സ്ത്രീ (അ)ശക്തയോ?

സ്ത്രീ (അ)ശക്തയോ?

മാനവകുലത്തിന്റെ തന്നെ ചരിത്രം മാറ്റിയെഴുതപ്പെട്ടത് ഒരു പതിനാറുവയസുകാരി ദൈവഹിതത്തിനു നല്‍കിയ അതെ എന്ന പ്രത്യുത്തരത്തിലൂടെയാണ്. ഒരു സ്ത്രീയെന്ന നിലയില്‍ അഭിമാനിക്കുന്നവരും, അതോടൊപ്പം പരിതപിക്കുന്നവരും ഇന്നുണ്ട്. ഒരു ക്രൈസ്തവ വനിതയെന്ന നിലയില്‍ ഞാന്‍ എപ്രകാരമായിരിക്കണം? എന്റെ സ്വപ്‌നങ്ങള്‍ അഥവാ എന്നെക്കുറിച്ചുള്ള ദൈവികസ്വപ്‌നങ്ങള്‍ നിറവേറ്റുവാന്‍ എനിക്കീ ജന്മം സാധിക്കുമോ? തിരുവചനത്തിന്റെ വെളിച്ചത്തില്‍ ചിന്തിക്കാം…

സ്ത്രീത്വത്തിന്റെ മഹനീയത

അസാമാന്യ പ്രതിഭയോടെ സൃഷ്ടിക്കപ്പെട്ട ദൈവികസൃഷ്ടിയാണ് സ്ത്രീകള്‍. ജീവശാസ്ത്രപരമായും മാനസികമായും ആത്മീയമായും വിശുദ്ധഗ്രന്ഥം പരിശോധിക്കുകയാണെങ്കില്‍, ദൈവം തന്റെ രക്ഷാകരദൗത്യം പൂര്‍ത്തിയാക്കുവാനും, തന്റെ ദൈവികപദ്ധതിയില്‍ നിഗൂഢമായ വിവിധ ദൗത്യങ്ങള്‍ നിര്‍വഹിക്കുവാനും തിരഞ്ഞെടുത്തിരുന്നത് സ്ത്രീകളെയാണ് എന്നത് മനസിലാകും. പരിശുദ്ധ അമ്മ കഴിഞ്ഞാല്‍ സാമുവലിന്റെ അമ്മയായ ഹന്നാ, ദെബോറ, യൂദിത്ത്, എസ്തേര്‍, റൂത്ത് തുടങ്ങിയവരെല്ലാം ഈ ഗണത്തില്‍ ഉള്‍പ്പെടുന്ന ചിലരാണ് (CCC 489). അന്നും ഇന്നും ശക്തരായ സ്ത്രീനേതൃത്വങ്ങളായി കരുതപ്പെടുന്നവരാണ് ഇവരെല്ലാവരും. ഇവരുടെ ജീവിതങ്ങള്‍ നമുക്കൊന്നു പരിശോധിക്കാം.

ദൈവഹിതത്തോട്

‘യേസ് ‘ പറയാം, പരിശുദ്ധ കന്യാമറിയത്തെപ്പോലെ ഈ ലോകത്തില്‍ ചരിത്രം സൃഷ്ടിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം എന്തുകൊണ്ടും പരിശുദ്ധ അമ്മ തന്നെയാണ് ഉദാത്തമായ മാതൃക. പുരുഷനെ അറിയാതെ പരിശുദ്ധാത്മശക്തിയാല്‍ താന്‍ ദൈവപുത്രനു ജന്മം നല്‍കുമെന്ന അറിയിപ്പു ലഭിച്ചയുടനെ, ദൈവത്തിന് അസാധ്യമായി ഒന്നുമില്ല എന്നു വിശ്വസിച്ചുകൊണ്ട്, അവിടുത്തോട് ഇതാ കര്‍ത്താവിന്റെ ദാസി എന്ന് അമ്മ പ്രത്യുത്തരിച്ചു. പിന്നെ ഉണ്ടായത് ചരിത്രമാണ് എന്ന് നമുക്കറിയാം. രക്ഷകന് ജന്മം നല്‍കി പരിശുദ്ധ അമ്മ, നമുക്ക്, മാനവകുലത്തിനു മുഴുവന്‍, രക്ഷാഹേതുവായി തീര്‍ന്നു (CCC 494).

