സ്വവര്‍ഗരതി സമൂഹ്യബന്ധങ്ങളെ ശിഥിലീകരിക്കും

സ്വവര്‍ഗരതി സമൂഹ്യബന്ധങ്ങളെ ശിഥിലീകരിക്കും
സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന പരമോന്നത കോടതിയുടെ നിലപാട് കുടുംബവ്യവസ്ഥയുടെ തായ്‌വേരറുക്കും.

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐപിസി സെക്ഷന്‍ 377 ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചുകൊണ്ട് സുപ്രീം കോടതി അസാധുവാക്കിയിരിക്കുകയാണ്. 158 വര്‍ഷം പഴക്കമുള്ള നിയമമാണ് ഇതോടെ അസാധുവായിരിക്കുന്നത്. തങ്ങളുടെ മുന്നില്‍ വന്ന നിയമപരവും മനുഷ്യത്വമെന്ന് തോന്നിപ്പിക്കുന്നതുമായ വിഷയങ്ങളാണ് സ്വാഭാവികമായും കോടതി പരിഗണിച്ചത്. സാമൂഹ്യബന്ധങ്ങളുടെ ശിഥിലീകരണത്തിനാണ് ഈ വിധി വളംവെയ്ക്കുക എന്ന കാര്യം കോടതിയെ ബോധ്യപ്പെടുത്താന്‍ ആരുമുണ്ടായില്ല എന്നതാണ് സത്യം.
ഇന്ത്യന്‍ ഭരണഘടനയുടെ സെക്ഷന്‍ 377 ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കുന്നതായി ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിയമത്തിന് മുന്നിലെ തുല്യത, ജാതി, മത, വംശ, ലിംഗ, പ്രാദേശിക ഭേദമന്യെ അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള അവകാശം എന്നിവ 377ാം വകുപ്പ് ലംഘിക്കുന്നതായി ഹര്‍ജിക്കാര്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. ഭരതനാട്യം നര്‍ത്തകന്‍ നവ്തേജ് സിംഗ് ജോഹര്‍, മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ മെഹ്റ, റെസ്റ്റോറന്റ് ഉടമ ഋതു ഡാല്‍മിയ. നീമ്രാന ഹോട്ടല്‍ ചെയിന്‍ സഹസ്ഥാപകന്‍ അമന്‍ നാഥ്, ബിസിനസുകാരി അയിഷ കപൂര്‍ എന്നിവരായിരുന്നു ഹര്‍ജിക്കാര്‍.
സദാചാരബോധമുള്ളവര്‍ക്കും മനുഷ്യരാശിയെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നവര്‍ക്കും വലിയൊരു വെല്ലുവിളി തന്നെയാണ് സുപ്രീംകോടതിയുടെ വിധി. ദൈവികവും മാനുഷികവുമായ എല്ലാ മൂല്യങ്ങളെയും വെല്ലുവിളിക്കുന്നവരാണ് സ്വവര്‍ഗരതിക്കാരെന്ന് കാര്യം കോടതിയുടെ പരിഗണനയ്ക്ക് വന്നതേയില്ല എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.
സ്വവര്‍ഗാനുരാഗികള്‍ ലോകത്ത് വര്‍ധിച്ചുവരികയും പല രാഷ്ട്രങ്ങളും ഔദ്യോഗികമായി ഈ ബന്ധത്തെ അംഗീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യന്‍ സുപ്രീം കോടതി വിധി ഏറെ പ്രസക്തമായിരിക്കുന്നത്. പാശ്ചാത്യലോകത്ത് ശക്തമായ രാഷ്ട്രീയ സാമൂഹിക ബന്ധങ്ങളും സമൂഹത്തിലെ വരേണ്യ വര്‍ഗവുമായുള്ള അടുപ്പവും സ്ഥാപിച്ചെടുക്കാന്‍ സ്വവര്‍ഗരതിക്കാര്‍ക്ക് സാധിച്ചിട്ടുണ്ട്. ലിംഗ വിവേചനത്തിന്റെയും മുന്‍വിധിയുടെയും ഇരകളായി സ്വയം അവതരിപ്പിച്ച് സ്വവര്‍ഗവേഴ്ചക്കും സ്വവര്‍ഗവിവാഹത്തിനും നിയമ സാധുത കൈവരിക്കാന്‍ നിയമ നിര്‍മാണ സഭകളെയും ഭരണകൂടങ്ങളെയും അവര്‍ സ്വാധീനിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ന്യൂസിലാന്‍ഡ്, നോര്‍വെ, ദക്ഷിണാഫ്രിക്ക, അര്‍ജന്റീന, ബെല്‍ജിയം, ബ്രസീല്‍, ഉറുഗ്വെ , പോര്‍ച്ചുഗല്‍, സ്‌പെയിന്‍, കാനഡ, ഡെന്‍മാര്‍ക്, ഫ്രാന്‍സ്, മെക്‌സിക്കോ, പോളണ്ട്, സ്വീഡന്‍, യു കെ യിലെ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ്, അമേരിക്കയിലെ 20 ലേറെ സ്റ്റേറ്റുകള്‍ തുടങ്ങിയ ഇടങ്ങളില്‍ സ്വവര്‍ഗരതിയും സ്വവര്‍ഗ വിവാഹവും നിയമാനുസൃതമാക്കിയിരിക്കുകയാണ്. വളരെ പുരോഗമനപരമായ ഒരു കാഴ്ചപ്പാടാണിതെന്ന് ചിന്തിക്കുന്ന ഭരണാധികാരികളാണ് ഈ രാജ്യങ്ങളില്‍ ഇത്തരം നിയമങ്ങള്‍ക്ക് സാധുത നല്കിയത്.
