സ്പിരിത്തൂസ് ദോമിനി

സ്പിരിത്തൂസ് ദോമിനി

കൊവിഡ് മഹാമാരി മൂലം ലോകം മുഴുവനും ലോക്ഡൗണായ കാലത്ത് അദ്ധ്യാപനം നടന്നത് ഓണ്‍ലൈന്‍ വഴിയാണല്ലോ. നൂറിലധികം വരുന്ന അല്മായര്‍ക്കായി നടക്കുന്ന ഒരു ഓണ്‍ലൈന്‍ കാനോന്‍ ലോ കോഴ്‌സില്‍ ഞാനും ചില ക്ലാസ്സുകള്‍ നല്‍കുകയുണ്ടായി. അല്മായരുടെ അവകാശങ്ങളും കടമകളും എന്നതായിരുന്നു അതില്‍ ഒരു വിഷയം. ആ ക്ലാസ്സിനുശേഷം അതില്‍ പങ്കെടുത്ത ഒരു പെണ്‍കുട്ടിയില്‍ നിന്ന് എന്റെ വാട്ട്‌സ്ആപ്പ് നമ്പറിലേയ്ക്ക് ഒരു ചോദ്യം വോയ്‌സ് മെസ്സേജായി വന്നു: ”കാനോന്‍ നിയമത്തിലെ (ഇകഇ1983) 230-ാം കനോന ഒന്നാം ഖണ്ഡികയില്‍ അല്മായര്‍ക്കായി അനുവദിച്ചിരിക്കുന്ന തിരുപ്പട്ട കൂദാശ ആവശ്യമില്ലാത്ത ചില ശുശ്രൂഷകള്‍ നിര്‍വ്വഹിക്കുന്നതിലേയ്ക്ക് ”വായന, അള്‍ത്താര ശുശ്രൂഷകള്‍” (ങശിശേെൃശല െീള ഘലരീേൃ മിറ അരീഹ്യലേ) ”സ്ഥിരമായവിധം”സ്വീകരിക്കുന്നതില്‍ നിന്ന് എന്തുകൊണ്ട് സ്ത്രീകളെ മാറ്റിനിര്‍ത്തിയിരിക്കുന്നു? എല്ലാ ക്രിസ്തീയ വിശ്വാസികളുടെയും ഇടയില്‍ യഥാര്‍ത്ഥ സമത്വം നിലനില്‍ക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും (ഇകഇ, ഇമി. 208; ഇഇഋഛ, ഇമി. 11) എന്തുകൊണ്ടാണ് തിരുസഭയില്‍ അല്മായരുടെ അടിസ്ഥാന അവകാശങ്ങളുടെയും കടമകളുടെയും ഈ നിയമഭാഗത്ത് സ്ത്രീ-പുരുഷ അസമത്വം ഇന്നും നിലനില്‍ക്കുന്നത്?” ഇത്ര മനോഹരമായ ചോദ്യം ഉന്നയിച്ചതിന് ഞാന്‍ ആ പെണ്‍കുട്ടിയെ അഭിനന്ദിക്കുകയാണുണ്ടായത്. എന്നോട് ചോദ്യമുന്നയിച്ച ആ കുട്ടിയുടെയും അതുപോലെയുള്ള മറ്റനേകം പേരുടെയും ന്യായമായ ആവശ്യങ്ങള്‍ക്കുള്ള പ്രതിവിധിയാണ് ഫ്രാന്‍സിസ് പാപ്പയുടെ ”കര്‍ത്താവിന്റെ ആത്മാവ്” (ടുശൃശൗേ െഉീാശിശ) എന്ന ഏറ്റവും പുതിയ കാനോന്‍ നിയമ ഭേദഗതിയിലൂടെ കൈവന്നിരിക്കുന്നത്.

