സ്വയം വിഗ്രഹങ്ങളാകുന്ന ഭരണാധികാരികളും മുറിവുകള്‍ പേറുന്ന ജനങ്ങളും

സ്വയം വിഗ്രഹങ്ങളാകുന്ന ഭരണാധികാരികളും മുറിവുകള്‍ പേറുന്ന ജനങ്ങളും

ഈജിപ്തിലെ മഹാമാരികള്‍ വിഗ്രഹവല്‍ക്കരിക്കപ്പെട്ട എല്ലാ സാമ്രാജ്യങ്ങളുടെയും സാധാരണ അവസ്ഥയാണ്. അങ്ങനെയുള്ള ഭരണകൂടങ്ങളില്‍ ജലം ജീവജാലങ്ങളുടെ ദാഹം ശമിപ്പിക്കില്ല. മണ്ണ് ഫലഭൂയിഷ്ഠമാകില്ല. ജീര്‍ണത എല്ലാ തലങ്ങളിലേക്കും പടര്‍ന്നുകയറും. തവളകളും കൊതുകുകളും ഈച്ചകളും പെരുകും. മൃഗങ്ങള്‍ ചത്തുപൊങ്ങും. പൊടിപടലങ്ങളുടെ ഇടയിലൂടെ തുളച്ചുകയറാന്‍ കഴിയാതെ സൂര്യന്‍ നിസഹായനായി നില്‍ക്കും. ഇരുള്‍ എല്ലായിടത്തും പരക്കും. അവസാനം ആദ്യജാതര്‍ മരണത്തിനു മുന്നില്‍ കീഴടങ്ങും. കുഞ്ഞുങ്ങളുടെ മരണം: ഇതിനേക്കാള്‍ ഭയാനകമായ മറ്റെന്താണ് ഒരു രാജ്യത്ത് സംഭവിക്കാവുന്നത്?

ഭരണാധികാരികള്‍ വിഗ്രഹങ്ങളായാല്‍ പിന്‍ഗാമികള്‍ ഉണ്ടാകുകയില്ല. അങ്ങനെയാണ് ഈജിപ്ത് ആദ്യജാതരുടെ ശവക്കോട്ടയായതും പുഷ്പിക്കാത്ത ഉദരങ്ങളുടെ കലവറയായതും. ഭരിക്കുന്നവര്‍ ആരാലും ഉടയ്ക്കപ്പെടാത്ത വിഗ്രഹങ്ങളായി മാറുമ്പോള്‍, ഒരു ദൈവിക ഇടപെടലിനുപോലും അവരെ പരിവര്‍ത്തനം ചെയ്യാന്‍ സാധിക്കാതെ വരുമ്പോള്‍, ജനങ്ങള്‍ നൊമ്പര താഴ്‌വരയില്‍ അടിമത്തം അനുഭവിക്കുമ്പോള്‍, പുറപ്പാട് പുസ്തകം നമ്മോടു പറയുന്നു, ”ഇത് ഒരു അവസാനമല്ല. ഇപ്പോഴും ഒരു സാധ്യതയുണ്ട്.”

