സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ – ചായം പുരട്ടാത്ത ഓര്‍മ്മകള്‍

സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ –  ചായം പുരട്ടാത്ത ഓര്‍മ്മകള്‍

കേരളകാളിദാസന്‍ എന്ന വിശേഷണമുള്ള കേരളവര്‍മ്മ വലിയ കോയിത്തമ്പുരാനാണ് ‘കാളിദാസ ശാകുന്തളം’ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. കേരളവര്‍മ്മത്തമ്പുരാന്റെ ‘ഭാഷാശാകുന്തളം’ മലയാളത്തിലുള്ള ആദ്യ പൂര്‍ണനാടകമായി പരിഗണിക്കുന്നു. സംസ്‌കൃത ഭാഷയാണ് മലയാളത്തിന് നാടകം നല്‍കിയത്. തുടര്‍ന്ന് തമിഴും ഇംഗ്ലീഷും സിംഹളയും ഹിന്ദിയും നാടകവേദിയെ സ്വാധീനിക്കുകയും നേതൃത്വം നല്‍കുകയും ചെയ്തു. പരിഭാഷകളിലൂടെയും അനുകരണങ്ങളിലൂടെയും നാടകവേദി വളര്‍ന്നുകൊണ്ടിരുന്നു. ആ വളര്‍ച്ചയുടെ ചരിത്രത്തില്‍ പോര്‍ച്ചുഗീസുകാരുടെ സംഭാവനയായ ‘ജനോവ’ നാടകം ഒരു നാഴികക്കല്ലാണ്. സംഗീതത്തിന്റെ പിന്‍ബലത്തില്‍ നിറപ്പകിട്ടാര്‍ന്ന വേഷങ്ങളോടെ കലാകാരന്മാരുടെ കരുത്തില്‍ ജനങ്ങളെ ആകര്‍ഷിച്ച ചവിട്ടുനാടകവും നാടകപ്രസ്ഥാനത്തിന്റെ ഭാഗം തന്നെയാണ്.
എന്നാല്‍ ഇതിനൊന്നും മലയാള മണ്ണിന്റെ മണമുണ്ടായിരുന്നില്ല. കാക്കാരിശ്ശി നാടകവും രാജാപാര്‍ട്ടും ബാലാപാര്‍ട്ടുമായി വന്ന തമിഴ് നാടകസംഘങ്ങളും നമ്മുടെ നാടകഭ്രമത്തെ പ്രോല്‍സാഹിപ്പിച്ചു. ഈ കാലഘട്ടത്തിലാണ് കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ ശാകുന്തള പരിഭാഷ രംഗത്തെത്തിയത്. 1881-82കാലത്ത് വിദ്യാവിലാസിനി മാസികയില്‍ കേരളീയ ഭാഷാശാകുന്തളം എന്ന പേരില്‍ പതിനാലു ഭാഗങ്ങളായിട്ടാണ് ഈ നാടകം ആദ്യം പ്രസിദ്ധീകരിച്ചത്. പിന്നീട് അത് പുസ്‌കരൂപത്തിലുമായി. 1883-ല്‍ അത് അരങ്ങേറിയ തീയതിയാണ് മലയാള നാടകവേദിയുടെ ജന്മദിനമായി നാം ആഘോഷിക്കുന്നത്.
