സ്വര്‍ഗദൂതന്റെ 60 വര്‍ഷങ്ങള്‍

സ്വര്‍ഗദൂതന്റെ 60 വര്‍ഷങ്ങള്‍

പോഞ്ഞിക്കരയിലെ 24 വയസുകാരന്‍ റാഫി 1948 മെയ് 28-ാം തീയതി ‘സൈമന്റെ ഓര്‍മകള്‍’ എന്ന ശീര്‍ഷകത്തില്‍ ഒരു നോവല്‍ എഴുതാന്‍ തുടങ്ങി. പരപ്പേറിയ ക്യാന്‍വാസില്‍ നോവല്‍ രചന മെല്ലെ മെല്ലെ മുന്നോട്ടു നീങ്ങി. 1952ലെ സെപ്തംബറില്‍ 500ല്‍ പരം പേജുകളിലായി നോവല്‍ പൂര്‍ത്തിയാക്കി. നാലു വര്‍ഷത്തെ രചനാകാലയളവില്‍ നോവലിന്റെ പേരിനും മാറ്റം വന്നു. ‘വധിക്കപ്പെട്ട സ്വര്‍ഗദൂതന്‍’ എന്നായി മാറി. ഡോ. കെ. അയ്യപ്പപണിക്കരും, സി. ജെ തോമസും നോവലിന്റെ കൈയെഴുത്തുപ്രതി വായിക്കുകയും പ്രശംസിക്കുകയും ചെയ്തു. എന്നാല്‍ നോവലിന് ഒരു ദുരന്തം സംഭവിച്ചു. അക്കഥ 1952 ഡിസംബര്‍ ഏഴിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പോഞ്ഞിക്കര റാഫി ‘എന്റെ നോവലിന്റെ കഥ’ എന്ന ലേഖനത്തിലൂടെ പങ്കുവെച്ചു. അക്കാലത്ത് വായനക്കാരില്‍ വലിയ സഹതാപം ഉണ്ടാക്കിയ ലേഖനമാണത്. കോട്ടയത്തുനിന്നും എറണാകുളത്തേക്കുള്ള ബോട്ടുയാത്രാ മദ്ധ്യേ ‘വധിക്കപ്പെട്ട സ്വര്‍ഗദൂതന്‍’ എന്ന നോവലിന്റെ കൈയെഴുത്തു കോപ്പി സൂക്ഷിച്ചിരുന്ന ഫയല്‍ വേമ്പനാട്ടു കായലില്‍ വീണു നഷ്ടപ്പെട്ടതാണ് ആ ദുഃഖസംഭവം. 1952 ഒക്‌ടോബര്‍ ഏഴാം തീയതി ചെവ്വാഴ്ചയിലെ കറുത്ത രാത്രിയിലാണ് ആ സംഭവമുണ്ടായത്.
കായലില്‍ പോയ നോവലിനെ കൂടുതല്‍ സുന്ദരമാക്കി പോഞ്ഞിക്കര റാഫി 1958ല്‍ പ്രസിദ്ധീകരിച്ചു. ജീവിതത്തിന്റെ ദൂരന്തങ്ങള്‍, കൂടുംബപ്രാരാബ്ധങ്ങള്‍, തൊഴില്‍ തേടിയുള്ള അന്വേഷണം, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം എന്നീ കാരണങ്ങളാണ് നോവല്‍ രചന ആറുവര്‍ഷം നീളാന്‍ ഇടയാക്കിയത്. ഇതിനിടയില്‍ 1954ല്‍ റാഫിയുടെ നോവല്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ഏറ്റവും അധികം ആഗ്രഹിച്ച അദ്ദേഹത്തിന്റെ അപ്പന്‍ ജോസഫ് മേസ്തിരി റാഫിയുടെ നെഞ്ചില്‍ ചാരിയിരുന്ന് മൃത്യുവിനെ പുല്‍കി. ജീവിതത്തിലെ വിഷമഘട്ടങ്ങളെ അതിജീവിച്ച് 1957 ഡിസംബര്‍ നാലിന് സാഹിത്യപ്രവര്‍ത്തക സഹകരണസംഘം സെക്രട്ടറി കാരൂര്‍ നീലകണ്ഠപിള്ളയ്ക്ക് റാഫി നോവലിന്റെ കൈയെഴുത്തുപ്രതി കൈമാറി. അങ്ങനെ 1958 ജനുവരിയില്‍ പോഞ്ഞിക്കര റാഫിയുടെ ‘സ്വര്‍ഗദൂതന്‍’ പ്രകാശിതമായി. മലയാളത്തിലെ ബോധധാരാ രീതിയിലുള്ള ആദ്യ നോവല്‍. ഇപ്പോള്‍ സ്വര്‍ഗദൂതന് 60 വയസ് പ്രായം.
