Breaking News

സുരക്ഷാ ഉപകരണങ്ങള്‍ക്ക് കടുത്തക്ഷാമമുണ്ടാകാന്‍ സാധ്യത

സുരക്ഷാ ഉപകരണങ്ങള്‍ക്ക് കടുത്തക്ഷാമമുണ്ടാകാന്‍ സാധ്യത

ന്യൂഡല്‍ഹി: ഭൂമുഖത്തെ ഏറ്റവും ബൃഹത്തായ ക്വാറന്റൈന്‍ നിയന്ത്രണമാണ് ജനസംഖ്യയില്‍ ലോകത്ത് രണ്ടാംസ്ഥാനമുള്ള ഇന്ത്യ മൂന്നാഴ്ചത്തെ സമ്പൂര്‍ണ അടച്ചിടലിലൂടെ ഏര്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും അടുത്ത മാസത്തോടെ കൊറോണ വൈറസ് വ്യാപനം രാജ്യത്ത് മൂര്‍ധന്യത്തിലെത്തുമ്പോഴേക്കും രോഗപരിചരണത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും പാരാമെഡിക്കല്‍ സ്റ്റാഫും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കുപോലും ആവശ്യമായ ആള്‍ സുരക്ഷാ ഉപാധികള്‍ക്ക് (പിപിഇ) കടുത്ത ക്ഷാമമുണ്ടാകുമെന്ന ആശങ്ക ശക്തമായി.
എന്‍95 റെസ്പിരേറ്റര്‍ മാസ്‌ക്, ഗ്ലൗസ്, ഫെയ്‌സ്ഷീല്‍ഡ്, ഓവറോള്‍ ഗൗണ്‍, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവയ്ക്ക് ആഗോള തലത്തില്‍ വന്‍തോതില്‍ ഡിമാന്‍ഡ് വര്‍ധിക്കുമ്പോള്‍, ഇന്ത്യയില്‍ വെന്റിലേറ്റര്‍, ഐസിയു യൂണിറ്റുകള്‍ തുടങ്ങി ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് ക്രിറ്റിക്കല്‍ ചികിത്സാ സംവിധാനത്തില്‍ മാത്രമല്ല ആരോഗ്യ മേഖലയില്‍ അടിസ്ഥാനതലത്തിലുള്ള സര്‍ജിക്കല്‍ മാസ്‌ക്കുപോലും ലഭ്യമല്ലാത്ത അവസ്ഥയുണ്ടാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
മേയ് മധ്യത്തോടെ രാജ്യത്ത് 9,15,000 കൊറോണ വൈറസ് ബാധിതരുണ്ടാകുമെന്നാണ് മിഷിഗന്‍ യൂണിവേഴ്‌സിറ്റി പഠനത്തില്‍ പ്രവചിക്കുന്നത്. ഇന്ന് ലോകത്ത് മൊത്തമുള്ള രോഗബാധിതരെക്കാള്‍ അധികമാണിത്. ഡല്‍ഹിയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എഐഐഎംഎസ്) റസിഡന്റ് ഡോക്ടര്‍ ഉള്‍പ്പെടെ ഏഴു ഡോക്ടര്‍മാര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് നിരവധി നഴ്‌സുമാര്‍ രോഗബാധിതരാണ്. ചൈനയ്ക്കുപിന്നാലെ രാജ്യാന്തര തലത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങളുണ്ടായ ഇറ്റലിയിലും സ്‌പെയിനിലും വൈറസ് വ്യാപനത്തിന് ഇരകളായി നിരവധി പ്രഗത്ഭ ഡോക്ടര്‍മാരും നഴ്‌സുമാരും മരണമടയുകയുണ്ടായി. കൊവിഡ് മരണസംഖ്യ പതിനായിരം കടന്ന സ്‌പെയിനില്‍ 5,400 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡിന് ഇരകളായവരില്‍ 13 ശതമാനം ആരോഗ്യ മേഖലയിലുള്ളവരാണ്. സ്‌പെയിനില്‍ ആറരലക്ഷം റാപിഡ് ടെസ്റ്റിങ് കിറ്റുകളാണ് മെഡിക്കല്‍ സ്റ്റാഫിന്റെ രോഗനിര്‍ണയത്തിന് നല്‍കിയിരിക്കുന്നത്.
ബ്രിട്ടനില്‍ മൂന്നു പ്രമുഖ എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ കൊറോണ വൈറസ് പിടിപെട്ടു മരിച്ചു. ബ്രിട്ടനിലെ ദേശീയ ആരോഗ്യ സര്‍വീസിലും ആവശ്യത്തിന് സുരക്ഷാ സാമഗ്രികളില്ലെന്ന് പരാതി വ്യാപകമായിട്ടുണ്ട്.