ഈ ചരിത്രം പഠിക്കണമെങ്കില്‍ സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞുഭാഗവതരുടെ ‘നാടകസ്മരണകള്‍’ വായിക്കണം. മൂന്നു ഭാഗങ്ങളായിട്ടാണ് ആ ഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത്. നാടകവേദിയുടെ ചരിത്രം, സ്മരണകള്‍, ജീവചരിത്ര കുറിപ്പുകള്‍, നാടകസമിതിയും സംഘാടകരും എന്നിങ്ങനെ നാടകവേദിയിലെ നൂറുവര്‍ഷങ്ങള്‍ പഠനവിധേയമാക്കുന്ന മറ്റൊരു റഫറന്‍സ് ഗ്രന്ഥം സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞുഭാഗവതരുടെ നാടകസ്മരണകള്‍ക്കുമുമ്പ് മലയാളത്തിലുണ്ടായിരുന്നില്ല. പ്രൊഫഷണല്‍ നാടകവേദിയുടെ സമഗ്രമായ ചരിത്രം ഈ ഗ്രന്ഥത്തിലുണ്ട്. നാടകസംഘങ്ങള്‍, നടീനടന്മാര്‍ മൂന്നു തലമുറയോളം വരുന്ന നാടകകൃത്തുക്കള്‍ തുടങ്ങി എല്ലാ സംഘാടകരുടെയും വ്യക്തിചിത്രങ്ങള്‍ അദ്ദേഹം എഴുതിയുണ്ടാക്കി. അക്കാലത്തെ ഹാര്‍മ്മോണിസ്റ്റുകളെയും മൃദംഗവായനക്കാരെയും ക്ലാരനറ്റുവായനക്കാരെയും നാടകത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന രംഗസജ്ജീകരണ പ്രവര്‍ത്തകരെയും സെറ്റുടമകളെയും അദ്ദേഹം നാടകസ്മരണയില്‍ ഉള്‍പ്പെടുത്തി. ഉദാഹരണം കുറിക്കട്ടെ: എന്‍.എസ്.എസിന്റെ സ്ഥാപകനേതാവ് മന്നത്തു പത്മനാഭപിള്ളയുടെ നാടകജീവിതവും ശാകുന്തളം നാടകത്തിലെ അഭിനയവും പുസ്തകത്തിന്റെ ആദ്യ പേജുകളില്‍ത്തന്നെ വായിക്കാം. മലയാളത്തിലെ ആദ്യനാടകസംഘം ചങ്ങനാശേരി പെരുന്നയില്‍ ഉടലെടുത്ത കൗമാരകുശലസംഘമാണ്. അവരുടെ ശാകുന്തളം, ഉത്തരരാമചരിതം, ആശ്ചര്യചൂഢാമണി, ചക്കിചങ്കരന്‍ മുതലായ നാടകങ്ങളില്‍ മന്നത്ത് പത്മനാഭന്‍ പ്രധാന കഥാപാത്രമായി അഭിനയിച്ചതും ഭാഗവതര്‍ രേഖപ്പെടുത്തി. കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും തന്റെ നാടക ചരിത്രപുസ്തകം കണ്‍കുളിര്‍ക്കെ കാണാനും നെഞ്ചോടുചേര്‍ക്കാനും സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞുഭാഗവതര്‍ക്കു ഭാഗ്യം ഉണ്ടായില്ല. അദ്ദേഹത്തിന്റെ മരണശേഷം പതിനൊന്നുമാസങ്ങള്‍ കഴിഞ്ഞാണ് 1985 ഡിസംബര്‍ 21-ന് കേരള സംഗീത നാടക അക്കാദമി ‘നാടകസ്മരണകള്‍’ പ്രസിദ്ധീകരിച്ചത്. കൈരളി ഈ വലിയ കലാകാരനോട് ചെയ്ത നിന്ദക്ക് ഇതുതന്നെ വലിയ ഉദാഹരണം.
