സോറിസോറി ഫാദര്‍, നോമ്പുകാലത്ത്‌ ഞാന്‍ പുകവലിക്കാറില്ല

സോറിസോറി ഫാദര്‍, നോമ്പുകാലത്ത്‌  ഞാന്‍ പുകവലിക്കാറില്ല

ഒരിക്കല്‍ അയര്‍ലണ്ടുകാരനായ ഒരു വൈദികന്‍ ന്യൂയോര്‍ക്കിലെ തെരുവിലൂടെ നോമ്പുകാലത്തെ ഒരു സന്ധ്യാസമയത്ത്‌ നടക്കുകയായിരുന്നു. ബൗറി എന്നറിയപ്പെട്ടിരുന്ന ആ സ്ഥലം അക്കാലത്ത്‌ ഭവനരഹിതരായ കുടിയന്മാരുടെയും മയക്കുമരുന്നിനടിമകളായിരുന്നവരുടെയും വിഹാരഭൂമിയായിരുന്നു. എല്ലാവിധ തിന്മകളും അവിടെ അരങ്ങേറിയിരുന്നു. മാന്യന്മാര്‍ക്ക്‌ അതുവഴി സഞ്ചരിക്കാന്‍ ഭയമായിരുന്നു.

ഐറിഷ്‌ വൈദികന്‍ ക്ലെരിക്കല്‍ കോളറുള്ള ഒരു ഷര്‍ട്ടാണ്‌ ധരിച്ചിരുന്നത്‌. പെട്ടെന്നാണ്‌ അദ്ദേഹത്തിന്റെ മുമ്പിലേക്ക്‌ തോക്കുംചൂണ്ടി ഒരു മദ്യപന്‍ ചാടി വീണത്‌. “മിസ്റ്റര്‍, ഗിവ്‌ മി ഓള്‍ യുവര്‍ മണി-അദര്‍വൈസ്‌…” എന്ന്‌ ആക്രോശിച്ചു. ഭയന്നുപോയ വൈദികന്‍ തന്റെ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്ന്‌ പേഴ്‌സ്‌ എടുക്കുമ്പോഴാണ്‌ ആ മദ്യപന്‍ അച്ചന്റെ ക്ലെരിക്കല്‍ കോളര്‍ കണ്ടത്‌. താന്‍ ഒരു വൈദികന്റെ നേരെയാണല്ലോ തോക്കുചൂണ്ടിയത്‌ എന്ന കുറ്റബോധത്തോടെ അയാള്‍ പറഞ്ഞു: “സോറി ഫാദര്‍, താങ്കള്‍ ഒരു വൈദികനാണെന്ന്‌ ഞാന്‍ അറിഞ്ഞില്ല.” വൈദികന്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ട്‌ ശാന്തനായിപ്പറഞ്ഞു: “ദാറ്റ്‌സ്‌ ഓള്‍ റൈറ്റ്‌, മൈ സണ്‍.”

ഭയമെല്ലാം മാറിയ അദ്ദേഹം തന്റെ പോക്കറ്റില്‍ നിന്ന്‌ ഒരു സിഗററ്റ്‌ പാക്കറ്റ്‌ എടുത്ത്‌ അതിലൊരെണ്ണം അയാളുടെ നേരെ നീട്ടി. അപ്പോള്‍ കൊലചെയ്യാന്‍ പോലും മടിയില്ലാത്ത ആ മദ്യപന്‍ പറയുകയാണ്‌: “സോറി ഫാദര്‍, നോമ്പുകാലത്ത്‌ ഞാന്‍ പുകവലിക്കാറില്ല.”
നോമ്പുകാലത്ത്‌ പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യാത്തവരുണ്ട്‌. എന്നാല്‍ അതിനേക്കാള്‍ വലിയ തിന്മകള്‍ ചെയ്യാന്‍ അവര്‍ക്ക്‌ യാതൊരു മടിയുമില്ല. ഇത്‌ ആ ന്യൂയോര്‍ക്കുകാരന്റെ മാത്രം കഥയല്ല. നമ്മളില്‍ പലരും ചിലപ്പോള്‍ ഇങ്ങനെയൊക്കെയാണല്ലോ. നോമ്പുകാലത്ത്‌ കുരിശിന്റെവഴി നടത്തുക ചിലര്‍ക്ക്‌ നിര്‍ബന്ധമാണ്‌; എന്നാല്‍ കുമ്പസാരിച്ചു കുര്‍ബാന കൈക്കൊള്ളുന്ന കാര്യത്തില്‍ യാതൊരു താല്‌പര്യവുമില്ല. നോമ്പുകാലത്ത്‌ ഇറച്ചിയും മത്സ്യവും ഉപേക്ഷിച്ചെന്നുവരും; പക്ഷേ, കച്ചവടത്തിലെ ചതിയ്‌ക്കും വഞ്ചനയ്‌ക്കും യാതൊരു മാറ്റവുമില്ല.

