സ്മരണകളില്‍ ധനുമാസ കുളിരു കോരുന്ന ക്രിസ്മസ് ഗാനങ്ങള്‍

ക്രിസ്മസ് സംഗീതത്തിന്റെ ഉത്സവം കൂടിയാണ്. ഏറ്റവുമധികം ഭാഷകളില്‍ കൂടുതല്‍ ഗാനങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് ക്രിസ്മസുമായി ബന്ധപ്പെട്ടാണ്. ക്രിസ്മസ് വിഷയമായി ഇറങ്ങിയിട്ടുള്ള ഗാനങ്ങളുടെ വൈവിധ്യം മറ്റൊരു ആഘോഷങ്ങളുമായി ബന്ധപ്പെട്ട പാട്ടുകള്‍ക്കും ഉണ്ടായിട്ടില്ല. ലോകത്തിലെ പ്രശസ്തരായ എല്ലാ ഗായകരും ബാന്‍ഡുകളും ക്രിസ്മസ് പാട്ടുകളും ആല്‍ബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. മലയാളത്തിലും അനേകം ക്രിസ്മസ് ഗാനങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. മലയാളികള്‍ ഏറ്റവുമധികം കേട്ടിട്ടുള്ളത് ജിം റീവ്സ്, ബോണിഎം, എല്‍വിസ് പ്രെസ്ലി എന്നിവരുടെ ക്രിസ്മസ് ഗാനങ്ങളാണ്. പ്രശസ്ത സംഗീതോപകരണ വിദഗ്ദ്ധരായ റിച്ചാര്‍ഡ് ക്ലേഡര്മാന്, കെന്നിജി, ജെയിംസ് ഗാല്‍വേ, ലിയോനാ ബോയ്ഡ് തുടങ്ങിയവരൊക്കെ തങ്ങളുടെ ഇഷ്ട സംഗീതോപകരണങ്ങളിലൂടെ ക്രിസ്മസ് ഈണങ്ങള്‍ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. ലോക സംഗീത ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം തവണ റെക്കോര്‍ഡ് ചെയ്ത ഗാനങ്ങളുടെ പട്ടികയില്‍ സൈലന്റ് നൈറ്റ് എന്ന വിഖ്യാത ക്രിസ്മസ് ഗാനവുമുള്പ്പെടുന്നു. ബേത്ലെഹേമിലെ കാലിത്തൊഴുത്തിനു സമീപം മാലാഖമാര്‍ പാടിയ ഗാനങ്ങളുടെ അനുരണനങ്ങള്‍ പോലെ ക്രിസ്മസ് ഗാനങ്ങള്‍ ഇന്നും പിറന്നു കൊണ്ടേയിരിക്കുന്നു.മലയാളത്തിലെ തങ്ങളുടെ ഇഷ്ടക്രിസ്മസ് ഗാനങ്ങളെ കുറിച്ച് പ്രമുഖഗായകരും സംഗീതജ്ഞരും എഴുത്തുകാരും

കെ .എസ്. ചിത്ര (ഗായിക)
ഉണ്ണീശോയ്ക്ക് ഞാന്‍ താരാട്ട് പാടിയപ്പോള്‍
ഗാനമേളകള്‍ നടക്കുമ്പോള്‍ ചിലപ്പോള്‍ സദസില്‍ നിന്നും ചിലപാട്ടുകള്‍ പാടാന്‍ ആവശ്യമുയരും. പക്ഷേ പാട്ടുപുസ്തകമില്ലാതെ എനിക്ക് പാടാന്‍ ഇപ്പോഴും ചെറിയ പേടിയുണ്ട്. എന്നാല്‍ പാട്ടുപുസ്തകം ഇല്ലാതെ എനിക്ക് പാടാന്‍ കഴിയുന്ന മൂന്നു പാട്ടുകളില്‍ ഒന്ന് ഒരു