ഒരു വ്യക്തിയുടെ ചേതനയെ ബാധിക്കുന്ന, ദൃശ്യവും, ശ്രദ്ധയും, സ്പര്‍ശ്യവും, സംസര്‍ഗപരവും ഉപബോധപരവുമായ വിവിധയിനം അനുഭവങ്ങളുടെ ധാരയെ പ്രകാശിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള പ്രതിപാദന രീതിക്കാണ് ബോധധാര (the stream of consciousness) എന്നുപറയുന്നത്. ദി പ്രിന്‍സിപ്പിള്‍സ് ഓഫ് സൈക്കോളജിയില്‍(1890) വില്യം ജയിംസ് ആണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്. ജയിംസ് ജോയ്‌സിന്റെ യൂലിസസ്’(1922), വില്യം ഫോക്‌നറുടെ ദി സൗണ്ട് ആന്റ് ഫ്യൂറി’(1929), വെര്‍ജീനിയ വുള്‍ഫിന്റെ ദി വേവ്‌സ്(1931) എന്നിവ മനോവിജ്ഞാനീയ ശാഖയിലുള്ള വിശ്വപ്രസിദ്ധഗ്രന്ഥങ്ങളാണ്. അവയുടെ ഗണത്തില്‍ തന്നെയാണ് പോഞ്ഞിക്കര റാഫിയുടെ സ്വര്‍ഗദൂതന്‍. മലയാള സാഹിത്യത്തില്‍ എം. ടിയുടെ മഞ്ഞ്, പാറപ്പുറത്തിന്റെ അരനാഴികനേരം, ഉറൂബിന്റെ അമ്മിണി, പ്രൊഫ. കെ. എം തരകന്റെ ഓര്‍മകളുടെ രാത്രി എന്നിവ പിന്നീട് വന്ന ബോധധാരാ സമ്പ്രദായത്തിലുള്ള നോവലുകളാണ്.
ബൈബിളും മാര്‍ക്കസ് ഒറീലിയസിന്റെ ആത്മനിവേദനവും (meditations of Marcus Aurelius) ഭഗവത്ഗീതയും തന്റെ ഏകാന്തതയിലെ ചങ്ങാതികളായിരുന്നുവെന്ന് പോഞ്ഞിക്കര റാഫി എഴുതിയിട്ടുണ്ട്. സ്വര്‍ഗദൂതനില്‍ ബൈബിളിന്റെ സാന്നിദ്ധ്യം നിറഞ്ഞുനില്‍ക്കുന്നു. പറുദീസാപര്‍വം, പ്രളയപര്‍വം, പെട്ടകപര്‍വം എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി നോവലിനെ വിഭജിച്ചിട്ടുണ്ട്. സൈമണ്‍ എന്ന ബാലന്റെ മനസാണ് സ്വര്‍ഗദൂതന്റെ കഥാപ്രപഞ്ചം. ക്രൈസ്തവ മിത്തുകളും കൊച്ചിക്കായല്‍ ദ്വീപുകളിലെ ജീവിതവും ചവിട്ടുനാടകത്തിന്റെ ശീലുകളും നോവലില്‍ തെളിയുന്നു. എറണാകുളം നഗരവും പോഞ്ഞിക്കര ദ്വീപും യോജിപ്പിക്കുന്ന പാലത്തെക്കുറിച്ചുള്ള സൈമന്റെ സ്വപ്‌നവും അതിനുവേണ്ടി അത്താഴം ബഹിഷ്‌കരിച്ചുകൊണ്ടുള്ള അവന്റെ സമരവും ഹൃദയസ്പര്‍ശിയാണ്. പുഴ കടക്കാന്‍ പലകകള്‍ക്കൊണ്ട് പാലം നിര്‍മിച്ചുതരാത്ത അപ്പനെതിരായിട്ടായിരുന്നു സൈമന്റെ സമരം.
“അങ്ങനെയിരിക്കെയാണ് സൈമന്റെ മനസില്‍ ആ ആശയം രൂപമെടുത്തത്.! തോടുകടക്കാന്‍വേണ്ടി തെങ്ങിന്‍തടികൊണ്ടു പാലമുണ്ടാക്കുന്ന സൂത്രത്തിലൂടെ…. സൈമണ്‍ പോംവഴി കണ്ടെത്തിയിരിക്കുന്നു.. അതെ, ഈ പുഴയ്ക്കുമീതെ ഒരു പാലം പണിയുകതന്നെ! തന്റെ