വിശുദ്ധ ജോണ്‍ പോള്‍ പാപ്പ 1983ല്‍ വിളംബരം ചെയ്ത കാനോന്‍ നിയമസംഹിതയിലെ (CIC1983) 224 മുതല്‍ 231 (CCEO, ഇമി. 726) വരെയുള്ള കാനോനകള്‍ കത്തോലിക്കാ സഭയിലെ അല്മായരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ചുള്ള നിയമങ്ങളാണ്. അതില്‍, 230-ാം കാനോനയുടെ ഒന്നാം ഖണ്ഡിക പുരുഷന്മാരായ അല്മായര്‍ക്ക് മെത്രാന്മാരുടെ സമിതിയുടെ തിരുമാനം മാനിച്ച് വചനശുശ്രൂഷയും (Ministry of Lector) അള്‍ത്താരശുശ്രൂഷയും (Ministry of Acolyte) ”സ്ഥിരമായവിധം” സ്വീകരിക്കാന്‍ അനുവദിക്കുന്നു. ഓരോ രാജ്യത്തെയും ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ തിരുമാനപ്രകാരം മെത്രാന്മാരാണ് തങ്ങളുടെ രൂപതകളില്‍ അജപാലനപരമായ ആവശ്യമനുസരിച്ച് ഈ വചന-അള്‍ത്താര ശുശ്രൂഷകരെ പ്രത്യേക ആരാധനക്രമത്തിലൂടെ നിയമിക്കുന്നത്. വൈദികരുടെ കടുത്ത ക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ ഇപ്രകാരം നിയമിക്കപ്പെടുന്നവരുടെ ശുശ്രൂഷകള്‍ അവിടെയുള്ള ജനങ്ങള്‍ക്ക് അനുഗ്രഹപ്രദമായ രീതിയില്‍ കാര്യക്ഷമതയോടെ നിര്‍വ്വഹിക്കപ്പെടുന്നു. ഇതേ നിയമത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ഖണ്ഡികകളിലായി പ്രസ്തുത ശുശ്രൂഷകള്‍ ”താല്‍ക്കാലികമായി,” അതേസമയം നിയമപരമായിതന്നെ, നിര്‍വ്വഹിക്കാന്‍ സ്ത്രീകളും കൂടി ഉള്‍പ്പെടുന്ന എല്ലാ അല്മായര്‍ക്കും അനുവാദം നല്‍കുന്നു. എന്നാല്‍ അവര്‍ക്ക് നല്‍കിയിരുന്നത് സ്ഥിരമായ ശുശ്രൂഷ നിര്‍വ്വഹണത്തിനുള്ള അനുവാദം എന്നതിലുപരി താല്‍ക്കാലിക നിയമനങ്ങളാണ്. പ്രസ്തുത അല്മായ ശുശ്രൂഷകള്‍ നിര്‍വ്വഹിക്കുന്നതിലേയ്ക്കുള്ള നിയമനത്തില്‍ കാനോന്‍ ലോയിലുണ്ടായിരുന്ന ഈ സ്ത്രീ-പുരുഷ വ്യത്യാസമാണ് 2021 ജനുവരി 10ന് ഒപ്പുവയ്ക്കപ്പെട്ട ഫ്രാന്‍സിസ് പാപ്പയുടെ ‘സ്പിരിത്തൂസ് ദോമിനി’ (Spirit of the Lord) എന്ന ഏറ്റവും പുതിയ അപ്പസ്തോലിക ഉത്തരവ് വഴി ഇല്ലാതായിരിക്കുന്നത്. മുകളില്‍ സൂചിപ്പിച്ച ലത്തീന്‍ കാനോന്‍ നിയമസംഹിതയിലെ 230-ാം കനോനയിലെ പ്രഥമ ഖണ്ഡികയിലാണ് പാപ്പ നിയമഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. പ്രസ്തുത നിയമത്തില്‍ ഉണ്ടായിരുന്ന ”പുരുഷന്മാരായ അല്മായര്‍” എന്ന വാക്കുകള്‍ മാറ്റി സ്ത്രീ-പുരുഷന്മാര്‍ തുടങ്ങി എല്ലാവരും ഉള്‍ക്കൊള്ളുന്ന ”അല്മായര്‍” എന്ന പദം മാത്രം നിലര്‍ത്തിയാണ് ഭേദഗതി അനുവദിച്ചിരിക്കുന്നത്. പ്രാബല്യത്തില്‍ വന്നിരിക്കുന്ന പുതിയ നിയമമനുസരിച്ച് മെത്രാന്മാരുടെ സമിതി തീരുമാനിക്കുന്ന വയസ്സും യോഗ്യതയുമുള്ള സ്ത്രീ-പുരുഷന്മാരെ ഓരോ രൂപതയിലെയും അജപാലനപരമായ ആവശ്യങ്ങളനുസരിച്ച് വചന-അള്‍ത്താര ശുശ്രൂഷകളിലേയ്ക്ക് മെത്രാന്മാര്‍ക്ക് നിയമിക്കാവുന്നതാണ്.

