സോഷ്യല്‍ മീഡിയയിലൂടെ ആരെയും എന്തും പറയാമോ ? അഡ്മിന് പ്രതിയാകുമോ ?

അഡ്വ. ഷെറി ജെ തോമസ്
സ്വകാര്യമായി സ്വന്തം മുറിയില്‍ സ്വന്തം മൊബൈലിലോ കമ്പ്യൂട്ടറിലോ സ്വയം തീരുമാനിച്ച് ചെയ്യുന്ന പല സോഷ്യല്‍ മീഡിയ വര്‍ത്തമാനങ്ങളും പ്രസിദ്ധീകരിച്ചുകഴിയുമ്പോള്‍ പിന്നെ അത് സ്വാകാര്യമല്ല, ലോകത്തിനു മുഴുവന്‍ എവിടെ നിന്നും കാണാന്‍ പാകത്തിന് അത് കൈവിട്ട് പോയിക്കഴിയും. സോഷ്യല്‍ മീഡിയില്‍ എന്തും പോസ്റ്റ് ചെയ്യാമൊ എന്നു ചോദിച്ചാല്‍ പോസ്റ്റ് ചെയ്യാം; പക്ഷെ അനന്തരഫലങ്ങള്‍ കൂടി അനുഭവിക്കേണ്ടിവരും.
മറ്റൊരാള്‍ക്ക് ശല്യമുണ്ടാക്കുന്ന രീതിയില്‍ ഏത് ഇലക്ട്രോണിക് മാധ്യമത്തിലൂടെയുള്ള പ്രസിദ്ധീകരണങ്ങളും പോലീസിന് നേരിട്ട് കേസ് രജിസ്റ്റര്‍ ചെയ്യാവുന്ന രീതിയിലുള്ള കുറ്റമാണെന്നായിരുന്നു വിവരസാങ്കേതിക നിയമത്തിലെ വകുപ്പ് 66എ യും കേരള പോലീസ് നിയമത്തിലെ വകുപ്പ് 118 ഡി യും. പക്ഷെ ഇന്ന് ആ സ്ഥിതി മാറി. ഈ രണ്ട് വകുപ്പുകളും അഭിപ്രായസ്വാതന്ത്ര്യത്തിനെതിരാണ് എന്ന കാരണത്താല്‍ സുപ്രീം കോടതി റദ്ദാക്കി.
എന്നാല്‍, എന്തും പറയാമെന്ന നിലവിലെ സ്ഥിതിക്ക് മാറ്റം അനിവാര്യമാണ്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ വകുപ്പ് 66എ യും കേരള പോലീസ് നിയമത്തിലെ വകുപ്പ് 118 ഡി യും സുപ്രീം കോടതി റദ്ദാക്കിയത് അഭിപ്രായസ്വാതന്ത്ര്യത്തിന് വേണ്ടിയാണ്. നിയമപരമായ പിന്‍ബലമുള്ള പുതിയ വകുപ്പ് നിയമനിര്‍മ്മാണ സഭ ഉണ്ടാക്കിയെടുക്കണമെന്നതാണ് അതില്‍ നിന്ന് വിവക്ഷിക്കേണ്ടത്. സോഷ്യല്‍ മീഡിയിയിലൂടെയുള്ള അനഭിമത പ്രസ്താവകള്‍ക്ക് നേരിട്ട് പോലീസിന് കേസ് എടുക്കാനാകില്ല എന്ന നിലവിലെ സ്ഥിതി ഗൗരവത്തോടുകൂടി വീക്ഷിക്കേണ്ടതുമാണ്. പക്ഷെ മാനഹാനി വരുത്തിയെന്ന കുറ്റം ആരോപിപ്പ് മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹര്‍ജി ഫയലാക്കിയും സിവില്‍ കോടതിയില്‍ നഷ്ടപരിഹാരത്തിനു ഹര്‍ജി നല്‍കിയും പ്രതിവിധി തേടാവുന്നതാണ്. അതുപോലെ തന്നെ ഏതെങ്കിലും തരത്തിലുള്ള വിനിമയോപാധിയിലൂടെ ആവര്‍ത്തിച്ചുള്ളതോ, അനഭിമതമായതോ, അജ്ഞാതമായതോ ആയ വിളി, കത്ത്, എഴുത്ത്, സന്ദേശം, ഇ-മെയില്‍ എന്നിവ വഴിയോ ദൂതന് വഴിയോ സ്വയം ഏതെങ്കിലുമൊരാളിന് ശല്യമായിത്തീരുന്നുവെങ്കിലും കുറ്റകൃത്യമാണ്. പക്ഷെ പോലീസിന് നേരിട്ട് കേസ് എടുക്കാനാകില്ല, അതും കോടതി വഴി ചെയ്യേണ്ടിവരും.
ഏതൊക്കെ സാഹചര്യങ്ങളില്‍ പോലീസിന് നേരിട്ട് കേസെടുക്കാം ?