മഹാമാരികള്‍ അതിന്റെ ഓരോ ചുരുളും അഴിക്കുമ്പോള്‍ ഹൃദയം പൂര്‍വാധികം കഠിനമാക്കികൊണ്ടിരുന്ന ഫറവോയോട് വിട്ടുവീഴ്ചയുടെ യുക്തി പ്രഘോഷിക്കുന്ന മോശയും അഹറോനും സുനിശ്ചിതമായ അനിശ്ചിതത്വത്തിന്റെ മുന്‍പിലും ദൈവം തങ്ങള്‍ക്കുവേണ്ടി ഇടപെടുമെന്ന ഉറപ്പിന്റെ മൂര്‍ത്തിഭാവങ്ങളാണ്. ഒരു ഭരണാധികാരിയുടെ ഹൃദയകാഠിന്യം കുഞ്ഞുങ്ങളുടെ മരണത്തിനുപോലും കാരണമാകുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് യഹൂദരുടെ കുഞ്ഞുങ്ങളെ കൊല്ലണമെന്ന് സൂതികര്‍മ്മിണികളോട് കല്പിച്ചവന്റെ മുന്‍പില്‍, ഇതാ, ആദ്യജാതന്മാര്‍ മരിച്ചുവീഴുന്നു. മരണത്തിന് ഒരു ന്യായീകരണവുമില്ല, പ്രത്യേകിച്ച് നിഷ്‌കളങ്കരുടെ മരണത്തിന്. എങ്കിലും വസ്തുതകളെ പ്രതീകാത്മകമായി മാത്രം കാണാനേ നമുക്ക് സാധിക്കൂ. മഹാമാരികള്‍ പകര്‍ന്നുനല്‍കിയ നൊമ്പരങ്ങള്‍ ബൈബിള്‍ പാരമ്പര്യത്തില്‍ വേദനകളുടെ ചരിത്രസ്മരണയാണ്. അതുകൊണ്ടാണ് യഹൂദരുടെ പെസഹാ ആചരണത്തിലെ പാനപാത്രത്തില്‍ നിന്നു പത്തു തുള്ളി വീഞ്ഞ് കുടുംബനാഥന്‍ പുറത്തേക്കൊഴുക്കികളയുന്നത്. നിറയാത്ത പാനപാത്രം സങ്കടസ്മരണകളുടെ ഒരു ജൈവിക ഇടമാണ്.

പുറപ്പാട് പുസ്തകത്തിലെ മഹാമാരികളെകുറിച്ചുള്ള വിവരണങ്ങള്‍ ഭയാനകവും അതുപോലെതന്നെ അതിശയകരവുമാണ്. അവയെ വിഗ്രഹാരാധനയെകുറിച്ചുള്ള ഒരു വലിയ പാഠം പോലെ വായിക്കണം. സ്വയം ഒരു വിഗ്രഹമായി മാറുന്ന ഫറവോയോട് ബൈബിളിന് ഒരു കരുണയുമില്ല. കാരണം, രക്ഷ വേണോ, എങ്കില്‍ വിഗ്രഹങ്ങളുമായി സന്ധിചെയ്യരുത്. വിശുദ്ധഗ്രന്ഥം പ്രഘോഷിക്കുന്ന ദൈവത്തെക്കുറിച്ചുള്ള ആദ്യസത്യം ആ ദൈവം മനുഷ്യരുടെ അനേകം വിഗ്രഹങ്ങളില്‍ ഒന്നല്ല എന്നതാണ്. ഇസ്രായേലിന്റെ ചരിത്രം വിഗ്രഹങ്ങളോടും വിഗ്രഹങ്ങളായവരോടുമുള്ള പോരാട്ടമാണ്. ദൈവത്തിന്റെ രൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു എന്നു പറഞ്ഞുകൊണ്ട് തുടങ്ങുന്ന ബൈബിള്‍ പറഞ്ഞുവയ്ക്കുന്ന കാര്യം മനുഷ്യരുടെ രൂപത്തിലും സാദൃശ്യത്തിലും ദൈവത്തെ സൃഷ്ടിക്കരുത് എന്നുതന്നെയാണ്. വിഗ്രഹം ദൈവവിരുദ്ധം മാത്രമല്ല, മനുഷ്യവിരുദ്ധം കൂടിയാണ്. കാരണം, വിഗ്രഹാരാധനയുടെ സംസ്‌കാരം ആദ്യം മനുഷ്യനെ നിഷേധിക്കും, പിന്നീട് അവനെ അടിമയാക്കി മാറ്റും.