ആലപ്പുഴയിലെ അമ്പലപ്പുഴ താലൂക്കില്‍ തുമ്പോളിയില്‍ പൊള്ളയില്‍ വിന്‍സെന്റിന്റെയും മര്‍ഗരീത്തയുടെയും മകനായി സെബാസ്റ്റ്യന്‍ 1901 ഫെബ്രുവരി 1-ന് ജനിച്ചു. മാതാപിതാക്കളും അയല്‍ക്കാരും സെബാസ്റ്റ്യനെ ഓമനിച്ചു വിളിച്ച പേരായിരുന്നു കുഞ്ഞൂഞ്ഞ്. നാല്‍പതാം വയസിലാണ് പൊള്ളയില്‍ വിന്‍സെന്റ് കണ്ടക്കടവ് അറക്കല്‍ കുടുംബത്തിലെ മര്‍ഗരീത്തയെ വിവാഹം കഴിച്ചത്. പത്തുകൊല്ലം അവര്‍ക്ക് സന്താനസൗഭാഗ്യം ഇല്ലാതെപോയി. അപ്പന്റെ അമ്പത്തിയഞ്ചാമത്തെ വയസ്സിലാണ് സെബാസ്റ്റ്യന്‍ ജനിച്ചത്. നാലുമക്കളില്‍ രണ്ടാമനായി. സെബാസ്റ്റ്യന്‍ ഭാഗവതരുടെ ഏക സഹോദരനാണ് സേവ്യര്‍. മലയാള സിനിമയുടെ സ്‌നാപകനായ ആലപ്പി വിന്‍സെന്റാണ് ഈ സേവ്യര്‍. നാട്ടിലെ കുടിപ്പള്ളിക്കൂടത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് ഹൈസ്‌കൂളില്‍ ചേര്‍ന്നു. അവിടെനിന്നാണ് തന്റെ കലാജീവിതത്തിന് അദ്ദേഹം തുടക്കം കുറിക്കുന്നത്. സ്‌കൂളിലെ ഡ്രോയിങ്ങ് മാസ്റ്റര്‍ അരുണാചലംപിള്ളയാണ് അതിനു കാരണക്കാരനായത്. അക്കാലത്ത് സംഗീതം, നാടകം മുതലായവ മാന്യന്‍മാര്‍ക്കു പറ്റിയവയല്ലെന്നായിരുന്നു നാട്ടിലെ പൊതുധാരണ. വിശേഷിച്ചും ക്രിസ്ത്യാനിക്ക്. സംഗീതം, നാടകം, നൃത്തം എന്നീ കലകള്‍ അഭ്യസിക്കുന്നവര്‍ മദ്യപന്‍മാരും ആഭാസന്‍മാരുമെന്നാണ് കരുതിയിരുന്നത്. അതുകൊണ്ട് വീട്ടിലറിയാതെയാണ് സെബാസ്റ്റ്യന്‍ അരുണാചലംപിള്ളയുടെ കീഴില്‍ സംഗീതം അഭ്യസിച്ചത്. സംഗീതത്തോടുള്ള താല്‍പര്യം പഠനത്തെ ബാധിച്ചു. സ്‌കൂള്‍ ഫൈനല്‍ പരീക്ഷയില്‍ കണക്കിന് പരാജയപ്പെട്ടു. സെബാസ്റ്റ്യന്‍ സര്‍ക്കാരുദ്യോഗസ്ഥനായി കാണാനാണ് മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നത്. അതുകൊണ്ട് മകനെ പഠിപ്പിക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു. അന്നത്തെ കൊച്ചി സംസ്ഥാനത്ത് കണക്കുപരീക്ഷ പ്രയാസം കൂടാതെ ജയിക്കാമെന്ന് അവര്‍ മനസിലാക്കി. അതിനുവേണ്ടി മകനെ ആലപ്പുഴയില്‍ നിന്ന് എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് ഹൈസ്‌കൂളിലേക്ക് മാറ്റി. അങ്ങനെ തിരുവിതാംകൂറില്‍ നിന്നു എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് ഹൈസ്‌കൂളിലേക്ക് തോറ്റുവന്ന രണ്ടുമൂന്നു വിദ്യാര്‍ത്ഥികളും സെബാസ്റ്റ്യന്റെ ക്ലാസ്സിലുണ്ടായിരുന്നു. അക്കൂട്ടത്തില്‍ പ്രത്യേകം സ്മരിക്കേണ്ട മഹാത്മാവാണ് ഇ.പി. ഐസക്, പിഎസ്‌സി. അംഗവും കെഎല്‍സിഎ പ്രസിഡന്റമായിരുന്ന പ്രൊഫ. ആന്റണി ഐസക്കിന്റെ പിതാവായ ഇദ്ദേഹം പിന്നീട് എറണാകുളം എസ്ആര്‍വി സ്‌കൂള്‍ അദ്ധ്യാപകനും വിദ്യാഭ്യാസ വകുപ്പില്‍ ഡപ്യൂട്ടി ഇന്‍സ്‌പെക്ടറുമായി. വര്‍ഷങ്ങള്‍ക്കുശേഷം ഇ.പി. ഐസക്കിന്റെ സഹോദരി മേരിക്കുട്ടിയെയാണ് സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു വിവാഹം കഴിച്ചത്. ആല്‍ബര്‍ട്ട്‌സിലെ അദ്ദേഹത്തിന്റെ മറ്റൊരു സഹപാഠിയായിരുന്നു പ്രശസ്ത സാഹിത്യനിരൂപകനായ പ്രൊഫ. എം.പി. പോള്‍.
