സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി

by admin | July 1, 2022 5:57 am

ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ രക്തസാക്ഷിത്വത്തിന്റെ ഒന്നാമാണ്ട് ഓര്‍മദിനമാണ് ജൂലൈ അഞ്ച്. വിമോചന ദൈവശാസ്ത്രത്തെ സാമൂഹിക അപഗ്രഥന പശ്ചാത്തലമാക്കി, ആദിവാസികളും ദളിതരും അശരണരും പീഡിതരുമായ നിസ്വജന്മങ്ങളുടെ മാനവാന്തസ്സിനും അവകാശപോരാട്ടങ്ങള്‍ക്കുമായി അര്‍പ്പിതജീവിതം നയിച്ച ഈശോസഭാ പ്രേഷിതനെ എണ്‍പത്തിനാലാം വയസ്സില്‍ പാര്‍ക്കിന്‍സണ്‍സ് രോഗം ഉള്‍പ്പെടെ സങ്കീര്‍ണമായ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുമ്പോഴാണ് കൊവിഡ് വ്യാപനത്തിന്റെ മൂര്‍ധന്യത്തില്‍ ഭീകരപ്രവര്‍ത്തനക്കുറ്റം ചുമത്തി ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്ന് നിയമവിരുദ്ധമായി അറസ്റ്റുചെയ്ത് 1,800 കിലോമീറ്റര്‍ അകലെ മഹാരാഷ്ട്രയിലെ നവിമുംബൈയില്‍ തലോജ സെന്‍ട്രല്‍ ജയിലിലടച്ചത്. ഒന്‍പതു മാസത്തോളം ചികിത്സയും ജാമ്യവും അടിസ്ഥാന മാനുഷികപരിഗണനയും നിഷേധിച്ച്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കീഴിലുള്ള എന്‍ഐഎയും, ജുഡീഷ്യറിയും, ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും കൂട്ടുകക്ഷികളായ മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ ജയില്‍ വകുപ്പും ആ ദാരുണാന്ത്യം ഉറപ്പുവരുത്തുകയായിരുന്നു. വിചാരണതടവില്‍ കൊവിഡ് ബാധിച്ച് അത്യാസന്ന നിലയില്‍ ബാന്ദ്രയിലെ ഹോളി ഫാമിലി ഹോസ്പിറ്റലിലേക്കു മാറ്റുമ്പോഴും രണ്ടാഴ്ചത്തേക്കു മാത്രം ജാമ്യം അനുവദിച്ച മുംൈബ ഹൈക്കോടതി ജാമ്യകാലാവധി നീട്ടാനുള്ള അപേക്ഷ പരിഗണിക്കുമ്പോഴാണ് മരണവാര്‍ത്തയറിഞ്ഞു ഞെട്ടിയത്.

രാജ്യത്ത് നിരോധിക്കപ്പെട്ട ഭീകരസംഘടനയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) സെന്‍ട്രല്‍ കമ്മിറ്റിയുമായി നേരിട്ടു ബന്ധമുള്ള ‘നഗര മാവോയിസ്റ്റ്,’ തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ദളിത് വിഭാഗങ്ങളെയും കേരള, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ മുസ്ലിം ന്യൂനപക്ഷ ശക്തികളെയും രാജ്യമെങ്ങും ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും നഗരങ്ങളിലും അയല്‍പക്കതലത്തില്‍ സായുധ മിലീഷ്യയെയും ഇളക്കിവിട്ട് രാഷ്ട്രത്തോട് യുദ്ധം പ്രഖ്യാപിക്കാനും കേന്ദ്ര ഗവണ്‍മെന്റിനെ അട്ടിമറിക്കാനും ക്രിമിനല്‍ ഗൂഢാലോചന നടത്തിയ ഭീകരവാദി, ഭീമ കൊറേഗാവ് അക്രമസംഭവവുമായി ബന്ധപ്പെട്ട യുഎപിഎ (നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം) കേസിലെ പതിനാറാം പ്രതി – സൊസൈറ്റി ഓഫ് ജീസസ് എന്ന ജസ്യുറ്റ് സന്ന്യാസ സമൂഹത്തിന്റെ ജംഷെഡ്പുര്‍ പ്രോവിന്‍സ് അംഗമെന്ന നിലയില്‍ 64 വര്‍ഷം പാവപ്പെട്ടവര്‍ക്കായി നിസ്വാര്‍ത്ഥസേവനം ചെയ്ത സാമൂഹികശാസ്ത്രജ്ഞനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ ക്രൈസ്തവ മിഷണറിക്ക് പതിനായിരം പേജ് വരുന്ന കുറ്റപത്രത്തില്‍ എന്‍ഐഎ ചാര്‍ത്തിക്കൊടുത്ത ജുഗുപ്‌സാവഹമായ ക്രിമിനല്‍ അഭിധാനങ്ങളുടെ കളങ്കം ഇന്നും മായ്ക്കപ്പെടാതെ മരണാനന്തര അപഖ്യാതിയായി നിലനില്ക്കുന്നു.

