സുല്‍ത്താനിലെ ക്രിസ്തുവിനെ കണ്ട രണ്ടാം ക്രിസ്തു

മതാന്തര സംവാദത്തിന്റെ, ക്രിസ്തുവിന്റെ സ്നേഹസന്ദേശത്തില്‍ അധിഷ്ഠിതമായ പാരസ്പര്യത്തിന്റെ ചരിത്രപാഠത്തില്‍ ഏറ്റവും തിളക്കമേറിയ അധ്യായമാണ് കുരിശുയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ 1215 നവംബര്‍ 30ന് ഈജിപ്തിലെ നൈല്‍ നദീതീരത്തെ യുദ്ധക്യാമ്പില്‍ സുല്‍ത്താന്‍ അല്കാമിലുമായുള്ള അസീസ്സിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ കൂടിക്കാഴ്ച. സമാധാനം, സ്നേഹം, യുദ്ധങ്ങളുടെ അവസാനം, സഹവര്‍ത്തിത്വം, അനുരഞ്ജനം എന്നിവയെക്കുറിച്ച് അവര്‍ സംവദിച്ചു. ഇന്നത്തെ കേരളത്തിലെ കലുഷിതമായ അന്തരീക്ഷത്തില്‍, മാനവസാഹോദര്യത്തിന്റെ മഹാസന്ദേശത്തിന് ഏറെ പ്രസക്തിയുണ്ട്. ക്രൈസ്തവ-ഇസ്ലാമിക സംവാദത്തിന്റെ ക്രിസ്തുസാധ്യതകള് ആരായുന്നവര്‍ക്കായി ഒരു ആമുഖക്കുറിപ്പ്.
കത്തോലിക്കാസഭയുടെ പ്രബോധങ്ങളനുസരിച്ച് ഏതൊരു മനുഷ്യനും വിളിക്കപ്പെട്ടിരിക്കുന്നത് മറ്റൊരു ക്രിസ്തുവാകുവാനാണ്. ക്രിസ്തു എന്നത് എന്റെ മുന്‍പിലുള്ള ആത്യന്തികമായ ഒരു സാധ്യതയാണ്. ഈ സാധ്യതയിലേക്ക് ഞാന്‍ ഒറ്റയ്ക്കല്ല, എന്നെ ദൈവം ഏല്പിച്ചിരിക്കുന്ന മനുഷ്യരാശി മുഴുവനുമുണ്ട്. അവിടെ മതങ്ങളില്ല, രാഷ്ട്രീയമില്ല, അധികാരമില്ല; മനുഷ്യത്വം മാത്രമേ ഉള്ളൂ. ഞാന്‍ ദൈവത്തിന്റെ സൃഷ്ടിയാകുന്നതുപോലെ എല്ലാ പ്രപഞ്ചസംവിധാനങ്ങളും അവന്റെ ഭാഗമാണ്, എന്റെ തന്നെ സഹോദരങ്ങളാണ്. ഇവിടെ അതിര്‍ത്തികളില്ല, സ്നേഹം എന്നുള്ള ഒരു പാലം മാത്രം. ഈ പ്രക്രിയയില്‍ ഞാന്‍ എന്നെത്തന്നെ സംശോധിക്കുകയും അപരന്റെ തെറ്റുകളെ മനസിലാക്കി ഞാന്‍ അത് ആവര്‍ത്തിക്കാതിരിക്കുകയും അവനെയോ അവളെയോ തിരുത്തി എന്റെ നെഞ്ചോടു ചേര്‍ത്തുവയ്ക്കുന്ന ഒരു തുറവിയുടെ മനോഭാവമുള്ള സാധ്യതയാണ് ക്രിസ്തു. ഈ ക്രിസ്തുസാധ്യത ദൈനംദിന ജീവിതത്തില്‍ നടക്കേണ്ട ഒരു പ്രക്രിയയാണ്. ശത്രുക്കള്‍ എന്നു പറയുന്നത് മനുഷ്യനു കൊടുക്കേണ്ട പേരല്ല എന്നര്‍ത്ഥം. ഈ തുറവിയാണ് അസ്സീസിയിലെ ഫ്രാന്‍സിസില്‍ നാം കാണുന്നതും.