വിഗ്രഹത്തില്‍ വിശ്വസിക്കാന്‍ വിശ്വാസം ആവശ്യമില്ല. കാരണം, അത് കാണപ്പെടാത്ത യാഥാര്‍ഥ്യമല്ല. പക്ഷേ ബൈബിള്‍-വിശ്വാസം കാണാന്‍ കഴിയാത്ത, ”കേള്‍ക്കുക” മാത്രം ചെയ്യുന്ന ഒരു ശബ്ദത്തിലാണ് അടങ്ങിയിരിക്കുന്നത്. മോശയും പൂര്‍വ്വപിതാക്കന്മാരും ദൈവത്തെ കണ്ടവരല്ല, കേട്ടവരാണ്. വിശ്വാസം കാഴ്ചകളില്‍ ഒതുങ്ങുമ്പോള്‍ വിഗ്രഹങ്ങള്‍ നമ്മുടെ ചുറ്റിനും വര്‍ധിച്ചുവരും. വിഗ്രഹങ്ങള്‍ ഉള്ളിടത്ത് സ്വയം വിഗ്രഹങ്ങളാകുന്നവരും ഉണ്ടാകും. അവര്‍ ഭരണാധികാരികളാകും. അങ്ങനെ അവര്‍ മഹാമാരികളെ കൊണ്ടുവരും.

വിഗ്രഹാരാധനയുടെ ഒരുയുഗത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. എന്തിനെയും ഏതിനെയും ഉയര്‍ന്ന മാനവികതയായി നമ്മള്‍ വ്യാഖ്യാനിക്കുന്നതുകൊണ്ട് എത്ര എളുപ്പത്തിലാണ് മനുഷ്യര്‍ വിഗ്രഹങ്ങളായി മാറുന്നത്! അതീന്ദ്രിയമായവയെ നമ്മള്‍ നിര്‍മ്മിതമാക്കി ചുരുക്കി. ഒരിക്കലും നമ്മെ തൃപ്തിപ്പെടുത്താത്ത വസ്തുക്കളില്‍ നമ്മള്‍ ‘സ്വര്‍ഗ്ഗം’ നിറച്ചു. അങ്ങനെ ആര്‍ത്തിപ്പണ്ടാരങ്ങളായ വിഗ്രഹങ്ങള്‍ നമ്മുടെ ചുറ്റിനും നിറഞ്ഞു. ഒരിക്കലും തൃപ്തി വരാത്ത അവയെ നമ്മള്‍ തീറ്റിപ്പോറ്റി. നമുക്കോ, ഒരു സംതൃപ്തിയുമില്ല. ഈ വിഗ്രഹാരാധനയുടെ സംസ്‌കാരത്തിന്റെ മറ്റൊരു പേരാണ് ഉപഭോക്തൃ മുതലാളിത്തം. ഈ കച്ചവടസംസ്‌കാരത്തിന്റെ പ്രതിനിധികളോട് ഒന്നു സംസാരിച്ചു നോക്കുക, അവരുടെ ലക്ഷ്യം അവരുടെ മാത്രം ലാഭമാണ്. അവര്‍ നമ്മുടെയിടയില്‍ ബാബേല്‍ ഗോപുരങ്ങളും പിരമിഡുകളും സ്ഥാപിക്കും. നാട് വികസിക്കുന്നു എന്ന പ്രതീതി ഉളവാക്കി സ്വയം വിഗ്രഹങ്ങളാകുകയും അടിമകളെ സൃഷ്ടിക്കുകയും ചെയ്യും. അപ്പോഴും ഓര്‍ക്കുക, വിഗ്രഹങ്ങളായി മാറുന്ന ഭരണാധികാരികള്‍ അധികകാലം നിലനില്‍ക്കില്ല. എല്ലാത്തിനെയും ആര്‍ത്തിയോടെ വിഴുങ്ങുന്ന മുതലാളിത്തവും ദീര്‍ഘകാലം മുന്നോട്ടുപോകുകയുമില്ല. മഹാമാരികള്‍ അവസാനിച്ചു എന്നു വിചാരിക്കരുത്. അവ ഇന്നുമുണ്ട്. അതുപോലെതന്നെ അടിച്ചമര്‍ത്തപ്പെട്ട ജനത നിശബ്ദരാണെന്നു കരുതുകയും ചെയ്യരുത്.