അമേരിക്കയില്‍ ന്യൂയോര്‍ക്ക് സിറ്റി ഉള്‍പ്പെടെ ഒട്ടേറെ പ്രധാന നഗരങ്ങളിലെ ആശുപത്രികളിലും മെഡിക്കല്‍ സ്റ്റാഫിന് ആവശ്യമായ സുരക്ഷാകവചങ്ങളില്ലെന്ന പരാതി വ്യാപകമായിരിക്കെ കഴിഞ്ഞ വാരാന്ത്യത്തില്‍ വൈറ്റ് ഹൗസില്‍നിന്നുള്ള നിര്‍ദേശാനുസരണം 22 വിമാനങ്ങളിലായി മാസ്‌ക്കുകളും പിപിഇ ഇനങ്ങളും പലയിടങ്ങളിലും എത്തിച്ചു. കൊറോണബാധിതരില്‍ 25 ശതമാനം പേരും രോഗലക്ഷണമൊന്നും പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍ രോഗികളുമായി ഇടപഴകുന്നവര്‍ മാത്രമല്ല പാര്‍പ്പിടങ്ങളില്‍നിന്നു വെളിയിലിറങ്ങുന്നവരെല്ലാം മുഖാവരണം അണിയുന്നതാണ് കൂടുതല്‍ സുരക്ഷിതമെന്ന് രോഗനിയന്ത്രണത്തിനും പ്രതിരോധത്തിനുമുള്ള യുഎസ് സെന്റര്‍ (സിഡിസി) കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതോടെ ഫെയ്‌സ്മാസ്‌ക്കിനായുള്ള പരക്കംപാച്ചില്‍ കൂടുതല്‍ വ്യാപകമാകുമെന്നാണു സൂചന. അമേരിക്കയ്ക്ക് ഈ ഘട്ടത്തില്‍ ആവശ്യമുള്ള 350 കോടി മാസ്‌ക്കുകളില്‍ ഒരു ശതമാനം മാത്രമേ ഇപ്പോള്‍ സ്റ്റോക്കുള്ളൂ.
മാസ്‌ക്കുകള്‍ക്കും മറ്റു സുരക്ഷാസാമഗ്രികള്‍ക്കും കടുത്ത ക്ഷാമം നേരിടേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ഫെബ്രുവരി 27ന് മുന്നറയിപ്പു നല്‍കിയിരുന്നു. എന്നിട്ടും കേവലം 40 ശതമാനം ഉത്പാദനവര്‍ധനയ്ക്കാണ് ഇന്ത്യയില്‍ ഗവണ്‍മെന്റ് നിര്‍ദേശിച്ചത്. മാര്‍ച്ച് 18ന് ചേര്‍ന്ന കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയത്തിന്റെ ഉന്നതതല യോഗത്തില്‍ മേയ് അവസാനത്തോടെ ആരോഗ്യവകുപ്പിന് 60 ലക്ഷം എന്‍95 മാസ്‌ക്കുകളും മൂന്നു പാളികളുള്ള ഒരു കോടി മാസ്‌ക്കുകളും ഏഴുലക്ഷം സുരക്ഷാ ഓവറോള്‍ ഗൗണുകളും വേണ്ടിവരുമെന്നാണ് അറിയിച്ചത്. എന്നാല്‍ സുരക്ഷാ പുറംകുപ്പായങ്ങള്‍ തന്നെ പ്രതിദിനം അഞ്ചുലക്ഷം വേണ്ടിവന്നേക്കുമെന്നാണ് ഓള്‍ ഇന്ത്യ ഡ്രഗ് ആക്ഷന്‍ നെറ്റ്‌വര്‍ക്ക് പോലുള്ള നിരീക്ഷകരുടെ കണക്ക്. ഉത്പന്ന ലഭ്യതയിലും സപ്ലൈ നിരക്കിലും ഗണ്യമായ കുറവുണ്ടെന്ന് ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം വിലയിരുത്തിയിരുന്നു.
ആവശ്യത്തിന് സുരക്ഷാ സാമഗ്രികള്‍ കിട്ടാനില്ലാത്ത സാഹചര്യത്തില്‍ ചിലയിടങ്ങളില്‍ ഡോക്ടര്‍മാരും മറ്റും മഴക്കോട്ടും മോട്ടോര്‍ബൈക്ക് ഹെല്‍മറ്റും മറ്റും ഉപയോഗിച്ചാണ് ജോലി ചെയ്യുന്നതെന്ന് റോയിട്ടേര്‍സ് റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി.
ലോക വിപണിയില്‍ ആവശ്യമായ സര്‍ജിക്കല്‍ മാസ്‌ക്കിന്റെ പകുതിയും ഉത്പാദിപ്പിക്കുന്നത് ചൈനയാണ്. കൊറോണ വൈറസ് ചൈനയില്‍ ആദ്യം പടര്‍ന്നുപിടിച്ചതോടെ ജനുവരിയില്‍ ചൈന ആഗോളതലത്തില്‍ കിട്ടാവുന്ന മാസ്‌ക്കുകള്‍ വാങ്ങിക്കൂട്ടി. അഞ്ചാഴ്ചയ്ക്കകം 200 കോടി മാസ്‌ക്കുകളാണ് ചൈന ശേഖരിച്ചത്. രണ്ടര മാസത്തെ രാജ്യാന്തര ഉത്പാദനം മുഴുവന്‍ അങ്ങനെ ഒറ്റയടിക്ക് ചൈന കൈയടക്കി. മെഡിക്കല്‍ ഗോഗിള്‍സ്, ബയോഹസാര്‍ഡ് ഓവറോള്‍സ് എന്നിവ അടക്കമുള്ള 40 കോടി സുരക്ഷാ ഉപകരണങ്ങളും ചൈന ഇറക്കുമതി ചെയ്തു. പ്രതിദിനം ഒരു കോടി മാസ്‌ക്കുകള്‍ നിര്‍മിച്ചിരുന്ന ചൈന ഇപ്പോള്‍ രാജ്യാന്തര ഡിമാന്‍ഡിനെ നേരിടാനായി ഉത്പാദനം 12 മടങ്ങായി വര്‍ധിപ്പിച്ചിട്ടുണ്ട്.
കൊറോണ വൈറസ് കാട്ടുതീപോലെ പടര്‍ന്നുപിടിക്കുമ്പോള്‍ സുരക്ഷാകവചമൊന്നുമില്ലാതെ ആരോഗ്യശുശ്രൂഷകര്‍പോലും പകച്ചുനില്‍ക്കുമ്പോള്‍ പ്രതിരോധ മറയൊന്നുമില്ലാത്ത പൂര്‍ണനഗ്നരെപോലെ നിസഹായരായി നില്‍ക്കേണ്ടിവരുമോ വൈറസ് വാഹകരുടെ വ്യാപക സമൂഹങ്ങളില്‍ നാമെല്ലാം!


