സ്രാവുകളുടെ ചിറകുള്ള മനുഷ്യര്‍

സ്രാവുകളുടെ ചിറകുള്ള മനുഷ്യര്‍

ഫാ. പോള്‍ സണ്ണി
(കെആര്‍എല്‍സിബിസി യുവജന കമ്മീഷന്‍ സെക്രട്ടറി)

ഒരൊറ്റ സ്വത്വം രക്തമില്ലെന്നുമാത്രം
ഒരൊറ്റ സ്പര്‍ശം, മരണം, അല്ലെങ്കില്‍
ഒരൊറ്റ പനിനീര്‍പ്പൂ
കടല്‍ വരുന്നൂ;
അത് നമ്മുടെ ജീവിതങ്ങളെ ഒന്നിച്ചുചേര്‍ക്കുന്നു
കടന്നാക്രമിക്കുന്നു, അത് പടരുന്നു
കടല്‍ പാടുന്നു
രാത്രിയില്‍, പകലില്‍, മനുഷ്യരില്‍, ജീവനില്‍
അതിന്റെ സത്ത – തീയും തണുപ്പും; ചലനം, ചലനം
                     – പാബ്ലോ നെരൂദ

വഴിയോരങ്ങളില്‍ പൊതിച്ചോറ്, പച്ചക്കറികള്‍, മീന്‍ ഇങ്ങനെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന അനവധി ചെറുപ്പക്കാര്‍, കൊറോണ കാരണം തൊഴില്‍ എടുക്കാനാവാതെ സാമ്പത്തിക പരാധീനതകള്‍കൊണ്ട് പിടിമുറുക്കപ്പെട്ടവര്‍, പല ചെറുപ്പക്കാരുടെ കണ്ണുകളിലും ആകുലതകള്‍ കാണാം. മുന്നൂറു രൂപ പോലും പൊതിച്ചോറ് വിറ്റാല്‍ കിട്ടില്ലെന്ന് അവര്‍ പറയുകയുണ്ടായി.
തിരുവനന്തപുരത്തെത്തിയപ്പോള്‍ തീരദേശങ്ങളില്‍ നമ്മളെ അതിശയിപ്പിക്കുന്ന ചില കാഴ്ചകള്‍. ഒരു ചെറിയ കണക്കെടുത്തപ്പോള്‍ അഞ്ഞൂറില്‍പ്പരം ചെറുപ്പക്കാര്‍ പുതുതായി മീന്‍കച്ചവടത്തിന് ഇറങ്ങിയിട്ടുണ്ട്. തലങ്ങും വിലങ്ങും ടൂവീലറുകളില്‍ മീനുമായി പായുന്നവര്‍. പുലര്‍ച്ചെ നാലുമണിക്കോ, അഞ്ചുമണിക്കോ ഇറങ്ങിയാല്‍ 10 മണിയോടെ കച്ചവടം തീരും. 500 മുതല്‍ 1,000 രൂപ വരെ ലാഭം കിട്ടും. മീന്‍പിടുത്തം ഇവിടെയുള്ളവര്‍ അഭിമാനമായി കാണുന്നു. എന്നാല്‍ മീന്‍കച്ചവടം ആണുങ്ങള്‍ ചെയ്യുന്നത് ഒരു കുറച്ചിലായി കരുതിയിരുന്നു. സ്വന്തം തുറയിടങ്ങളില്‍ നിന്ന് തങ്ങളുടെതന്നെ ആളുകള്‍ പിടിച്ച മീന്‍ ലേലത്തിലെടുത്ത് പല സ്ഥലങ്ങളില്‍ കൊണ്ടുപോയി വില്‍ക്കും. എല്ലാവര്‍ക്കും വാട്‌സ്ആപ്പ് സൗകര്യങ്ങളും ഉണ്ട്. മറ്റൊരു വസ്തുത, തീരദേശത്തെ ചെറുപ്പക്കാര്‍ മാത്രമല്ല, ഉള്‍നാടുകളില്‍ നിന്നുള്ള യുവാക്കള്‍ വരെ മീന്‍കച്ചവടം ചെയ്യുന്നുണ്ട്. ഈ മേഖലയെപ്പറ്റി ഒരു ധാരണയുമില്ലാത്തവര്‍. ലേലം ചെയ്യുന്ന പല മീനുകളുടെയും പേരുകള്‍പോലും ചില യുവാക്കള്‍ക്കറിയില്ലെന്ന് തുറക്കാര്‍ നര്‍മത്തോടെ പറയുന്നു.
അവരാരും ആയിക്കൊള്ളട്ടെ, ഈ കാലഘട്ടം മുന്നില്‍ വയ്ക്കുന്ന വെല്ലുവിളികളെ നേരിടാന്‍ എന്തുതൊഴിലും ചെയ്യാന്‍ തയ്യാറായ ഈ മക്കളെ ഹൃദയാഭിവാദ്യം ചെയ്യുന്നു. ഗള്‍ഫുനാടുകളില്‍ പോയി ആയുസിന്റെ പകുതിക്കാലവും വിയര്‍പ്പൊഴുക്കിയിട്ടും ഒന്നും മിച്ചം പിടിക്കാനാകാതെ പോകുന്ന അവസ്ഥയില്‍ യുവാക്കള്‍ മീന്‍ ബിസിനസിലേക്കു തിരിഞ്ഞത് വിപ്ലവകരമായ ഒരു മാറ്റമാണ്. ഫോര്‍മലില്‍ കലര്‍ത്തിയ അഴുകിയ മത്സ്യമല്ല, ഫ്രഷ് മത്സ്യങ്ങളാണ് അവര്‍ വില്പന നടത്തുന്നത്. ഈ മേഖലയില്‍ പുതുതായി വന്ന കുറച്ചു യുവാക്കളുടെ പ്രതികരണങ്ങള്‍ ഇവിടെ കുറിക്കുകയാണ്.