ആദ്യത്തെ ദിവാസ്വപ്‌നത്തോടൊപ്പം സൈമനാകെ ഒരു ജ്വാലയായുര്‍ന്നു. വായുവിന്റെ ഇഴകളില്‍ തുടിപ്പുകളുണ്ടാക്കി. സൈമന്റെ ഹൃദയഞരമ്പുകളില്‍നിന്നു മുളച്ചുവന്ന ആ പാലം …. കൂടുണ്ടാക്കുവാന്‍ വേണ്ടി ആദ്യത്തെ ഉണക്കപ്പുല്ലിഴകള്‍ കൊക്കിലാക്കി പറന്നുപറന്നുപോകുന്ന ഒരു പൈങ്കിളിയുടെ വേഗതയോടെ അവന്റെ വിടര്‍ന്ന കണ്ണുകളില്‍നിന്ന് ആ പാലം വായുവിന്റെ ചുമലിലൂടെ പോഞ്ഞിക്കരയില്‍നിന്ന് എറണാകുളത്തേക്കു നീണ്ടുനീണ്ടുപോയി.
പുഴയ്ക്കുമീതെയുള്ള ആ പാലം ജനിച്ചു!”(സ്വര്‍ഗദൂതന്‍ പ്രളയപര്‍വം രണ്ടാം അദ്ധ്യായം.) പോഞ്ഞിക്കര റാഫി സ്വപ്‌നം കണ്ട പാലങ്ങള്‍ യാഥാര്‍ത്ഥ്യമായി. കൊച്ചിക്കായലിലെ ദ്വീപുകള്‍ (പിഴല ഒഴിച്ച്) എറണാകുളം നഗരത്തെ സ്വന്തമാക്കി. സ്വര്‍ഗദൂതനിലെ സൈമനോടൊപ്പം നഗരത്തിലേക്ക് പോഞ്ഞിക്കരക്കാര്‍ ഉള്‍പ്പെടുന്ന ദ്വീപുനിവാസികള്‍ ജീവിതനൗകകള്‍ തേടിയെത്തി. പഴയ പോഞ്ഞിക്കരയും വല്ലാര്‍പാടവും വലിയ വികസനകേന്ദ്രങ്ങളായി. കണ്ടെയ്‌നര്‍ ടെര്‍മിനലും കണ്‍വെന്‍ഷന്‍ സെന്ററും ദ്വീപുകളുടെ മുഖഛായ മാറ്റി. പക്ഷേ പാലങ്ങളിലൂടെ നഗരത്തിലെത്തിയ ദ്വീപുകാര്‍ക്കായി അധികാരികള്‍ പ്രഖ്യാപിച്ച വികസന പദ്ധതികള്‍ പലതും അപ്രാപ്യമായി ഇന്നും തുടരുന്നു. കായല്‍ നികത്തി കരയുണ്ടാക്കി അതു വിറ്റുകിട്ടിയപണം ബാങ്കില്‍ നിക്ഷേപിച്ച് അതിനുമുകളില്‍ അടയിരിക്കുന്ന ജിഡ (ഏകഉഅ) റാഫിയുടെ ഓരാപ്രോ നോബീസിലെ കാപ്പിരികളെപ്പോലെ നിധിക്കു കാവലിരിക്കുന്നു. റാഫി ശൈലിയുടെ സൗന്ദര്യം ഈ ദുരന്തത്തിലും നമുക്ക് വായിച്ചെടുക്കാം.
‘പകലിന്റെ വിളക്കായ സൂര്യന്‍ ആളിക്കത്തി; ചെമന്നു ചെമന്നു താണുപോയി. കുന്നിന്‍മുനയെ ഉരുമ്മിയുരുമ്മി രാത്രിയുടെ വിളക്കായ ചന്ദ്രന്‍ ഉയര്‍ന്നുകയറി. നക്ഷത്രഭംഗിയില്‍ രോമാഞ്ചമണിഞ്ഞ ആകാശവിതാനവും മാമരസഞ്ചയത്തില്‍ രോമാഞ്ചമണിഞ്ഞ ഭൂവനപ്പരപ്പും താഴുകയും ഉയരുകയും ചെയ്യുന്നു. പരസ്പരം കൊളുത്തപ്പെട്ട വായുവിന്റെ ചങ്ങലയുടെ നീളം കുറച്ചുകൊണ്ട്, വാര്‍ന്നു വാര്‍ന്നൊഴുകുന്ന ശ്വാസധാര….’
സ്വര്‍ഗദൂതന്റെ അറുപതാംവാര്‍ഷികത്തില്‍ മലയാളത്തിന്റെ പ്രൊലിറ്റേറിയന്‍ റൈറ്റര്‍’പോഞ്ഞിക്കര റാഫിക്ക് പ്രണാമം.