ക്രിസ്മസ് ഗാനമാണ്. ജസ്റ്റിന് പനയ്ക്കലച്ചന് നമുക്ക് നല്കിയ അനശ്വരഗാനമായ ‘പൈതലാം യേശുവേ’ എന്ന ഗാനം. എത്ര ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തിയാലും ഞാനാ പാട്ട് പാടും. പുസ്തകമില്ലാതെ, പരിശീലനമില്ലാതെ. ആ പാട്ട് എന്റെ മനസില്‍ അത്രയേറെ പതിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരത്ത് സംഗീതകോളേജില്‍ പഠിക്കുന്ന കാലത്താണ് ഈ പാട്ടു പാടാന്‍ ദൈവം എനിക്കു ഭാഗ്യം നല്‍കുന്നത്. ദാസേട്ടനാണ് (യേശുദാസ്) ജസ്റ്റിനച്ചനോട് എന്റെ കാര്യം പറയുന്നത്. തരംഗിണിയുടെ സ്നേഹപ്രവാഹം എന്ന കാസറ്റിലെ ബാക്കി 11 പാട്ടുകളും റെക്കോര്‍ഡ് ചെയ്തു കഴിഞ്ഞശേഷം ജസ്റ്റിനച്ചന്‍
ദാസേട്ടനോട് പറഞ്ഞു, ഇനി എനിക്ക് ഒരു താരാട്ടുപാട്ടു പാടാന്‍ ഒരു ഗായികയെ വേണം. അങ്ങനെ ഞാന്‍ സ്റ്റുഡിയോയിലെത്തി. അച്ഛനോടൊപ്പം സ്റ്റുഡിയോയിലെത്തിയ എന്ന വാത്സല്യമുള്ള ഒരു ചിരിയോടുകൂടി ജസ്റ്റിനച്ചന്‍ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. പാട്ടു പഠിപ്പിച്ചു തന്നു. എന്നിട്ടു പറഞ്ഞു, യേശുദേവന്റെ അമ്മയുടെ മടിയില്‍ ഉണ്ണീശോ കിടക്കുന്ന രംഗം മനസില്‍ ധ്യാനിച്ചു നോക്കുക. എന്നിട്ട് ഒരു കുഞ്ഞിനെ ഉറക്കുന്നതുപോലെ പാടുക.
പാട്ടു പഠിച്ച ശേഷം എനിക്ക് ഒരുങ്ങാന്‍ കുറച്ചു സമയം തന്നു. അതു കഴിഞ്ഞ് ജസ്റ്റിനച്ചന്‍ പറഞ്ഞു, നമുക്കൊന്നു പാടിനോക്കാം. ഞാന്‍ അല്പം പരിഭ്രമത്തോടെ പാടാന്‍ കയറി. അച്ചന് ടേക് പറഞ്ഞു. ഞാന്‍ പാടിത്തീര്‍ത്തു. എങ്ങനെയുണ്ടെന്ന് അച്ചനോട് ചോദിച്ചു. മനോഹരമായ ഒരു പുഞ്ചിരിയുമായി എന്റെ അടുത്തെത്തി ജസ്റ്റിനച്ചന്‍ പറഞ്ഞു, ഞാന്‍ മനസില്‍ കരുതിയതിനേക്കാള്‍ നന്നായി മോള് പാടി. ദാസേട്ടനും പാട്ടു കേട്ടു. വളരെ നന്നായിരിക്കുന്നുവെന്നു പറഞ്ഞു. അങ്ങനെ മലയാളത്തിലിറങ്ങിയിട്ടുള്ള ക്രിസ്മസ് പാട്ടുകളില്‍ മനോഹരമായ ഒരു ഗാനം പാടാന്‍ എനിക്ക് ഭാഗ്യമുണ്ടായി.
ഇന്നും ഗാനമേളകളില്‍ ഈ ഗാനം ഞാന്‍ പതിവായി പാടുന്നു. നെയ്യാറ്റിന്‍കര രൂപതാംഗമായ ഫാ. ജോസഫ് പാറാംകുഴി എഴുതിയതാണ് ഈ ഗാനം.