തമിഴ്‌നാട്ടിലെ കുംഭകോണം രൂപതയില്‍ വിരഗലൂര്‍ ഗ്രാമത്തിലെ നിര്‍ധന കര്‍ഷക കുടുംബത്തില്‍ ജനിച്ച സ്റ്റാനിസ്ലാവുസ് ലൂര്‍ദുസ്വാമി ഇരുപതാം വയസ്സിലാണ് ജസ്യുറ്റ് സമൂഹത്തില്‍ ചേരുന്നത്. ഫിലിപ്പീന്‍സിലെ മനില യൂണിവേഴ്സിറ്റിയില്‍ പഠിക്കുമ്പോള്‍ വിമോചന ദൈവശാസ്ത്രത്തില്‍ ആകൃഷ്ടനായ സ്റ്റാന്‍ ഝാര്‍ഖണ്ഡിലെ ഛായ്ബാസയിലെ ലുപുംഗുട്ടുവില്‍ ഹോ ഗോത്രവര്‍ഗക്കാരുടെ സാമൂഹികജീവിതത്തെക്കുറിച്ച് പഠിക്കാന്‍ 28-ാം വയസ്സില്‍ എത്തിയതു മുതല്‍, 2020 ഒക്ടോബര്‍ എട്ടിന് എന്‍ഐഎ സംഘം റാഞ്ചിയിലെ ബഗയ്ച ക്യാമ്പസില്‍ നിന്ന് പിടിച്ചുകൊണ്ടുപോകുന്നതുവരെ ”മുറിവുകള്‍ ബാന്‍ഡേജ് ചെയ്യുന്ന” കാരുണ്യശുശ്രൂഷയെക്കാള്‍ സോഷ്യല്‍ അനലിറ്റിക്കല്‍ ടൂള്‍ ഉപയോഗിച്ച് സ്ഥിതിവിവരങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്ത് സാധാരണക്കാരെ വേണ്ടവണ്ണം ബോധവത്കരിച്ച് അവകാശങ്ങള്‍ നേടിയെടുക്കാന്‍ പ്രാപ്തരാക്കുന്നതിലാണ് ശ്രദ്ധയൂന്നിയിരുന്നത്.