ഇപ്രകാരം നമ്മളെ ഓരോരുത്തരെയും കുറിച്ച് ദൈവത്തിന് ഒരു പദ്ധതി ഉണ്ട്. ഒരു നിശ്ചിത നിയോഗത്തോടെ ലോകത്തിലേയ്ക്ക് അയയ്ക്കപ്പെട്ടവരാണ് നമ്മള്‍. പലപ്പോഴും ജീവിതസാഹചര്യങ്ങള്‍ മൂലം ഇത് തിരിച്ചറിയുവാന്‍ നമ്മള്‍ക്കു സാധിക്കാതെ പോവുകയും നമ്മള്‍ക്കു നേടിയെടുക്കാനാവാത്ത സ്വപ്‌നങ്ങളെയും ആഗ്രഹങ്ങളെയും ഓര്‍ത്ത് പരിതപിച്ച് ശിഷ്ടജീവിതം തള്ളിനീക്കുകയും ചെയ്യുന്നു. ഈ അവസ്ഥ മറികടക്കണമെങ്കില്‍, പരിശുദ്ധ അമ്മയെപോലെ ആ ദൈവിക പദ്ധതി തിരിച്ചറിഞ്ഞ്, അവിടുത്തോട് ‘യേസ്’ പറയുവാനും നമുക്കായാല്‍ തീര്‍ച്ചയായും, ഈ ലോകത്തില്‍ നമ്മുടെ ജീവിതം സഫലമായി എന്നുറപ്പിക്കാം.

ദൈവം കടാക്ഷിച്ചനുഗ്രഹിച്ച ഹന്നായെ പോലെ ഹൃദയം തുറക്കാം ഏല്‍ക്കാനയുടെ രണ്ടു ഭാര്യമാരില്‍ ഒരാളിയിരുന്നു ഹന്നാ. സഹത്നി, പെനീനയ്ക്കു മക്കളുണ്ടായിരുന്നു, ഹന്നായ്ക്കാകട്ടെ മക്കള്‍ ഉണ്ടായിരുന്നുമില്ല. വന്ധ്യതയും അതിനെത്തുടര്‍ന്ന് മറ്റുള്ളവരില്‍ നിന്ന് കേള്‍ക്കേണ്ടിവന്ന കുത്തുവാക്കുകളും അവളെ മാനസികമായി തളര്‍ത്തിയിരുന്നു. എന്നിരുന്നാലും, ദുഃഖിതയായ ഹന്ന അഭയം പ്രാപിച്ചത് വിളിച്ചാല്‍ ഉപേക്ഷിക്കാത്ത കര്‍ത്താവിന്റെ സന്നിധിയിലാണ്. അവള്‍ ഹൃദയം നൊന്ത് കര്‍ത്താവിനോട് കരഞ്ഞപേക്ഷിച്ചു. പിന്നീടൊരിക്കലും അവളുടെ മുഖം മ്ലാനമായിട്ടില്ല എന്ന് തിരുവചനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. കര്‍ത്താവ് കടാക്ഷിച്ചു. ഹന്നയ്ക്ക് ഏല്‍ക്കാനായില്‍ ഒരു പുത്രനെ ലഭിച്ചു. അങ്ങനെ ഒരു പുതുജീവന്‍ ഭൂമിയിലേക്ക് കൊണ്ടുവരുവാന്‍ സ്ത്രീകള്‍ക്കു മാത്രമായി ദൈവം കൊടുത്തിരിക്കുന്ന ആ അപൂര്‍വ്വ ഭാഗ്യത്തിന് ഉടമയാകുവാന്‍ ഹന്നായ്ക്കും സാധിച്ചു. തലമുറകള്‍ സ്മരിക്കുന്ന സാമുവേല്‍ എന്ന ശക്തനായ പ്രവാചകനായിരുന്നു ഹന്നയാക്കു ലഭിച്ച ആ മകന്‍ (1സാമു 123).