ഓശാന ഞായറാഴ്‌ച കുരുത്തോല വാങ്ങാനും, പെസഹ വ്യാഴാഴ്‌ച അപ്പം മുറിക്കാനും, ദു:ഖവെള്ളിയാഴ്‌ച കുരിശുമുത്തുവാനും കാണിക്കുന്ന വ്യഗ്രതയും ആവേശവും അപാരം തന്നെ. പക്ഷേ, മോശമായ ചിത്രങ്ങള്‍ കാണുന്ന കാര്യത്തിലും, ലൈംഗിക പാപങ്ങള്‍ ഒഴിവാക്കുന്നതിലും ശത്രുക്കളുമായി രമ്യപ്പെടുന്നതിലും ആ ശുഷ്‌കാന്തിയില്ല. ഞായറാഴ്‌ച കുര്‍ബാനയ്‌ക്ക്‌ പോയില്ലെങ്കിലും മലയാറ്റൂര്‍മല കയറിയില്ലെങ്കില്‍ നോമ്പ്‌ ശരിയാകില്ല. വെറുതെയല്ല കര്‍ത്താവ്‌ പറഞ്ഞത്‌: കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ തുളസി, ചതുകുപ്പ, ജീരകം എന്നിവയ്‌ക്ക്‌ ദശാംശം കൊടുക്കുകയും നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്‌തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു. ഇവയാണു നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്‌-മറ്റുള്ളവ അവഗണിക്കാതെ തന്നെ” (മത്താ 23:23).

നോമ്പുകാലം ആരംഭിച്ചിട്ട്‌ ഏതാണ്ട്‌ മൂന്ന്‌ ആഴ്‌ചകള്‍ പിന്നിട്ടിരിക്കുന്നു. ഇനി മൂന്ന്‌ ആഴ്‌ചകള്‍ കൂടിയുണ്ട്‌ പെസഹാവാരത്തിലേക്കു കടക്കുവാന്‍. എങ്ങനെ നോമ്പുകാലം ഫലവത്തായി ചിലവഴിക്കുവാന്‍ സാധിക്കും എന്ന്‌ നമുക്ക്‌ നോക്കാം.

ഒന്ന്‌: ഉപവാസവും ത്യാഗവും

നോമ്പുകാലത്ത്‌ രണ്ടു ദിവസമെങ്കിലും (വിഭൂതി ദിവസവും, ദു:ഖവെള്ളിയാഴ്‌ചയും) ഉപവസിക്കണമെന്നും വെള്ളിയാഴ്‌ചകളില്‍ മാംസവര്‍ജനം നടത്തണമെന്നും തിരുസഭ നിര്‍ദേശിക്കുന്നുണ്ട്‌. ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതിനേക്കാള്‍ കൂടുതലായി നമ്മുടെ പാപകരമായ ചിന്തകളും, മറ്റുള്ളവരെ വിധിക്കുന്നതും, എപ്പോഴും ഓരോരുത്തരെക്കുറിച്ചും പരാതി പറയുന്നതും, നിരുത്സാഹപ്പെടുത്തുന്ന വാക്കുകള്‍ പറയുന്നതും, മറ്റുള്ളവരെ വേദനിപ്പിക്കുന്നതും, അവരോട്‌ അകാരണമായി കോപിക്കുന്നതും, ഹൃദയത്തില്‍ വെറുപ്പ്‌ സൂക്ഷിക്കുന്നതും അസൂയപ്പെടുന്നതും ഉപേക്ഷിച്ചാല്‍ നോമ്പുകാലം കൂടുതല്‍ ഫലപ്രദമാകും.
ഉപവാസം പ്രാര്‍ത്ഥനയുടെ ആത്മാവാണെന്നാണ്‌ വിശുദ്ധ ക്രിസോസ്റ്റം പറയുന്നത്‌. ഉപവസിക്കുന്ന ദിവസങ്ങളിലാണ്‌ ചിലര്‍ക്ക്‌ ഭക്ഷണത്തോട്‌ കൂടുതല്‍ താല്‍പര്യം തോന്നുക. ഇഷ്‌ടപ്പെട്ട ഭക്ഷണസാധനങ്ങള്‍ സാധാരണ ഭക്ഷിക്കുന്നതിനേക്കാള്‍ കുറച്ചുകഴിച്ചും നമുക്ക്‌ നമ്മുടെ ആര്‍ത്തിക്ക്‌ ഒരു തടയിടാന്‍ പറ്റും.
“പ്രാര്‍ത്ഥിക്കുമ്പോള്‍ ഉപവസിക്കുക; ഉപവസിക്കുമ്പോള്‍ കരുണ കാണിക്കുക. നിന്റെ അപേക്ഷ കര്‍ത്താവ്‌ കേള്‍ക്കണമെന്നുണ്ടെങ്കില്‍ നീ മറ്റുള്ളവരുടെ പ്രാര്‍ത്ഥന കേള്‍ക്കുക.” വിശുദ്ധ ക്രിസോസ്റ്റം.

രണ്ട്‌: മനോഭാവത്തിലുള്ള മാറ്റം.

നമ്മളില്‍ പലര്‍ക്കും ചില സ്വഭാവദൂഷ്യങ്ങളുണ്ട്‌-നമ്മള്‍ അതിനെക്കുറിച്ച്‌ അത്ര ബോധവാന്മാരല്ലെങ്കിലും. ഈ ദിവസങ്ങളില്‍ എവിടെയെങ്കിലും ഒറ്റയ്‌ക്ക്‌ പോയിരുന്ന്‌ സ്വയം ചോദിക്കുന്നത്‌. നല്ലതായിരിക്കും: “കര്‍ത്താവേ, എന്റെ സ്വഭാവത്തില്‍ അങ്ങേയ്‌ക്ക്‌ നിരക്കാത്തതായി എന്താണുള്ളത്‌? അത്‌ എങ്ങനെ മാറ്റാം?” അശ്ലീല സൈറ്റുകള്‍ക്ക്‌ ഞാന്‍ അടിമയാണെങ്കില്‍ എങ്ങനെ എനിക്കതില്‍ നിന്ന്‌ മോചനം നേടാം? ആരോടെങ്കിലും അസൂയ മനസിലുണ്ടെങ്കില്‍ എന്താണ്‌ അതിന്റെ കാരണം? എന്തുകൊണ്ടാണ്‌ ഞാന്‍ പലപ്പോഴും നുണ പറയുന്നത്‌? ഇങ്ങനെ നമ്മെത്തന്നെ വിശകലനം ചെയ്‌തു ഒരു നല്ലജീവിതത്തിനുള്ള തീരുമാനം എടുക്കാം.

മൂന്ന്‌: പ്രാര്‍ത്ഥന

നോമ്പുകാലത്ത്‌ കുറെക്കൂടി സമയം പ്രാര്‍ത്ഥനയ്‌ക്കായി നീക്കിവയ്‌ക്കേണ്ടതാണ്‌. കഴിയുമെങ്കില്‍ ദിവസേന കുര്‍ബാനയില്‍ പങ്കെടുക്കുക, വിശുദ്ധഗ്രന്ഥം വായിക്കുക, വിശുദ്ധരുടെ ജീവിതചരിത്രവും അവര്‍ എഴുതിയ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളും വായിക്കുക, കുരിശിന്റെ വഴിയിലെ പ്രാര്‍ത്ഥനകളും, ജപമാലയിലെ ദു:ഖത്തിന്റെ രഹസ്യങ്ങളും ധ്യാനിക്കുക.

നാല്‌: ദാനധര്‍മം

നമ്മുടെ വരുമാനത്തിന്റെ വിഹിതം ദാനധര്‍മത്തിനായി മാറ്റിവയ്‌ക്കുന്നത്‌ നല്ല പുണ്യപ്രവൃത്തിയാണ്‌. എല്ലാ ആവശ്യങ്ങളും നിറവേറ്റിയതിനുശേഷം ബാക്കി എന്തെങ്കിലുമുണ്ടെങ്കില്‍ ഞാന്‍ പാവപ്പെട്ടവര്‍ക്കു കൊടുക്കാം എന്ന മന:സ്ഥിതി നല്ലതല്ല. അങ്ങനെ നോക്കിയാല്‍ നമ്മുടെ ആവശ്യങ്ങള്‍ ഒരിക്കലും പൂര്‍ത്തിയാകാന്‍ പോകുന്നില്ല. ദാനധര്‍മമെന്നാല്‍ നമുക്കുള്ളതിന്റെ ഒരു പങ്ക്‌ ഇല്ലാത്തവനുമായി സന്തോഷത്തോടെ പങ്കുവയ്‌ക്കുന്നതാണ്‌. അതാണ്‌ പുണ്യമാകുന്നത്‌.

അഞ്ച്‌: അനുരഞ്‌ജനം

നോമ്പുകാലത്ത്‌ ആരോടെങ്കിലും വഴക്കോ വൈരാഗ്യമോ ഉണ്ടെങ്കില്‍ അതെല്ലാം ക്ഷമിച്ച്‌ വീണ്ടും അനുരഞ്‌ജനപ്പെടുന്നത്‌ ഉചിതമാണ്‌. മറ്റുള്ളവരുമായി അനുരഞ്‌ജനപ്പെടുമ്പോഴേ നമുക്ക്‌ ദൈവവുമായിട്ട്‌ അനുരഞ്‌ജനപ്പെടാന്‍ സാധിക്കുകയുള്ളൂ. വിശുദ്ധവാരത്തില്‍ എല്ലാവരും തന്നെ കുമ്പസാരിക്കാറുണ്ട്‌. പക്ഷേ നല്ല കുമ്പസാരത്തിന്‌ അവിഭാജ്യമായ ഒരു ഘടകമായിട്ട്‌ അനുരഞ്‌ജനത്തെ പലരും കാണാറില്ല. “ഞങ്ങളുടെ കടക്കാരോട്‌ ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളും ഞങ്ങളോട്‌ ക്ഷണിക്കേണമേ” എന്ന്‌ പറയുന്ന നമുക്ക്‌ ദൈവത്തിന്റെ ക്ഷമ ലഭ്യമാകാന്‍ മറ്റുള്ളവരോട്‌ ക്ഷമിച്ചേ പറ്റൂ.

അടുത്ത ലക്കം
വിശുദ്ധ യൗസേപ്പിതാവിന്റെ ഗോവണി.


Related Articles

അനുഗ്രഹീതർ: ആണ്ടുവട്ടത്തിലെ ആറാം ഞായർ

ആണ്ടുവട്ടത്തിലെ ആറാം ഞായർ വിചിന്തനം :- അനുഗ്രഹീതർ (ലൂക്കാ 6:17, 20-26) ആനന്ദാർത്ഥി – മനുഷ്യന് നൽകാവുന്ന ഏറ്റവും നല്ല ഒരു നിർവചനമാണിത്. അതെ, ആത്യന്തികമായി നമ്മൾ

സ്വയം വിഗ്രഹങ്ങളാകുന്ന ഭരണാധികാരികളും മുറിവുകള്‍ പേറുന്ന ജനങ്ങളും

ഈജിപ്തിലെ മഹാമാരികള്‍ വിഗ്രഹവല്‍ക്കരിക്കപ്പെട്ട എല്ലാ സാമ്രാജ്യങ്ങളുടെയും സാധാരണ അവസ്ഥയാണ്. അങ്ങനെയുള്ള ഭരണകൂടങ്ങളില്‍ ജലം ജീവജാലങ്ങളുടെ ദാഹം ശമിപ്പിക്കില്ല. മണ്ണ് ഫലഭൂയിഷ്ഠമാകില്ല. ജീര്‍ണത എല്ലാ തലങ്ങളിലേക്കും പടര്‍ന്നുകയറും. തവളകളും

നമുക്കും ഒരു മാറ്റം വേണ്ടേ: തപസ്സുകാലം രണ്ടാം ഞായർ

തപസ്സുകാലം രണ്ടാം ഞായർ വിചിന്തനം:- നമുക്കും ഒരു മാറ്റം വേണ്ടേ (ലൂക്കാ 9: 28-36) വലിയ നോമ്പുകാലത്തിലെ രണ്ടാമത്തെ ഞായറാഴ്ചയായ ഇന്ന് തിരുസഭ നമുക്കു നല്‍കുന്ന വചനഭാഗം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*