Tags assigned to this article:
covid 19jeevanaadam

Related Articles

ഇന്ത്യയില്‍ ഇന്ധനം നിറഞ്ഞുകവിയുന്നു

കൊച്ചി: കൊറോണവൈറസ് വ്യാപനം മൂലം രാജ്യത്തെ ഇന്ധനകലവറകള്‍ നിറഞ്ഞു കവിയുന്നു. രാജ്യമെമ്പാടുമുള്ള 66,000 പെട്രോള്‍ പമ്പുകളിലും സ്‌റ്റോക്ക് പരമാവധിയാണ്. ലോകത്തെ മൂന്നാമത്തെ എണ്ണ ഉപഭോക്താവാണ് ഇന്ത്യ. 85

ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗൺസിൽ

ഇന്ത്യയിൽ മനുഷ്യാവകാശ പ്രവർത്തകർ വലിയ സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണർ മിഷേൽ ബാച്ച്‌ലറ്റ് പ്രസ്താവനയിൽ പറഞ്ഞു. പൗരാവകാശ പ്രവർത്തകരെ പ്രതികളാക്കുന്നത് ഒഴിവാക്കണമെന്നു യുഎൻ മനുഷ്യാവകാശ

സ്വിസ്സ് കർദ്ദിനാൾ ഹെൻറി ഷ്വറി അന്തരിച്ചു

സ്വിറ്റ്സർലണ്ടിലെ സിയോൺ രൂപതയുടെ മുന്നദ്ധ്യക്ഷൻ കർദ്ദിനാൾ ഹെൻറി ഷ്വറി (CARD.HENRI SCHWERY) അന്തരിച്ചു. 88 വയസ്സു പ്രായമുണ്ടായിരുന്ന അദ്ദേഹത്തിന് വ്യാഴാഴ്ച (07/01/21)യാണ് അന്ത്യം സംഭവിച്ചത്. ആരോഗ്യപരമായ കാരണങ്ങളാൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*