സ്ത്രീകള്‍ കത്തോലിക്കാസഭയുടെ സമ്പത്ത് – ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍

സ്ത്രീകള്‍ കത്തോലിക്കാസഭയുടെ സമ്പത്ത്  – ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍

തിരുവനന്തപുരം: സ്ത്രീകള്‍ കത്തോലിക്കാസഭയുടെ സമ്പത്തും അവരുടെ അധികാരപങ്കാളിത്തം സഭാ സമൂഹത്തെ സധൈര്യം മുന്നോട്ടുനയിക്കാനുള്ള പ്രേരകശക്തിയുമാണെന്ന് കെആര്‍എല്‍സിബിസി വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് എമരിറ്റസ് ഡോ. സ്റ്റാന്‍ലി റോമന്‍ വ്യക്തമാക്കി. ആനി മസ്‌ക്രീന്‍ നഗറില്‍ ചേര്‍ന്ന ‘വനിതകളും അധികാരപങ്കാളിത്തവും’ എന്ന വനിതാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ലത്തീന്‍ സഭയെ നയിക്കേണ്ടവര്‍ സ്ത്രീകളാണ്. തന്റേടവും കാര്യപ്രാപ്തിയുമുള്ള വനിതകള്‍ കുടുംബത്തിനു മാത്രമല്ല സമൂഹത്തിന്റെതന്നെ അടിത്തറയാണ്. കലാലയങ്ങളിലും തൊഴിലിടങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിച്ചുവരികയാണ്. രാഷ്ട്രീയരംഗത്ത് വനിതകള്‍ എവിടെയെത്തിയെന്ന് ചിന്തിക്കണം. സുവിശേഷവത്കരണ രംഗത്ത് വലിയ സംഭാവനകളാണ് സ്ത്രീകള്‍ നല്കുന്നത്.
അതേസമയം സ്ത്രീപങ്കാളിത്തം ഏറ്റവും കൂടുതല്‍ പ്രകടമാകേണ്ടത് കുടുംബങ്ങളില്‍ തന്നെയാണ്. വഴി തെറ്റിപ്പോകുന്ന യുവാക്കളുടെ എണ്ണം ഇന്നു വളരെകൂടുതലാണ്. അവര്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകുന്നു. റോഡപകടങ്ങളില്‍ ഓരോ ദിവസവും കൊല്ലപ്പെടുന്ന യുവാക്കളുടെ എണ്ണവും വര്‍ധിച്ചുവരുന്നു. വീടുകളില്‍ ഇവരെ നിയന്ത്രിക്കാനും നേര്‍വഴിക്കു നയിക്കാനും അമ്മമാര്‍ക്കു കഴിയുന്നുണ്ടോ എന്നു സംശയമാണ്. സമൂഹത്തിലെ ക്രിയാത്മക ഇടപെടലുകള്‍ പോലെ കുടുംബപരിപാലനത്തിലും സ്ത്രീകള്‍ സജീവമാകണമെന്നും ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍ ഓര്‍മിപ്പിച്ചു.
ആനിമസ്‌ക്രീനെ പോലെ രാഷ്ട്രീയ-സമൂഹ്യ രംഗത്ത് നേട്ടങ്ങള്‍ കൈവരിച്ച സ്ത്രീകള്‍ സമൂഹത്തിന് വലിയ മാതൃകയാണെന്ന് അധ്യക്ഷയായിരുന്ന കെഎല്‍സിഡബ്ല്യുഎ പ്രസിഡന്റ് ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ് പറഞ്ഞു. അത്തരം വനിതകളുടെ പാതകള്‍ നാം പിന്തുടരണം. അതിനായി സ്വയംപര്യാപ്തത നേടുകയും രാഷ്ട്രീയ-സാമൂഹ്യ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും വേണം. ദൈവത്തിന്റെ മാതൃഭാവം ആധുനികസഭയിലും സ്ത്രീസമൂഹത്തിലും പ്രതിഫലിക്കണമെന്നും ജെയിന്‍ ആന്‍സില്‍ വ്യക്തമാക്കി.
വനിതകളുടെ അധികാര പങ്കാളിത്തമെന്നു പറയുന്നത് അവരുടെ ശബ്ദം അംഗീകരിക്കപ്പെടലാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ലിഡ ജേക്കബ് വ്യക്തമാക്കി. പൊതുസമൂഹത്തിലും രാഷ്ട്രീയരംഗത്തും സംവരണമുണ്ടായിട്ടു പോലും സ്ത്രീകളുടെ സ്ഥിതി വളരെ മോശമാണ്. അതേസമയം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ അധികാരം കയ്യാളുന്നിടത്താണ് നല്ല ഭരണം നടക്കുന്നത്. പൊതുരംഗത്തും വിദ്യാഭ്യാസ രംഗത്തും സ്ത്രീകള്‍ക്കു മുന്നേറ്റമുണ്ടാകുന്നുണ്ടെങ്കിലും ഉയര്‍ന്ന ജോലികളില്‍ എത്തുന്നവര്‍ വളരെ കുറവാണ്. സ്ത്രീകളെകുറിച്ചുള്ള പുരുഷന്മാരുടെ മുന്‍വിധിയും സ്ത്രീകളുടെ ആത്മവിശ്വാസക്കുറവും ഇതിനു കാരണമാണ്. അധികാരപങ്കാളിത്തമെന്നത് വീടുകളില്‍ നിന്ന് ആരംഭിക്കണം. കുടുംബസംവിധാനത്തിലും ഭരണത്തിലും പുരുഷന്മാരോടൊപ്പം സ്ത്രീകള്‍ക്കും അധികാരം വേണം. ഈ പങ്കാളിത്തത്തിന് ഉത്തരവാദിത്വമുണ്ടാകും. സഭയില്‍ സ്ത്രീകളുടെ സ്ഥാനമെന്തെന്നു വിചിന്തനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. കേരളസഭയിലും സമുദായത്തിലും സ്ത്രീകളുടെ സ്ഥാനമെന്താണ്? ബൈബിളില്‍ നിരവധി വനിതാരത്‌നങ്ങളെക്കുറിച്ചു പറയുന്നുണ്ട്. ആ കാലത്തിന്റെ തുടര്‍ച്ച ഇപ്പോള്‍ ഇല്ലാതായോ എന്നു പരിശോധിക്കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി.
നല്ല സ്ത്രീകളാണ് കുടുംബത്തിന്റെ വിളക്കെന്ന് കെആര്‍എല്‍സിബിസി വനിതാ കമ്മീഷന്‍ സെക്രട്ടറി സിസ്റ്റര്‍ സെല്‍മ മേരി എഫ്‌ഐഎച്ച് ആമുഖപ്രസംഗത്തില്‍ പറഞ്ഞു. അഭ്യസ്തവിദ്യരും വിശുദ്ധരുമായ സ്ത്രീകളാണ് ദൈവത്തിന്റെ വിളക്ക്. വിശുദ്ധരായ അമ്മമാര്‍ നമുക്കുണ്ടായിരുന്നു. അവരിലൂടെയാണ് സമൂഹവും സഭയും ഉന്നതി പ്രാപിച്ചത്. മാതൃസാന്നിധ്യമാണ് ഒരു കുടുംബത്തിന് നന്മയും ശ്രേയസുമുണ്ടാക്കുന്നത്. നല്ല മാതൃസാന്നിധ്യം കുടുംബങ്ങളില്‍ വാര്‍ത്തെടുക്കാന്‍ നാം അക്ഷീണം പ്രയത്‌നിക്കണമെന്നും സിസ്റ്റര്‍ സെല്‍മ മേരി വ്യക്തമാക്കി.
അത്യാധുനിക ലോകത്തിന്റെ അനന്ത സാധ്യതകളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രൊഫ. ലിസ്ബ യേശുദാസ് പറഞ്ഞു. വഴിയോരങ്ങളില്‍ വലിച്ചെറിയപ്പെടേണ്ടവരല്ല സ്ത്രീകള്‍. മറിച്ച് അധികാരങ്ങളിലേക്കും ഉയരങ്ങളിലേക്കും എത്തേണ്ടവരാണെന്ന് പ്രൊഫ. ലിസ്ബ ചൂണ്ടിക്കാട്ടി.
സ്ത്രീകളുടെ ധൈര്യക്കുറവും മറ്റുള്ളവര്‍ തങ്ങളെക്കുറിച്ച് എന്തു വിചാരിക്കുമെന്ന തെറ്റിദ്ധാരണകളുമാണ് സ്ത്രീകളുടെ ബലഹീനതയെന്ന് കെആര്‍എല്‍സിസി സെക്രട്ടറി സ്മിത ബിജോയ് പറഞ്ഞു. വിശ്വാസവും പൊതുജീവിതവും എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അവര്‍. വിശ്വാസജീവിതത്തിനു സാക്ഷ്യം വഹിക്കാന്‍ വിളിക്കപ്പെട്ടവരാണ് നാമെന്ന ബോധ്യം ക്രൈസ്തവരായ സ്ത്രീകള്‍ക്കുണ്ടാകണം. പ്രവര്‍ത്തനങ്ങളില്‍ ദിശാബോധമില്ലെങ്കില്‍ എവിടെയും ചെന്നെത്താന്‍ സാധിക്കില്ല. സാങ്കേതികവിദ്യ ഏറെ വികസിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ വെല്ലുവിളികളും ഏറെയാണ്. നമ്മുടെ വിശ്വാസം നമ്മുടെ ജീവിതത്തിലൂടെയാണ് പൊതുജനത്തിന് ബോധ്യപ്പെടേണ്ടത്. സ്ത്രീകള്‍ക്കനുകൂലമെന്നു തോന്നിപ്പിക്കുന്ന ചില കോടതി വിധികള്‍ അടുത്തിടെ ഉണ്ടായിട്ടുണ്ട്. ഇതു പലതും വിശ്വാസജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണെന്ന് തിരിച്ചറിയണമെന്നും സ്മിതാ ബിജോയ് വ്യക്തമാക്കി.
