്ന രംഗം ഉള്‍പ്പെടെ ടെക്നോളജിയെ പ്രതിപാദിക്കുന്ന എല്ലാം വളരെ സ്വാഭാവികമാണ്. അമേരിക്കന്‍ പൗരനായ താങ്കള്‍ക്ക് സ്ഥലം വില്‍ക്കാന്‍ സൗകര്യത്തിന് പെട്ടെന്ന് ആധാര്‍ കാര്‍ഡ് കിട്ടുന്നു, എന്നാല്‍ പാവപ്പെട്ട ഒരാള്‍ക്ക് അത് ഒരാഴ്ച കഴിഞ്ഞാലും കിട്ടുന്നില്ല എന്നയാള്‍ വാദിക്കുന്നു. സോഷ്യല്‍മീഡിയ അക്കൗണ്ട്സ് ഉള്‍പ്പെടെ ഒരു ഫോണിലൂടെയും ലാപ്ടോപ്പിലൂടെയും ഒരാള്‍ നടത്തുന്ന എല്ലാ ഇടപെടലുകളും കൈമാറുന്ന എല്ലാ സന്ദേശങ്ങളും വെറും സെക്കന്‍ഡുകള്‍ക്കുള്ളില്‍ എങ്ങനെ ഹാക്ക് ചെയ്തെടുക്കാന്‍ കഴിയും എന്നത് പല സിനിമകളിലും ഏറ്റവുമൊടുവില്‍ ‘സേക്രഡ് ഗെയിംസ്’, ‘ദി ഫാമിലി മാന്‍’, ‘പാതാള്‍ ലോക്’ എന്നീ വെബ് സീരീസുകളിലും നമ്മള്‍ കണ്ടതാണ്. അതൊക്കെ ചെയ്യുന്നത് പൊലീസ്, രഹസ്യാന്വേഷണ ഏജന്‍സികളായിരുന്നെങ്കില്‍ ഇവിടെ അത് ചെയ്യുന്നത് വ്യക്തികള്‍  അവരുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കായാണ്. സഞ്ജന അനുവിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യുന്നതും ഫോണിലെ ഡാറ്റ ചോര്‍ത്തുന്നതും കെവിന്റെ ബന്ധങ്ങളില്‍ അവള്‍ക്ക് സംശയമുള്ളതുകൊണ്ടാണ്.

(ഇതെഴുതിക്കൊണ്ടിരുന്നപ്പോള്‍ യാദൃശ്ചികമായി കാണാനിടയായ ഒരു വാര്‍ത്ത ‘സീ യൂ സൂണ്‍’ എന്ന പേരില്‍ ഒരു ഫേക്ക് ഫേസ്ബുക്ക് പേജ് സിനിമ കാണിക്കാനെന്ന വ്യാജേന വ്യക്തികളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തുന്നു എന്നതാണ്!)

