സ്വര്‍ഗത്തില്‍ നിന്നൊരു കത്ത്

സ്വര്‍ഗത്തില്‍ നിന്നൊരു കത്ത്

കഴിഞ്ഞ ആറുമാസമായി ടീച്ചര്‍ ആശുപത്രിയില്‍ തന്നെയായിരുന്നു. അവരുടെ ഒരേയൊരു മകന്‍ പത്തു വയസുമാത്രം പ്രായമുള്ള ജോമോന്‍ ബ്ലഡ്കാന്‍സര്‍ ബാധിച്ച് ഡിവൈന്‍ മേഴ്‌സി ഹോസ്പിറ്റലില്‍ അഡ്മിറ്റാണ്. ജോമോന്റെ അസുഖത്തിന് ചില ദിവസങ്ങളിലൊക്കെ കുറവുണ്ടാകുമെങ്കിലും പെട്ടെന്ന് കൂടുകയും ചെയ്യും. മോന്‍ വേദനിക്കുന്നത് കാണുമ്പോള്‍ സാലി ദൈവസ്‌നേഹത്തെ സംശയിക്കും. കൊച്ചുകുട്ടികള്‍ ഇങ്ങനെ വേദനിക്കുന്നത് ദൈവം കാണുന്നില്ലേ?
അങ്ങനെയിരിക്കുമ്പോഴാണ് ജോമോന് ഒരു സര്‍ജറി വേണ്ടിവരുമെന്ന് ഡോക്ടര്‍ പറഞ്ഞത്. സംഗതി അല്പം റിസ്‌കുള്ളതാണത്രെ. അവന്റെ അസുഖം ഭേദപ്പെടാന്‍ അതാണുചിതമെങ്കില്‍ അങ്ങനെ ആകാം എന്നു സാലി സമ്മതം മൂളി. മോന് രണ്ടു വയസുള്ളപ്പോള്‍ ഭര്‍ത്താവ് ഒരപകടത്തില്‍പ്പെട്ടു മരിച്ചു. പിന്നെ സാലിയും മകനും മാത്രമേയുള്ളൂ ഭര്‍ത്താവിന്റെ വേര്‍പാടിനുശേഷം ജീവിതം ഒരുമാതിരി പച്ചപിടിച്ചു വരുമ്പോഴാണ് വില്ലന്റെ രൂപത്തില്‍ കഷ്ടപ്പാട് വീണ്ടും സാലിയെ പിടികൂടിയത്.~ഒരു ദിവസം ഫുട്‌ബോള്‍ കളിക്കുന്നതിനിടയില്‍ ജോമോന്‍ രക്തം ഛര്‍ദിച്ചു. പിന്നീട് നടന്ന ടെസ്റ്റുകളിലാണ് അവന് രക്താര്‍ബുദം പിടിപെട്ടിരിക്കുന്നു എന്നു കണ്ടത്.
”എന്തുകൊണ്ട് ദൈവം എന്നെ ഇങ്ങനെ പരീക്ഷിക്കുന്നു? ജോമോന്റെ വേദനയും തന്റെ ഉത്കണ്ഠയുമെല്ലാം ദൈവം അറിയുന്നില്ലേ? കൊച്ചുകുട്ടികള്‍ എന്തു പാപം ചെയ്തിട്ടാണ് കാന്‍സര്‍ മുതലായ മാരകരോഗങ്ങള്‍ക്ക് ഇരയാകുന്നത്?” ഉത്തരമില്ലാത്ത ചോദ്യങ്ങളായി അവ അവരെ അലട്ടിക്കൊണ്ടിരിക്കുന്നു.
സര്‍ജര്‍ക്കു ശേഷം ജോമോന്റെ നില കൂടുതല്‍ വഷളാവുകയാണുണ്ടായത്. കുറച്ചു ദിവസങ്ങള്‍ക്കകം അവന്‍ ഈ ലോകത്തോടു വിടപറഞ്ഞു. ”എവിടെയാണ് ഈ അവസരത്തില്‍ ദൈവം?” ദൈവത്തിലുള്ള തന്റെ വിശ്വാസമെല്ലാം നഷ്ടപ്പെടുന്നതായി അവര്‍ക്കു തോന്നി. മകന്റെ ചലനമറ്റ ശരീരത്തിനരികെ സാലി കുറെനേരം നിശബ്ദയായി ഇരുന്നു. ”എത്ര നല്ല ഒരു മകനെയാണ് ദൈവം എനിക്കു നല്‍കിയത്! മറ്റുള്ളവരോട് എന്തുമാത്രം കരുണയായിരുന്നു അവനുണ്ടായിരുന്നത്. ഒരു പ്രാണിയെപ്പോലും നോവിക്കാത്ത കുഞ്ഞ്. തന്റെ മൃതശരീരം പോലും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്പെടണം. എന്നാണ് അവന്‍ പറഞ്ഞിരുന്നത്.”
മകന്റെ ആഗ്രഹപ്രകാരം തന്നെ സാലി അവന്റെ ദേഹം മെഡിക്കല്‍ കോളജിന് നല്‍കി. അവന്റെ ചുരുളന്‍ മുടിയിലെ കുറച്ചു മുടി മാത്രം അവര്‍ കൂടെ എടുത്തു. ആശുപത്രിയില്‍ ഫോര്‍മാലിറ്റീസ് എല്ലാം കഴിഞ്ഞു. സാലി വീട്ടിലെത്തിയതും പൊട്ടിക്കരഞ്ഞു. മകന്റെ മുറിയിലേക്കോടിയ സാലി അവിടെ അടക്കി വച്ചിരിക്കുന്ന അവന്റെ കളിപ്പാട്ടങ്ങളും പുസ്തകങ്ങളും ഫോട്ടോകളും കണ്ടു തേങ്ങി. അവന്റെ കട്ടിലില്‍ കിടന്ന് അവന്റെ ഓരോ നന്മപ്രവര്‍ത്തികളും ഓര്‍ത്തു വിതുമ്പി.
കരഞ്ഞു കരഞ്ഞു സാലി മയക്കത്തിലേക്കാണ്ടു. കുറെ മണിക്കൂറുകള്‍ക്കുശേഷം മുറിയില്‍ ഒരു ദിവ്യപ്രകാശം കണ്ടാണ് അവള്‍ ഞെട്ടിയുണര്‍ന്നത്. ഒരു അഭൗമീകപ്രകാശം അവിടെ തങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. അന്തരീക്ഷത്തിലാകെ സ്വര്‍ഗീയ സുഗന്ധം. പെട്ടെന്നാണ് സാലി അതു കണ്ടത്. നല്ലവണ്ണം മടക്കി വച്ചിരിക്കുന്ന ഒരു കത്ത്. അതെടുത്തുവായിക്കുവാന്‍ തുടങ്ങിയപ്പോള്‍ അത്ഭുതവും സന്തോഷവും സാലിയുടെ മുഖത്ത് കളിയാടി. ജോമോന്റെ കത്തായിരുന്നു അത്.