ധീരയാകാം ദെബോറയെ പോലെ

ഇസ്രായേലില്‍ യഹോവയുടെ ഒരു പ്രവാചകയായിരുന്നു ദെബോറ. ദൈവത്തിന്റെ ജനത്തെ ധീരതയോടെ പിന്തുണച്ച ശക്തയായ ന്യായാധിപ. പുരാതന ഇസ്രയേലിനെ നയിച്ച ന്യായാധിപന്മാരില്‍ നാലാമത്തെ ന്യായാധിപയായിരുന്നു അവര്‍. ന്യായാധിപഗണത്തിലെ ഏക സ്ത്രീയും. ഇസ്രായേല്യര്‍ക്കിടയില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുവാനും ദൈവത്തിന്റെ സ്വരം ജനങ്ങളിലേക്കെത്തിക്കുവാനും ദൈവം ദെബോറയെ ഉപയോഗിച്ചു. മഹത്തായ ആത്മീയ ആഴവുമുള്ള ഒരു സ്ത്രീയായി ദെബോറയെ വിശുദ്ധഗ്രന്ഥം നിര്‍വചിക്കുന്നു (ന്യായാ 4,5).

ദൈവജനത്തെ തുണച്ച എസ്തേര്‍ രാജ്ഞിയെ പോലെ പ്രാര്‍ഥനയുടെ മനുഷ്യരാകാം

മൊര്‍ദെക്കായുടെ വളര്‍ത്തുമകളെ പോലെ ആയിരുന്ന യഹൂദയായ എസ്തേര്‍, രാജ്ഞി പദത്തിലെത്തിയ സംഭവം വിശുദ്ധഗ്രന്ഥത്തില്‍ നാം വായിക്കുന്നു. സാധാരണക്കാരിയായ തന്നെ എന്തിനായി ദൈവം രാജകൊട്ടാരത്തില്‍ ആക്കുന്നുവെന്നത് ഒരുപക്ഷെ ആദ്യം എസ്തേറിന് മനസിലായിട്ടുണ്ടാവില്ല. പിന്നീട് യഹൂദജനത്തെ അവരുടെ ഉന്മൂലനാശത്തില്‍ നിന്നു രക്ഷപ്പെടുത്തുവാന്‍ ദൈവകരങ്ങളിലെ ഉപകരണമാക്കി. അങ്ങനെ ദൈവഭക്തയും വിവേകമതിയുമായ എസ്തേര്‍ മാറുന്നു (എസ്തേ 8). ദൈവിക പദ്ധതി നിറവേറ്റാന്‍ മൂന്നു ദിവസം അവള്‍ കഠിനമായ ഉപവാസത്തിലും പ്രാര്‍ഥനയിലും കഴിഞ്ഞുകൂടുകയും അവിടുന്നില്‍ നിന്നു ധൈര്യം സ്വീകരിച്ചുകൊണ്ട് സ്വജനത്തെ രക്ഷിക്കുകയെന്ന തന്റെ ആവശ്യം അറിയിക്കുവാന്‍ എസ്തേര്‍ രാജാവിനെ സമീപിച്ചു.

ഇപ്രകാരം സ്ത്രീത്വത്തിന്റെ മഹനീയത വെളിവാക്കിക്കൊണ്ട് അവിടുത്തെ വലിയ പദ്ധതിയുടെ ഭാഗമാകുവാന്‍ വിളിക്കപ്പെട്ടവരാണ് സ്ത്രീകള്‍. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിലും, ധൈര്യം നഷ്ടപ്പെട്ടുപോകും എന്നു തോന്നുന്ന അവസരങ്ങളിലും, മനം തകരുന്ന അവസ്ഥകളിലുമെല്ലാം കര്‍ത്താവില്‍ മാത്രം ആശ്രയം തേടുവാനും, നമ്മുടെ സ്വപ്‌നങ്ങളെക്കാളുപരി ദൈവത്തിന്റെ തീരുമാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി, അഥവാ ദൈവികതീരുമാനങ്ങള്‍ നമ്മുടെ സ്വപ്‌നങ്ങളാക്കിക്കൊണ്ട് മുന്നേറിയാല്‍ ഈ ലോകജീവിതം സഫലമാകുമെന്നും ഇവരുടെ ജീവിതമാതൃക നമ്മെ പഠിപ്പിക്കുന്നു.