അടിയന്തരാവസ്ഥക്കാലത്ത് ബാംഗളൂര്‍ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറായിരുന്ന സ്റ്റാന്‍ സ്വാമി തമിഴ്‌നാട്ടിലെ വില്ലുപുരത്ത് അടിമവേല ചെയ്തുവന്നിരുന്ന ദളിത് സമൂഹത്തിനു വേണ്ടി രംഗത്തിറങ്ങിയത് കടുത്ത വെല്ലുവിളികള്‍ നേരിട്ടുകൊണ്ടാണ്. സോഷ്യോളജി ബിരുദാനന്തരപഠനത്തിനു ബെല്‍ജിയമിലെത്തിയപ്പോള്‍ ബ്രസല്‍സില്‍ ‘മര്‍ദിതരുടെ ബോധനശാസ്ത്രം’ പഠിപ്പിച്ച ബ്രസീലിയന്‍ ചിന്തകന്‍ പൗലോ ഫ്രെയറെ കണ്ടുമുട്ടി. ബ്രസീലിലെ ചേരികളിലെ പാവപ്പെട്ടവര്‍ക്കുവേണ്ടി ധീരമായ നിലപാടുകള്‍ സ്വീകരിച്ച ആര്‍ച്ച്ബിഷപ് ഡോം ഹെല്‍ഡര്‍ കമറായുടെ സൗഹൃദം സമ്പാദിക്കാനും സ്റ്റാന്‍ സ്വാമിക്കു കഴിഞ്ഞു. ”ദരിദ്രര്‍ക്കു ഭക്ഷണം നല്‍കുമ്പോള്‍ എന്നെ നിങ്ങള്‍ വിശുദ്ധനെന്നു വിളിക്കും; അവരെങ്ങനെ ദരിദ്രരായി എന്നു ഞാന്‍ ചോദിച്ചാല്‍ നിങ്ങള്‍ എന്നെ കമ്യൂണിസ്റ്റ് എന്നു വിളിക്കും” എന്നാണ് ആര്‍ച്ച്ബിഷപ് കമറാ ഭരണാധികാരികളുടെ രാഷ്ട്രീയകാപട്യത്തെ വിമര്‍ശിച്ചത്.

ഗോത്രവര്‍ഗക്കാരുടെ പൈതൃകസങ്കേതങ്ങളായ വനഭൂമിയും കൃഷിയിടങ്ങളും വന്‍കിട കോര്‍പറേറ്റുകള്‍ ധാതുഖനികള്‍ക്കും വ്യവസായശാലകള്‍ക്കും ടൗണ്‍ഷിപ്പുകള്‍ക്കുമായി പിടിച്ചെടുക്കുകയും നഷ്ടപരിഹാരം നല്കാതെ പാവപ്പെട്ടവരെ കുടിയൊഴിപ്പിക്കുകയും ചെയ്യുന്നതിനെതിരേ 90കളില്‍ ആരംഭിച്ച ജനകീയ പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്ന ഫാ. സ്റ്റാന്‍ പിന്നീട് പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുന്നവര്‍ക്കും അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്കുമെതിരേ ”ജല്‍, ജംഗിള്‍, ജമീന്‍’ പേരാട്ടങ്ങള്‍ക്ക് നിയതമായ മാര്‍ഗരേഖ തയ്യാറാക്കി. അദ്ദേഹം എഴുതിയ ‘ഹോംലെസ് ഇന്‍ അവര്‍ ഓണ്‍ ഹോംലാന്‍ഡ്’ എന്ന പുസ്തകത്തില്‍, കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഇന്ത്യയില്‍ രണ്ടു കോടി ആളുകള്‍ ഖനികള്‍ക്കും അണക്കെട്ടുകള്‍ക്കും മറ്റുമായി കുടിയൊഴിപ്പിക്കപ്പെട്ടതായി പറയുന്നു. ഗോത്രവര്‍ഗ ഭൂമി അന്യാധീനപ്പെടുന്നത് തടയാനുള്ള നിയമവും പട്ടികവര്‍ഗ മേഖല പഞ്ചായത്ത് വികസനത്തിനുള്ള ഭരണഘടനാവ്യവസ്ഥകളും അവകാശങ്ങളും ഉറപ്പാക്കുന്നതിന് ഝാര്‍ഖണ്ഡില്‍ ആദിവാസികള്‍ തങ്ങളുടെ അധികാരസീമകളില്‍ പത്ഥല്‍ഗഢി ശിലകള്‍ നാട്ടി നടത്തിയ പ്രക്ഷോഭം ബിജെപി ഭരണകൂടത്തിന്റെ ലാന്‍ഡ് ബാങ്ക് പദ്ധതികള്‍ അവതാളത്തിലാക്കി.