കാനോന 230ന്റെ ചരിത്രപശ്ചാത്തലം

ചരിത്രപശ്ചാത്തലം പരിശോധിക്കുകയാണെങ്കില്‍, തിരുസഭയുടെ ആരംഭം മുതല്‍ തന്നെ കൂദാശകളുടെ പരികര്‍മ്മം നിര്‍വ്വഹിച്ചുവരുന്നത് തിരുപ്പട്ടങ്ങള്‍ സ്വീകരിച്ചിട്ടുള്ള ക്ലേരിമാര്‍ തന്നെയാണ്. എന്നാല്‍ വൈദികരുടെ ദൗര്‍ലഭ്യം പോലുള്ള അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ മാത്രം ലത്തീന്‍ സഭയില്‍ അല്മായര്‍ക്ക് ഔദ്യോഗിക സാക്ഷി എന്ന നിലയില്‍ വിവാഹം നടത്തികൊടുക്കുവാന്‍ അനുവാദമുണ്ടായിരുന്നു, അതും ചുമതലപ്പെട്ട മേലധികാരികളാല്‍ നിയമിക്കപ്പെട്ടവര്‍ക്ക് മാത്രം. 1917ലെ ലത്തീന്‍ നിയമസംഹിത വൈദികരുടെ ദൗര്‍ലഭ്യം മൂലമുണ്ടാകുന്ന അഭാവത്തില്‍ ജ്ഞാനസ്നാനം പരികര്‍മ്മം ചെയ്യാനും (CIC 1917, Can. 742-743) വിവാഹത്തിന് ഔദ്യോഗിക സാക്ഷിയാകാനും (CIC 1917, Can. 1098) ‘അസാധാരണ ശുശ്രൂഷകരെ” നിയമിക്കാന്‍ അനുവദിച്ചിട്ടുണ്ട്. ഇപ്പോള്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന വചന-അള്‍ത്താര ശുശ്രൂഷകള്‍ (Ministries of Lector and Acolyte) 1917ലെ സഭാനിയമപ്രകാരവും പരമ്പരാഗതവുമായി പുരോഹിതാര്‍ഥികള്‍ തിരുപ്പട്ടതിനു മുന്‍പ് സ്വീകരിച്ചിരുന്ന ”ചെറുപട്ടങ്ങള്‍” (Minor Orders) ആയിരുന്നു. അതുപോലെ, സബ്-ഡീക്കന്‍ (Subdeacon), ഭൂതോച്ചാടകന്‍ (Exorcist), ദേവാലയ സൂക്ഷിപ്പുകാരന്‍ (Porter) തുടങ്ങിയവയും വൈദികാര്‍ഥികള്‍ ഡീക്കന്‍ പട്ടത്തിനു മുന്‍പ് സ്വീകരിച്ചിരിക്കേണ്ടിയിരുന്ന ചെറുപട്ടങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു (CIC1917, Can.949).