വിദേശത്ത് ജോലി ചെയ്തു, ഷമിന്‍ദാസന്‍ ഇപ്പോള്‍ മീന്‍വില്പനയില്‍

കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ അപ്പന്റെ വള്ളവും കൊണ്ട് ചെറുപ്പക്കാരുമായി രക്ഷാപ്രവര്‍ത്തനത്തിനുപോയ ചരിത്രമുണ്ട് എനിക്ക്. അപ്പന്‍ പിടിച്ചുകൊണ്ടുവരുന്ന എഞ്ചിന്‍ വള്ളത്തിലെ മീന്‍ വീട്ടുമുറ്റത്തിരുന്ന് അമ്മയും മകനും വില്‍ക്കും. കൂടുതല്‍ ലാഭം. വാട്‌സ്ആപ്പ് കൂട്ടായ്മകളിലും ഫെയ്‌സ്ബുക്കിലും മീനുകളുടെ പടം പോസ്റ്റ് ചെയ്താലുടന്‍ ആവശ്യക്കാര്‍ വീട്ടുമുറ്റത്തെത്തും. ഞാന്‍ ഓസ്‌ട്രേലിയയിലും ഗള്‍ഫിലും ജോലി ചെയ്തിട്ടുണ്ട്. എനിക്ക് മറ്റ് ഏതു ജോലിക്കുവേണമെങ്കിലും പോകാന്‍ സാധിക്കും. പക്ഷേ, സ്വന്തം കുലത്തൊഴില്‍ ചെയ്യുന്നതില്‍ എനിക്ക് അഭിമാനം തോന്നുന്നു.
പാരമ്പര്യമായി മത്സ്യമേഖലയുമായി കുടുംബം ബന്ധപ്പെട്ടിരിക്കുന്നു. മീന്‍കച്ചവടത്തിന്റെ സാധ്യതകള്‍ കണ്ടെത്തി ഓണ്‍ലൈന്‍ ആയി ഡെലിവറി ചെയ്യുന്നു. ഫ്‌ളാറ്റുകളില്‍, ഹോസ്റ്റലുകളില്‍ എത്തിച്ചുകൊടുക്കുന്നു. മീന്‍ ലേലം എടുക്കുന്നതും വില്‍ക്കുന്ന രീതിയും പ്രധാനമാണ്. ചിലപ്പോള്‍ നഷ്ടം സംഭവിക്കാം. എങ്കിലും അത്യാവശ്യം ലാഭം ഉണ്ടാക്കാന്‍ മൊത്തത്തില്‍ സാധിക്കും. ചെറിയ സംരംഭമായി ചെയ്യുമ്പോള്‍ വലിയ മുതല്‍മുടക്കിന്റെ ആവശ്യമില്ല. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമൊക്കെ വരുന്ന പഴക്കംചെന്ന മത്സ്യങ്ങള്‍ വാങ്ങാന്‍ മലയാളികള്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യത്തില്‍ ചെറിയൊരു ശതമാനം ആളുകള്‍ക്കെങ്കിലും ഫ്രഷ് മത്സ്യം കൊടുക്കാന്‍ സാധിക്കുന്നു.
മത്സ്യമേഖല നേരിടുന്ന പ്രതിസന്ധികള്‍ സര്‍ക്കാരിന് നന്നായറിയാം. വേണ്ടത് സത്വര നടപടികളാണ്. മത്സ്യമേഖലയിലുള്ളവര്‍ക്കായി ചെറുകിട സംരംഭക പദ്ധതികള്‍ തുടങ്ങിയാല്‍ കൂടുതല്‍ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭിക്കും. തിരുവനന്തപുരം മേഖലയില്‍ മത്സ്യസംഭരണകേന്ദ്രങ്ങളോ വില്പന സ്റ്റാളുകളോ ഇല്ല. ഇത്തരം കാര്യങ്ങള്‍ അടിയന്തരമായി ചെയ്യേണ്ടതാണ്. അധികം വരുന്ന മീനുകള്‍ സംഭരിച്ച് അടുത്തദിവസം വില്‍ക്കാനുള്ള സൗകര്യങ്ങള്‍ ഇന്നില്ല. വാങ്ങിയ മീന്‍ അന്നുതന്നെ വിറ്റില്ലെങ്കില്‍ ബാക്കി മീന്‍ വേയ്സ്റ്റാകും. അല്ലെങ്കില്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കേണ്ടിവരും.
കടലില്‍ വലിയ പരിസ്ഥിതി മലിനീകരണം നടക്കുന്നു. അതുകൊണ്ടുതന്നെ മീന്‍ലഭ്യത കുറവാണ്. പ്രകൃതിസംരക്ഷണം പറയുന്നിടത്ത് കടലിന് പ്രാധാന്യം ലഭിക്കുന്നില്ല. നഗരമാലിന്യങ്ങളെല്ലാം കടലില്‍ വന്നുചേരുന്നു. തുറമുഖങ്ങള്‍ക്കും കൂടുതല്‍ അടിസ്ഥാനസൗകര്യങ്ങള്‍ ചെയ്യണം. കോസ്റ്റല്‍ ഗാര്‍ഡില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ചെറുപ്പക്കാര്‍ക്ക് ജോലി കൊടുക്കണം.