അനീതികള്‍ക്കെതിരെ മൗനം പാലിക്കേണ്ടവരല്ല സ്ത്രീകളെന്ന് നവകേരളനിര്‍മിതിയും സ്ത്രീകളുടെ ഇടപെടലുകളും എന്ന വിഷയം അവതരിപ്പിച്ച പ്രൊഫ. ഐറിസ് കൊയ്‌ലോ അഭിപ്രായപ്പെട്ടു. ലത്തീന്‍സമുദായം വളരെ ശക്തമാണ്. എന്നാല്‍ വനിതകളുടെ സ്വരം കൂടി അവിടെ നിന്ന് ഉയര്‍ന്നുകേള്‍ക്കണം. രാഷ്ട്രീയ സ്വാധീനം വനിതകള്‍ സ്വായത്തമാക്കണം. പല കൂട്ടായ്മകളും നമ്മുടെ സ്ത്രീകളെ ഉപയോഗിക്കുകയും ഇരയാക്കുകയും ചെയ്യുകയാണ്. അത്തരം കൂട്ടായ്മകളിലല്ല നാം എത്തപ്പെടേണ്ടത്. വിനയം മാത്രം പോരാ, നീതിബോധവും വേണം. സ്ത്രീവിരുദ്ധമായ ഒരു സമൂഹത്തില്‍ നിന്ന് ഉദയംപേരൂര്‍ സൂനഹദോസിലെ കാനോനകളാണ് സ്ത്രീകളെ മോചിപ്പിച്ചത്. നമുക്ക് സ്വന്തമായ അഭിപ്രായങ്ങളുണ്ടാകണം. വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കണം. മക്കള്‍ക്കു പ്രചോദനമാകുകയും അവരോടൊപ്പം വളരുകയും വേണം. ആനി മസ്‌ക്രീനെപ്പോലുള്ള സ്ത്രീകള്‍ സമൂഹത്തില്‍ അവതരിപ്പിച്ച ഊര്‍ജവും അഭിമാനവും നാം തിരികെ കൊണ്ടുവരണം. നവകേരള നിര്‍മിതി വെറും പ്രളയാനന്തര നിര്‍മിതി ആകരുത്. വനിതകളുടെ മുന്നേറ്റത്തിനുള്ള ഒരു വേദി കൂടിയായി അതു മാറണമെന്നും പ്രൊഫ. ഐറിസ് കൊയ്‌ലോ പറഞ്ഞു.
സാധാരണ സ്ത്രീകളില്‍ നിന്നു വ്യത്യസ്തരും ശക്തരുമാണ് തീരദേശത്തെ സ്ത്രീകളെന്ന് സംഘടിത വനിതാ പ്രസ്ഥാനവും സാമൂഹിക നേതൃത്വവും എന്ന വിഷയത്തെ ആസ്പദമാക്കി പ്രബന്ധം അവതരിപ്പിച്ച സോഷ്യല്‍ ഡെവലപ്‌മെന്റ് സ്‌പെഷലിസ്റ്റ് സ്മിത മേരി പറഞ്ഞു. സ്വന്തം കാലില്‍ നില്‍ക്കുകയും കുടുംബം പോറ്റുകയും ചെയ്യുന്നവരാണവര്‍. 90 വയസുവരെ മത്സ്യകച്ചവടം നടത്തുന്നവരുണ്ട്. എന്നാല്‍ അവരുടെ ശക്തിതിരിച്ചറിയാന്‍ കഴിയാത്തതാണ് അവരുടെ ബലഹീനത. വെയിലും മഴയുമേറ്റ് അവഗണിക്കപ്പെട്ട ജീവിതങ്ങളാണ് അവരുടേത്. തങ്ങളുടെ കുടുംബം പോറ്റാന്‍ മത്സ്യകച്ചവടം നടത്തുന്ന അവര്‍ പലപ്പോഴും കൊള്ളപലിശയ്ക്ക് ഇരയാകുന്നു. ഈ തൊഴില്‍ ചെയ്യാന്‍ പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ തയ്യാറാകുന്നില്ല. പുതിയ തലുറയ്ക്ക് വിദ്യാഭ്യാസവും കുറവാണ്. പലരും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നു. ലക്ഷ്യബോധമില്ലാത്ത ജീവിതമാണ് അവര്‍ നയിക്കുന്നത്. അവരുടെ പരമമായ ലക്ഷ്യം വിവാഹം മാത്രമാണ്. അവരുടെ വിവാഹത്തിന് വലിയ തോതില്‍ സ്ത്രീധനം നല്കണം. വിവാഹകമ്പോളത്തില്‍ ആണിനു പൊന്‍വിലയാണ്. വളര്‍ത്തുകൂലിയാണ് സ്ത്രീധനം. അതോടെ പെണ്ണിനെ പ്രസവിക്കുന്നത് ഭാരമാണെന്ന തോന്നലുണ്ടാകുന്നു. ആത്മാഭിമാനവും വിദ്യാസമ്പന്നയും സ്വന്തം കാലില്‍ നില്ക്കാന്‍ ശേഷിയുള്ളതുമായ പെണ്‍മക്കളാണ് ഉണ്ടാകേണ്ടത്. അതിനുള്ള വഴികള്‍ കണ്ടെത്താന്‍ സമുദായനേതൃത്വവും സഭാനേതൃത്വവും തയ്യാറാകണം. വിദ്യാഭ്യാസമുള്ളവര്‍ക്കും മത്സ്യകച്ചവടം അന്തസുള്ള തൊഴിലാണെന്ന് ബോധ്യപ്പെടണം. അതിന്റെ വെല്ലുവിളികള്‍ അതിജീവിക്കുവാനുള്ള കരുത്തുണ്ടാകണം. പെണ്‍കുട്ടികളെ ഡ്രൈവിംഗ് പഠിപ്പിച്ച് സ്വന്തം വാഹനത്തില്‍ മത്സ്യകച്ചവടം നടത്താനുള്ള സഹായങ്ങള്‍ ചെയ്യണമെന്നും അവര്‍ വ്യക്തമാക്കി.
ഡോ. എല്‍.ജി ശ്രീജ മോഡറേറ്ററായിരുന്നു. ഷേര്‍ളി ജോണി, അല്‍ഫോന്‍സാ, അമല നെയ്യാറ്റിന്‍കര, പ്രമീള കൊല്ലം, ത്രേസ്യാമ്മ മാത്യു കൊല്ലം, റോസ്മാര്‍ട്ടിന്‍ വരാപ്പുഴ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.


