സ്വര്‍ഗ്ഗത്തിലെ ഫൈനല്‍ എക്സാം 

സ്വര്‍ഗ്ഗത്തിലെ ഫൈനല്‍ എക്സാം 

പണ്ട് പണ്ട് കഫര്‍ണാമിലെ ഒരു ഗ്രാമത്തില്‍ വളരെ ദൈവവിശ്വാസിയായ ഒരു യഹൂദ റബ്ബി ജീവിച്ചിരുന്നു. എപ്പോഴും എല്ലാ കാര്യങ്ങളിലും ദൈവത്തെ സ്തുതിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസപ്രമാണം. സന്തോഷം വന്നാലും ദു:ഖം വന്നാലും നേട്ടങ്ങള്‍ ഉണ്ടായാലും കോട്ടങ്ങള്‍ വന്നാലും അദ്ദേഹം ദൈവത്തെ സ്തുതിക്കും. ആരോഗ്യവാനായിരിക്കുമ്പോഴും രോഗബാധിതനാവുമ്പോഴും ആ പതിവിന് മാറ്റമില്ലായിരുന്നു. പഴയനിയമത്തിലെ ജോബിനെപോലെ തന്റെ സഹനങ്ങള്‍ക്കെല്ലാം ദൈവപദ്ധതിയില്‍ അര്‍ത്ഥമുണ്ട് എന്ന് അദ്ദേഹം വിശ്വസിച്ചു.
ഒരു ദിവസം ആ യഹൂദ റബ്ബി രോഗബാധിതനായി മരണമടഞ്ഞു. സ്വര്‍ഗ്ഗകവാടത്തിലെത്തിയ അദ്ദേഹത്തിന്റെ ആത്മാവിന് അങ്ങോട്ട് പ്രവേശിക്കാന്‍ സാധിച്ചില്ല. ഒരു മാലാഖ വന്നു പറഞ്ഞു: ”നിങ്ങള്‍ക്ക് ദൈവം വിധിച്ചിരിക്കുന്നത് നരകമാണ്” അത്രയും പറഞ്ഞപ്പോഴേക്കും നരകാധിപനായ ലൂസിഫര്‍ അവിടെ എത്തി. തനിക്ക് ഒരാത്മാവിനെ കിട്ടിയ സന്തോഷത്താല്‍ ലൂസിഫര്‍ ആ റബ്ബിയെ തന്റെ തോളിലേറ്റി നരകത്തിലേക്ക് നടന്നു തുടങ്ങി. അപ്പോളും റബ്ബി ദൈവത്തെ സ്തുതിച്ചു കൊണ്ടിരുന്നു.
ഇതുകണ്ട് ലൂസിഫറിന് അതിശയമായി. ”എന്ത് ഭൂമിയില്‍ നല്ലവനായി ജീവിച്ച നിങ്ങള്‍ക്ക് നരകം സമ്മാനമായി നല്‍കിയ ദൈവത്തെ സ്തുതിക്കുന്നുവോ? ആ ദൈവത്തെ ശപിക്കുകയല്ലേ വേണ്ടത്?” ലൂസിഫര്‍ ചോദിച്ചു. ഒരു ചെറുപുഞ്ചിരിയോടെ റബി പറഞ്ഞു:”എന്നെ നരകത്തിലേക്ക് അയക്കുന്നതിന് ദൈവത്തിന് എന്തെങ്കിലും ഉദ്ദേശ്യം കാണും. അവിടുത്തെ തിരുമനസ്സിനെ ചോദ്യം ചെയ്യാന്‍ ഞാന്‍ ആരാണ്? എന്തായാലും എനിക്ക് നടന്ന് നരകത്തിലേക്ക് പോകാന്‍ ഇടവന്നില്ലല്ലൊ,” നിങ്ങളുടെ തോളിലല്ലേ ഞാനിരിക്കുന്നത്. ദൈവമേ നന്ദി… ദൈവമേ സ്‌തോത്രം.”
ഇതുകേട്ട് ലൂസിഫറിന് കടുത്ത അമര്‍ഷം തോന്നി. ഈ ആത്മാവിനെയും കൊണ്ട് നരകത്തില്‍ എത്തിയാല്‍ ഇയാള്‍ അവിടെയും ദൈവത്തെ സ്തുതിച്ചു കൊണ്ടിരിക്കും.
അത് കൊണ്ട് മറ്റ് നരകവാസികളും ദൈവത്തെ ശപിക്കുന്നതിനു പകരം സ്തുതിക്കാന്‍ തുടങ്ങിയാലോ?
ലൂസിഫര്‍ ഉടനെ തിരിച്ചു നടന്നു. റബ്ബിയുടെ ആത്മാവിനെ സ്വര്‍ഗ്ഗ കവാടത്തിങ്കലെത്തിച്ച് ഉടനെ അപ്രത്യക്ഷനായി. അപ്പോഴും വീണ്ടും മാലാഖ വന്നു. ഒരു പുഞ്ചിരിയോടെ മാലാഖ പറഞ്ഞു: ‘നിങ്ങള്‍ക്കുള്ള അവസാന പരീക്ഷണമായിരുന്നു അത്. ഈ ഫൈനല്‍ ടെസ്റ്റിലും നിങ്ങള്‍ വിജയിച്ചിരിക്കുന്നു- വെല്‍ക്കം ടു പാരഡൈസ്.’