”ഡിയര്‍ മമ്മീ”,
സ്വര്‍ഗത്തില്‍ നിന്നാണ് ഞാനീ കത്തെഴുതുന്നത്. ഞാന്‍ ഇന്നലെ തന്നെ ഇവിടെയെത്തി. എന്നെ സ്വീകരിക്കുവാന്‍ മാലാഖമാര്‍ നിരനിരയായി സ്വര്‍ഗകവാടത്തിങ്കില്‍ നില്‍ക്കുന്നുണ്ടായിരുന്നു.
എന്തു സുന്ദരമായ സ്ഥലമാണിത്! മാലാഖമാരും വിശുദ്ധരും പിന്നെ പരിശുദ്ധ ത്രിത്വം തന്നെ വസിക്കുന്നിടം. എത്ര വര്‍ണിച്ചാലും മതിയാവില്ല.
മമ്മിയെ വിട്ടുപിരിയേണ്ടി വന്നതില്‍ എനിക്ക് ആദ്യം കുറച്ചു വിഷമമുണ്ടായിരുന്നു. പക്ഷേ ഇവിടെയെത്തിയപ്പോള്‍ അതെല്ലാം മാറി. എന്നാല്‍ എന്നെ വിട്ടുപിരിയേണ്ടതില്‍ മമ്മിക്ക് ഒത്തിരി ദു:ഖം ഉണ്ടെന്ന് എനിക്കറിയാം. എന്നേക്കാള്‍ കൂടുതലായി ഈശോക്കറിയാം. അതുകൊണ്ട് ഈശോയാണ് മമ്മിക്ക് ഈ കത്തെഴുതുവാന്‍ എന്നോടു പറഞ്ഞത്.
എന്റെ മമ്മിയെ ഞാനൊരിക്കലും മറക്കില്ല. എന്നെയോര്‍ത്ത് മമ്മിയും വിഷമിക്കേണ്ട. ഇവിടെ എന്നോടൊപ്പം ഈശോയും മാതാവും വിശുദ്ധരും ഒക്കെയുണ്ട്. മാത്രമല്ല നമ്മുടെ ഗ്രാന്‍പായും ഗ്രാന്‍മായുമുണ്ട്. ഡാഡിയേയും ഞാന്‍ തിരിച്ചറിഞ്ഞു. ഐലൗയു മമ്മി- വി ഓള്‍ ലവ് യു. മമ്മിക്ക് ഇവിടെ വരുന്നതിന് ദൈവം നിശ്ചയിച്ചിരിക്കുന്ന സമയം അടുക്കുന്നതുവരെ ഒരു കൂട്ടിനായി ഒരു കുട്ടിയെ ദത്തെടുക്കുന്നത് നന്നായിരിക്കും. ഒരു ആണ്‍കുട്ടിയാണെങ്കില്‍ അവന് എന്റെ കളിപ്പാട്ടങ്ങളെല്ലാം ഉപയോഗിക്കാന്‍ പറ്റും. കൂടാതെ എന്റെ മുറിയിലെ പുസ്തകങ്ങളും കളര്‍പെന്‍സിലുകളുമെല്ലാം എടുക്കാം. ഇനി അഥവാ ഒരു പെണ്‍കുട്ടിയെയാണ് ദത്തെടുക്കുന്നതെങ്കില്‍ മമ്മി അവള്‍ക്ക് കുറെ ഡോള്‍സിനെ വാങ്ങിക്കൊടുത്താല്‍ മതി.
മമ്മി ചോദിക്കുമായിരുന്നില്ലേ- ”എന്തുകൊണ്ടാണ് കൊച്ചുകുട്ടികള്‍ക്ക് അസുഖമുണ്ടാകുന്നത്?” ദൈവം ഇതൊന്നും കാണുന്നില്ലേ” എന്നൊക്കെ ഈശോ പറഞ്ഞു. മമ്മിയോടു പറയൂ, ആ വേദനയുടെ അവസരങ്ങളിലൊക്കെ ഈശോ കൂടെയുണ്ടായിരുന്നു എന്ന്. വേദനിക്കുന്ന ഓരോ മനുഷ്യരുടെയും കൂടെ കര്‍ത്താവുണ്ട്. അവിടുന്ന് അവരുടെ വേദന സ്വയം വഹിക്കുന്നുണ്ട്. മാത്രമല്ല അവിടുത്തെ അമ്മയും കൂടെയുണ്ട്. കുരിശിന്‍ ചുവട്ടില്‍ വേദനകൊണ്ടു പുളയുന്ന മകന്റെ അടുക്കല്‍ മാതാവ് നിന്നതുപോലെ രോഗകിടക്കക്കരികിലും മാതാവുണ്ട്. ഇപ്പോള്‍ എനിക്ക് ഒരു വേദനയും ഇല്ല. ഇനി എനിക്ക് ഒരു ചികിത്സയും വേണ്ട. അതുകൊണ്ട് എന്നെയോര്‍ത്ത് മമ്മി ഒരിക്കലും വിഷമിക്കരുത്.
ഒരു കാര്യം കൂടി-ഈ കത്ത് മമ്മിക്കല്ലാതെ വേറെ ആര്‍ക്കും കാണാന്‍ സാധിക്കില്ല. ഗബ്രിയേല്‍ മാലാഖ ഈ കത്ത് മമ്മിയുടെ അടുക്കല്‍ കൊണ്ടുവരും. ഈ കത്തു വായിച്ചു കഴിയുമ്പോള്‍ മമ്മിയുടെ വിഷമമെല്ലാം തീരും സ്വര്‍ഗത്തില്‍ നമുക്കു വീണ്ടും കാണാം മമ്മീ. ഇപ്പോള്‍ ഗുഡ്‌ബൈ…
ഒത്തിരി സ്‌നേഹത്തോടെ
മമ്മിയുടെ പുന്നാര ജോമോന്‍.
അന്നു മുതല്‍ സാലിക്ക് നഷ്ടപ്പെട്ടുപോയ മകനെക്കുറിച്ചോര്‍ത്തു ദു:ഖിക്കേണ്ടി വന്നില്ല. ദൈവം എപ്പോഴും നമ്മോടുകൂടെയുണ്ടെന്ന വിശ്വാസമാണ് ഏറ്റവും വലിയ സമ്പത്ത്. ”യുഗാന്തം വരെ എന്നും ഞാന്‍ നിന്നോടുകൂടെ ഉണ്ടായിരിക്കും” (യോഹ 28:20) എന്ന വചനം നമുക്കെപ്പോഴും ആശ്വാസമരുളട്ടെ.
അടുത്ത ലക്കം
അലക്കുകാരിയുടെ കൈകള്‍