Related Articles

മലകയറുന്ന രാഷ്ട്രീയവിവാദം

ശബരിമലയില്‍ സ്ത്രീകളെക്കാള്‍ മുമ്പ് തങ്ങള്‍ക്കു കയറണമെന്നാണ് രാഷ്ട്രീയനേതാക്കളുടെ താല്പര്യം. ഏതുവിവാദത്തില്‍ നിന്നാണ് ലാഭമുണ്ടാക്കാനാകുക എന്നറിയില്ലല്ലോ. മതവിശ്വാസങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കണമെന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ എവിടെയും പറഞ്ഞിട്ടുള്ളതായി അറിയില്ല. അതുകൊണ്ടുതന്നെ

പത്രോസിന്റെ നൗകയില്‍ യുവജനങ്ങള്‍ക്ക് പ്രത്യാശ – ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ലോകത്തിന്റേതായ ക്രൂരമായ കൊടുങ്കാറ്റ് സഭയ്‌ക്കെതിരെ ആഞ്ഞടിക്കുമ്പോഴുംപത്രോസിന്റെ തോണിയില്‍ പ്രത്യാശയുണ്ടെന്നും അത് തങ്ങള്‍ക്ക് ഇടം നല്ക്കുമെന്നും അതില്‍ പിടിച്ചു കരകേറാമെന്നും യുവജനങ്ങള്‍ ഇനിയും വിശ്വസിക്കുന്നുണ്ടെന്ന് ഫ്രാന്‍സിസ്

യുവജനങ്ങള്‍ സാമൂഹ്യപ്രതിബദ്ധതയുള്ളവരാകണം – ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയില്‍ യുവജനദിനാഘോഷം സംഘടിപ്പിച്ചു. രൂപതാതല യുവജന ദിനാഘോഷം നെല്ലിമൂട് ദിവ്യകാരുണ്യ ദേവാലയത്തില്‍ ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ ഉദ്ഘാടനം ചെയ്തു. യുവാക്കള്‍ സഭാപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാമൂഹ്യപ്രതിബദ്ധതയുളള

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*