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലോടുകൂടി സഭയില്‍ ദൈവശാസ്ത്ര പഠനങ്ങള്‍ക്ക് പുതിയ വ്യാഖ്യാനങ്ങളും അര്‍ത്ഥതലങ്ങളും കൈവന്നു. തല്‍ഫലമായി, വൈദികരുടെ അഭാവത്തിലോ വൈദികകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ അവര്‍ക്ക് എന്തെങ്കിലും കാര്യമായ തടസങ്ങളോ നിരോധനമോ ഉള്ളപ്പോഴോ ചുമതലപ്പെട്ട അധികാരികളുടെ അനുവാദത്തോടെ മാത്രം അല്മായര്‍ക്ക് വൈദികര്‍ അനുവര്‍ത്തിക്കുന്നതും എന്നാല്‍ തിരുപ്പട്ട കൂദാശ ആവശ്യമില്ലാത്തതുമായ ചില ശുശ്രൂഷകള്‍ നിര്‍വഹിക്കാം എന്ന് വത്തിക്കാന്‍ കൗണ്‍സിലില്‍ പഠനങ്ങളുണ്ടായി (Lumen Get-nium, n. 35; Apostolicam Actuositatem, n. 24.) അതിനെ തുടര്‍ന്നാണ് സഭയില്‍ തിരുപ്പട്ട കൂദാശകളുടെ ക്രമങ്ങളില്‍ നവീകരണം ഉണ്ടാകുന്നത്. 1972ല്‍ ചില ശുശ്രൂഷകള്‍ (മിനിസ്തേരീയ ക്യൂയേദാമം) എന്ന അപ്പസ്തോലിക ലേഖനം വഴി വിശുദ്ധ പോള്‍ ആറാമന്‍ പാപ്പ ചെറുപട്ടങ്ങളെയെല്ലാം ”പൗരോഹിത്യത്തിലേയ്ക്കുള്ള ചെറു-പദവികള്‍” (Minor Orders) എന്ന വിഭാഗത്തില്‍ നിന്ന് ഒഴിവാക്കി, അവയെല്ലാം കൂടി സഭയിലെ രണ്ടു പ്രധാന ശ്രുശ്രൂഷകളാക്കി (Ministries of Lector and Acolyte) പുനഃപ്രതിഷ്ഠിച്ചു. പരമ്പരാഗതമായി തിരുപ്പട്ടക്രമങ്ങളുടെ ഭാഗമായിരുന്ന ചെറുപട്ടങ്ങളെ അവയില്‍ നിന്ന് അടര്‍ത്തിമാറ്റി ശുശ്രൂഷകളായി രൂപപ്പെടുത്തിയതുവഴി പുരുഷന്മാരായ അല്മായര്‍ക്കു ചുമതലപ്പെട്ട സഭാധികാരികള്‍ നിശ്ചയിക്കുന്ന യോഗ്യതകള്‍ക്കനുസരിച്ച് അവസ്വീകരിക്കാനും ആവശ്യമുള്ളിടത്ത് ശുശ്രൂഷകള്‍ നിര്‍വ്വഹിക്കുവാനും കൂടുതല്‍ അവസരമുണ്ടായി. അജപലനശുശ്രൂഷ നിര്‍വ്വഹണത്തിലെ അല്മായരുടെ ഈ പങ്കാളിത്തം 1983ല്‍ പുതിയ കാനോനിക സംഹിത നിലവില്‍ വന്നപ്പോള്‍ ഉയര്‍ത്തിപ്പിടിക്കുകയാണുണ്ടായത്. എന്നിരുന്നാലും പ്രസ്തുത നിയമമനുസരിച്ച് ഈ ശുശ്രൂഷകള്‍ ”സ്ഥായിയായി”സ്വീകരിക്കാന്‍ പുരുഷന്മാരായ അല്മായര്‍ക്കു മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. ക്രിസ്തുഹിതത്താലും പരമ്പരാഗതമായും തിരുസഭയുടെ ആരംഭം മുതല്‍ നാളിന്നു വരെ പൗരോഹിത്യം പുരുഷന്മാര്‍ക്ക് മാത്രമാണ് നല്‍കിവരുന്നതിനാലും പ്രസ്തുത ശുശ്രൂഷകള്‍ പൗരോഹിത്യക്രമങ്ങളുടെ ഭാഗമായി പൗരോഹിത്യാര്‍ഥികള്‍ക്ക് മാത്രം നല്കിയിരുന്നതിലുമാണ് ഇപ്രകാരം ഒരു നിയമം മെനയപ്പെട്ടത്. പക്ഷെ അവിടെ പ്രത്യേകം അനുസ്മരിക്കേണ്ടിയിരുന്ന ഒരു കാര്യം, അവ അപ്പോള്‍ തിരുപ്പട്ട സ്വീകരണം ലക്ഷ്യംവെച്ചു നല്‍കുന്ന ചെറുപട്ടങ്ങളല്ലാതായി മാറിയിരുന്നു എന്ന വസ്തുതയായിരുന്നു. എങ്കില്‍പ്പോലും, ഇവിടെയും ”താല്‍ക്കാലികമായിട്ടാണെങ്കിലും” സ്ത്രീകളുടെ അജപാലന ശുശ്രൂഷാനിര്‍വ്വഹണ പങ്കാളിത്തം നിയമം വഴി ഉറപ്പാക്കുന്നുണ്ട് (ഇകഇ, ഇമി. 230 ങ്ങങ്ങ 2 & 3). ഇതിന്റെയൊരു തുടര്‍ച്ചയായിട്ടാണ് ഫ്രാന്‍സിസ് പാപ്പ ഏറ്റവും നവീനമായ കാനോന്‍ നിയമഭേദഗതിയിലൂടെ അല്മായരുടെ അനുവദനീയമായ അജപാലനശുശ്രൂഷകളുടെ നിര്‍വ്വഹണത്തില്‍ സ്ത്രീകള്‍ക്കുള്ള പങ്കാളിത്തം സ്ഥിരപ്പെടുത്തുന്നത്. അതുവഴി ഈ നിയമത്തിലുണ്ടായിരുന്ന സ്ത്രീ-പുരുഷ അന്തരം എടുത്തുകളഞ്ഞതും.

നിയമഭേദഗതിയിലേയ്ക്ക് നയിച്ച ദൈവശാസ്ത്ര പശ്ചാത്തലം

സ്പിരിത്തൂസ് ദോമിനി എന്ന അപ്പസ്തോലിക ഉത്തരവ് നല്‍കിയതിനെത്തുടര്‍ന്ന് വിശ്വാസ തിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ലൂയിസ് ഫ്രാന്‍സിസ്‌കോ ലഡാരിയ ഫെറര്‍ക്ക് അയച്ച കത്തില്‍ ഫ്രാന്‍സിസ് പാപ്പ കാനോന്‍നിയമ ഭേദഗതിയിലേയ്ക്കു തന്നെ നയിച്ച ദൈവശാസ്ത്ര കാരണങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. തിരുസഭയില്‍ നിലനില്‍ക്കുന്ന വിവിധ തരം ശുശ്രൂഷകളെക്കുറിച്ച് പൗലോസ് അപ്പസ്തോലന്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളതാകുന്നു (റോമ. 12, 4f; 1 കൊറി. 12, 12f). തിരുപ്പട്ട കൂദാശകളിലാണ് അവയില്‍ ചില ശുശ്രൂഷകളുടെ ഉത്ഭവം അടങ്ങിയിരിക്കുന്നത്. മറ്റ് ശുശ്രൂഷകള്‍ തിരുസഭയില്‍ തന്നെ ”സ്ഥാപിതമായിരിക്കുന്ന”വയുമാണ്. അവ വിശ്വാസികളുടെ നന്മയ്ക്കും തിരുസഭയുടെ വളര്‍ച്ചയ്ക്കുമായി നിര്‍വ്വഹിക്കുന്നതിനുവേണ്ടി, ജ്ഞാനസ്നാനം, സ്ഥൈര്യലേപനം എന്നീ കൂദാശകള്‍ സ്വീകരിച്ച് ഉചിതമായ തയ്യാറെടുപ്പുകള്‍ ലഭിച്ച വ്യക്തികള്‍ക്ക് മെത്രാന്‍മാര്‍ പ്രത്യേക ആരാധനക്രമത്തിലൂടെ ചുമതലപ്പെടുത്തിനല്‍കുന്നു. ആദ്യത്തേതിനെ ”തിരുപ്പട്ട” ശുശ്രൂഷകള്‍ (”Ordained’ ministries) എന്നും, രണ്ടാമത്തേതിനെ ”അല്മായ” ശുശ്രൂഷകള്‍ (Lay / Instituted’ ministries) എന്നും വ്യത്യസ്തമായി മനസിലാക്കുന്നു. അതുപോലെ, പ്രത്യേക ആചാരമൊന്നും കൂടാതെ തന്നെ സമൂഹത്തിലെ പല അംഗങ്ങളും മറ്റു പല സഭാസേവനങ്ങളും ഓഫീസുകളും വളരെ ഫലപ്രാപ്തിയോടെ ദീര്‍ഘകാലമായി സഭയുടെ നന്മയ്ക്കായി നിര്‍വ്വഹിക്കുന്നുമുണ്ട്.