ഇന്ത്യയില്‍ മനുഷ്യാവകാശങ്ങളുടെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും പേരു പറഞ്ഞാണ് പൊതുജനങ്ങളുടെ അംഗീകാരത്തിനായി സ്വവര്‍ഗാനുരാഗികള്‍ ശ്രമിച്ചുകൊണ്ടിരുന്നത്. ഇന്ത്യയെ പോലെ സനാതനമൂല്യങ്ങള്‍ക്കും കുടുംബബന്ധങ്ങള്‍ക്കും ഏറെ പ്രധാന്യം കല്പിക്കുന്ന ഒരു രാജ്യത്ത് സ്വവര്‍ഗരതി നിയമാനുസൃതമാകുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന സാഹചര്യത്തിലാണ് ബന്ധപ്പെട്ടവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഈ വിഷയത്തില്‍ കോടതിയില്‍ വ്യക്തമായ അഭിപ്രായം പറയാതിരുന്ന കേന്ദ്രസര്‍ക്കാരും പ്രകൃതിവിരുദ്ധമായ ഈ കാഴ്ചപ്പാടിനെ അംഗീകരിച്ചെന്നു പറയേണ്ടി വരും. കത്തോലിക്കാ മേലധ്യക്ഷന്മാര്‍ പ്രത്യേകിച്ച് ഫ്രാന്‍സിസ് പാപ്പാ സ്വവര്‍ഗ ലൈംഗികതയെ അംഗീകരിക്കുന്നവരാണ് എന്ന തരത്തില്‍ തെറ്റായ വ്യാപക പ്രചരണവും നടക്കുന്നുണ്ട്. സാമൂഹികസ്ഥാപനമായ കുടുംബവ്യവസ്ഥിതിയുടെ സുസ്ഥാപിത നിലനില്പാണ് കത്തോലിക്കാ സഭ വിഭാവനം ചെയ്യുന്നത്. ലൈംഗികത സാധുവാകുന്നത് വിവാഹത്തിലൂടെ മാത്രമാണെന്നാണ് സഭയുടെ നിലപാട്. പുരുഷനും സ്ത്രീയുമായി മനുഷ്യനെ ദൈവം സൃഷ്ടിച്ചത് പ്രകൃതിനിയമങ്ങള്‍ക്കു ഭംഗം വരാതിരിക്കാനാണ്. കുടുംബത്തിന്റെ അടിത്തറയെന്നത് വിവാഹമാണെന്ന് സഭ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. സ്ത്രീയും പുരുഷനും വിവാഹിതരായി ഒരുമിച്ചു ജീവിക്കുന്നത് ലൈംഗിക വേഴ്ചക്കുവേണ്ടി മാത്രമല്ല. അത് ആ ബന്ധത്തിലെ ഒരു ആനന്ദം മാത്രമാണ്. വൈവാഹിക ബന്ധത്തില്‍ രതിവേഴ്ചക്കപ്പുറം ചില മൂല്യങ്ങളുണ്ട്. ഉത്തരവാദിത്തങ്ങളും കടപ്പാടുകളുമുണ്ട്. സ്‌നേഹവും പരസ്പര വിശ്വാസവുമാണ് ആ ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നത്. സന്താനങ്ങളിലേക്കും ഭാവി തലമുറകളിലേക്കും വഴിഞ്ഞൊഴുകുന്നു ആ സ്‌നേഹത്തിന്റെ നീരുറവകള്‍.
ധാര്‍മികമായ ഒരു ക്രമഭംഗമാണ് യഥാര്‍ഥത്തില്‍ സ്വവര്‍ഗാനുരാഗികളെ സൃഷ്ടിക്കുന്നത്. മനുഷ്യര്‍ പ്രകൃത്യാസ്വവര്‍ഗാനുരാഗികളല്ല എന്നത് ഇതിന് അടിവരയിടുന്നുണ്ട്. താല്ക്കാലിക ലൈംഗികസുഖം തേടി പോകുന്നവരുടെ കൂട്ടായ്മമാത്രമാണിത്. മനുഷ്യരാശിയുടെ ഭാവിയില്‍ ഒരു ഉത്കണ്ഠയും അവര്‍ക്കില്ല. എച്ച് വി പോസറ്റീവ് പോലുള്ള മാരകമായ പല ലൈംഗിക അസുഖങ്ങളും പകരുന്നത് ഇത്തരം പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിലൂടെയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
മാനവകുലത്തിന്റെ നന്മ ലക്ഷ്യമിടുന്നവര്‍ ഒരിക്കലും രതിവൈകൃതത്തിലധിഷ്ടിതമായ ഇത്തരം ചെയ്തികളെ അനുകൂലിക്കില്ല.
BEJO SILVERY