ജാക്‌സണ്‍ തുമ്പക്കാരനും കുടുംബവും

46 വയസുണ്ട്. ഭാര്യയും അഞ്ച് മക്കളും. തുമ്പ സ്വദേശി. മത്സ്യത്തൊഴിലാളിയുടെ മകനും മത്സ്യബന്ധനത്തിന് പോകുന്നവനുമാണ്. മരിയന്‍ എന്‍ജിനിയറിംഗ് കോളജില്‍ കുറേ വര്‍ഷക്കാലം ഇന്‍സ്ട്രക്ടറായി ജോലി ചെയ്തു. പിന്നെ ഓസ്‌ട്രേലിയയില്‍ കുറച്ചുവര്‍ഷങ്ങള്‍. തിരിച്ചു നാട്ടില്‍ വന്ന് ഫോട്ടോഗ്രഫി, വീഡിയോഗ്രഫി ജോലി ചെയ്യുകയായിരുന്നു.
കുറച്ചുനാളുകളായി മത്സ്യക്കച്ചവടം തുടങ്ങിയിട്ട്. വലിയൊരു സംരംഭമായ പച്ചമീന്‍ ഉപഭോക്താക്കളിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. അപ്പോഴാണ് കൊറോണ പ്രശ്‌നങ്ങള്‍ കടന്നുവന്നത്. എന്റെ പ്രൊഫഷണല്‍ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. ഞാന്‍ സഭാശുശ്രൂഷകളിലും സാമൂഹ്യസേവനത്തിലും സജീവമായിരുന്നു. അതുകൊണ്ടുതന്നെ എനിക്കുള്ള വലിയ സുഹൃത്വലയം മീന്‍ ബിസിനസിന് സഹായകമാകുമെന്നു കരുതി. നാട്ടില്‍ത്തന്നെ പല ചെറുപ്പക്കാരും ഇതിനകം ഈ മേഖലയിലേക്ക് തിരിഞ്ഞിരുന്നു. അതും എനിക്ക് പ്രചോദനമായി. മീന്‍കച്ചവടം ചെയ്യുന്നത് പരമ പുച്ഛമായാണ് നമ്മുടെ ചെറുപ്പക്കാര്‍ കണ്ടിരുന്നത്. വിഴിഞ്ഞം, അഞ്ചുതെങ്ങ്, കൊല്ലം പ്രദേശത്ത് പോയി മീനെടുക്കും. വലിയ വില ഈടാക്കാതെ ഫ്രഷ് മത്സ്യം നമ്മുടെ പരിചയക്കാര്‍ക്കു കൊടുക്കും. ആരോഗ്യകരമല്ലാത്ത, പുറത്തുനിന്നുവരുന്ന ചീഞ്ഞ മത്സ്യങ്ങള്‍ ഇവിടെ സുലഭമാണ്. ഈ സാഹചര്യത്തില്‍ ഫ്രഷ് മത്സ്യം എത്തിക്കാന്‍ തുടങ്ങിയപ്പോള്‍ ഒത്തിരി ആളുകള്‍ എന്നെ അഭിനന്ദിക്കാന്‍ തുടങ്ങി. കെസിവൈഎമ്മിന്റെ നേതൃത്വത്തിലിരുന്ന പല ചെറുപ്പക്കാരും ഇതേ ബിസിനസിന് ഇറങ്ങിത്തിരിച്ചതുകണ്ടപ്പോള്‍ സന്തോഷം തോന്നി.
