സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് പിന്തുണയേകണം

രാജ്യത്ത് സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് അനുകൂല സാഹചര്യമുള്ള മികച്ച നാല് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ദീര്‍ഘവീക്ഷണമുള്ള നേതൃത്വം, തന്ത്രപരമായ സമീപനം, നൂതനസ്വഭാവം, സംരംഭകത്വത്തിന് അനുയോജ്യമായ അന്തരീക്ഷം എന്നിവയോടെയാണ് കേരളം ഇന്ത്യയിലെ സ്റ്റാര്‍ട്ടപ് റാങ്കിങ്ങില്‍ മികച്ച നാലു സംസ്ഥാനങ്ങളിലൊന്നായി തെരഞ്ഞെടുക്കപ്പെടുന്നത്.
കേന്ദ്ര വ്യവസായനയ പ്രോത്സാഹന വകുപ്പ് (ഡിഐപിപി) തയ്യാറാക്കിയ ദേശീയ റാങ്കിങ്ങില്‍ കര്‍ണാടക, ഒഡിഷ, രാജസ്ഥാന് എന്നിവയ്ക്കൊപ്പമാണ് കേരളം. 27 സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശവുമാണ് മികവിനുവേണ്ടി മത്സരിച്ചത്. സ്റ്റാര്‍ട്ടപ് നയത്തിലൂടെ സംരംഭങ്ങള്‍ക്ക് നല്കുന്ന പിന്തുണ, എല്ലാ ജില്ലകളിലും സംരംഭക സെല്ലുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള ഫണ്ട് എന്നിവയിലൂടെ കേരളം കാഴ്ചവച്ച മികച്ച പ്രകടനമാണ് റാങ്കിങ്ങില്‍ എടുത്തുപറഞ്ഞത്. സ്റ്റാര്‍ട്ടപ് നയം നടപ്പാക്കുന്നതിലും ഇന്‍കുബേഷന്‍ ഹബ്ബുകള്‍ സ്ഥാപിക്കുന്നതിലും സ്റ്റാര്‍ട്ടപ് പ്രക്രിയയിലെ സീഡിങ്, ഇന്നവേഷന്‍ എന്നിവയിലും മികവുകാട്ടി.
അഞ്ചുലക്ഷം ചതുരശ്രയടി ഇന്‍കുബേഷന്‍ സ്ഥലം സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കേരളം മാറ്റിവച്ചിട്ടുണ്ട്. സ്കൂളുകളില്‍പോലും ഇന്‍കുബേഷന്‍ സെല്ലുകള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 30 ഇന്കുബേറ്ററാണുള്ളത്. നിക്ഷേപകരെ കേരളത്തിലേയ്ക്ക് ആകര്‍ഷിക്കാന്‍ ഫണ്ട് ഓഫ് ഫണ്ട് എന്ന സംവിധാനവുമുണ്ട്. ഈ നടപടികളിലൂടെ രണ്ടായിരത്തോളം സ്റ്റാര്‍ട്ടപ്പുകളെ സൃഷ്ടിക്കാന്‍ കേരളത്തിന് കഴിഞ്ഞു. ഇവയില്‍ പലതിനും രാജ്യാന്തര തലത്തില്‍വരെ അംഗീകാരം ലഭിച്ചു.
വ്യവസായരംഗത്തെ പുതുമേഖലകളില്‍ ഒന്നാണ് സ്റ്റാര്‍ട്ടപ്പുകള്‍. ഒരാളോ ഏതാനും പേരോ ചേര്‍ന്നു തുടങ്ങുന്ന നവീന സംരംഭങ്ങളാണ് ഇവ. പലപ്പോഴും ഒരാവശ്യത്തിനുതകുന്ന സാങ്കേതികവിദ്യ കണ്ടെത്താനോ ഒരു പ്രശ്നത്തിന് പരിഹാരം തേടാനോ തുടങ്ങുന്നവയാകാം. ലോകത്താകെ ഇത്തരം ചെറുകമ്പനികളുടെ മുന്നേറ്റം സമീപകാലത്തുണ്ടായി. എല്ലാം വിജയിക്കുന്നില്ലെങ്കിലും ഒട്ടേറെ കമ്പനികള്‍ വന്സ്ഥാപനങ്ങളായി വളര്‍ന്നു. ഉയര്‍ന്ന നൈപുണ്യ മികവും സാങ്കേതിക വൈദഗ്ധ്യവും നേടിയവരുടെ വര്‍ധിച്ച സാന്നിധ്യം സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.
സമഗ്രമായ ഒരു പിന്തുണാ സംവിധാനം വേണം എന്ന ആശയത്തിലാണ് ഈ സമുച്ചയം നിര്‍മിച്ചിരിക്കുന്നത്. ഈ പിന്തുണ ഉണ്ടായില്ലെങ്കില്‍ സഹായം തേടി അലയുന്ന സ്റ്റാര്‍ട്ടപ് സംരംഭകര്‍ ആശയം മറിച്ചുവില്‍ക്കാനോ ഇടയ്ക്ക് അവസാനിപ്പിക്കാനോ നിര്‍ബന്ധിതരാകും.