ഝാര്‍ഖണ്ഡിലെ ജയിലുകളില്‍ വിചാരണതടവുകാരായി കഴിയുന്ന ചെറുപ്പക്കാരില്‍ 97 ശതമാനവും കള്ളക്കേസില്‍ കുടുക്കപ്പെട്ട നിരപരാധരാണെന്നു വെളിപ്പെടുത്തുന്ന പുസ്തകം സ്റ്റാന്‍ സ്വാമി പ്രസിദ്ധീകരിച്ചു. യുവതികള്‍ ഉള്‍പ്പെടെ 3,000 തടവുപുള്ളികളുടെ മോചനത്തിനായി റാഞ്ചി ഹൈക്കോടതിയില്‍ ഫാ. സ്റ്റാന്‍ കേസ് നടത്തി. ഇതിനായി രൂപീകരിച്ച പീഡിത തടവുപുള്ളികള്‍ക്കായുള്ള ഐക്യദാര്‍ഢ്യസമിതി മാവോവാദി സംഘടനയാണെന്നും ഇതിന്റെ പേരില്‍ അദ്ദേഹം എട്ടു ലക്ഷം രൂപ മാവോയിസ്റ്റ് സഖാക്കളില്‍ നിന്നു കൈപ്പറ്റിയെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു.

മഹാരാഷ്ട്രയിലെ പുനെയ്ക്കടുത്ത് ഭീമ കൊറേഗാവില്‍ 2018 ജനുവരി ഒന്നിന് ദളിത്-ബഹുജന്‍ വിഭാഗക്കാര്‍ക്കു നേരെ മറാത്താ ഹിന്ദുത്വവാദി ജനക്കൂട്ടം നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട എല്‍ഗാര്‍ പരിഷത്ത് കേസിലാണ് എന്‍ഐഎ സ്റ്റാന്‍ സ്വാമിയെ അറസ്റ്റുചെയ്തത്. 1818 ജനുവരി ഒന്നിന് മഹാര്‍ ദളിത് സൈനികര്‍ ഉള്‍പ്പെട്ട ബ്രിട്ടീഷ് സൈന്യം പേഷ്വാ ബാജിറാവു രണ്ടാമന്റെ മറാത്താ ബ്രാഹ്മണ സേനയെ ഭീമ കൊറേഗാവിലെ യുദ്ധത്തില്‍ തോല്പിച്ചതിന്റെ ഇരുന്നൂറാം വാര്‍ഷികമായിരുന്നു 2018 ജനുവരി ഒന്നിന്. ഇതിന്റെ തലേന്ന് പുനെ ശനിവാര്‍വാഢയില്‍ എല്‍ഗാര്‍ പരിഷത് സംഘടിപ്പിച്ച ‘നഗര മാവോയിസ്റ്റുകള്‍’ ആണ് ഭീമ കൊറേഗാവ് അക്രമത്തിനു പ്രേരണ നല്കിയത് എന്നാണ് ആരോപണം. അക്രമവുമായി ബന്ധപ്പെട്ട് ആദ്യം പുനെ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പ്രതികളായ മിലിന്ദ് ഏക്‌ബോട്ടേ, സംഭാജി ഭീഡെ എന്നീ ഹിന്ദുത്വ നേതാക്കള്‍ക്കെതിരേ ഒരു നടപടിയുമുണ്ടായില്ല. എന്നാല്‍ പ്രഫസര്‍മാരായ ഹനി ബാബു തറയില്‍, ആനന്ദ് തേല്‍തുംബ്‌ഡേ, ഷോമാ സെന്‍, എണ്‍പത്തൊന്നുകാരനായ തെലുങ്ക് കവി വരവര റാവു, അഭിഭാഷകരായ സുധാ ഭരദ്വാജ്, സുരേന്ദ്ര ഗാഡ്‌ലിങ്, മനുഷ്യാവകാശപ്രവര്‍ത്തകരായ റോണ വിത്സന്‍, അരുണ്‍ ഫെരേരാ, ഗൗതം നൗലഖാ, സുധീര്‍ ധവാലെ, മഹേഷ് റാവുത്ത് തുടങ്ങി 16 പേരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പുനെ പൊലീസ് ഈ കേസില്‍ കുടുക്കി. മഹാരാഷ്ട്രയില്‍ ബിജെപിക്ക് ഭരണം നഷ്ടമാകുന്ന ഘട്ടത്തില്‍ 2020 ജനുവരിയിലാണ് എന്‍ഐഎ കേസ് ഏറ്റെടുത്തത്. മൂന്നുവര്‍ഷമായി 13 പ്രതികള്‍ ജാമ്യമില്ലാതെ തടങ്കലില്‍ കഴിയുകയാണ്.