മത്സ്യവിപണനത്തിന് എന്റെ ജീവിതപങ്കാളിയും കൂടെയുണ്ട്. എന്റെ അഞ്ചു മക്കളും – നാല് പെണ്‍മക്കള്‍, ഒരു ആണ്‍കുട്ടി – വളരെ ആവേശത്തോടുകൂടി റോഡരികില്‍ വന്നിരുന്ന് സഹായിക്കും. ഞങ്ങള്‍ ഇപ്പോള്‍ ഒരു ത്രില്ലിലാണ്. നമ്മള്‍ പിടിക്കുന്ന മത്സ്യം മായംകലരാതെ ആവശ്യക്കാര്‍ക്ക് കൊടുക്കുക, ഇതാണ് ലക്ഷ്യം. ഒരു സ്‌കൂട്ടറും ഒരു ബോക്‌സും 2,000 രൂപയുമുണ്ടെങ്കില്‍ മീന്‍കച്ചവടം സാധ്യമാണ്. ഞങ്ങളുടെ തുമ്പ ഗ്രാമത്തില്‍ മാത്രം 30-ലധികം യുവതീയുവാക്കള്‍ മത്സ്യക്കച്ചവടത്തിന് ഇറങ്ങിയിട്ടുണ്ട്. ഇത് വലിയൊരു മാറ്റത്തിന്റെ തുടക്കമാണ്. ഈ പ്രക്രിയയില്‍ ഞാന്‍ വാല്യൂആഡഡ് ഫിഷ് പ്രോഡക്ട്സ് കുടില്‍വ്യവസായം പോലെ ചെയ്യുന്നു.
മത്സ്യത്തിന്റെ ലഭ്യത കൂടുകയും വില കുറയുകയും ചെയ്യുമ്പോള്‍ ഉണക്കമീന്‍, മീന്‍ അച്ചാറ്, മീന്‍ ചമ്മന്തി തുടങ്ങി അനവധി മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ അവതരിപ്പിക്കണം. കട്പീസ്, റെഡി ടു കുക്ക് എന്നിങ്ങനെയും ഈ വ്യവസായത്തെ മുന്നോട്ടുകൊണ്ടുപോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് മത്സ്യമേഖല തകര്‍ന്നുപോയിട്ടില്ല. മീനിന് വലിയ വില കിട്ടുന്നു. അത് നൂറുകണക്കിനു ചെറുപ്പക്കാര്‍ മത്സ്യവിപണനത്തിന് തയ്യാറായതുകൊണ്ടാണ്. ഒരു അയലക്ക് 125 രൂപ വരെ വില വന്നു എന്നത് വലിയ അത്ഭുതമാണ്. ഞങ്ങള്‍ ഹോം ഡെലിവറിയും നടത്തുന്നുണ്ട്. ഞങ്ങളുടെ മീന്‍ ഭക്ഷിച്ചവര്‍ ഞങ്ങളെ തിരക്കി വീണ്ടും വരുന്നു. അവര്‍ പറയുന്നു, ഞങ്ങളുടെ മീനിന് എന്തോ പ്രത്യേകതയുണ്ട് എന്ന്. ചിരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു, നിങ്ങള്‍ ഇതുവരെ കഴിച്ചത് ആഴ്ചകളോ മാസങ്ങളോ പഴക്കമുള്ള മീനാണ്. ഞങ്ങള്‍ നിങ്ങള്‍ക്കു വില്‍ക്കുന്നത് ദിവസേനയയുള്ള പച്ചമീനാണ്. ഇപ്പോള്‍ കസ്റ്റമേഴ്‌സ് ബീച്ചിലേക്ക് മീന്‍തേടി വരുന്നു. ലത്തീന്‍ കത്തോലിക്കാ സമുദായത്തിലെ തീരപ്രദേശങ്ങളില്‍ മീന്‍വ്യാപാരം പുതിയ ഒരു സാധ്യതയാണ് തുറന്നിട്ടിരിക്കുന്നത്.