എറണാകുളത്തെ പഠനം സെബാസ്റ്റ്യന്റെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജംപകര്‍ന്നു. സഹപാഠികളുമായി ചേര്‍ന്ന് ഒരു മ്യൂസിക് ക്ലബ്ബ് ആരംഭിച്ചു. ഹാര്‍മോണിയം വായനയില്‍ പരിശീലനവും നേടി. ഇക്കാലത്ത് ഒരു തമിഴ് നാടകസംഘം എറണാകുളത്ത് ക്യാമ്പ് ചെയ്തു നാടകം അവതരിപ്പിക്കുകയുണ്ടായി. ആ സംഘത്തിന്റെ ഒരു അത്യാവശ്യഘട്ടത്തില്‍ ഹാര്‍മോണിസ്റ്റ് ആയി സെബാസ്റ്റ്യന്‍ സ്റ്റേജിലെത്തി. അന്നത്തെ അദ്ദേഹത്തിന്റെ പ്രകടനവും ഗാനാലാപനവും കാണികളെ വല്ലാതെ ആകര്‍ഷിച്ചു. പിന്നീട് പഠനം ഉപേക്ഷിച്ച് ആ നാടക സംഘത്തോടു ചേര്‍ന്ന സെബാസ്റ്റ്യന്‍ കോയമ്പത്തൂര്‍, സേലം, തഞ്ചാവൂര്‍, മധുര തുടങ്ങിയ സ്ഥലങ്ങളില്‍ മൂന്നുമാസത്തോളം ചുറ്റിയടിച്ചു. മടങ്ങി വീട്ടിലെത്തിയ അദ്ദേഹം പിന്നീട് നാടകരംഗത്താണ് ശ്രദ്ധകേന്ദ്രീകരിച്ചത്. നാടക വേദിയിലെ കിരീടം ചൂടിയ ചക്രവര്‍ത്തിയായി പ്രശോഭിച്ചു. ജ്ഞാനസുന്ദരിയിലെ ആദര്‍ശധീരനായ പ്ലേന്ദ്രന്‍, പറുദീസാനഷ്ടത്തിലെ ആദിമനുഷ്യനായ ആദം, സത്യവാന്‍ സാവിത്രിയിലെ മാതൃകാഭര്‍ത്താവായ സത്യവാന്‍, നല്ലതങ്കയിലെ ശാന്തഗംഭീരനായ നല്ലണ്ണരാജാവ്, ഹരിശ്ചന്ദ്രചരിത്രത്തിലെ സത്യസന്ധനായ ഹരിശ്ചന്ദ്രന്‍, ശാകുന്തളത്തിലെ പ്രൗഢനായകനായ ദുഷ്യന്തന്‍, അനാര്‍ക്കലിയിലെ പ്രേമപ്രതീകമായ സലീം, അമൃതപുളിനത്തിലെ അനശ്വരകാമുകനായ അജയസിംഹന്‍, മഗ്ദനലനമറിയത്തിലെ മനോരോഗിയായ ഹേറോദേസ്, കരുണയിലെ സര്‍വ്വസംഗപരിത്യാഗിയായ ബുദ്ധഭിക്ഷു അങ്ങനെ മലയാളനാടകവേദിയെ അവിസ്മരണീയമാക്കിയ എത്രയെത്ര കഥാപാത്രങ്ങളെ കുഞ്ഞുകുഞ്ഞുഭാഗവതര്‍ അനശ്വരമാക്കി.
1932-ല്‍ മലയാള നാടകവേദിയില്‍ ഒരത്ഭുതം സംഭവിച്ചു. മഹാകവി കുമാരനാശാന്റെ ‘കരുണ’ ഖണ്ഡകാവ്യം സ്വാമി ബ്രഹ്മവൃതന്‍ നാടകമാക്കി. ആ നാടകം ചിങ്ങമാസത്തില്‍ ആലപ്പുഴ വാണീവിലാസം കൊട്ടകയില്‍ അരങ്ങേറി. ഇതോടെ മലയാള നാടകവേദി ഒരു പരിവര്‍ത്തനഘട്ടത്തിലേക്ക് പ്രവേശിച്ചു. നാടകത്തിന് കഥ അത്യാവശ്യമായി. ജീവിതസത്യങ്ങളോടു ബന്ധപ്പെട്ട സംഭവങ്ങളും നാടകത്തില്‍ പാത്രീവിഷയമായി. നാടകങ്ങളിലൂടെ സന്ദേശം കൈമാറുന്ന രീതിയും ഉദയം ചെയ്തു. കരുണയിലെ അഭിസാരികയായ വാസവദത്തയും ബുദ്ധഭിക്ഷുവായ ഉപഗുപ്തനും ജനഹൃദയങ്ങളില്‍ ആഴത്തിലിറങ്ങി. വാസവദത്തയായി അഭിനയിച്ച ഓച്ചിറ വേലുക്കുട്ടിയും ബുദ്ധഭിക്ഷുവായി സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞുഭാഗവതരും അരങ്ങുകളില്‍ ജ്വലിച്ചുനിന്നു. അവരുടെ അഭിനയം കലാസ്വാദകര്‍ക്ക് പ്രിയപ്പെട്ടതായി. പതിമൂന്നുവര്‍ഷമാണ് ഈ നാടകം തിരുവിതാംകൂറിലും കൊച്ചിയിലും, മലബാറിലും പിന്നെ സിലോണിലുമായി നൂറുകണക്കിന് വേദികളില്‍ അവതരിപ്പിക്കപ്പെട്ടത്.
