സ്‌കൂളുകള്‍ തുറക്കാനൊരുങ്ങുമ്പോള്‍

by admin | September 24, 2021 6:35 am

ജെക്കോബി

 

പത്തൊമ്പത് മാസം വീട്ടില്‍ അടച്ചിട്ട കുട്ടികള്‍ നവംബര്‍ ആദ്യം കേരളപിറവി ദിനത്തില്‍ സ്‌കൂളില്‍ ഒത്തുചേരാമെന്ന സന്തോഷത്തിലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വിദ്യാലയങ്ങള്‍ തുറക്കുന്നതിന് വലിയ മുന്‍ഗണന നല്‍കുന്നതു നമ്മള്‍ കണ്ടതാണ്. ലോകവ്യാപകമായി 92 ശതമാനം സ്‌കൂളുകളിലും കുട്ടികള്‍ തിരിച്ചെത്തിക്കഴിഞ്ഞു. പകര്‍ച്ചവ്യാധിയെ ഭയന്ന് സ്‌കൂളുകള്‍ അനന്തമായി അടച്ചിടുന്നത് കുട്ടികളുടെ പഠനശേഷിയെയും മാനസിക ആരോഗ്യത്തെയും സാമൂഹികബന്ധങ്ങളെയും കായികവിനോദങ്ങളെയും അവരുടെ ഭാവിജീവിതത്തെയും സാരമായി ബാധിക്കുമെന്ന് ലോകാരോഗ്യസംഘടനയും യൂനിസെഫും നമ്മുടെ ഫെഡറല്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും മുന്നറിയിപ്പുനല്‍കിയതാണ്. സ്‌കൂള്‍ തുറക്കുന്നത് കുട്ടികള്‍ക്ക് ആഹ്ലാദകരമാക്കാന്‍ വിദ്യാകിരണം സംസ്ഥാന മിഷന്‍ വൈവിധ്യപൂര്‍ണമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്.

പ്രായം കുറയുന്തോറും കൊവിഡ് രോഗബാധയുടെ തീവ്രതയും കുറയുന്നു എന്ന അനുഭവത്തിന്റെ വെളിച്ചത്തില്‍ പ്രൈമറി ക്ലാസുകള്‍ തന്നെ ആദ്യം തുറക്കണമെന്ന പക്ഷക്കാരാണ് സാംക്രമികരോഗശാസ്ത്ര വിദഗ്ധര്‍. കേരളത്തിലെ കൊവിഡ് മരണങ്ങളുടെ കണക്കെടുത്താല്‍, 23,683 പേര്‍ മരിച്ചതില്‍ മഹാഭൂരിപക്ഷം (17,533 പേര്‍) അറുപതു വയസിനു മുകളിലുള്ളവരാണ്. 41 – 59 പ്രായപരിധിയിലുള്ളവര്‍ 5,158 പേര്‍, 18 – 40 പ്രായക്കാര്‍ 941 പേര്‍, 17 വയസിനു താഴെയുള്ളവര്‍ 51 പേര്‍ മാത്രം. കുട്ടികളില്‍ രോഗത്തിന്റെ തീവ്രതയും ആഘാതവും താരതമ്യേന വളരെ കുറവാണ്. പ്രതിരോധശേഷി കുറഞ്ഞ, ഹൃദയസംബന്ധമായ അസുഖങ്ങളോ മറ്റ് ഗുരുതര രോഗങ്ങളോ ഉള്ള കുട്ടികളില്‍ മാത്രമാണ് കൊവിഡ് സങ്കീര്‍ണനിലയിലെത്തുന്നത്.

പ്രൈമറി തലത്തില്‍ കുട്ടികളുടെ സമ്പര്‍ക്കഘടനയിലും വ്യത്യാസമുണ്ട്. മുതിര്‍ന്ന കുട്ടികളെ പോലെ കൂടുതല്‍ കൂടിക്കലരുന്ന ശീലം അവര്‍ക്കില്ല. ക്ലാസെടുക്കാന്‍ കൂടുതല്‍ അധ്യാപകര്‍ വന്നുപോകാറുമില്ല. സുരക്ഷിതമായ ‘ബയോബബിള്‍’ സംവിധാനത്തില്‍ പരസ്പരം ബന്ധപ്പെടുന്ന പരിചിതരുടെ എണ്ണം പരമാവധി പരിമിതപ്പെടുത്തിയാല്‍ രോഗവ്യാപനം തടയാനാകും.