രണ്ടു സഹോദരന്മാര്‍   – ഫ്‌ളോയിഡും ജോസഫും

തുമ്പയിലെ അറിയപ്പെടുന്ന മീന്‍പിടുത്തക്കാരുടെ കുടുംബമാണ് ഞങ്ങളുടേത്. അച്ഛന് രണ്ടു കമ്പവലയും എന്‍ജിന്‍വള്ളവും ഉണ്ടായിരുന്നു. പ്രായമായപ്പോള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയാതെ എല്ലാം വിറ്റു. കമ്പവലകളൊക്കെ നാട്ടില്‍ നിന്ന് അപ്രത്യക്ഷമായി. യുവാക്കള്‍ തൊഴില്‍ തേടി ഗള്‍ഫ് മേഖകളിലേക്കു പോയി. ഞാനും ജ്യേഷ്ഠന്‍ ഫ്‌ളോയിഡും ഗള്‍ഫിലും നാട്ടിലുമായി ജോലി ചെയ്തുവരികയായിരുന്നു. കൊറോണക്കാലമായപ്പോള്‍ മക്കള്‍ക്ക് ആഹാരം നല്‍കാന്‍ നിവൃത്തിയില്ലാത്ത സാഹചര്യം. ഞങ്ങളുടെ അമ്മ മീന്‍ കച്ചവടക്കാരിയായിരുന്നു. മറ്റ് വരുമാനമാര്‍ഗങ്ങളൊന്നും മുന്നില്‍ തെളിയാതെ വന്നപ്പോഴാണ് മീന്‍കച്ചവടം ചെയ്യാന്‍ തീരുമാനിച്ചത്. ആദ്യം വലിയ ജാള്യത തോന്നി. രണ്ടുപേരും ഒരുമിച്ച് മീന്‍ ലേലം ചെയ്‌തെടുത്ത്, ഭാഗിച്ചെടുക്കും. പിന്നെ കച്ചവടം ചെയ്യാന്‍ രണ്ട് റൂട്ടിലേക്കു പോകും. ബുദ്ധിമുട്ടുകള്‍ക്കു നടുവില്‍ ഇപ്പോള്‍ ഇതൊരു ആശ്വാസമാണ്.