Related Articles

മനുഷ്യരെ പിടിക്കുന്നവര്‍

പണ്ഡിതരെയും പണക്കാരെയുമല്ല യേശു തന്റെ ശിഷ്യരായി തിരഞ്ഞെടുത്തത്; പാവപ്പെട്ട മത്സ്യത്തൊഴിലാളികളെയായിരുന്നു. ”എന്നെ അനുഗമിക്കുക, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്ന് യേശു അവരോടു പറഞ്ഞു. പ്രളയകാലത്ത് ഏറ്റവും

204 ഡോക്ടര്‍മാരെക്കൂടി ആരോഗ്യകേന്ദ്രങ്ങളില്‍ നിയമിച്ചു

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലേക്ക് 204 ഡോക്ടര്‍മാരെ അധികമായി നിയമിച്ചു. ഗ്രാമപഞ്ചായത്തുകളുടെ തനതു ഫണ്ടില്‍നിന്ന് ശമ്പളം നല്‍കിയാണ് നിയമനം.  പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ നിലവിലുള്ള മെഡിക്കല്‍ ഓഫീസര്‍ക്ക് പുറമേയാണിത്.

പ്രവാസ ജീവിതരേഖകളും അഭയാര്‍ഥി പ്രശ്‌നവും

”നിങ്ങള്‍ പരദേശിയെ ദ്രോഹിക്കുകയോ ഞെരുക്കുകയോ അരുത്. നിങ്ങള്‍ ഈജിപ്തില്‍ പരദേശികളായിരുന്നല്ലോ”(പുറ. 22:21). അഭയാര്‍ത്ഥി പ്രവാഹം ഒരു സമകാലിക രാഷ്ട്രീയ പ്രശ്‌നമായി മാധ്യമങ്ങളില്‍ നിറഞ്ഞാടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഏതു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*