വിര്‍ച്വല്‍ റിയാലിറ്റിയും ബന്ധങ്ങളും
വിര്‍ച്വല്‍ റിയാലിറ്റി എന്നത് തന്നെയാണ് ഇക്കാലത്തെ ഏറ്റവും വലിയ റിയാലിറ്റി. വിര്‍ച്വല്‍ ലോകത്ത് പ്രൊഫെഷണലും പേഴ്സണലുമായ ബന്ധങ്ങള്‍ എത്രത്തോളം ഊഷ്മളമാക്കാന്‍ കഴിയും എന്നത് സാമൂഹിക
അകലത്തിന്റെ  ഇക്കാലത്ത്  നാം അഭിമുഖീകരിക്കുന്ന ഒരു ചോദ്യമാണ്. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ സീ യു സൂണ്‍ ഇന്നത്തെ നാഗരികജീവിതത്തിന്റെ നേര്‍ചിത്രമാകുന്നുണ്ട്. സംഭാഷണങ്ങളില്‍ നിലനിര്‍ത്തിയിരുന്ന ചടുലത, കഥാസന്ദര്‍ഭങ്ങള്‍ അവതരിപ്പിക്കുന്നതില്‍ സ്വീകരിച്ചിരിക്കുന്ന വേഗം എല്ലാം ഇന്നത്തെ ചാറ്റിങ് വേഗതയോട് ചേര്‍ന്നുനില്‍ക്കുന്നവ തന്നെ. ആര്‍ക്കും വേണ്ടത്ര സമയമില്ല. കെവിന്‍ ചാറ്റ് ചെയ്യുന്നത് ഓഫീസ് പ്രസന്റേഷന്‍ നടക്കുമ്പോഴാണ്. ജിമ്മി ടിന്‍ഡറില്‍ പെണ്‍കുട്ടികളുടെ പ്രൊഫൈലുകള്‍  നോക്കുന്നതും വീഡിയോ ചാറ്റ് ചെയ്യുന്നതും കസ്റ്റമര്‍ കോള്‍ അറ്റന്‍ഡ് ചെയ്യുന്നതിനിടയ്ക്കാണ്. ഒരു സ്‌ക്രീന്‍ബേസ്ഡ് സിനിമയുടെ രീതികള്‍ക്കനുസരിച്ച് അഭിനയിക്കുക എന്നത് ഈ സിനിമയിലെ മൂന്ന് പ്രധാന അഭിനേതാക്കള്‍ക്ക് അവര്‍ മുന്‍പ് അഭിമുഖീകരിച്ചതില്‍ നിന്നും വ്യത്യസ്തമായ ഒരു വെല്ലുവിളിയായിരുന്നിരിക്കണം. ഫഹദിന്റെ അഭിനയത്തില്‍ ആ വെല്ലുവിളി ആസ്വദിക്കുന്ന ഒരു നടന്റെ ഗൂഢമായ സന്തോഷം വെളിപ്പെടുന്നുണ്ട്. മൂത്തോനിലും കപ്പേളയിലും നമ്മള്‍ കണ്ട റോഷന്‍ മാത്യു അല്ല ഒരുപക്ഷെ സീ യുസൂണില്‍ കാണുക. ഇതുവരെ ചെറിയ കഥാപാത്രങ്ങള്‍ മാത്രം ചെയ്തിരുന്ന ദര്‍ശന രാജേന്ദ്രന്‍ ഈ സിനിമയിലെ പ്രകടനത്തോടെ മറ്റൊരു നായികയുടെ വരവറിയിക്കുന്നു. അതുപോലെതന്നെ പ്രധാനമായ ഒരു കാഴ്ചയാണ് കഥാപാത്രങ്ങള്‍ മാറ്റങ്ങളിലൂടെ കടന്നുപോകുന്നതും ചിന്തകളെ നവീകരിക്കുന്നതും. സ്ത്രീകളെ സ്വന്തം സന്തോഷത്തിനായി ഉപയോഗിക്കുന്നവനായി സഞ്ജന വിശേഷിപ്പിക്കുന്ന കെവിന്‍ ചൂഷണം ചെയ്യപ്പെട്ട മറ്റൊരു സ്ത്രീയുടെ അവസ്ഥ കണ്ട് തകര്‍ന്നുപോകുന്നതും ജിമ്മി പക്വതയോടെ അനുവുമായുള്ള ബന്ധത്തെ തന്റെ മുന്‍ധാരണകളില്‍നിന്ന് വിടുവിക്കുന്നതും ഹൃദ്യമായ കാഴ്ചകള്‍ തന്നെയാണ്.