മാസ്‌ക്, സാനിറ്റൈസര്‍, ശാരീരിക അകലം എന്നിവ അടക്കമുള്ള സുരക്ഷാനിബന്ധനകള്‍ കര്‍ശനമായി പാലിക്കാന്‍ കൊച്ചുകുഞ്ഞുങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകും. ഒരു ബെഞ്ചിലും ഒരു ക്ലാസിലും എത്രപേര്‍ ആകാം, ഒരേസമയം ഇടനാഴികളില്‍ കുട്ടികള്‍ തിങ്ങിക്കൂടുന്നത് ഒഴിവാക്കാനായി ക്ലാസ് സമയവും ഇടവേളയും മറ്റും എങ്ങനെ ക്രമീകരിക്കണം, അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും ജോലിഭാരം കൂട്ടാതെ വിദ്യാര്‍ഥികള്‍ക്കായി ഷിഫ്റ്റ് സമ്പ്രദായവും യാത്രാസൗകര്യവും ഏര്‍പ്പെടുത്താനാകുമോ തുടങ്ങിയ കാര്യങ്ങളില്‍ പ്രായോഗിക തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. തുറന്ന സ്ഥലത്തോ കൂടുതല്‍ വായുസഞ്ചാരമുള്ള വലിയ മുറികളിലോ വേണം ക്ലാസുകള്‍ ക്രമീകരിക്കാന്‍. അധ്യാപകരും മറ്റു സ്റ്റാഫും പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണം. കൂടുതല്‍ അധ്യാപകര്‍ ക്ലാസുകള്‍ തോറും കയറിയിറങ്ങി പഠിപ്പിക്കുന്നതും സ്റ്റാഫ് റൂമില്‍ അവര്‍ ഒരുമിച്ചുകൂടിയിരുന്ന് ഭക്ഷണം കഴിക്കുന്നതും മറ്റും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

രാജ്യത്ത് 12 – 17 പ്രായപരിധിയിലുള്ളവര്‍ക്കും അടുത്ത മാസം മുതല്‍ കൊറോണവൈറസ് പ്രതിരോധ വാക്‌സിന്‍ നല്‍കിതുടങ്ങുമെന്നാണ് സൂചന. കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെയും മെഡിക്കല്‍ ഗവേഷണത്തിനായുള്ള ഇന്ത്യന്‍ കൗണ്‍സിലിന്റെയും സഹകരണത്തോടെ അഹമ്മദാബാദിലെ സൈഡസ് കാഡില എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉത്പാദിപ്പിക്കുന്ന സൈകോവ്-ഡി (ZyCov-D) എന്ന പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിന്‍ അടിയന്തരസാഹചര്യത്തില്‍ ഉപയോഗിക്കുന്നതിന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. മാംസപേശിയില്‍ കുത്തിവയ്ക്കുന്നതിനു പകരം സൂചി ഉപയോഗിക്കാതെ ത്വക്കിനടിയിലേക്ക് ജെറ്റ്ഇന്‍ജക്റ്റ് (ഫാര്‍മജെറ്റ്) ഉപായത്തിലൂടെ കടത്തുന്ന ഈ വാക്‌സിന്‍ നാലാഴ്ച ഇടവിട്ട് മൂന്നു തവണ എടുക്കണം. ഒട്ടും വേദനിപ്പാക്കാതെ, രണ്ട് എംജി വീതം രണ്ടിടത്തായാകും ഒരു ഡോസ് ഇങ്ങനെ പ്രസരിപ്പിക്കുക. സാര്‍സ്‌കോവ്-2 വൈറസിനെ പ്രതിരോധിക്കാന്‍ സൂചി വേണ്ടാത്ത ഡിഎന്‍എ വാക്‌സിന്‍ വികസിപ്പിക്കുന്ന ആദ്യ രാജ്യം ഇന്ത്യയാണ്. അഞ്ചു മുതല്‍ 11 വയസുവരെയുള്ള കുട്ടികള്‍ക്കായി ഫൈസര്‍ കമ്പനി വികസിപ്പിച്ച പീഡിയാട്രിക് വാക്‌സിന്റെ ക്ലിനക്കല്‍ ട്രയല്‍ നടക്കുന്നുണ്ട്.