ജ്ഞാനസ്നാന കൂദാശയില്‍ തനതായി അടങ്ങിയിരിക്കുന്ന ക്രിസ്തുവിന്റെ പൗരോഹിത്യ-രാജകീയ ദൗത്യത്തിന്റെ പ്രത്യേക പ്രതിഫലനങ്ങളാണ് ”അല്മായ” ശുശ്രൂഷകള്‍ (1 പത്രോ. 2, 9). എന്നാല്‍, തിരുപ്പട്ട കൂദാശകളില്‍ നിന്നാണ് ദൈവജനത്തിലെ ചില അംഗങ്ങളായ മെത്രാന്മാരും പുരോഹിതന്മാരും സഭയുടെ ശിരസായ ക്രിസ്തുവിന്റെ സ്ഥാനത്തു നിന്ന് പ്രവര്‍ത്തിക്കാനുള്ള ദൗത്യവും പ്രാപ്തിയും സ്വീകരിക്കുന്നതും, ഡീക്കന്മാര്‍ ദൈവജനത്തെ വചനത്തിലൂടെയും ആരാധനാക്രമത്തിലൂടെയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെയും ശുശ്രൂഷിക്കുവാന്‍ നിയോഗിക്കപ്പെടുന്നതും. ദൈവശാസ്ത്രപരമായ ഈ അടിസ്ഥാന വ്യത്യാസമാണ് പരികര്‍മ്മത്തിന് തിരുപ്പട്ട കൂദാശകള്‍ ആവശ്യമില്ലാത്ത ശുശ്രൂഷകളെ വൈദിക-ശുശ്രൂഷളില്‍ നിന്ന് വേര്‍പ്പെടുത്തി അവയെ അല്മായ-ശുശ്രൂഷളാക്കി വിശുദ്ധ പോള്‍ ആറാമന്‍ പാപ്പ സ്ഥാപിച്ചത്. ദൈവശാസ്ത്രപരമായ ഇക്കാരണങ്ങളും, പോള്‍ ആറാമന്‍ പാപ്പയുടെ ചരിത്രപരമായ കാനോനിക-അജപാലന ഇടപെടലും, അതോടൊപ്പം ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ എല്ലാ അല്മായര്‍ക്കുമായി അനുവദിച്ച താല്‍ക്കാലിക നിയമനങ്ങളുമാണ് തിരുസഭയില്‍ അജപാലനപരമായ പ്രത്യേക സന്ദര്‍ഭങ്ങളില്‍ അല്മായ ശുശ്രൂഷകള്‍ നിര്‍വ്വഹിക്കാനാവശ്യമായ ”സ്ഥായിയായ” അധികാരം തങ്ങളുടെ മെത്രാന്‍മാരില്‍നിന്ന് പുരുഷന്മാരോടൊപ്പം സ്ത്രീകള്‍ക്കും സ്വീകരിക്കാനുള്ള നിയമഭേദഗതി കൊണ്ടുവരുന്നതിന് കാരണമായിട്ടുള്ളത്. 2019ല്‍ നടന്ന ആമസോണിയ സിനഡ് ഉള്‍പ്പെടെ, മെത്രാന്മാരുടെ സമീപകാല സിനഡുകള്‍ എല്ലാംതന്നെ തിരുപ്പട്ട ശുശ്രൂഷകളില്‍ നിന്ന് അല്മായ ശുശ്രൂഷകളെ വേര്‍പെടുത്തേണ്ട ആവശ്യകതയെക്കുറിച്ചു ചര്‍ച്ച ചെയ്തിട്ടുള്ളത് ഈ നിയമഭേദഗതി കൊണ്ടുവരുന്നതിന് ഫ്രാന്‍സിസ് പാപ്പയെ സഹായിച്ചിട്ടുണ്ട്.