ചിത്രത്തിലെ കഥാപാത്രങ്ങള്‍ തങ്ങളുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതും ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതുമെല്ലാം തമ്മില്‍ നിരന്തരം നടത്തുന്ന കമ്മ്യൂണിക്കേഷന്‍ വഴിയാണ്. അതുകൊണ്ടുതന്നെ സ്‌ക്രീന്‍ബേസ്ഡ് മൂവി എന്നത് ഈ ചിത്രത്തിന് വെറുമൊരു മാര്‍ക്കറ്റിംഗ് ഗിമ്മിക്കോ പുതുമകൊണ്ടുവരാനുള്ള ഒരു ആലങ്കാരിക ഉപാധിയോ അല്ല, മറിച്ച് ഈ കഥയ്ക്ക് ഏറ്റവും ചേരുന്ന ഫോര്‍മാറ്റ് തന്നെയാണ്. ഇതൊരു ലോക്ഡൗണ്‍ കാലത്തെ പരീക്ഷണം എന്ന മുന്‍ വിധിയോടെ കാണേണ്ട ചിത്രമല്ല എന്ന് പറയേണ്ടിയിരിക്കുന്നു. കാരണം ഒന്നിലും വിട്ടുവീഴ്ച ചെയ്യാതെ പറയാനുദ്ദേശിച്ച കാര്യങ്ങള്‍ കഥയ്ക്ക് ഏറ്റവും അനുയോജ്യമായ ഫോര്‍മാറ്റില്‍ കൃത്യമായി പറഞ്ഞു പോകുന്ന ഒരു ചിത്രമാണിത്. വിര്‍ച്വല്‍ ജീവിതം കാണിക്കുന്ന ചിത്രം അവസാനിക്കുന്നത് കഥാപാത്രങ്ങളുടെ യാഥാര്‍ത്ഥജീവിതം തിയറ്റര്‍ സ്‌ക്രീനില്‍ കാണാം എന്ന പ്രതീക്ഷയോടെയാണ്. സീ യൂ സൂണ്‍, മഹേഷ് നാരായണന്‍.
തയ്യാറാക്കിയത്: സുഭാഷ് ബാബു

 


Related Articles

കോട്ടപ്പുറത്തിന് അഭിമാനമായി ഗോതുരുത്ത്പുത്രൻ നാളെ നീരണിയും

ഗോതുരുത്തിൽ ജനകീയ പങ്കാളിത്തത്തോടുകൂടി പ്രദേശത്തെ കായിക വികസനത്തിനുവേണ്ടി ഓടി വള്ളം നിർമ്മിച്ചു. 256 ലത്തീൻ കത്തോലിക്കർ 10000 രൂപ വീതം ഈ സംരംഭത്തിലേക്ക് സംഭാവന നൽകി. ഗോതുരുത്ത്

‘വിഭജിക്കപ്പെടാത്ത ഹൃദയാര്‍പ്പണം സമൂല മാറ്റത്തിന്’: വിശുദ്ധപദത്തില്‍ ഏഴുപേര്‍

വത്തിക്കാന്‍ സിറ്റി: യുവജനങ്ങളെ സംബന്ധിച്ച ആഗോള സിനഡില്‍ പങ്കെടുക്കുന്ന കര്‍ദിനാള്‍മാരും മെത്രാന്മാരും ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആയിരകണക്കിന് വിശ്വാസികളും ലോകമെങ്ങും നിന്നുള്ള തീര്‍ഥാടകരും ഉള്‍പ്പെടെ എഴുപതിനായിരത്തിലേറെ വിശ്വാസികളുടെ സാന്നിധ്യത്തില്‍

പച്ച കുത്തലിലെ അപകടം

ശരീരഭാഗങ്ങളില്‍ പച്ചകുത്തുന്നത് യുവാക്കള്‍ക്കിടയില്‍ ഇപ്പോള്‍ വ്യാപകമാണ്. പെണ്‍കുട്ടികളും പച്ചകുത്തലില്‍ പിറകോട്ടല്ല. എന്നാല്‍ ശരീരത്തില്‍ പച്ചകുത്തുന്നത് ഭംഗിയാണെങ്കിലും അപകടം വിളിച്ചുവരുത്തും. അശാസ്ത്രീയമായ പച്ചകുത്തല്‍ ചര്‍മാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്നറിയാവുന്നവര്‍ ചുരുക്കമാണ്.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*