എന്നെയും കരുതുന്ന വിധിക്കാത്തവന്‍

ദൈവപരിഗണനയില്‍ ഇപ്രകാരം വിശുദ്ധ ജീവിതം നയിക്കല്‍ മാത്രമാണോ ഉള്ളതെന്ന് ഒരു നിമിഷം നാം ചിന്തിച്ചേക്കാം. എന്നാല്‍ പഴയനിയമത്തില്‍ ജീവനുള്ളവരുടെയെല്ലാം മാതാവെന്ന് (ഉത്പ 3:20) അറിയപ്പെടുന്ന ഹവ്വയും, അപകീര്‍ത്തിപരമായ കാര്യം ചെയ്തിട്ടും യേശുവിന്റെ വംശാവലിയില്‍ സ്ഥാനം പിടിച്ച താമാറും, പുതിയ നിയമത്തിലെ സമരിയാക്കാരി സ്ത്രീയും, പാപിനിയായ സ്ത്രീയും ഒക്കെ ദൈവപരിഗണനയില്‍, ദൈവകരുണയില്‍, ദൈവത്തിന്റെ അപരിമേയമായ സ്നേഹത്തില്‍ എല്ലാവര്‍ക്കും ഒരിടമുണ്ടെന്നു പഠിപ്പിക്കുന്നു. ”ഞാനും നിന്നെ വിധിക്കുന്നില്ല” (യോഹ 8:11) എന്നു പറഞ്ഞ് പാപാവസ്ഥയില്‍ കഴിഞ്ഞിരുന്ന വ്യഭിചാരിണിയായ സ്ത്രീയോടും, ”നിന്നോട് സംസാരിക്കുന്ന ഞാന്‍ തന്നെയാണ് അവന്‍” (യോഹ 4:26) എന്നു പറഞ്ഞ് താന്‍ മിശിഹാ ആണെന്ന് സ്വയംവെളിപ്പെടുത്തിക്കൊണ്ട് സമരിയാക്കാരി സ്ത്രീയോടും അവിടുന്നു കരുതലോടും കൂടി, ”Still I Love You” എന്നു പറഞ്ഞു. നമ്മെ വിധിക്കാതെ അവിടുന്ന് നമ്മെ അവിടുത്തെ ഹൃദയത്തോടു ചേര്‍ക്കുന്നു.

ക്രിസ്തുവിന്റെ വനിതാ ശിഷ്യഗണം

ക്രിസ്തുവിന്റെ ശുശ്രൂഷയില്‍ അനേകം വനിതകളും ക്രിസ്തുവിനോടൊപ്പം ദൈവരാജ്യപ്രവര്‍ത്തനത്തില്‍ വ്യാപൃതരായിരിക്കുന്നു (ലൂക്കാ 8:13). ഒരു ക്രൈസ്തവ വനിതയുടെ ജീവിതത്തില്‍ ക്രിസ്തുവാണ് എല്ലാ മാറ്റങ്ങള്‍ക്കും നിദാനം. ക്രിസ്തുവിനെ ഒരിക്കല്‍ തൊട്ടറിഞ്ഞവര്‍ പിന്നീട് പിന്തിരിഞ്ഞുനോക്കിയിട്ടില്ല. അവര്‍ അവിടുത്തെ അടുത്തനുകരിച്ചു. അവിടുത്തെ പ്രഘോഷിച്ചു. സമരിയാക്കാരി സ്ത്രീ, പൗലോസിന്റെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ട ലിദിയയും കുടുംബവും (അപ്പ 16:11), മഗ്ദലേന മറിയം തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം 15-ാം അദ്ധ്യായം 40, 41 വാക്യങ്ങളില്‍ യേശുവിനെ പിന്‍ഗമിച്ച ഒരുകൂട്ടം സ്ത്രീകളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. യേശുവിന്റെ കുരിശുമരണശേഷം ”ഇതെല്ലാം കണ്ടുകൊണ്ട് ദൂരെ കുറെ സ്ത്രീകളും നിന്നിരുന്നു. മഗ്ദലേന മറിയവും യോസെയുടെയും ചെറിയ യാക്കോബിന്റെയും അമ്മയായ മറിയവും സലോമിയും അക്കൂട്ടത്തിലുണ്ടായിരുന്നു. യേശു ഗലീലിയിലായിരുന്നപ്പോള്‍ അവനെ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തവരാണിവര്‍. കൂടെ അവനോടുകൂടെ ജെറുസലേമിലേക്കു വന്ന മറ്റനവധി സ്ത്രീകളും അവിടെയുണ്ടായിരുന്നു.”’ദൈവിക ശുശ്രൂഷയില്‍ സ്ത്രീകളുടെ ദൗത്യം ഇന്നും തുടരുന്നു…