സമ്പത്തിലും സൗഭാഗ്യത്തിലും വിജയത്തിലും മാത്രമല്ല, ദാരിദ്രത്തിലും നഷ്ടങ്ങളിലും പരാജയങ്ങളിലും ദൈവത്തെ സ്തുതിക്കുവാന്‍ സാധിക്കുന്നത് വലിയൊരു ഭാഗ്യമാണ്. വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ ഒരു കാനാന്‍കാരിയുടെ വിശ്വാസത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. യേശു ടയര്‍, സീദോന്‍ പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒരു കാനാന്‍കാരി സത്രീ വന്ന് തന്നെ മകളെ ക്രൂരമായി പീഡിപ്പിക്കുന്ന പിശാചില്‍ നിന്ന് അവളെ രക്ഷിക്കണമേ എന്ന് യാചിച്ചു. യേശു അവളെ ഒട്ടും ഗ്രഹിച്ചില്ല. ശിഷ്യന്മാര്‍ക്കു പോലും യേശുവിന്റെ ഈ നിസ്സംഗതയില്‍ അത്ഭുതം തോന്നി. അവരും അവര്‍ക്കു വേണ്ടി കര്‍ത്താവിനോട് അഭ്യര്‍ത്ഥിച്ചു. അപ്പോള്‍ യേശു താന്‍ ഇസ്രായേലിലെ നഷ്ടപ്പെട്ടു പോയ ആടുകളുടെ അടുക്കലേക്കാണ് വന്നിരിക്കുന്നത് എന്നും മക്കളുടെ അപ്പമെടുത്ത് നായ്ക്കള്‍ക്ക് കൊടുക്കുന്നത് ഉചിതമല്ല എന്നും പറഞ്ഞു. അതു കേട്ടിട്ടും അവള്‍ പറഞ്ഞു, ‘ കര്‍ത്താവേ, നായ്ക്കളും യജമാനന്‍മാരുടെ മേശയില്‍ നിന്ന് വീഴുന്ന അപ്പക്കഷ്ണങ്ങള്‍ തിന്നാറുണ്ടല്ലോ’ എന്നാണ്. യേശു മറുപടിയായി പറഞ്ഞു. ‘ സത്രീയേ, നിന്റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിച്ചതു പോലെ നിനക്കു ഭവിക്കട്ടെ’. (മത്താ15:21-28).
ഒരിക്കലും നിരാശപ്പെടാതെ, കര്‍ത്താവില്‍ അടിയുറച്ച് വിശ്വസിച്ച് മുന്നോട്ടു പോകാന്‍ സാധിക്കുന്നത് എത്ര വലിയ ഭാഗ്യമാണ്. ദൈവം എന്നെ നരകത്തിലേയ്ക്കു വിട്ടാലും അവിടെയും ഞാന്‍ ദൈവത്തെ സ്തുതിക്കും എന്നു പറയുവാന്‍ സാധിക്കുന്ന വിശ്വാസികളുള്ള സഭയെ ഒരിക്കലും ആര്‍ക്കും തകര്‍ക്കുവാന്‍ സാധിക്കുകയില്ല.
അടുത്ത ലക്കം
കലമാന്‍, മുയല്‍, എലി


Related Articles

ദാസനാകുന്ന ദൈവം: ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ

  ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ First Reading: Isaiah 53:10-11 Responsorial Psalm: Ps 33:4-5,18-19,20,22 Second Reading: Hebrews 4:14-16 Gospel Reading: Mark 10:35-45 (or 10:42-45)   വിചിന്തനം:-

വഴിയരികിലെ അത്ഭുതം

കലിഫോര്‍ണിയായിലെ വിജനമായ റോഡിലൂടെ രാത്രി ഒരു ഭാര്യയും ഭര്‍ത്താവും കൂടി കാറില്‍ യാത്ര ചെയ്യുകയായിരുന്നു. മലമ്പ്രദേശമായിരുന്നു അത്. ഒത്തിരി വളവും തിരിവും ഉള്ള വഴി. സാവധാനമാണ് ഭര്‍ത്താവ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*