നിയമഭേദഗതി സ്ത്രീ-പൗരോഹിത്യത്തിലേയ്ക്കുള്ള വഴിതുറക്കലല്ല

ഫ്രാന്‍സിസ് പാപ്പ എന്താണീ ചെയ്യുന്നതെന്നും, സഭ എങ്ങോട്ടാണ് പോകുന്നതെന്നും പലരും ചിന്തിക്കുന്നുണ്ടാകും! തിരുസഭ ഒരേസമയം ദൈവികവും മാനുഷികവുമാണെന്ന കാര്യം നമ്മള്‍ മറന്നുപോകരുത്. മാനുഷികമായ ബലഹീനതയുടെ പാപക്കറകള്‍ സഭയില്‍ അവിടെയും ഇവിടെയുമായി കാണാമെങ്കിലും പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ ഫ്രാന്‍സിസ് പാപ്പായും മെത്രാന്മാരും തിരുസഭയെ നേരായ വഴിയില്‍ തന്നെയാണ് വഴിനടത്തുന്നത്. സ്ത്രീകള്‍ക്ക് വചന-അള്‍ത്താര ശുശ്രൂഷകള്‍ നല്‍കുന്നത് സ്ത്രീ-പൗരോഹിത്യം സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി ഒരിക്കലും കാണേണ്ട കാര്യമില്ല. കാരണം ക്രിസ്തു സ്വഹിതപ്രകാരം സ്ഥാപിച്ച പൗരോഹിത്യം എന്ന കൂദാശയില്‍ എന്തെങ്കിലും മാറ്റംവരുത്താന്‍ സഭ സ്വയംഅര്‍ഹയല്ല എന്ന സത്യം വിശുദ്ധ പോള്‍ ആറാമന്‍ പാപ്പ വ്യക്തമാക്കിയിട്ടുള്ളതാകുന്നു (Response of Pope Paul VI on November 30, 1975 to the Canterbury Archbishop of Anglican Church for his decision to give ordination to women, in AAS 68 (1976), p. 599 600). അപ്പസ്തോലന്മാരുടെ സമയം മുതലുള്ള സഭയുടെ മഹത്തായ പാരമ്പര്യം പരിശോധിക്കുമ്പോള്‍ സഭയുടെ ശിരസായ ക്രിസ്തു പകര്‍ന്നുനല്‍കിയ കൃപയുടെ കൂദാശകള്‍ വിശ്വസ്തതയോടെ മാത്രമാണ് അവള്‍ കൈകാര്യം ചെയ്തിട്ടുള്ളതെന്ന് വ്യക്തമാണ്. ഒരു കാരണവശാലും ഇവിടെ സ്ത്രീകളുടെ മഹത്വം സഭ കുറച്ചുകാണുന്നില്ല. മറിച്ച്, സഭയുടെ ശിരസായ യേശുനാഥന്റെ പദ്ധതികളെ വിശ്വസ്തതാപൂര്‍വ്വം നിര്‍വ്വഹിക്കുന്നുവെന്നേയുള്ളൂ. ശുശ്രൂഷാ പരോഹിത്യവുമായി ബന്ധപ്പെട്ടിട്ടില്ലെങ്കിലും, സഭയുടെ ജീവിതത്തിലും ദൗത്യത്തിലും സ്ത്രീകളുടെ സാന്നിധ്യവും കര്‍ത്തവ്യങ്ങളും അത്യന്താവശ്യവും ഒഴിച്ചുകൂടാനാവാത്തതുമാണെന്നു സഭ പഠിപ്പിക്കുന്നു. സമൂഹത്തിന്റെ നവീകരണത്തിനും മാനുഷികവത്ക്കരണത്തിനും സഭയുടെ യഥാര്‍ത്ഥ മുഖത്തെ വിശ്വാസികള്‍ വീണ്ടും കണ്ടെത്തുന്നതിനും സ്ത്രീകള്‍ നല്‍കുന്ന പങ്ക് പരമ പ്രാധാന്യമുള്ളതാണ് (Congregation for the Doctrine of the Faith, Declaration, Inter Insigniores, on the Question of Admission of Women to the Ministerial Priesthood, N.6, 1976).