 

വിദ്യാര്‍ഥികളും അധ്യാപകരും ക്ലാസില്‍ മുഖാമുഖം കണ്ടുകൊണ്ടുള്ള പാരമ്പര്യ (‘ഓഫ്‌ലൈന്‍’) രീതി തിരിച്ചെത്തുമ്പോഴും നവമാധ്യമ പ്ലാറ്റ്‌ഫോമിലൂടെയും ടിവി സംപ്രേഷണത്തിലൂടെയും മറ്റുമുള്ള ഓണ്‍ലൈന്‍ അധ്യയനത്തിന്റെ കൊവിഡ്കാല നവീനതന്ത്രങ്ങള്‍ അടക്കമുള്ള ‘സങ്കര’ (ഹൈബ്രിഡ്) ബോധനസങ്കേതങ്ങള്‍ തുടരുകതന്നെ വേണം. തത്കാലം ക്ലാസ് അറ്റന്‍ഡന്‍സ് നിര്‍ബന്ധമാക്കരുതെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ക്ലാസില്‍ വരാന്‍ കഴിയാത്ത, പഠനത്തിനു വേണ്ട സ്മാര്‍ട്ട്‌ഫോണോ മറ്റ് ഡിജിറ്റല്‍, ഇലക്ട്രോണിക് ഡിവൈസസോ ഉള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ അധ്യയന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് ഉപകാരപ്രദമാകും. അതേസമയം, ‘ഡിജിറ്റല്‍ വിവേചനത്തില്‍’ പാര്‍ശ്വവത്കരിക്കപ്പെട്ട പാവപ്പെട്ട കുട്ടികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനകള്‍ക്ക് അറുതിവരുത്തുകയും വേണം. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും ഡേറ്റയും സമൂഹത്തിന്റെ പുറമ്പോക്കുകളിലും അരുകുകളിലും ഇല്ലായ്മയുടെ ദുരിതങ്ങളില്‍ കഴിയുന്നവര്‍ക്കും ലഭ്യമാകുന്നില്ലെങ്കില്‍ പൊതുവിദ്യാഭ്യാസ മേഖലയിലെ നമ്മുടെ മികവിന്റെ സൂചികകള്‍ നിരര്‍ത്ഥകമാകും.

കൊറോണവൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ നിന്ന് ഇനിയും പൂര്‍ണമായി വിമുക്തമാകാത്ത സംസ്ഥാനത്തെ ആശങ്കാജനകമായ സ്ഥിതിഗതികള്‍ സുപ്രീം കോടതി പോലും ഉത്കണ്ഠയോടെ നിരീക്ഷിക്കുകയുണ്ടായി. മൂന്നാം തരംഗത്തിന്റെ തീവ്രതയും വ്യാപനരീതിയും എന്താവും എന്നതിനെക്കുറിച്ചുള്ള വിശകലനങ്ങള്‍ക്കിടയിലും, വിദ്യാലയങ്ങള്‍ തുറക്കുന്നതിലെ അപകട സാധ്യത എത്രയായാലും അവ പൂട്ടിയിടുന്നതിലെ ദുരന്തത്തെ അപേക്ഷിച്ച് വളരെ കുറവായിരിക്കും എന്ന കാര്യത്തില്‍ ആരോഗ്യ, സാമൂഹ്യശാസ്ത്ര മേഖലയിലെ വിദഗ്ധര്‍ക്ക് ഏകാഭിപ്രായമാണ്. കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 51 ആണെങ്കില്‍, 2020-ല്‍ മാത്രം ഇവിടെ ആത്മഹത്യ ചെയ്ത കുട്ടികളുടെ എണ്ണം 324 ആണ്. കൊവിഡ് കാലത്തെ അടച്ചുപൂട്ടലും ഒറ്റപ്പെടലും കുട്ടികളുടെ മാനസിക ആരോഗ്യത്തിന് ഏല്പിക്കുന്ന ആഘാതങ്ങളെ സംബന്ധിച്ച പഠനങ്ങള്‍ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുകൊണ്ടുവരുന്നത്.