ജെറി മാസ്റ്ററോടുമൊപ്പം (ജെറി അമല്‍ദേവ്) ഒരു ക്രിസ്മസ് ആല്‍ബം പുറത്തിറക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഓഡിയോ ട്രാക്സ് എന്ന ഞങ്ങളുടെ സ്വന്തം കമ്പനി പുറത്തിറക്കിയ ഗ്ലോറിയ എന്ന ആല്‍ബത്തില്‍ ക്രിസ്മസ് ഗാനങ്ങള്‍ മാത്രമാണുള്ളത്. ലോകപ്രശസ്ത ക്രിസ്മസ് ഗാനങ്ങള്‍ക്ക് മലയാളം വരികള്‍ എഴുതി ജെറി മാസ്റ്റര്‍ ഒരുക്കിയ ഗ്ലോറിയായിലെ എല്ലാ ഗാനങ്ങളും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഈ ആല്‍ബത്തിനായി ലത്തിന് ഭാഷയിലെ ഒരു ഗാനവും മാസ്റ്റര്‍ എന്നെ പഠിപ്പിച്ചു. അറലേെല ളശറലഹല െഎന്ന പാട്ടിലൂടെ ഞാന്‍ ലത്തീന്‍ ഭാഷയും പഠിച്ചു. എത്ര സുന്ദരമായാണ് ജെറിമാസ്റ്റര് ലത്തീന്‍ ഭാഷയില്‍ പാടുന്നത്? ഓരോ വാക്കിന്റെയും ഉച്ചാരണവും അര്‍ത്ഥവും പറഞ്ഞുപഠിപ്പിച്ച ശേഷമാണ് എന്നെക്കൊണ്ട് ലത്തീന്‍ പാട്ട് പാടിപ്പിച്ചത്. ലത്തീന്‍ പാട്ട് പാടാന്‍ കഴിഞ്ഞതും ക്രിസ്മസ് കാലത്തുതന്നെയാണ്. വിഖ്യാത ഗാനമായ Mary’s Boy Child ന് ഒരു മലയാളം പതിപ്പും ജെറി മാസ്റ്റര്‍ ഒരുക്കിത്തന്നു.
അന്നൊരുനാള്‍ ബേത്ലെഹേമില്‍
പിറന്നു പൊന്നുണ്ണി
മേരി സൂനു ഈശജന്‍
പിറന്നു ക്രിസ്മസ് നാള്
കൊവിഡ് പ്രതിസന്ധിയെ നേരിടുന്ന ഈ ക്രിസ്മസ് കാലത്ത് മനോഹരങ്ങളായ ഈ പാട്ടുകള്‍ നിങ്ങള്‍ക്ക് ഏവര്‍ക്കും പ്രത്യാശയേകട്ടെ എന്നാശംസിക്കുന്നു.

ജെന്‍സി ഗ്രിഗറി (ഗായിക)
ഒരു മുറിയില്‍ ആലേഖനം ചെയ്യപ്പെട്ട പാട്ട്
ക്രിസ്മസ് കാലം ഗാനമേളകളുടെ കാലമായിരുന്നു. പതിനൊന്നു വയസുള്ളപ്പോള്‍ കലാഭവന്റെ കുട്ടികളുടെ ഗാനമേള സംഘത്തില്‍ അംഗമാകാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. അതുകൊണ്ട് ക്രിസ്മസ് അവധിക്കാലത്ത് എല്ലാ ദിവസവും ഗാനമേളകള്‍ ഉണ്ടാകും. ക്രിസ്മസ് കാലം വേദികളില്‍ നിന്നും വേദികളിലേക്കുള്ള ഓട്ടത്തിന്റേതായിരുന്നു. പിന്നെ പാതിരാകുര്‍ബാനയും ദേവാലയ ഗായകസംഘവും എല്ലാം മനോഹര ഓര്‍മകള്‍ തന്നെ. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ക്രിസ്മസ് ഗാനം സൈലന്റ് നൈറ്റാണ്. എത്ര കേട്ടാലും മതിവരാത്ത ഗാനം. മറ്റൊരുഗാനം കാലിത്തൊഴുത്തില്‍ പിറന്നവനെ എന്നതാണ്. ഗാനമേളകളില്‍ അനേകം വേദികളില്‍ ഈ പാട്ടുപാടാന്‍ കഴിഞ്ഞിട്ടുണ്ട്. ശാന്തരാത്രി തിരുരാത്രി എന്നു തുടങ്ങുന്ന ഗാനവും കുറെ വേദികളില്‍ പാടിയിട്ടുണ്ട്. ഞാന്‍ പാടിയിട്ടുള്ള പാട്ടുകളില്‍ ഏറ്റവും ഇഷ്ടമുള്ള കുറെ പാട്ടുകളുണ്ട്.
