Breaking News

സുകൃതങ്ങളുടെ പുണ്യധാമം

സുകൃതങ്ങളുടെ പുണ്യധാമം

വിശുദ്ധി സഭയുടെ ഏറ്റവും ആകര്‍ഷകമായ മുഖമാണെന്ന് ഫ്രാന്‍സിസ് പാപ്പാ ‘ആഹ്ലാദിച്ച് ആനന്ദിക്കുവിന്‍’ (ഗൗദേത്തേ എത് എക്‌സുല്‍താത്തേ) എന്ന അപ്പസ്‌തോലിക പ്രബോധനത്തില്‍ പറയുന്നുണ്ട്. ഓരോ വിശുദ്ധനും ഒരു മിഷനാണ്. ചരിത്രത്തിന്റെ സവിശേഷ സന്ധിയില്‍, സുവിശേഷത്തിന്റെ വിശിഷ്ട സാക്ഷ്യവും പ്രഘോഷണവുമാകാനുള്ള പ്രത്യേക നിയോഗം. അനുദിന ജീവിതവിശുദ്ധിയിലൂടെ ലോകത്തിന്റെ ഉപ്പും വെളിച്ചവുമായി മാറുന്നതാണ് വിശുദ്ധിയുടെ ആനന്ദം.
കേരളത്തിലെ ലത്തീന്‍ ഹയരാര്‍ക്കിയുടെ ആദ്യത്തെ തന്‍നാട്ടു തലവന്‍ എന്ന നിലയില്‍ ‘എല്ലാവര്‍ക്കും എല്ലാമായിത്തീര്‍ന്നു’ എന്ന തന്റെ അജപാലന ആദര്‍ശസൂക്തം ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റി അന്വര്‍ത്ഥമാക്കിയത് സുകൃതങ്ങളുടെ നിറവില്‍ തന്നെ ഭരമേല്പിച്ച ദൈവജനത്തിന്റെ ആധ്യാത്മിക നവീകരണത്തിനും ജീവിതവിശുദ്ധീകരണത്തിനും സാമൂഹിക ഉല്‍ക്കര്‍ഷത്തിനും സാമുദായിക സ്വത്വനിര്‍മിതിക്കും മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ടാണ്. മലബാര്‍ വികാരിയാത്തില്‍ നിന്നു തുടങ്ങുന്ന 275 വര്‍ഷം നീണ്ട യൂറോപ്യന്‍ കര്‍മലീത്താ മിഷണറിമാരുടെ ഇടയശുശ്രൂഷാ പൈതൃകത്തിന്റെ പിന്‍തുടര്‍ച്ചയില്‍ വരാപ്പുഴ അതിരൂപതയിലെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്തയായി – ഇന്ത്യയിലെയും തെക്കന്‍, തെക്കുകിഴക്കന്‍ ഏഷ്യയിലെയും ആദ്യ തദ്ദേശീയ മെത്രാപ്പോലീത്തയും ഇന്ത്യ, ബര്‍മ്മ, സിലോണ്‍ എന്നിവ ഉള്‍പ്പെടുന്ന ഉപഭൂഖണ്ഡത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വൈദികമേലധ്യക്ഷനുമായിരുന്നു അദ്ദേഹം – അഭിഷിക്തനാകാന്‍ 39-ാം വയസില്‍, തന്റെ പൗരോഹിത്യത്തിന്റെ ഏഴാം വര്‍ഷത്തില്‍, നിയോഗമുണ്ടായ പുണ്യചരിതനായ അട്ടിപ്പേറ്റി പിതാവിനെ സാര്‍വത്രിക സഭയുടെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തണമെന്ന പ്രാര്‍ഥനയോടെ അദ്ദേഹത്തിന്റെ 50-ാം ചരമവാര്‍ഷികത്തില്‍ ദൈവദാസനായി പ്രഖ്യാപിച്ചുകൊണ്ട് നാമകരണത്തിനായുള്ള കാനോനിക നടപടികളുടെ തുടക്കം കുറിക്കുമ്പോള്‍ ജ്വലിച്ചുനില്‍ക്കുന്ന സ്മൃതിചിത്രം തന്റെ അജഗണത്തിന്റെ പ്രാര്‍ഥനാജീവിതത്തിന്റെയും കൗദാശികജീവിതത്തിന്റെയും ‘ആത്മസ്ഥിതി’യെയും ഭൗതിക ജീവിതക്ലേശങ്ങളെയുംകുറിച്ച് അന്വേഷിച്ചുകൊണ്ട് തോടും പുഴയും ചിറയും വയല്‍വരമ്പും പൂഴിമണ്‍പാതകളും ഇടവഴികളും താണ്ടി ഇന്നത്തെ കോട്ടപ്പുറം രൂപതയുടെ സീമകളും ഉള്‍പ്പെടുന്ന വിസ്തൃതമായ അതിരൂപതയിലെ എല്ലാ കുടുംബങ്ങളും നേരിട്ടു സന്ദര്‍ശിച്ച ആര്‍ദ്രഹൃദയനായ മഹായിടയന്റേതാണ്.
‘വെണ്ണപോലെ ഉരുകുന്ന നിര്‍മല ഹൃദയവും സുവിശേഷചൈതന്യം നിറഞ്ഞ സ്വഭാവവൈശിഷ്ട്യവും വിശ്വാസതീക്ഷ്ണതയുമുള്ള, ദീര്‍ഘദര്‍ശിയായ ഇടയശ്രേഷ്ഠന്റെ’ കൃപാപൂരിതമായ ജീവിതം തൊട്ടറിഞ്ഞതിന്റെ ധന്യതയോടെയാണ് അദ്ദേഹത്തില്‍ നിന്ന് സ്ഥൈര്യലേപനവും വൈദികപട്ടവും സ്വീകരിക്കാന്‍ ഭാഗ്യമുണ്ടായവര്‍ ദൈവദാസപദ പ്രഖ്യാപനത്തിലെ സ്‌തോത്രഗീതം ഏറ്റുചൊല്ലുന്നത്.
വരാപ്പുഴ അതിരൂപതയില്‍ നിന്ന് ആദ്യമായി റോമില്‍ പോയി പ്രൊപ്പഗാന്ത കോളജില്‍ തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ച വൈദികന്‍ ഡോ. അട്ടിപ്പേറ്റിയാണ്. 36 വര്‍ഷം നീണ്ട തന്റെ ഭരണകാലത്ത് വരാപ്പുഴ അതിരൂപതയില്‍ ആധ്യാത്മിക നവീകരണം, വിദ്യാഭ്യാസം, ഭൗതിക വികസനം, സാമൂഹികശുശ്രൂഷ, സാമുദായിക മുന്നേറ്റം തുടങ്ങിയ മേഖലകളില്‍ അദ്ദേഹം കൈവരിച്ച നേട്ടങ്ങള്‍ ഐതിഹാസിക മാനമുള്ളവയാണ്. ആധ്യാത്മിക, സാമൂഹിക ശുശ്രൂഷാ രംഗത്തെ അര്‍പ്പിതരുടെ കുറവു നികത്തുന്നതിന് ജസ്വിറ്റ്, കപ്പുച്ചിന്‍, സലേഷ്യന്‍, വിന്‍സെന്‍ഷ്യന്‍, പുവര്‍ ക്ലെയര്‍, ബ്രിജിറ്റൈന്‍, ഡോട്ടേഴ്‌സ് ഓഫ് ദ് ഹാര്‍ട്ട് ഓഫ് മേരി, മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്‌സ് തുടങ്ങിയ സന്യാസ സമൂഹങ്ങളെ അതിരൂപതയിലേക്കു കൊണ്ടുവന്നു. അദ്ദേഹം ചുമതലയേല്‍ക്കുമ്പോള്‍ അതിരൂപതാ വൈദികരുടെ സംഖ്യ 50 ആയിരുന്നു; യൂറോപ്യന്മാരും നാട്ടുകാരും അടക്കം സന്ന്യസ്തരുടെ എണ്ണം 37. 1970 ആയപ്പോഴേക്കും രൂപതാവൈദികരുടെ സംഖ്യ 115 ആയി, രൂപതയ്ക്കു പുറത്ത് സേവനം ചെയ്യാന്‍ 19 പേര്‍ കൂടിയുണ്ടായി; നാട്ടുകാരായ സന്ന്യസ്തര്‍ മാത്രം 60ലേറെയും. ഇതേ കാലയളവില്‍ സന്ന്യാസിനികളുടെ എണ്ണവും 145ല്‍ നിന്ന് 400 ആയി ഉയര്‍ന്നു.