കായികതാരം മീന്‍ വില്‍ക്കുമ്പോള്‍ – ഫിലോ കൊച്ചപ്പന്‍

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു മികച്ച അത്‌ലറ്റായിരുന്നു ഞാന്‍. കൈപിടിച്ചുയര്‍ത്താന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എനിക്ക് കായികമേഖലയില്‍ ഉയരാമായിരുന്നു. സഹോദരന്മാര്‍ ഫുട്‌ബോള്‍ താരങ്ങളായിരുന്നു. എന്റെ ചേച്ചിമാരും കായികമേഖലയില്‍ പ്രാവീണ്യം ഉള്ളവരായിരുന്നു. ക്രിസ്മസിന് പള്ളിയങ്കണത്ത് നടക്കുന്ന പല ഗെയിമുകളിലും ഞാന്‍ തന്നെയാണ് ടീം ക്യാപ്റ്റന്‍. ഭര്‍ത്താവ് ഗള്‍ഫില്‍. വലിയ വരുമാനം ഇല്ല. മക്കള്‍ അക്‌സന്‍, അക്‌സ. കുടുംബചെലവുകള്‍ വര്‍ധിച്ചു. ലോക്ഡൗണ്‍ കാലം വലിയ ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോയത്. നാട്ടില്‍ സാമാന്യം വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികളാരും മീന്‍ ബിസിനസൊന്നും ചെയ്യാറില്ല. ഞാന്‍ ബിസിനസിനിറങ്ങിയപ്പോള്‍ പലര്‍ക്കും എന്നോട് സഹതാപമായിരുന്നു. ആരും പക്ഷേ എന്നെ പരിഹസിക്കുകയോ വിമര്‍ശിക്കുകയോ ചെയ്തില്ല.
ഞാന്‍ ബിസിസി യൂണിറ്റിന്റെ പ്രസിഡന്റ് കൂടിയാണ്. സാമൂഹ്യ ചുറ്റുപാടുകളെക്കുറിച്ചുള്ള സാമാന്യ അറിവെനിക്കുണ്ട്. അടുത്തുള്ള നാല്‍ക്കവലയില്‍ മീന്‍ നിരത്തി വില്‍ക്കുമ്പോള്‍ എന്റെ മനസില്‍ കുടുംബത്തിന്റെ മുന്നോട്ടുള്ള പോക്കിനെക്കുറിച്ചേ ചിന്തയുള്ളൂ. പണ്ടൊക്കെ ചന്തകളില്‍ ഞങ്ങളുടെ അമ്മ മീന്‍ വില്‍ക്കാന്‍ പോകുമ്പോള്‍ പരിഷ്‌ക്കാരമില്ലാത്തവരെന്നു പറഞ്ഞ് പരിഹസിച്ചവരുണ്ട്. മീന്‍ വില്‍ക്കുന്ന ചുരിദാറിട്ട പെണ്‍കുട്ടിയോട് ഇന്ന് കസ്റ്റമേഴ്‌സിന് യാതൊരു പരിഹാസവുമില്ല. എല്ലാ തൊഴിലിനും മഹത്വമുണ്ടല്ലോ. ആളുകള്‍ക്ക് പച്ചമീന്‍ കൊടുക്കാന്‍ കഴിയുന്നതില്‍ സന്തോഷം. സര്‍ക്കാര്‍ ഇത്തരം സംരംഭത്തിനിറങ്ങുന്ന പെണ്‍കുട്ടികള്‍ക്ക് ധനസഹായം നല്‍കിയാല്‍ വലിയ കാര്യമാകും. കൊറോണക്കാലം കഴിഞ്ഞാലും മീന്‍കച്ചവടം ചെയ്യണമെന്നുതന്നെയാണ് എന്റെ ആഗ്രഹം. മീന്‍വെള്ളം വീഴുന്നതോ മീന്‍ മണക്കുന്നതോ ഒന്നും വിഷമിപ്പിക്കുന്നില്ല. എന്റെ മക്കള്‍ ഇതു കണ്ട് വളരട്ടെ.