കാന്‍സര്‍ രോഗത്തെ അതിജീവിക്കുന്നതിന് മൂന്നു ശസ്ത്രക്രിയകള്‍ക്കു വിധേയനായിരുന്ന ഫാ. സ്റ്റാന്‍ സ്വാമിക്ക് പാര്‍ക്കിന്‍സണ്‍സ് രോഗവും ഹെര്‍ണിയയും കീഴ്വയറ്റില്‍ കഠിനമായ വേദനയും കേള്‍വിയില്ലായ്മയും പ്രായാധിക്യത്തിന്റെ അവശതകളുമുണ്ടായിരുന്നു. അനീതി സംഭവിക്കുമ്പോള്‍ മൂകനായ കാഴ്ചക്കാരനാകാന്‍ തനിക്കാവില്ലെന്നും, അതിനായി എന്തു വില കൊടുക്കാനും തയാറാണെന്നും അറസ്റ്റിലാകുന്നതിനു മുന്‍പ് വീഡിയോ സന്ദേശത്തില്‍ സ്റ്റാന്‍ സ്വാമി പറഞ്ഞു. കൈവിറയലുള്ളതിനാല്‍ സ്ട്രോയും സിപ്പറുമില്ലാതെ ഒന്നും കുടിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്ന അദ്ദേഹത്തിന് ജയിലില്‍ അത് അനുവദിച്ചുകിട്ടാന്‍ എന്‍ഐഎ സ്പെഷല്‍ കോടതി ഉത്തരവിന് രണ്ടുമാസം വേണ്ടിവന്നു. ആരോഗ്യാവസ്ഥ വഷളായികൊണ്ടിരിക്കയാണെന്നും താന്‍ താമസിയാതെ ജയിലില്‍ കിടന്നു മരിക്കുമെന്നും ബോംബെ ഹൈക്കോടിയെ വീഡിയോകോണ്‍ഫറന്‍സിങില്‍ അദ്ദേഹം നേരിട്ട് ബോധിപ്പിച്ചു. അപ്പോഴും പ്രതിയുടെ ആരോഗ്യനിലയെക്കുറിച്ച് ആശങ്കപ്പെടാന്‍ ആധികാരിക രേഖയൊന്നുമില്ലെന്നായിരുന്നു എന്‍ഐഎയുടെ വാദം.