ലെറ്റ് അസ് ഡ്രീം

വ്യക്തിപരമായ സന്തോഷങ്ങളും ആഗ്രഹങ്ങളുമൊക്കെ രണ്ടാം സ്ഥാനത്തേക്കുമാറ്റി താന്‍ ആയിരിക്കുന്നിടം മനോഹരമാക്കുവാന്‍ പരിശ്രമിക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. ഒരു നല്ല നാളേയ്ക്കായി സ്വപ്‌നം കണ്ടുകൊണ്ട്…വ്യത്യസ്തങ്ങളായ വേഷങ്ങള്‍ അഥവാ കര്‍ത്തവ്യങ്ങളാണ് ഇതിനായി സ്ത്രീകള്‍ വിവിധ മേഖലകളില്‍ ചെയ്തുവരുന്നത്.

കുടുംബത്തില്‍….

തിരുസഭയുടെ അടിസ്ഥാനഘടകമായ കുടുംബത്തില്‍ നിന്ന് ആരംഭിക്കുന്നു ഇവയെല്ലാം. ഒരു മകളായി, സഹോദരിയായി, അമ്മയായി… മാമോദീസ സ്വീകരിച്ച നമ്മളെല്ലാവരും സഭയുടെ ഭാഗമെന്ന നിലയില്‍ ഈ ഉത്തരവാദിത്വങ്ങള്‍ ദൈവഹിതപ്രകാരം നന്നായി ചെയ്യുവാനും അതുവഴി തിരുസഭയ്ക്ക് മുതല്‍ ക്കൂട്ടായി പ്രവര്‍ത്തിക്കുവാനും വിളിക്കപ്പെട്ടിരിക്കുന്നു. ഇപ്രകാരം നല്ല കുടുംബത്തില്‍ നിന്ന് വരുന്നതാണ് സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഓരോ വനിതയും.

സമൂഹത്തില്‍

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സ്ത്രീസാന്നിധ്യം അറിയിച്ചുകൊണ്ട് സ്ത്രീത്വത്തിന്റെ മഹനീയത വെളിവാക്കപ്പെടേണ്ടത് അനിവാര്യമാണെന്നത് പരിശുദ്ധ പിതാവ് തന്നെ വ്യക്തമാക്കുന്നുണ്ട്. (ഋഏ 20) സ്ത്രീ അബലയാണ്, അശക്തയാണ് എന്നൊക്കെ കരുതപ്പെട്ടിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് വ്യത്യസ്തമായ മേഖലകളില്‍ സ്ത്രീകള്‍ തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു. ഐഎഎസ്, ഐപിഎസ്, ഡോക്ടറേറ്റ് മുതല്‍ എന്തിന്, ആകാശം കീഴടക്കുവാന്‍ വരെ സ്ത്രീകള്‍ പ്രാപ്തരാണെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. ഈയിടെ തിരുവനന്തപുരം നഗരസഭയില്‍ സ്ഥാനമേറ്റ മേയര്‍ ആര്യാ രാജേന്ദ്രനും നമുക്ക് സുപരിചിതയും പ്രചോദനവുമാണ്. സമൂഹത്തില്‍ നന്മയ്ക്കുവേണ്ടി നമ്മെക്കൊണ്ട് സാധിക്കും വിധം കാതലായ ഒരു ദൗത്യം നിര്‍വ്വഹിക്കുവാന്‍ നിയുക്തരായവരാണ് നാമെങ്കില്‍ അതിന് പ്രായത്തിനോ മറ്റു ബാഹ്യമാനദണ്ഡങ്ങള്‍ക്കോ യാതൊരു പ്രസക്തിയുമില്ല.

സഭയിലും വിവിധങ്ങളായ അജപാലനശുശ്രൂഷാ മേഖലകള്‍ തുടങ്ങി സഭാപരമായ പ്രമുഖ ആലോചനാസമിതികളില്‍ വരെ സ്ത്രീകളുടെ സാന്നിധ്യം അനിവാര്യമായി ഇന്ന് തീര്‍ന്നിരിക്കുന്നു.

