Breaking News

സ്‌നേഹത്തിന്റെ മതത്തെക്കുറിച്ച് പറയണം നമ്മള്‍

സ്‌നേഹത്തിന്റെ മതത്തെക്കുറിച്ച് പറയണം നമ്മള്‍

ശ്രീലങ്കയുടെ ഹൃദയഭൂമിയില്‍ പൊട്ടിയ വിദ്വേഷത്തിന്റെ ബോംബുകള്‍ മാനവികതയ്‌ക്കെതിരായ, മനുഷ്യത്വഹീനമായ വെറിയുടേതാണ്. ഭൂമിയെ കരുതുന്ന, സര്‍വ്വജീവജാലങ്ങളെയും കരുതുന്ന പരസ്പരം ആദരിക്കുന്ന ദിനത്തില്‍ പരസ്പരം കരുതുന്ന മനുഷ്യനന്മയ്‌ക്കെതിരായ അക്രമത്തിന്റെ നിലപാടുകളെ ഉച്ചത്തില്‍ നമ്മള്‍ അപലപിക്കണം. നമ്മുടെ അയല്‍പക്ക രാജ്യം മാത്രമല്ല ശ്രീലങ്ക. ഇന്ത്യയുടെ സാംസ്‌ക്കാരിക ഹൃദയത്തിന്റെ ഭാഗം കൂടിയാണത്. അവിടത്തെ ഓരോ ചലനവും നമ്മുടെ നെഞ്ചകത്തെയാണ് തൊടുന്നത്.
2019 ന്റെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ സെന്റ് ആന്റണീസ് പള്ളിയിലും സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയിലും ഇവാഞ്ചലിക്കല്‍ സിയോണ്‍ പള്ളിയിലും മൂന്നുഹോട്ടലുകളിലുമായി ചിതറിയ വിനാശത്തിന്റെ അഗ്നിക്കൂടുകള്‍ കവര്‍ന്ന നിഷ്‌കളങ്ക ജീവനുകള്‍ ബലിയര്‍പ്പിക്കപ്പെട്ടത് ആര്‍ക്കുവേണ്ടിയാണ്, എന്തിനുവേണ്ടിയാണ്? ഇസ്ലാമിക് സ്റ്റേറ്റ് എന്ന മനുഷ്യത്വവിരുദ്ധ മതവിരുദ്ധ ഭീകരസംഘടനയും അതിനുള്ളില്‍ വേരോട്ടം നടത്തി വളരുന്ന ശ്രീലങ്കയിലെ ഭീകരസംഘടനയായ നാഷണല്‍ തൗഹീത്ത് ജമാഅത്ത് എന്ന ദ്രോഹസംഘവും ലോകം ഞടുങ്ങിയ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടി? അവര്‍ക്ക് കൃത്യമായ ഉത്തരം ഉണ്ട്. സ്വര്‍ഗത്തിനുവേണ്ടിയെന്ന്. അവര്‍ വിശ്വസിക്കുന്ന ദൈവത്തെ പ്രതീപ്പെടുത്താന്‍ വേണ്ടിയെന്ന്. ഇതര മതങ്ങളും ആരാധാന സമ്പ്രദായങ്ങളും അവര്‍ കൈയാളുന്ന ദൈവിക വെളിപാടുകളും ജീവിതവും ദൈവത്തെ അലോസരപ്പെടുത്തുന്നുവെന്ന്! ശ്രീലങ്കയില്‍ വേരോട്ടമുള്ള നാഷണല്‍ തൗഹീത്ത് ജമാഅത്ത് എന്ന തീവ്രനിലപാടുകളുള്ള സംഘടനയുടെ പേരിന്റെ അര്‍ത്ഥം തന്നെ ഏകദൈവ വിശ്വാസ സങ്കല്പത്തില്‍ നിന്നാണ് ഉരുവം കൊള്ളുന്നത്. ”നിങ്ങളെ വധിക്കുന്നവര്‍ ദൈവത്തിന് ബലിയര്‍പ്പിക്കുകയാണെന്ന് കരുതുന്ന കാലം വരും” എന്ന ക്രിസ്തുവാക്യത്തെ അന്വര്‍ത്ഥമാക്കുമാറ് ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ആരാധനാ സമൂഹങ്ങള്‍ വധിക്കപ്പെട്ടു. ഈസ്റ്ററിന്റെ ആഹ്ലാദം പങ്കിടാന്‍ എത്തിയവര്‍, ഒരുമിച്ചു കൂടിയവര്‍ ദാരുണമായി കൊല്ലപ്പെട്ടു.
സിയോണ്‍ ആരാധനാ കേന്ദ്രത്തില്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്ന ബ്രദര്‍ സ്റ്റാന്‍ലി ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് വിവരിക്കുന്ന കാര്യങ്ങള്‍ ഹൃദയഭേദകമാണ്. ചാവേറായി പൊട്ടിച്ചിതറാനെത്തിയവന്‍ സൗഹാര്‍ദ്ദത്തോടെ സംസാരിച്ചത്. അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ഈസ്റ്റര്‍ ആരാധനയില്‍ പങ്കെടുക്കാന്‍ സ്റ്റാന്‍ലി ആ മനുഷ്യനെ സ്വാഗതം ചെയ്തു. അയാള്‍ അത് നിഷേധിച്ചു. അയാളുടെ ചിരിയോടെയുള്ള അന്വേഷണങ്ങളുടെ പിറകില്‍ നരകം പോലെ തിളയ്ക്കുന്ന മതത്തെച്ചൊല്ലിയുള്ള പകയുണ്ടെന്ന് അദ്ദേഹം അറിഞ്ഞില്ല. തങ്ങള്‍ ഏറ്റുപറയുന്ന സത്യമതത്തില്‍പ്പെടാത്തവരെല്ലാം കൊല്ലപ്പെടുന്നത് ദൈവത്തെ ആഹ്ലാദിപ്പിക്കുമെന്ന് കരുതുന്നയാള്‍ ചാവേറായി ആഹ്ലാദവാനായി പോകുന്നു. ഒരു ചാവേര്‍ സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍ സ്വയം പൊട്ടിച്ചിതറും മുന്‍പ് നിഷ്‌ക്കളങ്കയായ ഒരുകുഞ്ഞിന്റെ ശിരസ്സില്‍ തലോടുന്ന രംഗം പുറത്തുവിട്ടിട്ടുണ്ട്. കണ്ണീരോടെ ഒരാള്‍ അത് കാണുകയാണ്. ഒരു മതത്തെയും കുറിച്ച് സ്വയം ധാരണയുണ്ടാക്കാന്‍ പ്രാപ്തിയായിട്ടില്ലാത്ത ഈ കുഞ്ഞിനെ വധിക്കുമ്പോള്‍ ഏത് ദൈവമാണ് ആഹ്ലാദിക്കുന്നത്? ഹൃദയം സജ്ജമാകാത്ത തീവ്രവാദികള്‍ക്കെല്ലാം ഏറ്റവും നല്ല വിദ്യാഭ്യാസം കിട്ടിയിട്ടുണ്ട്. എന്തിന്? മാനവിക മൂല്യങ്ങളില്ലാത്ത, ഹൃദയ വിശാലതയില്ലാത്ത, ചിന്തയുടെ സ്വാതന്ത്ര്യമില്ലാത്ത വിദ്യാഭ്യാസമെന്തിന്?. പൊട്ടിച്ചിതറിയ ദേവാലയങ്ങളിലൊന്നും വിശുദ്ധ ബലിയര്‍പ്പണം പുനരാംഭിച്ചിട്ടില്ല. ടെലിവിഷനില്‍ തത്സമയം സംപ്രേഷണം ചെയ്ത വി. ബലിയര്‍പ്പണത്തിന് നേതൃത്വം നല്‍കിക്കൊണ്ട് കൊളംബോ അതിരൂപതയുടെ ആര്‍ച്ച്ബിഷപ് മല്‍ക്കം രഞ്ജിത്ത് പറഞ്ഞു: പരസ്പരം വധിക്കാന്‍ ആവശ്യപ്പെടുന്ന ഏത് ദൈവമാണ് നമുക്കുള്ളത്? അവിടുന്ന് കരുണയും സ്‌നേഹവുമല്ലേ? ലോകം അത് ഏറ്റുപറയുന്നു, സ്‌നേഹത്തെക്കുറിച്ച് സംസാരിക്കുന്നു.
വളരെ മുന്നേതന്നെ ശ്രീലങ്കന്‍ സര്‍ക്കാരിന് ഇത്തരമൊരു ആക്രമണത്തെപ്പറ്റി മുന്നറിയിപ്പ് ലഭിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ വേണ്ടത്ര കരുതലോ മുന്നൊരുക്കങ്ങളോ ഉണ്ടായില്ല; ഭീകാരാക്രമണ ആസൂത്രണം തടയാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കാനോ അവര്‍ക്കായില്ല. പ്രസിഡന്റും പ്രധാനമന്ത്രിയുമായുള്ള രാഷ്ട്രീയ ഭിന്നിപ്പ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്, താളം തെറ്റിക്കുന്നുണ്ട്. സിറിയയില്‍, ഇറാഖില്‍ നാറ്റോ സഖ്യസേനയുടെയും റഷ്യയുടെ നേതൃത്വത്തിലും നടന്ന സൈനിക നീക്കത്തില്‍ താറുമാറായ ഐഎസില്‍ പരിശീലനം നേടിയവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് നീങ്ങിയതായുള്ള റിപ്പോര്‍ട്ടുകള്‍ വിവിധ രാഷ്ട്രങ്ങളുടെ ഇന്റലിജന്‍സ് വിഭാഗങ്ങള്‍ പരസ്പരം കൈമാറിയിട്ടുണ്ട്. ലോകരാഷ്ട്രങ്ങള്‍ കൂടുതല്‍ ജാഗ്രതയുള്ളതാകണമെന്ന മുന്നറിയിപ്പുകള്‍ ഈ റിപ്പോര്‍ട്ടുകളിലുണ്ട്. മതത്തിന്റെ പേരില്‍ നടക്കുന്ന തീവ്രവാദ ആക്രമണങ്ങള്‍ മതവിശ്വാസത്തെ അവഹേളിക്കുകയാണെന്ന ശരിയായ ചിന്ത ഏറ്റുപറയാന്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്, ലോകജനതയ്ക്ക് കടപ്പാടുണ്ട്.
ബുദ്ധിസ്റ്റ് സമൂഹങ്ങളും ഇസ്ലാമിക സമൂഹങ്ങളും ക്രൈസ്തവ സമൂഹങ്ങളുമുള്ള ശ്രീലങ്കയില്‍ ആഭ്യന്തര കലഹത്തിന്റെ നീണ്ട നാളുകള്‍ക്കുശേഷം കൈവന്ന സമാധാന അന്തരീക്ഷം പൊടുന്നനെ ഇല്ലാതാകുകയാണ്. മതതീവ്രവാദത്തിന്റെ ക്രൗര്യം മാത്രമല്ല ശ്രീലങ്കയില്‍ ഇപ്പോഴുള്ളത്. വംശീയ പ്രശ്‌നങ്ങളും ബോംബോക്രമണങ്ങള്‍ക്കുതൊട്ടുപിന്നാലെ ഉടലെടുത്തിരിക്കുന്നു. സിംഹള ബുദ്ധിസ്റ്റ് പാരമ്പര്യത്തിന് എതിരുനില്‍ക്കുന്നുവെന്ന രീതിയില്‍ തമിഴ് വംശന്യൂനപക്ഷ നിര്‍മ്മാര്‍ജ്ജനം അജണ്ടപോലെ അവിടെ നിലനില്‍ക്കുന്നുണ്ട്. തമിഴ് വംശജര്‍ കൂടുതലുള്ള ക്രൈസ്തവ സമൂഹം പണ്ടേതന്നെ ശ്രീലങ്കയില്‍ ഭീതിയുടെ നിഴലിലാണ്. മതപരമായും വംശീയമായും അവര്‍ ഇപ്പോള്‍ അരക്ഷിതാവസ്ഥയിലായിരിക്കുന്നു, ഒറ്റപ്പെട്ടിരിക്കുന്നു. ലോകരാഷ്ട്രങ്ങള്‍ മതഭേദമെന്യേ ഇത്തരം നിലപാടുകളെ അപലപിക്കേണ്ട സമയമാണ്. പരസ്പരം കരുതാനാകണമെന്ന് ആഹ്വാനം ചെയ്യണം. ഇക്കാര്യത്തിലുള്ള പല രാഷ്ട്രങ്ങളുടെയും നിശ്ശബ്ത ലോകം ഭീതിയോടെയാണ് കാണുന്നത്.
പാക്കിസ്ഥാനുമായുള്ള ശ്രീലങ്കയുടെ ദീര്‍ഘനാളത്തെ സൗഹൃദം ഇപ്പോള്‍ ഉലഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ സൂക്ഷ്മമായ നിരീക്ഷണം ഇക്കാര്യത്തിലുണ്ടാകേണ്ടതാണ്. ഐഎസ് സൈറ്റുകളുടെ പ്രഖ്യാപനം കണക്കിലെടുത്ത് ഇന്ത്യയില്‍ പലയിടത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ശ്രീലങ്കയുടെ സ്ഥിതിഗതികളുടെ പശ്ചാത്തലത്തില്‍ കേരളവും കൂടുതലായി ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
എല്ലായിടത്തും സമാധാനത്തിന്റെ വെള്ളരി പ്രാക്കള്‍ പറക്കട്ടെ. മതാനുഭവം സ്‌നേഹത്തിന്റെയും കരുണയുടെയും കരുതലാകട്ടെ. ജീവന്‍ പൊലിഞ്ഞവര്‍ക്ക് നിത്യവിശ്രാന്തിക്കായി പ്രാര്‍ഥിക്കാം.


Related Articles

കേരളത്തില്‍ 19 പേര്‍കൂടി രോഗമുക്തരായി; ഇന്ന് രോഗം സ്ഥിരീകരിച്ചത് മൂന്ന് പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 19 പേര്‍കൂടി കോവിഡ് മുക്തരായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് 12, പത്തനംതിട്ട 3, തൃശൂര്‍ 3, കണ്ണൂര്‍ 1 -എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ

അപഹാസ്യമാകുന്ന മദ്യനയം

മദ്യലഭ്യത കൂട്ടി മദ്യവര്‍ജ്ജനം സാധ്യമാക്കുന്നതാണല്ലോ സംസ്ഥാന സര്‍ക്കാരിന്റെ നിലവിലെ മദ്യനയത്തിന്റെ കാതലായ വശം. രാത്രി ആഘോഷത്തിന്റെ ഭാഗമായി പുതിയതായി തുറക്കുമെന്നു പറഞ്ഞിരുന്ന പബ്ബുകള്‍ തല്ക്കാലത്തേയ്ക്ക് വേണ്ടെന്നുവച്ചത്, അവിടെ

തപസ്സുകാലം രണ്ടാം ഞായര്‍

First Reading Genesis 22:1-2,9a,10-13,15-18 Abraham obeyed God and prepared to offer his son, Isaac, as a sacrifice. Responsorial Psalm Psalm

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*