ദൈവശാസ്ത്രചിന്തകളെ തീവ്രവാദമനോഭാവമുള്ള ചില സംഘടനകളും ചില മതനേതാക്കളും (ക്രിസ്ത്യാനിയാകാം, ഹിന്ദുവാകാം, മുസ്ലീങ്ങളാകാം, ഏതു മതസ്ഥനുമാകാം) തെറ്റായി വ്യാഖാനിച്ചുകൊണ്ട് ഒരു മതത്തെതന്നെ ലോകത്തിന്റെ മുന്പില് തെറ്റായി ചിത്രീകരിക്കുന്നത് ഫ്രാന്‍സിസിനെ പോലെയുള്ള ക്രിസ്തുസാധ്യതയെ പുല്കിയവര് വെല്ലുവിളിക്കുന്നുണ്ട്. അതാണ് നാം അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നു പഠിക്കേണ്ട പാഠവും. സ്വന്തം മതാചാരങ്ങള്‍ മനസിലാക്കുകയും, മതാശയങ്ങള്‍ ഉള്‍ക്കൊള്ളുകയും, മനുഷ്യാവതാരം ചെയ്ത ദൈവത്തെ ജീവിതത്തില്‍ അനുകരിക്കുകയും ചെയ്ത ഒരു വിശുദ്ധന്. അതുകൊണ്ടുതന്നെയാണല്ലോ നാം അവനെ രണ്ടാം ക്രിസ്തു എന്നു വിളിക്കുന്നതും.
അസ്സീസിയിലെ ഫ്രാന്‍സിസ് എനിക്കുള്ള ക്രിസ്തുസാധ്യതയുടെ മുതല്‍കൂട്ടായ മാതൃകയായി മാറുകയാണ്. തന്റെ കാഴ്ചപ്പാടും മൂല്യങ്ങളും വിലയിരുത്തുന്നതിന് അദ്ദേഹം എപ്പോഴും മറ്റുള്ളവരോട് തുറന്ന മനസ്സോടെ ഇടപഴകുമായിരുന്നു. തന്റെ മത, രാഷ്ട്രീയ അതിര്‍വരമ്പുകള്‍ മറികടന്ന ഒരു യൂറോപ്യന്‍. ക്രിസ്തുവാകുക എന്നുവച്ചാല്‍ മനുഷ്യനാകുക എന്നുള്ള സഭാപ്രബോധനം തന്റെ ജീവിതത്തില്‍ തന്നെ മനുഷ്യസാഹോദര്യം പ്രചരിപ്പിച്ച് ലോകത്തിനു മാതൃകയായ ഒരു മനുഷ്യന്. ഭൂമിയിലെ എല്ലാ ജീവികളെയും സഹോദരങ്ങളായി കാണുന്ന ഒരു സാധാരണ സന്ന്യാസി. അവന് സൂര്യനെ ഒരു സഹോദരനായും, ചന്ദ്രനെ ഒരു സഹോദരിയായും, തന്നെ കൊല്ലാന്‍ വരുന്ന ചെന്നായയെ സഹോദരാ എന്നു വിളിച്ചുകൊണ്ടും, മരണത്തെ സഹോദരിയെന്നു വിളിച്ച് ആശ്ലേഷിച്ചുകൊണ്ടും, മരണത്തെ ഭയപ്പെടുന്ന ഈ ലോകത്തില്‍ ഒരു ക്രിസ്ത്യാനിയായി ജീവിച്ചു മരിച്ചു. അദ്ദേഹം അപരന്റെ വാള്മുനയാല് രക്തം ചിന്താത്ത ഒരു രക്തസാക്ഷിയാണ്.