തിരുസഭയില്‍

തിരുസഭയില്‍ സ്ത്രീശാക്തീകരണ മേഖലയില്‍ വലിയൊരു മാറ്റം സൃഷ്ടിക്കപ്പെട്ടത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷമാണ്. സ്ത്രീത്വത്തിന്റെ മഹനീയതയ്ക്കും, സമൂഹത്തില്‍ സ്ത്രീകള്‍ക്കുള്ള പങ്കിനും കൂടുതല്‍ ഊന്നല്‍ സഭയില്‍ നല്‍കി തുടങ്ങിയത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലാണ്. തങ്ങള്‍ ആയിരിക്കുന്ന സാഹചര്യങ്ങളില്‍ പുളിമാവായി വര്‍ദ്ധിച്ചുകൊണ്ട് സഭയ്ക്ക് തങ്ങളുടേതായ സംഭാവനകള്‍ ചെയ്യുവാന്‍ നിയുക്തരാണ് നാം ഓരോരുത്തരും. കഴിഞ്ഞ നാളുകളില്‍ ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിലെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉന്നത പദവികളില്‍ സ്ത്രീകളെയും നിയോഗിക്കുകയുണ്ടായി. അതോടൊപ്പം അള്‍ത്താരയില്‍ ഇപ്പോള്‍ സ്ത്രീകള്‍ക്കും സഹായികളാകുവാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. സ്ത്രീകളുടെ നേതൃത്വമാണ് പ്രതിസന്ധികാലത്ത് പ്രതീക്ഷയുടെ വേറിട്ട അടയാളം. അവരാണ് ഭരണനിര്‍വഹണത്തില്‍ പുരുഷന്മാരെക്കാള്‍ മെച്ചം. അവര്‍ക്കു പ്രക്രിയകള്‍ മനസിലാകും. കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനറിയാം. വീട്ടമ്മമാര്‍ എന്നു സ്ത്രീകളെ വിശേഷിപ്പിക്കുന്നതു തരംതാഴ്ത്തലായി കരുതപ്പെടുന്നു. അത്തരത്തില്‍ ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ വീടു നടത്തുകയെന്നതു ചെറിയ കാര്യമല്ല. ഓരോ സമയത്തും പല കാര്യങ്ങള്‍ ചെയ്യണം. പല താല്‍പര്യങ്ങള്‍ ഒത്തുകൊണ്ടുപോകണം വഴക്കമുണ്ടാവണം. ഒരേസമയം അവര്‍ മൂന്നുഭാഷകള്‍ സംസാരിക്കണം: മനസ്സിന്റെയും, ഹൃദയത്തിന്റെയും, കൈകളുടേയും. കൊവിഡ് ലോക്ഡൗണ്‍ കാലത്തെ കാഴ്ചകളെ മുന്‍നിര്‍ത്തി ഫ്രാന്‍സിസ് പാപ്പ പുതിയ ലോകത്തെക്കുറിച്ചുള്ള ചിന്തകള്‍ പങ്കുവയ്ക്കുകയാണ്. ‘ലെറ്റ് അസ് ഡ്രീം’ എന്ന തന്റെ പുതിയ പുസ്‌കത്തില്‍.

ഇപ്രകാരമാണെങ്കിലും പല മേഖലകളിലും സ്ത്രീകള്‍ വിമര്‍ശിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്നുവെന്നത് നിരാകരിക്കാനാവില്ല. ഈയിടെ നടന്ന അഭയ കേസ് വിധിയില്‍ ശിക്ഷിക്കപ്പെട്ട സിസ്റ്റര്‍ സെഫിയുടെ അവസ്ഥ മാത്രം പരിഗണിക്കുകയാണെങ്കില്‍ നമുക്ക് ഇതു മനസിലാകും. എന്നിരുന്നാലും അവിടുത്തെ അനുഗമിക്കുന്നതില്‍ നിന്ന് ഒന്നും നമ്മെ തടസപ്പെടുത്താതിരിക്കട്ടെ.