നവസംരംഭങ്ങളില്‍ 10 ശതമാനമേ വിജയിക്കുന്നുള്ളൂ എന്ന സ്ഥിതി മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കേണ്ടത്. സമൂഹത്തില്‍ പുതുതായി ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളും ആവശ്യങ്ങളും ഏറെയാണ്. പലതും പുതുതലമുറ പ്രശ്നങ്ങള്‍ എന്നുതന്നെ പറയാം. ഇവയുടെ പരിഹാരത്തിന് നവീനശാസ്ത്രശാഖകളുടെയും ആധുനിക സാങ്കേതിക വിദ്യകളുടെയും സഹായം ആവശ്യമാണ്. ഇതിനുശേഷിയുള്ള ഒരു തലമുറയെ രൂപപ്പെടുത്താനുള്ള ശ്രമങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ പിന്തുണയേകും. അതിനായി നൂതനാശയങ്ങളും അവയുടെ ആവിഷ്കാരവും പ്രോല്‍സാഹിപ്പിക്കുക എന്നത് പ്രധാനമാണ്. ഈ പിന്തുണയാണ് ഇപ്പോള്‍ സ്റ്റാര്‍ട്ടപ് സമുച്ചയം വഴി ലഭ്യമാകുന്നത്.
രാജ്യത്തെ ആദ്യ ഐടി പാര്‍ക്കും ആദ്യ ഇലക്ട്രോണിക്സ് സംരംഭവും തുടങ്ങിയത് കേരളത്തിലാണ്. എന്നാല്‍, ഇപ്പോഴും സോഫ്റ്റ്വെയര് കയറ്റുമതിയിലും ഇലക്ട്രോണിക്സ് വ്യവസായ രംഗത്തും നമ്മള് പിന്നിലാണ്. ഈ രംഗങ്ങളില്‍ മാറ്റംവരുത്താന്‍ ഉതകുന്ന സമഗ്രമായ സമീപനമാണ് സ്വീകരിക്കേണ്ടത്. നൂതന സാങ്കേതിക വിദ്യകളുടെ കാര്യത്തില്‍ കുതിച്ചുചാട്ടം തന്നെ വേണം.
കളമശേരി സ്റ്റാര്‍ട്ടപ് കോംപ്ലക്സ്
രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ് കോംപ്ലക്സ് കളമശേരിയില്‍ 13.2 ഏക്കറില്‍ സജ്ജമാകുകയാണ്. രാജ്യത്തെ മികച്ച നവസംരംഭകത്വ കേന്ദ്രമായി ഇതു മാറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സ്റ്റാര്‍ട്ടപ്പുകളുടെ സാന്നിധ്യവും വളര്‍ച്ചയും പ്രധാനമാണ്. ഹാര്ഡ്വെയര് രംഗത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക സൗകര്യം കളമശേരി സമുച്ചയത്തിലുണ്ട്. ഇത് ഇന്ത്യയില്‍ത്തന്നെ ആദ്യമാണ്. ആരോഗ്യമേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ട്. ക്യാന്‍സര്‍ രോഗനിര്‍ണയം, ചികിത്സ തുടങ്ങിയ മേഖലകളില്‍ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തുന്ന പ്രത്യേക കേന്ദ്രം തന്നെ ഇവിടെ സജ്ജമാകുന്നുണ്ട്. ഇവിടെ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ് കമ്പനികള്‍ ഇപ്പോള്‍ത്തന്നെ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ 12 മാസത്തെ പ്രവര്‍ത്തനങ്ങളിലൂടെ പേറ്റന്റിനായി 30 അപേക്ഷ സമര്‍പ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ ബൗദ്ധിക സ്വത്ത് അധിഷ്ഠിത ഇന്‍കുബേഷന്‍ കേന്ദ്രമായി ഇവിടം മാറിക്കഴിഞ്ഞു.
കേരളത്തിന് ഏറെ പ്രതീക്ഷ നല്കുന്ന ചുവടുവയ്പ്പാണ് ഈ സംരംഭം. നാടിന്റെ ആവശ്യങ്ങള്‍ക്ക് ഉതകുന്ന വിധത്തിലും വളര്‍ച്ചാസാധ്യത മുന്നില്‍ക്കണ്ടും രൂപപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളര്‍ച്ചയ്ക്കും സുസ്ഥിരതയ്ക്കും അനുയോജ്യമായ അന്തരീക്ഷം ഇവിടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.
Related
Related Articles
കോതാടിന്റെ ഹൃദയത്തില്‍ മാടവനയുടെ സ്നേഹവീട്
എറണാകുളം: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കോതാട് നടക്കാപ്പറമ്പില്‍ ജോസഫിനും കുടുംബത്തിനും മാടവന സെന്റ് സെബാസ്റ്റ്യന്‍ ഇടവക നിര്‍മ്മിച്ചുനല്‍കിയ സ്നേഹവീടിന്റെ താക്കോല്‍ ദാനം ജനുവരി 23ന് വരാപ്പുഴ മെത്രാപ്പോലീത്ത
“ജനതാ കർഫ്യു” വിജയിപ്പിക്കണം: കെ അർ എൽ സി സി
കൊച്ചി: കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത മാർച്ച് 22 ഞായറാഴ്ചയിലെ ജനതാ കർഫ്യു വിജയിപ്പിക്കാൻ കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ
നിസാമുദീന്‍ കണ്ടെത്തല്‍ കടുപ്പം: കേരളത്തില്‍നിന്ന് 319 പേര്
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ പ്രധാനകേന്ദ്രമായി ഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീനിലുള്ള മര്‍ക്കസ് ആസ്ഥാനം മാറിയെന്ന് പ്രാഥമിക നിഗമനം. ഇവിടെ കഴിഞ്ഞിരുന്ന 2100 പേരെയും പൊലീസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന്