സ്‌ത്രൈണ നിശബ്ദതയിലെ വാചാലതകള്‍

സ്‌ത്രൈണ നിശബ്ദതയിലെ വാചാലതകള്‍

നമ്മുടെയിടയില്‍ അടിച്ചമര്‍ത്തലിന്റെ വേരുകള്‍ ആഴമായി ചൂഴ്ന്നിറങ്ങുന്നുണ്ടോയെന്ന് ആദ്യം തിരിച്ചറിയുന്നതും പ്രഖ്യാപിക്കുന്നതും സ്ത്രീകളായിരിക്കും എന്നു പറഞ്ഞത് How to Lose a Country എന്ന കൃതി എഴുതിയ ഏസെ തെമെല്‍കൂറാന്‍ (Ece Temelkuran) എന്ന തുര്‍ക്കി എഴുത്തുകാരിയാണ്. അതിനു സ്ത്രീകള്‍ക്കു കൊടുക്കേണ്ടിവരുന്ന വില സമൂഹത്തില്‍ ഭ്രാന്തിയായി ചിത്രീകരിക്കപ്പെടുക എന്നതാണ്. നമ്മെ ഭരിക്കുന്നയാള്‍ ശക്തനായ മനുഷ്യനാണെന്ന മിഥ്യാധാരണ ഇതിനകം തന്നെ മതിയായ നാശനഷ്ടങ്ങള്‍ വരുത്തികഴിയുമ്പോള്‍ അടുക്കളയില്‍ നിന്നുകൊണ്ടു സ്ത്രീകള്‍ ചില തീരുമാനങ്ങള്‍ എടുക്കും. അതു ചരിത്രത്തിന്റെ വിളനിലങ്ങളില്‍ വിപ്ലവത്തിന്റെ വിത്തുകള്‍ വിതയ്ക്കും. അങ്ങനെയാണ് ലേവി ഗോത്രത്തില്‍പ്പെട്ട പേരില്ലാത്ത ഒരമ്മ കോമളനായ ഒരു പുത്രനെ പ്രസവിച്ചു മൂന്നുമാസത്തോളം രഹസ്യമായി വളര്‍ത്തിയത്. ”ഹെബ്രായര്‍ക്കു ജനിക്കുന്ന ആണ്‍കുട്ടികളെയെല്ലാം നൈല്‍ നദിയില്‍ എറിഞ്ഞുകളയുവിന്‍” (പുറ 1 : 22) എന്ന ഫറവോയുടെ കല്പനയ്ക്കു വിരുദ്ധമായ ഒരു പ്രവൃത്തി.

മരണസംസ്‌കാരത്തിനെതിരെ ചരിത്രം രേഖപ്പെടുത്തിയ ആദ്യ പ്രതിഷേധമാണിത്. നൊമ്പരങ്ങളെ അടക്കിപ്പിടിച്ചു സ്നേഹത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടുള്ള നിശബ്ദമായ ഒരു പ്രതിഷേധം. സ്ത്രീസഹജമായ വിശ്വാസത്തിന്റെ തന്മയീഭാവമാണിത്. നദിയിലേക്ക് എറിഞ്ഞുകളയേണ്ട ജീവനെ രക്ഷിക്കാന്‍ ശ്രമിച്ചതിനുശേഷം നിവൃത്തിയില്ലാതെ വരുന്ന ഒരു ഘട്ടത്തില്‍ ഞാങ്ങണ കൊണ്ടുണ്ടാക്കിയ ഒരു പേടകത്തില്‍ ഒഴുക്കിവിടുന്ന അമ്മ തോറ്റുപോകുന്ന ഒരു സ്ത്രീ കഥാപാത്രമല്ല; തനിക്ക് അസാധ്യമായത് എല്ലാം കാണുന്നവനു സാധിക്കുമെന്ന പ്രത്യാശയുടെ പ്രതിബിംബമാണ്.

പുറപ്പാട് പുസ്തകം രണ്ടാം അധ്യായത്തില്‍ കാഴ്ച ഒരു വിഷയം തന്നെയാണ്. നൈല്‍ നദിയിലൂടെ ഒഴുകിപ്പോകുന്ന ആ കുഞ്ഞിന് എന്തു സംഭവിക്കുമെന്നറിയാന്‍ നോക്കിനില്ക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം അവിടെയുണ്ട്. ആ കുഞ്ഞിന്റെ സഹോദരിയാണവള്‍. അവളുടെ നോട്ടം മുഴുവനും ആ പേടകത്തിലാണ്. നോഹയുടെ പെട്ടകത്തെ ദൈവം നിരീക്ഷിച്ചതുപോലെ, അവള്‍ തന്റെ സഹോദരന്റെ പേടകത്തെ ഉറ്റുനോക്കുകയാണ്. ഒരേ പദമാണ് പേടകത്തിനും പെട്ടകത്തിനും വിശുദ്ധഗ്രന്ഥം ഉപയോഗിച്ചിരിക്കുന്നത്; തേവ (tevah) എന്ന ഹീബ്രു പദം. അപ്പോള്‍ അതൊരു യാദൃഛികതയല്ല. തിന്മയുടെ കുത്തൊഴുക്കുകളില്‍ ആടിയുലയുന്ന മനുഷ്യജീവനുകള്‍ ആര്‍ദ്രനേത്രങ്ങളാല്‍ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നുണ്ട് എന്നതും ഒരു ആശ്വാസമാണ്.

പുതുജന്മങ്ങള്‍ ഇനി ഉണ്ടാകാതിരിക്കാന്‍ വേണ്ടി ഫറവോ കണ്ടെത്തിയ ഒരു ഉപാധിയാണ് പുരുഷന്മാരെ കൊണ്ട് അധിക ജോലി ചെയ്യിപ്പിക്കുകയും ആണ്‍കുട്ടികളെ പ്രസവസമയത്തുതന്നെ വധിക്കുകയെന്നതും. തൊഴിലിനെയും പ്രസവത്തെയും അയാള്‍ അങ്ങനെ മരണത്തിന്റെ സഖ്യകക്ഷികളാക്കി. ജീവന്റെ പര്യായമാണ് തൊഴിലും പ്രസവവും. അവയെ മരണത്തിന്റെ വാതിലാക്കി മാറ്റുന്ന ഫറവോമാര്‍ ചരിത്രത്തില്‍ എപ്പോഴും ഉണ്ടായിട്ടുണ്ട്. ഹിറ്റ്ലറുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പും സ്റ്റാലിന്റെ സൈബീരിയന്‍ തടവറയും ചില ഉദാഹരണങ്ങള്‍ മാത്രമാണ്. നിര്‍ബന്ധിത തൊഴിലില്‍ നിന്നു രക്ഷപ്പെടുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്, എങ്കില്‍ തന്നെയും അവിടെയും ജീവന്റെ നിലപാട് എടുക്കാന്‍ നമുക്കു സാധിക്കുമെന്നതിന്റെ തെളിവാണ് പുറപ്പാട് പുസ്തകത്തിലെ ആദ്യത്തെ താളുകളിലെ സ്ത്രീകഥാപാത്രങ്ങള്‍.

മരണസംസ്‌കാരം ഭര്‍ത്താക്കന്മാരെയും പിതാക്കന്മാരെയും കാര്‍ന്നെടുക്കുമ്പോള്‍, അവര്‍ നിസ്സഹായരായ കാഴ്ചക്കാരായി മാറുമ്പോള്‍, ജീവന്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ സ്ത്രീകളുടെയിടയില്‍ അതിശയകരമായ ഒരു സഖ്യം രൂപപ്പെടും എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഈ സ്ത്രീകഥാപാത്രങ്ങള്‍. ആദ്യം സൂതീകര്‍മിണികള്‍ ജീവന്‍ നിലനിര്‍ത്താന്‍ മനസ്സാക്ഷിയുടെ സ്വരം ശ്രവിക്കുന്നു, ലേവി ഗോത്രത്തിലെ പേരില്ലാത്ത അമ്മ തന്റെ കുഞ്ഞിനെ സംരക്ഷിക്കാന്‍ എല്ലാ ശ്രമവും നടത്തുന്നു, ഒരു പെണ്‍കുട്ടി പേടകത്തില്‍ ഒഴുകുന്ന കുഞ്ഞിനെ ഉറ്റുനോക്കുന്നു, ഫറവോയുടെ മകള്‍ക്ക് ആ കുഞ്ഞിനോട് അനുകമ്പ തോന്നുന്നു, എന്നിട്ട് ആ കുഞ്ഞിനെ വളര്‍ത്താന്‍ വേതനം നല്‍കുന്നു. കുഞ്ഞുങ്ങളെ കൊല്ലാന്‍ വേതനം നല്‍കിയ ഫറവോയ്ക്കു വിപരീതമായി അയാളുടെ മകള്‍ ഒരു കുഞ്ഞിനെ വളര്‍ത്താന്‍ വേതനം നല്‍കുന്നു. ഇങ്ങനെയാണ് ദൈവം ചരിത്രത്തില്‍ ഇടപെടുക; ശുദ്ധമായ മനസ്സാക്ഷിയുള്ളവരുടെ കരങ്ങളിലൂടെയും കണ്ണുകളിലൂടെയും.

