Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
സ്വകാര്യ ട്രെയിന്‍ കാത്തിരിക്കുമ്പോള്‍

രാജ്യത്തെ ആദ്യത്തെ കോര്‍പറേറ്റ് ട്രെയിനാണ് ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് കഴിഞ്ഞ നാലാം തീയതി ഓടിത്തുടങ്ങിയ തേജസ് എക്സ്പ്രസ്. ഓരോ സീറ്റിലും എല്‍ഇഡി ടിവി, വായിക്കാന്‍ മാസികകള്‍, ഇലക്ട്രിക് ഔട്ലെറ്റ്, വിമാനയാത്രയില്‍ കാണുന്ന എയര്‍ ഹോസ്റ്റസുമാരെപോലുള്ള കാബിന് അറ്റന്‍ഡര്‍മാര്‍ വിളിപ്പുറത്ത്, അവര്‍ വിളമ്പുന്ന ഭക്ഷണപാനീയങ്ങള്‍, വെന്‍ഡിംഗ് മെഷീന്, കൗതുകവസ്തുക്കളുടെ വില്പന, പുറത്തെ കാഴ്ചകള്‍ കാണാന്‍ തെളിമയുള്ള വലിയ ചില്ലുജാലകങ്ങള്‍ എന്നിങ്ങനെ യാത്രക്കാര്‍ക്ക് ലോകനിലവാരമുള്ള സുഖസൗകര്യങ്ങളൊരുക്കി ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പറേഷന് (ഐആര്‍സിടിസി) ആണ് സമ്പൂര്‍ണമായി എയര്‍കണ്ടീഷന്‍ ചെയ്ത ഒന്‍പത് ചെയര്‍ കാറും ഒരു എക്സിക്യുട്ടീവ് ക്ലാസ് കോച്ചുമുള്ള ഈ സെമി ഹൈസ്പീഡ് (മണിക്കൂറില്‍ 130 മുതല്‍ 180 കിലോമീറ്റര്‍ വരെ വേഗം) ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. എന്തെങ്കിലും കാരണവശാല്‍ ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് 100 രൂപ വീതവും, രണ്ടു മണിക്കൂറിലേറെ വൈകിയാല്‍ 250 രൂപ നിരക്കിലും നഷ്ടപരിഹാരം, ഓരോ യാത്രക്കാരനും 25 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ്, ബുക്കു ചെയ്യുന്നവരുടെ ലഗേജ് താമസസ്ഥലത്തുനിന്ന് എടുത്തുകൊണ്ടുപോയി ട്രെയിനില്‍ കൃത്യമായി സീറ്റിന് അനുക്രമമായി വയ്ക്കാനും യാത്രയ്ക്കൊടുവില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുമുള്ള സംവിധാനം തുടങ്ങി പുതുമയുള്ള ആകര്ഷണങ്ങള് വേറെയുമുണ്ട്.
രാജ്യത്തെ ആറു വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിച്ചതിനു പിന്നാലെ പ്രധാന നഗരങ്ങളിലെ 50 റെയില്‍വേ സ്റ്റേഷനുകളും 150 ട്രെയിനുകളും സ്വകാര്യമേഖലയ്ക്കു വിട്ടുനല്‍കാനുള്ള പദ്ധതി കേന്ദ്ര ഗവണ്മെന്റ് ഊര്‍ജിതമാക്കിയിരിക്കയാണ്. യുഎസ്, ചൈന, റഷ്യ എന്നിവ കഴിഞ്ഞാല്‍ ലോകത്തിലെ നാലാമത്തെ വലിയ റെയില്‍ ഗതാഗതശൃംഖലയായ ഇന്ത്യന്‍ റെയില്‍വേയുടെ – 68,000 കിലോമീറ്റര്‍ റൂട്ടില്‍ പ്രതിദിനം 13,542 ട്രെയിനുകളിലായി 230 ലക്ഷം യാത്രക്കാര്‍ – യാത്രാ ട്രെയിനുകളുടെ കുത്തക സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്കു വീതംവച്ചു നല്കുന്നതിനു മുന്നോടിയായാണ് റെയില്‍വേയുടെ ഓണ്‍ലൈന്‍ ടിക്കറ്റിംഗ്, കേറ്ററിംഗ് എന്നിവയുമായി ബന്ധപ്പെട്ട സബ്സിഡിയറി കമ്പനിയായ ഐആര്‍സിടിസി തേജസ് എക്സ്പ്രസ് സര്‍വീസ് ഏറ്റെടുത്തത്. ഇതേ മാതൃകയില്‍ മുംബൈ-അഹമ്മദാബാദ് സെക്ടറില്‍ രണ്ടാമത്തെ തേജസ് ഉടന്‍ വരുന്നുണ്ട്.