സീനായ് മലയില്‍ വച്ച് മോശയ്ക്ക് ദൈവം നല്‍കുന്ന കല്‍പ്പനകളിലെ ആദ്യ രണ്ടു കല്പനകള്‍ വിഗ്രഹങ്ങളുടെ സമൂലമായ തിരസ്‌കരണത്തെ സംബന്ധിച്ചുള്ളതാണ്. നമ്മെ മോചിപ്പിക്കാത്ത ദൈവം ഒരു വിഗ്രഹമാണ്, അത് നമ്മുടെ മതത്തിനുള്ളിലാണെങ്കില്‍ പോലും. നോക്കുക, ബൈബിളിലെ ദൈവം ഒരു വിഗ്രഹമല്ല. കാരണം, അവന്‍ ഒരു വിമോചകനാണ്. അവന്‍ നിലവിളി കേള്‍ക്കുന്നവനാണ്. വിമോചനം ഒരു അനുഭവമായി നമ്മള്‍ക്ക് ഇതുവരെയും ഉണ്ടായിട്ടില്ലെങ്കില്‍, നമ്മള്‍ ആരാധിക്കുന്നത് ബൈബിളിലെ ദൈവത്തെയായിരിക്കില്ല, ഏതെങ്കിലും ഒരു വിഡ്ഢി വിഗ്രഹത്തെയായിരിക്കും. വിമോചനം നല്‍കാത്ത മതാത്മകമായ അനുഭവങ്ങള്‍ ആര്‍ക്കും ഉണ്ടാക്കാവുന്നതാണ്. ഈജിപ്തിലെ മന്ത്രവാദികള്‍ മോശയെപ്പോലെ അടയാളങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുപോലെ അടിമത്തത്തിന്റെ പുതിയ തന്ത്രങ്ങള്‍ പ്രയോഗിക്കുന്ന നവമന്ത്രവാദികള്‍ നമ്മുടെയിടയിലേക്കും കടന്നുവരാം.

