സ്മരണകള്‍ സൗഹൃദം ഭരതമയം

മുപ്പത്തിമൂന്നു വര്‍ഷങ്ങള്‍ക്കുശേഷവും ഞാന്‍ ഭരതിനെ ഓര്‍ക്കുന്നതെന്താണ്? പിന്നീടൊരിക്കലും തമ്മില്‍ കാണുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെങ്കിലും? ഋതുഭേദങ്ങളില്‍ ഇലപൊഴിയാതെ നില്ക്കുന്ന ഒരൊറ്റ മരമായി ഓര്‍മയില്‍ ഒരു പതിനാറുകാരന് ചെറുക്കന്. എന്റെ തപ്തമായ ഉത്തരേന്ത്യന്‍ ഏകാന്തതയിലേക്ക് തൃപ്രയാറില്‍ നിന്നു വന്നവന്…
പതിനൊന്നാം വയസാണ് ജീവിതത്തിലെ ഏകാന്തതയുടെ കൊടിയേറ്റിയത്. ഒരു ചാപല്യംകൊണ്ട് ഉന്മത്തനായി ഇന്ത്യന്‍ സൈന്യത്തില്‍ നഴ്സായിരുന്ന അമ്മായിയോടൊപ്പം ആഗ്രയിലേക്ക് പോയത് 33 വര്‍ഷം മുമ്പ്. ചെങ്കോട്ടയെ ഓര്‍മിപ്പിക്കുന്ന ചുവന്ന ഭിത്തികളുള്ള സൈനിക വീടുകളുടെ നിര. അതിലൊരെണ്ണത്തിലായിരുന്നു പട്ടാളത്തില്‍ ക്യാപ്റ്റനായിരുന്ന ആന്റിയോടൊപ്പം വാസം. ബ്രിഗേഡിയര്‍മാരും ലെഫ്റ്റനന്റ് കേണല്‍മാരും മേജര്‍മാരും അയല്‍വാസികള്‍. സായാഹ്നങ്ങളില്‍ ക്രിക്കറ്റ് കളിക്കാനെത്തുന്ന വിക്രം ബത്രയെന്ന ഏഴു വയസുകാരനാണ് ഏക തോഴന്. ചുവന്ന സൈനിക ഭിത്തികള്‍ക്കിടയില്‍ ഏകാന്തതടവില്‍ കഴിഞ്ഞിരുന്ന ആത്മാവിനെ രക്ഷിക്കാന്‍ അതിനൊന്നുമാകുമായിരുന്നില്ല. സൈനികരുടെ കുട്ടികള്‍ പ്രധാനമായും പഠിക്കുന്ന ആഗ്ര സെന്റ് ക്ലെയര്‍ സ്കൂള്‍ ആ പതിനൊന്നുകാരനെ ഭയപ്പെടുത്തി. സാലാ മദ്രാസി! എന്നു മനസില്‍ വിളിക്കുന്ന ഭാവമായിരുന്നു പല സഹപാഠികളുടെയും മുഖത്ത് കണ്ടിരുന്നത്. മുറി ഇംഗ്ലീഷില്‍ മാത്രം ആശയവിനിമയം. അതിനുപോലും മുതിര്‍ന്നത് വികാസ് ലൂത്ര തുടങ്ങിയ ഒന്നോ രണ്ടോ സഹപാഠികള്‍ മാത്രം. ബാക്കിയുള്ളവരെല്ലാം ഹിന്ദിയുടെ ലോകത്തില്‍നിന്ന് ഈ സാലാ മദ്രാസിയെ പുറത്താക്കി. ക്ലാസിലെ ബഞ്ചില്‍ അന്റാര്‍ട്ടിക്കയിലെ മഞ്ഞുതീരങ്ങളില് പെട്ടുപോയവനെ പോലെ ഞാനേകനായിരുന്നു. ആത്മാവ് കീറിമുറിഞ്ഞു. സെന്റ് ക്ലെയര്‍ സ്കൂള്‍ പോലെ മറ്റൊരിടത്തും ഞാനിത്ര ഏകാന്തത അനുഭവിച്ചിട്ടില്ല!
അങ്ങനെയിരിക്കെയാണ് ആന്റിയുടെ വലിയ ഫഌറ്റ് താല്കാലികമായി പങ്കിടാന്‍ പ്രത്യേക ഉത്തരവോടെ തൃപ്രയാറുകാരി ഒരു മേജര്‍ വരുന്നത്. അവരുടെ കുടുംബത്തിന്റെ കൂടെ വന്ന കസിന് എന്റെ ഏകാന്തതയുടെ തുരത്തിലേക്കാണ് വരുന്നത് എന്ന് അന്നു ഞാന്‍ അറിഞ്ഞിരുന്നില്ല. ഭരത് എന്നായിരുന്നു അയാളുടെ പേര്. സച്ചിന് തെണ്ടുല്ക്കറുടെപോലെ ചുരുണ്ട മുടിയുള്ള മെലിഞ്ഞു കൊലുന്നനെ വേനല്ക്കിനാവുമായി നടക്കുന്ന ഒരു ചെറുക്കന്. ഷോര്‍ട്ട്ഹാന്‍ഡ് പഠിക്കാന്‍ കൂടെ കൂട്ടിയതാണെന്നാണ് മേജറുടെ ഭാഷ്യം.