അവസാനമായി

ഒരു കാര്യം അടിവരയിട്ട് പറഞ്ഞുകൊണ്ട് ഈ ലേഖനം സമാപിപ്പിക്കുന്നു. സഭ ഒരു പുതിയ ദൈവശാസ്ത്രം അവതരിപ്പിക്കുന്നുവെന്നും, ഇത്രയും കാലം പഠിപ്പിച്ചിരുന്നത് തെറ്റായിരുന്നുവെന്നും വെറുതെ പോലും ധരിക്കരുത്. കാരണം, സഭയുടെ ദൈവശാസ്ത്ര സിദ്ധാന്തങ്ങളും, പ്രബോധനങ്ങളും, പഠനങ്ങളും അടിസ്ഥാനപരമായി മാറ്റമില്ലാത്തതാകുന്നു. തിരുസഭാ സ്ഥാപകനും തിരുസഭയുടെ ശിരസുമായ ക്രിസ്തുനാഥന്‍ അപ്പസ്തോലന്മാര്‍ വഴി പകര്‍ന്നുതന്ന എല്ലാ സത്യങ്ങളും വിശ്വാസപൂര്‍വ്വവും വിശ്വസ്തതയോടെയും നൂറ്റാണ്ടുകളായി തലമുറകള്‍ കൈമാറിവന്നിട്ടുള്ളതാണ്. ഓരോ കാലഘട്ടത്തിന്റെയും ഓരോ പ്രാദേശിക സഭയുടെ അജപാലനപരമായ ആവശ്യങ്ങള്‍ അനുസരിച്ചും ദൈവജനത്തിന്റെ അനുഗ്രഹത്തിനും തിരുസഭയുടെ നന്മയ്ക്കുമായി സഭയുടെ ചുമതലപ്പെട്ട അധികാരികള്‍ അവയെ വ്യാഖ്യാനിച്ചുനല്‍കുകയും വിവിധ ശുശ്രൂഷകരിലൂടെ പ്രവൃത്തിപഥത്തില്‍ എത്തിക്കുകയും ചെയ്യുന്നു. അതില്‍ നമ്മള്‍ സന്തോഷിക്കുകയും സഹകരിക്കുകയും ദൈവത്തിന് നന്ദി പറയുകയുമാണു വേണ്ടത്.

ആവശ്യത്തിന് വൈദികര്‍ ഇല്ലാത്ത മിഷന്‍ മേഖലകളിലും, വൈദികരുടെ വലിയ അഭാവമുള്ള മറ്റു സ്ഥലങ്ങളിലും, വൈദികപ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനമുള്ള രാജ്യങ്ങളിലും, അജപാലനപരമായി അത്യാവശ്യമുള്ള സ്ഥലങ്ങളിലും അസാധാരണ സാഹചര്യങ്ങളില്‍ ദൈവജനത്തിന്റെ നന്മയ്ക്കായി വചനശുശ്രൂഷ നടത്തുക, ജ്ഞാനസ്നാനം പരികര്‍മ്മം ചെയ്യുക, വിവാഹകര്‍മ്മങ്ങള്‍ക്ക് ഔദ്യോഗിക സാക്ഷിയാകുക (CIC, Can. 1116- 2; CCEO, Can. 832 – 2), പരിശുദ്ധ കുര്‍ബ്ബാന നല്‍കുക, ആശീര്‍വാദം കൂടാതെ പരിശുദ്ധ കുര്‍ബ്ബാന ആരാധനയ്ക്കായി എഴുന്നള്ളിച്ചുവച്ചിട്ട് തിരികെ സക്രാരിയില്‍ എടുത്തുവയ്യ്ക്കുക, ചില കൂദാശാനുകരണങ്ങള്‍ (Sacramentals) അനുഷ്ഠിക്കുക (C-I-C, Can. 1168), എന്നീ വിവിധ ”അല്മായ ശുശ്രൂഷകള്‍”ക്കായി (Ministries of Lector and Acolyte) ജ്ഞാനസ്നാനവും സ്ഥൈര്യലേപനവും സ്വീകരിച്ചിട്ടുള്ള അല്മായരില്‍ നിന്ന് സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ബിഷപ്‌സ് കോണ്‍ഫറന്‍സ് തീരുമാനപ്രകാരമുള്ള യോഗ്യരെ തിരഞ്ഞെടുത്ത് പ്രത്യേക ഒരുക്കത്തിനുശേഷം നിശ്ചയി
ക്കപ്പെട്ടിരിക്കുന്ന ആരാധനക്രമത്തിലൂടെ സ്ഥിരമായി മെത്രാന്മാര്‍ക്ക് നിയമിക്കാവുന്നതാണ്.