സ്വന്തമായി സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ ആരംഭിച്ച നാടകസമിതിയാണ് ആലപ്പുഴ കൈരളി കലാകുസുമം. രണ്ടു നാടകങ്ങള്‍ സമിതി അവതരിപ്പിച്ചു. മഹാകവി പള്ളത്ത് രാമന്റെ അമൃതപുളിനം എന്ന ചരിത്രനാടകവും സി.മാധവന്‍പിള്ളയുടെ കുമാരി കമല എന്ന സാമൂഹ്യനാടകവും. എറണാകുളം മേനകാ തീയേറ്ററില്‍ അമൃതപുളിനം ഉദ്ഘാടനം ചെയ്തത് അന്നത്തെ കൊച്ചി മന്ത്രിയായിരുന്ന എന്‍. ആര്‍ മേനോനാണ്.
ആലപ്പി വിന്‍സന്റ് ബാലനെന്ന സിനിമയിലൂടെ സംസാരിക്കുന്ന മലയാള സിനിമക്ക് തുടക്കം കുറിച്ചു. ആ സിനിമയില്‍ അഭിനയിച്ചില്ലെങ്കിലും കുഞ്ഞുകുഞ്ഞുഭാഗവതര്‍ പിന്നണിയിലുണ്ടായിരുന്നു. ആദ്യമായി മലയാള സിനിമ റെക്കോഡ് ചെയ്തത് ഭാഗവതരുടെ പാട്ടുകളാണ്. ബാലന്‍ എന്ന ചിത്രത്തില്‍ പത്തുപാട്ടുകളാണ് ഭാഗവതര്‍ പാടിയത്. ജ്ഞാനാംബിക, ജീവിതനൗക, നവലോകം എന്നീ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. 1950-ല്‍ തെന്നിന്ത്യയില്‍ ഏറ്റവും വലിയ വിജയം കൈവരിച്ച ജീവിതനൗക ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ ഡബ്ബുചെയ്തു. ജീവിതനൗകയില്‍ ‘ആനത്തലയോളം വെണ്ണതരാമെടാ’ എന്ന ഹിറ്റുഗാനം ഭാഗവതരും മൂത്തമകള്‍ പുഷ്പമ്മയും ചേര്‍ന്നാണ് പാടിയത്. മദ്രാസിലെ ജീവിതത്തിനിടയില്‍ ഓള്‍ ഇന്ത്യാ റേഡിയോയിലും കുഞ്ഞുകുഞ്ഞുഭാഗവതര്‍ പരിപാടികള്‍ അവതരിപ്പിച്ചു. കരുണയും ശാകുന്തളവും അനാര്‍ക്കലിയും റേഡിയോ നാടകങ്ങളാക്കി.
1963 ജനുവരി 31-ന് കുഞ്ഞുകുഞ്ഞുഭാഗവതരുടെ ജീവിതസഖി മേരിക്കുട്ടി നിര്യാതയായി. ജീവിതപങ്കാളിയുടെ വേര്‍പാടില്‍ ദുഖിതനായ കുഞ്ഞുകുഞ്ഞുഭാഗവതര്‍ ഒരു ഭീഷ്മപ്രതിജ്ഞ ചെയ്തു. ഇനി മുഖത്തു ചായം തേക്കില്ല! അതോടെ അദ്ദേഹം നാടകരംഗത്തുനിന്നു പിന്‍വാങ്ങി. ആറുമക്കളാണ് ഭാഗവതര്‍ക്ക് ഉണ്ടായിരുന്നത്. മൂന്നാണും മൂന്നുപെണ്ണും. വിശ്രമജീവിതത്തിനിടെ അദ്ദേഹം തന്റെ ആത്മകഥ ‘കേരളദ്ധ്വനി’യുടെ വാരാന്ത്യപതിപ്പിലൂടെ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു. അരനൂറ്റാണ്ടുകാലത്തെ നാടക ജീവിതം ‘ഒരു നടന്റെ ആത്മകഥ’ എന്നപേരിലാണ് സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തിന്റെ ജീവിതകഥ അരനൂറ്റാണ്ടുകാലത്തെ മലയാള നാടകവേദിയുടെ ആത്മകഥകൂടിയാണ്. 1965-ല്‍ കേരളസംഗീത നാടക അക്കാദമി അദ്ദേഹത്തിന് സമഗ്ര സംഭാവനക്കുള്ള കീര്‍ത്തിമുദ്ര നല്‍കി. 1982-ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ കുഞ്ഞുകുഞ്ഞുഭാഗവതരെ ഷെവലിയര്‍ സ്ഥാനം നല്‍കി ആദരിച്ചു. 1985 ജനുവരി 19-ന് അദ്ദേഹത്തിന്റെ ജീവിതത്തിന് തീരശ്ശീല വീണു.
സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞുഭാഗവതരെ കുറിച്ച് എസ്.ഗുപ്തന്‍നായര്‍ രേഖപ്പെടുത്തിയതിങ്ങനെയാണ് : ‘അബ്‌സേര്‍ഡിലേക്കും അയനെസ്‌കോവിലേക്കും കുതിച്ചുകൊണ്ടിരിക്കുന്ന മലയാളനാടകവേദിക്ക് കുഞ്ഞുകുഞ്ഞുഭാഗവതരുടെ വിസ്മൃതമായ ഏതോ വീരകഥയിലെ നായകനായിട്ടുമാത്രമേ ഇപ്പോള്‍ കാണാന്‍ സാധിച്ചുള്ളു എന്നു വരാം. പക്ഷേ, നമ്മുടെ സംസ്‌കാരചരിത്രത്തിലെ ഒരേടായിരുന്നു കുഞ്ഞുകുഞ്ഞുഭാഗവതരുടെ നാടകാഭിനയം. അരനൂറ്റാണ്ടോളം ദീര്‍ഘമായ ഒരു അഭിനയജീവിതംതന്നെ ദുര്‍ലഭമാണ്. അത്രയും കാലം അന്തസും ആഭിജാത്യവും മുഖമുദ്രയായി സ്വീകരിച്ചുകൊണ്ട് അഭിനയിച്ചു എന്നത് അതിലേറെ ദുര്‍ലഭം.’
പതിനാലാംനമ്പര്‍ വിളക്കിന്റെയും പെട്രോമാക്‌സിന്റെയും പഴമയില്‍നിന്ന്, വൈദ്യുതിവിളക്കിന്റെയും ഉച്ചഭാഷിണിയുടെയും പുതുമയിലേക്കുള്ള മലയാള നാടകവേദിയുടെ യാത്രയില്‍ അഗ്നിസ്തംഭമായി നിലകൊണ്ട സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞുഭാഗവതര്‍ക്ക് എന്നാണ് ഒരു സ്മാരകമണ്ഡപം കലാകേരളം പണിതീര്‍ക്കുക?


Related Articles

ദേശീയപൗരത്വ പട്ടിക അപകടകരം – ഷാജി ജോര്‍ജ്

കോട്ടപ്പുറം: രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ അകറ്റിനിര്‍ത്തപ്പെടുന്ന സാഹചര്യം സംജാതമായിരിക്കുകയാണെന്ന് കെആര്‍എല്‍സിസി വൈസ് പ്രസിഡന്റും സമുദായ വക്താവുമായ ഷാജി ജോര്‍ജ് പറഞ്ഞു. കോട്ടപ്പുറം രൂപത പറവൂര്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സമുദായസംഗമത്തില്‍

ലത്തീന്‍ സഭയുടെ പൗരാണിക രൂപതയുടെ പുതിയ അമരക്കാരന്‍

ഡോ. ബൈജു ജൂലിയാന്‍, എപ്പിസ്‌കോപ്പല്‍ വികാര്‍, കൊല്ലം രൂപത                  കേരളത്തിലെ കുലശേഖര സാമ്രാജ്യത്തിന്റെ അസ്തമയത്തോടുകൂടി ഉയര്ന്നുവന്ന രാജ്യമാണ് വേണാട്

സമുദായസംഗമം ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഡിസംബര്‍ 9ന് ഞായറാഴ്ച വൈകീട്ട് 5 മണിക്ക് തിരുവനന്തപുരം ശംഖുമുഖത്ത് ചേരുന്ന ലത്തീന്‍ കത്തോലിക്കാ സമുദായസംഗമം കെസിബിസി, കെആര്‍എല്‍സിസി അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*