തരംഗിണിയുടെ സ്നേഹസന്ദേശം എന്ന ആല്‍ബത്തിലെ
പാരില്‍ പിറന്നു ദേവന്
കന്യകാ മേരിതന്‍ പുത്രനായ്
എന്ന ഗാനം എന്റെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണ്. ഡൊമിനിക് മനക്കില് എഴുതി റവ. ഡോ. ജസ്റ്റിന് പനക്കല്‍ സംഗീതം നല്കിയ ഗാനമാണിത്. അന്നൊരു നീലരാത്രിയില്‍ എന്നു തുടങ്ങുന്നൊരു ഗാനമുണ്ട്. എം. ജി മാത്യു എഴുതി എം. ജി ബേബി സംഗീതം നല്കിയ ഗാനം. ഈ ഗാനം റെക്കോര്‍ഡ് ചെയ്യുന്നത് അമേരിക്കയിലെ ഒരു വീട്ടില്‍ വച്ചാണ്. ഞങ്ങള്‍ ഗാനമേളകള്ക്കായ് അമേരിക്കയില്‍ പോയപ്പോള്‍ അവിടെ വച്ച് ഒരു ആല്‍ബം ഇറക്കാന്‍ ചര്‍ച്ച നടന്നു. ഞങ്ങള്‍ക്ക് സൗകര്യം ഉണ്ടായിരുന്ന ദിവസം സ്റ്റുഡിയോ ലഭിച്ചില്ല. പക്ഷേ ഞങ്ങളുടെ കൂടെ അന്ന് കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ ശബ്ദലേഖകന്‍ രാമു ഉണ്ടായിരുന്നു. ഞങ്ങള്‍ താമസിച്ചിരുന്ന വീടിന്റെ ഒരു മുറി രാമു സ്റ്റുഡിയോ ആക്കി മാറ്റി റെക്കോര്‍ഡ് ചെയ്ത ഗാനമാണിത്. പിന്നീട് യുഎസില്‍ നിന്നും 10 പാട്ടുകള്‍ അടങ്ങിയ റെക്കോര്‍ഡ് പുറത്തിറക്കി. ഡിവൈന്‍ മെലഡീസ് എന്നായിരുന്നു ആല്‍ബത്തിന്റെ പേര്. ഷെവലിയര്‍ പ്രീമൂസ് പെരുഞ്ചേരി എഴുതി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍ സംഗീതം നല്കിയ
ഹിമശീകരങ്ങള്
കവിളില്‍ ചാര്‍ത്തിയ
നിശാകാല പുഷ്പങ്ങളേ
എന്ന ഗാനവും എനിക്ക് പ്രിയപ്പെട്ടതാണ്.

പീറ്റര്‍ ചോരനല്ലൂര് (സംഗീത സംവിധായകന്)
ശാന്തി നഷ്ടപ്പെട്ട രാത്രി
ആറാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് കൂട്ടുകാരുമൊത്ത് ക്രിസ്മസ് കരോളിനു പോകാന്‍ അനുവാദം ചോദിച്ചു. ആദ്യമൊന്നും അപ്പച്ചന് അനുവദിച്ചില്ല. കരച്ചിലിന്റെ രൂപത്തില്‍ ചോദിച്ചപ്പോള്‍ കര്‍ശന നിബന്ധനകളോടെ അനുവാദം തന്നു. കൃത്യം എട്ടുമണിക്ക് തന്നെ തിരിച്ചെത്തണമെന്നതായിരുന്നു ആദ്യ നിബന്ധന. എല്ലാത്തിനും സമ്മതം മൂളി ഞങ്ങള്‍ ഡിസംബര്‍ 23 മുതല്‍ കരോളിനു പോയിതുടങ്ങി. ആദ്യ ദിവസങ്ങളില്‍ 8 മണിക്കു തന്നെ തിരിച്ചെത്തി. ഒരു ദിവസം പാട്ടുപാടി കറങ്ങിനടന്ന ഞങ്ങള്‍ വൈകി. രാത്രി എട്ടരയായിട്ടും ഞങ്ങളെ കാണാതിരുന്നതുകൊണ്ട് കൈയില്‍ ചൂരലുമായി അപ്പച്ചന് അന്വേഷിച്ചിറങ്ങി. അപ്പച്ചന്റെ വരവറിയാതെ ഞങ്ങള്‍ ഒരു വീട്ടില്‍ തകര്ത്തുപാടുകയാണ്.
