സെന്റ് ബേസില്‍സ് കത്തീഡ്രല്‍ ബി. എസ് മതിലകം
കമ്യൂണിസ്റ്റ് ഇരുമ്പുമറക്കാലത്തിനു മുമ്പും ശേഷവും മോസ്കോയിലെ ചുവന്ന ചത്വരത്തിലെ ഏറ്റവും ആകര്‍ഷണീയ കാഴ്ചകളിലൊന്നാണ് വിശുദ്ധ ബേസിലിന്റെ നാമധേയത്തിലുള്ള കത്തീഡ്രല്‍. പതിനാറാം നൂറ്റാണ്ടില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ആരാധനാലയമായിരുന്ന കത്തീഡ്രല്‍ ഇപ്പോഴൊരു മ്യൂസിയമാണ്. യുദ്ധവിജയ സ്മാരകമായും ഈ ദൈവാലയം അറിയപ്പെടുന്നു. സാര്‍ ഇവാന് നാലാമന് ചക്രവര്‍ത്തിയുടെ(ഇവാന് ദ ടെറിബിള്‍- ഇവാന് വാസിലിയേവിച്ച് (ജനനം: 1530 ആഗസ്റ്റ് 25; മരണം: 1584 മാര്‍ച്ച് 28) കാലത്ത് കാസക്കുകളുമായുള്ള യുദ്ധവിജയത്തിനു ശേഷം ഇതിന്റെ ഓര്‍മയ്ക്കായി ആദ്യം തടിയിലും പിന്നീട് ഒരു വര്‍ഷത്തിനു ശേഷം കല്ലിലും ക്രെംലിനു സമീപത്തായി കത്തീഡ്രല്‍ നിര്‍മിച്ചു. ക്രെംലിന് കവാടത്തിനു സമീപമുള്ള തിരക്കേറിയ അങ്ങാടിക്കു സമീപമായിരുന്നു കത്തീഡ്രല്‍ പണിതത്. കത്തീഡ്രലിനു പിന്നില്‍ ഏകദേശം 1366ല്‍ പണിത ത്രീത്വത്തിന്റെ ദൈവാലയവുമുണ്ട്. കത്തീഡ്രലിന്റെ നിര്‍മാണത്തില്‍ ത്രിത്വത്തിന്റെ ദൈവാലയത്തിന്റെ മാതൃക സ്വാധീനിച്ചതായി കാണാം.
1555ല്‍ നിര്‍മാണമാരംഭിച്ചു. പത്തു ദൈവാലയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സെന്റ് ബേസില്‍. രണ്ടു ദൈവാലയങ്ങള്‍ക്കു ചുറ്റുമായി എട്ടെണ്ണം പണിതിരിക്കുന്നു. പത്താമത്തേതിന്റെ നിര്‍മാണം 1588ലാണ് പൂര്‍ത്തിയായത്. വിശുദ്ധ ബേസിലിന്റെ ശവകുടീരത്തിനു മുകളിലായാണ് ഇതു നിര്‍മിച്ചിരിക്കുന്നത്.
ആകാശത്തിലേക്കുയര്ന്നിരിക്കുന്ന ഒരു വിജയസൂചികയുടെ ആകൃതിയിലാണ് ദൈവാലയം നിര്‍മിച്ചിരിക്കുന്നത്. ബൈസന്റൈന്‍ ശില്പചാരുതയുടെ റഷ്യന്‍ മാതൃകയായി സെന്റ് ബേസില്‍ കത്തീഡ്രല്‍ എന്നും ഉയര്‍ത്തിക്കാണിച്ചിരുന്നു. അതേസമയം യൂറോപ്യന്‍ കെട്ടിടനിര്‍മാണ രീതി ഇതില്‍ അവലംബിച്ചിട്ടുണ്ടെന്ന് ചില പണ്ഡിതര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സാര്‍ ചക്രവര്‍ത്തിയുടെ റഷ്യന്‍ സൈന്യം നശിപ്പിച്ച ഒരു മോസ്ക്കിന്റെ ആകൃതിയില്‍ പുനര്‍നിര്‍മിച്ചതാണ് ദൈവാലയമെന്ന വാദവും ഉണ്ട്. 16, 17 നൂറ്റാണ്ടുകളില്‍ ജറുസലേം ദൈവാലയമെന്നും ഇതിനെ വിശേഷിപ്പിച്ചു. ഓശാന ഞായറാഴ്ചകളില്‍ മോസ്കോയിലെ പാത്രിയാര്‍ക്കീസും സാര്‍ ചക്രവര്‍ത്തിയും കത്തീഡ്രലിലെ പ്രദക്ഷിണത്തില്‍ പങ്കെടുക്കുക പതിവായിരുന്നു.