ജ്ഞാനസ്നാനം സ്വീകരിച്ചിരിക്കുന്ന എല്ലാ വിശ്വാസികളിലും അടങ്ങിയിരിക്കുന്ന പൊതുപൗരോഹിത്യവും (common priesthood) ക്ലേരിമാരുടെ ശുശ്രൂഷാ പൗരോഹിത്യവും (ministerial priesthood) പരസ്പരബന്ധിതമാണ്, കാരണം ഓരോരുത്തരും അവരവരുടേതായ പ്രത്യേക രീതിയില്‍ ക്രിസ്തുവിന്റെ ഏകപൗരോഹിത്യത്തില്‍ പങ്കാളികളാണ് (Second Vatican Council, Lumen Gentium, n. 10). അതിനാല്‍, ക്രിസ്തുവിന്റെ മൗതിക ശരീരമായ തിരുസഭയിലെ എല്ലാ അംഗങ്ങളും സഭയുടെ പ്രേഷിതദൗത്യം ഫലപ്രദമായി നിര്‍വ്വഹിക്കുന്നതിനും ദൈവജനത്തിന്റെ ഉന്നമനത്തിനുമായി സഹകരിച്ചു പ്രവര്‍ത്തിക്കണം എന്നാണ് സഭാമാതാവ് ആഗ്രഹിക്കുന്നത്. ഫ്രാന്‍സിസ് പാപ്പ പറയുന്നതുപോലെ, വചന-അള്‍ത്താര ശുശ്രൂഷകള്‍ വൈദികരാകാന്‍ ഒരുങ്ങുന്നവര്‍ക്കും അല്മായരില്‍ സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും സ്വീകരിക്കാന്‍ സാധിക്കുമെന്നതിനാലും, ക്രിസ്തുവിന്റെ ഏകപൗരോഹിത്യ ശുശ്രൂഷകള്‍ ദൈവജനത്തിനായി ”പരസ്പര പങ്കാളിത്തതോടെ പ്രവര്‍ത്തിക്കേണ്ട” ആവശ്യകത മനസിലാക്കി നിര്‍വ്വഹിക്കാന്‍ സഭയിലെ എല്ലാ ശുശ്രൂഷകര്‍ക്കും സാധിക്കട്ടെ.

ലത്തീന്‍ കാനോന്‍ നിയമസംഹിതയിലെ 230-ാം കാനോനയുടെ ഒന്നാം ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്ന ഭേദഗതി അല്മായ ശുശ്രൂഷാ നിര്‍വ്വഹണത്തില്‍ അല്‍മായരുടെ ഇടയില്‍ നിലന്നിരുന്ന അസമത്വം ഇല്ലാതാക്കുന്നതുപോലെ തന്നെ, പ്രസ്തുത കാനോന്‍നിയമ ഭേദഗതി സ്ത്രീകളുടെ യഥാര്‍ത്ഥ മഹത്ത്വം നിയമപരമായി ഉയര്‍ത്തി നിര്‍ത്തിയ ഒരു മഹനീയ കൃത്യമായും തിരുസഭയുടെ ചരിത്രത്തില്‍ എന്നും അനുസ്മരിക്കപ്പെടും, ഒപ്പം ഫ്രാന്‍സിസ് പാപ്പ എന്ന നാമവും.

(ആലുവ കാര്‍മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയിലെ അസോസിയേറ്റ് പ്രഫസറാണ് (കാനോന്‍ ലോ) ലേഖകന്‍)

 

 

 


Tags assigned to this article:
Pope Francisspiritus domini

Related Articles

തീരജനതയുടെ സംരക്ഷണംസര്‍ക്കാരുകളുടെ ധാര്‍മികബാധ്യത -ഷാജി ജോര്‍ജ്

കൊച്ചി: 1991ല്‍ തീരനിയന്ത്രണ നിയമം രൂപപ്പെടുന്നതിനു മുമ്പ് തീരത്ത് വസിച്ചിരുന്ന മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും നിയമസംവിധാനങ്ങളും ധാര്‍മികമായി ബാധ്യസ്ഥരാണെന്ന് കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ്

മലബാറിന്റെ പൂന്തോട്ടത്തിലേക്ക് നിറമനസ്സോടെ

മൂന്നു നൂറ്റാണ്ടുകള്‍ക്കുമുമ്പ് വിരചിതമായ ‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ അഥവാ ‘മലബാറിന്റെ പൂന്തോട്ടം’ സസ്യശാസ്ത്ര പഠനരംഗത്ത് നിത്യവിസ്മയമായ വിശിഷ്ഠ ഗ്രന്ഥമാണ്. അതോടൊപ്പം തന്നെ, പല കാരണങ്ങളാല്‍ ചരിത്രത്തില്‍ വിവാദങ്ങളുടെ തിരയടങ്ങാത്ത

‘ഭൂമി നമ്മുടെ അമ്മ’ ഫ്രാന്‍സിസ് പാപ്പായുടെ പുതിയ പുസ്തകം

വത്തിക്കാന്‍ സിറ്റി: നമ്മുടെ പൊതുഭവനമായ ഭൂമിയുടെ സംരക്ഷണത്തിന് ഭൂമിയോടും അതിലെ മനുഷ്യരോടും ജീവജാലങ്ങളോടുമുള്ള സമീപനത്തില്‍ ആഴമായ മറ്റങ്ങള്‍ നിര്‍ദേശിക്കുന്ന ഫ്രാന്‍സിസ് പാപ്പായുടെ പുതിയ പുസ്തകം ‘ഭൂമി നമ്മുടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*