Related Articles

മഹാദുരിതകാലത്തെ കടുംവെട്ട്

കൊറോണവൈറസ് അതിതീവ്ര വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ ഓക്‌സിജനും വെന്റിലേറ്ററും ജീവരക്ഷാമരുന്നുകളുമില്ലാതെ, ആശുപത്രികളില്‍ ഇടം കിട്ടാതെ രാജ്യതലസ്ഥാനത്തുതന്നെ അസംഖ്യം രോഗബാധിതര്‍ മരിച്ചുവീണുകൊണ്ടിരിക്കുമ്പോഴും, മോര്‍ച്ചറികളിലും ശ്മശാനങ്ങളിലും മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടികൊണ്ടിരിക്കുമ്പോഴും, മോദി

സാമൂഹ്യഅടുക്കള: അനാവശ്യ ഇടപെടല്‍ വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സാമൂഹ്യ അടുക്കളകളുടെ പ്രവര്‍ത്തനം ഔചിത്യപൂര്‍വം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. പ്രത്യേകം താല്‍പര്യംവച്ച് ആര്‍ക്കെങ്കിലും ഭക്ഷണം കൊടുക്കേണ്ട കാര്യമില്ല. അര്‍ഹരായവര്‍ക്കാണ് ഭക്ഷണം നല്‍കേണ്ടത്. പാവപ്പെട്ടവര്‍ക്കും

ശമ്പളം പിടിക്കുന്നതിന് കോടതി സ്‌റ്റേ

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേ. രണ്ടു മാസത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. മേയ് 20ന് കേസ് വീണ്ടും പരിഗണിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*