1928ല്‍ സോവിയറ്റ് യൂണിയന് സര്‍ക്കാരിന്റെ കാലത്ത് ദൈവാലയത്തിന്റെ ഒരു ഭാഗം മ്യൂസിയമാക്കി മാറ്റി. 1929ല്‍ ഇതു റഷ്യന്‍ ഫെഡറേഷന്റെ ഭാഗമാക്കി പ്രഖ്യാപിച്ചു. സോവിയറ്റ് യൂണിയന്റെ പരമോന്നത കമ്യൂണിസ്റ്റ് നേതാവ് സാക്ഷാല്‍ വ്ളാഡിമിര്‍ ലെനിന് ദൈവാലയത്തോട് പ്രത്യേക മമതയുണ്ടായിരുന്നു. മ്യൂസിയമാക്കിയതിനു ശേഷവും ഇവിടെ ആരാധന തുടരാന്‍ കഴിഞ്ഞത് ലെനിന്റെ താല്പര്യം മൂലമാണെന്നു പറയപ്പെടുന്നു. എന്നാല്‍ 1924ല്‍ ലെനിന്റെ മരണശേഷം ദൈവാലയം ഇടിച്ചുനിരത്താന്‍ സര്‍ക്കാരിലെ ചിലര്‍ തീരുമാനിച്ചു. ക്രെംലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ദൈവാലയം നശിപ്പിക്കാനായിരുന്നു നീക്കം. സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായിരുന്ന ജോസഫ് സ്റ്റാലിന്റെ മുഖ്യഉപദേഷ്ടാവ് സെര്‍ജി ചെര്ണിഷോവായിരുന്നു ഈ നീക്കത്തിന് ചുക്കാന്‍ പിടിച്ചത്. എന്നാല്‍ ദൈവാലയം റെഡ് സ്ക്വയറില്‍ നിന്നു നീക്കുന്നതിന് ഒരു വിഭാഗം എതിരായിരുന്നു. 1937ല്‍ ക്രെംലിന് പുനരുദ്ധാരണ പദ്ധതിയില്‍ നിന്ന് സെന്റ് ബേസില്‍ കത്തീഡ്രലിനെ ഒഴിവാക്കാന്‍ തീരുമാനിച്ചു. 1939ല്‍ ദൈവാലയത്തില്‍ ആരാധന നിര്‍ത്തുകയും ദൈവാലയം പൂട്ടുകയും ചെയ്തു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ദൈവാലയം തുറക്കുകയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ദൈവാലയത്തില്‍ സ്ഥാപിച്ചിരുന്ന ചരിത്രപ്രാധാന്യമില്ലാത്തതെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ട എണ്ണച്ഛായാ ചിത്രങ്ങള്‍ നീക്കം ചെയ്തത് അപ്പോഴായിരുന്നു. 1954, 1960, 1991, 2008 വര്‍ഷങ്ങളിലും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. 1990ല്‍ യുനെസ്കോ ദൈവാലയം ഉള്‍പ്പെടുന്ന പ്രദേശത്തെ ലോകപൈതൃക മേഖലയായി പ്രഖ്യാപിച്ചു. 1991നു ശേഷം റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ ഇവിടെ ആരാധനകള്‍ ഭാഗികമായി പുനരാരംഭിച്ചു. കത്തീഡ്രലിന്റെ ആര്ക്കിടെക്റ്റുകളെക്കുറിച്ച് കൃത്യമായ വിവരമൊന്നുമില്ല. ഇവാന് യാക്ലോവിച്ച് ബാര്‍മ എന്നും പോസ്റ്റ്നിക് യാക്കോവെല്വ് എന്നും പേരുള്ള രണ്ടുപേരാണ് മാതൃക നിര്‍മിച്ചതെന്ന് പാരമ്പര്യമായി കരുതിപ്പോരുന്നു.
മുഖ്യആര്ക്കിടെക്ടറായ ഇവാനെ കത്തീഡ്രലിന്റെ നിര്‍മാണ ശേഷം സാര്‍ ചക്രവര്‍ത്തി അന്ധനാക്കിയെന്നും പറയപ്പെടുന്നു.
Related