ശാന്തരാത്രി തിരുരാത്രി
പുല്‍ക്കുടിലില്‍
പൂത്തൊരു രാത്രി
വിണ്ണിലെ താരക
ദൂതരിറങ്ങിയ
മണ്ണിന് സമാധാന രാത്രി
പാട്ടിനിടയില്‍ ഉറക്കെ ഒരു വിളി കേട്ടു. എടാ.. സ്വരം അപ്പച്ചന്റേതാണെന്നറിഞ്ഞ കൂട്ടുകാരും അനിയ
നും ഓടി. പപ്പാഞ്ഞി മുഖംമൂടിയും തൊപ്പിയും വയര്വീര്ത്തിരിക്കാനായി കുത്തിത്തിരുകിയ പഴന്തുണിയും ഉടുപ്പും ഊരിയെറിഞ്ഞ് രക്ഷപ്പെട്ടു. ഞാന്‍ മാത്രം അപ്പന്റെ മുന്നില്‍പ്പെട്ടു. ശാന്തരാത്രി പാടിക്കൊണ്ടിരിക്കുന്ന എനിക്ക് തീരെ ശാന്തമല്ലാത്ത താളത്തില്‍ ചൂരലിന്റെ സമ്മാനം കിട്ടി. അന്നത്തെ രാത്രിയിലെ ശാന്തതയും പോയി. പിന്നീടുള്ള ദിവസങ്ങളിലെ കരോള്‍ അവസരവും അതോടെ നഷ്ടപ്പെട്ടു. പിന്നിട് പാട്ടുകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിച്ചപ്പോള്‍ മനസിലായി ഞങ്ങള്‍ അന്ന് പാടിയ പാട്ട് ശാന്ത രാത്രി എഴുതിയത് പൂവച്ചല്‍ ഖാദറും സംഗീതം നല്‍കിയത് എം. കെ അര്ജുനന് മാസ്റ്ററുമാണെന്ന്. ക്രിസ്മസ് എന്നു കേള്‍ക്കുമ്പോള്‍ മനസിലെത്തുന്ന മറ്റൊരു ഗാനം കൂടിയുണ്ട്.കാലിത്തൊഴുത്തില്‍ പിറന്നവനേ കരുണ നിറഞ്ഞവനേസായൂജ്യം എന്ന സിനിമയിലെ ഗാനമാണിത്. യൂസഫലി കേച്ചേരി എഴുതി കെ. ജെ ജോയ് സംഗീതം നല്കി പി. സുശീലയും സംഘവും ചേര്‍ന്നു പാടിയ ഗാനം. ‘യഹൂദിയായിലെ ഒരു ഗ്രാമത്തില്‍’, ‘പൈതലാം യേശുവേ’ എന്ന ഗാനങ്ങളും ഏറെ ഇഷ്ടം.ഞാന്‍ സംഗീതം നല്കിയ ഗാനങ്ങളില്‍ എനിക്ക് ഇഷ്ടപ്പെട്ട ഒരു ക്രിസ്മസ് ഗാനം-
കണ്ണുചിമ്മുന്ന താരങ്ങള്‍
മെല്ലെപ്പാടിയ സംഗീതം
മഞ്ഞുപെയ്യുന്ന രാത്രിയില്‍
ലോകരക്ഷകന് ജാതനായ്
ഫ്രാന്‍സിസ് കുറുക്കന്‍കുന്നേല്‍ എഴുതിയ ഗാനം എം. ജി ശ്രീകുമാറും സുജാതയും പാടിയിട്ടുണ്ട്. അനേകം കരോള്‍ മത്സരത്തിലും ഈ പാട്ട് പാടിയ ടീമുകള്‍ക്ക് ഒന്നാം സമ്മാനം കിട്ടി. 1995-96 കാലഘട്ടത്തില്‍ ഇറങ്ങിയ വിണ്ണിന് സമാധാനം എന്ന ആല്‍ബത്തിലെ ഗാനമാണിത്.’പുല്ക്കൂട്ടിലുണ്ണിയെ പാടി ഉറക്കിയ’ എന്നു തുടങ്ങിയ ഒരു പാട്ട് ഇന്‍ഫന്റ് ജീസസ് എന്ന ആല്‍ബത്തിലുണ്ട്. അതും എനിക്ക് വളരെ ഇഷ്ടമുള്ള ഗാനമാണ്.