സ്വതന്ത്ര ഇന്ത്യയിലെ അതിഭയങ്കര കുറ്റകൃത്യങ്ങളിലൊന്ന് ബാബ്‌റി മസ്ജിദ് തകര്‍ത്തതാണ്. അതില്‍ പ്രതികളായവര്‍ക്ക് വിചാരണതടവുകാരായി ഒരു ദിവസം പോലും ജയിലില്‍ കഴിയേണ്ടിവന്നില്ല; പലര്‍ക്കും കാബിനറ്റ് റാങ്കും ഗവര്‍ണര്‍ പദവിയുമൊക്കെ ലഭിക്കുകയും ചെയ്തു. താന്‍ ഒരിക്കല്‍ പോലും ഭീമ കൊറേഗാവ് കണ്ടിട്ടില്ലെന്ന് സ്റ്റാന്‍ സ്വാമി പലവട്ടം മൊഴി നല്കിയിരുന്നു. അദ്ദേഹത്തിന്റെ പക്കല്‍നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഡിവൈസില്‍ രാജ്യദ്രോഹക്കുറ്റത്തിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കുമുള്ള തെളിവുകളുണ്ടെന്നാണ് എന്‍ഐഎ അവകാശപ്പെട്ടത്. കേസില്‍ ആദ്യം അറസ്റ്റിലായ പ്രതികളില്‍ ഒരാളായ റോണാ വിത്സന്റെ ലാപ്‌ടോപ്പില്‍ പലപ്പോഴായി ഒരു ഹാക്കര്‍ മാല്‍വെയറിലൂടെ 30 ഡോക്യുമെന്റുകളും പത്തു കത്തുകളും നിക്ഷേപിച്ചതായി മസച്യുസെറ്റ്‌സിലെ ഡിജിറ്റല്‍ ഫോറന്‍സിക് കമ്പനിയായ ആര്‍സെനല്‍ കണ്‍സള്‍ട്ടിങ് കണ്ടെത്തിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവയിലൊന്ന് പ്രധാനമന്ത്രി മോദിയെ വധിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ചും എം4 റൈഫിളുകളും നാലു ലക്ഷം വെടിയുണ്ടകളും ശേഖരിക്കുന്നതിനെക്കുറിച്ചുമാണത്രേ. സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെ മറ്റു പ്രതികളുടെ ഡിവൈസുകളിലും ഇത്തരം ഹാക്കിങ് നടന്നിട്ടുണ്ടെന്നുവേണം അനുമാനിക്കാന്‍.

വിമതശബ്ദങ്ങള്‍ അടിച്ചമര്‍ത്താനും രാഷ്ട്രീയപ്രതികാരം തീര്‍ക്കാനുമായി വ്യക്തിസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും കൂച്ചുവിലങ്ങിടുകയാണ്. ഇന്ത്യന്‍ ശിക്ഷാനിയമ കുറ്റങ്ങള്‍ യുഎപിഎ വ്യവസ്ഥകളാക്കി മാറ്റുന്നത് അതിനാലാണ്. 2002-ലെ ഗുജറാത്ത് കലാപത്തില്‍ ഇരകള്‍ക്കുവേണ്ടി വാദിച്ച മനുഷ്യാവകാശപ്രവര്‍ത്തക തീസ്ത സെതല്‍വാഡ്, മുന്‍ ഡിജിപി ആര്‍.ബി. ശ്രീകുമാര്‍, മുന്‍ ഡിഐജി സഞ്ജീവ് ഭട്ട് എന്നിവരെപോലുള്ളവര്‍ തടങ്കലിലടയ്ക്കപ്പെടുന്നത് ഇതിന്റെ തുടര്‍ച്ചതന്നെയാണ്.

സ്റ്റാന്‍ സ്വാമിയുടെ സ്മരണാഞ്ജലിയില്‍ രാജ്യത്ത് ”കൂട്ടിലടയ്ക്കപ്പെട്ട പക്ഷികള്‍ ചിറകില്‍ ചോരയുമായി” പ്രത്യാശയുടെ പാട്ടുകള്‍ പാടുന്നുണ്ട്. രബീന്ദ്രസംഗീതത്തിലെ ആ അനശ്വര വരികള്‍, ഏക്‌ല ചലോ രേ, തടവറകളിലും മുഴങ്ങുന്നുണ്ട്:
”ഒറ്റയ്ക്ക് നടക്കുക
കോളുകൊണ്ട രാത്രിയില്‍ അവര്‍ വിളക്ക് ഉയര്‍ത്തിക്കാട്ടുന്നില്ലെങ്കില്‍ നിന്റെ ഹൃത്തില്‍ വേദനയുടെ ഇടിമിന്നല്‍തീ ഒറ്റയ്ക്ക് തെളിയട്ടെ!”

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Source URL: https://jeevanaadam.in/%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%95%e0%b4%bf%e0%b4%9f/