സ്ത്രീപക്ഷ ദൈവശാസ്ത്രജ്ഞയായ ഓഡ ഷ്നെയ്ഡര്‍ (Oda Schneider) The Power of Woman എന്ന തന്റെ കൃതിയില്‍ ഒരു കഥ പറയുന്നുണ്ട്. ഒരിടത്ത് ദൈവഭക്തിയുള്ള ഒരു ഭാര്യയും ഭര്‍ത്താവും ഉണ്ടായിരുന്നു. പക്ഷേ അവര്‍ക്കു മക്കളില്ലായിരുന്നു. ഒരിക്കല്‍ അവര്‍ പറഞ്ഞു, ”ദൈവത്തിന്റെ മുമ്പില്‍ ഉപയോഗശൂന്യരാണ് നമ്മള്‍, അതുകൊണ്ട് നമുക്കു വേര്‍പിരിയാം.” അങ്ങനെ അവര്‍ വേര്‍പിരിഞ്ഞു. ആ ഭര്‍ത്താവിന് പിന്നീട് ദൈവഭക്തി ഒട്ടുമില്ലാത്ത ഒരു ഭാര്യയെ കിട്ടി. അവള്‍ അയാളെ ഒരു നിരീശ്വരവാദിയാക്കി. ആദ്യത്തെ ഭാര്യയ്ക്ക് പിന്നീട് നിരീശ്വരവാദിയായ ഒരു ഭര്‍ത്താവിനെ കിട്ടി. അവള്‍ അയാളെ ഒരു ദൈവവിശ്വാസിയാക്കി. നോക്കുക, സ്ത്രീകള്‍ വിചാരിച്ചാല്‍ എന്തും സാധ്യമാണ്!

ജൈവിക ഊര്‍ജ്ജമാണ് സ്ത്രീകളുടെ തനിമ. അതുതന്നെയാണ് അവരുടെ ശക്തിയും. പുറപ്പാട് പുസ്തകത്തിന്റെ ആദ്യതാളുകള്‍ ഈ ജൈവിക ഊര്‍ജ്ജത്തിന്റെ പ്രഘോഷണമാണ്. അവരുടെ നിലപാടുകളിലൂടെയും തീരുമാനങ്ങളിലൂടെയുമാണ് ദൈവം പുതിയൊരു ചരിത്രത്തിനു തറക്കല്ലിടുന്നത്. അവഗണിക്കപ്പെടേണ്ട സ്വരങ്ങളല്ല സ്ത്രൈണസ്വരങ്ങളെന്ന സന്ദേശം വരികള്‍ പകര്‍ന്നുനല്‍കുന്നുണ്ട്. അതുപോലെതന്നെ, സ്ത്രീകളുടെ നിശബ്ദതയില്‍ പ്രവൃത്തികളുടെ വാചാലതയുണ്ട്. ആ വാചാലതയില്‍ ജീവന്റെ തന്മാത്രകള്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. ആ തന്മാത്രകളാണ് പിന്നീട് ജീവകോശമായി, രക്ഷയുടെ സാന്നിധ്യമായി, മണ്ണില്‍ അവതരിക്കുന്നത്.Related Articles

സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് പിന്തുണയേകണം

രാജ്യത്ത് സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് അനുകൂല സാഹചര്യമുള്ള മികച്ച നാല് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ദീര്‍ഘവീക്ഷണമുള്ള നേതൃത്വം, തന്ത്രപരമായ സമീപനം, നൂതനസ്വഭാവം, സംരംഭകത്വത്തിന് അനുയോജ്യമായ അന്തരീക്ഷം എന്നിവയോടെയാണ് കേരളം ഇന്ത്യയിലെ

350 വനിതാ സംരംഭകര്‍ക്ക് 1.18 കോടി വായ്പാ സഹായം

കോട്ടപ്പുറം: രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്) യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയം സഹായ സംഘങ്ങള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനായി കേരള സംസ്ഥാന പിന്നാക്ക

കന്യാസ്ത്രീ ആക്രമണം: കെ.സി.വൈ.എം കൊച്ചി പ്രതിഷേധിച്ചു.

  ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്ക് നേരെ അക്രമം നടത്തിയ ബജറങ്ദൾ പ്രവർത്തകർക്കെതിരെ കെ.സി.വൈ.എം കൊച്ചി രൂപത പ്രതിഷേധിച്ചു. മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് കയ്യേറ്റം നടന്നത്. ആക്രമികൾക്കെതിരെ നിയമനടപടികൾ എടുക്കണം.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*