എലിസബത്ത് രാജു (ഗായിക)
അമ്മൂമ്മയ്ക്കായ് പാടിയ താരാട്ട് പാട്ട്
എനിക്ക് ഏറെ പ്രിയപ്പെട്ട ക്രിസ്മസ് ഗാനങ്ങളില്‍ ആദ്യം മനസില്‍ വരുന്ന രണ്ട് ഗാനങ്ങള്‍- പൈതലാം യേശുവേ എന്നതും, കാവല്‍ മാലാഖമാരേ എന്നതുമാണ്.
കാവല്‍ മാലാഖമാരേ
കണ്ണടയ്ക്കരുതേ
താഴെ പുല്‍ത്തൊഴുത്തില്‍
രാജരാജന് മയങ്ങുന്നു.
എന്ന ഗാനം ഞാന്‍ നിരവധി വേദികളില്‍ പാടിയിട്ടുണ്ട്. കൂടാതെ എന്റെ അമ്മൂമ്മയ്ക്ക് ഏറെ പ്രിയപ്പെട്ട ഗാനവും ഇതായിരുന്നു. എന്നെ കാണുമ്പോഴൊക്കെ ഈ പാട്ട് പാടാനാവശ്യപ്പെടുമായിരുന്നു. സുഖമില്ലാതെ കിടപ്പിലായിരുന്നപ്പോഴും പതിവായി എന്നെക്കൊണ്ട് പാടിപ്പിച്ചിരുന്നു. എന്റെ അമ്മൂമ്മയുടെ ഇഷ്ടഗാനം ഇന്ന് എന്റെയും പ്രിയഗാനമായി തുടരുന്നു. തരംഗിണി പുറത്തിറക്കിയ സ്നേഹ പ്രതീകം എന്ന കാസെറ്റിനുവേണ്ടി എം. ജെ ജോസഫ് എഴുതി സംഗീതം നല്കി സുജാത പാടിയ ഗാനമാണിത്. നിരവധി ക്രിസ്മസ് ഗാനങ്ങള്‍ പാടാനുള്ള ദൈവാനുഗ്രഹം എനിക്കു ലഭിച്ചു. അതില്‍ നിന്നും ഒന്നോ രണ്ടോ തിരഞ്ഞെടുക്കുക അത്ര എളുപ്പമല്ല.
മഞ്ഞുമൂടിയ രാത്രി
കുഞ്ഞുറങ്ങിയ രാത്രി
എന്നു തുടങ്ങുന്ന ഒരു താരാട്ട് പാട്ട് ഈ ദിവസങ്ങളില്‍ പാടാന്‍ കഴിഞ്ഞു. മനോഹരമായി ചിട്ടപ്പെടുത്തിയ ഒരു താരാട്ടുപാട്ടാണിത്. ഫാ. ചെറിയാന് കുനിയന്തോടത്ത് എഴുതി എല്‍ഡ്രിഡ്ജ് ഐസക് സംഗീതം നല്കിയ ബേത്ലെഹേമില്‍ പോയിടാം എന്നു തുടങ്ങുന്ന ഗാനവും എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഗാനമാണ്.
ജിം റീവ്സ് പാടിയ സൈലന്റ്നൈറ്റ് കുട്ടിക്കാലത്ത് ഏറ്റവുമധികം കേട്ടിട്ടുള്ള ഒന്നാണ്. എന്റെ പപ്പ ജിം റീവ്സിന്റെ പാട്ടുകള്‍ എപ്പോഴും കേള്‍ക്കാറുണ്ടായിരുന്നു.
സൗഹൃദത്തില്‍ വിരിഞ്ഞ ഗാനം
എല്ലാ ക്രിസ്മസ് കാലത്തും ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഗാനം
കാലിത്തൊഴുത്തില്‍ പിറന്നവനേ
കരുണനിറഞ്ഞവനേ
എന്ന ഗാനം തന്നെയാണ്. ഈ പാട്ടിലെ
കരളിലെ ചോരയാല്‍
പാരിന്റെ പാപങ്ങള്‍
കഴുകി കളഞ്ഞവനേ
എന്ന വരികള്‍ കൂടുതല്‍ ഇഷ്ടം. യൂസഫി കേച്ചേരിയുടെ രചനയുടെ മഹത്വം എന്നെ ഈ പാട്ടിന്റെ ഇഷ്ടക്കാരനാക്കുന്നു.