ഫ്രാന്‍സിസും സുല്‍ത്താന്‍ അല്കാമിലും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത് 1215 നവംബര്‍ 30ന്. ഇന്നസെന്റ് മൂന്നാമന് പാപ്പാ ”പുണ്യഭൂമി കൈവശപ്പെടുത്തുകയും അപമാനിക്കുകയും ചെയ്ത” മുസ്ലീങ്ങള്‍ക്കെതിരെ ഒരു പുതിയ കുരിശുയുദ്ധത്തിന് ആഹ്വാനം ചെയ്തു. അധികാരികളുടെ അനുസരണയുള്ള മകന് എന്ന നിലയില്‍ മറ്റു മാര്‍ഗമില്ലാത്ത ഫ്രാന്‍സിസിനും സഹോദരങ്ങള്‍ക്കും പാപ്പായുടെ ഈ കുരിശുയുദ്ധാഹ്വാനത്തെ തങ്ങളുടെ പ്രസംഗത്തിലൂടെ തുണക്കേണ്ടത് തങ്ങളുടെ മേലുള്ള ഒരു വലിയ ചുമതലയായിരുന്നു. ഇറ്റലിയില്‍ മാത്രമല്ല, അതിനു പുറത്തും അവര്‍ ഈ വിശുദ്ധ ആഹ്വാനത്തെക്കുറിച്ച് പ്രചരിപ്പിക്കാന്‍ ബാധ്യസ്ഥരാണ്. സഭയുടെ അധികാരശ്രേണിക്കു മുമ്പായി തന്റെ സന്ന്യാസവ്രതമായ അനുസരണം വ്രതമായി സ്വീകരിച്ചു എന്നുള്ള ഒരു വലിയ കടമയും തന്റെ മുമ്പിലുണ്ട്. എന്നാല്‍ സംഭവിച്ചത് അങ്ങനെയല്ല. തന്റെ ക്ഷമിക്കുന്ന, പൊറുക്കുന്ന, എല്ലാവരെയും – ശത്രുവിനെയും – സ്നേഹിക്കാന്‍ ആഹ്വാനംചെയ്ത ക്രിസ്തുവിന്റെ പ്രതിപുരുഷനായ പാപ്പായുടെ മുന്‍പിലാണ് അനുസരണവ്രതം വാഗ്ദാനം ചെയ്തിരിക്കുന്നത്. മനുഷ്യനായ പാപ്പായോടല്ല, മറിച്ച് മനുഷ്യനായി അവതരിച്ച ക്രിസ്തുവിനോടുള്ള വ്രതവാഗ്ദാനം അവനെ ധൈര്യവാനാക്കി. അധികാരമല്ല, കുരിശും അപമാനവുമാണ് തന്റെ വ്രതങ്ങളുടെ വേതനം എന്ന് അവന് മനസിലാക്കി. കാരണം, പണ്ട് ഈ ഗുരു സ്നേഹിക്കാന്‍ പറഞ്ഞതിന് കിട്ടിയ സമ്മാനം അവന്റെതന്നെ സുഹൃത്തുക്കളുടെ ഒറ്റിക്കൊടുക്കലും തള്ളിപ്പറച്ചിലും കുരിശുമരണവും ആയിരുന്നു. പക്ഷെ തന്റെ ഗുരു ജയിച്ചു. അവന് എങ്ങനെയാണ് ഈ സ്രഷ്ടാവിനെ അനുസരിക്കാതിരിക്കാന്‍ സാധിക്കുന്നത്? മാനവികതയുടെ അധികാരം വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും മാത്രം സുവിശേഷം സംസാരിക്കാന്‍ കഴിയുന്ന സ്വര്ഗരാജ്യത്തോട് അവന് അതെ എന്ന് ഉത്തരം നല്കി.
ക്രിസ്തുവിന്റെ യഥാര്‍ത്ഥ അപ്പോസ്തലനായ ഫ്രാന്‍സിസ് കുരിശുയുദ്ധത്തിന് പോയവരോട് അനുരഞ്ജനം എന്ന ആശയം നിര്‍ദേശിച്ചു. അവന്റെ നിര്‍ദേശം അവര്‍ക്കു ബോധ്യപ്പെട്ടില്ല. തങ്ങളുടെ ആചാരങ്ങളില്‍ ക്രിസ്തുവിനുവേണ്ടി, അവന്റെ മൂല്യങ്ങള്‍ക്കുവേണ്ടി മരിക്കാന്‍ തയ്യാറാണെന്നു പ്രതിജ്ഞയെടുത്ത അവരുടെ ദൃഷ്ടികേന്ദ്രം ഭൂമിയിലെ അവരുടെ ഭൗതിക, മത കെട്ടിടങ്ങളും ഭൗതികശരീരങ്ങളുമായിരുന്നു. ശത്രുക്കളെ സ്നേഹിക്കാനുള്ള ആഹ്വാനം വിശുദ്ധഗ്രന്ഥത്തില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന ഒന്നായി മാറിക്കൊണ്ടിരുന്നു. ഒരുപക്ഷേ, അവര്‍ യേശുവിന്റെ പഠിപ്പിക്കലുകള്‍ക്കു പോലും എതിരായിരുന്നു. യുദ്ധത്തിനു പോകരുതെന്ന് അവരെ അനുനയിപ്പിക്കാന്‍ ഫ്രാന്‍സിസിനു കഴിഞ്ഞില്ല.