ഏറ്റവും ഭയാനകമായിരുന്നു പത്താമത്തെ മാരി. ആദ്യ ജാതരുടെ മരണമായിരുന്നു അത്. അതിനുശേഷമാണ് യഹൂദരുടെ പുറപ്പാട് ആരംഭിക്കുന്നത്. നാലാം അധ്യായം മുതല്‍ നമ്മള്‍ ശ്രദ്ധിക്കുകയാണ് മരുഭൂമിയില്‍ പോയി യഹൂദര്‍ക്ക് തിരുനാള്‍ ആഘോഷിക്കണം എന്ന അവരുടെ ആഗ്രഹത്തെക്കുറിച്ച്. ഇതാ, പന്ത്രണ്ടാം അധ്യായത്തിലാണ് നമ്മള്‍ കാണുന്നത് മരുഭൂമിയില്‍ അവര്‍ ആഘോഷിക്കാന്‍ പോകുന്ന തിരുനാള്‍ പെസഹാ ആണെന്ന്. യഹൂദ ജനതയെ സംബന്ധിച്ച് ഈജിപ്തിലെ അടിമത്തത്തിനു മുമ്പേ ഉണ്ടായിരുന്ന ഒരു തിരുനാളാണിത്. ആദിമ നാടോടിഗോത്ര സംസ്‌കാരത്തിന്റെ ഭാഗമായിരുന്ന തിരുനാള്‍. ഈ തിരുനാള്‍ ദിനത്തില്‍ അവര്‍ ദൈവത്തിന് ഒരു ആട്ടിന്‍കുട്ടിയെ ബലി നല്‍കും, പകരം ദൈവം അവരെയും അവരുടെ ആട്ടിന്‍കൂട്ടത്തെയും അനുഗ്രഹിക്കുമെന്ന് അവര്‍ വിശ്വസിച്ചു. പുരാതനമായ ഈ ആഘോഷത്തെയാണ് ഫറവോ നിഷേധിച്ചിരുന്നത്. ആട്ടിടയന്മാരുടെ ഈ തിരുനാളിനെ അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചനത്തിന്റെ തിരുനാളാക്കി ദൈവം മാറ്റുന്നു. ഒരു സാധാരണ തിരുനാള്‍, ഇപ്പോള്‍ ഇതാ, അടിമത്തത്തില്‍ നിന്നുള്ള മോചനത്തിന്റെ തിരുനാളായി മാറിയിരിക്കുന്നു. പുതിയ പെസഹാ ”മാസങ്ങളുടെ ആരംഭം” ആയി മാറുന്നു (12:2). കാരണം, ഇത് പുതിയ ഇസ്രായേലിന്റെ തുടക്കമാണ്. ഒരു പുതിയ ചരിത്രത്തിന്റെ ഉത്ഭവമാണ്. ഒപ്പം പൂര്‍വ്വപിതാക്കന്മാര്‍ക്ക് ദൈവം നല്‍കിയ വാഗ്ദാനങ്ങളുടെ പുനരാവിഷ്‌കരണം കൂടിയാണ്. ഈജിപ്തില്‍ നിന്നു പുറത്തേക്കു കടന്നത് അന്നുണ്ടായിരുന്ന പച്ച മനുഷ്യര്‍ മാത്രമല്ല, യഹൂദ ചരിത്രത്തിലെ മണ്‍മറഞ്ഞ ഓരോ വ്യക്തികള്‍ കൂടിയാണ്. മോശ തന്റെ കൂടെ കൊണ്ടുപോയ ജോസഫിന്റെ അസ്ഥികളില്‍ യഹൂദജനതയുടെ 12 ഗോത്രങ്ങളും അടങ്ങിയിട്ടുണ്ട്. ”മോശ ജോസഫിന്റെ അസ്ഥികളും തന്നോടൊപ്പം എടുത്തു. എന്തെന്നാല്‍, ജോസഫ് ഇസ്രായേല്യരേക്കൊണ്ട് ഇപ്രകാരം ദൃഢപ്രതിജ്ഞ ചെയ്യിച്ചിരുന്നു: തീര്‍ച്ചയായും ദൈവം നിങ്ങളെ സന്ദര്‍ശിക്കും. അപ്പോള്‍ നിങ്ങള്‍ക്കൊപ്പം എന്റെ അസ്ഥികളും ഇവിടെനിന്നു കൊണ്ടുപോകണം” (13:19).