സിഎസി പുറത്തിറക്കിയ ക്രിസ്മസ് ആല്‍ബമായ സ്നേഹതാരത്തില് എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു ഗാനമുണ്ട.് ജെറി അമല്‍ദേവ് തന്റെ കയ്യൊപ്പ് ചാര്‍ത്തിയ ഗാനങ്ങളാണ് ഈ സമാഹാരത്തിന്റെ പ്രത്യേകത. ഇതിലെ
താരം നീലവാനില്‍
ഉദിച്ചുയര്‍ന്നു വാ…
എന്ന ഗാനം എല്ലാ ക്രിസ്മസ് കാലത്തും
കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാണ്.
ഞാന്‍ എഴുതിയ ക്രിസ്മസ് ഗാനങ്ങളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് എന്റെ ആദ്യഗാനം കൂടിയായ
കണ്ണുചിമ്മും താരകളും
ഒളിതൂകും ചന്ദ്രികയും
എന്ന ഗാനം തന്നെയാണ്.
കെസിവൈഎം ഭാരവാഹികളായിരുന്ന കാലത്ത് സിഎസിയിലെ കെസിവൈഎം ഓഫീസിലേക്ക് ഒരു ദിവസം കയറിച്ചെന്നപ്പോള്‍ പ്രിയ സുഹൃത്ത് ജോണ്സണ് മങ്ങഴ ഹാര്മോണിയവുമായിരിക്കുന്നു. ഒരു ക്രിസ്മസ് പാട്ട് എഴുതാമോ എന്ന ജോണ്‍സന്റെ ചോദ്യത്തിന് ഞാന്‍ സന്തോഷത്തോടെ സമ്മതിച്ചു. അങ്ങനെയാണ് കണ്ണുചിമ്മും താരങ്ങളും എന്ന പാട്ടുണ്ടാക്കുന്നത്.
പിന്നീട് ആ പാട്ട് കെസിവൈഎം സംഘടിപ്പിച്ച ക്രിസ്മെലഡിയെന്ന സംഗീത സായാഹ്നത്തില്‍ കെസ്റ്ററും സംഘവും പാടി. വരാപ്പുഴ അതിരൂപത കെസിവൈഎം പുറത്തിറക്കിയ ഉപാസന എന്ന കാസെറ്റിലും കെസ്റ്റര്‍ തന്നെ ആ പാട്ട് പാടി. നിരവധി മത്സരങ്ങളില്‍ ഈ പാട്ട് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. നേവല്‍ ബാന്‍ഡ് കൊച്ചിയില്‍ ക്രിസ്മസ് സംഗീതം ഒരുക്കിയപ്പോഴും ഈ പാട്ട് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മനോഹരസംഗീതം ഈ വരികള്‍ക്കു നല്കിയ ജോണ്സണ് മങ്ങഴയേയും ഏറ്റവും സുന്ദരമായി പാടിയ കെസ്റ്ററിനേയും എങ്ങനെ മറക്കാനാവും. ഇത് ഞങ്ങളുടെ സൗഹൃദത്തില്‍ പിറന്ന പാട്ടാണ്.

മിഥില മൈക്കിള്‍(ഗായിക)
ബേത്ലെഹേമിലെ തണുപ്പ് ഓര്‍മിപ്പിച്ച ഗാനം
സ്നേഹപ്രവാഹം എന്ന ആല്‍ബത്തിലെ മഞ്ഞുപൊഴിയുന്ന മാമരം കോച്ചുന്ന മലനിര തിളങ്ങുന്ന ബേത്ലെഹേമില്‍ എന്ന് തുടങ്ങുന്ന പാട്ട് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ക്രിസ്മസ് ഗാനമായി മാറിയതിനു പിന്നില്‍
വയനാട്ടിലെ തണുപ്പ് ഒരു കാരണമായിരിക്കാം. വയനാട്ടില്‍ ജനിച്ചു വളര്‍ന്ന ഞാന്‍ പാതിരാകുര്‍ബാനയ്ക്ക് പോകുമ്പോഴൊക്കെ ഈ പാട്ടില്‍ പറയുന്നതുപോലെ മാമരം കോച്ചുന്ന തുണപ്പ് സഹിച്ചാണ് പോയിരുന്നത്. ഫാ. ജോസഫ് പാറാംകുഴി എഴുതി റവ. ഡോ. ജസ്റ്റിന് പനക്കല്‍ സംഗീതം നല്കിയ ഗാനമാണിത്. ക്രിസ്മസ് കാലമെത്തുമ്പോള്‍ പൈതലാം യേശുവേ, കാവല്‍ മാലാഖമാരേ, അലകടലും കുളിരലയും എന്നീ ഗാനങ്ങളും ഓര്‍ക്കാതിരിക്കാനാവില്ല. ഈ മൂന്നു പാട്ടുകളും കോഴിക്കോടുനിന്നും ഇറക്കിയ ഒരു ആല്ബത്തിലേക്കായി പാടാനും എനിക്കു ഭാഗ്യമുണ്ടായി. ക്രിസ്മസ് കാലം മുഴുവന്‍ ക്വയര്‍ പരിശീലനത്തിന്റേതായിരുന്നു എനിക്കും കുടുംബത്തിനും. പപ്പയും ഞാനും അനുജത്തിയും ഇടവകയിലെ ക്വയറിലുണ്ടായിരുന്നു. അഞ്ചുവയസു മുതല്‍ ഞാന്‍ ക്വയറില്‍ സ്ഥിരാംഗമായിരുന്നു. വീട്ടിലും പള്ളിയിലും പാട്ടു കേള്‍ക്കുക, പഠിക്കുക, പാടുക എന്നതു മാത്രമായിരുന്നു ഞങ്ങളുടെ കുട്ടിക്കാലത്തെ ക്രിസ്മസ് ദിനങ്ങളിലെ പരിപാടി.
ഞാന്‍ പാടിയ ക്രിസ്മസ് ഗാനങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഗാഗുല്‍ ജോസഫ് സംഗീതം നല്കിയ നക്ഷത്രങ്ങള്‍ പാടും ആനന്ദത്തിന് ഗീതം എന്നു തുടങ്ങുന്ന ഗാനവും പീറ്റര്‍ ചേരാനല്ലൂര്‍ ഈണമിട്ട നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്ന രാത്രി എന്നു തുടങ്ങുന്ന ഗാനവുമാണ്. തൂമഞ്ഞു പെയ്യുന്ന ശോഭിതരാത്രി എന്നു തുടങ്ങുന്ന ഒരു താരാട്ടുപാട്ടും ഈ വര്‍ഷം പാടാന്‍ കഴിഞ്ഞു. അരുണ്‍ ഫിലിപ്പ് എഴുതി മനോജ് ചക്കാലക്കല്‍ സംഗീതം നല്കിയ ഈ ഗാനമാണ് ഞാന്‍ ഏറ്റവും അടുത്ത് പാടിയ ക്രിസ്മസ് ഗാനം.
Related
Related Articles
സൈനികരുടെ വീരമൃത്യു; ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ അനുശോചിച്ചു
പുനലൂര്‍: ഗാല്‍വന്‍ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ ആദരാഞ്ജലി അര്‍പ്പിച്ചു. കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു.അതിര്‍ത്തിയിലെ പ്രശ്നത്തിന് എത്രയും വേഗത്തില്‍ പരിഹാരം ഉണ്ടാകട്ടെയെന്നും
കെ.എം. റോയ് മികവും സംഘാടകശേഷിയും ഉണ്ടായിരുന്ന മാധ്യമപ്രവര്ത്തകന് -ബിഷപ് ഡോ. ജോസഫ് കരിയില്‍
കൊച്ചി: കൊച്ചി നഗരത്തിന്റെ സാമൂഹിക സാംസ്ക്കാരിക മണ്ഡലങ്ങളില്‍ തിളങ്ങി നിന്ന പ്രതിഭയായിരുന്നു അന്തരിച്ച കെ.എം റോയ് എന്ന് കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍
ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്ക് പ്രതിമാസം 2000 രൂപ: സുപ്രധാന ഉത്തരവുമായി സുപ്രിംകോടതി.
ന്യൂഡല്‍ഹി: ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ (സി.സി.ഐ) പഠിച്ചിരുന്ന, എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ കുടുംബത്തോടൊപ്പം കഴിയുന്ന ഓരോ കുട്ടിയുടെയും വിദ്യാഭ്യാസത്തിനായി പ്രതിമാസം രണ്ടായിരം രൂപ നല്‍കണമെന്ന്