Breaking News

സ്പ്രിംക്ലര്‍: സര്‍ക്കാരിനോട് സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ കോടതി

സ്പ്രിംക്ലര്‍: സര്‍ക്കാരിനോട് സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ കോടതി
കൊച്ചി: സ്പ്രിംക്ലര്‍ വെബ്‌സൈറ്റിലൂടെ ശേഖരിക്കുന്ന ആരോഗ്യവിവരങ്ങള്‍ സുരക്ഷിതമാണെന്നു സര്‍ക്കാരിന് ഉറപ്പുനല്‍കാനാകുമോയെന്ന് ഹൈക്കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് 24ന് പരിഗണിക്കുന്നതിന് മാറ്റിവച്ചു.
കൊവിഡ് പകര്‍ച്ചവ്യാധി മാറുമ്പോള്‍ മറ്റൊരു ഡാറ്റ പകര്‍ച്ചവ്യാധി ഉണ്ടാകരുത്, സ്പ്രിംക്ലര്‍ സോഫ്ട്‌വെയര്‍ വഴി ശേഖരിക്കുന്ന ഒരു രേഖപോലും ചോരുന്നില്ലെന്ന് ഉറപ്പുവരുത്തുക സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ഹൈക്കോടതി പറഞ്ഞു. ഏതു സാഹചര്യത്തിലാണ് നിയമവകുപ്പിന് ഫയല്‍ കൈമാറാതെ സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടത് എന്നു വ്യക്തമാക്കണം. കമ്പനിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും കേസുണ്ടായാല്‍ അത് ന്യൂയോര്‍ക്കിലാക്കിയത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കണം.
നോണ്‍ ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റ് ഉള്‍പ്പടെ കരാര്‍ വ്യവസ്ഥകള്‍ ഉണ്ടെന്നു സര്‍ക്കാര്‍ വിശദീകരിച്ചെങ്കിലും ഇതു സാധാരണ കരാറുകളിലെ വ്യവസ്ഥയാണെന്നും അത് ലംഘിച്ചാല്‍ കേസ് നടത്താന്‍ സര്‍ക്കാര്‍ ന്യൂയോര്‍ക്കില്‍ പോകുമോ എന്നും കോടതി ചോദിച്ചു. എന്തെങ്കിലും ഒരു വിവരച്ചോര്‍ച്ച ഉണ്ടായാല്‍ സാധാരണക്കാര്‍ സര്‍ക്കാരിനെയായിരിക്കും പ്രതിക്കൂട്ടിലാക്കുക. അവര്‍ക്ക് ന്യൂയോര്‍ക്കില്‍ പോയി കേസ് നടത്താന്‍ പറ്റുമോ? ആരോഗ്യ വിവരങ്ങളുടെ സ്വകാര്യത വളരെ പ്രധാനപ്പെട്ടതാണ്. ചോരുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ് എന്നും കോടതി വ്യക്തമാക്കി.
ഇന്ന് രാവിലെ കേസ് പരിഗണിക്കുമ്പോള്‍ സ്പ്രിംക്ലര്‍ മുഖേന ശേഖരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ സുരക്ഷിതമാണെന്നു ഉറപ്പുനല്‍കാനാകുമോ എന്നായിരുന്നു സര്‍ക്കാരിനോട് കോടതി ചോദിച്ചത്. നിര്‍ണായകമായ ഡാറ്റകള്‍ ഒന്നും ഈ സോഫ്ട്‌വെയര്‍ വഴി സര്‍ക്കാര്‍ ശേഖരിക്കുന്നില്ല എന്ന വാദമാണ് സര്‍ക്കാര്‍ കോടതിയില്‍ ഉയര്‍ത്തിയത്. എന്തുകൊണ്ട് ഈ കമ്പനിയെ കരാര്‍ ഏല്‍പിച്ചു എന്ന ചോദ്യത്തിന് അസാധാരണമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കേണ്ടിവന്നതിനാലാണ് ഇതുസംബന്ധിച്ച തീരുമാനം എടുക്കേണ്ടിവന്നത് എന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വിശദീകരണം.
80 ലക്ഷം ആളുകളുടെ വിവരങ്ങള്‍ വിശകലനം ചെയ്യേണ്ടിവന്നേക്കാവുന്ന സാഹചര്യമുണ്ട്. സംസ്ഥാനത്തിന്റെ സൗകര്യങ്ങള്‍ ഇത്ര വലിയ ഡാറ്റാ വിശകലനത്തിന് പര്യാപ്തമല്ലത്തതിനാലാണ് സ്പ്രിംക്ലറിനെ ഏല്‍പിക്കേണ്ടി വന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. രോഗികളുടെ എണ്ണം പൊതുവെ കുറവായ സാഹചര്യത്തില്‍ ഈ കമ്പനിയുടെ സേവനം സ്വീകരിക്കുന്നത് എന്തിനെന്നു ചോദിച്ച കോടതി ഇപ്പോഴും സ്പ്രിംക്ലര്‍ മുഖേനയാണോ ഡേറ്റകള്‍ കൈകാര്യം ചെയ്യുന്നത് എന്നും ആരാഞ്ഞിരുന്നു.
സ്പ്രിംക്ലറിനെതിരെ അമേരിക്കയില്‍ ഡേറ്റ മോഷണത്തിന് കേസുണ്ടെന്നും കരാര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോടതിയിലെത്തിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ബഞ്ച് സര്‍ക്കാരിനോട് വിശദീകരണം തേടിയത്. അഭിഭാഷകനായ ബാലു ഗോപാലാണ് ഹൈക്കോടതിയെ സമീപിച്ചത്. കരാറിനെക്കുറിച്ച് കേന്ദ്ര ഏജന്‍സിയെക്കൊണ്ട് ഫോറന്‍സിക് ഓഡിറ്റ് നടത്തണം. ഇതുവരെ ശേഖരിച്ച ഡേറ്റകള്‍ സ്പ്രിംക്ലറിന് കൈമാറരുത്. കോവിഡ് രോഗികളുടെ വിവരശേഖരണം സര്‍ക്കാര്‍ ഏജന്‍സിക്ക് കൈമാറണം തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിക്കാരന്‍ കോടതിയില്‍ ഉയര്‍ത്തിയിരിക്കുന്നത്.


