സുശാന്ത് സിംഗ് രാജ്പുട്ടിന്റെ മരണം സംസാരിക്കുന്നു

സുശാന്ത് സിംഗ് രാജ്പുട്ടിന്റെ മരണം സംസാരിക്കുന്നു

ഞാൻ സുശാന്ത് സിങ്ങ് രാജ്പുട്ടിന്റെ സിനിമകൾ കണ്ടിട്ടില്ല. ആരാധകനല്ല. എങ്കിലും ഒരുപാട് പേരേ അസ്വസ്ഥപ്പെടുത്തുന്ന ഈ മരണം എന്നെയും വേദനിപ്പിക്കുന്നു. അയാൾ സ്വയം മരണത്തിലേക്ക് നടന്നതാവാം എന്ന സൂചന പ്രത്യേകിച്ചും.
ആത്മഹത്യ ഒഴിവാക്കാവുന്ന മരണമാണ്. Its preventable. ആരോ ഫോൺ കോൾ നടത്താൻ വൈകി. ആരോ കുറച്ചു സമയം കൂടെ ഇരിക്കാൻ മറന്നു. ആരോ മനസ്സിനുള്ളിലേക്ക് കയറി ചിലത് ചോദിക്കാൻ മടിച്ചു. ആരോ കേൾക്കാൻ സമയം ഉണ്ടെന്നു പറഞ്ഞില്ല… ആരോ വീണ്ടും ചോദിക്കാൻ വിട്ടുപോയി. നിനക്കെന്തോ?.. I know you’re not fine. എന്തോ നിന്നെ അലട്ടുന്നുണ്ട്. ആത്മഹത്യ, പറയാതെ പോയ കഥയുടെ അന്ത്യം ആണ്. നമ്മൾ അതിന്റെ കാരണങ്ങൾ speculate ചെയ്യുന്നത്, വേദനയിൽ മരിച്ചയാളുടെ ആത്മാവിനെ കൂടുതൽ വേദനിപ്പിക്കും.
മാധ്യമങ്ങൾ കഥകൾ മെനയും. ആത്മഹത്യയെക്കുറിച്ച് മാധ്യമങ്ങൾ പറയുന്ന കഥ മരിച്ചയാളുടെ കഥയല്ല. അയാൾക്ക് ആ കഥ പറയാൻ കഴിഞ്ഞിരുന്നെങ്കിൽ, ആ കഥ ആരോ കേൾക്കാൻ ഉണ്ടായിരുന്നെങ്കിൽ അയാൾ ഒരിക്കലും മരിക്കി ല്ലായിരുന്നു.
സുശാന്ത് പോയി. വേദനയുടെ ഏതോ നിമിഷം അവനു സാന്ത്വനം തേടാൻ, സഹായം ചോദിക്കാൻ ബലമില്ലാതെ പോയിരിക്കാം. ആരും അവനെ കുറ്റപ്പെടുത്തേണ്ട.
പക്ഷേ ആത്മഹത്യാ വ്യഥയിൽ വിങ്ങുന്ന ആരൊക്കെയോ നമുക്ക് വളരെ അരികത്ത് ഉണ്ട്. മരിക്കാൻ ആയിരംവട്ടം ചിന്തിക്കുമ്പോഴും ഏതൊക്കെയോ ബലത്തിൽ പിടിച്ചുനിൽക്കാൻ നോക്കുമ്പോഴും അയാൾക്ക് അത് നിന്നോട് വന്നു പറയാൻ ധൈര്യം കാണില്ല. അല്ലെങ്കിൽ തന്നെ ആർക്കാണ് അത് അത്രയെളുപ്പം പറയാൻ കഴിയുക! എങ്കിലും പറയാൻ ശ്രമിച്ചു കാണും. മിഴിനീർത്തുള്ളികൾക്കിടയിലൂടെ Maa എന്നൊരു വിളി post ചെയ്താവാം അത്. എനിക്ക് മടുത്തു ഞാൻ എല്ലാം മതിയാക്കുകയാണ് എന്നൊക്കെ അസ്ഥാനത്ത് പെട്ടെന്നങ്ങ് പറയുന്നത് ആവാം അത്. അമ്പരന്ന് മിണ്ടാതെ നിൽക്കരുത്. വിഷയം മാറ്റി സ്വയം ആശ്വസിക്കാൻ നോക്കരുത്. സാവധാനം അടുത്തുചെന്നു തോളിൽ കൈ വെച്ച് ചോദിക്കണം. എന്തുപറ്റി? നിനക്ക് എന്തോ കാര്യമായ വിഷമം ഉണ്ടല്ലോ. എന്താണെങ്കിലും പറയൂ. എന്താ നിന്നെ അലട്ടുന്നത്? അവൻ പറയുന്നില്ലെങ്കിൽ ചേർത്തുപിടിച്ച് ഒന്നുകൂടി ചോദിക്കുക, ആത്മാർത്ഥമായി. കേൾക്കുക. വിലപ്പെട്ട സമയം കൊടുക്കുക. അവൻ/ അവൾ കരഞ്ഞോട്ടെ. ബുദ്ധി ശൂന്യം എന്ന് തോന്നുന്നതും എല്ലാം പറഞ്ഞോട്ടെ. ഓർക്കുക! പറയാതെ പോയ കഥയാണ് മരണത്തിലേക്ക് കാൽ വെയ്ക്കുന്നത്. അയാൾ തന്റെ കഥ പറയുമ്പോൾ ജീവിതത്തിലേക്ക് തിരിച്ചു നടക്കുകയായിരിക്കും. നീ കൈ ചേർത്തുപിടിക്കുമ്പോൾ അയാൾക്ക് തോന്നട്ടെ ആരോ കൂടെയുണ്ടെന്ന്. പിന്നെ, കൂടെ നിൽക്കാൻ കഴിയുന്നവരിലേക്ക് അയാളെ മെല്ലെ അടുപ്പിക്കുക. ഒപ്പം, വിദഗ്ധ സഹായം തേടാൻ അയാളുടെ മനസ്സിന് ധൈര്യം കൊടുക്കുക. ഒരു പ്രോമിസ് നിർബന്ധമായും ചോദിക്കുക. തീരെ തളരുന്ന നിമിഷങ്ങൾ ഇനിയും ഉണ്ടാകുമ്പോൾ പ്രിയമുള്ള ആരോടെങ്കിലും മനസ്സ് തുറക്കും എന്ന്… സാധിക്കുമെങ്കിൽ നിന്നോട് തന്നെ.
നമുക്ക് ആരെയും വിധിക്കാതിരിക്കാം. ആ വേദന നമ്മളൊരിക്കലും അറിഞ്ഞിട്ടില്ലെങ്കിൽ പ്രത്യേകിച്ചും. നാളെ ഇത് നമ്മുടെ കഥയാകാം. വിഷാദം ആർക്കും വരാം. സഹായം തേടാൻ നമുക്കും ധൈര്യം ഉണ്ടാകട്ടെ.
Dr. Rajeev Michael OCD


Tags assigned to this article:
sushanth Singh rajput

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*