കത്തോലിക്കാ സഭയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായി എറണാകുളത്തുണ്ടായിരുന്നത് സെന്റ് തെരേസാസ് വനിതാ കോളജ് മാത്രമായിരുന്നു. മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ 1946 ജൂലൈ 17ന് എറണാകുളത്ത് സെന്റ് ആല്‍ബര്‍ട്‌സ് എന്ന ഫസ്റ്റ് ഗ്രേഡ് കോളജ് ആരംഭിച്ചത് അട്ടിപ്പേറ്റി പിതാവാണ്. ഗ്രാന്‍ഡ് ഷെവലിയര്‍ എല്‍.എം. പൈലിയെയാണ് സെന്റ് ആല്‍ബര്‍ട്‌സ് കോളജിന്റെ പ്രഥമ പ്രിന്‍സിപ്പലായി അട്ടിപ്പേറ്റി പിതാവ് നിയമിച്ചത്. ഇന്ത്യയില്‍ കത്തോലിക്കാ സഭയുടെ ഒരു കോളജിലും അന്നുവരെ ഒരു അല്മായനും പ്രിന്‍സിപ്പല്‍ സ്ഥാനം വഹിച്ചിട്ടില്ല. ആലുവയില്‍ തേരേസ്യന്‍ കര്‍മലീത്താ സമൂഹത്തിന്റെ (സിടിസി) കീഴില്‍ വനിതകള്‍ക്കായി സെന്റ് സേവ്യേഴ്‌സ് കോളജ് 1964ല്‍ ആരംഭിച്ചു; കോളജിന്റെ വളര്‍ച്ച മുന്‍നിര്‍ത്തി നാലു കന്യാസ്ത്രീകളെ അമേരിക്കയില്‍ ഉപരിപഠനത്തിന് വിടുന്നതിന് അദ്ദേഹം സൗകര്യമൊരുക്കി. അതിനു മുന്‍പ് കേരളത്തില്‍ നിന്ന് ഒരു കന്യാസ്ത്രീയെയും ഇങ്ങനെ ഉപരിപഠനത്തിന് വിദേശത്തേക്ക് അയച്ചിട്ടില്ല.
കളമശേരിയില്‍ 1962ല്‍ ലിറ്റില്‍ ഫഌവര്‍ എന്‍ജിനിയറിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കുകയും അതിന്റെ ഭാവി വികസനത്തിനായി ഒരു വൈദികനെ ആദ്യമായി എന്‍ജിനിയറിംഗില്‍ ഉപരിപഠനത്തിനായി കാനഡയിലേക്ക് അയക്കുകയും ചെയ്തു. സംസ്ഥാനത്തെ ഏറ്റവും മികച്ച ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടും ഇന്‍ഡസ്ട്രിയല്‍ പരിശീലനകേന്ദ്രവുമായി അതു വളര്‍ന്നു. അതിരൂപതയില്‍ ചെറുതും വലുതുമായി മുപ്പതോളം ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് സെന്ററുകള്‍ അദ്ദേഹത്തിന്റെ കാലത്തുണ്ടായി. വനിതകളുടെ ശാക്തീകരണവും തൊഴില്‍ പരിശീലനവും മുന്‍നിര്‍ത്തിയാണ് ഫ്രാന്‍സിലെ സിസ്റ്റേഴ്‌സ് ഓഫ് ദ് സേക്രഡ് ഹാര്‍ട്ട് ഓഫ് മേരി സന്യാസിനി സമൂഹത്തിന്റെ കീഴില്‍ എറണാകുളത്ത് വിമലാലയം സ്ഥാപിച്ചത്.
ബോംബെയില്‍ 1964 നവംബര്‍-ഡിസംബര്‍ കാലത്ത് നടന്ന രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ പോള്‍ ആറാമന്‍ പാപ്പാ എത്തിയതിന്റെ സ്മരണയ്ക്കായാണ് അട്ടിപ്പേറ്റി പിതാവ് കളമശേരി സെന്റ് പോള്‍സ് കോളജ് ആരംഭിച്ചത്. 1964 ഡിസംബര്‍ മൂന്നിന് പരിശുദ്ധ പിതാവ് ബോംബെയില്‍ ആശീര്‍വദിച്ചതാണ് ആ കോളജിന്റെ മുഖ്യശില.