ഈജിപ്തിലെ രാജാവും മഹാനായ കുര്ദ്വാരിയര്സലാദിന്റെ അനന്തരവനുമായ സുല്‍ത്താന്‍ അല്‍കാമില്‍, ജറുസലേമിനെ കുരിശുയുദ്ധക്കാര്ക്കു തിരികെ നല്‍കിക്കൊണ്ട് സമാധാനം തേടാന്‍ പല തവണ ശ്രമിച്ചുവെങ്കിലും പാപ്പാ ഈ വാഗ്ദാനം നിരസിച്ചു. നൈല്‍ നദിയുടെ തീരത്ത് എത്തിയപ്പോള്‍ ഇരുകരകളിലെയും യുദ്ധബാധിതരുടെ ഭയാനകമായ കാഴ്ചകണ്ട് ഫ്രാന്‍സിസ് അഗാധ ദുഃഖിതനായി. ആഴത്തിലുള്ള പ്രാര്‍ത്ഥനകളിലേക്കും ചിന്തകളിലേക്കും വിരമിച്ച അദ്ദേഹം യുദ്ധ
ത്തിനെതിരെ ശക്തമായി പ്രസംഗിക്കാന്‍ തുടങ്ങി. പക്ഷേ ആരും അവനെ ശ്രദ്ധിച്ചില്ല. ഫ്രാന്‍സിസ് ഒടുവില്‍ ദൗത്യം ചെയ്യാന്‍ തീരുമാനിച്ചു. അദ്ദേഹവും സഹോദരസന്ന്യാസി ഇല്ലുമിനാറ്റോയും ക്യാമ്പിലെ മുസ്ലീങ്ങളെ സന്ദര്‍ശിച്ചു. യുദ്ധസമയത്ത് ശത്രുക്കളുടെ അതിര്‍ത്തി കടക്കാനുള്ള ശ്രമത്തിന്റെ ഫലം മരണമോ തടവോ ആണെന്നു മനസിലായിട്ടുപോലും, ക്രിസ്തുവിനോടുള്ള തന്റെ സ്നേഹം അദ്ദേഹത്തെ ദൗത്യത്തില്‍ നിന്നു നിരുത്സാഹപ്പെടുത്തിയില്ല.
സുല്‍ത്താന്റെ കൊട്ടാരത്തിലെത്തിയ അദ്ദേഹം അവിടെ ദിവസങ്ങളോളം താമസിക്കുകയും സുല്‍ത്താനുമായി സ്നേ
ഹസംഭാഷണത്തില് ഏര്‍പ്പെടുകയും ചെയ്തു. സൂഫി ഇസ്ലാമിക തത്വങ്ങളില്‍ വിശ്വസിച്ചിരുന്ന സുല്‍ത്താന്‍ ഈ സന്ന്യാസിയുടെ ജീവിതവും സംസാരവും ഇഷ്ടപ്പെട്ടു. ഫ്രാന്‍സിസ് സമാധാനം, സ്നേഹം, യുദ്ധങ്ങളുടെ അവസാനം, സഹവര്‍ത്തിത്വം, അനുരഞ്ജനം എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോള്‍ സുല്‍ത്താന്‍ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു. സുല്‍ത്താനും ഇതൊക്കെതന്നെയാണ് പറയാനുണ്ടായിരുന്നത്. അവരുടെ അസാധാരണമായ കൂടിക്കാഴ്ചയും സമാധാനത്തിനായുള്ള
രണ്ടു വ്യക്തികളുടെയും സമര്‍പ്പണവും മുസ്ലീങ്ങളും ക്രിസ്ത്യാനികളും തമ്മിലുള്ള ബന്ധം മികച്ച രീതിയില്‍ മാറ്റി.