ഇനി പരിഗണിക്കാം നമ്മുടെ മുന്‍ഗണനകള്‍

ജീവിതത്തിന്റെ നിരവധിയായ പ്രാരബ്ധങ്ങള്‍ക്കിടയില്‍ ഒരുപക്ഷേ പലര്‍ക്കും ഇവ്വിധം ദൈവേച്ഛയ്ക്കനുസൃതമായി തീരുക എന്നത് ഒരു വെല്ലുവിളിയായിരിക്കാം. ഒരു ക്രൈസ്തവ വനിത ഏറ്റവും ശക്തയായിരിക്കുന്നത് ക്രിസ്തുവിനോട് ചേര്‍ന്നിരിക്കുമ്പോള്‍, അല്ലെങ്കില്‍ ക്രിസ്തുവിലായിരിക്കുമ്പോഴാണ്. ദൈവം കല്പന ചെയ്ത പ്രതിഭ അഥവാ മഹനീയത സ്ത്രീയില്‍ വെളിവാക്കണമെങ്കില്‍ ചെയ്യേണ്ടത് എന്താണെന്നത് മാര്‍ത്താ-മറിയം സഹോദരിമാര്‍ നമ്മെ പഠിപ്പിക്കുന്നു (ലൂക്കാ 10:38). മാര്‍ത്ത പലതിനെകുറിച്ചും വ്യഗ്രചിത്തയും ഉല്‍ക്കണ്ഠാകുലയുമായിരുന്നു. എന്നാല്‍ മറിയത്തെപ്പോലെ വിവിധങ്ങളായ നമ്മുടെ മുന്‍ഗണനകള്‍ മാറ്റിവച്ച് എല്ലാറ്റിലുമുപരി അവിടുത്തെ വചനത്തില്‍ മനസുറപ്പിക്കുവാന്‍, അവിടുത്തോട് ചേര്‍ന്നിരിക്കുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നു. അതുകൂടാതെ ഗര്‍ഭിണിയായിരിക്കെ തന്റെ ചാര്‍ച്ചക്കാരി എലിസബത്തും കുഞ്ഞിനെ ഉദരത്തില്‍ വഹിക്കുന്നുവെന്ന് മാലാഖയുടെ സന്ദേശം ലഭിച്ചയുടനെ ആ പുണ്യവതിയെ സന്ദര്‍ശിച്ച് ഈശോയുടെ സാന്നിധ്യം അറിയിച്ച പരിശുദ്ധ കന്യാമറിയത്തെപോലെ, മറ്റുള്ളവരിലേക്ക് ഈശോയെ പകര്‍ന്നുനല്‍കുവാന്‍ എല്ലാറ്റിനുമുപരി നാം വിളിക്കപ്പെട്ടിരിക്കുന്നു, യാത്ര പ്രയാസമേറിയതാണെങ്കില്‍ കൂടി.

 

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

 

 

 

 

 

 


Related Articles

ചിത്രകലയിലെ മോഹനമുദ്ര

  സിനിമയ്ക്കു മുന്നോടിയായി ട്രെയിലറും ടീസറുമൊക്കെ വരും മുമ്പുള്ള കാലം. മലയാള സിനിമയില്‍ പരസ്യകലയുടെ കുലപതിയായി എസ്.എ നായര്‍ വെട്ടിത്തിളങ്ങി നില്‍ക്കുന്നു. ഏതാണ്ടതേ പ്രഭയോടെ സംവിധായകരായ പി.എന്‍

ഏകസ്ഥരുടെയും വിധവകളുടെയും സംഗമം

കോട്ടപ്പുറം: കോട്ടപ്പുറം ഫാമിലി അപ്പസ്തലേറ്റിന്റെ ആഭിമുഖ്യത്തില്‍ കോട്ടപ്പുറം വികാസില്‍ രൂപതയിലെ ഏകസ്ഥരുടെയും വിധവകളുടെയും സംഗമം നടത്തി. രൂപതയിലെ 27 ഇടവകയില്‍ നിന്നായി 400 പേര്‍ പങ്കെടുത്തു. ബിഷപ്

ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ: ആനന്ദലഹരിയായി ഒരു ദൈവം

ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ വിചിന്തനം:- ആനന്ദലഹരിയായി ഒരു ദൈവം (യോഹ 2: 1-11) കാനായിലെ അത്ഭുതം യേശുവിന്റെ ആദ്യ അടയാളമാണ്. തൻ്റെ പിതാവിന്റെ കാര്യത്തിൽ വ്യാപൃതനാകാൻ വേണ്ടി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*