ഇറ്റലിയിലെ ടൂറിനില്‍ വിശുദ്ധ ജോസഫ് ബെനദെത്തോ കൊത്തലെംഗോ സ്ഥാപിച്ച ദൈവിക പരിപാലനയുടെ ചെറുഭവനം സന്ദര്‍ശിച്ച പ്രചോദനത്തില്‍ നിന്നാണ് ഡോ. അട്ടിപ്പേറ്റി 1937 മേയില്‍ എറണാകുളത്ത് അഗതികളായ വയോധികരുടെ പരിചരണത്തിനായി ഹൗസ് ഓഫ് പ്രൊവിഡന്‍സ് സ്ഥാപിച്ചത്. ദക്ഷിണേന്ത്യയില്‍ ഇത്തരം വൃദ്ധസദനം ആദ്യത്തേതാണ്.
തുരുത്തിപ്പുറത്ത് സെന്റ് ഫ്രാന്‍സിസ് ഇടവകയില്‍ അതിരൂപതയുടെ കീഴില്‍ ആശുപത്രി തുടങ്ങിയത് അട്ടിപ്പേറ്റി പിതാവാണ്. എറണാകുളം പച്ചാളത്ത് ആധുനിക ചികിത്സാസൗകര്യങ്ങളോടെ ലൂര്‍ദ് ആശുപത്രി സ്ഥാപിച്ചത് കൊച്ചി മേഖലയിലെ കായല്‍തുരുത്തുകളിലെ ജനങ്ങള്‍ക്ക് ജലമാര്‍ഗം വന്നെത്താനുള്ള സൗകര്യം മുന്‍നിര്‍ത്തിയാണ്. മഞ്ഞുമ്മല്‍ കര്‍മലീത്താ ആശ്രമത്തിന്റെ കീഴിലുള്ള സെന്റ് ജോസഫ് ആശുപത്രിയുടെ വികസനത്തിനും മരട് നിത്യസഹായ മാതാവിന്റെ ആശുപത്രിയുടെ വളര്‍ച്ചയ്ക്കും അദ്ദേഹത്തിന്റെ പിന്തുണയുണ്ടായിരുന്നു. സാധുക്കളെ സംരക്ഷിക്കാനും രോഗികള്‍ക്കും ഭവനരഹിതര്‍ക്കും സഹായം നല്‍കാനുമായി സെന്റ് വിന്‍സെന്റ് ഡി പോള്‍ സഖ്യം ആരംഭിച്ചു. നിരവധി അഗതിമന്ദിരങ്ങളും അനാഥാലയങ്ങളും സ്ഥാപിച്ചു.
സഭയില്‍ അല്മായരുടെ പങ്ക് ശക്തിപ്പെടുത്താന്‍ ആഗ്രഹിച്ച അദ്ദേഹം 1967ല്‍ കാത്തലിക് അസോസിയേഷന്‍ രൂപീകരിച്ചു. 1957ല്‍ അല്മായര്‍ മുന്‍കൈയെടുത്ത് എറണാകുളത്ത് ആരംഭിച്ച കേരളടൈംസ് ദിനപത്രത്തിന്റെ സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുത്തുകൊണ്ടുതന്നെ ആ പത്രം മുന്നോട്ടുകൊണ്ടുപോകാന്‍ അദ്ദേഹം തയാറായി. എറണാകുളം ഷണ്‍മുഖം റോഡ് യാഥാര്‍ഥ്യമാക്കുന്നതിലും അദ്ദേഹത്തിനു പങ്കുണ്ട്.
ഇടയന്‍, സമുദായാചാര്യന്‍, പരിഷ്‌കര്‍ത്താവ്, വിദ്യാഭ്യാസ വിചക്ഷണന്‍, സഭാപിതാവ്, ഉപദേഷ്ടാവ് എന്നീ നിലകളില്‍ അനന്യമായ വ്യക്തിപ്രഭാവം തെളിയിച്ച അദ്ദേഹം എല്ലാ തിരക്കിനിടയിലും പ്രാര്‍ഥനയ്ക്കും ധ്യാനത്തിനും ജപമാല അര്‍പ്പണത്തിനും ദിവ്യകാരുണ്യ ആരാധനയ്ക്കും ഉപവാസത്തിനുമായി സമയം കണ്ടെത്തി. നിരവധി ദേവാലയങ്ങളും