         ഫയദോര്‍ ദെസ്തയോവസ്‌കിയെ ഓര്‍ക്കുന്നു: ‘പ്രണയം, ഒരു സമുദ്രം കണക്കെയത് ഒഴുകിപ്പരക്കുന്നു, ഇണക്കിച്ചേര്‍ക്കുന്നു. ഒരിടത്തെ തലോടല്‍ ഭൂമിയുടെ മറുകോണില്‍ വരെ അലകളുണ്ടാക്കുന്നു’. തീരദേശജീവിതങ്ങള്‍ പുനര്‍നിര്‍മിക്കപ്പെടേണ്ട കാലമാണിത്. മത്സ്യബന്ധനം പ്രതിസന്ധിയിലാണ്. അവരുടെ വിദ്യാഭ്യാസ പുരോഗതിയും ആശാവഹമല്ല. തൊഴില്‍ ലഭിക്കാത്തതിന്റെ അനിശ്ചിതാവസ്ഥ, ദാരിദ്ര്യം, അസ്തിത്വപ്രതിസന്ധികള്‍. തീരഗ്രാമങ്ങള്‍ക്ക് വികസനകുതിപ്പേകുവാന്‍ പല കോണുകളില്‍ നിന്നുള്ള പിന്തുണ വേണം. കടല്‍ത്തിട്ടകള്‍ക്കു താഴെ മണ്ണുമൂടിപ്പോകേണ്ടതല്ല അവരുടെ ചരിത്രം. തങ്ങളുടെ കടലിലെ, തങ്ങളുടെ പിതാക്കന്മാര്‍ പിടിച്ച മീനുകള്‍ കച്ചവടം ചെയ്യാനിറങ്ങിയ വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ നമ്മുടെ സ്വത്വത്തെ പുനര്‍നിര്‍മ്മിക്കുകയാണ്. അഞ്ഞൂറ് അല്ല, ആയിരക്കണക്കിന് ചെറുപ്പക്കാര്‍ മത്സ്യമേഖലയിലേക്ക് കടന്നുവരട്ടെ!


Related Articles

കൊച്ചി രൂപതാതല സിനഡ് ഉദ്ഘാടനം

  കൊച്ചി. 2O23-ൽ റോമിൽ നടക്കുന്ന ആഗോള കത്തോലിക്കാ സഭ സിനഡിൻ്റെ കൊച്ചി രൂപതാതല ഉദ്ഘാടനം കൊച്ചി രൂപതാ മെത്രാൻ ഡോ. ജോസഫ് കരിയിൽ നിർവഹിച്ചു. ഫോർട്ടുകൊച്ചി

സുബ്രതോ കപ്പിനായി ലിഫ റസിഡൻഷ്യൽ അക്കാദമിയിലെ താരങ്ങൾ തയ്യാർ

തിരുവനന്തപുരം: കടലോളം സ്വപ്നവുമായി കടലിന്റെ കുരുന്നുകൾ സുബ്രതോ കപ്പിനായി ഇന്ന് ഡൽഹിയിലേക്ക് പോകുന്നു. കേരളത്തിൽ നിന്നുമുള്ള ആയിരത്തോളം സ്‌കൂൾ ടീമുകളെ പിന്നിലാക്കിയാണ് അണ്ടർ 14 ലിഫ റസിഡൻഷ്യൽ

ഇന്ന് 10 പേര്‍ക്ക് കൂടി കൊവിഡ്; എട്ട് പേര്‍ രോഗമുക്തരായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇടുക്കി 4, കോഴിക്കോട് 2, കോട്ടയം 2, തിരുവനന്തപുരം 1, കൊല്ലം 1 എന്നിങ്ങനെയാണ് പോസിറ്റീവ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*