സ്‌കൂളുകളും കോളജുകളും തുറക്കുമ്പോള്‍ രോഗവ്യാപനതോത് ഉയരാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ ആദ്യം തുറന്നപ്പോള്‍ തൃശൂരില്‍ മാത്രം 50 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രോഗബാധയുണ്ടായി. തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ തുറന്നപ്പോള്‍ രണ്ടാഴ്ചയ്ക്കിടെ 117 വിദ്യാര്‍ഥികള്‍ക്ക് രോഗം ബാധിച്ചു. ലോകരാജ്യങ്ങളില്‍ രോഗപ്രതിരോധ വാക്‌സിനേഷനില്‍ വന്‍ മുന്നേറ്റം നടത്തി, മുഖാവരണം ധരിക്കാതെ തന്നെ ആളുകള്‍ക്ക് ഒത്തുകൂടാനും യാത്ര ചെയ്യാനും മറ്റുമുള്ള സാമൂഹിക സാഹചര്യം സൃഷ്ടിച്ച ഇസ്രയേലില്‍ (12 വയസു കഴിഞ്ഞ ഇസ്രയേലി പൗരന്മാരില്‍ 78% പേര്‍ക്കും വാക്‌സിന്‍ നല്‍കി) ഒരു ക്ലാസിലെ എല്ലാ കുട്ടികള്‍ക്കും ഒരൊറ്റ സഹപാഠിയില്‍ നിന്ന് രോഗബാധയുണ്ടായി. വാക്‌സിന്‍ എടുക്കാതെ അവധിക്കാലം ചെലവഴിക്കാന്‍ പോയി തിരിച്ചെത്തിയ കുട്ടിയാണ് അവിടെ സൂപ്പര്‍ സ്‌പ്രെഡര്‍ ആയത്. പ്രത്യേക രോഗലക്ഷണമൊന്നുമില്ലാതെ ക്ലാസിലെത്തുന്ന കുട്ടിയില്‍ നിന്ന് മറ്റുള്ളവര്‍ക്ക് – അധ്യാപകര്‍ക്കും മറ്റു സ്റ്റാഫിനും സഹപാഠികളുടെ രക്ഷിതാക്കള്‍ക്കുമൊക്കെ – രോഗം പകര്‍ന്നേക്കാം. കുട്ടികള്‍ക്ക് രോഗതീവ്രത കുറവാണെങ്കിലും അവരില്‍ നിന്ന് വൈറസ് ബാധയേല്‍ക്കുന്നവരുടെ സ്ഥിതി തികച്ചും വ്യത്യസ്തമായെന്നിരിക്കും. അതിനാല്‍ കൊവിഡ്കാലത്തെ പെരുമാറ്റച്ചട്ടങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ, കര്‍ശനമായിത്തന്നെ സ്‌കൂളുകളില്‍ നടപ്പാക്കിയേ തീരൂ.

പ്രതിദിന രോഗബാധിതരുടെ എണ്ണം ഏഴായിരത്തില്‍ താഴെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയുമായി രണ്ടാഴ്ച നിലനില്‍ക്കുന്നിടത്തു മാത്രമേ വിദ്യാലയങ്ങള്‍ തുറക്കാവൂ എന്നാണ് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് നിര്‍ദേശിക്കുന്നത്. സംസ്ഥാനത്തെയോ ജില്ലയിലെയോ പൊതുവായ അവസ്ഥ വിലയിരുത്തിയല്ല, കുറെക്കൂടി വികേന്ദ്രീകൃത രീതിയില്‍ പ്രാദേശിക തലത്തില്‍ സൂക്ഷ്മരൂപത്തിലുള്ള അവലോകനവും മൈക്രോ പ്ലാനിങ്ങും ഇക്കാര്യത്തില്‍ അനിവാര്യമാണ്. വിദ്യാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുമ്പോഴും ആഴ്ചതോറും വിശദമായ നിരീക്ഷണവും വിലയിരുത്തലും തുടരേണ്ടതുണ്ട്. പുതിയ വെല്ലുവിളികള്‍ നേരിടുന്നതിന് അധ്യാപകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിന് ജില്ലയില്‍ റിസോഴ്‌സ് ടീമും അക്കാദമിക മാസ്റ്റര്‍ പ്ലാനുമൊക്കെ രൂപവത്കരിക്കുന്നതോടൊപ്പം കുട്ടികളുടെ ചെറുസംഘങ്ങളുടെ മെന്ററിങ്ങിനും, പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗത്തിലെ കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മുന്‍ഗണനയും ശ്രദ്ധയും ലഭിക്കാനും വിപുലമായ സംവിധാനം ഒരുക്കണം. സ്‌കൂള്‍ തുറക്കല്‍ ആഘോഷമാക്കുന്നതില്‍ ഒരു തെറ്റുമില്ല, എന്നാല്‍ പബ്ലിസിറ്റി സ്റ്റണ്ടിനെക്കാള്‍ പ്രധാനം സൂക്ഷ്മമായ സുരക്ഷാജാഗ്രതയാണെന്ന കാര്യം ആഘോഷമുന്നണി പെരുക്കപെരുമ്പറക്കാര്‍ വിസ്മരിക്കരുത്.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Source URL: https://jeevanaadam.in/%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8a%e0%b4%b0%e0%b5%81/