Related Articles

അസൂയ വേണ്ട സന്തോഷിക്കാം- ആഗമനകാലം നാലാം ഞായർ

ആഗമനകാലം നാലാം ഞായർ വിചിന്തനം:- “അസൂയ വേണ്ട സന്തോഷിക്കാം” (ലൂക്കാ 1:39 – 45)  ഉണ്ണീശോയുടെ ജനനത്തിനോടനുബന്ധിച്ചുള്ള ഏറ്റവും അടുത്ത ഒരുക്കദിനങ്ങളിലൂടെ നാം കടന്നുപോയ്‌ക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ

ജോസഫിന്റെ പുത്രൻ: ആണ്ടുവട്ടത്തിലെ നാലാം ഞായർ

ആണ്ടുവട്ടത്തിലെ നാലാം ഞായർ വിചിന്തനം :- ജോസഫിന്റെ പുത്രൻ (ലൂക്കാ 4: 20-30) യേശു സ്വദേശമായ നസ്രത്തിൽ സ്വയം വെളിപ്പെടുത്തിയപ്പോൾ ഉണ്ടായ സംഭവവികാസങ്ങളാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം.

ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ: പെസഹാക്കാലം അഞ്ചാം ഞായർ

പെസഹാക്കാലം അഞ്ചാം ഞായർ വിചിന്തനം :- “ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ” (യോഹ 13:31-35) “ഞാൻ പുതിയൊരു കൽപ്പന നിങ്ങൾക്കു നൽകുന്നു. നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ” (vv.34-35).

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*