കോണ്‍വന്റുകളും ആശ്രമങ്ങളും സ്ഥാപിച്ച അജപാലകന്‍ വിശ്വാസികളുടെ പ്രാര്‍ഥനാജീവിതവും കൗദാശിക ജീവിതവും പരിപോഷിപ്പിക്കുന്നതിന് ഭക്ത്യാനുഷ്ഠാനങ്ങള്‍ പ്രോത്സാഹിപ്പിച്ചു. വിദേശയാത്രയ്ക്കു പുറപ്പെടുമ്പോഴും തിരിച്ചെത്തുമ്പോഴും വല്ലാര്‍പാടത്തും പള്ളിപ്പുറത്തും പരിശുദ്ധ അമ്മയുടെ സവിധേ പ്രാര്‍ഥനയ്ക്ക് വന്നണഞ്ഞിരുന്ന പിതാവ് തന്റെ കത്തീഡ്രല്‍ ദേവാലയത്തില്‍ നിത്യസഹായമാതാവിന്റെ നൊവേന ആരംഭിച്ച നാള്‍ മുതല്‍ അതില്‍ സംബന്ധിക്കാനും നിഷ്ഠ പുലര്‍ത്തി.
റോമില്‍ ജൊവാന്നി ബത്തിസ്ത മൊന്തീനിയുടെ (വിശുദ്ധ പോള്‍ ആറാമന്‍ പാപ്പാ) സഹപാഠിയായിരുന്നു ഡോ. ജോസഫ് അട്ടിപ്പേറ്റി. ആധുനിക ലോകത്തിന്റെ വെല്ലുവിളികള്‍ നേരിടുന്നതിന് കത്തോലിക്കാ സഭയില്‍ നവീകരണത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ട രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ നാലു സമ്മേളനങ്ങളിലും പോള്‍ ആറാമനോടൊപ്പം സജീവമായി പങ്കെടുത്തു.
പ്രകൃത്യതീതമായ അദ്ഭുതങ്ങളുടെ സ്ഥിരീകരണം നാമകരണ നടപടിയുടെ ഭാഗമാണ്. എന്നാല്‍ സുകൃതം നിറഞ്ഞ ജീവിതത്തെക്കുറിച്ചുള്ള സ്ഥായിയായതും പൊതുവായുള്ളതുമായ സുദൃഢ സാക്ഷ്യവും അദ്ഭുതസംഭവങ്ങളുടെ അഭംഗുരമായ ഖ്യാതിയും ഉള്‍പ്പെടുന്ന ദീര്‍ഘകാലത്തെ ഉപാസനക്രമത്തെ ആധാരമാക്കി ‘സമതുല്യമായ നാമകരണം’ എന്ന പുരാതന രീതി ഫ്രാന്‍സിസ് പാപ്പാ കൂടുതലായി അവലംബിക്കുന്നതായി കാണാം. തന്റെ ജീവിതവിശുദ്ധിയുടെയും സുകൃതങ്ങളുടെയും ഉത്തമദൃഷ്ടാന്തങ്ങളിലൂടെ അനേകരെ വിശുദ്ധിയുടെ ആനന്ദത്തിലേക്ക് ആകര്‍ഷിച്ച ശ്രേഷ്ഠപിതാവിനെ അനുസ്മരിച്ചുകൊണ്ട് വിശ്വാസികള്‍ അദ്ദേഹത്തിന്റെ സ്മൃതിമന്ദിരത്തില്‍ എന്നും എത്തിയിരുന്നു. നാമകരണനടപടിയെക്കുറിച്ച് ആരും ആലോചിക്കാത്ത കാലത്തും പല പത്രങ്ങളിലും ഉപകാരസ്മരണയുടെ കോളത്തില്‍ അദ്ദേഹത്തിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു. ആ വിശ്വാസതീക്ഷ്ണതയുടെ കീര്‍ത്തിയില്‍ ദൈവജനം തെദേവും സ്‌തോത്രഗീതം ആലപിച്ച് ആഹ്ലാദിച്ച് ആനന്ദിക്കുന്നു.