മെച്ചപ്പെട്ട സേവനത്തിന് മുന്തിയ നിരക്ക് എന്ന തത്വം അനുസരിച്ച് ടിക്കറ്റ് നിരക്കു നിശ്ചയിക്കാനുള്ള അധികാരവും കൂടുതല്‍ ലാഭകരമായ റൂട്ടുകളും കോര്‍പറേറ്റുകള്‍ക്കും വിദേശ പങ്കാളിത്തമുള്ള സ്വകാര്യ ഏജന്‍സികള്‍ക്കും കൈമാറുന്നത് യാത്രച്ചെലവ് അനിയന്ത്രിതമായി വര്‍ധിക്കാന്‍ ഇടയാക്കും എന്ന ആശങ്ക ഉയരുന്നുണ്ട്. 1989ലെ റെയില്‍വേ ആക്ട് പ്രകാരം ടിക്കറ്റ് നിരക്കു നിശ്ചയിക്കേണ്ടത് കേന്ദ്ര ഗവണ്മെന്റാണ്. എന്നാല്‍ ലഖ്നൗ-ഡല്‍ഹി തേജസ് എക്സ്പ്രസിലെ ഉയര്‍ന്ന നിരക്കുകള്‍ ഗവണ്മെന്റ് ഉത്തരവൊന്നും കൂടാതെയാണ് ഐആര്‍സിടിസി ഏകപക്ഷീയമായി നിശ്ചയിച്ചതെന്ന് റെയില്‍വേ വക്താക്കള്‍തന്നെ സ്ഥിരീകരിക്കുന്നുണ്ട്.
ചൊവ്വാഴ്ച ഒഴികെ ആഴ്ചയില്‍ ആറു ദിവസം രാവിലെ 6.10ന് ലഖ്നൗവില്‍ നിന്നു (82501 അപ്) പുറപ്പെട്ട് ഉച്ചയ്ക്ക് 12.25ന് തേജസ് ന്യൂഡല്ഹിയിലെത്തിച്ചേരും. ഡല്‍ഹിയില്‍ നിന്ന് 82502 ഡൗണ്‍ വൈകുന്നേരം 3.35ന് തിരിച്ച് രാത്രി 10.05ന് ലഖ്നൗവില്‍ എത്തും. 511 കിലോമീറ്റര്‍ യാത്രയ്ക്കിടെ ഗാസിയാബാദില്‍ രണ്ടു മിനിറ്റും കാന്‍പുറില്‍ അഞ്ചു മിനിറ്റുമാണ് രണ്ടു സ്റ്റോപ്പുള്ളത്. തേജസ് ചെയര്‍ കാറിന് ജിഎസ്ടിയും കേറ്ററിംഗ് ചാര്‍ജും ഉള്‍പ്പെടെ ലഖ്നൗവില്‍ ടിക്കറ്റ് നിരക്ക് 1,280 രൂപയും ഡല്‍ഹിയില്‍ 1,565 രൂപയുമാണ്; എക്സിക്യുട്ടീവ് ക്ലാസില്‍ 2,450 രൂപയും. നിലവിലുള്ള ബസ്, ടാക്സി, വിമാന നിരക്കുകളും, ഉത്സവ സീസണ്, തിരക്കില്ലാത്ത കാലം, തിരക്കേറിയ സമയം എന്നിവയും ബുക്കിംഗ് നിലയും മറ്റും കണക്കാക്കിയുള്ള ഡൈനാമിക് നിരക്കുനിര്‍ണയത്തില്‍ ഇത് 4,325 രൂപ വരെയാകാം. ലഖ്നൗവില്‍ നിന്ന് ആറു മണിക്കൂര്‍ 40 മിനിറ്റുകൊണ്ട് ഡല്‍ഹിയിലെത്തുന്ന, അഞ്ചു സ്റ്റോപ്പുള്ള സ്വര്‍ണ ശതാബ്ദി എസി ചെയര്‍ കാറിന് 970 രൂപയും എസി1എയ്ക്ക് 1935 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സുഹേല്‍ദേവ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിനാകട്ടെ 645 രൂപയും, ഗരീബ് രഥിന് 480 രൂപയും.
അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാതാപിതാക്കള്‍ക്കൊപ്പം സൗജന്യയാത്ര അനുവദിക്കുന്ന തേജസില്‍ മുതിര്‍ന്ന പൗരന്മാര്, കാന്‍സര്‍ രോഗികള്‍, റെയില്‍വേ ജീവനക്കാര്‍ തുടങ്ങി ആര്‍ക്കുംതന്നെ ഇളവുകളോ പ്രത്യേക ആനുകൂല്യമോ ലഭിക്കുകയില്ല. റെയില്‍വേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറില്‍ തേജസ് ടിക്കറ്റുകള്‍ കിട്ടുകയില്ല. ഓണ്‍ലൈനില്‍ ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും, പേടിഎം, ഫോണ്‍പേ, മെയ്ക് മൈ ട്രിപ്, ഇക്സിഗോ എന്നീ ഓണ്‍ലൈന്‍ പാര്ടണര്മാരിലൂടെയും ഏഴു ദിവസം മുന്‍പ് ടിക്കറ്റ് ബുക്കു ചെയ്യാം. തത്കാല്‍, പ്രീമിയം തത്കാല്‍ സൗകര്യമില്ല. ട്രെയിന്‍ ടിക്കറ്റുകള്‍ സ്റ്റേഷനില്‍ ലഭ്യമായിരിക്കണമെന്നും, കൗണ്ടര്‍ പ്രവര്‍ത്തിക്കുന്ന സമയം കൃത്യമായി രേഖപ്പെടുത്തണമെന്നും റെയില്‍വേ നിയമത്തില്‍ പറയുന്നുണ്ട്.
പ്രധാന നഗരങ്ങളുമായി ബന്ധപ്പെട്ട് 400 റെയില്‍വേ സ്റ്റേഷനുകള്‍ സ്വകാര്യ നിക്ഷേപകര്‍ക്കു പങ്കാളിത്തമുള്ള സാമ്പത്തിക സമുച്ചയങ്ങളായി വികസിപ്പിക്കാനുള്ള റെയില്‍ മന്ത്രാലയത്തിന്റെ പദ്ധതി മുന്നോട്ടുനീങ്ങാത്ത സാഹചര്യത്തില്‍ അടിയന്തരമായി 50 സ്റ്റേഷനുകളും 150 ട്രെയിനുകളും കോര്‍പറേറ്റുകള്‍ക്കു വിട്ടുകൊടുക്കുന്നതിനുള്ള മാര്‍ഗരേഖ തയാറാക്കുന്നതിന് ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തണമെന്നു നിര്‍ദേശിച്ചുകൊണ്ട് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് റെയില്‍വേ ബോര്‍ഡ് ചെയര്മാന് വിനോദ് കുമാര്‍ യാദവിന് കത്തെഴുതിയ ഉടന്‍ കേന്ദ്ര ധനമന്ത്രാലയം സെക്രട്ടറി, ഭവന-നഗരവികസന വകുപ്പു സെക്രട്ടറി, റെയില്‍വേ ബോര്‍ഡ് ചെയര്മാന്, നിതി ആയോഗ് സിഇഒ എന്നിവരടങ്ങുന്ന സമിതി രൂപംകൊണ്ടു. ഡല്‍ഹി-മുംബൈ, ഡല്‍ഹി-ലഖ്നൗ, ഡല്‍ഹി-ജമ്മു, ഡല്‍ഹി-ഹൗറ, സിക്കന്തരാബാദ്-ഹൈദരാബാദ്, സിക്കന്തരാബാദ്-ഡല്‍ഹി, ഡല്‍ഹി-ചെന്നൈ, മുംബൈ-ചെന്നൈ, ഹൗറ-ചെന്നൈ, ഹൗറ-മുംബൈ എന്നീ ദീര്‍ഘദൂര റൂട്ടുകള്‍ ആദ്യ ഘട്ടത്തില്‍ സ്വകാര്യമേഖലയ്ക്കു കൈമാറാനാണ് നിര്‍ദേശം. റെയില്‍പാത, സിഗ്നല്‍, പ്ലാറ്റ്ഫോം എന്നിവ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന് റെയില്‍വേ നിക്ഷേപകരില്‍ നിന്ന് ചാര്‍ജ് ഈടാക്കും. കോച്ചുകളും ലോക്കോമോട്ടീവും ഇറക്കുമതി ചെയ്യുകയോ ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നു ലീസിനെടുക്കുകയോ ചെയ്യാം. 150 ട്രെയിനുകള്‍ക്കായി 2,400 കോച്ചുകള്‍ വേണ്ടിവരും. ഒരു കോച്ചിന് ഏഴു കോടി രൂപ വരെയാണു ചെലവ്. ഇങ്ങനെ 16,800 കോടി രൂപ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ നിക്ഷേപിക്കേണ്ടിവരും.
രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി യൂണിയനായ ഓള് ഇന്ത്യ റെയില്‍വേമെന്‍സ് ഫെഡറേഷനും (എഐആര്‍എഫ്), നാഷണല്‍ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ റെയില്‍വേമെന്‍, ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ കേന്ദ്ര കൗണ്‍സില്‍ എന്നിവയും മാത്രമല്ല, സംഘപരിവാര്‍ പിന്തുണയുള്ള ഭാരതീയ മസ്ദൂര്‍ യൂണിയനും വിവേചനരഹിതമായ റെയില്‍വേ സ്വകാര്യവത്കരണ നീക്കങ്ങളില്‍ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. റെയില്‍വേ ജീവനക്കാര്‍ക്കിടയില്‍ ഹിതപരിശോധന നടത്തി പകുതിയിലേറെപേര്‍ പിന്തുണച്ചാല്‍ പൊതുപണിമുടക്കു പ്രഖ്യാപിക്കുമെന്നാണ് എഐആര്‍എഫ് പറയുന്നത്. ഇതിനു മുന്‍പ് അഖിലേന്ത്യാ തലത്തില്‍ റെയില്‍വേ പൊതുപണിമുടക്കു നടത്തിയത് 45 കൊല്ലം മുമ്പാണ്, 1974ല്‍.
ചരക്കുഗതാഗത മേഖലയില്‍ 13 വര്‍ഷമായി കണ്ടെയ്നര്‍ ട്രെയിനുകള്‍ സ്വകാര്യ കമ്പനികള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. കണ്ടെയ്നര്‍ കോര്പറേഷന് ഓഫ് ഇന്ത്യ (കോണ്‍കോര്‍) ഇപ്പോള്‍ 17 സ്വകാര്യ ഏജന്‍സികളുമായി മത്സരിച്ചാണ് കണ്ടെയ്നര്‍ നീക്കം നടത്തുന്നത്. ബ്രിട്ടീഷ് അധിനിവേശത്തിന്റെ കാലത്ത്, 1924 വരെ ഇന്ത്യയുടെ വിവിധ മേഖലകളിലായി റെയില്‍വേയുടെ മേല്‍നോട്ടം ഈസ്റ്റ് ഇന്ത്യന്‍ റെയില്‍വേ കമ്പനി, ഗ്രെയ്റ്റ് ഇന്ത്യന്‍ പെനിന്‍സുല റെയില്‍വേ, ബോംബെ, ബറോഡ ആന്‍ഡ് സെന്‍ട്രല്‍ ഇന്ത്യ റെയില്‍വേ തുടങ്ങിയ സ്വകാര്യ കമ്പനികള്‍ക്കായിരുന്നു.