Related Articles

നെയ്യാറ്റിന്‍കര രൂപത സില്‍വര്‍ ജൂബിലിക്ക് കാഹളം മുഴങ്ങി

റവ.ഡോ. ഗ്രിഗറി ആര്‍ബി നെയ്യാറ്റിന്‍കര രൂപതാസ്ഥാപനത്തിന്റെ 24-ാം വാര്‍ഷികവും രൂപതാധ്യക്ഷനായ ഡോ. വിന്‍സെന്റ് സാമുവേലിന്റെ മെത്രാഭിഷേകത്തിന്റെ 24-ാം വാര്‍ഷികവും സമുചിതം ആഘോഷിച്ചു. രൂപതാ സ്ഥാപന ദിനമായ നവംബര്‍

ദേവസഹായം ലോകക്രൈസ്തവ സഭയ്ക്കാകെ അഭിമാനം – ബിഷപ് ഡോ. അലക്‌സ് വടക്കുംതല

എറണാകുളം: മേയ് 15-ന് വിശുദ്ധ പദത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന ഇന്ത്യയിലെ പ്രഥമ അല്മായ വിശുദ്ധനും രക്തസാക്ഷിയുമായ ദേവസഹായം ഭാരതസഭയ്ക്കു മാത്രമല്ല ലോക ക്രൈസ്തവസഭയ്ക്കാകമാനം അഭിമാനമാണെന്ന് ബിഷപ് ഡോ. അലക്‌സ്

കെ സി ബി സി മദ്യവിരുദ്ധ ദിനാ ചരണം നടത്തി

കാലടി; കേരള കത്തോലിക്ക സഭ മാർച്ച് 14 മദ്യവിരുദ്ധ ഞായർ ആയി ആചരിച്ചു. കേരളത്തിലെ സീറോ മലബാർ, ലത്തീൻ, മലങ്കര ഇടവകകളിലും, സ്ഥാപനങ്ങളിലും ഇടയലേഖനം വായിച്ചു.മദ്യസംസ്കാരത്തെ പ്രോൽസാഹിപ്പിക്കുന്ന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*