”കടന്നുപോകല്‍” എന്ന് അര്‍ഥം ലഭിച്ചിരിക്കുന്ന യഹൂദജനതയുടെ ഈ പെസഹായ്ക്കു പിന്നില്‍ യാബോക്ക് നദിക്കരയില്‍ വച്ച് ദൈവവുമായി പോരാടിയ യാക്കോബിന്റെ ചിത്രത്തെ കാണാന്‍ സാധിക്കും. പെസഹാ () എന്ന പദത്തിനുള്ള അനേകം അര്‍ഥങ്ങളില്‍ ‘മുടന്തുക’ എന്ന ക്രിയയും കൂടിയുണ്ട് (L. KOEHLER W. BAUM-GARTNER, A Bilingual Dictionary of the Hebrew and Aramaic Old Testament). രാത്രിയില്‍ ജലത്തിനരികില്‍ വച്ച് ദൈവവുമായുള്ള ഒരു മല്‍പ്പിടുത്തത്തിനുശേഷമാണ് യാക്കോബ് മുടന്തനായതും അവന് ഇസ്രായേല്‍ എന്ന പേര് ലഭിക്കുന്നതും. (ഉത്പ 32:22-32). മറ്റൊരു രാത്രിയിലാണ് അവന്റെ മക്കള്‍ അടിമത്തത്തിന്റെ കടല്‍ കടന്ന് പുതിയ ഇസ്രായേല്‍ ആയി മാറുന്നതും. യാക്കോബിന് തന്റെ ശാരീരികമായ മുറിവില്‍നിന്നും വ്യക്തിപരമായ അനുഗ്രഹം ലഭിച്ചു. യഹൂദജനതയക്ക് അടിമത്തം എന്ന വലിയ മുറിവില്‍ നിന്നു മോചനമെന്ന അനുഗ്രഹം ലഭിക്കുന്നു. യാക്കോബ് തന്റെ ജീവിതകാലം മുഴുവന്‍ മുടന്തനായി നടന്നു. അടിമത്തത്തിന്റെയും മഹാമാരികളുടെയും മുറിപ്പാടുകളും പേറി യഹൂദരുമുണ്ട് നമ്മുടെയിടയില്‍. മുറിവുകളുടെ ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു. മുറിവുകള്‍ അങ്ങനെ അനുഗ്രഹമായി മാറുന്നു. ഉത്ഥിതനും വഹിക്കുന്നു മുറിവുകള്‍. അവനിലുമുണ്ട് കുരിശിന്റെ അടയാളങ്ങളും കളങ്കങ്ങളും. അനുഗ്രഹമായി മാറുന്ന മുറിവുകളില്‍ നിന്നും ജീവന്റെ തളിരുകള്‍ മുളപൊട്ടും. അതുകൊണ്ടാണ് പെസഹാ എന്ന ”മുറിയപ്പെടുന്ന,” ”കടന്നുപോകുന്ന,” തിരുനാളിനെക്കാള്‍ വലിയൊരു തിരുനാള്‍ ക്രൈസ്തവര്‍ക്കില്ല എന്നു പറയുന്നത്. വിഗ്രഹങ്ങളില്‍ നിന്നുള്ള മോചനത്തെക്കാള്‍ വലിയ മോചനവും നമുക്കില്ല.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

ട്രെയിനില്‍ നിന്ന് വഴുതിവീണ 10 വയസുകാരിയെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ആര്‍പിഎഫ് ജവാന് അഭിനന്ദനപ്രവാഹം

നെയ്യാറ്റിന്‍കര: ട്രെയിനില്‍ കയറുന്നതിനിടെ റെയില്‍വെ പ്ലാറ്റ്‌ഫോമിലേക്ക് വീണുപോയ 10 വയസുകാരിയെ പൊക്കിയെടുത്ത മാറനല്ലൂര്‍ വെളിയംകോട് സ്‌നേഹഭവനില്‍ ആര്‍പിഎഫ് ജവാനായ എസ്.വി.ജോസിന് അഭിനന്ദന പ്രവാഹം. നെയ്യാറ്റിന്‍കര രൂപതയിലെ വെളിയംകോട്

എംപിമാരെയും എംഎല്‍എമാരെയും ഇല്ലാതാക്കാം, എന്നാല്‍ ‘ഇന്ത്യന്‍’ എന്ന പേരു നിലനില്‍ക്കും – ഡെറക് ഒബ്രയന്‍ എംപി

ന്യൂഡല്‍ഹി: ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളെ നോമിനേറ്റ് ചെയ്യാനുള്ള ഭരണഘടനാ പരിരക്ഷ എടുത്തുകളയുന്നതിന് ഇത്ര കുടിലവും വഞ്ചനാപരവും പൈശാചികവുമായ രീതി അവലംബിക്കേണ്ടിയിരുന്നോ എന്ന് രാജ്യസഭയിലെ

എന്റെ കർത്താവേ, എന്റെ ദൈവമേ: പെസഹാക്കാലം രണ്ടാം ഞായർ

പെസഹാക്കാലം രണ്ടാം ഞായർ വിചിന്തനം: “എന്റെ കർത്താവേ, എന്റെ ദൈവമേ!” (യോഹാ 20:19-31) സ്നേഹം യേശുവിന്റെ ശരീരത്തിൽ മുറിവുകൾ കൊണ്ട് ഒരു കാവ്യം രചിച്ചിരിക്കുന്നു. അവന്റെ കൈകളിൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*