ഞാന്‍ വേദനാപൂര്ണമാംവിധം മിസ് ചെയ്തിരുന്ന മലയാളവുംകൊണ്ടാണ് ഭരതിന്റെ വരവ്. കേരളത്തില്‍ എറണാകുളം സെന്റ് ആല്‍ബര്‍ട്സ് സ്കൂളിലെ പ്രിയപ്പെട്ട സഹപാഠികളെ ആറാം ക്ലാസില്‍വച്ച് വിട്ടുപോന്നതിന്റെ വിങ്ങുന്ന മുറിപ്പാടിലേക്കാണ് ഭരത് വന്നുചേര്‍ന്നത്. മേജറിന്റെ വലിയ ലേഡീസ് സൈക്കിളുമായി ഭരത് ആഗ്രയിലെ മാര്‍ക്കറ്റുകളിലേക്ക് സഞ്ചരിച്ചു. മലയാളത്തിനായി പട്ടിണി കിടന്നിരുന്ന എന്റെ ഒഴിവു സമയങ്ങളിലേക്ക് അവന് മലയാളം ആഴ്ചപ്പതിപ്പുകള്‍ തേടിപ്പിടിച്ചു കൊണ്ടുവന്നു. അക്കാലത്ത് എനിക്ക് കിട്ടിയ ഏറ്റവും വിലപിടിച്ച സമ്മാനങ്ങളായിരുന്നു ആ ആഴ്ചപ്പതിപ്പുകള്‍. മനോരമ ആഴ്ചപ്പതിപ്പിലെ പൈങ്കിളി നോവലുകള്‍ ആദ്യമായും അവസാനമായും ഞാന്‍ വായിച്ചത് ആഗ്രയിലെ ഏകാന്തതയിലാണ്.
ഭരത് ജീവസോടെ വിവരിച്ചിരുന്ന മലയാളം സിനിമാ കഥകള്‍ എന്റെ കേരളത്തെ തിരികെ കൊണ്ടുവന്നു. ഭരതിന്റെ വിവരണങ്ങളില്‍ തൃശൂരും തൃപ്രയാറും ജീവന് വച്ചുവന്നു. ചെങ്കോട്ടയുടെ നിറമുള്ള ചുവന്ന ഭിത്തികള്‍ക്കുള്ളില്‍ ഒരു കൊച്ചുകേരളം പിറന്നുവീണു. മലയാള സിനിമാഗാനങ്ങളും വയലാറിന്റെയും ഒഎന്‍വിയുടെയും കവിതകളും ചിറകുവിടര്ത്തിയാടി. ഭരതിലൂടെ ഞാന്‍ വീണ്ടും എന്റെ നാടിനെ കണ്ടു. സ്വപ്നങ്ങളുടെ പെരിയാറ്റില്‍ ഞങ്ങള്‍ മുങ്ങിക്കുളിച്ചു. സഹ്യന്റെ കൊടുമുടിയില്‍ ഓടിക്കയറി നൃത്തമാടി.
ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മേജറിന് പുതിയ വീടു കിട്ടി, താമസം ദൂരേയ്ക്ക് മാറ്റി. ഭരതും പോയി. ഞാന്‍ വീണ്ടു തനിച്ചായി. ഒരു വര്‍ഷം പൂര്‍ത്തിയാകുംമുമ്പേ ഞാന്‍ ആഗ്രയോട് എന്നേക്കുമായി വിട ചൊല്ലി. ഞാന്‍ ഒരു പട്ടാളട്രക്കില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് യാത്രയാകുമ്പോള്‍ പിന്നാലെ സൈക്കിളും ചവിട്ടിവരുന്ന ഭരതാണ് അവസാനത്തെ ഓര്‍മച്ചിത്രം. കൈവീശി, കൈവീശി… നീ കാലത്തിലേക്ക് പോയ്മറഞ്ഞു…
നീ എവിടെയാണെന്നെനിക്കറിയില്ല. എന്നാലും, ഇന്നും സൗഹൃദത്തിന്റെ സൈക്കിള്‍ ചവിട്ടി നിന്റെ ഓര്മ എന്റെ പിന്നാലെയുണ്ട്… കൈവീശി കൈവീശി… ഇവിടെ ഞാനും!
Related
Related Articles
രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്
എസ്എസ്എല്‍സി പരീക്ഷ കുട്ടികളെയും രക്ഷിതാക്കളെയും സംബന്ധിച്ച് ഇപ്പോഴുമൊരു പേടിസ്പ്നമാണ്. റിസല്‍റ്റ് വന്നാലും പേടി ഒഴിഞ്ഞുപോകില്ലെന്നുമാത്രം. കുട്ടികളുടെ ഭാവിയെക്കുറിച്ചായിരിക്കും അച്ഛനമ്മമാരുടെ അടുത്ത ഉത്കണ്ഠ. പ്ലസ് ടുവിന് ഏതു കോഴ്സ്
സോളമന് ദേവാലയം നിര്‍മിക്കുന്നു
ജറുസലേമില്‍ വലിയൊരു ആലയം ദൈവത്തിനായി നിര്‍മിക്കണമെന്നത് ദാവീദിന്റെ വലിയ ആഗ്രഹമായിരുന്നു. എന്നാല്‍ ആഗ്രഹം നടക്കാതെയാണ് ദാവീദ് മരിച്ചത്. ദാവീദിന്റെ പുത്രനായ സോളമനെയായിരുന്നു ദൈവം അതിനായി തെരഞ്ഞെടുത്തിരുന്നത്. സോളമനെ
കോവിഡ് : സുഗതയുമാരി ടീച്ചർ വെന്റിലേറ്ററിൽ
തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് പ്രശസ്ത കവയിത്രി സുഗതകുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.