യുദ്ധങ്ങള്‍ അവസാനിക്കാത്ത ഈ ലോകത്ത്, ഫ്രാന്‍സിസിന്റെയും സുല്‍ത്താന്റെയും വാക്കുകളും പ്രവൃത്തിയും ഒരുമാതൃകയാണ്. ചരിത്രരേഖയുടെ അടിസ്ഥാനത്തില്‍, ഇത്തരത്തിലുള്ള ആദ്യത്തെ ഒത്തുചേരലാണ് ഫ്രാന്‍സിസിന്റെയും സുല്‍ത്താന്റെയും. വാസ്തവത്തില്‍, ഫ്രാന്‍സിസ് സുല്‍ത്താനില്‍ നിന്ന് ്ധാരാളം കാര്യങ്ങള്‍ പഠിച്ചു. സ്നേഹം പ്രഘോഷിക്കുന്നവന് ഒന്നിനെയും ഭയമില്ല. അവന് കുരിശുകള്‍ക്കു മുന്പില് വിരിഞ്ഞ നെഞ്ചോടു കൂടെ നില്ക്കും. കാരണം അവന് വിശ്വസിക്കുന്നത് അപരനിലുള്ള ക്രിസ്തുവിനെയാണ്.
(ക്രൈസ്തവ-മുസ്ലിം ബന്ധങ്ങള്‍ക്കായുള്ള ദക്ഷിണേഷ്യന്‍ ജസ്യുറ്റ് കോണ്‍ഫറന്‍സില്‍ പ്രവര്‍ത്തിക്കുന്ന ലേഖകന്‍ റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ ക്രൈസ്തവ-മുസ്ലിം പാരസ്പര്യത്തെക്കുറിച്ച് ഗവേഷണം നടത്തുന്നു. പുണെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ നിന്ന് സിസ്റ്റമാറ്റിക് തിയോളജിയില്‍ ലൈസന്‍ഷ്യേറ്റും ഹൈദരാബാദിലെ ഹെന്റി മാര്ട്ടിന് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഇസ്ലാമിക പഠനത്തില്‍ ബിരുദാനന്തര ഡിപ്ലോമയും അറബി, ഉര്‍ദു ഭാഷകളില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്)
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
നിസംഗത ഇനിയും പൊറുക്കില്ല
ചെല്ലാനത്ത് മനുഷ്യാവകാശ ലംഘനംഅഡ്വ. ഷെറി ജെ. തോമസ് (കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ്)പൊതുസമൂഹത്തിന്റെ ഭാഗത്തുനിന്നു നോക്കിയാല്‍ മനുഷ്യാവകാശ ലംഘനമാണ് ചെല്ലാനത്തു നടക്കുന്നതെന്നു വ്യക്തമാകും. എട്ടു കോടി രൂപയുടെ ജിയോട്യൂബ്
രാഷ്ട്രീയപാര്‍ട്ടികളുടെ ചട്ടുകങ്ങളാക്കി വിദ്യാര്‍ത്ഥികളെ മാറ്റരുത്-കെസിവൈഎം
കോട്ടപ്പുറം: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ തികച്ചും അപലനീയമാണെന്ന് കെസിവൈഎം കോട്ടപ്പുറം രൂപത വ്യക്തമാക്കി. വിദ്യാലയങ്ങള്‍ വിദ്യ അഭ്യസിക്കാനുള്ളതാണ്. അതിനെ രാഷ്ട്രീയ കുരുതിക്കളമാക്കരുത്. വിദ്യാര്‍ത്ഥി
ആമസോണിലെ തീയും മരടിലെ ഫ്ളാറ്റും മറക്കരുത്
ആമസോണ്‍ കാടുകളില്‍ തീ ഇപ്പോഴും അണഞ്ഞിട്ടില്ല. മരട് ഫഌറ്റ് സമുച്ചയത്തിലെ താമസക്കാരുടെ ഉള്ളിലെ തീയും ആളിക്കത്തുകയാണ്. ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ അന്തര്‍ദേശീയ മാധ്യമങ്ങള്‍ വിടാതെ ചര്‍ച്ച ചെയ്ത ആമസോണ്‍