റെയില്‍ യാത്രാസംവിധാനത്തിലെ ഏതു മാറ്റവും രാജ്യത്തിന്റെ തെക്കെ അറ്റത്തുള്ള കേരളത്തെ സാരമായി ബാധിക്കും. ജോലിക്കും പഠനത്തിനുമായി സംസ്ഥാനത്തിനു പുറത്തേക്കു പോകുന്ന മലയാളികളും, ഇവിടെ പണിതേടിയെത്തുന്ന ഇതര സംസ്ഥാനക്കാരും മെച്ചപ്പെട്ട ട്രെയിന്‍ സര്‍വീസിനായി കാത്തിരിക്കയാണ്. ഉഡാന്‍ വിമാന സര്‍വീസിന്റെ മാതൃകയില്‍, 120 കിലോമീറ്ററില്‍ താഴെ അകലമുള്ള ചെറുനഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സേവാ എക്സ്പ്രസ് സര്‍വീസിന് ഇക്കഴിഞ്ഞ ദിവസം തുടക്കം കുറിച്ചപ്പോള്‍ തമിഴ്നാട്ടിലെ സേലം ഡിവിഷന് 10 പുതിയ സേവാ ട്രെയിനുകളില്‍ മൂന്നെണ്ണം കിട്ടി – പളനി-പൊള്ളാച്ചി, പൊള്ളാച്ചി-കോയമ്പത്തൂര്‍, കരൂര്‍-സേലം റൂട്ടില്‍. കേരളത്തിന് ബുള്ളറ്റ് ട്രെയിന്‍, തേജസ്, ട്രെയിന്‍ 18 എന്നിവയുടെ റാപിഡ് റെയില്‍ ട്രാന്‍സിറ്റ് പോയിട്ട് വൃത്തിയുള്ള ലിങ്ക് ഹോഫ്മാന്‍ ബുഷ് കോച്ചുകള്‍ പോലും സ്വപ്നം കാണാന്‍ കഴിയാത്ത ഗതികേടാണ്. കാസര്‍കോടു നിന്ന് തിരുവനന്തപുരത്തേക്ക് 532 കിലോമീറ്റര്‍ സെമി ഹൈസ്പീഡ് ഇടനാഴി നിര്‍മാണത്തിന് 66,079 കോടി രൂപയുടെ പദ്ധതി കേരള റെയില്‍ ഡവലപ്മെന്റ് കോര്പറേഷന് നടപ്പാക്കുമെന്ന് അടുത്തകാലത്ത് സംസ്ഥാന ഗവണ്മെന്റ് പ്രഖ്യാപിക്കുകയുണ്ടായി. എറണാകുളം-കോട്ടയം-കായംകുളം 112 കിലോമീറ്റര്‍ റെയില്‍പാത ഇരട്ടിപ്പിക്കല്‍ 2001ല്‍ തുടങ്ങിയതാണ്. 18 വര്‍ഷം
കഴിഞ്ഞിട്ടും ചിങ്ങവനം-ഏറ്റുമാനൂര്‍ ഭാഗത്ത് 18.4 കിലോമീറ്റര്‍ ഇരട്ടപ്പാതയ്ക്ക് ഇനിയും സ്ഥലമെടുപ്പ് പൂര്‍ത്തിയായിട്ടില്ല. സ്വകാര്യമേഖലയിലായാലും പാതയില്ലാതെ ഇവിടെ തേജസ് ഓടുന്നതെങ്ങനെ!
Related
Related Articles
Jeevanaadam Career & Education
എയിംസില്‍ നഴ്സാവാം ന്യൂഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) നഴ്സിങ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 551 ഒഴിവുകളുണ്ട്. യോഗ്യത: ബിഎസ്സി (ഓണേഴ്സ്)
എഡിറ്റോറിയൽ
തീരദേശ ജനസമൂഹം തങ്ങള്‍ക്ക് പൈതൃകാവകാശമുള്ള തീരഭൂമിയിലെ അധിവാസകേന്ദ്രങ്ങളില്‍ പാരിസ്ഥിതിക അഭയാര്‍ഥികളായി ഒരു ഓണക്കാലം കൂടി കൊടിയ ദുരിതത്തില്‍ കഴിച്ചുകൂട്ടുകയാണ്. തങ്ങളുടെ ജീവിതസ്വപ്നങ്ങളും ആവാസവ്യവസ്ഥയും, പാര്‍പ്പിടങ്ങളും ജീവനോപാധികളും, തനതു
ചിന്താകലാപങ്ങള്‍ ജോണ്‍ ഓച്ചന്തുരുത്തിന് നൈവേദ്യാര്‍പ്പണം
വലുതും ചെറുതമായ ഒരുപിടി കുറിപ്പുകളുടെ സമാഹരണമാണ് ‘പള്ളീം പട്ടക്കാരനും’ എന്ന ഈ ഗ്രന്ഥം. വളരെ ആഴത്തില്‍ അര്‍ഥഗരിമ പേറുന്ന ലഘുകുറിപ്പുകള്‍ ഇക്കൂട്ടത്തിലുണ്ട്; അത്രതന്നെ കനം തോന്നാത്ത ദീര്‍ഘകുറിപ്പുകളും.