സ്ത്രീക്ക് അവരുടെ മാന്യതയ്ക്ക് കളങ്കമുണ്ടാക്കുന്ന രീതിയില്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചാല്‍ പോലീസിന് നേരിട്ട് കെസടുക്കാം. മതസ്പര്‍ദ ഉണ്ടാക്കുന്നതോ, ലഹളയുണ്ടാക്കുന്നതോ, സമൂഹത്തിന് ഭീതിയുണ്ടാക്കുന്നതോ, രാജ്യതാല്പ്പര്യത്തിനെതിരായതോ, ഭീഷണി, അസ്ളീലത, തുടങ്ങിയവ സംബന്ധിച്ച പോസ്റ്റിംഗ് ആണെങ്കിലും പോലീസിന് നേരിട്ട് കേസെടുക്കാം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും വിവരസാങ്കേതിക നിയമത്തിലെയും കേരള പോലീസ് നിയമത്തിലെയും മറ്റ് പ്രത്യേക നിയമങ്ങളിലെ വകുപ്പുകള്‍ പ്രകാരമൊക്കെ കേസുകള്‍ എടുക്കാം.
അഡ്മിന് എന്തു ചെയ്യണം ?
വാട്ട്സ്പ്പ് ഗ്രൂപ്പുകളാണെങ്കില്‍, ആളെ ചേര്‍ക്കുന്നത് അഡ്മിനാണ്. അങ്ങനെ ചേര്‍ത്ത ആളുകള്‍ പലസ്വഭാവക്കാരായിരിക്കും. എല്ലാവരുടെയും മനസ്സിലിരുപ്പും കൈയ്യിലിരുപ്പും അഡ്മിനെങ്ങനെ അറിയും? പക്ഷെ എന്നാലും ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്ന ക്രിമിനല്‍ കുറ്റകരമായ പോസ്റ്റിംഗികുള്‍ക്ക് അഡ്മിനെകൂടി പ്രതി ചേര്‍ക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നടന്നുവന്നിരുന്നത്. എന്നാല്‍ 2016 നവംബര്‍ 29 ന് ഒരു സിവില്‍ കേസില്‍ ഡല്‍ഹി ഹൈക്കോടതി മറിച്ചു പറഞ്ഞു. രാജ്യത്ത് പല സ്ഥലത്തും നിരവധി അറസ്റ്റുകള്‍ ഈ വിഷയത്തില്‍ നടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ മാനഹാനിക്ക് നഷ്ടപരിഹാരമാവശ്യപ്പെട്ടുകൊണ്ടുള്ള സിവില്‍ കേസിലാണെങ്കിലും ഈ വിധി വിവരസാങ്കേതിക മേഖലയില്‍ പ്രാധാന്യമുള്ളതാണ്. ആശിഷ് ബല്ലയും സുരേഷ് ചൗധരിയും തമ്മിലുളള് കേസിലാണ് വിധി. വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റിംഗ് നടത്തുന്ന സമയം അഡ്മിന് സാങ്കേതികമായി ഇന്റര്‍മീഡിയറി എന്ന ജോലിയില്‍ വരില്ല. പരസ്പരം പരിചയമില്ലാത്തയാളുകളെ ഒരു വേദിയില്‍ കൊണ്ടുവരുന്നുവെങ്കിലും അഡ്മിന് ഇന്റര്‍മീഡിയറി ആകില്ല. അങ്ങനെയായാല്‍പ്പോലും അഡ്മിന് ഐ ടി (വിവരസാങ്കേതിക) നിയമം വകുപ്പ് 79 ന്റെ സംരക്ഷണം ലഭിക്കും.
ആളുകളെ നീക്കം ചെയ്യാന്‍ അഡ്മിന് ബാധ്യതയുണ്ട്
കുറ്റകരമായ കാര്യങ്ങള്‍ ചെയ്ത അംഗങ്ങളെ നീക്കം ചെയ്യാന്‍ അഡ്മിന് ബാധ്യതയുണ്ട് എന്ന നിയമവശം ഈ കേസില്‍ ഉന്നയിക്കപ്പെട്ടില്ല. അക്കാര്യത്തെ സംബന്ധിച്ച് വാദമില്ലാതിരുന്നതിനാല്‍ ആ ബാധ്യത അങ്ങനെ തന്നെ തുടരും. കോടതി ഉത്തരവുകളിലൂടെയും ആളുകളെ നീക്കം ചെയ്യാന്‍ അഡ്മിനോട് ആവശ്യപ്പെടാം. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമം വകുപ്പ് 67 പ്രകാരവും ഐ പി സി 153എ, വകുപ്പ് 34 പ്രകാരവുമെല്ലാം നിരവധി കേസുകള്‍ 2016 കാലഘട്ടത്തില്‍ അഡ്മിന്മാര്ക്കെതിരെ എടുത്തിരുന്നു. എന്നാല്‍ അഡ്മിന് കൂടി ചേര്‍ന്ന് അത് പ്രോത്സാഹിപ്പിക്കാന്‍ ഗൂഡാലോചന നടത്തിയാലോ, വസ്തുത ശ്രദ്ധയില്‍ പെട്ടിട്ടും അവ മാറ്റാതിരിക്കുന്നതും, സര്‍ക്കാര്‍ ഏജന്‍സികള്‍ അറിയിച്ചിട്ടും അവ മാറ്റാതിരിക്കുന്നതും കുറ്റകരമാണ്.