Tags assigned to this article:
Bishop Attipetty

Related Articles

ലിറ്റില്‍ ഫ്ളവറില്‍ അലങ്കാരദീപ നിര്‍മാണ പരിശീലനം

എറണാകുളം: കളമശേരി ലിറ്റില്‍ ഫ്ളവര്‍ എന്‍ജിനീയറിംങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വനിതകള്‍ക്കായി എല്‍ഇഡി അലങ്കാരദീപങ്ങളുടെ ഏകദിന നിര്‍മാണപരിശീലനം നടത്തി. സൗജന്യ പരിശീലനത്തിന്റെ ആദ്യബാച്ചാണ് പൂര്‍ത്തിയായത്. രണ്ടാംബാച്ച് നവംബര്‍ 13 ന്

ജോസഫ് മാര്‍തോമാ മെത്രാപ്പോലീത്ത സംവാദത്തിന്റെയും സമന്വയത്തിന്റെയും പ്രയോക്താവ്: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: മലങ്കര മാര്‍തോമാ സുറിയാനിസഭയുടെ പരമാധ്യക്ഷന്‍ കാലം ചെയ്ത ജോസഫ് മാര്‍തോമാ മെത്രാപ്പോലീത്ത സംവാദത്തിന്റെയും സമന്വയത്തിന്റെയും പ്രയോക്താവായിരുന്നുവെന്നു കെസിബിസി പ്രസിഡണ്ടും സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പും ഇന്റര്‍ ചര്‍ച്ച്

നന്മയും സേഹവും പകര്‍ന്നു നല്‍കുന്ന മാലാഖമാരായി വളരുക – ബിഷപ് ഡോ. അലക്‌സ് വടക്കുംതല

കണ്ണൂര്‍: ഹൃദയത്തില്‍ വെണ്മയുള്ളവരായി, വെളിച്ചം പകര്‍ന്നു കൊടുക്കുന്ന നിഷ്‌ക്കളങ്കരായി, സമൂഹത്തിന് നന്മയും സ്‌നേഹവും പകര്‍ന്നു നല്‍കുന്ന മാലാഖമാരായി വളരുവാന്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല കുട്ടികളെ ആഹ്വാനം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*